ഇസ്ലാമാബാദ്: സൈനിക സംവിധാനത്തിലുള്‍പ്പെടെ കാതലായ ഭരണഘടനാ പരമായ മാറ്റത്തിന് ഒരുങ്ങി പാകിസ്ഥാന്‍. ശനിയാഴ്ച സെനറ്റില്‍ അവതരിപ്പിച്ച നിര്‍ദിഷ്ട 27-ാമത് ഭരണഘടനാ ഭേദഗതിയിലാണ് നിര്‍ണായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 പുനഃക്രമീകരിച്ച് ശക്തമായ ഒരു പുതിയ പദവി സൃഷ്ടിക്കുന്നതാണ് പുതിയ നീക്കം. സായുധ സേനകളുടെ കമാന്‍ഡ് ശൃംഖല പുനര്‍നിര്‍മ്മിക്കുന്നതും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന് ഉന്നത പദവി വാഗ്ദാനം ചെയ്യുന്നതുമാണ് പുതിയ ഭേദഗതി.
പ്രധാനമന്ത്രിയുടെ ഉപദേശമനുസരിച്ച് പ്രസിഡന്റ് ആര്‍മി മേധാവിയെയും ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സിനെയും നിയമിക്കണമെന്നാണ് ഭേദഗതിയിലെ പ്രധാന നിര്‍ദേശം. പാകിസ്ഥാന്റെ ആര്‍മി, നാവിക, വ്യോമസേന എന്നിവയുടെ ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ട തലവനായി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് എന്ന സ്ഥാനവും പുതിയ ഭേദഗതി വിഭാവനം ചെയ്യുന്നു. ഫീല്‍ഡ് മാര്‍ഷല്‍, മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്സ് തുടങ്ങിയ പദവികളിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണഘടനാ ഭേദഗതി ബില്‍ ശനിയാഴ്ചയാണ് പാകിസ്ഥാന്‍ നിയമമന്ത്രി ആസം നസീര്‍ താരാര്‍ സെനറ്റില്‍ അവതരിപ്പിച്ചത്.
പാക് കരസേന മേധാവി അസിം മുനീര്‍ ഭരണഘടനാപരമായി പരമോന്നത സ്ഥാനത്തേക്ക് (സിഡിഎഫ്) എത്തുന്ന നിലയിലാണ് പുതിയ ഭേദഗതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് സൈനിക വിഭാഗങ്ങളെയും നിയന്ത്രിക്കാന്‍ ഭരണഘടനാപരമായി സിഡിഎഫിന് അധികാരം ലഭിക്കും. പ്രസിഡന്റിന് സമാനമായ ഭരണഘടനാപരമായ അവകാശങ്ങളോടെയാണ് സിഡിഎഫ് പ്രവര്‍ത്തിക്കുക. ഇംപീച്ച്മെന്റിന് സമാനമായ ഒരു പാര്‍ലമെന്ററി നടപടികളിലൂടെ മാത്രമേ സംയുക്ത സേനാമേധാവിയെ നീക്കം ചെയ്യാന്‍ കഴിയൂ എന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ ഭേദഗതി രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. നിയമ ഭേദഗതി രാജ്യത്തെ സൈനിക ശക്തിയുടെ കേന്ദ്രീകരണമായും സിവിലിയന്‍ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുമാണെന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ സൈന്യത്തെ കാലത്തിന് അനുസരിച്ച് മാറ്റുന്നതാണ് നടപടി എന്നാണ് അനുകൂലികളുടെ വാദം.
ഭേദഗതി അനുസരിച്ച് നിലവിലെ സിജെസിഎസ്സി ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയുടെ കാലാവധി അവസാനിക്കുന്ന നവംബര്‍ 27 മുതല്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്സി) ചെയര്‍മാന്‍ പദവി ഇല്ലാതാകും. പാകിസ്ഥാന്റെ സൈനിക സേവനങ്ങളിലെ ഉന്നത ഏകോപന ഓഫീസര്‍ എന്ന നിലയിലായിരുന്നു സിജെസിഎസ്സിയുടെ പ്രവര്‍ത്തനം. ഇതിന് ശേഷം പ്രതിരോധ സേനാ മേധാവി എന്ന നിലയില്‍ കരസേനാ മേധാവി ചുമതലകള്‍ ഏറ്റെടുക്കും.
സൈന്യത്തിന് പുറമെ രാജ്യത്തെ നിയമ വ്യവസ്ഥയിലും കാതലായ മാറ്റം മുന്നോട്ട് വയ്ക്കുന്നതാണ് ഭേദഗതിയെന്നും പാക് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജഡ്ജി നിയമത്തില്‍ ഉള്‍പ്പെടെ സുപ്രീം കോടതിയുടെ അധികാരപരിധി കുറയ്ക്കുന്നതാണ് ഭേദഗതി. പ്രസിഡന്റ്, പ്രധാനമന്ത്രി, പാര്‍ലമെന്റ് എന്നിവരുടെ വലിയ പങ്കാളിത്തം ജഡ്ജി നിയമനത്തില്‍ ഉണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates