വാഷിങ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുള്‍' ബജറ്റ് ബില്‍ യു എസ് ജനപ്രതിനിധി സഭ പാസാക്കി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 214 നെതിരെ 218 വോട്ടിനാണ് ബിൽ പാസായത്. ബില്ലിൽ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും. ബിൽ നേരത്തെ യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു.
റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭിന്നത മറികടന്നാണ് 214നെതിരെ 218 വോട്ട് നേടി ട്രംപ് തന്റെ സ്വപ്ന ബിൽ പാസാക്കിയെടുത്തത്. കുടിയേറ്റവിരുദ്ധ നടപടികൾക്ക് വൻതുക ചെലവിടാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. സാമൂഹിക ക്ഷേമ പദ്ധതികൾ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തിൽ 3 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കാനും ബില്ലിൽ നിർദേശിക്കുന്നു.
സൈനിക ചെലവ് വർദ്ധിപ്പിക്കുക, കൂട്ട നാടുകടത്തലിനും അതിർത്തി സുരക്ഷയ്ക്കും ധനസഹായം നൽകുക എന്നിവയാണ് ബില്ലിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. യുഎസ് കോൺഗ്രസും ബിൽ പാസ്സാക്കിയതിനെ വൈറ്റ് ഹൗസ് സ്വാഗതം ചെയ്തു. വിജയം, വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ യുഎസ് കോൺഗ്രസിൽ പാസായി, ഇനി പ്രസിഡന്റ് ട്രംപിന്റെ മേശയിലേക്ക്‘ എന്ന് വൈറ്റ് ഹൗസ് എക്സിൽ കുറിച്ചു.
യു എസ് സെനറ്റിൽ ബില്ലിനെതിരെ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ മൂന്ന് അംഗങ്ങൾ കൂറുമാറി വോട്ടു ചെയ്തിരുന്നു. ഇതോടെ വോട്ടെടുപ്പില്‍ 50-50 എന്ന കണക്കിന് സമനിലയായി. തുടര്‍ന്ന് സെനറ്റ് അധ്യക്ഷനായ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അനുകൂലിച്ച് വോട്ടുചെയ്തതോടെയാണ് സെനറ്റിൽ ബില്‍ പാസ്സായത്.റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളായ ടോം ടില്ലിസ്, റാന്‍ഡ് പോള്‍, സൂസന്‍ കോളിന്‍സ് എന്നിവരാണ് ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തത്.
ബില്ലിലെ നിർദേശങ്ങൾക്കെതിരെ സ്പേസ്എക്സ് ഉടമയും ട്രംപിന്റെ സുഹൃത്തുമായ ഇലോൺ മസ്ക് പരസ്യമായി രംഗത്തെത്തിയിരുന്നു. അതേസമയം, ക്രൂരമായ ബജറ്റ് ബിൽ എന്ന് മുൻ പ്രസിഡന്റ് ജോ ബൈഡൻ വിമർശിച്ചു. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ എടുത്തുകളയുന്നതാണ് ബില്ലെന്നും ശതകോടീശ്വരന്മാർക്ക് വൻതോതിൽ നികുതി ഇളവ് നൽകുന്നതിനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും ബൈഡൻ കുറ്റപ്പെടുത്തി.
President Donald Trump's 'Big Beautiful' budget bill has been passed by the US House of Representatives. The bill passed by a vote of 218 to 214 in the Republican-controlled House.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates