Opinion

'സ്വന്തം ആഭരണങ്ങളിലുള്ള അവകാശം പോലും സ്ത്രീക്കു നിഷേധിക്കപ്പെടുന്നു'

പി രാംദാസ്

വിവാഹ മോചന കേസുകളില്‍ ഏറ്റവും തര്‍ക്കം നടക്കുന്നത്, വിവാഹ വേളയില്‍ വധുവിനു വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണത്തെ സംബന്ധിച്ചായിരിക്കും. ഇത്ര കൊടുത്തെന്ന് പെണ്‍വീട്ടുകാരും അത്ര കിട്ടിയില്ലെന്ന് പയ്യന്റെ വീട്ടുകാരും. ഇത്തരത്തില്‍ കോടതിയുടെ മുന്നിലെത്തിയ ഒരു കേസിനെയും അതില്‍ വന്ന ചില നിരീക്ഷണങ്ങളുമാണ് ഇത്തവണ.

വിവാഹ പ്രായമെത്തിയ പെണ്മക്കള്‍ വീട്ടിലുണ്ടാകുമ്പോള്‍ അച്ഛനമ്മമാര്‍ക്കുണ്ടാകുന്ന ആധി ചെറുതല്ല. മകളെ നല്ല രീതിയില്‍ കെട്ടിച്ചയക്കണം. നാട്ടു നടപ്പ് അനുസരിച്ച് സ്വര്‍ണം നല്‍കണം. കഴുത്തിലും കയ്യിലും നിറയെ സ്വര്‍ണം വേണം. കതിര്‍മണ്ഡപത്തില്‍ നില്‍ക്കുമ്പോള്‍ സ്വര്‍ണത്തിന്റെ തിളക്കത്തില്‍ അവള്‍ക്കു കൂടുതല്‍ ശോഭ വരണം. ഇതൊക്കെ ആഗ്രഹിച്ചാണ് അച്ഛനമ്മമാര്‍ ജീവിതത്തില്‍ സ്വരൂക്കൂട്ടി വെച്ച പണം മുഴുവന്‍ ചെലവാക്കി സ്വര്‍ണം വാങ്ങി മകള്‍ക്ക് നല്‍കുന്നത്. അവള്‍ക്കു നല്കുന്നതെല്ലാം അവള്‍ക്കു തന്നെയല്ലേ എന്ന് അച്ഛനമ്മമാര്‍ കരുതും. എന്നാല്‍ കാലം മാറി. ഭര്‍ത്താവും അമ്മായി അമ്മയും പെണ്ണിന്റെ സ്വര്‍ണത്തില്‍ കണ്ണ് വെച്ച് കാണും. അവള്‍ വലതു കാല്‍ വെച്ച് ഭര്‍തൃവീട്ടില്‍ കയറിയാല്‍ ഉടന്‍ സ്വര്‍ണം ഭദ്രമായി സൂക്ഷിക്കുന്നതിനെ കുറിച്ചായിരിക്കും അടക്കം പറച്ചില്‍. അങ്ങനെ അത് ഭര്‍ത്താവിന്റെ കയ്യിലോ അല്ലെങ്കില്‍ അമ്മായി അമ്മയുടെ കയ്യിലോ സൂക്ഷിക്കാന്‍ നല്‍കും. ഇനിയാണ് കളിമാറുന്നത്. പലപ്പോഴും വിവാഹങ്ങളില്‍ സ്വരച്ചേര്‍ച്ച ഇല്ലാതെ വരും, ഒന്നും രണ്ടും പറഞ്ഞു ദമ്പതികള്‍ വാഴക്കാവും. പിന്നെ ഭാര്യ അവളുടെ വീട്ടിലേക്കു പോകും. സ്വര്‍ണത്തിന്റെ കാര്യം അപ്പോഴൊന്നും ഓര്‍ക്കില്ല. അവസാനം വിവാഹ മോചനത്തിന് അടുത്തെത്തുമ്പോള്‍ ആയിരിക്കും സ്വര്‍ണത്തിന്റെ കണക്കു പെണ്ണ് വീട്ടുകാര്‍ ആലോചിക്കുന്നത്. അപ്പോഴേക്കും ഭര്‍തൃവീട്ടുകാര്‍ ആ സ്വര്‍ണം വിറ്റു കാശാക്കി കാണും. പിന്നെ സ്വര്‍ണത്തിനായി അടി, പിടി, വഴക്ക്... അങ്ങനെ നീളും. പൊലീസ് കേസ്, പിന്നെ കുടുംബ കോടതി അങ്ങനെ കയറി ഇറങ്ങും പെണ്ണും വീട്ടുകാരും. എന്നാല്‍ മിക്കവാറും കുടുംബ കോടതികള്‍ സ്വര്‍ണം നല്‍കിയതിന്റെ മതിയായ തെളിവോ രേഖകളോ ഇല്ലെന്ന പേരില്‍ പെണ്‍കുട്ടിയുടെ അപേക്ഷ നിരസിക്കും. അവര്‍ക്ക് ആശ്വാസമായി ഇതാ ഒരു ഹൈക്കോടതി വിധി.

വിവാഹവേളയില്‍ വധുവിനു കിട്ടുന്ന സ്വര്‍ണവും പണവും 'സ്ത്രീക്കുള്ള ധനം' ആണെന്നും അതു വധുവിന്റെ മാത്രം സ്വത്താണെന്നും വ്യക്തമാക്കിയിരിക്കുകയാണ്, കേരള ഹൈക്കോടതി. വധുവിനു ലഭിച്ച സാധനങ്ങള്‍ക്കു ലിസ്‌റ്റോ രേഖയോ ഇല്ലാത്തതിനാല്‍ നീതി നിഷേധിക്കപ്പെടുന്നുണ്ടെന്നും, ഗാര്‍ഹികപീഡന, സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തില്‍ ഉടമസ്ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി കുടുംബ കോടതികള്‍ നീതി നടപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

എന്താണ് കേസ്?

36 കാരിയായ കളമശ്ശേരി സ്വദേശിനിയാണ് സ്വര്‍ണം മുഴുവന്‍ ഭര്‍തൃവീട്ടുകാര്‍ കൈക്കലാക്കി എന്ന പരാതിയുമായി കോടതിയിലെത്തിയത്. 2010ല്‍ കല്യാണ സമയത്ത് വീട്ടുകാര്‍ തനിക്ക് 63 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ കഴുത്തില്‍ രണ്ടു പവന്റെ മാല അണിയിച്ചിരുന്നെന്നും ബന്ധുക്കള്‍ സമ്മാനമായി ആറു പവന്‍ സ്വര്‍ണം നല്‍കിയെന്നും യുവതി വാദിച്ചു. വിവാഹം കഴിഞ്ഞു മൂന്നാം നാള്‍ താലിമാലയും ഒരു വളയും രണ്ടു മോതിരവും ഒഴിച്ചുള്ളവ സൂക്ഷിക്കാനെന്നു പറഞ്ഞ് ഭര്‍തൃ മാതാപിതാക്കളുടെ മുറിയിലെ അലമാരയിലേക്കു മാറ്റി. പിന്നീട്, സ്ത്രീധന കണക്കില്‍ അഞ്ചു ലക്ഷം രൂപ കൂടി ലഭിക്കാനുണ്ടെന്ന പേരില്‍ വഴക്കും വാക്കണവുമായി. അവസാനം ബന്ധം വേര്‍പിരിയുന്നതിലേക്കു കാര്യങ്ങള്‍ എത്തി. 65.5 പവന്‍ സ്വര്‍ണം തനിക്കു ലഭിക്കണമെന്നാണ് യുവതിയുടെ ആവശ്യം. 65.5 പവനില്‍ 59.5 പവന്‍ മാതാപിതാക്കള്‍ നല്‍കിയ സ്വര്‍ണ്ണാഭരണങ്ങളാണെന്നും ആറ് പവന്‍ വിവാഹസമയത്ത് ബന്ധുക്കള്‍ സമ്മാനിച്ചതാണെന്നും ചൂണ്ടിക്കാണിച്ചു.

യുവതിയുടെ അച്ഛന്റെ വാദവും കോടതി പരിഗണിച്ചു.

വിവാഹസമയത്ത്, അദ്ദേഹം മകള്‍ക്ക് 63 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കിയിരുന്നു, കൂടാതെ രണ്ട് പവന്‍ ഭാരമുള്ള ഒരു സ്വര്‍ണ്ണമാല മകളുടെ ഭര്‍ത്താവിന് നല്‍കി. ബന്ധുക്കള്‍, 6 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനമായി പെണ്‍കുട്ടിക്ക് നല്‍കിയിരുന്നു. തന്റെയും ഭാര്യയുടെയും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണ് എറണാകുളത്തെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയതെന്നും അദ്ദേഹം അറിയിച്ചു.

ബന്ധം വേര്‍പിരിഞ്ഞതിനെത്തുടര്‍ന്നു സ്വര്‍ണവും വീട്ടു സാമഗ്രികളും തിരികെ ആവശ്യപ്പെട്ടെങ്കിലും എറണാകുളം കുടുംബ കോടതി യുവതിയുടെ അപേക്ഷ നിരസിച്ചു. തുടര്‍ന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്.

കോടതിയുടെ നിലപാട്:

ലഭ്യമായ തെളിവുകളും മൊഴികളും കണക്കിലെടുത്ത്, യുവതിക്ക് 59.5 പവന്‍ സ്വര്‍ണമോ ഇതിന്റെ വിപണി വിലയോ നല്‍കാന്‍ കോടതി ഭര്‍ത്താവിനോടു നിര്‍ദേശിച്ചു. വിവാഹവേളയില്‍ സ്വര്‍ണവും പണവും സ്വകാര്യമായും അനൗദ്യോഗികമായും കൈമാറുന്നതുമൂലം രേഖയുണ്ടാകാറില്ലെന്നും, ഈ സാഹചര്യം മുതലാക്കി ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും അതു കൈക്കലാക്കുന്ന പല കേസുകളുമുണ്ടെന്നും കോടതി പറഞ്ഞു. സുരക്ഷയെക്കരുതി സ്വര്‍ണവും പണവും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സൂക്ഷിക്കുന്ന രീതിയുണ്ട്. ഇതോടെ, സ്വന്തം ആഭരണങ്ങളിലുള്ള അവകാശം പോലും സ്ത്രീക്കു നിഷേധിക്കപ്പെടുന്നു. നിലവിലെ സാമൂഹിക, കുടുംബ സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു തെളിവു ഹാജരാ ക്കാന്‍ കഴിയാറില്ല. അതിനാല്‍ ക്രിമിനല്‍ കേസിലെന്ന പോലെ കര്‍ശനമായ തെളിവ് ആവശ്യപ്പെടരുത്. നീതി എന്നതു കര്‍ശന നടപടിക്രമങ്ങള്‍ക്ക് അപ്പുറം സത്യത്തെയും അതിന്റെ യഥാര്‍ത്ഥ പശ്ചാത്തലത്തെയും മനസ്സിലാക്കി അംഗീകരിക്കുന്നതാണെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എംബി സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഓര്‍മിപ്പിച്ചു.

മകളെ വിവാഹം കഴിപ്പിച്ച് അയക്കുന്ന രക്ഷിതാക്കള്‍ ഓര്‍ക്കുക

മകള്‍ക്കു സമ്മാനമായി നല്‍കുന്ന സ്വര്‍ണത്തിന്റെയും മറ്റും രേഖ (Documentation) തയ്യാറാക്കി വെക്കണം. ഇതില്‍ വരന്റെയും വധുവിന്റെയും കുടുംബത്തിലെ പ്രതിനിധികളായി രണ്ടു പേര്‍ വീതം സാക്ഷികളായി ഒപ്പിടണം. കൂടാതെ സ്വര്‍ണം വാങ്ങിയതിന്റെയും മറ്റു സമ്മാനങ്ങളുടെയും ബില്ലുകള്‍ സൂക്ഷിച്ചു വെക്കണം. പുതിയ കാലഘട്ടത്തില്‍ തെളിവുകളും രേഖകളും അനിവാര്യമാണ്. അതുണ്ടെങ്കില്‍ ദുഃഖിക്കേണ്ടി വരില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT