കൊളംബോ : ശ്രീലങ്കയെ നടുക്കിയ സ്ഫോടനപരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടു. കൊളംബോ ഷാങ്ഗ്രി ലാ ഹോട്ടലിലെ സ്ഫോടനത്തിലാണ് ഹാഷിം കൊല്ലപ്പെട്ടത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രഹസ്യാന്വേഷണ ഏജൻസികൾ ഇക്കാര്യം സ്ഥിരീകരിച്ചതായി സിരിസേന പറഞ്ഞു.
ശ്രീലങ്കയിൽ പ്രവർത്തനം നടത്തുന്ന നാഷണൽ തൗഹീദ് ജമാ അത്തിന്റെ നേതാവാണ് സഹ്രാൻ ഹാഷിം. സ്ഫോടനങ്ങളിൽ സംഘടനയുടെ പങ്കിനെക്കുറിച്ച് ഏജൻസികൾ അന്വേഷിച്ചുവരികയായിരുന്നു. എന്നാൽ 40 കാരനായ ഹാഷിമിനെക്കുറിച്ച് യാതൊരു വിവരവും കിട്ടിയിരുന്നില്ല.
ചാവേറുകളുടേതെന്ന പേരില്‍ അമാഖ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ദൃശ്യങ്ങളില്‍ മുഖം മറയ്ക്കാത്ത ഭീകരന്‍ മുഹമ്മദ് സഹറാന്‍ എന്ന സഹ്രാന്‍ ഹാഷിം ആണെന്ന് ശ്രീലങ്കന്‍ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഐഎസ് പുറത്തുവിട്ട വീഡിയോയിലും ഹാഷിമിന്റെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ അദ്ദേഹത്തെക്കുറിച്ച് തീവ്ര അന്വേഷണത്തിലായിരുന്നു ഇന്റലിജൻസ് ഏജൻസികൾ.
ഹാഷിമിന് ഇന്ത്യയിലും അനുയായികള്‍ ഉള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോയമ്പത്തൂര്‍ ജയിലിലുള്ള ഐ.എസ്. കേസ് പ്രതികളില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജൻസികൾക്ക് ഈ വിവരം ലഭിച്ചത്. കേരളത്തിലും സംഘടന പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു.
ഇതിനിടെയാണ് ഹാഷിം കെല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്.
തൗഹീദ് ജമാ അത്തിന്റെ നേതൃത്വത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്ത്യ ഏപ്രില്‍ 11 ന് ശ്രീലങ്കയ്ക്ക് കൈമാറിയ രഹസ്യാന്വേഷണ രേഖയിൽ വ്യക്തമാക്കിയിരുന്നു. ഒരു സ്ത്രീയുള്‍പ്പെടെ 9 ഭീകരരാണ് ശ്രീലങ്കയില്‍ ആക്രമണം നടത്തിയത്. 253 പേരാണ് ശ്രീലങ്കയില്‍ കൊല്ലപ്പെട്ടതെന്നാണ് അവസാന കണക്ക്. മരിച്ചവരില്‍ 11 ഇന്ത്യക്കാരടക്കം 40 പേര്‍ വിദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates