''ഹെന്‍ട്രി ഫോര്‍ഡിന് ഒരു കാറുണ്ടാക്കാന്‍ വേണ്ടിയിരുന്ന മനുഷ്യാദ്ധ്വാനത്തിന്റെ പത്തുശതമാനം പോലും ആവശ്യമില്ല അദ്ദേഹം സ്ഥാപിച്ച ഫോര്‍ഡ് മോട്ടോര്‍ കമ്പനിക്ക് ഇന്നൊരു കാറുണ്ടാക്കാന്‍. എല്ലാ വ്യാവസായികോല്പന്നങ്ങളുടെ കാര്യത്തിലും ഇതാണ് സത്യം. ഇതിന്റെ സാങ്കേതിക നാമമാണ് 'ഡി ഇന്റസ്ട്രിയലൈസേഷന്‍.''' ഇരുപത്തിയേഴു വര്‍ഷം മുമ്പ് എംപി നാരായണപിള്ള എഴുതിയ ലേഖനമാണിത്. 1997 ജൂണ്‍ 6ന് മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചാണ് നാണപ്പന്‍ ശൈലിയുടെ മൂര്‍ച്ചയും നര്‍മവുമുള്ള ഈ ലേഖനം
ഇപ്പോള്‍ പള്ളിക്കൂടങ്ങളൊക്കെ തുറന്നുകഴിഞ്ഞല്ലോ നാലഞ്ചു ലക്ഷം കുടുംബങ്ങളെങ്കിലും പുന്നാരമക്കള്‍ പഠിക്കാന്‍ പോകുന്നതു കണ്ട് കോള്‍മയിര്‍കൊള്ളുന്ന ദിനങ്ങള്‍ അല്ലേ?
പണ്ടൊക്കെ ആയിരുന്നെങ്കില്‍ ഇവരില്‍ കുറെയെങ്കിലും പഠിക്കും; ഏതെങ്കിലുമൊക്കെ പരീക്ഷ പാസ്സാവും; ഭാഗ്യമുണ്ടെങ്കില്‍ വല്ല ജോലിയും കിട്ടും. അച്ഛനമ്മമാര്‍ക്ക് ഉപകാരമില്ലെങ്കിലും ശല്യമില്ലാത്ത ഒരു നിലയില്‍ എത്തിച്ചേരുമെന്ന ശുഭപ്രതീക്ഷയുണ്ടായിരുന്നു.
ഇന്ന് ഇത്തരം ശുഭപ്രതീക്ഷ ബുദ്ധിയില്ലാത്തവര്‍ക്കിടയില്‍ മാത്രമാണ്. ബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന സര്‍ക്കാരുദ്യോഗസ്ഥന്മാരും പഞ്ചവത്സരപദ്ധതിക്കാരും സാമ്പത്തിക വിദഗ്ദ്ധന്മാരുമൊക്കെ ബുദ്ധിയില്ലാത്ത ജനങ്ങളുടെ അകാരണമായ ശുഭപ്രതീക്ഷ നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. വ്യവസായവല്‍കരണവും ദേശീയോല്പാദനത്തില്‍ നിരന്തരം ഒരന്‍പതു ശതമാനം വളര്‍ച്ചയും വന്നാല്‍ എ.ഡി. 2020-ല്‍ എല്ലാവര്‍ക്കും ജോലിയാകുമെന്നുള്ള അസംബന്ധം പരസ്യമായി പറയാന്‍ കേന്ദ്ര ധനകാര്യമന്ത്രിക്കുപോലും ഉളുപ്പില്ല.
''ഇതൊന്നും നടക്കാന്‍ പോണ കാര്യമല്ല.''
ഒരു കുട്ടിയെ പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ കൊണ്ടുപോകുമ്പോഴത്തെ ചുറ്റുപാടു വച്ചല്ല; ഇരുപതുവര്‍ഷത്തിനുശേഷം നിലവില്‍ വരാനിടയുള്ള പരിതസ്ഥിതികള്‍ വച്ചുവേണം ജാതകമെഴുതാന്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പള്ളിക്കൂടത്തില്‍ വിട്ട് പഠിപ്പിച്ചിട്ട് കുട്ടിക്ക് ഒരു ഗുണവും കിട്ടില്ലെന്ന് പൂര്‍ണ്ണ ബോദ്ധ്യമുണ്ടെങ്കില്‍ ഏതെങ്കിലും രക്ഷിതാക്കള്‍ കുട്ടിയെ സ്‌കൂളിലയയ്ക്കുമോ?
ഇനി എഴുതുന്നത് കുട്ടികളെ പള്ളിക്കൂടത്തില്‍ വിടുന്ന ഓരോ രക്ഷകര്‍ത്താക്കളും ശ്രദ്ധിച്ചു വായിക്കണം.
ഈ നൂറ്റാണ്ടിന്റെ ആദ്യത്തെ പകുതിയില്‍ കര്‍ഷക തൊഴിലാളികളുടെ സംഖ്യ ലോകമെങ്ങും കുറഞ്ഞു. ചില സമ്പന്ന രാഷ്ട്രങ്ങളില്‍ മൊത്തം തൊഴിലാളികളില്‍ അഞ്ചോ പത്തോ ശതമാനം മാത്രമായി കൃഷിപ്പണിയിലേര്‍പ്പെട്ടിരിക്കുന്നവര്‍. കൃഷിയില്‍ സംഭവിച്ച യന്ത്രവല്‍കരണം ഉല്പാദനത്തിനാവശ്യമുള്ള ഇരുകാലി മൃഗങ്ങളുടേയും നാല്‍കാലി മൃഗങ്ങളുടേയും സംഖ്യ കുത്തനെ താഴോട്ടു കൊണ്ടുവന്നു. തൊഴില്‍ ചെയ്യുന്നവരുടെ സംഖ്യ കുറഞ്ഞെങ്കിലും ഉല്പാദനം വര്‍ദ്ധിച്ചു. ലോക വിപണിയിലെ ഭക്ഷ്യധാന്യങ്ങളുടെ വില നിയന്ത്രിച്ചു. ക്ഷാമം പമ്പകടന്നു. ഇപ്പോള്‍ ക്ഷാമം ബാക്കിയുള്ള ഉത്തര കൊറിയ, കാപ്പിരികളുടെ നാടുകള്‍ തുടങ്ങിയ അപൂര്‍വ്വം സ്ഥലങ്ങളില്‍ ഇതിന് കാരണമായി വന്നിരിക്കുന്നത് ആ രാജ്യങ്ങളുടെ ജനങ്ങളുടെ തലയിലെഴുത്തുകൊണ്ട് വന്നിരിക്കുന്ന ക്രൂരമായ രാഷ്ട്രീയമാണ്.
നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഇതേ മാറ്റങ്ങള്‍ വ്യവസായ രംഗത്ത് സംഭവിച്ചു. ഉല്പാദനത്തിനാവശ്യമായ ഇരുകാലി മൃഗങ്ങളുടെ ആവശ്യം കുറയാന്‍ തുടങ്ങി. കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷക്കാലത്ത് അത് കുത്തനെ ഇടിഞ്ഞു. ഏറെക്കുറെ കൃഷിയുടെ നിലവാരത്തിലേക്കു തന്നെ പുരോഗമിക്കുകയാണ്. ഹെന്‍ട്രി ഫോര്‍ഡിന് ഒരു കാറുണ്ടാക്കാന്‍ വേണ്ടിയിരുന്ന മനുഷ്യാദ്ധ്വാനത്തിന്റെ പത്തുശതമാനം പോലും ആവശ്യമില്ല അദ്ദേഹം സ്ഥാപിച്ച ഫോര്‍ഡ് മോട്ടോര്‍ കമ്പനിക്ക് ഇന്നൊരു കാറുണ്ടാക്കാന്‍. എല്ലാ വ്യാവസായികോല്പന്നങ്ങളുടെ കാര്യത്തിലും ഇതാണ് സത്യം. ഇതിന്റെ സാങ്കേതിക നാമമാണ് 'ഡി ഇന്റസ്ട്രിയലൈസേഷന്‍.'
പിന്നെ 'മനുഷ്യര്‍ക്കെന്തു ജോലികിട്ടും' എന്ന ചോദ്യത്തിന് അമേരിക്കയിലും യൂറോപ്പിലുമുള്ള സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് വേദമോതുന്ന വിദഗ്ദ്ധന്മാര്‍ പറയുന്നത് 'സര്‍വ്വീസ് സെക്ടറി'ല്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ്. അതായത് സേവനരംഗം സേവനമെന്നു പറഞ്ഞാല്‍ ബീഡി വാങ്ങിക്കൊണ്ടു കൊടുക്കുന്നതു മുതല്‍ കാലുതിരുമ്മുന്നതുവരെയുള്ള കൂലി കുറഞ്ഞ സേവനങ്ങളും ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, കമ്പനി മാനേജരന്മാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ നല്‍കുന്ന പ്രതിഫലം കൂടുതല്‍ വാങ്ങുന്ന സേവനവും പെടുന്നു.
ഇതിലെ കൂടുതല്‍ കൂലിയുള്ള സേവനത്തിന്റെ തസ്തികകള്‍ക്കു വേണ്ടിയാണല്ലോ നമ്മള്‍ കുട്ടികളെ പള്ളിക്കൂടത്തില്‍ ചേര്‍ക്കുന്നതും പഠിപ്പിക്കുന്നതും. ഇത്തരം സേവനങ്ങളുടെ ഡിമാന്റും ഇപ്പോള്‍ ആപത്തിലായിരിക്കുന്നു. ഈയിടെ ചെസ്സിലെ ഗ്രാന്റ് മാസ്റ്ററായ ഗ്യാരി കാസ്പറോവിനെ 'ഡീപ് ബ്ല്യൂ' എന്ന കംപ്യൂട്ടര്‍ തോല്പിച്ച കഥ വായിച്ചില്ലേ?
ഒരു ഡോക്ടറോ, വക്കീലോ, എന്‍ജിനീയറോ ചെയ്യുന്ന പണിയുടെ തൊണ്ണൂറു ശതമാനം ഒരു കംപ്യൂട്ടറിന് നിഷ്പ്രയാസം ചെയ്യാമെന്ന നില വന്നിരിക്കുന്നു. അതായത് ഒരു ഡോക്ടര്‍ക്ക് ഇന്നു കാണുന്നതിന്റെ പത്തിരട്ടി രോഗികളെ ചികിത്സിക്കാന്‍ പറ്റുന്ന നിലയിലാണ് വരിക. വക്കീലന്മാര്‍ക്ക് കൂടുതല്‍ കേസ്സുകള്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്നു. ഇവരുടെ കാര്യക്ഷമത വരുമാനം വര്‍ദ്ധിപ്പിക്കുന്നു എന്നതു ശരിതന്നെ. അതോടൊപ്പം പുതിയ വക്കീലന്മാരുടെയും പുതിയ ഡോക്ടര്‍മാരുടെയും ഡിമാന്റ് ഏറെക്കുറെ പൂര്‍ണ്ണമായിട്ട് ഇല്ലാതാകും. പുതുതായി തൊഴിലിലിറങ്ങുന്നവന് ഗതിയില്ലാത്ത നില. ഇലക്ട്രോണിക് എന്‍ജിനീയറിങ്ങും കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങുമൊക്കെ പഠിച്ചാല്‍ നാളെ ധാരാളം അവസരം കിട്ടും എന്നൊരു തെറ്റിദ്ധാരണ നിങ്ങളുടെ മനസ്സിലുണ്ടല്ലോ?
ഇന്ന് തൊഴിലവസരം അവയിലുണ്ടെന്നു വച്ച് നാളെ ഉണ്ടാകണമെന്നില്ല. അക്കൗണ്ടെഴുതാന്‍ ഒരു പ്രോഗ്രാം ഉണ്ടാക്കിക്കഴിഞ്ഞാല്‍ പിന്നെ അതിനകത്തുള്ള പണി പരിമിതമാണ്. ആ തുറയിലെ തൊഴിലില്ലായ്മയും ഇന്ന് സ്‌കൂളില്‍ ചേരുന്ന കുട്ടികള്‍ പാസ്സായി വരുമ്പോഴേയ്ക്കും രൂക്ഷമായി കഴിഞ്ഞിരിക്കും.
സര്‍വ്വീസ് സെക്ടറിലെ തൊഴിലവസരങ്ങള്‍ എപ്പോഴും ജനസംഖ്യയ്ക്കാനുപാതികമായിട്ടാണ് വര്‍ദ്ധിക്കുന്നത് - കൊടുക്കാനുള്ള ജനങ്ങളുടെ കഴിവിനും.
മനുഷ്യവര്‍ഗ്ഗത്തിന്റെ ഉപയോഗം കുറയുന്നതിന് ആനുപാതികമായി ജനസംഖ്യയും കുറയും. സേവനങ്ങളുടെ ഡിമാന്റും സര്‍വ്വീസ് സെക്ടറിലെ തൊഴിലവസരങ്ങളും കുറയാന്‍ തുടങ്ങും - കൃഷി പോലെ വ്യവസായം പോലെ കേരളത്തിലെ പ്രൈമറി വിദ്യാഭ്യാസം പോലെ.
വരുന്ന പത്തിരുപത്തഞ്ചു വര്‍ഷക്കാലത്ത് സംഭവിക്കാനിടയുള്ള ഇത്തരം മാറ്റങ്ങളൊക്കെ മുന്നില്‍ കണ്ടാല്‍ എന്തു വിശ്വസിച്ച് നമുക്ക് നമ്മുടെ കുട്ടിയെ സ്‌കൂളില്‍ വിടാം? എന്തടിസ്ഥാനത്തില്‍ കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ പുറത്ത് ഭീമമായ തുക ചെലവിടാം? പണ്ടായിരുന്നെങ്കില്‍ മുടക്കിയ കാശിന്റെ ഫലം രക്ഷാകര്‍ത്താക്കള്‍ക്കു കിട്ടിയില്ലെങ്കിലും കുട്ടിക്കെങ്കിലും പ്രയോജനപ്പെടുമെന്ന് കരുതാമായിരുന്നു. ഇന്നതുമില്ല.
അപ്പോള്‍ ബുദ്ധിപൂര്‍വ്വം ചെയ്യാവുന്നത് കുട്ടികള്‍ക്ക് ഏറ്റവും ചെലവു കുറഞ്ഞ വിദ്യാഭ്യാസം കൊടുക്കുക. തൊട്ടടുത്തുള്ള സര്‍ക്കാരിന്റെ പള്ളിക്കൂടത്തില്‍ പോയി പഠിക്കുകയോ പഠിക്കാതിരിക്കുകയോ ചെയ്യട്ടെയെന്ന അന്‍പതു വര്‍ഷം പഴയ ലൈന്‍ നമ്മള്‍ സ്വീകരിക്കുക. ചുരുങ്ങിയത് നിന്നു പറ്റാനുള്ള തടിമിടുക്കെങ്കിലും കുട്ടിക്കു കിട്ടുമല്ലോ. കുട്ടിയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്ന പണം അവന്റെ ഭാവി സംരക്ഷിക്കാന്‍ പറ്റിയ വല്ല നിക്ഷേപവുമായി പോസ്റ്റാഫീസിലോ മറ്റോ ഇടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates