'no portraits' speech misattributed? Volodymyr ZelenskyBassirou, Diomaye Faye |Fact Check FB and X
World

ഓഫീസിൽ നിങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ തൂക്കിയിടുക എന്ന് പറഞ്ഞ ഭരണാധികാരി ആര്? വൈറലായ വാചകത്തിന് പിന്നിലെ വസ്തുത ഇതാണ് | FACT CHECK

"എന്റെ ഫോട്ടോഗ്രാഫുകൾ നിങ്ങളുടെ ഓഫീസുകളിൽ വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഞാൻ ഒരു ദൈവമോ വി​ഗ്രഹമോ അല്ല - ഞാൻ രാജ്യത്തിന്റെ സേവകനാണ്. പകരം, നിങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ തൂക്കിയിടുക, നിങ്ങൾക്ക് ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോഴെല്ലാം അവരെ നോക്കുക. മോഷ്ടിക്കാനുള്ള പ്രലോഭനം എപ്പോഴെങ്കിലും ഉണ്ടായാൽ, നിങ്ങളുടെ കുടുംബത്തിന്റെ ചിത്രം നന്നായി നോക്കുക, അവർ രാജ്യത്തെ വഞ്ചിച്ച ഒരു കള്ളന്റെ കുടുംബമാകാൻ അർഹരാണോ എന്ന് സ്വയം ചോദിക്കുക." (ലോകമെമ്പാടുമുള്ള മറ്റേതെങ്കിലും രാഷ്ട്രീയ നേതാവിന് ഇങ്ങനെ പറയാൻ കഴിയുമോ എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു)

സമകാലിക മലയാളം ഡെസ്ക്

മഴ പെയ്ത് തീർന്നിട്ടും മരം പെയ്യുന്നതുപോലെയാണ് സെന​ഗൽ പ്രസിഡ​ന്റി​ന്റെ പേരിലുള്ള ഒരു വാചകം കേരളത്തിലും വ്യാപകമായി പ്രചരിക്കുന്നത്. ലോകത്തെമ്പാടുമുള്ള ഭരണാധികാരികൾ എവിടെയും എ​ന്റെ തല എ​ന്റെ ഫുൾ ഫി​ഗ‍ർ എന്ന നിലയിൽ വ്യാപകമായ പബ്ലിക് റിലേഷൻസ് നടത്തുന്ന കാലമാണിത്. തങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ മാത്രമല്ല, തങ്ങൾക്ക് മുന്നേ ഉള്ള ഭരണാധികാരികൾ ചെയ്ത് പൂർത്തിയാക്കി ലോകത്തിന് മാതൃകയായ കാര്യങ്ങളിൽ വരെ തങ്ങളുടെ പടം വച്ച് സന്തോഷിക്കുന്ന ഭരണാധികാരികളുടെ നാടായി മാറിയിരിക്കുകയാണ് ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും. ഇവിടെയാണ് ഇപ്പോൾ പ്രചരിക്കപ്പെടുന്ന വാക്കുകൾ വളരെ വൈറലായതിന് കാരണവും.

അതുകൊണ്ടാകാം കുറച്ചുനാളുകളായി ലോകത്തെ വിവിധ രാജ്യങ്ങളിൽ വൈറലായി ഓടുന്ന വാചകം ഇങ്ങനെയാണ്:

സെനഗലിലെ യുവ പ്രസിഡന്റ് ബാസിറോ ദിയോമായേ ഫയേ പറഞ്ഞു, "എന്റെ ഫോട്ടോഗ്രാഫുകൾ നിങ്ങളുടെ ഓഫീസുകളിൽ വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഞാൻ ഒരു ദൈവമോ വി​ഗ്രഹമോ അല്ല - ഞാൻ രാജ്യത്തിന്റെ സേവകനാണ്. പകരം, നിങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ തൂക്കിയിടുക, നിങ്ങൾക്ക് ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോഴെല്ലാം അവരെ നോക്കുക. മോഷ്ടിക്കാനുള്ള പ്രലോഭനം എപ്പോഴെങ്കിലും ഉണ്ടായാൽ, നിങ്ങളുടെ കുടുംബത്തിന്റെ ചിത്രം നന്നായി നോക്കുക, അവർ രാജ്യത്തെ വഞ്ചിച്ച ഒരു കള്ളന്റെ കുടുംബമാകാൻ അർഹരാണോ എന്ന് സ്വയം ചോദിക്കുക." (ലോകമെമ്പാടുമുള്ള മറ്റേതെങ്കിലും രാഷ്ട്രീയ നേതാവിന് ഇങ്ങനെ പറയാൻ കഴിയുമോ എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു)

ഈ വാചകങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും മറ്റ് ഭാഷകളിലും പലരും അയക്കുന്നു. വാട്ട്സ്ആപ്പിലും ബ്രാക്കറ്റിലുള്ള വാചകം ഉൾപ്പടെയാണ് പലരും ഷെയർ ചെയ്യുന്നത്.

ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്ന വാചകങ്ങൾ ശരിക്കും സെന​ഗലിലെ യുവ പ്രസിഡ​ന്റ് പറഞ്ഞതാണോ?

സെന​ഗൽ പ്രസിഡ​ന്റായി നാൽപ്പത്തിനാലുകാരനായ ബാസിറോ ദിയോമായേ ഫയേ അധികാരത്തിലെത്തുന്നതിന് മുമ്പേ തന്നെ ഈ വാചകങ്ങൾ ലോകം കേട്ടിരുന്നു. ബാസിറോ ദിയോമായേ ഫയേ സെന​ഗലി​ന്റെ പ്രസിഡ​ന്റായി അധികാരമേൽക്കുന്നത് 2024 ഏപ്രിൽ രണ്ടിനാണ്. അതായത് അദ്ദേഹം ചുമതലയേറ്റിട്ട് ഒരു വ‍ർഷവും മൂന്ന് മാസവുമാകുന്നു. രണ്ട് മാസം മുമ്പാണ് ഈ വാചകം രാജ്യാന്തര തലത്തിൽ പ്രചരിപ്പിക്കപ്പെട്ടത്. ഇപ്പോഴത് കേരളത്തിലും പ്രചരിപ്പിക്കപ്പെടുന്നു. ഒരു ടിക് ടോക്ക് വിഡിയോയിയലൂടെയാണ് ഇത് സെന​ഗൽ പ്രസിഡ​ന്റ് ഫയേയുടേതായി പ്രചരിപ്പിക്കപ്പെട്ടത്. ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചിരിക്കുന്നതിനാൽ ലോകത്ത് പലയിടത്തും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിന് ശേഷമാണ് കേരളത്തിൽ ഇത് എത്തിയത്.

facebook post discussion

യഥാർത്ഥത്തിൽ ലോകം ആദ്യമായി ഈ വാക്കുകൾ കേട്ടത് ഇതിനും അഞ്ച് വ‍ർഷം മുമ്പായിരുന്നു.

"എന്റെ ചിത്രങ്ങൾ നിങ്ങളുടെ ഓഫീസുകളിൽ വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം പ്രസിഡന്റ് ഒരു മൂ‍ർത്തിയോ, ഒരു വിഗ്രഹമോ, ഒരു ഛായാചിത്രമോ അല്ല. പകരം നിങ്ങളുടെ കുട്ടികളുടെ ഫോട്ടോകൾ തൂക്കിയിടുക, നിങ്ങൾ ഒരു തീരുമാനമെടുക്കുമ്പോഴെല്ലാം അവ നോക്കുക," എന്നായിരുന്നു ആ വാക്കുകൾ. ഇത് 2019 മെയ് 20ന് നടന്ന പ്രസം​ഗത്തിൽ 41 വയസ്സുള്ള ഒരു രാഷ്ട്രത്തലവൻ അധികാരമേറ്റ് രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്തപ്പോൾ പറഞ്ഞ വാക്കുകളാണ്. അത് മറ്റാരുമല്ല, യുക്രൈൻ പ്രസിഡ​ന്റ് വ്ലോദിമ‍ർ സെലൻസ്കിയാണ്. സെന​ഗൽ പ്രസിഡ​ന്റ് ബാസിറോ ദിയോമായേ ഫയേയുടെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന പരാമർശങ്ങൾ യുക്രൈൻ പ്രസിഡന്റ് വ്ലോദിമർ സെലെൻസ്‌കിയുടെ പ്രസം​ഗത്തിൽ നിന്നും എടുത്തതാണ് എന്ന് ​ഗൂ​ഗിളിൽ പരിശോധിക്കുമ്പോൾ കണ്ടെത്താൻ സാധിക്കും.

സെലൻസ്കിയുടെ ഈ വാചകങ്ങൾക്കൊപ്പം മറ്റ് ചില വാചകങ്ങൾ സാന്ദർഭികമായി കൂട്ടിച്ചേർത്ത് സെന​ഗലി​ന്റെ പ്രസിഡ​ന്റി​ന്റേതാക്കി പ്രചരിപ്പിക്കുന്നതാണെന്നാണ് കണ്ടെത്താൻ കഴിഞ്ഞത്. "ഞാൻ ദൈവമല്ല, ഞാൻ നിന്റെ ദാസനാണ്" എന്ന വാചകം ഏതെങ്കിലും ഒരുവ്യക്തിയുടേതായി രേഖപ്പെടുത്തിയിട്ടുള്ളതല്ല, എന്നാൽ ബൈബിളിൽ ഇതിനോട് സാമ്യമുള്ള വചനം കാണാൻ സാധ്യമാകും.ഞാൻ കർത്താവി​ന്റെ ദാസിയാണ് എന്ന് മേരി പറയുന്ന വാചകം ഇതിന് ഉദാഹരണമാണ്. പോപ്പ് ​ഗ്രി​ഗറിയെ പോലുള്ളവരുടെ ഉദ്ധരണികളിലും സമാന വാചകങ്ങൾ വായിക്കാനാകും.

ഇതിനൊപ്പം കൂട്ടിച്ചേർത്ത മറ്റൊരു വാചകം കൂടെയുണ്ട്. അത് ഫയേയുടേതായി പ്രചരിക്കുന്ന വാചകത്തിലെ അവർ രാജ്യത്തെ വഞ്ചിച്ച ഒരു കള്ളന്റെ കുടുംബമാകാൻ അർഹരാണോ എന്ന ഭാ​ഗമാണ്. ഇതിന് കാരണമാകാൻ സാധ്യതയുള്ളത്, ഫയേ രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പുള്ള അദ്ദേഹത്തി​ന്റെ പ്രവർത്തന രം​ഗമാണ്. പബ്ലിക് ഫിനാൻസ് ഇൻസ്പെക്ടറും ട്രേഡ് യൂണിയനിസ്റ്റുമായ അദ്ദേഹം ടാക്സ് ആൻഡ് ഡൊമെയ്ൻ യൂണിയന്റെ സെക്രട്ടറി ജനറലായും പ്രവർത്തിച്ചിരുന്നു. ആ പ്രവർത്തനകാലയളവിലാണ് അദ്ദേഹം അഴിമതിയെ കുറിച്ച് വിശദമായി ഫേസ് ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും എഴുതിയത്. കോടതിയെ വരെ വിമർശിക്കുന്നതായിരുന്നു ഫയേയുടെ തുറന്നെഴുത്തുകൾ. ഇത് അദ്ദേഹത്തിന് ജയിൽ ശിക്ഷയ്ക്ക് വഴിയൊരുക്കി. 2023 ഏപ്രിലിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കോടതിയലക്ഷ്യത്തിനും മജിസ്‌ട്രേറ്റുകളെ അപകീർത്തിപ്പെടുത്തുന്നതിനും കേസെടുത്തു, എന്നാൽ ഫെയ് ആരോപണങ്ങൾ നിഷേധിച്ചു. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഭരണകൂടം അദ്ദേഹത്തെയും അദ്ദേഹത്തി​ന്റെ പാർട്ടിയായ പാസ്ടെഫി​ന്റെ നേതാവായ ഔസ്മാൻ സോങ്കോയെയും ജയിലിലടച്ചിരുന്നു.

സോങ്കോയ്ക്ക് തെരഞ്ഞടുപ്പിൽ മത്സരിക്കുന്നതിന് വിലക്കും ഏർപ്പെടുത്തി. ഏപ്രിലിൽ ഫയേ ജയിലലടച്ചു, തൊട്ടുപിന്നാലെ ജൂലൈയിൽ കലാപ കുറ്റം ചുമത്തിയാണ് സോങ്കോയെ അന്നത്തെ പ്രസിഡ​ന്റ് മാക്കി സാലിയുടെ ഭരണകൂടം ജയിലലടച്ചത്. അഴിമതിക്കെതിരെ പോരാടിയാണ് ഇരുവരും ജയലിനുള്ളിലായത്. ഇതുകൊണ്ടാകാം. രാജ്യത്തെ വഞ്ചിച്ച കള്ള​ന്റെ കുടുംബമാകാൻ അർഹരാണോ എന്ന വാചകം കൂടെ ഇതിനോടൊപ്പം ചേർത്തിരിക്കുക എന്ന് അനുമാനിക്കാം. ഇത് സംബന്ധിച്ച് ഉറപ്പുള്ള തെളിവുകളൊന്നും സമകാലിക മലയാളത്തി​ന്റെ അന്വേഷണത്തിൽ ലഭിച്ചിട്ടില്ല. അതിനാൽ ഈ സാധ്യതകളാകാം ഇതിന് പിന്നിൽ എന്ന് കരുതാം. ഇങ്ങനെ രൂപീകരിച്ച വാചകങ്ങളാണ് സെന​ഗൽ പ്രസിഡ​ന്റി​ന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്നത്.

സെന​ഗൽ പ്രസിഡ​ന്റി​ന്റേതായി 2025 മെയ് 11-ന് ടിക്ക് ടോക്കിൽ വന്നപ്പോൾ തന്നെ ഈ വിഡിയോ 140,000-ത്തിലധികം കണ്ടതായി എ എഫ് പിയുടെ ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു. ചുരുക്കത്തിൽ സെനഗൽ പ്രസിഡന്റ് ബാസിറോ ദിയോമായേ ഫയേ പ്രസിഡ​ന്റ് സ്ഥാനം ഏറ്റെടുത്തുകൊണ്ട് നടത്തിയ പ്രസം​ഗത്തിൽ ഓഫീസുകളിൽ തന്റെ ഛായാചിത്രം വയ്ക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടില്ല. ഇത് പറഞ്ഞത് യുക്രൈൻ പ്രസിഡ​ന്റ് വ്ലോദിമർ സെലൻസ്കിയാണ്.

Senegal President Bassirou Diomaye Faye when he took over the president's office he did n't say that "I don’t want my photographs in your offices ...", Fact Check says, Originally this remark is from Ukraine president Volodymyr Zelensky.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

SCROLL FOR NEXT