കുളം കര... വിനായക് നിര്‍മ്മല്‍ എഴുതിയ കഥ short story  AI Image
Pen Drive

'ആണുങ്ങള്‍ടെ കുളിസീന്‍ കാണാന്‍ വന്നുനില്ക്കുന്നതാ, സതീഷന്‍'

വിനായക് നിര്‍മ്മല്‍

കുന്നിന്‍മുകളില്‍ നിന്നാല്‍ താഴ്‌വാരം മുഴുവന്‍ കാണാമായിരുന്നു. അവിചാരിതമായി പൊട്ടിമുളച്ചതുപോലെയോ അസ്ഥാനത്ത് നിലയുറപ്പിച്ചതുപോലെയോ ഇലകള്‍ പൊഴിഞ്ഞ് ഒറ്റപ്പെട്ടുനില്ക്കുന്ന രണ്ടു മരങ്ങള്‍ അവിടെയുണ്ടായിരുന്നു. അതിലൊന്ന് ചില്ലകള്‍ താഴ്ത്തി മറ്റൊന്നിലേക്ക് ചേര്‍ന്നാണ് നിന്നിരുന്നതും. ആ മരങ്ങള്‍ തങ്ങള്‍ത്തന്നെയാണെന്ന് അയാള്‍ക്ക് പെട്ടെന്ന് തോന്നി.

'ഞാന്‍ കരുതിയത് നീ വരില്ലെന്നാണ്. നീ അങ്ങനെയാണല്ലോ പറഞ്ഞതും'. സനല്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ.

എല്ലാ മനുഷ്യരുടെയും ജീവിതം മാറിമറിയുന്നത് ഏതെങ്കിലും ഒരു പ്രത്യേകബിന്ദുവില്‍ വച്ചായിരിക്കും. പ്രത്യേക ദിവസത്തിലോ പ്രത്യേക സന്ദര്‍ഭത്തിലോ ആയിരിക്കും. നെടുകെയും കുറുകെയും ഛേദിച്ചുകളയുന്നതുപോലെയായിരിക്കും ആ സംഭവങ്ങള്‍. അങ്ങനെയൊരു ദിവസമാണ് തങ്കശ്ശേരിയില്‍ സനലിന്റെ ജീവിതവും മാറിമറിഞ്ഞത്. അതുവരെ നാട്ടില്‍ അത്യാവശ്യം പൊതുപ്രവര്‍ത്തനവും പള്ളിക്കാര്യങ്ങളും നിര്‍വഹിച്ചു, പേരുള്ള ഒരു കുടുംബനാഥനായി ജീവിച്ചുവരവെ ഒരു സന്ധ്യയിലാണ് അയാളുടെ ജീവിതത്തിലേക്ക് ഭൂതകാലത്തില്‍ നിന്ന് ഒരാള്‍ കടന്നുവന്നത്. കഴുകിവെടിപ്പാക്കിയ പ്രതലത്തിലേക്ക് അഴുക്കുപുരണ്ട കാലടികളോടെ ഒരാള്‍ നടന്നുവരുന്നതുപോലെയായിരുന്നു അത്. അപ്പോള്‍ അയാള്‍ 'ഭൂലോക പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ' എന്ന് ഭാര്യ നീട്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ വലതുകൈയിലെ നാലുവിരലുകള്‍ മടക്കി നെഞ്ചത്ത് തൊട്ട് 'ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ ' എന്ന് ഈണത്തില്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. അതൊരു വിലാപമോ ആത്മസങ്കടമോ ആയിരുന്നു. കടന്നുപോയ അരനൂറ്റാണ്ടിലെ പാപങ്ങളില്‍ നിന്ന് മോചനം കിട്ടാന്‍ വേണ്ടിയുള്ള തീവ്രമായ ആഗ്രഹം ഒരു നെടുവീര്‍പ്പുപോലെ അതില്‍ കലര്‍ന്നിട്ടുണ്ടായിരുന്നു.

അപ്പന്‍ പത്തിരുപതു വര്‍ഷം മാറ്റമില്ലാതെ പള്ളിയിലെ ദര്‍ശനപ്പട്ടക്കാരനായിരുന്നു. വെള്ളയും ചുമപ്പുമുള്ള കുപ്പായവും തലയില്‍ മുടിയും കൈയില്‍ മെഴുകുതിരിയും പിടിച്ച് ദര്‍ശനപ്പട്ടസമൂഹത്തില്‍ ഏറ്റവും മുമ്പന്തിയില്‍ നില്ക്കുന്ന അപ്പനെ കണ്ടുവളര്‍ന്നതായിരുന്നു ബാല്യം. മിഖായേല്‍വല്യച്ചന്‍ എന്ന് വിശ്വാസികള്‍ എല്ലാവരും വിളിക്കുന്ന മിഖായേല്‍ മാലാഖയ്ക്ക് ഏറെ ഇഷ്ടമുള്ളതുകൊണ്ടാണ് ഓരോ തവണയും ദര്‍ശനപ്പട്ടക്കാരനായി അപ്പന് നറുക്ക് വീഴുന്നതെന്ന് അന്ന് ഇടവകക്കാരുടെയിടയില്‍ വര്‍ത്തമാനമുണ്ടായിരുന്നു. അല്ലെങ്കിലെങ്ങനെയാണ് ഇടവകപ്പള്ളിയില്‍ ഏറ്റവും സ്വാധീനവും പാരമ്പര്യവുമുള്ള കവിഞ്ഞാലില്‍ക്കാരും കുന്നേല്‍ക്കാരും തടത്തില്‍പ്പറമ്പില്‍ക്കാരുമെല്ലാം ഉണ്ടായിട്ടും അത്രയ്‌ക്കൊന്നും കട്ടയ്ക്ക് പിടിച്ചുനില്ക്കാന്‍ കരുത്തില്ലാത്ത അപ്പന് നറുക്കുവീഴുന്നത്?

ചെറുപ്പംമുതല്‌ക്കേ മിഖായേല്‍ വല്യച്ചനോടുള്ള ഭക്തിയും വിശ്വാസവും കുടുംബത്തിലുണ്ടായിരുന്നു. പാപപുണ്യങ്ങള്‍ തൂക്കിനോക്കുന്ന സ്വര്‍ണത്രാസ് ഒരു കൈയിലും സാത്താനെയും അവന്റെ എല്ലാ കുതന്ത്രങ്ങളെയും എതിര്‍ത്തുതോല്പിക്കുന്ന നെടുംനീളത്തിലുള്ള കുന്തം മറുകൈയിലും പിടിച്ചു സ്വര്‍ണത്തേരില്‍ പറന്നിറങ്ങിവന്ന മിഖായേല്‍ മാലാഖയെ ഭയത്തോടുകൂടിയാണ് കണ്ടുവളര്‍ന്നതും. ചെറുപ്രായം മുതല്‍ വേദപാഠക്ലാസും പള്ളിയും പ്രാര്‍ത്ഥനയുമൊക്കെയായി വളര്‍ന്നുവന്നിട്ടും ഭൂലോകപാപങ്ങള്‍ മുഴുവന്‍ ഒരാള്‍ ഒറ്റയ്ക്ക് ഏറ്റെടുക്കുന്നതും അതുവഴി എല്ലാവര്‍ക്കും പാപപ്പൊറുതികിട്ടുന്നതും അയാള്‍ക്കൊരിക്കലും മനസിലായിരുന്നില്ല. ഒരാള്‍ക്ക് വേറൊരാളോട് ക്ഷമിക്കാം, ക്ഷമിച്ചുകൊടുക്കുകയും ചെയ്യാം. പക്ഷേ അയാളുടെ പാപങ്ങള്‍ മുഴുവന്‍ ഏറ്റെടുത്ത് അയാളെ എങ്ങനെ വേറൊരാള്‍ക്ക് രക്ഷിക്കാന്‍കഴിയും? കൂട്ടിയിട്ടും ഗുണിച്ചിട്ടും ഹരിച്ചിട്ടും ശരിയായ ഉത്തരം കിട്ടാതെ പോയ കണക്കായിരുന്നു.

ജോലികിട്ടി സൗദിക്കുപോയതില്‍ പിന്നെയാണ് അതുവരെയുണ്ടായിരുന്ന മതപരമായ എല്ലാ വിശ്വാസങ്ങളില്‍ നിന്നും മോചനം പ്രാപിച്ചത്. ഞായറാഴ്ചക്കടം എന്ന കടം ഒഴിവായിക്കിട്ടി, ആണ്ടുവട്ടത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്ന നിയമം മറന്നു. വെളളിയാഴ്ചകളിലെ മാംസവര്‍ജനം ഇല്ലാതെയായി. സ്‌തോത്രക്കാഴ്ചയും ദശാംശവും കൊടുക്കാതെയായി. മതപരമായ കെട്ടുപാടുകളില്‍നിന്നെല്ലാം മോചനം കിട്ടിയപ്പോഴാണ് സ്വന്തം ഇഷ്ടംപോലെ ജീവിക്കുന്നതിന്റെ സുഖവും സന്തോഷവും അറിഞ്ഞത്. ഇത്രയും നാളും കെട്ടിപ്പൂട്ടിവച്ചിരുന്നതൊക്കെ തുറന്നുവിട്ടപ്പോള്‍ ഒരു ഏമ്പക്കം നല്കുന്ന സുഖം.

കല്യാണം കഴിഞ്ഞതോടെ കാര്യങ്ങള്‍ വീണ്ടും തലകീഴായി.. അയാളുടെ അപ്പനെയും അമ്മയെയും അതിശയിപ്പിക്കുന്ന വിധത്തിലുള്ള ഭക്തികുടുംബത്തില്‍ നിന്നായിരുന്നു ഭാര്യയുടെ വരവ്. അവളുടെ വകയില്‍ മിഷനില്‍ പ്രവര്‍ത്തിക്കുന്ന ഒരു മെത്രാന്‍പോലുമുണ്ട്.

'നിങ്ങളിങ്ങനെ പള്ളീം പട്ടക്കാരനുമില്ലാതെ നടക്കുന്ന ആളാണെന്ന് അറിഞ്ഞാല്‍ ജോസ്പാപ്പന്‍ എന്തുവിചാരിക്കും'് അവള്‍ മെത്രാനെ ഓര്‍ത്തു ആകുലപ്പെട്ടുകൊണ്ടിരുന്നു.

' അപ്പനെ കണ്ടാ മക്കള് വളരുന്നെ.. നിങ്ങളിങ്ങനെ നടന്നാ മക്കള് നിങ്ങളെപോലെയാകും. കുരിശിനും കുരിശുവരയ്ക്കും യാതൊരു മുടക്കോം ഇല്ലാത്ത ഒരു ദേശത്ത് ജീവിക്കാന്‍ പറ്റിയാല്‍ മതിയായിരുന്നു എന്റെ കര്‍ത്താവേ. അങ്ങനെയെങ്കില്‍ എന്റെ മക്കളെയെങ്കിലും എനിക്ക് ദൈവവിചാരത്തോടെ വളര്‍ത്താമായിരുന്നു' അതായിരുന്നു അവളുടെ എന്നത്തെയും പ്രാര്‍ത്ഥന. അതെന്തായാലും കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തിരികെ നാട്ടിലേക്ക്് പോരേണ്ടിവന്നു. കുറെ വര്‍ഷങ്ങളായി സമ്പാദിച്ച തുക നാട്ടിലെ ബാങ്കിലുണ്ടായിരുന്നതുകൊണ്ട് ഹൗസിങ് ലോണ്‍ എടുക്കാതെ വീടുപണിതു. ജോലിയുടെ സ്വഭാവം മാറിമറിഞ്ഞു വര്‍ക്ക് ഫ്രം ഹോം ആയതുകൊണ്ട് കഞ്ഞികുടി മുട്ടിയതുമില്ല.

മക്കളെ നാട്ടിലെ സ്‌കൂളില്‍ ചേര്‍ത്തു. അപ്പോഴേയ്ക്കും കൊറോണ രണ്ടാം തവണയും പോയി കെട്ടടങ്ങിത്തീര്‍ന്നിരുന്നു. ഇനി ഉണ്ടെങ്കില്‍തന്നെ ആരും അതേക്കുറിച്ച് തീ തിന്നാതെയുമായി. നേഴ്‌സുമാരുടെ കുത്തൊഴുക്ക് ഉണ്ടായപ്പോള്‍ വല്ല ഒഇടിയോ ഐഇഎല്‍റ്റിഎസോ പഠിച്ച് വിദേശത്തുപോയി നാലു യൂറോയോ പൗണ്ടോ സമ്പാദിക്കെടീ എന്ന് ഭാര്യയോട് പറഞ്ഞെങ്കിലും അവളതിന് സമ്മതിച്ചില്ല.

'ഞാന്‍ പോയിട്ടുവേണം അപ്പനും മക്കള്‍ക്കും തേരാപ്പാര നടക്കാന്‍. അങ്ങനെയങ്ങ് സുഖിക്കണ്ടാ' എന്ന് തീര്‍ത്തുപറഞ്ഞ് കന്യാസ്ത്രീമാര്‍ നടത്തുന്ന ഒരു ചെറുകിട ഹോസ്പിറ്റലില്‍ ജോലിക്ക് ചേര്‍ന്ന് അവള്‍ പ്രഫഷനെയും പണസമ്പാദനത്തെക്കാളും വലുത് കുടുംബമാണെന്ന് സ്ഥാപിച്ചു. അതിനിടയ്ക്ക് പുതുതായി വന്ന വികാരിയച്ചന്‍ പണ്ടു മുതല്‌ക്കേ ഉണ്ടായിരുന്ന സുഹൃത്തായിരുന്നതുകൊണ്ട് നിര്‍ബന്ധിച്ച് സണ്‍ഡേ സ്‌കൂളിലെ അധ്യാപകനും വിന്‍സെന്റ് ഡി പോള്‍, പിതൃവേദി തുടങ്ങിയ സംഘടനകളിലെ അംഗവുമാക്കിയപ്പോള്‍ ആദ്യമായി പ്രായം കൂടിപ്പോയതില്‍ അയാള്‍ സന്തോഷിച്ചത് കെസിവൈഎമ്മില്‍ അംഗമാക്കാന്‍ കഴിയില്ലല്ലോയെന്നോര്‍ത്തായിരുന്നു.

ഭാര്യയായിരുന്നു അയാളുടെ പുതിയ പദവികളിലെല്ലാം ഏറ്റവും അധികം സന്തോഷിച്ചത്. നാട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഇങ്ങനെയൊക്കെ ജീവിതം മാറിമറിയുമെന്ന് അയാളൊരിക്കലും കരുതിയിരുന്നില്ല. പന്തുകളിച്ചും പെരുന്നാളുകൂടിയും വീട്ടുകാരറിയാതെ സിഗരറ്റ് വലിച്ചും വല്ലപ്പോഴും മദ്യപിച്ചും കൂടെയുണ്ടായിരുന്ന വേലത്തുശ്ശേരിയിലെ തോമസും കുന്നേലെ സുനീഷും മരിച്ചുപോയ ദിവാകരന്റെ മകന്‍ ദിനേശനും അപ്പോഴേയ്ക്കും ജീവിതം മാറ്റിച്ചവിട്ടി നാടുവിട്ടുപോയിരുന്നു. ഒരുവന്‍ കടിയങ്ങാട് വില്ലേജാഫീസറും വേറൊരുവന്‍ യുഡി ക്ലര്‍ക്കും. മൂന്നാമതൊരുവന്‍ സ്പൗസ് വിസയുടെ പരിരക്ഷയില്‍ യുകെയിലെത്തി അവിടെ കെയര്‍ ഹോമ്മില്‍ ജോലി ചെയ്യുന്നു. നാട്ടില്‍ നില്ക്കാന്‍ ഇഷ്ടമില്ലാതെ, ആദ്യമായി വിദേശത്തുപോയ അയാള്‍ മാത്രം തിരികെ വന്ന് നാട്ടില്‍ ജീവിതം പുതുതായി ആരംഭിച്ചപ്പോള്‍ നാട്ടില്‍തന്നെ നില്ക്കാനും ജീവിക്കാനും ആഗ്രഹിച്ച കൂട്ടുകാരൊക്കെ നാടുവിട്ട് ജീവിതം കളിക്കുന്നവരായി മാറിക്കഴിഞ്ഞു.

ജനിച്ചുവളര്‍ന്ന നാടാണെന്ന് പറഞ്ഞിട്ടുകാര്യമില്ല. കുറെ വര്‍ഷത്തെ ഗ്യാപ്പിന് ശേഷം തിരികെ വരുമ്പോള്‍ സ്വന്തം നാടായിരിക്കും ഏറ്റവും അപരിചിതം. കൂടെയുണ്ടായിരുന്നവര്‍ ഇല്ലാതായിരിക്കുകയും ഒരിക്കല്‍പോലും അതിനുമുമ്പ് കണ്ടിട്ടില്ലാത്തവര്‍ അയല്‍ക്കാരായി മാറുകയും ചെയ്യം. മേല്പ്പറഞ്ഞ വിധത്തില്‍ ജീവിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ അയാള്‍ക്ക് മാത്രമറിയാവുന്നവിധത്തിലുള്ള ഒരു ആന്തരികമനുഷ്യന്‍ ചൊറിഞ്ഞുമാന്തി പുളയ്ക്കുന്നുണ്ടായിരുന്നു. ഉളളിലുള്ള മനുഷ്യനെ തൃപ്തിപ്പെടുത്താനും അവനെ ശാന്തനാക്കാനുമാണ് ഏറ്റവും പാട് എന്ന സത്യം അയാള്‍ തിരിച്ചറിഞ്ഞത് അങ്ങനെയാണ്. ഏതുവിധേനയും അതിനെ വരുതിയിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇതുവരെ സമ്പാദിച്ച സല്‍പ്പേരു നഷ്ടമാകുമെന്ന് അയാള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് മുക്കുതുളച്ച് കയറിട്ടു വരിഞ്ഞുമുറുക്കി നിര്‍ത്തിയിരിക്കുന്ന ഒരു കാളക്കൂറ്റനെപോലെ അയാള്‍ സ്വയം കൊണ്ടുപോവുകയായിരുന്നു.

എല്ലാം ഇങ്ങനെ സമാധാനത്തിലും സാവധാനത്തിലും കടന്നുപോയിക്കൊണ്ടിരുന്ന ദിവസങ്ങളിലാണ് ഭൂലോകപാപങ്ങളെ നീക്കുന്ന കുഞ്ഞാടേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ അയാളുടെ സമാധാനം എന്നേയ്്ക്കുമായി ഇല്ലാതായത്. കോളിങ് ബെല്‍ മുഴങ്ങിക്കേട്ടപ്പോള്‍ മൂത്തമകന്‍ ജെറിനാണെന്നാണ് വിചാരിച്ചത്. മറ്റ് രണ്ടുമക്കളും ഭാര്യയ്‌ക്കൊപ്പം മുട്ടിന്മേല്‍ നിന്ന് കൊന്ത ചൊല്ലിത്തീര്‍ക്കുകയായിരുന്നുവല്ലോ? പക്ഷേ വാതില്‍ തുറന്നപ്പോള്‍ മുമ്പില്‍...

'എടാ നിനക്കെന്നെ മനസ്സിലായില്ലേ' എന്ന് വിടര്‍ന്ന ചിരിയോടെ നില്ക്കുന്ന ആളെ തിരിച്ചറിയാന്‍ തെല്ലും സമയമെടുത്തില്ല. അരക്കെട്ടിലൂടെ അപ്പോള്‍ ഒരു കുത്തൊഴുക്കാണ് കടന്നുപോയത്്. അതോടൊപ്പം അടിവയറിനു താഴെ പെട്ടെന്നൊരു ഉണര്‍വ് ആ നിമിഷത്തിലുണ്ടായത് അയാളെ അത്ഭുതപ്പെടുത്തുകയും ചെയ്തു. എത്രയോ കാലമായി ആള്‍പ്പെരുമാറ്റം ഇല്ലാത്ത ഒരു തൊടിയിലേക്ക് ആരോ കാലെടുത്തുവച്ചതുപോവലെയായിരുന്നു അത്.

സതീഷ് ഗോപിനാഥ്.

കൊയ്ത്തുകഴിഞ്ഞുകിടക്കുന്ന പുഴക്കരപ്പാടത്തെ ഫുട്‌ബോള്‍ കളി കഴിയുമ്പോള്‍ കൊട്ടാരത്തിലച്ചന്റെ റബര്‍ത്തോട്ടത്തിലൂടെ, മണ്ഡപംകാരുടെ പറമ്പിന്റെ സമീപത്തൂകൂടി ഒഴുകുന്ന ളാലം തോട്ടിലേക്കാണ് പോയിരുന്നത്,. അവിടെ ഏറ്റവും ആഴമുള്ള സ്ഥലത്തിന് നാട്ടുകാരെല്ലാം പേരിട്ടിരുന്നത് വെട്ടുകല്ലാംകുഴിയെന്നായിരുന്നു. അവിടേയ്ക്ക് എടുത്തുചാടി കുതിച്ചുമറിഞ്ഞ് ഏറെ നേരം കഴിഞ്ഞാണ് തിരികെ വീട്ടിലേക്ക് പോകാറുണ്ടായിരുന്നത്. അങ്ങനെയൊരു വൈകുന്നേരമാണ് ആദ്യമായി സതീഷിനെ കാണുന്നത്. നീന്തിത്തളര്‍ന്ന് തോടിന്റെ കരയില്‍ ഈറനണിഞ്ഞ്ിരിക്കുമ്പോഴാണ് തോട്ടില്‍ നിന്ന് ഒരു ജലകന്യകനെപോലെ അയാള്‍ മുങ്ങിനിവര്‍ന്ന് എണീറ്റുവന്നത്. കൂടിച്ചേരാന്‍ വിഷമിച്ചുനില്ക്കുന്ന നിറംമങ്ങിയ തോര്‍ത്തിന്റെ വിടവിലൂടെ പുറത്തേക്ക് തുറിച്ചുനില്ക്കുന്ന കാട്ടുകൊമ്പനെ ഒറ്റനോട്ടമേ കണ്ടുള്ളൂ. അരുതാത്തെന്തോ കണ്ടുപോയെന്ന ചിന്തയില്‍ വേഗം നോട്ടം മാറ്റിയെടുത്തു. നിന്റെ കണ്ണോ കൈയോ നിനക്ക് പാപഹേതുവാകുന്നുവെങ്കില്‍ അവ വെട്ടിക്കളഞ്ഞതിനുശേഷം അംഗവിഹീനനായി നിത്യജീവനിലേക്ക് പ്രവേശിക്കുകയെന്ന വികാരിയച്ചന്റെ പാപത്തെക്കുറിച്ചുള്ള പ്രസംഗം എവിടെ നിന്നോ ഉയരുന്നതുപോലെ തോന്നി. എന്നിട്ടും കരയില്‍ കിടക്കുന്ന അലക്കുകല്ലിലേക്ക് കാല്‍ എടുത്തുവച്ച് സോപ്പുപതപ്പിക്കുന്ന അയാളെ ഒളികണ്ണിട്ട് നോക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അപ്പോഴാണ് അയാള്‍ തന്നെയും നോക്കുന്നുവെന്ന് തിരിച്ചറിഞ്ഞത്.

നാവു പുറത്തേക്ക് നീട്ടിചലിപ്പിച്ച് അയാള്‍ ചിരിച്ചുകാണിച്ചപ്പോള്‍ ദേഹത്തു അഴുക്കുവീണതുപോലെ തോന്നുകയും അത് കഴുകിക്കളയാനുള്ള ധൃതിയോടെ വീണ്ടും തോട്ടിലേക്ക് എടുത്തുചാടുകയും ചെയ്തു.

'ആണുങ്ങള്‍ടെ കുളിസീന്‍ കാണാന്‍ വന്നുനില്ക്കുന്നതാ, സതീഷന്‍. തെണ്ടി' യെന്ന് അരയ്‌ക്കൊപ്പം വെള്ളത്തില്‍ നില്ക്കുന്ന തോമസ് കരയിലേക്ക് സതീഷിനെ നോക്കി പറഞ്ഞപ്പോള്‍ അതിശയമായി തോന്നി. പെണ്ണുങ്ങളുടെ കുളി കാണാന്‍ പൊന്തയ്ക്കിടയിലും കുളിപ്പുരയുടെ മറവിലും മറഞ്ഞിരിക്കുന്നവരെക്കുറിച്ച് കളിക്കളത്തില്‍ സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ ആണൊരുവന്റെ കുളിയും ഉടലും കാണാന്‍ ആണൊരുവന്‍ വരുന്നതിനെക്കുറി ആ നിമിഷം വരെ അറിവുണ്ടായിരുന്നില്ല. ഇതെല്ലാം തോമസിന് എങ്ങനെ അറിയാം?

'നമ്മളെക്കാള്‍ നാലഞ്ചുവയസ് കൂടുതലേ ഉള്ളെടാ.. സെന്റ് തോമസില് നമ്മള് ഏഴില്‍ പഠിക്കുമ്പോ ഇവന്‍ ഒമ്പതില്‍ രണ്ടാം വര്‍ഷം പഠിക്കുവായിരുന്നു. ഗോപിച്ചേട്ടന്‍ പെണ്ണുങ്ങളുടെ ബ്ലൗസിന്റെയും പാവാടയുടെയും അളവെടുക്കാന്‍ മിടുക്കനായപ്പോ ഇവന്‍ ആണുങ്ങള്‍ടെ കാര്യത്തിലാ എക്‌സ്‌പേര്‍ട്ടായത് '

'ഷര്‍ട്ടിന്റെയും പാന്റസിന്റെയും മാത്രമല്ല അവന്‍ എല്ലാത്തിന്റെയും അളവെടുക്കും' എന്ന് പറഞ്ഞുതന്നിട്ട് തോമസ് വെള്ളത്തിനടിയിലൂടെ ഊളിയിട്ട് പോയി. അന്നു രാത്രിയിലെപ്പോഴോ ഉറക്കത്തില്‍ സതീഷന്‍ തോടുനീന്തിക്കടന്ന് അരികിലേക്ക് വന്നു. പച്ചിലയുടെ പോലും മറവില്ലാതെനിന്ന് അയാള്‍ ക്ഷണിച്ചു. അമാനാ കൊടുമുടിയും പുള്ളിപ്പുലികളുടെ വിഹാരകേന്ദ്രങ്ങളും വിട്ട് സതീഷിനൊപ്പം ചെങ്കുത്തായ പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിപ്പോയി. ആരോ വെള്ളം കോരിയൊഴിച്ചതുപോലെ നനഞ്ഞതറിഞ്ഞ് ഞെട്ടിയുണര്‍ന്നപ്പോള്‍ സതീഷനോ പാറക്കൂട്ടങ്ങളോ ഉണ്ടായിരുന്നില്ല. പുതുമഴയില്‍ പൂവിട്ടുതുടങ്ങിയ വെളുത്തകാപ്പിപ്പൂക്കളുടെ മണമായിരുന്നു എവിടെയും. പള്ളിമുറ്റത്ത് കുട്ടികള്‍ കുളം കര കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരെ നോക്കിനില്ക്കുന്ന സതീഷിനെയാണ് പിന്നീട് കണ്ടത്. ആര്‍ക്കോ കൊടുക്കാന്‍ കൊണ്ടുപോകുന്ന തയ്യിച്ച വസ്ത്രങ്ങളും കൈയില്‍ പിടിച്ചിട്ടുണ്ടായിരുന്നു.

'ഈ ചേട്ടനാ ഇന്നാളും ഇവിടെ നിങ്ങളെ അന്വേഷിച്ചുവന്നെ.' പ്രാര്‍ത്ഥന അവസാനിപ്പിച്ച് പിന്നിലെത്തിയ ഭാര്യയുടെ സ്വരം കേട്ടു. സതീഷന്‍ അപ്പോള്‍ അയാളെ നോക്കി ചിരിച്ചു. പാന്റ്‌സിന്റെ അളവെടുക്കാന്‍ വയറിന് മീതെചുറ്റിയ ടേപ്പിന്റെ തണുപ്പിനൊപ്പം പതിഞ്ഞ വിരല്‍സ്പര്‍ശം വീണ്ടും അപ്പോള്‍ അനുഭവപ്പെട്ടു.

'പാന്റ്‌സ് ഇത്രയും കയറ്റിയാണോ ഇടുന്നത് അതോ താഴ്ത്തിയാണോ.. പാന്റസ്ിന്റെ അളവെടുക്കാന്‍ വരുമ്പോ പാന്റ്‌സോ നിക്കറോ ഇട്ട് വരണ്ടെ.. ഈ ലുങ്കീം ഉടുത്തു വന്നാലെങ്ങനെയാ.'

'ആ..ആദ്യായിട്ടാ...' '

പിഡിസിക്ക് അഡ്മിഷന്‍ കിട്ടിയത് ആ സമയമായിരുന്നു.

'ആദ്യായിട്ടാണോ...എന്നാല്‍ സാരമില്ല. ഞാനൊന്ന് നോക്കട്ടെ'

തുണികൊണ്ട് രണ്ടായി വേര്‍തിരിച്ച മുറിയുടെ മൂലയിലെ പലനിറത്തിലും വലുപ്പത്തിലും കുന്നുകൂടി കിടക്കുന്ന വെട്ടുതുണികളുടെ മീതെ ഹിമകണങ്ങള്‍ പെയ്തുകൊണ്ടിരുന്നു.

ഗ്വാളിയാര്‍ സ്യൂട്ടിന്റെയും റെയ്‌മെണ്ടിന്റെയും പരസ്യങ്ങളിലെ ക്ലീന്‍ ഷേവ് ചെയ്ത സുന്ദരക്കുട്ടപ്പന്മാരും വിഐപി ഫ്രെഞ്ചി അടിവസ്ത്രംധരിച്ചു കൈകുത്തി നീണ്ടുനിവര്‍ന്നുകിടക്കുന്ന സുന്ദരനും അപ്പോള്‍ കണ്ണടച്ചു.

കുഴഞ്ഞുമറിഞ്ഞു കിടക്കുന്നവയില്‍ നിന്ന് എളുപ്പത്തില്‍ വലിച്ചൂരിയെടുക്കാന്‍ കഴിയുന്നവിധത്തില്‍ പുറമേയ്ക്ക് തള്ളിയിരിക്കുന്ന ഓര്‍മകള്‍ വീണ്ടുംപുളിച്ചുതികട്ടിവന്നു. അപ്പോള്‍ ഇന്ത്യന്‍ ഹിസ്റ്ററിയുടെയും ഇക്കണോമിക്‌സിന്റെയും തടിച്ചുവീര്‍ത്ത പുസ്തകങ്ങള്‍ ചേര്‍ത്തുപിടിച്ച് തല നിറയെ മുടിയും മെല്ലിച്ച ശരീരവുമായി വീട്ടിലേക്കുള്ള ബസ് കാത്തു നില്ക്കുകയായിരുന്നു.. അപ്പോഴാണ് പൊട്ടിമുളച്ചതുപോലെ സതീഷ് പ്രത്യക്ഷപ്പെട്ടത്.

'നീയിവിടെയാണോടാ പഠിക്കുന്നെ.. നിനക്കെന്താ ഇന്ന് ക്ലാസില്ലേ'

'ഇല്ല.'

'നിനക്ക് ധൃതിയൊന്നും ഇല്ലേ നമുക്കൊരു സിനിമ കണ്ടിട്ടുപോകാടാ'

കുറവിലങ്ങാട് അന്ന് മുത്തിയമ്മയുടെ പേരില്‍ മാത്രമല്ല അശോകതീയറ്ററിന്റെ പേരില്‍ കൂടി ചെറുപ്പക്കാര്‍ക്കിടയില്‍ പ്രശസ്തമായിരുന്നു. കുറവിലങ്ങാടാണ് അഡ്മിഷന്‍ കിട്ടിയതെന്ന് അറിഞ്ഞപ്പോള്‍ തോമസിന്റെയും സുഭാഷിന്റെയും സങ്കടം പാലാ ന്യൂതീയറ്ററിനെക്കാള്‍ അശോകയാടാ കേമം ഏതുനേരത്താ അവിടെ തുണ്ട് ഇടുന്നതെന്ന് പറയാപ്പറ്റുകേലാ നിനക്ക് കാണാമല്ലോ എന്നായിരുന്നു. പക്ഷേ അതിനുളള ധൈര്യം ഒരിക്കലും കിട്ടിയിട്ടുണ്ടായിരുന്നില്ല., കൂട്ടുകാരൊക്കെ സമരദിവസങ്ങളിലും ക്ലാസ് കട്ട് ചെയ്തും അശോകയിലെ നട്ടുച്ചയിലേക്ക് കൗമാരം വലിച്ചുനാട്ടിയപ്പോഴും വിലക്കപ്പെട്ട കനിയുടെ ഭാരമോര്‍ത്ത് ബസില്‍ പോകുമ്പോള്‍ പോലും അശോകയിലേക്ക് നോക്കാതെ തലകുമ്പിട്ടിരിക്കാറേയുണ്ടായിരുന്നുള്ളൂ.

അങ്ങനെയുള്ളപ്പോഴാണ് സതീഷന്‍ അതേ അശോകയിലേക്ക്് ക്ഷണിക്കുന്നത്.

പാടാത്ത വീണയും പാടും എന്ന സിനിമയായിരുന്നു അശോകയില്‍ കളിച്ചിരുന്നത്. സിദ്ദിക്കും മാസ്റ്റര്‍ രഘുവും ഉമാമഹേശ്വരിയും നടിച്ച ഒരു ശശികുമാര്‍ ചിത്രം. കുടുംബച്ചിത്രമായി തുടങ്ങിയ സിനിമ എത്ര പെട്ടെന്നാണ് നിറംമാറിയത്. പെണ്ണുടലിന്റെ അനാവരണത്തെക്കാള്‍ ആണുടലിന്റെ കരുത്തിലേക്കും ഉറപ്പിലേക്കും കണ്ണുമിഴിച്ചിരിക്കുമ്പോള്‍ 'കൊളളാം അല്ലേടാ' എന്ന് സതീഷിന്റെ ചൂടുവാക്ക് കാതില്‍ തട്ടി പൊള്ളി. കത്രികപിടിച്ചിട്ടും തഴമ്പ് വീഴാത്ത കൈ പാന്റസിന്റെ സിബില്‍ പിടിച്ചതും ഉടല്‍ വിറച്ചുതുള്ളി.

'പേടിക്കണ്ടടാ, ആദ്യമാകുമ്പോ ഇങ്ങനെയൊക്കെയാ' എന്ന് ആശ്വസിപ്പിച്ചുകൊണ്ട് സതീഷന്‍ കരംകവര്‍ന്നു. വേരുകളും നാരുകളും പൊട്ടിമുളച്ച ഒരു ഗുഹാമുഖത്തുകൂടി വിരലുകള്‍ സഞ്ചരിച്ചുതുടങ്ങി. അന്നു രാത്രി ഗന്ധകവും തീയും ഇറക്കി ദൈവം നശിപ്പിച്ച ഒരു നഗരത്തിലായിരുന്നു. ദൈവകോപത്തിന്റെ അഗ്‌നിയില്‍ വെന്തുരുകിയ അവനെ തണുപ്പിക്കാന്‍ ഒരു മാലാഖയുംവന്നില്ല. തൊട്ടടുത്ത ദിവസം ഇടവകപ്പള്ളിയിലെ കുമ്പസാരക്കൂട്ടില്‍, വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാന്‍ വളരെയധികം പാപം ചെയ്തുപോയി. മേലില്‍ ഒരുപാപം ചെയ്യുന്നതിനെക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനായിരിക്കുന്നുവെന്ന മനസ്താപപ്രകരണം ഏറ്റുചൊല്ലി വൃദ്ധനായ വികാരിയച്ചന്റെ കാതുകളിലേക്ക് പാപഭാരംഇറക്കിവച്ചു ശുദ്ധനായി. പക്ഷേ കര്‍ത്താവിന്റെ ക്രോധത്തിന്റെ ദിനത്തില്‍ തന്നെ രക്ഷിക്കാന്‍ സ്വര്‍ണ്ണത്തിനോ വെള്ളിക്കോ സാധിക്കുകയില്ലെന്ന് മറ്റാരെക്കാളും അറിയാമായിരുന്നു.

എന്നിട്ടും പാപം ചെയ്യാന്‍ വിധിക്കപ്പെട്ട മനുഷ്യന്റെ വിധിപോലെ ഇടറിനടന്നു. നരസിംഹം റീലിസ് ചെയ്ത ദിവസംതോമസിനും സുഭാഷിനുമൊപ്പം ഇടിച്ചുകുത്തി മഹാറാണിയില്‍ ആദ്യഷോയ്ക്ക കയറി നീ പോടാ മോനേ ദിനേശായ്ക്ക് കൈയടിച്ചിരിക്കുമ്പോള്‍ ലാലേട്ടന്‍ പറഞ്ഞ ഡയലോഗാണ് അതുവരെയുണ്ടായിരുന്ന ആത്മസംഘര്‍ഷങ്ങള്‍ക്കെല്ലാം തെല്ലാശ്വാസം നല്കിയത് ഇതില്‍ പെട്രോളും പോകും ഡീസലും പോകും'

പെട്രോള്‍ കൊണ്ടും ഡീസല്‍ കൊണ്ടുംമാത്രം ഓടുന്ന വണ്ടികള്‍ക്കിടയില്‍ രണ്ടും ഉപയോഗിക്കാവുന്ന വണ്ടികള്‍ ഉണ്ടെന്ന അറിവ് ആശ്വാസമായി മാറിയത് അങ്ങനെയായിരുന്നു.

'നിനക്കെന്നാടാ ആ സതീഷും ആയിട്ട്? വെറുതെ മറ്റേപ്പേര് കേപ്പിക്കരുത് കേട്ടോ' എന്ന് തോമസ് ഒരുനാള്‍ ചൂണ്ടുവിരല്‍ നീട്ടി താക്കീത് നല്കിയപ്പോഴാണ് ആദ്യമായി അങ്കലാപ്പുണ്ടായത്. തോമസിന്റെ മുമ്പില്‍ ഉത്തരംമുട്ടിപ്പോയിരുന്നു.

അതുവരെ അണിഞ്ഞിരുന്ന മുഖംമൂടികളൊക്കെ അഴിഞ്ഞുവീഴുന്നതുപോലെ... പെമ്പിള്ളേരുടെ മുഖത്തുപോലും നോക്കാത്തവന്‍ ആണൊരുവന്റെ ഉടലില്‍ തളയ്ക്കപ്പെട്ടുകിടക്കുകയാണെന്ന്് നാടറിഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ട്് കാര്യമില്ല. സതീഷിന്റെ വഴികളില്‍ നിന്ന് തെന്നിമാറിനടന്നുതുടങ്ങിയത് അങ്ങനെയായിരുന്നു. കണ്ടാല്‍ അയാളിലേക്ക് പശപോലെ ഒട്ടിച്ചേരുമെന്ന് ഭയന്നിരുന്നു..നാട്ടിലേക്ക് തിരികെയെത്തുമ്പോള്‍ ഏറ്റവും അധികം പേടിപ്പെടുത്തിയിരുന്നതും ആശങ്കപ്പെടുത്തിയിരുന്നതും സതീഷായിരുന്നു. സതീഷുളള നാട്.

ഭൂതകാലം ചിലപ്പോഴെങ്കിലും ഒരാളെ വിടാതെ പിന്തുടരുമെന്ന് തോന്നി. അവിടെ അയാള്‍ ചെയ്തതും ചെയ്യാതെപോയതുമൊക്കെ ഓരോരോ അവസരങ്ങളിലായി വന്നു തലപൊക്കി നോക്കും. വിചാരണ ചെയ്യും, കുറ്റപ്പെടുത്തും, വിധിക്കും. ഓടിയൊളിക്കാന്‍ കാടുപോലുമില്ലാത്ത അവസ്ഥയുണ്ടാകും.

കൂട്ടുകാരെ ഫോണ്‍വിളിച്ചപ്പോള്‍ അവരിലാരോ പറഞ്ഞ ആദ്യ വാക്ക്് ആശ്വാസം നല്കുന്നതായിരുന്നു. സതീഷന്‍ വിവാഹിതനായി. അഞ്ചാറു വയസ് പ്രായമുള്ള ഒരു ആണ്‍കുട്ടിയുടെ അമ്മയാണ് ഭാര്യയെന്ന് കേട്ട രാത്രിയില്‍ എന്തിനോ ഉറക്കം നഷ്ടമായി. തോടിന്റെ കരയില്‍ നിറം മങ്ങിയ തോര്‍ത്തുടുത്ത് കല്ലില്‍ കാല്‍ ഉരച്ചുകഴുകുന്ന നനഞ്ഞുനില്ക്കുന്ന സതീഷും അയാളുടെ തടിച്ചചുണ്ടുകളും കട്ടിമീശയും മീശയ്ക്ക് മുകളിലെ കറുത്ത മറുകും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഉറക്കം കെടുത്തി. എണീറ്റ് ബാത്ത് റൂമിലേക്ക് പോകുമ്പോള്‍ ഭിത്തിക്ക് പുറംതിരിഞ്ഞുകിടന്ന് ഭാര്യ കൂര്‍ക്കം വലിക്കുകയായിരുന്നു.

പിന്നെ കേട്ടു ഭാര്യ സതീഷിനെ ഉപേക്ഷിച്ചുപോയെന്ന്.

അങ്ങനെയുള്ള സതീഷാണ് ഇപ്പോള്‍...

'നിങ്ങള്‍ക്ക് ഈ ചേട്ടനെ അറിയില്ലേ'

ഭാര്യയുടെ സ്വരം കേട്ടു

'ഇവന് അങ്ങനെയാ പെങ്ങളേ ഓരോ നേരത്തും ഓരോ തോന്നലാ.. ഒരാളെ കൊല്ലാന്‍പോകുവാ കൂടെ വരാമോയെന്ന് ചോദിച്ചാല്‍ അവന്‍ വന്ന് ചിലപ്പോള്‍ ആളെ തട്ടിയിട്ടുപോയെന്നുവരും. പക്ഷേ തിരിച്ചുവരുമ്പോ കുറ്റബോധം കൊണ്ടും സങ്കടോം കൊണ്ട് വളഞ്ഞുപോകും. '

'ഞാന്‍ കുടിക്കാന്‍ എന്തെങ്കിലും എടുക്കാം' എന്ന് ഭാര്യപറഞ്ഞപ്പോള്‍ വേണ്ടായെന്ന് പറയാനാണ് തോന്നിയത്.. പക്ഷേ ഭാര്യയോട് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

'താനെന്തിനാ ഇപ്പോള്‍ ഇങ്ങോട്ട്..'ശബ്ദം അടക്കിപിടിച്ചു ചോദിച്ചു

'നീ ഇവിടെ പുതിയവീടും വച്ച് കുടുംബോം ആയിട്ട് ജീവിക്കുമ്പോ വന്നുകാണാതിരിക്കാന്‍ പറ്റ്വോ.. ഒന്നുമല്ലെങ്കിലും നമ്മളെത്ര സിനിമകണ്ടവരാടാ.. കുറവിലങ്ങാടും ഏറ്റുമാനൂരും കറുകച്ചാലിലും.. അതൊക്കെ മറന്നോ..'

'തന്റെയൊരു സിനിമ. മേലാല്‍ ഇനിയിവിടെ വന്നേക്കരുത്. എനിക്ക് ഈ നാട്ടില് വിലേം നിലേം ഉണ്ട്. അത് താനായിട്ടു തകര്‍ക്കരുത്.'

'നിന്റെ വിലേം നെലേം എനിക്കറിയാത്തതൊന്നുമല്ലല്ലോ' സതീഷ് ഗൂഢമായി ചിരിച്ചു.

നിന്നെക്കുറിച്ച് ഞാന്‍ അറിഞ്ഞതില്‍ കൂടുതല്‍ ആര്‍ക്കാടാ ഇവിടെ അറിയാവുന്നത്?

അപ്പോഴാണ് ജെറിന്‍ വന്നുകയറിയത്.. എന്‍ട്രന്‍സ് കോച്ചിങിന് പോയ അവന്‍ വൈകിയേ വരുകയുള്ളൂവെന്ന് വിളിച്ചുപറഞ്ഞിരുന്നു

'നിന്റെ മകനാണോടാ..' സതീഷ് ജെറിനെ നോക്കി അത്ഭുതംകൊണ്ടു.

'പത്തുപതിനേഴ് വയസില് നീ ആദ്യായിട്ട് പാന്റ്‌സ് തയ്യിപ്പിക്കാന്‍ കടേല്‍ വന്നപ്പോ നിനക്ക് ഇതേ ഛായയായിരുന്നു. നീ ഭാഗ്യവാനാടാ.. നിനക്ക് കുടുംബോം ആയി മക്കളുമായി.. പണോം പ്രതാപോം ആയി..' സതീഷ് കരം നീട്ടി ജെറിനെ സ്പര്‍ശിച്ചപ്പോള്‍ പൊള്ളിയത് അയാള്‍ക്കായിരുന്നു.

'നീ അകത്തോട്ടുപോ..'ജെറിനെ നോക്കി അയാള്‍ ദേഷ്യപ്പെട്ടു. പക്ഷേ സതീഷ് ചിരിച്ചതേയുളളൂ. കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ പറന്നുപൊങ്ങി കഴുകനെ നേരിടുന്ന ഒരു തള്ളക്കോഴിയാണ് താനെന്ന് അയാള്‍ക്ക് തോന്നി. മക്കളുണ്ടാകുന്നതോടെയാണ് പലര്‍ക്കും മാറ്റമുണ്ടാകുന്നത്, അതുവരെയണിഞ്ഞിരുന്ന മേല്‍ക്കുപ്പായങ്ങള്‍ അഴിച്ചുവച്ച് മക്കള്‍ക്കുവേണ്ടി ജീവിക്കാന്‍ ഒരു പുറങ്കുപ്പായം തുന്നിക്കുന്നു, ധരിക്കുന്നു. പക്ഷേ അപ്പോഴും ഉള്ളില്‍ അവനവര്‍ക്കുമാത്രമറിയാവുന്ന ഒരാള്‍ ചുരുണ്ടുകൂടി കിടക്കുന്നുമുണ്ടാവും. അനുകൂല സമയത്ത് അതുണര്‍ന്ന് അവനവര്‍ക്കുവേണ്ടിയുള്ള ആനന്ദങ്ങളില്‍ മുഴുകും, ആരെയും വേദനിപ്പിക്കാതെയും ആരെയും ഉപേക്ഷിക്കാതെയും .

'നമുക്കൊരിക്കല്‍ക്കൂടി കുറവിലങ്ങാടും ഏറ്റുമാനൂരും പോണം. അല്ലെങ്കില്‍ വേറെ എവിടേയ്‌ക്കെങ്കിലും.. വാഗമണ്ണോ ഇലവീഴാപ്പൂഞ്ചിറയോ..ഇല്ലിക്കല്‍ക്കല്ലോ അങ്ങനെ എവിടെയെങ്കിലും വേറൊന്നിനുമല്ലെടാ ചുമ്മാ..'

അങ്ങനെയാണ് അവര്‍ അവിടെയെത്തിയത്. കുന്നിന്‍മുകളില്‍ നിന്ന് താഴ്‌വാരത്തിലേക്ക് നോക്കിനിന്നത്.

'നീ വരില്ലെന്ന് പറഞ്ഞപ്പോ വരില്ലെന്ന് തന്നെയാണ് കരുതിയെ..എന്നാലും നീ വന്നല്ലോ.. 'സതീഷ് അയാളെ നോക്കി നന്ദിയോടെ ചിരിച്ചു.

സനല്‍ ഒന്നും മിണ്ടിയില്ല.

കുടുംബമുള്ളവനേ ഈ സമൂഹത്തില്‍ നെലേം വെലേഉള്ളെടാ. എന്തൊക്കെ കുറവുണ്ടെങ്കിലും കുടുംബം വേണം. അതെന്റേം ആശയായിരുന്നു. അതിനാ ഞാന്‍..പറ്റാത്തതാണെന്ന് എനിക്കറിയാമായിരുന്നു. അതോണ്ട് ഞാന്‍ തന്നെ അവളോട് പറഞ്ഞിട്ടുണ്ട് നീ ആരെയങ്കിലും വിളിച്ചുകൂടെ കിടത്തിയാലും എനിക്കൊരു പ്രശ്‌നോം ഇല്ലെന്ന്. എന്നിട്ടും അവള് പോയി. അവള്‍ടെ ചെക്കനെ ഞാനെന്തെങ്കിലും ചെയ്യുമോയെന്നായിരുന്നു അവള്‍ടെ പേടി.'

'ആ പേടി എല്ലാവര്‍ക്കുമുണ്ട് ' സനല്‍ ഗൗരവത്തില്‍ പറഞ്ഞു.

സതീഷ് ചിരിച്ചു.

എനിക്കറിയാം. നിന്റെ ഉളളിലും ആ പേടിതട്ടിയിട്ടുണ്ട്. ശരിയാടാ, എത്യോപ്യക്കാരന് അവന്റെ നിറം മാറ്റാന്‍ പറ്റില്ല. പുള്ളിപ്പുലിക്ക് അതിന്റെ വരേം. എത്ര ജോഡി തുണിയുടുത്താലും മനുഷ്യന്‍ ബേസിക്കലി നഗ്‌നനാ. മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനാ അവന്‍ നഗ്‌നത മറയ്ക്കുന്നത്. അതുതന്നെയാടാ എന്റേം നിന്റേം ഗതി.. നമ്മളെന്നും നമ്മളായിരിക്കും. പക്ഷേ നിന്നെപോലെയുള്ളവര്‍ക്ക് അത് അംഗീകരിച്ചുതരാന്‍ കഴിയില്ല. അതാണ് നീയും ഞാനും തമ്മിലുള്ള വ്യത്യാസം.'ഭൂതകാലം മുറിവേറ്റ ഒരു മൃഗമാണെന്ന് ആ നിമിഷം വീണ്ടും സനലിന് തോന്നി. അതില്‍ നിന്ന് രക്ഷപ്പെടുക സാധ്യമല്ല. എന്നാല്‍ ഭൂതകാലം വിസ്മരിക്കാനുമാവില്ല, തുടച്ചുനീക്കുക മാത്രമേ അതിനുള്ള പോംവഴിയൂള്ളൂ.

'ഡാ, ഞാന്‍ സത്യംപറയട്ടെ, എനിക്കെന്നും നിന്നോട് പ്രേമമായിരുന്നു. ഈ പ്രേമമെന്ന് പറയുന്നത് ആണൊരുവന് പെണ്ണിനോട് മാത്രം തോന്നുന്നതൊന്നുമല്ല. ആണിന് ആണിനോട് തോന്നുന്നതുമാവാം. ഇന്ന പ്രായത്തില്‍ മാത്രേ തോന്നൂ എന്നുമില്ല. പ്രായമിത്രയായിട്ടും നീയെന്റെ മനസില്‍ ആ പഴയ പയ്യന്‍ തന്നെയാ..'

അതുകേട്ട് സനല്‍ വല്ലാതെയായി. അമ്പതുവയസ് പ്രായത്തിനിടയില്‍ ഭാര്യപോലും അയാളോട് തന്റെ പ്രണയം വെളിപെടുത്തിയിട്ടുണ്ടായിരുന്നില്ല. പരസ്പരം പറഞ്ഞുബോധിപ്പിക്കേണ്ട ഒന്നാണ് പ്രണയം എന്ന് അവളൊരിക്കലും കരുതിയിരുന്നില്ല. പ്രാര്‍ത്ഥനയ്്ക്കും മക്കളുടെ വളര്‍ത്തലിനും അപ്പുറം അവള്‍ക്കൊരു ലോകമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അയാളാവട്ടെ അവളില്‍ നിന്ന് അതുപ്രതീക്ഷിച്ചുമില്ല. പക്ഷേ ഇപ്പോള്‍ ജീവിതത്തിന്റെ പാതികഴിഞ്ഞു കുറെദൂരം പോയ ഒരാള്‍ പാതിദൂരം മാത്രം പിന്നിട്ട ഒരാളോട് അതും ഒരേ ലിംഗത്തില്‍ പെട്ടവനോട് തന്റെ പ്രണയം പറയുന്നു. ഇതുവരെ അവരുടെ ജീവിതത്തില്‍ ശരീരത്തിന്റെ ആസക്തികളെ തമ്മില്‍ ശമിപ്പിക്കുന്ന ഒരു ഘടകം മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴാവട്ടെ അതെവിടെയോ ചോര്‍ന്നുപോയിരിക്കുകയും പകരം മനുഷ്യര്‍ക്ക് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന സ്‌നേഹത്തിന്റെ ഒരു സമതലം രൂപപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. സനലിന് ഒന്നുറക്കെ കരയണമെന്ന് തോന്നി. സതീഷ് അയാളെ പിന്നില്‍ നിന്ന് കെട്ടിപിടിച്ചു പുറത്ത് മുഖംചേര്‍ത്തു. താഴ്‌വാരങ്ങളില്‍ നിന്ന് സുഗന്ധധൂമം ഉയരുന്നതുപോലെ ...

എവിടെയൊക്കെപോയിട്ടും എത്ര ദൂരം ഓടിയിട്ടും നീ പിന്നെയും വന്നത് എന്റെ അടുത്തോട്ടുതന്നെയല്ലേ.നിന്റെയുള്ളില്‍ അതുണ്ടായിരുന്നു, ഞാന്‍ കണ്ടുപിടിച്ചെന്നേയുള്ളൂ. സതീഷ് പറഞ്ഞു.

സനല്‍ അയാള്‍ക്ക് നേരെ തിരിഞ്ഞ് അയാളെ തന്നോട് ചേര്‍ത്ത് അമര്‍ത്തി. പഴയൊരു കളിക്കളത്തിന്റെ ഓര്‍മ്മ അയാളുടെ ഓര്‍മ്മയിലേക്ക് വന്നു

കുളം.. കര.. കര.. കുളം.. കര..കുളം..കുളം കര

കരയിലും കുളത്തിലും പെട്ടവരും രണ്ടിനുമിടയില്‍ ചുവടുകള്‍ തെന്നിത്തെന്നിപോകുന്നവരും. അയാള്‍ക്ക് തന്നോടുതന്നെ സഹതാപം തോന്നി, സതീഷിനോടും

നമുക്ക് ഒരു കളി കളിച്ചാലോ.. അയാള്‍ സതീഷിനോടു ചോദിച്ചു. എന്തുകളിയെന്ന ചോദ്യം സതീഷിന്റെ കണ്ണില്‍ തെളിഞ്ഞു.

കുളം കര

സതീഷ് ചിരിച്ചു. അവര്‍ കാലം മറന്നു, പുറകിലേക്ക് ഓടുന്ന സമയപ്രവാഹത്തില്‍ അവര്‍ കൊച്ചുകുട്ടികളായി. കുളം കര.. കര കുളം

കുളത്തിനും കരയ്ക്കും ഇടയില്‍ അവര്‍ ഓടിക്കൊണ്ടേയിരുന്നു. ആ കളിയിലും ആ കളിക്കിടയിലും അവര്‍ക്ക് എന്തായിരിക്കാം സംഭവിക്കുക എന്നോര്‍ത്ത് താഴ്‌വാരം മിഴിയുയര്‍ത്തി ആകാംക്ഷയോടെ നോക്കി. കരയിലും കളത്തിലും പെട്ട് സതീഷ് ചാടിക്കൊണ്ടിരിക്കുമ്പോള്‍ പഴയകാലത്തില്‍ നിന്നൊരു ദുര്‍ഭൂതം വന്ന് സനലിനെ വീണ്ടും ഓര്‍മ്മിപ്പിച്ചു.

സനല്‍ സതീഷിന്റെ കാലിലേക്ക് ഒരു തട്ടുവച്ചുകൊടുത്തു.

'എനിക്ക് നാണം കെടാതെ ജീവിക്കണം.. പേടിയില്ലാതെ ജീവിക്കണം.' സനല്‍ വാശിയോടെ പറഞ്ഞു. സതീഷിന്റെ ചുവടുകള്‍ പിഴച്ചു. കുന്നിന്‍മുകളില്‍ നിന്ന് ഒരു പക്ഷി തലകീഴായി പതിക്കുന്നതുപോലെ അയാള്‍ താഴേയ്ക്ക് പറന്നു

. എവിടെയെങ്കിലും പിടിച്ചുകിടക്കാന്‍ അയാള്‍ ശ്രമിച്ചില്ല. അയാളത് ആഗ്രഹിച്ചിരുന്നുമില്ല. പൂവ് അടര്‍ന്നുവീഴുന്നതുപോലെയായിരുന്നു അത്.

പോ.. പോയി ചാക്.. കലിതീരാതെ കിതച്ചുകൊണ്ട് സനല്‍ പറഞ്ഞു.

അപ്പോള്‍ അയാളുടെ ഭാര്യ വിശുദ്ധരൂപങ്ങള്‍ക്കു മുമ്പില്‍മുട്ടുകുത്തി നിന്ന് ഭൂലോകപാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ ചെമ്മരിയാടേ എന്ന് കിലോമീറ്ററുകള്‍ക്കകലെ നിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു.. ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേയെന്ന് അപ്പോള്‍ മക്കള്‍ പ്രത്യുത്തരമായി ഏറ്റുപറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT