ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. 15-ാമത് ഇന്ത്യ- ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മോദി ടോക്യോയിലെത്തിയത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരമാണ് മോദിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശനം.
പ്രധാനമന്ത്രി ഇഷിബയുമായി മോദി നടത്തുന്ന ചര്‍ച്ചകളിൽ വ്യാപാര രംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്നത് വിഷയമാകും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്നതും ചര്‍ച്ചയാവും. ഏഴു വര്‍ഷത്തിന് ശേഷമാണ് മോദി ജപ്പാനിലെത്തുന്നത്. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോദിയുടെ ആദ്യ ഉച്ചകോടിയാണിത്. 2018 ലെ ഇന്ത്യ - ജപ്പാന്‍ ഉച്ചകോടിയിലാണ് മുമ്പ് മോദി പങ്കെടുത്തത്.
അതേസമയം പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം നരേന്ദ്രമോദിയുടെ എട്ടാമത് ഔദ്യോഗിക ജപ്പാന്‍ സന്ദര്‍ശനം കൂടിയാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ അധിക തീരുവ ചുമത്തിയ സാഹചര്യത്തില്‍ ഇന്ത്യ- ജപ്പാന്‍ ഉച്ചകോടിക്ക് പ്രാധാന്യം വര്‍ധിക്കുന്നു. ജാപ്പനീസ് സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോദി പറഞ്ഞു.
ഇന്ത്യ- ജപ്പാന്‍ സഹകരണത്തിന് പുതിയ മാനം നല്‍കാനും, സാമ്പത്തിക, നിക്ഷേപ ബന്ധങ്ങളുടെ വ്യാപ്തിയും സാധ്യതകളും വികസിപ്പിക്കാനും, AI, സെമികണ്ടക്ടറുകള്‍ ഉള്‍പ്പെടെയുള്ള പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകാനും ശ്രമിക്കുമെന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനയിലെത്തും.
ട്രംപ് ഉയര്‍ത്തുന്ന താരിഫ് ഭീഷണികളെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ഇന്ത്യ-റഷ്യ-ചൈന സഖ്യം വളരുമോയെന്ന് ലോകം ഉറ്റുനോക്കുന്നതിനിടയിലാണ് ഷാങ്ഹായി ഉച്ചകോടി നടക്കുന്നത്. അമേരിക്കന്‍ തീരുവ ഭീഷണി വലിയ നിലയില്‍ നേരിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും റഷ്യയും. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് എന്നിവര്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates