ടെൽ അവീവ്: ഗാസയിൽ യുദ്ധം ആരംഭിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും ഹമാസിന്റെ സൈനിക ഘടനയെ തകർക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ നടത്തിവരുന്ന നീക്കങ്ങൾ ആത്യന്തികമായി ഫലപ്രദമാകുന്നുണ്ടോയെന്നത് പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. ഇസ്രായേ നടത്തിയ വ്യോമാ ക്രമണങ്ങളിൽ രണ്ട് പ്രമുഖ ഹമാസ് കമാൻഡർമാരാണ് ഈ മാസം കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് ആഴ്ചകൾക്കുള്ളിൽ ഹമാസിന്റെ സൈനിക വിഭാഗം തലവനെയും അദ്ദേഹത്തിന്റെ പകരക്കാരനെയും വധിക്കാൻ കഴിഞ്ഞതായി ഇസ്രായേൽ സൈന്യം വ്യാഴാഴ്ച അവകാശപ്പെട്ടു. 2023 ഒക്ടോബർ 7-ന് ഇസ്രായേലിന് നേരെ നടന്ന ചരിത്രപരമായ മിന്നലാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരായ മുഹമ്മദ് ഔദ, ഇസ് അൽ-ദിൻ അൽ-ഹദ്ദാദ് എന്നിവരാണ് ഒടുവിലായി കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും വേട്ടയാടി ഇല്ലാതാക്കുക എന്ന ഇസ്രായേൽ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ തന്ത്രപരമായ നീക്കങ്ങൾ. എന്നാൽ, ഇത്തരം ലക്ഷ്യംവെച്ചുള്ള കൊലപാതകങ്ങൾ താൽക്കാലികമായി ഇസ്രായേൽ ഭരണകൂടത്തിന് വലിയ വിജയങ്ങളായി ആഘോഷിക്കാൻ സാധിക്കുമെങ്കിലും, ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഈ വലിയ പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങളെ പരിഹരിക്കാൻ ഇത്തരം നടപടികൾക്ക് സാധിക്കില്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
ഹമാസിന്റെ സൈനിക നേതൃത്വത്തിലേക്ക് നേരിട്ട് തുളച്ചുകയറാനുള്ള ഇസ്രായേലിന്റെ സാങ്കേതികവും സൈനികവുമായ ശേഷിയാണ് ഈ കൊലപാതകങ്ങൾ വ്യക്തമാക്കുന്നതെന്ന് ആഗോള രാഷ്ട്രീയ അക്രമങ്ങളെ നിരീക്ഷിക്കുന്ന ഏജൻസിയായ എ.സി.എൽ.ഇ.ഡി (ACLED) പ്രതിനിധി നാസർ ഖദൂർ പറഞ്ഞു. എന്നാൽ കമാൻഡർമാരെ വധിച്ചതുകൊണ്ട് മാത്രം ഹമാസ് തങ്ങളുടെ ആയുധങ്ങൾ താഴെവെക്കുമെന്നോ, ഗാസയുടെ സുരക്ഷയിലും ഭരണത്തിലുമുള്ള തങ്ങളുടെ നിർണ്ണായക പങ്കിൽ നിന്നും അവർ പൂർണ്ണമായി പിന്മാറുമെന്നോ കരുതാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിന്റെ ചരിത്രത്തിൽ ഇത്തരം നിരവധി കൊലപാതകങ്ങൾ മുൻപും നടന്നിട്ടുണ്ട്. എന്നാൽ പലസ്തീനിലെയും ലെബനനിലെയും സായുധ സംഘടനകൾ തങ്ങളുടെ ഉന്നത നേതാക്കളെ നഷ്ടപ്പെട്ട ശേഷവും കൂടുതൽ ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് ഉള്ളത്. 1992-ൽ അന്നത്തെ ഹിസ്ബുള്ള തലവൻ അബ്ബാസ് മൂസവിയെ ഇസ്രായേൽ വധിച്ചപ്പോൾ, പകരം വന്ന ഹസ്സൻ നസ്രല്ലയുടെ കീഴിൽ സംഘടന കൂടുതൽ ശക്തമാവുകയും 2006-ൽ ഇസ്രായേലിനെതിരെ ശക്തമായ യുദ്ധം നയിക്കുകയും ചെയ്തു. പിന്നീട് 2024-ലെ യുദ്ധത്തിൽ നസ്രല്ലയും അദ്ദേഹത്തിന്റെ പ്രധാന അനുയായികളും കൊല്ലപ്പെട്ടിട്ടും ദിവസങ്ങൾക്കുള്ളിൽ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്താൻ ഹിസ്ബുള്ളയ്ക്ക് സാധിച്ചിരുന്നു. ഹമാസ് സ്ഥാപകൻ ഷെയ്ഖ് അഹമ്മദ് യാസിൻ 2004-ൽ കൊല്ലപ്പെട്ട ശേഷവും ഹമാസിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നില്ല.
ഒരു സംഘടനയുടെ തലവനെ വധിക്കുന്നത് എപ്പോഴും വലിയ ഗുണം ചെയ്യില്ലെന്നും, ചിലപ്പോൾ അത് കൂടുതൽ അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും പൊളിറ്റിക്കൽ സയന്റിസ്റ്റ് മാക്സ് അബ്രാംസ് ചൂണ്ടിക്കാണിക്കുന്നു. ഒരളവുവരെ അണികളെ നിയന്ത്രിച്ചു നിർത്തിയിരുന്ന സമാധാനപ്രിയരായ നേതാക്കൾ കൊല്ലപ്പെടുമ്പോൾ, പിന്നീട് വരുന്നത് കൂടുതൽ തീവ്രമായ നിലപാടുകളുള്ള ചെറുപ്പക്കാരായിരിക്കും. ഇത് സാധാരണക്കാർക്ക് നേരെയുള്ള അക്രമങ്ങൾ വർദ്ധിക്കാൻ കാരണമാകും. ഇറാനിലെ യുദ്ധത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടപ്പോൾ പകരം അധികാരത്തിൽ വന്ന അദ്ദേഹത്തിന്റെ മകൻ മൊജ്താബ കൂടുതൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായിട്ടാണ് മുന്നോട്ട് പോകുന്നത്. വ്യക്തമായ ഒരു രാഷ്ട്രീയ തന്ത്രവും പരിഹാരവുമില്ലാതെ കേവലം സൈനിക തലവന്മാരെ മാത്രം വധിച്ചതുകൊണ്ട് ദീർഘകാലാടിസ്ഥാനത്തിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്നാണ് ബെയ്റൂട്ടിലെ കാർണഗീ മിഡിൽ ഈസ്റ്റ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ മോഹനാദ് ഹേജ് അലി വ്യക്തമാക്കുന്നത്. അമേരിക്ക മുൻപ് ഒസാമ ബിൻ ലാദനെയും അബുബക്കർ അൽ ബാഗ്ദാദിയെയും വധിച്ചെങ്കിലും വൻതോതിലുള്ള കരസേനാ നീക്കങ്ങൾക്ക് ശേഷമാണ് ആ സംഘടനകളെ ദുർബലമാക്കാൻ കഴിഞ്ഞത്. അതിനാൽ കേവല വ്യോമാക്രമണങ്ങൾ പശ്ചിമേഷ്യയിൽ പൂർണ്ണമായ സമാധാനം കൊണ്ടുവരുമെന്ന് കരുതാൻ കഴിയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates