ചൊവ്വല്ലൂര്‍ - അക്ഷരാര്‍ത്ഥത്തില്‍ കലയുടേയും കവിതയുടേയും സംഗീതത്തിന്റേയും വാദ്യങ്ങളുടേയും ലോകത്തെ സവ്യസാചി. ഉണ്ണിക്കണ്ണന്‍ കനിഞ്ഞരുളിയ എഴുത്തിന്റെ ദിവ്യത്വം. ഇതാ, പവനപുരവാസത്തിന് അവസാനം. ഈ വേര്‍പാട് വ്യക്തിപരമായ നിരവധി ഓര്‍മ്മകള്‍, എന്റെ മനസ്സിനേയും നനയ്ക്കുന്നു. എവിടെയൊക്കെയോ വിങ്ങല്‍ സൃഷ്ടിക്കുന്നു.
മലബാറില്‍ മനോരമയുടെ വസന്തദീപ്തമായ വൃത്താന്തകാലത്ത് ഡസ്‌കില്‍ രാത്രി ഷിഫ്റ്റിലുണ്ടായിരുന്ന എഡിറ്റര്‍ ഇന്‍ ചാര്‍ജ്, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയാണെന്നു പിറ്റേന്നു വരുന്ന പത്രത്തിന്റെ ഒന്നാംപേജ് തലക്കെട്ടുകളില്‍നിന്ന് അനായാസം കണ്ടെത്താനാവും. അത്രയേറെ ഇമ്പം തുളുമ്പുന്ന, ചിന്തേരിട്ട് മിനുക്കിയെടുത്ത, കാവ്യാത്മക ശീര്‍ഷകങ്ങള്‍ നല്‍കി വാര്‍ത്തകള്‍ക്ക് അദ്ദേഹം എന്തെന്നില്ലാത്ത മൊഞ്ച് പകര്‍ന്നു. വായനക്കാരന്റെ കണ്ണുകളെ വാര്‍ത്തയുടെ മുഴുവന്‍ ഭാഗത്തേക്കു തിരിക്കാന്‍ ഈ തലക്കെട്ടുകള്‍ക്കു സാധിക്കുമായിരുന്നു.
ഭക്തകവിയായിരുന്ന വി.കെ. ഗോവിന്ദന്‍ നായര്‍, ഒറ്റപ്പാലത്തിനടുത്ത തരുവക്കോണത്തെ വീട്ടില്‍ നിര്യാതനായ വാര്‍ത്ത അന്ന് എനിക്കു മാത്രം കിട്ടിയ എക്‌സ്‌ക്ലൂസീവായിരുന്നു. 'അവില്‍പ്പൊതി' എന്ന കവിതാ സമാഹാരത്തിന് ഓടക്കുഴല്‍ പുരസ്‌കാരം ലഭിച്ച വി.കെ.ജിയുടെ മരണവാര്‍ത്ത, പടവും സൈഡ് സ്റ്റോറികളുമൊക്കെയായി ഞാന്‍ ഡെഡ്ലൈനിനു മുന്‍പേ ഫയല്‍ ചെയ്തു. പക്ഷേ, പിറ്റേന്ന് 'ഡാക് എഡിഷന്‍' പത്രം കയ്യില്‍ കിട്ടിയപ്പോള്‍ എനിക്കു വലിയ നിരാശയായി. ഉള്‍പേജിലെ ചരമക്കോളത്തില്‍ ഒരു കോളം വാര്‍ത്തയായി അതാ കിടക്കുന്നു, വി.കെ.ജി!
പത്ത് മണിയായപ്പോള്‍ ഞാന്‍ ചൊവ്വല്ലൂര്‍ സാറിനെ വിളിച്ചു. മാതൃഭൂമിക്ക് കിട്ടാതെ പോയ, പ്രശസ്ത കവി വി.കെ.ജിയുടെ മരണവാര്‍ത്ത നമ്മള്‍ ഇത്രയും അപ്രധാനമായി കൊടുത്തതിലെ വിഷമം ഞാന്‍ അദ്ദേഹവുമായി പങ്കുവെയ്ക്കാന്‍ തുടങ്ങും മുന്‍പേ, അങ്ങേത്തലയ്ക്കല്‍നിന്നു മറുപടി: ''എനിക്ക് മനസ്സിലായി, ഇതിനാകും വിളിക്കുന്നതെന്ന്. രാത്രി ഞാന്‍ ഡ്യൂട്ടിയിലില്ലായിരുന്നു. കാലത്ത് പാലക്കാട് എഡിഷനില്‍ ഈ മരണവാര്‍ത്ത ഡിസ്പ്ലേ ചെയ്തവിധം കണ്ടപ്പോള്‍ എനിക്ക് വലിയ ദു:ഖവും അമര്‍ഷവും തോന്നി. മറ്റു എഡിഷനുകളിലെല്ലാം വി.കെ.ജിയുടെ മരണ വാര്‍ത്ത പ്രാധാന്യത്തോടെ ഒന്നാംപേജില്‍ത്തന്നെ ഞാന്‍ കൊടുത്തിട്ടുണ്ട്. ആദ്യ എഡിഷന്‍ എന്റെ കണ്ണില്‍പ്പെട്ടില്ല. ഒന്നാംപേജില്‍ കൊടുത്ത എഡിഷന്‍ ഞാന്‍ നാളത്തെ പത്രക്കെട്ടില്‍ അയച്ചുതരാം.'' (പിന്നാലെ, ഇത്ര കൂടി പറഞ്ഞു നര്‍മ്മോക്തിയോടെ, ചൊവ്വല്ലൂര്‍ സാര്‍: പേജ് ചെയ്ത പത്രാധിപ ചങ്ങാതി വിചാരിച്ചുകാണും, വി.കെ. ഗോവിന്ദന്‍ നായര്‍ ഒറ്റപ്പാലത്തെ ഏതെങ്കിലും വക്കീല്‍ ക്ലാര്‍ക്കായിരിക്കുമെന്ന്. അതാകണം, വാര്‍ത്ത ചരമക്കോളത്തിലൊതുങ്ങിയത്!)
കുഞ്ചന്‍ ഉത്സവത്തെക്കുറിച്ച് ഞാനെഴുതിയ എഡിറ്റ് പേജ് ലേഖനത്തിന് ചൊവ്വല്ലൂരിന്റെ ടൈറ്റില്‍: ഉള്ളുണര്‍ത്തുന്ന കിള്ളിക്കുര്‍ശിമംഗലം.
ഒറ്റപ്പാലത്തെ ബധിരമൂക വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷത്തെക്കുറിച്ചുള്ള എന്റെ ഒന്നാംപേജ് വാര്‍ത്തയ്ക്ക് തലക്കെട്ടിട്ടതും ചൊവ്വല്ലൂര്‍ സാറായിരുന്നു: മൂകപ്രാര്‍ത്ഥന ബധിരകര്‍ണങ്ങളില്‍.
വയലാര്‍ രാമവര്‍മ്മയുടെ മരണം മനോരമയ്ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തത് ചൊവ്വല്ലൂരായിരുന്നു. ഇന്‍ട്രോ മുതല്‍ അന്ത്യംവരെയുള്ള ആ വരികള്‍ അത്യന്തം ഹൃദയസ്പൃക്കായിരുന്നു. നിത്യസൗഗന്ധികം, വിപ്ലവസൗരഭ്യം, ഇനി വിട എന്നോ മറ്റോ ആയിരുന്നു വയലാറിന്റെ മരണവാര്‍ത്തയുടെ ആദ്യവരിയെന്നാണ് ഓര്‍മ്മ.
കര്‍ണാടകയിലെ മാണ്ഡ്യയ്ക്കടുത്തുണ്ടായ വലിയൊരു ബസപകട വാര്‍ത്ത, ടി. നാരായണന്റെ ഉള്ളുലയ്ക്കുന്ന പടങ്ങളോടെ, ചൊവ്വല്ലൂരാണ് റിപ്പോര്‍ട്ട് ചെയ്തത്: അമ്മേ എന്നുറക്കെ വിളിച്ചൊന്ന് കരയാനാകും മുന്‍പേ, ആ ബസിലെ നിരവധി മനുഷ്യരുടെ ജീവശ്വാസം കാവേരിപ്പുഴയോളങ്ങള്‍ നിര്‍ദ്ദാക്ഷിണ്യം വക്ത്രത്തിലൊതുക്കിയെന്നായിരുന്നു ആ വാര്‍ത്തയുടെ ആരംഭം. അകംപിടയ്ക്കുന്ന ശൈലിയിലായിരുന്നു ആ വാര്‍ത്തയെഴുത്ത്. അതുവരെ ശീലിച്ചുപോന്ന വാര്‍ത്തയെഴുത്തിന്റെ പതിവുരീതികളെ സുധീരം തിരസ്‌കരിക്കുകയും മനോരമ ന്യൂസ്റൂമിനാകെ പൂമ്പൊടി പരക്കുന്ന ലാവണ്യശൈലി പരിചയപ്പെടുത്തുകയും ചെയ്തവരില്‍ പ്രമുഖന്‍ ചൊവ്വല്ലൂരായിരുന്നു.
മനോരമയുടെ കലാവിഭാഗം അദ്ദേഹം ഭംഗിയായി കൈകാര്യം ചെയ്തു. ലോകപ്രശസ്ത നര്‍ത്തകരേയും സംഗീതജ്ഞരേയും വിശദമായി അഭിമുഖം നടത്തി. പൂരങ്ങളും ഉത്സവങ്ങളും വാര്‍ത്തയാക്കുമ്പോള്‍ ചാരുതയോലുന്ന അക്ഷരങ്ങളുടെ കുടമാറ്റമാണ് പേജുകളില്‍ കാണാനാവുക. കഥകളിക്കാരും കൂടിയാട്ടക്കാരും അദ്ദേഹത്തിന്റെ സ്വന്തക്കാരായിരുന്നു. വാദ്യവിദഗ്ദ്ധരും നാടന്‍ കലാകാരന്മാരും പ്രിയമിത്രങ്ങളായിരുന്നു. കലാമണ്ഡലം കൃഷ്ണന്‍ നായരും ഗോപിയാശാനും കോട്ടയ്ക്കല്‍ ശിവരാമനും ആലിപ്പറമ്പ് ശിവരാമപൊതുവാളുമെല്ലാം ചൊവ്വല്ലൂരിന്റെ ഏറ്റവും വലിയ അടുപ്പക്കാര്‍. മട്ടന്നൂരിന്റെ കൊട്ട് കേട്ട് വിസ്മയിച്ച അദ്ദേഹം ചെണ്ട പഠിക്കാനും ശ്രമിച്ചിരുന്നു. നേത്രസാധകത്തിലൂടെ മിഴികളെ ഊഞ്ഞാലാട്ടിയ മാണി മാധവചാക്യാരെക്കുറിച്ചെഴുതുമ്പോള്‍ ചൊവ്വല്ലൂരിന്റെ വിശേഷണം: കഥകളിക്ക് കണ്ണുകള്‍ നല്‍കിയ മാണി മാധവചാക്യാര്‍.
തായമ്പകയും കഥകളിയും സ്വയം പരിശീലിച്ചിരുന്ന അദ്ദേഹം പിന്നീട് കലാമണ്ഡലത്തിന്റേയും കേരള സംഗീതനാടക അക്കാദമിയുടേയും കേരള സാഹിത്യ അക്കാദമിയുടേയുമൊക്കെ ഭരണസമിതികളിലെത്തി.
ഗുരുവായൂരപ്പനെക്കുറിച്ച് നിരവധി സ്‌തോത്രങ്ങളും കാവ്യങ്ങളും പ്രാര്‍ത്ഥനാഗീതങ്ങളും ചൊവ്വല്ലൂര്‍ രചിച്ചു. നൂറുകണക്കിനു കാസറ്റുകളില്‍ തുടിച്ചുണര്‍ന്ന മൂവായിരത്തോളം ഭക്തിഗാനങ്ങള്‍ ആ തൂലികയില്‍നിന്നു പിറവിയെടുത്തതാണ്.
- ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം, ഗുരുവായൂര്‍ ഓമനക്കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനോട്ടം, ഉദിച്ചുയര്‍ന്നു മാമലമേലെ ഉത്രം നക്ഷത്രം... എന്നിവ ചൊവ്വല്ലൂരിന്റെ പ്രസിദ്ധമായ ഭക്തിഗാനങ്ങളില്‍ ചിലതാണ്. ചെമ്പൈ, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍, കീഴ്പടം കുമാരന്‍ നായര്‍, കുടമാളൂര്‍ കരുണാകരന്‍ നായര്‍, ചമ്പക്കുളം പാച്ചുപിള്ള എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്ററികളും ചൊവ്വല്ലൂര്‍ ചെയ്തു.
ഒട്ടേറെ സിനിമകള്‍ക്ക് പാട്ടുകളെഴുതുകയും 'സര്‍ഗം' പോലുള്ള ചലച്ചിത്രത്തിനു സംഭാഷണമെഴുതുകയും ചെയ്തു. ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു, ചൊവ്വല്ലൂര്‍. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പിന്നീട് സി.പി.ഐയുടേയും പത്രമായി മാറിയ നവജീവനില്‍നിന്നാണ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, മലയാള മനോരമ കോഴിക്കോട് യൂണിറ്റ് തുടങ്ങുമ്പോള്‍ അവരുടെ ഡെസ്‌കിലെത്തുന്നത്. ഇടതുപക്ഷ പത്രപ്രവര്‍ത്തനരംഗത്ത് അക്കാലത്തെ വിഖ്യാതരായ ടി.കെ.ജി. നായര്‍, കെ.ജി. നെടുങ്ങാടി തുടങ്ങിയവര്‍ക്കൊപ്പമാണ് ചൊവ്വല്ലൂര്‍ കോഴിക്കോട് മനോരമയിലെത്തിയത്. അസിസ്റ്റന്റ് എഡിറ്ററായി അവിടെനിന്ന് പിരിയുംവരെ, സാഹിത്യ പത്രപ്രവര്‍ത്തനത്തിന് അദ്ദേഹം അനര്‍ഘ സംഭാവനകളാണ് നല്‍കിയത്. 'ഓര്‍മ്മകളുടെ ഉതിര്‍മണികള്‍' എന്ന പുസ്തകത്തില്‍ ആത്മകഥാപരമായ നിരവധി അനുഭവങ്ങളുണ്ട്. ചൊവ്വല്ലൂര്‍ പരിശീലിപ്പിച്ച ഒട്ടേറെ ജേണലിസം വിദ്യാര്‍ത്ഥികള്‍ പിന്നീട് മികച്ച മാധ്യമ പ്രവര്‍ത്തകരായി മാറി.
നല്ല പത്രപ്രവര്‍ത്തകനു നല്ല എഴുത്തുകാരനാകാന്‍ കഴിയണമെന്നില്ല. നല്ല എഴുത്തുകാരനു പക്ഷേ, നല്ല പത്രപ്രവര്‍ത്തകനാകാന്‍ കഴിയും. രണ്ടാമത് പറഞ്ഞതു ശരിയാണെന്നു തെളിയിച്ച പ്രഗല്‍ഭനായ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു, ചൊവ്വല്ലൂര്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates