'ഗോപാലാ, നിന്നെ അന്വേഷിച്ച് ടൈറ്റ് പാന്റും ഷര്‍ട്ടുമൊക്കെയിട്ട ഒരു സുന്ദര കളേബരന്‍ വന്നിരുന്നു. വല്ല സാഹിത്യകാരനുമായിരിക്കും. അല്ലാതാരാ !'
അന്നൊരു ദിവസം രാവിലെ ഓഫീസിലേക്ക് കയറിച്ചെന്നപ്പോള്‍ സഹപ്രവര്‍ത്തകനായ പ്രഭാകരന്‍ പറഞ്ഞു.
അന്നു വൈകുന്നേരം സെക്രട്ടേറിയറ്റിന് പുറകുവശത്തെ കമലാലയാ ലോഡ്ജിന്റെ സമീപത്തുളള രാജന്‍സ് റെസ്റ്റാറന്റില്‍ ചായ കുടിക്കാന്‍ ചെന്നിരിക്കുകയായിരുന്നു. ഒരു ചെറുപ്പക്കാരന്‍ തൊട്ടടുത്തുവന്നിരുന്നു. എന്നിട്ട് ദീര്‍ഘകാലത്തെ അടുപ്പമുള്ള ഒരാളെപ്പോലെ ഗോപാലന്‍ കഴിച്ചുകൊണ്ടിരുന്ന ദോശയില്‍ നിന്ന് ഒരു കഷണം മുറിച്ച് വായിലേക്കിട്ടു. ഗോപാലനാകെയൊന്നമ്പരന്ന് നോക്കിയപ്പോള്‍ അയാള്‍ ഒന്നും സംഭവിക്കാത്തതുപോലെ പറഞ്ഞു.
'എന്റെ പേര് പത്മരാജന്‍ padmarajan. ആകാശവാണിയിലാണ് ജോലി. കഥകളൊക്കെയെഴുതാറുണ്ട്. ഈയിടെ ഒരു കഥ ജനയുഗത്തിന് അയച്ചുകൊടുത്തിരുന്നു. എന്നത്തേക്ക് വരുമെന്ന് തിരക്കിയപ്പോള്‍ വിതുര ബേബി പറഞ്ഞു, ഗോപാലനെ വരയ് ക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണെന്ന്...'
സൗമ്യമായ പെരുമാറ്റവും ഗാംഭീര്യമാര്‍ന്ന ശബ്ദവുമൊക്കെയായി ആദ്യത്തെ കാഴ്ചയില്‍ തന്നെ ആരെയുമാകര്‍ഷിക്കുന്ന ആ ചെറുപ്പക്കാരനെ ഗോപാലന് ഒരുപാടിഷ്ടമായി. ഒരു ആജീവനാന്ത ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.....
....പത്മരാജന്റെ ആദ്യകാല രചനകളായ തിര തീരം, ഭദ്ര തുടങ്ങിയ പല കഥകളും ആ നാളുകളിലാണ് ജനയുഗത്തില്‍ വരുന്നത്. ഗോപാലന്റെ ആത്മ സുഹൃത്തുക്കളിലൊരാളായി 'പപ്പു ' മാറി. ആയുര്‍വേദ കോളജിന് താഴെയുള്ള റോഡിലുള്ള വലിയൊരു വീട്ടിലേക്ക് ഗോപാലന്‍ താമസം മാറ്റിയപ്പോള്‍ കൂട്ടു താമസക്കാരനായി പത്മരാജനും ഒപ്പംകൂടി. ശ്രീകുമാര്‍ തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുന്ന പുതിയ ഇംഗ്ലീഷ് ചിത്രങ്ങള്‍ ഒന്നുപോലും വിടാതെ രണ്ടുപേരും കാണാന്‍ പോകും. ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത ലോറന്‍സ് ഓഫ് അറേബ്യ കണ്ടിറങ്ങി വീട്ടിലേക്ക് ഒരുമിച്ചു നടന്നുവരുമ്പോള്‍ സിനിമയിലെ ഓരോ രംഗത്തെയും കുറിച്ച് പത്മരാജന്‍ നടത്തുന്ന അതിസൂക്ഷ്മമായ വിശകലനം കേട്ടപ്പോള്‍ ഗോപാലന് ഒരു കാര്യം തീര്‍ച്ചയായി, ഈ ചങ്ങാതിയുടെ ഉള്ളില്‍ ഒരു ഗംഭീരന്‍ തിരക്കഥാകൃത്തും സംവിധായകനും ഉറങ്ങിക്കിടപ്പുണ്ട്!
അന്നൊരു ദിവസം ഉച്ചതിരിഞ്ഞ് ചങ്ങാതിമാര്‍ രണ്ടുപേരും കൂടി മുതുകുളത്തുളള പത്മരാജന്റെ ഞവരയ്ക്കല്‍ തറവാട്ടിലേക്ക് പുറപ്പെട്ടു. വീടിനടുത്തുള്ള കുളത്തിലെ നീന്തിത്തുടിച്ചുള്ള കുളിയും പപ്പുവിന്റെ അമ്മ അടുത്തിരുന്നു സ്‌നേഹവാത്സല്യങ്ങളോടെ ഊട്ടിച്ച വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, രാത്രി വൈകി തിരുവനന്തപുരത്തേക്ക് പോകാന്‍ കായംകുളം ബസ് സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ പത്മരാജന് ഒരു ഐഡിയ. കോട്ടയത്തു പോയി തുളസിയെ ഒന്ന് കണ്ടാലോ? കഥാകൃത്തായ തുളസി അന്ന് കോട്ടയത്ത് എന്‍ ബി സില്‍ ജോലി ചെയ്യുകയാണ്. കുറച്ചുനാള്‍ മുന്‍പ് ഒരു സ്വകാര്യാനുഭവത്തെ ആസ്പദമാക്കിയെഴുതിയ ഒരു കഥക്കു വേണ്ടി ഗോപാലന്‍ വരച്ച ചിത്രം അതില്‍ സൂചിപ്പിക്കുന്ന യഥാര്‍ത്ഥവ്യക്തിയുടെ രൂപം അതേപടി പകര്‍ത്തിവെച്ചതുപോലെയുണ്ടായിരുന്നുവെന്ന് തുളസിയൊരിക്കല്‍ അല്‍ഭുതത്തോടെ പറഞ്ഞിട്ടുണ്ട്.
നേരം പരപരാ വെളുത്തപ്പോള്‍ കോട്ടയത്തെത്തി തുളസിയെക്കണ്ടങ്ങനെ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ പത്മരാജന് അടുത്ത തോന്നല്‍. ഇവിടം വരെ വന്നതല്ലേ? അടുത്തൊരു എസ്‌റ്റേറ്റില്‍ ഒരു സുഹൃത്തുണ്ട്, വര്‍ക്കി. തൃശൂരിലെ റൂം മേറ്റ്. സമ്പന്നന്‍. കണ്ടിട്ടുപോകാം. ഒരു കുന്നിന്‍പുറത്തെ വിശാലമായ ഒറ്റനിലക്കെട്ടിടത്തില്‍ താമസിക്കുകയാണ് വര്‍ക്കിയും നിയമ വിദ്യാര്‍ത്ഥികളായ രണ്ട് പെങ്ങന്മാരും. അപ്രതീക്ഷിതമായി കയറി വന്ന പ്രിയപ്പെട്ട പപ്പനും കൂട്ടുകാര്‍ക്കും വര്‍ക്കിയൊരുക്കിയത് ഗംഭീര സ്വീകരണമായിരുന്നു. വീടിനോട് ചേര്‍ന്ന് പ്രത്യേകം കെട്ടിയുണ്ടാക്കിയ കുളത്തില്‍ കുളി, അതുകഴിഞ്ഞ് അന്തിക്കള്ളും താറാവുപൊരിച്ചതും കറിവെച്ചതുമെല്ലാം ചേര്‍ന്നുള്ള സ്വാദിഷ്ടമായ അത്താഴവും.
രാവിലെ പോകാനിറങ്ങിയപ്പോള്‍ വര്‍ക്കി വിടുന്നില്ല.
'ഞാന്‍ തീരുമാനിക്കും, നിങ്ങളെപ്പൊ തിരിച്ചു പോണമെന്ന്. നമുക്ക് നേരെ മൂന്നാറിനു പോകാം.'
എന്നാല്‍ ശരി, നേരെ മൂന്നാറിന്. ഓഫീസില്‍ പോകേണ്ടതാണെന്നും അവധി്ക്കപേക്ഷയൊന്നും കൊടുത്തിട്ടില്ലെന്നുമുള്ള കാര്യമൊക്കെ എല്ലാവരും മറന്നു. മൂന്നാറിലാകെ ഒന്നുകറങ്ങി ബസ് സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ ബോഡിനായ്ക്കനൂര്‍ എന്ന ബോര്‍ഡും വെച്ച് ഒരു ബസ് കിടക്കുന്നു. ആരോടോ ചോദിച്ചപ്പോള്‍ സഹ്യപര്‍വതത്തിന്റെ ഉച്ചിയില്‍ കൂടി കയറിയിറങ്ങുമ്പോള്‍ ചെന്നെത്തുന്ന സ്ഥലമാണതെന്ന് പറഞ്ഞു. നേരം കളയാതെ ബസ്സില്‍ കയറി. ഗോപാലന്‍ െ്രെഡവറുടെ തൊട്ടുപിറകെയുള്ള സീറ്റില്‍ പ്രകൃതിയൊരുക്കിയ അതിമനോഹരമായ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരുന്നു. പക്ഷെ ചെങ്കുത്തായ മലയിലൂടെയുള്ള മുന്നോട്ടുള്ള യാത്രയില്‍, ഒരു വശത്ത് വാ പിളര്‍ന്നിരിക്കുന്ന കൊക്കയിലേക്ക് വീണു, വീണില്ല എന്ന മട്ടിലുള്ള ബസ്സിന്റെ പാച്ചില്‍ കണ്ടിട്ട് ആകെ വിരണ്ടാണ് ഇരിപ്പ്.
കുറെയങ്ങു ചെന്നപ്പോള്‍ എതിരെ വന്ന ബസുമായി ഒന്നുരസി. തമ്മില്‍ തമ്മില്‍ വഴക്കായി. ഒടുവില്‍ ഇനിയിന്ന് ബസ് പോകുന്നില്ല എന്ന തീരുമാനം കണ്ടക്ടര്‍ പ്രഖ്യാപിച്ചു. ബസിലുണ്ടായിരുന്നവരൊക്കെ ഇറങ്ങി എവിടേക്ക് ഒക്കെയോ അപ്രത്യക്ഷരായി. അപ്പോള്‍ നേരം വൈകിട്ട് അഞ്ച് മണിയാകുന്നു. സ്വര്‍ണ്ണ നിറത്തിലുള്ള സൂര്യവെളിച്ചത്തില്‍ ആ പരിസരം മുഴുവനും വെട്ടിത്തിളങ്ങുകയാണ്. ചങ്ങാതിമാര്‍ ഇറങ്ങി മുന്നോട്ടു നടന്നു.
നടന്നു നടന്ന് ഒരു ചുരത്തിനുള്ളിലേയ്ക്ക് കയറി. പരിസരമാകെ കുറ്റാക്കൂരിരുട്ട്. തുളസി കയ്യിലുള്ള തീപ്പെട്ടി ഉരച്ചു കത്തിച്ചുകൊണ്ടേയിരുന്നു. അവസാനത്തെ കൊള്ളിയും തീര്‍ന്നു. തങ്ങളുടെ അന്ത്യം ഇതിനുള്ളില്‍ തന്നെയാണെന്ന് എല്ലാവര്‍ക്കും തീര്‍ച്ചയായി. കുറച്ചു ചെന്നപ്പോള്‍ പെട്ടെന്ന് ഗോപാലന്റെ കാലില്‍ എന്തോ ഒന്ന് കടിച്ചു. 'അയ്യോ എന്നെ പാമ്പു കൊത്തിയേ' എന്ന് അലമുറയിട്ടുകൊണ്ടുതന്നെ മുന്നോട്ടു നടക്കുകയാണ്. ഭയങ്കര പുകച്ചിലും വേദനയും. മരണം തൊട്ടടുത്ത് എത്തിയെന്ന് തോന്നിയ നിമിഷങ്ങള്‍. വൃശ്ചിക മാസത്തിലെ അസഹനീയമായ ആ തണുപ്പത്ത് പത്തിരുപത് കിലോമീറ്ററുകള്‍ നടന്നു നടന്ന് അടിവാരത്തുള്ള ചെക്ക് പോസ്റ്റില്‍ ചെന്നെത്തി. നടന്നു തളര്‍ന്ന് ആകെ പരിക്ഷീണരായയി വരുന്ന നാലു ചെറുപ്പക്കാരെക്കണ്ടപ്പോള്‍ അവിടെ നില്‍പ്പുണ്ടായിരുന്നവര്‍ക്കൊക്കെ വലിയ അല്‍ഭുതം. ആരുമൊരിക്കലും നടന്നുനോക്കാന്‍ പോലും ധൈര്യം കാണിക്കാത്ത വഴിയാണതെന്ന് അവര്‍ പറഞ്ഞപ്പോഴാണറിഞ്ഞത്.
പാമ്പ് കൊത്തിയ കഥ കേട്ടപ്പോള്‍ കടിവാ പരിശോധിച്ചിട്ട് ഒരാള്‍ പറഞ്ഞു. ഇതു പാമ്പൊന്നുമല്ല, കടന്നലിനെ പോലിരിക്കുന്ന കൊളവി എന്നൊരു പ്രാണി കൊത്തിയതാണ്. ഗോപാലന് അതുകേട്ടപ്പോള്‍ പുതിയൊരു ജീവന്‍ കിട്ടിയതുപോലെ. ആ ചെറിയ ടൗണില്‍ ആകെയുണ്ടായിരുന്ന ചെറിയ ലോഡ്ജിലെ ആകെ വൃത്തിഹീനമായ മുറിയില്‍ അന്നു രാത്രി കഴിച്ചുകൂട്ടി. പിറ്റേന്നു രാവിലെ തന്നെ തേക്കടിയില്‍ ചെന്ന് ബസ് പിടിച്ച് കോട്ടയത്തേക്കും പിന്നെ തിരുവനന്തപുരത്തേക്കും പോന്നു. അടുത്ത ദിവസം ഓഫീസില്‍ ചെന്നപ്പോള്‍ പ്രശ്‌നം ഗൗരവമുള്ളതായി മാറിയിരുന്നു. പ്രൊബേഷന്‍ സമയത്ത് അവധിയെടുക്കാതെയും, ജില്ല വിട്ടുപോകാനുള്ള അനുമതി വാങ്ങാതെയും അപ്രത്യക്ഷനായതിന്റെ പേരില്‍ നടപടി എടുക്കുമെന്ന് ഏതാണ്ട് തീര്‍ച്ചയുണ്ടായിരുന്നു എല്ലാവര്‍ക്കും.
ജനയുഗം ബന്ധമാണ് രക്ഷിച്ചത്. നേരത്തെ ഗോപാലനെ ഇന്റര്‍വ്യൂ ചെയ്ത ബോര്‍ഡിലുണ്ടായിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ ഫിലിപ്പോസ് വിളിപ്പിച്ച് 'മേലില്‍ ഇതാവര്‍ത്തിക്കരുത്' എന്നൊരു താക്കീത് കൊടുത്ത് പ്രശ്‌നമവസാനിപ്പിച്ചു.
ആകാശവാണിയില്‍ അനൗണ്‍സര്‍ ഡ്യൂട്ടിയില്‍ നിന്നുള്ള പത്മരാജന്റെ 'അണ്‍ ഓതറൈസ്ഡ് ആബ്‌സന്‍സ് ' ഉണ്ടാക്കുമായിരുന്ന ഭവിഷ്യത്തുകളും ഒരു ശാസനയില്‍ അവസാനിച്ചു. എന്നാല്‍ തുളസിയുടെ കാര്യത്തില്‍ പ്രശ്‌നം ഗുരുതരമായി വളര്‍ന്നിരുന്നു. എന്‍ ബി എസില്‍ പുസ്തകങ്ങളും പ്രധാന രേഖകളുമൊക്കെ സൂക്ഷിക്കുന്ന സ്‌റ്റോറിന്റെ ഉത്തരവാദിത്തമാണ് തുളസിക്ക് ഉണ്ടായിരുന്നത്. സ്‌റ്റോര്‍ പൂട്ടി താക്കോലും കൈയിലെടുത്തുകൊണ്ടാണ് ഓഫീസിലാരോടും പറയാതെ തുളസി സാഹസിക പര്യടനത്തിനിറങ്ങിത്തിരിച്ചത്. കേസും അന്വേഷണവും വിചാരണയുമൊക്കെ യഥാവിധി നടത്തിയ ശേഷം സാഹിത്യകാരന്മാരുടെ സഹകരണസംഘം ഒരു ദാക്ഷിണ്യവും കൂടാതെ തുളസിയെ പിരിച്ചുവിട്ടു. തുളസിക്ക് പിന്നീട് ജോലിയൊന്നും കിട്ടിയതുമില്ല.
ഈ സംഭവത്തിന് മൂന്നോ നാലോ മാസങ്ങള്‍ക്കുമുമ്പ് ഗോപാലനും പത്മരാജനും കൂടി മറ്റൊരു സാഹസികയാത്ര നടത്തിയിരുന്നു. ജനയുഗത്തിലെ വിതുര ബേബിയുമുണ്ടായിരുന്നു സംഘത്തില്‍. എഴുത്തുകാരനും കറന്റ് ബുക്‌സിന്റെ മാനേജരുമായ വിജയന്‍ കരോട്ടിന്റെ കല്യാണം കൂടാന്‍ എറണാകുളത്ത് പോയതാണ്. ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ അന്നുണ്ടായിരുന്ന 70 ഫീറ്റ് റോഡിലൂടെ ഹൈക്കോടതി ചുറ്റി ഷണ്‍മുഖം റോഡില്‍ ചെന്നിറങ്ങുമ്പോള്‍ രാത്രി പത്തുമണി കഴിഞ്ഞു. ബ്രോഡ് വേയിലുള്ള ബസ്സോട്ടോ എന്നൊരു ലോഡ്ജില്‍ മുറിയെടുത്ത് രാത്രി തങ്ങി. രാവിലെ കല്യാണത്തിന് പോകാന്‍ ഒരുങ്ങുമ്പോഴാണ് ഒരു കാര്യം മനസ്സിലാകുന്നത്. വിവാഹച്ചടങ്ങ് എവിടെയാണ് നടക്കുന്നതെന്ന് മൂന്നാള്‍ക്കും ഒരു പിടിയുമില്ല. ആരുടെയും കയ്യില്‍ ക്ഷണക്കത്തുമില്ല. അന്ന് എറണാകുളം പട്ടണത്തില്‍ മാത്രമുണ്ടായിരുന്ന ആട്ടോറിക്ഷ എന്ന അപൂര്‍വവാഹനം പിടിച്ച് നഗരത്തിലെ വലിയ ആഡിറ്റോറിയങ്ങളും ഹാളുകളും മുഴുവനും കയറിയിറങ്ങി. ചില അമ്പലങ്ങളിലും പോയിനോക്കി. ഞായറാഴ്ച ആയതുകൊണ്ട് എന്‍ ബി എസും കറന്റ് ബുക്‌സുമൊക്കെ അവധിയുമാണ്. വൈറ്റിലയിലുള്ള വധൂഗൃഹത്തില്‍ വെച്ചാണ് ചടങ്ങു നടക്കുന്നതെന്ന കാര്യം പാവങ്ങള്‍ അറിഞ്ഞതേയില്ല. അന്നാളുകളില്‍ അറിയപ്പെട്ടു തുടങ്ങിയ കഥാകൃത്തും റേഡിയോ പ്രക്ഷേപകനുമൊക്കെയായിരുന്നുവെങ്കിലും പത്മരാജന് പ്രായം വെറും ഇരുപത്തിമൂന്ന് വയസ്സും മറ്റു രണ്ടുപേര്‍ക്കും ഏറി വന്നാല്‍ നാലോ അഞ്ചോ വയസ്സ് മൂപ്പും മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് ഓര്‍മ്മിക്കണം.
കല്യാണം കൂടാന്‍ പറ്റാത്തതിന്റെ ഇച്ഛാഭംഗം തീര്‍ത്തത് ചെറിയൊരു വള്ളം വാടകയ്‌ക്കെടുത്ത് കൊച്ചിക്കായലിലൂടെ അടിപൊളി സവാരി നടത്തിക്കൊണ്ടാണ്. അതൊക്കെക്കഴിഞ്ഞ് ഇര്‍വിന്‍ പാര്‍ക്കില്‍ - ഇന്നത്തെ സുഭാഷ് പാര്‍ക്ക് - ചെന്നിരുന്ന് 'വായ് നോക്കുമ്പോള്‍' പത്മരാജന് ഒരാഗ്രഹം. കൊല്ലത്ത് എസ് എന്‍ കോളജില്‍ പഠിക്കുന്ന അനുജത്തിക്കുവേണ്ടി ഒരു സാരി വാങ്ങണം.
ബ്രോഡ് വേയിലുള്ള കടയില്‍ ചെന്ന് ഒരുപാട് നേരത്തെ തിരച്ചിലിനു ശേഷം ഗോപാലന്‍ ഒരു നല്ല സാരി തപ്പിയെടുത്തു. വസന്തം പോലെ മനോഹരമായ, പൂക്കള്‍ ധാരാളമുള്ള ഒരെണ്ണം. വില കേട്ടപ്പോഴാണ് ഞെട്ടിപ്പോയത്- 250 രൂപ. ഒരു പവന്‍ പൊന്നിന് 150 രൂപ വിലയുള്ള കാലം. ഏതായാലും എല്ലാവരും കൂടി ഉള്ള കാശൊക്കെ പെറുക്കിക്കൂട്ടി സാരി വാങ്ങിക്കുക തന്നെ ചെയ്തു.
ലോഡ്ജില്‍ ചെന്ന് ബാഗൊക്കെയെടുത്ത് മടങ്ങാനൊ രുങ്ങുമ്പോഴാണ് മറെറാരു സത്യം അറിയുന്നത്. മുറി വാടക കൊടുക്കാനും ബസ്സില്‍ ടിക്കറ്റെടുക്കാനുമൊന്നും ആരുടെ കയ്യിലും നയാ പൈസ പോലുമില്ല. തൊട്ടപ്പുറത്ത് പ്രസ്സ് റോഡിലുള്ള ചിത്രശാലയില്‍ ചെന്ന് വി എം ബാലന്‍ മാഷിനോട് കാശ് വാങ്ങിക്കാമെന്ന് ഗോപാലന്‍ പറഞ്ഞിട്ട് പത്മരാജന്‍ സമ്മതിച്ചില്ല. 'നീ വാ'എന്നുപറഞ്ഞുകൊണ്ട് സാരിയുടെ പായ്ക്കറ്റുമായി ഇറങ്ങിനടന്ന പപ്പുവിന്റെ പിറകെ ചങ്ങാതിമാര്‍ വെച്ചു പിടിച്ചു. തുണിക്കടയിലേക്കാണ് നേരെ പോയത്.
'അല്‍പ്പം മുന്‍പ് ഇവിടെനിന്ന് വാങ്ങിച്ച സാരിയാണ്, ഇതു തിരികെയെടുത്തിട്ട് പണം തരണം.'
വിറ്റുപോയ സാരി തിരിച്ചെടുക്കാന്‍ പറ്റില്ലെന്ന് കടക്കാര്‍. ഒരുപാട് കെഞ്ചലുകളും കേണപേക്ഷകളും കേട്ട് ഒടുവില്‍ മനസ്സലിഞ്ഞുപോയ കടക്കാര്‍ 125 രൂപ കൊടുത്ത് സാരി തിരികെയെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്തോ പിടിച്ചടക്കിയ മട്ടില്‍ സുഹൃത്തുക്കള്‍ നേരെ ബസ് സ്റ്റാന്‍ഡിലേക്ക്.
പിറ്റേന്ന് വിതരണം ചെയ്യുന്നതിന് ദൂരെ സ്ഥലങ്ങളിലേക്കയക്കാന്‍ വേണ്ടി സ്റ്റാന്‍ഡില്‍ കൊണ്ടുവെച്ചിരുന്ന പത്രക്കെട്ടുകളില്‍ നിന്ന് ഒരു പത്രം, അവിടെവെച്ചു കണ്ട ഒരു സുഹൃത്ത് ഗോപാലന് കൊടുത്തു. അതില്‍ വന്ന ഒരു ഫുള്‍ പേജ് പരസ്യം ഗോപാലനെ തൊട്ടുകാണിച്ചുകൊടുത്തുകൊണ്ട് പത്മരാജന്‍ ചോദിച്ചു.
' എന്നാടേ, നീ ചെയ്ത ഒരു സിനിമാ പരസ്യം ഇതുപോലെ പത്രത്തിന്റെ ഫുള്‍ പേജില്‍ അച്ചടിച്ചു വരുന്നത്?'
സ്വര്‍ണ്ണ മെഡല്‍ കിട്ടിയ ചെമ്മീനിന് ശേഷം രാമു കാര്യാട്ടും കണ്മണി ബാബുവും കൂടി ഒരുക്കുന്ന ഏഴു രാത്രികള്‍ എന്ന ചിത്രത്തിന്റെ ഒരു മുഴുപ്പേജ് പരസ്യമായിരുന്നു അത്. പത്മരാജന്റെ ചോദ്യത്തിന് മറുപടിയായി ഗോപാലന്‍ വെറുതെ ചിരിച്ചതേയുള്ളൂ. ഏതാനും ആഴ്ചകള്‍ക്കു ശേഷമെത്തിയ ആ വര്‍ഷത്തെ ഓണത്തിന് ഗോപാലന്‍ തയ്യാറാക്കിയ ഒരു സിനിമാ പരസ്യം പത്രങ്ങളുടെ മുഴുപുറമാകെ നിറഞ്ഞു നിന്നു. സൂപ്രിയാ ഫിലിംസ് നിര്‍മ്മിച്ച് വിന്‍സെന്റ് സംവിധാനം ചെയ്യുന്ന തുലാഭാരം എന്ന ചിത്രത്തിന്റെ പരസ്യം.....
തുലാഭാരത്തിന്റെ പരസ്യം ഗോപാലന്‍ ഡിസൈന്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പേരും ടൈറ്റിലും മറ്റുമെഴുതിയ ചെറിയ തുണ്ടു കടലാസുകള്‍ പശ തേച്ച് ഗോപാലന് കൈമാറിക്കൊണ്ട് അടുത്തിരിക്കുകയായിരുന്ന പത്മരാജന്‍ പറഞ്ഞു.
'തിരക്കഥ, സംവിധാനം എന്നുള്ളതിന്റെ താഴെ പി പത്മരാജന്‍ എന്നെഴുതി ഒട്ടി്‌ക്കെടെ'
ഗോപാലന്‍ അപ്പോള്‍ ചിരിച്ചുകൊണ്ട് അതിനു മറുപടി പറഞ്ഞു.
'ഈ ടൈറ്റിലുകളുടെ കീഴില്‍ നിന്റെ പേരും ഒരു ദിവസം എഴുതിവരും, തീര്‍ച്ച. പക്ഷെ അന്നത് എഴുതുന്നത് ഞാനായിരിക്കത്തില്ല!'.....
ഗോപാലന്‍ ഒരു കുടുംബസ്ഥനായതിന് ശേഷം പഴയ സുഹൃത്തുക്കളെ പലരെയും കാണുന്നത് വല്ലപ്പോഴുമായിരുന്നു. വഴുതക്കാട് ഭാഗത്തുകൂടി സ്‌കൂട്ടറില്‍ പോകുമ്പോള്‍ ചിലപ്പോഴൊക്കെ വഴിയില്‍ പത്മരാജനെ കണ്ടുമുട്ടാറുണ്ടായിരുന്നു. ഒന്നോ രണ്ടോ പ്രാവശ്യം പത്മരാജന്‍ അന്നാളുകളില്‍ താമസിച്ചിരുന്ന പൂജപ്പുരയിലെ വാടക വീട്ടില്‍ പോയിട്ടുമുണ്ട്. അപ്പോഴേക്കും പത്മരാജന്‍ സാമാന്യം തിരക്കുള്ള തിരക്കഥാകൃത്ത് എന്ന നിലയില്‍ സിനിമാരംഗത്ത് കാലുറപ്പിച്ചു കഴിഞ്ഞിരുന്നു. ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങളിലുമാണ്. ഒരിക്കല്‍ വീട്ടില്‍ ചെന്നപ്പോള്‍ പത്മരാജന്‍ ഗോപാലനോട് ഒരു കാര്യത്തില്‍ അഭിപ്രായം ചോദിച്ചു. സംവിധായകന്‍ എന്ന നിലയില്‍ എങ്ങനെയുള്ള പടങ്ങളാണ് താന്‍ ഏറ്റെടുക്കേണ്ടത് എന്നുള്ളതിനെക്കുറിച്ചായിരുന്നു അത്. അടൂര്‍ ഗോപാലകൃഷ്ണനും അരവിന്ദനും മുന്നില്‍ നിന്നുനയിക്കുന്ന ആര്‍ട്ട് സിനിമ വേണോ അതോ താന്‍ അപ്പോള്‍ തിരക്കഥയെഴുതിക്കൊണ്ടിരുന്നതുപോലെയുള്ള വാണിജ്യ മൂല്യത്തിന് മുന്‍തൂക്കം നല്‍കുന്ന പടങ്ങളായിരിക്കണോ എന്നതിലായിരുന്നു പത്മരാജന് കണ്‍ഫ്യൂഷന്‍. പരമാവധി പ്രേക്ഷകരെ ഉന്നം വെച്ചുകൊണ്ട് അതേസമയം കലാമൂല്യമൊട്ടും കൈവിടാതെയെടുക്കുന്ന തരം സിനിമയോടായിരുന്നു ഗോപാലന്റെ ചായ്‌വ്.
'പപ്പൂ, നിനക്ക് തീര്‍ച്ചയായും അത്തരം സിനിമയെടുക്കാന്‍ പറ്റുമെടേ, ഒരു സംശയവും വേണ്ട'
ചങ്ങാതിമാരുടെ സംഭാഷണം കേട്ടുകൊണ്ടിരുന്ന രാധാലക്ഷ്മിയും ഗോപാലന്റെ അഭിപ്രായത്തോട് യോജിച്ചു.
1979 ലെ ജനയുഗം ഓണം വിശേഷാല്‍ പ്രതിയുടെ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. പത്മരാജന്റെ ഒരു കഥ കൂടിയേ തീരൂ എന്ന് സ്‌പെഷ്യലിന്റെ ചുമതലയുള്ള പാറക്കോടന്‍ ഗോപിനാഥന്‍ നായര്‍ക്ക് ഭയങ്കര നിര്‍ബ്ബന്ധം. രണ്ടുപേരും കൂടി നേരെ പൂജപ്പുരയിലുള്ള ഞവരയ്ക്കല്‍ വീട്ടിലേയ്ക്ക് ചെന്നു. അപ്പോള്‍ അവിടെ ഭരതനും മറ്റു ചിലരുമായി ചേര്‍ന്ന് പത്മരാജന്‍ തിരക്കുപിടിച്ച സിനിമാ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഗോപാലനെ പെട്ടെന്ന് കണ്ടപ്പോള്‍ പത്മരാജന്‍ ഒന്നതിശയിച്ചു. ഗോപാലന്‍ സംഗതി പറഞ്ഞു.
'ഇത്തവണ ഓണപ്പതിപ്പിന് നീ ഒരു കഥയെഴുതി തന്ന് സഹായിച്ചേ പറ്റൂ.'
പത്മരാജന്‍ അവരെ വീടിന്റെ മുകളിലത്തെ നിലയിലുള്ള വിശാലമായ പോര്‍ട്ടിക്കോയില്‍ കൊണ്ടിരുത്തിയിട്ട് 'ഇപ്പോള്‍ വരാ'മെന്നു പറഞ്ഞ് എങ്ങോട്ടേക്കോ അപ്രത്യക്ഷനായി. അവിടെ കൊണ്ടുവെച്ച ചായയും ബിസ്‌ക്കറ്റുമൊക്കെ കഴിച്ച്, പുറത്ത് നിന്ന് വീശിയെത്തുന്ന സുഖകരമായ കാറ്റും കൊണ്ട് അരമണിക്കൂറോളം അങ്ങനെയിരുന്നപ്പോള്‍, പണ്ട് കഥ പ്രസിദ്ധീകരിക്കുന്ന കാര്യമെന്തായിയെന്ന് ചോദിക്കാന്‍ തന്നെത്തിരക്കി പത്മരാജന്‍ അന്ന് ഹോട്ടലില്‍ വന്ന രംഗം ഗോപാലന്റെ മനസ്സിലേക്ക് ഓടിയെത്തി. അപ്പോള്‍ പത്മരാജന്‍ കയ്യില്‍ കുറച്ചു കടലാസുഷീറ്റുകളുമായി അങ്ങോട്ടേക്ക് വന്നു.
'ഞാന്‍ നേരത്തെ കുറച്ചെഴുതി വെച്ചിരുന്ന ഒരു സാധനമാ. തത്കാലം നീ ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യ്.' എന്നു പറഞ്ഞുകൊണ്ട് നിറയെ വെട്ടും തിരുത്തലും വരുത്തിയ ആ ഷീറ്റുകള്‍ ഗോപാലനെയേല്‍പ്പിച്ചു. ആ വര്‍ഷത്തെ ജനയുഗം ഓണപ്പതിപ്പിന്റെ ഹൈലൈറ്റുകളിലൊന്ന് പത്മരാജന്റെ ആ കഥയായിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം മുതുകുളത്തെ ഞവരയ്ക്കല്‍ തറവാടിന്റെ തളത്തില്‍ പുതപ്പിച്ചു കിടത്തിയിരിക്കുന്ന പത്മരാജന്റെ ചേതനയറ്റ ശരീരത്തിന്റെ അടുത്തു നില്‍ക്കുമ്പോള്‍ ഗോപാലന്റെ മനസ്സില്‍ ഒരിക്കല്‍ കൂടി ആ ദൃശ്യം കടന്നുവന്നു. കൊച്ചെലിവാലന്‍ മീശ വെച്ച ഒരു ചെറുപ്പക്കാരന്‍ അടുത്തുവന്നിരുന്ന് തന്റെ പാത്രത്തില്‍ നിന്ന് സ്വാതന്ത്ര്യത്തോടെ ദോശ മുറിച്ചു തിന്നുന്ന ആ രംഗം....
(പ്രശസ്ത രേഖാചിത്രകാരനായ ആര്‍ട്ടിസ്റ്റ് ഗോപാലനെക്കുറിച്ച് എഴുതിയ പരമ്പരയിലെ 'പത്മരാജന്‍ 'എന്ന അധ്യായം)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates