സഫീദ് ഇസ്മായില്‍ എഴുതിയ കവിത Malayalam Poem AI Image
Pen Drive

കാടും കടലും - സഫീദ് ഇസ്മായില്‍ എഴുതിയ കവിത

Author : സഫീദ് ഇസ്മയിൽ

​കാട് എന്നെ ഭ്രമിപ്പിക്കാറില്ല,

പ്രിയപ്പെട്ടൊരാളെമാതിരി 

കടലെന്നെ സന്തോഷിപ്പിക്കുംപോലെ.

​കാടിൻ്റെ ആ നെഞ്ചുവിരിച്ചുള്ള നിൽപ്

പച്ചയുടെ ഭീകര മൗനം

ഇറങ്ങിച്ചെല്ലുന്തോറും

 പാമ്പിൻ്റെ ഉടലുപോലെ ചുറ്റിവരിഞ്ഞ്,

ഭൂമിയെ തടവിലാക്കുന്ന

അതിസങ്കീർണ്ണമായ വേരുകൾ.

എപ്പോഴും ആക്രമിക്കാൻ

ഒരുങ്ങി നിൽക്കുന്ന ഏകാന്തത

ഇരുട്ടിൻ്റെ ഭ്രാന്തൻ പേച്ചുകൾ

ഇടയ്ക്കിടയ്ക്ക് 

ഇലച്ചാർത്തുകൾക്കിടയിലൂടെ വെളിച്ചത്തിൻ്റെ അമ്പെയ്ത്ത്,

ഒരു ദുഃസ്വപ്‌നം പോലെ മിന്നിമറയുന്നു.

ഭയം പൂത്ത മുളങ്കാടുകൾ

കാടുകയറുന്നു എൻ്റെ പേക്കിനാവുകൾ.

ആഴങ്ങളിൽ രഹസ്യം ഒളിപ്പിച്ച

കടലെന്നെ സന്തോഷിപ്പിക്കുന്നു.

തിരകൾ, 

സ്നേഹമുള്ള കൈകൾ പോലെ

എൻ്റെ കാലുകളെ തലോടുന്നു.

ഓരോ തിരയും

പുതിയൊരുണർവ്വിൻ്റെ സംഗീതം.

ഇന്നലെ, 

ഉച്ചമയക്കത്തിനിടയിൽ,

മീൻ കുഞ്ഞുങ്ങളെപ്പോലെ 

വെളുത്ത ചിറകുകളിളക്കി 

കടൽ,

എൻ്റരുകിലേക്ക് നീന്തി വന്നു.

തിരകൾ പിൻവാങ്ങിയപ്പോൾ

മണ്ണിൽ പുതഞ്ഞുകിടക്കുന്നു,

രണ്ട് ചെറുമീനുകൾ

വിണ്ണിൽ നിന്നും ഊർന്നു വീണ

രണ്ട് വെള്ളിനക്ഷത്രങ്ങളെപ്പോലെ.

​അവർ, ആഴങ്ങളുടെ സന്തോഷം

എൻ്റെ ഉള്ളം കൈയ്യിലേക്ക് പകരുന്നു.

കടൽ, 

അനന്തമായ ഒഴുക്കിൻ്റെ 

സ്വാതന്ത്ര്യമാണ്

കാട്,

തീവ്രഭാവനകളുടെ

ആത്മഭീതിയും.

അതുകൊണ്ടുതന്നെയാണ്

ആർത്തലയ്ക്കുന്ന തിരകളെ

ഞാൻ എന്നിലേക്ക് ചേർത്തുപിടിക്കുന്നത്.

Malayalam Poem written by Safeed Ismail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

'സീറോ ടിക്കറ്റ്' കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം

SCROLL FOR NEXT