ന്യൂയോർക്ക് : "നമുക്കു ചെയ്തു തീർക്കാനുള്ള പ്രധാനകാര്യം ഇറാന്റെ കൈയ്യിൽ ആണവായുധങ്ങളില്ലെന്ന് ഉറപ്പുവരുത്തലാണ്. അല്ലെന്നുണ്ടെങ്കിൽ നമുക്ക് പ്രശ്നങ്ങളെക്കുറിച്ചായിരിക്കും സംസാരിക്കേണ്ടി വരിക. നമ്മുടെ 'ന്യൂക്ലുയർ ഡെസ്റ്റ്' മടക്കിത്തരാമെന്ന് അവർ ഉറപ്പുനൽകിയിട്ടുണ്ട് ": മാധ്യമങ്ങളോടു സംസാരിക്കവേ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതാണിത്. ആണവ കേന്ദ്രങ്ങളിൽ ബാക്കിയിരിക്കുന്ന 'ന്യൂക്ലിയർ ഡസ്റ്റ്' (Nuclear Dust), അഥവാ ആക്ടീവ് യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചതായാണ് ട്രംപിന്റെ വാദം.
എന്നാൽ ട്രംപിന്റെ അവകാശവാദങ്ങള്‍ പൂര്‍ണമായും തള്ളി ഇറാന്‍ രംഗത്തെത്തി. ട്രംപിന്റെ പ്രസ്താവന നുണയാണെന്നും അത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നുമാണ് ഇറാനിയന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇറാനിലെ യുഎസ് ഓപ്പറേഷനുകളിൽ ആക്രമിക്കപ്പെട്ട സ്ഥലങ്ങളിൽ വലിയതോതിലുള്ള യുറേനിയം നിക്ഷേപങ്ങളുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി റിപ്പോർട്ടുചെയ്തിരുന്നു.
എന്താണ് 'ന്യൂക്ലിയർ ഡസ്റ്റും' 'ഡേർട്ടി ബോംബും' ?
ഇറാനിലെ ആണവകേന്ദ്രങ്ങൾക്കുനേരെ ബി-2 ബോംബറുകളുപയോഗിച്ച് അമേരിക്ക നടത്തിയ ആക്രമണത്തിനുശേഷം ഭൂമിക്കടിയിൽ ബാക്കിയായ അവശിഷ്ടങ്ങളാണ് ന്യൂക്ലിയർ ഡസ്റ്റ്. അതീവസുരക്ഷയോടെ ഭൂഗർഭ അറകൾക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഈ പദാർത്ഥങ്ങൾ ഇറാനിൽ തുടരുന്നത് തങ്ങൾക്ക് ഭീഷണിയായാണ് അമേരിക്ക കരുതുന്നത്. കാരണം, ഈ അവശിഷ്ടങ്ങളിൽനിന്നും യുറേനിയം വേർതിരിച്ചെടുക്കാൻ ഇറാനിയൻ ശാസ്ത്രജ്ഞന്മാർക്ക് സാധിക്കും. അത് കൂടുതൽ ആണവായുധങ്ങളുടെ നിർമാണത്തിനായി ഉപയോഗിക്കാനാകും. ഇത്രയധികം അളവിൽ റേഡിയോ ആക്ടീവ് പദാർഥങ്ങൾ കൈവരുന്നത് ഡേർട്ടി ബോംബുകളുടെ നിർമാണത്തിനു കാരണമാകുമെന്ന് അമേരിക്ക കണക്കാക്കുന്നുണ്ട്. അതുപയോഗിച്ച് പശ്ചിമേഷ്യയിലുടനീളം ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ഇറാനു സാധിച്ചേക്കാമെന്നും വിലയിരുത്തുന്നു.
പൂർണാർത്ഥത്തിലൊരു ആണവയുദ്ധത്തിന് ഇറാൻ മുതിർന്നിട്ടില്ലെങ്കിലും ഡേർട്ടി ബോംബ് ഉപയോഗിച്ചേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് യുഎസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഒരു സാധാരണ സ്ഫോടകവസ്തുവാണ് ഡേർട്ടി ബോംബെങ്കിലും ഡൈനാമിറ്റിനൊപ്പം ആണവ വികിരണ ശേഷിയുള്ള പദാർത്ഥങ്ങൾ കലർത്തുന്നത് കൂടുതൽ ആഘാതമുണ്ടാക്കും. പൊട്ടിത്തെറിക്കുമ്പോൾ പുറത്തെത്തുന്ന റേഡിയോ ആക്ടീവ് മാലിന്യം വലിയ നഗരങ്ങളെ വരെ വാസയോഗ്യമല്ലാതാക്കും. നിലവിൽ 460 കിലോയിലധികം ആക്ടീവ് യുറേനിയം ഇറാന്റെ പക്കലുള്ളതിനാൽ, ഇത്തരം നിരവധി ഡേർട്ടി ബോംബുകൾ നിർമ്മിക്കാനുള്ള കഴിവ് രാജ്യത്തിനുണ്ട്.
ഇറാന്റെ നിലപാട്
സമാധാനചർച്ചകളിൽ ഇറാന്റെ കൈവശമുള്ള ആണവശേഖരം നിർണായകമാണ്. 2015ൽ ബരാക് ഒബാമയുടെ ഭരണകാലത്ത് യുറേനിയം സംപുഷ്ടീകരിക്കുന്നതിനുള്ള പരിധി ഇറാൻ കരാർ പ്രകാരം അംഗീകരിച്ചിരുന്നു. എന്നാൽ കരാറിൽ നിന്ന് യുഎസ് പിന്മാറിയതോടെ, വിപുലീകരണ പ്രവർത്തനങ്ങൾ ഇറാൻ ആരംഭിച്ചു. സിവിലിയൻ ആവശ്യങ്ങൾക്കുള്ളതാണ് തങ്ങളുടെ ആണവ പരിപാടി എന്നായിരുന്നു ഇറാന്റെ വാദം.
രണ്ട് പതിറ്റാണ്ടുമുൻപാണ് ഇറാന്റെ രഹസ്യ ആണവപദ്ധതി ലോകമറിഞ്ഞത്. ആയുധമുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ഇറാന്റെ അന്നത്തെ നയം. ആണവായുധങ്ങൾ നിഷിദ്ധമെന്നു പ്രഖ്യാപിച്ച് ഖമേനി 'ഫത്‌വ' പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ അമേരിക്കയും ഇസ്രയേലും ഇറാനിലെ ആണവകേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്തിയതോടെയാണ് ആണവായുധങ്ങൾ നിർമിക്കാമെന്ന ആശയം ഇറാൻ ഭരണകൂടത്തിനിടയിൽ ശക്തിപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇറാനിൽനിന്നും ആണവ അവശിഷ്ടങ്ങൾ തിരിച്ചെടുക്കാനുള്ള നീക്കങ്ങൾ അമേരിക്ക നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ബലപ്രയോഗത്തിലൂടെ യുറേനിയം പിടിച്ചെടുക്കാനുള്ള ശ്രമത്തിന് ആയിരക്കണക്കിന് സൈനികരെ ഉൾപ്പെടുത്തിയ വലിയ ഓപ്പറേഷൻ വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സൈനിക സമീപനത്തേക്കാൾ ചർച്ചയിലൂടെയുള്ള ഒത്തുതീർപ്പാണ് കൂടുതൽ പ്രായോഗികമെന്ന് നയതന്ത്രജ്ഞരും അഭിപ്രായപ്പെട്ടു. കരാറുണ്ടായില്ലെങ്കിൽ പോരാട്ടം പുനരാരംഭിക്കും എന്നതാണ് ട്രംപിന്റെ നിലപാട്.
ഈ അവസരത്തിൽ തങ്ങളുടെ പക്കലുള്ള യുറേനിയം വിട്ടുനൽകാൻ ഇറാൻ തയ്യാറാകുമോ എന്നതാണ് ആശങ്കയുണ്ടാക്കുന്നത്. നിലവിൽ ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനി തന്റെ ആണവനയം വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇറാൻ സൈന്യമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) രാജ്യത്തിന്റെ ആണവനയം മാറ്റണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates