ന്യൂയോര്‍ക്ക്: മനുഷ്യത്വത്തിന്റെ പക്ഷത്ത് നിന്ന് തനിക്ക് മുന്നില്‍ എത്തിയ വിഷയങ്ങളില്‍ തീര്‍പ്പുകല്‍പ്പിച്ച ന്യായാധിപന്‍, ജസ്റ്റിസ് ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. 'ലോകത്തെ മികച്ച ന്യായാധിപന്‍' എന്ന വിശേഷണം നേടിയിട്ടുള്ള അമേരിക്കയിലെ ജസ്റ്റിസ് ഫ്രാങ്ക് കാപ്രിയോ പാന്‍ക്രിയാസ് അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ലോകത്തോട് വിട പറഞ്ഞത്. കോടതിമുറിയിലെ അനുകമ്പയുള്ള പെരുമാറ്റം, കരുണ, പ്രശ്നങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുക, മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് ചെറിയ നിയമ ലംഘനങ്ങള്‍ക്ക് ഉപദേശങ്ങളില്‍ ഒതുക്കിക്കൊണ്ടുള്ള വിധികള്‍ എന്നിവയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
യുഎസിലെ റോഡ് ഐലന്‍ഡില്‍ മുനിസിപ്പല്‍ കോര്‍ട്ട് ഓഫ് പ്രൊവിഡന്‍സിലെ മുന്‍ ചീഫ് ജഡ്ജിയായിരുന്നു ജസ്റ്റിസ് ഫ്രാങ്ക് കാപ്രിയോ. 'കോട്ട് ഇന്‍ പ്രൊവിഡന്‍സ്' എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് കാപ്രിയോ ലോക പ്രശസ്തനായത്. കോടതിമുറിയിലെ ജഡ്ജി ഫ്രാങ്ക് കാപ്രിയോയുടെ തര്‍ക്കപരിഹാരങ്ങള്‍ ആയിരുന്നു കോട്ട് ഇന്‍ പ്രൊവിഡന്‍സിന്റെ ഉള്ളടക്കം. വലിയ സ്വീകാര്യതയായിരുന്നു ഈ പരിപാടിയുടെ വീഡിയോകള്‍ക്ക് ലഭിച്ചത്. കോട്ട് ഇന്‍ പ്രൊവിഡന്‍സ് മൂന്നുതവണ 'ഡേ ടൈം എമ്മി അവാര്‍ഡി'ന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കാപ്രിയോയ്ക്കും രണ്ടു നാമനിര്‍ദേശങ്ങള്‍ കിട്ടി.
88 വയസ് പിന്നിട്ട ജസ്റ്റിസ് ഫ്രാങ്ക് കാപ്രിയോ സോഷ്യല്‍ മീഡിയയിലും താരമായിരുന്നു. 34 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ കാപ്രിയോയെ പിന്തുടരുന്നത്. മരണത്തിനു തൊട്ടുമുന്‍പ് ആശുപത്രിക്കിടക്കിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 'നിങ്ങളുടെ പ്രാര്‍ഥനയില്‍ എന്നെയും ഉള്‍പ്പെടുത്തണം' എന്നായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ ഉള്ളടക്കം.
ഇറ്റാലിയന്‍-അമേരിക്കന്‍ കുടുംബത്തില്‍ 1936-ല്‍ പ്രൊവിഡന്‍സില്‍ ജനിച്ച ജസ്റ്റിസ് ഫ്രാങ്ക് കാപ്രിയോ ഹൈസ്‌കൂള്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സായാഹ്നക്ലാസുകളിലൂടെ നിയമബിരുദം നേടിയ ശേഷമാണ് കരിയര്‍മാറ്റുന്നത്. 1985 മുതല്‍ 2023-ല്‍ വിരമിക്കുന്നതുവരെ പ്രൊവിഡന്‍സ് മുന്‍സിപ്പല്‍ കോടതിയുടെ മുഖ്യ ജഡ്ജിയായി പ്രവര്‍ത്തിച്ചു. ജോയ്‌സി കാപ്രിയോ ആണ് ഭാര്യ. അഞ്ചുമക്കളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates