ടെഹ്‌റാൻ : പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ എട്ടു ഇറാനിയൻ സ്ത്രീകൾ വധഭീഷണിയിലെന്ന യുഎസ് വാദം തള്ളി ഇറാൻ. ഇതിൽ പലരെയും വിട്ടയച്ചിട്ടുണ്ടെന്നും കുറ്റംചെയ്തവർക്ക് തടവുശിക്ഷയാണ് വിധിച്ചതെന്നും ഇറാൻ വ്യക്തമാക്കി. വ്യാജവാർത്തകളിൽ ട്രംപ് ഒരിക്കൽകൂടി തെറ്റിദ്ധരിക്കപ്പെട്ടെന്നും ഇറാൻ പ്രതികരിച്ചു.
ഇയാൽ യാക്കോബി എന്ന അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനാണ് ഇറാൻ എട്ടു വനിതകളുടെ വധശിക്ഷ നടപ്പിലാക്കാൻ പോകുന്നതായി ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ലെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ അനീതിക്കെതിരെ കണ്ണടക്കുകയാണെന്നും ഇയാൽ ആരോപിച്ചിരുന്നു. പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ട്രംപും ദുഃഖം രേഖപ്പെടുത്തി. എട്ടുപേരെയും വിട്ടയക്കണമെന്നും അവർക്ക് യാതൊരു അപകടവും സംഭവിക്കരുതെന്നും പ്രസിഡന്റ് ഇറാനോട് പറഞ്ഞു.
ഈ സ്ത്രീകൾക്കെതിരെ വധഭീഷണിയുണ്ടെന്ന വാർത്ത ഇറാൻ നിഷേധിച്ചു. എന്നാൽ ഇറാന്റെ പ്രതികരണം ശരിയല്ലെന്നും ഇതിലുൾപ്പെട്ട ബിത്ത ഹൊമ്മാത്തി എന്ന സ്ത്രീയെ ഭർത്താവുൾപ്പെടെ മൂന്നുപേർക്കൊപ്പം വധശിക്ഷക്ക് വിധിച്ചിട്ടുണ്ടെന്നുമാണ് യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ വാദം.
ഇറാനിൽ കഴിഞ്ഞ ജനുവരിയിൽ നടന്ന പ്രക്ഷോഭങ്ങളിൽ ഭാഗമായവരാണ് ഇവർ എട്ടുപേരും. സുരക്ഷാ സേനക്കെതിരെ കല്ലെറിഞ്ഞതിനാണ് ബിത്ത ഹൊമ്മാത്തി അറസ്റ്റിലായത്. എട്ടുപേരെയും ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നത് ദൈവത്തിനെതിരെ യുദ്ധം ചെയ്‌തെന്ന കുറ്റത്തിനാണെന്നും മനുഷ്യാവകാശപ്രവർത്തകർ ആരോപണമുന്നയിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates