കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതി പരിഗണിക്കാന്‍ തയ്യാറാണെന്ന് യുക്രെയ്ന്‍. യുക്രെയ്‌ന് ലഭിച്ച നാല് വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളില്‍ ഏറ്റവും വിപുലവും സമഗ്രവുമായത് ഇന്ത്യയുടേതാണെന്ന് യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ആന്‍ഡ്രി സിബിഹ വ്യക്തമാക്കി. ഇന്ത്യക്ക് പുറമെ തുര്‍ക്കി, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുള്ളത്.
കീവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സിബിഹ യുക്രെയ്‌ന്റെ നിലപാട് വ്യക്തമാക്കിയത്. 'ഞങ്ങളുടെ പക്കല്‍ നാല് നിര്‍ദേശങ്ങളുണ്ട്. അതില്‍ ഏറ്റവും സമഗ്രമായത് ഇന്ത്യയുടേതാണ്. ഊര്‍ജ്ജ മേഖലയിലെയും കരിങ്കടലിലെയും ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്ന വെടിനിര്‍ത്തലിന് ഞങ്ങള്‍ തയ്യാറാണ്, എന്നാല്‍ ഈ രണ്ട് നിബന്ധനകളും ഒരുമിച്ച് നടപ്പാക്കണമെന്നു മാത്രം' -അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തലിനൊപ്പം ഊര്‍ജ്ജ മേഖലയ്ക്കും തുറമുഖങ്ങള്‍ക്കും നേരെ തുടര്‍ച്ചയായുണ്ടാകുന്ന റഷ്യന്‍ ആക്രമണങ്ങള്‍ തടയുന്ന കരാറുകള്‍ക്കാണ് യുക്രെയ്ന്‍ മുന്‍ഗണന നല്‍കുന്നത്.
യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച ആശയങ്ങളുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രസ്താവിച്ചതിന് പിന്നാലെയാണ് യുക്രെയ്‌ന്റെ ഭാഗത്തുനിന്നും ഈ പ്രതികരണം വന്നിരിക്കുന്നത്. ഓഗസ്റ്റ് 31ന് ബിഷ്‌കെകില്‍ വെച്ച് പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍, 'അവസാനമില്ലാത്ത യുദ്ധത്തില്‍ നിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്ക് (endless war to end of the war)' മാറണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു.
തുടര്‍ന്ന് സെപ്റ്റംബര്‍ 3ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവ് സന്ദര്‍ശിക്കുകയും പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായും ആന്‍ഡ്രി സിബിഹയുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കരിങ്കടല്‍ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര സമാധാന ശ്രമങ്ങളെക്കുറിച്ചും ഈ യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. സെപ്റ്റംബര്‍ 23ന് ഈജിപ്ത്, ഇന്ത്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സമുദ്ര മേഖലയില്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് സെലെന്‍സ്‌കി വ്യക്തമാക്കി.
റഷ്യയുടെ നിലപാട്
പ്രശ്‌നപരിഹാരത്തിനായി മോദിയുമായി സ്ഥിരമായി സംസാരിക്കാറുണ്ടെന്ന് വ്‌ളാദിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ബ്രികസ് ഉച്ചകോടിക്ക് മുന്നോടിയായും മോദിയും പുടിനും സമാധാന ചര്‍ച്ചകളെക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങളെ റഷ്യ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, താല്‍ക്കാലികവും ഉപാധികളില്ലാത്തതുമായ വെടിനിര്‍ത്തലിനേക്കാള്‍ സമഗ്രമായ സമാധാന കരാറിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് മോസ്‌കോയുടെ നിലപാട്.
അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ആക്രമണങ്ങള്‍ താക്കാലികമായി നിര്‍ത്തുന്നതിനൊപ്പം കരിങ്കടലിലൂടെയുള്ള ഭക്ഷ്യധാന്യ കയറ്റുമതി സുരക്ഷിതമാക്കാനും തുറമുഖങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തടയാനും സാധിക്കുന്ന ഇന്ത്യയുടെ വിപുലമായ പ്ലാനിലാണ് യുക്രെയ്ന്‍ ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates