കമ്മ്യൂണിസ്റ്റ് വിരുദ്ധ സഖ്യത്തിന് എന്നും പ്രിയപ്പെട്ടവനായിരുന്നു സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് അന്തരിച്ച മിഖായേല്‍ ഗോര്‍ബച്ചേവ്. എന്നാല്‍ അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ലഭിച്ച സ്വീകാര്യത, അദ്ദേഹത്തിന് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണശേഷം, പ്രതികരണങ്ങള്‍ നടത്തുന്ന റഷ്യന്‍ നേതാക്കള്‍ വളരെ 'സൂക്ഷ്മമായാണ്' അനുശോചനം രേഖപ്പെടുത്തുന്നത്.
ശീതയുദ്ധം അവസാനിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെ പ്രശംസിക്കുമ്പോഴും, സോവിയറ്റ് യൂണിയന്റെ പതനത്തില്‍ ഗോര്‍ബച്ചേവിനുള്ള പങ്ക് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു റഷ്യന്‍ നേതാക്കള്‍. ചരിത്രപുരുഷന്‍ എന്നുതന്നെയാണ് റഷ്യന്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പരിഷ്‌കാര നടപടികളിലെ ആസൂത്രണങ്ങളില്‍ പിഴവ് പറ്റിയെന്നും പാശ്ചാത്യരുമായുള്ള ചര്‍ച്ചകളില്‍ രാജ്യ താത്പര്യം കാത്തു സൂക്ഷിക്കാന്‍ കഴിയാത്ത നേതാവാണ് എന്നും റഷ്യന്‍ ടെലിവിഷന്‍ തുറന്നുപറയുന്നു.
യുക്രൈന്‍ യുദ്ധവും, അമേരിക്കയുമായുള്ള പോരും നിലനില്‍ക്കെയാണ്, റഷ്യ ഗോര്‍ബച്ചേവിനെ ആഘോഷിക്കാതെ, വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. 'സോവിയറ്റ് യൂണിയന്റെ പതനം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൗമരാഷ്ട്ര ദുരന്തം' എന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ മുന്‍കാല വിമര്‍ശനത്തെ പ്രതിധ്വനിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
'ലോക ചരിത്രത്തിന്റെ ഗതിയില്‍ വലിയ സ്വാധീനം ചെലുത്തിയ മനുഷ്യന്‍' എന്നാണ് അനുശോചന കുറിപ്പില്‍ പുടിന്‍ കുറിച്ചത്. വിദേശ നയങ്ങളിലെ മാറ്റങ്ങളും, സാമ്പത്തിക, സാമൂഹ്യ വെല്ലുവിളികളും നേരിട്ട കാലത്ത് അദ്ദേഹം രാജ്യത്തെ നയിച്ചു. പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കുകയും തന്റേതായ പരിഹാര ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.' എന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. നാറ്റോയുടെ കടന്നു കയറ്റത്തെ ചെറുക്കുന്നതില്‍ ഗോര്‍ബച്ചേവ് പരാജയപ്പെട്ടെന്ന് നേരത്തെ പുടിന്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.
ശീതയുദ്ധം അവസാനിക്കുമ്പോള്‍, പുതിയ സോവിയറ്റ് യൂണിയനും പാശ്ചാത്യരും തമ്മില്‍ സൗഹൃദത്തിലാകുമെന്ന് അദ്ദേഹം കരുതിയെന്നും എന്നാല്‍ അത് തെറ്റായിരുന്നെന്നും റഷ്യന്‍ വക്താവ് ഡിമിറ്റി പെസ്‌കോവ് പറഞ്ഞു. തങ്ങളുടെ എതിരാളികളുടെ രക്തദാഹം കൃത്യസമയത്ത് തിരിച്ചറിഞ്ഞെന്നും അമേരിക്കയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ പെസ്‌കോവ് കൂട്ടിച്ചേര്‍ത്തു.
ലോകഭൂപടത്തില്‍ നിന്ന് സോവിയറ്റ് യൂണിയനെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്നവരുടെ ഒപ്പം നിന്നാണ് ഗോര്‍ബച്ചേവ് പരിഷ്‌കാരങ്ങള്‍ നടത്തിയത് എന്ന് തുറന്നടിച്ചു റഷ്യന്‍ വിദേശകാര്യ കമ്മിറ്റി മേധാവ് ലിയോനിഡ് സ്ലട്‌സ്‌കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ദി റഷ്യന്‍ ഫെഡറേഷന്‍ നേതാവ് നികോളായ് കൊലോമെയ്റ്റ്‌സേവ് 'സോവിറ്റ് യൂണിയനെ തകര്‍ത്ത രാജ്യദ്രോഹി'എന്നാണ് ഗോര്‍ബച്ചേവിനെ വിശേഷിപ്പിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates