വിര്‍ജീനിയ: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാന്‍ ഇന്ത്യയ്ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് മകന്‍ സജീബ് വസീദ് . 2013ലെ കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം, മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം. ഷെയ്ഖ് ഹസീനയ്ക്ക് വധശിഷ വിധിച്ച ധാക്കയിലെ അന്താരാഷ്ട്ര പ്രത്യേക ക്രൈംസ് ട്രിബൂണലിന്റെ പ്രവര്‍ത്തനം നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സജീദ് സജീബ് വസീദ് സാഹചര്യങ്ങള്‍ വിവരിക്കുന്നത്.
ജുഡീഷ്യല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഷെയ്ഖ് ഹസീനയുള്‍പ്പെട്ട കേസുകളില്‍ വിചാരണ നടന്നത്. വിചാരണയ്ക്ക് മുമ്പ് 17 ജഡ്ജിമാരെ പിരിച്ചുവിടുകയും പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ നിയമവിരുദ്ധമായി നിയമങ്ങള്‍ ഭേദഗതി ചെയ്യുകയും ചെയ്തു. വിചാരണയില്‍ പ്രതിഭാഗം അഭിഭാഷകരെ പങ്കെടുപ്പിക്കുകയും ചെയ്തിട്ടില്ല. ഇത്തരത്തില്‍ ഒരു നടപടികളും പാലിക്കാതെ പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഒരു രാജ്യവും ഒരാളെ കൈമാറില്ലെന്നും സജീബ് പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് സജീബിന്റെ പ്രതികരണം.
ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ആവശ്യം ഇന്ത്യ അംഗീകരിക്കില്ലെന്ന പ്രതീക്ഷയും സജീബ് വസീദ് മുന്നോവച്ചു. തന്റെ മാതാവിന്റെ ജീവന്‍ സംരക്ഷിച്ച നാടാണ് ഇന്ത്യ. ബംഗ്ലാദേശ് വിട്ടുപോയിരുന്നില്ലെങ്കില്‍, തീവ്രവാദികള്‍ അവരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. 2024 ല്‍ ഓഗസ്റ്റില്‍ ബംഗ്ലാദേശില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ നേരിട്ടതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് അംഗീകരിക്കുമ്പോഴും സംഭവങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അട്ടിമറിയുണ്ടെന്നും സജീബ് വസീദ് പറയുന്നു.
ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ ജയിലില്‍ കഴിഞ്ഞിരുന്ന പതിനായിരക്കണക്കിന് തീവ്രവാദികളെ മോചിപ്പിച്ചു. ഇത് ഇന്ത്യയ്ക്ക് ഭീഷണിയാണ്. അയല്‍ രാജ്യത്ത് ഭീകരവാദം വളരുന്നതാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ എന്നും സജീബ് വസീദ് പറയുന്നു. ലഷ്‌കര്‍-ഇ-തൊയ്ബ ഇപ്പോള്‍ ബംഗ്ലാദേശില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹിയിലെ സമീപകാല ഭീകരാക്രമണങ്ങളില്‍ ഇവയുടെ പങ്ക് ആരോപിക്കപ്പെടുന്നുണ്ടെന്നും സജീബ് വസീദ് അവകാശപ്പെട്ടു.
'മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങള്‍' ആരോപിച്ച് ധാക്കയിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയെ സമീപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates