സോളോ ട്രിപ്പിനിടെ ശ്രീലങ്കയില്‍ വച്ച് നേരിട്ട ദുരനുഭവം വിവരിച്ച് ന്യുസിലന്‍ഡ് ടൂറിസ്റ്റ്. ശ്രീലങ്കയിലൂടെയുള്ള ഓട്ടോ യാത്രയിലാണ് നാട്ടുകാരനായ യുവാവില്‍ നിന്നും വിദേശ സഞ്ചാരിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. ന്യുസിലന്‍ഡ് സ്വദേശിയായ മോളി ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തിന്റെ വിഡിയോയും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. എന്തും പ്രതീക്ഷിച്ചുകൊണ്ടാണ് ഒറ്റയ്ക്ക് യാത്രക്കിറങ്ങിയത്. എങ്കിലും ഈ സംഭവം ഞെട്ടിപ്പിച്ച ഒരു അനുഭവമായിരുന്നു എന്ന് മോള്‍സ്‌ഗോണ്‍വൈല്‍ഡ് എന്ന അക്കൌണ്ടില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
വാടകയ്ക്കെടുത്ത ഓട്ടോയില്‍ തനിച്ചായിരുന്നു യുവതിയുടെ യാത്ര. അരുഗം ബേയ്ക്കും പാസിക്ക്കുടയ്ക്കും ഇടയിലുള്ള തീരദേശ റൂട്ടിലൂടെയുള്ള യാത്രയ്ക്കിടെ വിശ്രമിക്കാന്‍ റോഡരികില്‍ യുവതി വാഹനം നിര്‍ത്തിയ സമയത്ത് സമീപത്ത് എത്തിയ യുവാവാണ് മോശമായി പെരുമാറിയത്. യുവതിയോട് തനിക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ ശേഷം ഇയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും, പരസ്യമായി സ്വയംഭോഗം ചെയ്യാനും ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പോയ മോള്‍സ് പിന്നീടാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്.
സംഭവം യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് പുറം ലോകമറിഞ്ഞത്. പോസ്റ്റ് വിവാദമായതോടെ ശ്രീലങ്കന്‍ പൊലീസ് 23കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. തിരിച്ചറിയാതിരിക്കാന്‍ രൂപത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയ നിലയിലായിരുന്നു യുവാവുണ്ടായിരുന്നത്.
എന്നാല്‍, ശ്രീലങ്കന്‍ യാത്രയില്‍ ഇത്തരം ഒരു ദുരനുഭവം നേരിട്ടെങ്കിലും, താന്‍ കണ്ട ശ്രീലങ്കന്‍ ജനത അനുകമ്പയുള്ളവരാണെന്നും യുവതി പിന്നീടുള്ള കുറിപ്പുകളില്‍ പറയുന്നു. താന്‍ നേരിട്ട ഒരു അനുഭവം പങ്കിടുകമാത്രമാണ് ചെയ്തത്. ഇത് രാജ്യത്തിന്റെ ആകെയുള്ള അവസ്ഥയല്ലെന്നും മോള്‍സ്‌ഗോണ്‍വൈല്‍ഡ് എന്ന പേജില്‍ അവര്‍ പ്രതികരിച്ചു.
''ഈ വിഡിയോ വൈറലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല... പക്ഷേ, അത് സ്ത്രീ സുരക്ഷ, ഒറ്റയ്ക്കുള്ള യാത്രകളില്‍ നേരിടേണ്ടി വരുന്ന യാഥാര്‍ഥ്യങ്ങള്‍ എന്നിവയില്‍ ഒരു ചര്‍ച്ചയ്ക്ക് തുടക്കമിടുന്നുവെങ്കില്‍, അതിന് മൂല്യമുണ്ട്. ? ഒരൊറ്റ സംഭവം ഒരു രാജ്യത്തെയും, സ്ത്രീകളുടെ സോളോ ട്രിപ്പുകളെയും നിര്‍വചിക്കുന്നില്ല. ശ്രീലങ്ക അതിശയകരമായ ഒരു സ്ഥലമാണ്, ഞാന്‍ ഒരു മാസം യാത്ര ചെയ്തപ്പോഴും സുരക്ഷിതത്വം അനുഭവിച്ചു. ഒരു വ്യക്തിയുടെ പെരുമാറ്റം ഒരു സംസ്‌കാരത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെ രൂപപ്പെടുത്താന്‍ അനുവദിക്കരുത്. സ്ത്രീകള്‍ക്ക് ഭയമില്ലാതെഎവിടെയുംയാത്ര ചെയ്യാന്‍ കഴിയണം. പിന്തുണ അറിയിച്ചവര്‍ക്കും, വേഗത്തില്‍ നടപടിയെടുത്ത ശ്രീലങ്കന്‍ ടൂറിസം പൊലീസിനും നന്ദി. നമുക്ക് ഈ ചര്‍ച്ച തുടരാം, പക്ഷേ, ലോകം നല്ല മനുഷ്യരാല്‍ നിറഞ്ഞതാണ്...'' യുവതി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates