ഉണ്ണി പരുതുർ എഴുതിയ കവിത malayalam poem AI Image
Pen Drive

ചരിത്രം തിരുത്തണം - ഉണ്ണി പരുതുർ എഴുതിയ കവിത

ഉണ്ണി പരുതുർ

കുറച്ചു മാറ്റങ്ങൾ വരച്ചു ചേർക്കണം,

പുത്തൻ പൊരുളുകൾ ചമച്ചു വെക്കണം.

പുക നിറഞ്ഞിടു, മടുപ്പിൽ വെണ്ണീറ്

മറച്ചു കനല് നിരത്തി വെക്കണം,

കറുത്ത വീതനച്ചുവരിൽ ചിത്രങ്ങൾ

പുതിയതായ് ചിലതു കോറി വെക്കണം.

തളത്തി,ലൂൺമേശപ്പുറം ചിതറിയ

ചെറുമീൻമുള്ളിൻ്റെ രുചിരസങ്ങളെ

തുടച്ചു മാറ്റിയെൻ, ഡവറക്കുള്ളിലായ്

കുറച്ചു സംസ്കാരം നിറച്ചു വെക്കണം,

ജുഗുപ്സ,മെച്ചിലിൻ കറ മറയ്ക്കുവാൻ,

ദുര നുരയ്ക്കു,മേമ്പക്ക,മൊളിക്കുവാൻ

പളുങ്കുപാത്രത്തിൻ തിളക്കവും കാട്ടി

തുളുമ്പു,മാഢ്യത്വം വിളമ്പി വെക്കണം.

മറന്നു കയ്യാലപ്പുറകിൽ തള്ളിയ

മരമെതിയടി മുറിച്ചു, കാലിൻ്റെ

വലിപ്പമൊപ്പിച്ചു മിനുക്കി വെക്കണം,

നടന്നു തീർക്കാത്ത സമരദൂരങ്ങൾ

താണ്ടി വന്നതായ് പൊലിമ കാട്ടുവാൻ

കൊഴുപ്പ് മുറ്റുന്ന മൃദുല പാദത്തിൽ

നിറയെ, വിള്ളലിൻ വ്രണിത രേഖകൾ

മടമ്പെരിയുമാ,റുരച്ചു ചേർക്കണം.

അതിരു കാണാതെ പരന്ന പാടത്ത്

വിശപ്പു വിതച്ചു, വിളഞ്ഞ മേനികൾ

വെറുപ്പ് മൂർപ്പിച്ച കറുത്ത കല്ലിനാൽ

അതിര് ഭാഗിച്ചു തിരിച്ച് കാട്ടണം,

പുതിയ കാലത്തിൻ വരമ്പുകൾ നാട്ടി

പഴയ മേനികൾ അളന്നു കാട്ടണം.

ഇരുളകങ്ങളിൽ ഫണം വിടർത്തിടും

മൃഗയ കാമത്താൽ പൊഴിഞ്ഞ രേതസ്സിൽ

കുരുത്ത ജന്മങ്ങൾ പുലർത്തി വന്നതാം,

മുഖമറിയാത്ത പരമ്പരകളെ

പുതുതലമുറ,ക്കെടുത്തു പാടിടാൻ

മികച്ച ഗാഥയാൽ പൊലിച്ചു കാട്ടണം.

പകലിരവുകൾ കഴുകിയെങ്കിലും

മറഞ്ഞു പോകാതെ കരങ്ങൾ നീറ്റുന്ന,

ഗുരുവരനുടെ നിണത്തിൽ മുങ്ങിയ

കറ, മറയ്ക്കുവാൻ പുതിയ ഭാഷ്യങ്ങൾ

കുന്തിരിക്കത്തിൻ്റെ പുകയിൽ കൈ മുക്കി

പുതു മണത്തിനാൽ രചിച്ചെടുക്കണം.

കുറച്ചു മാറ്റങ്ങൾ വരച്ചു ചേർക്കണം,

പുത്തൻ പൊരുളുകൾ ചമച്ചു വെക്കണം.

വഴി തിരുത്തണം, കുരുന്നു കാലുകൾ

നടക്കുവാൻ ശ്രമം തുടങ്ങിടും മുൻപേ...

മുളയിലേ വള,മറിഞ്ഞു പാറ്റിയാൽ

കളത്തിനൊത്ത പോൽ കതിരു കൊയ്തിടാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

SCROLL FOR NEXT