മരണത്തേയും മരിച്ചവരേയും പേടിയുള്ള സോഫി എങ്ങനെയാകും ആത്മഹത്യയുടെ ഇരുട്ടറയിലേക്ക് എടുത്തുചാടി തൂങ്ങിയാടിയിട്ടുണ്ടാവുകയെന്ന കയ്പ്പുള്ള സംശയത്തെ തീവണ്ടിക്കുള്ളില്‍ത്തന്നെ തുപ്പിക്കളഞ്ഞിട്ടാണ് മുരുകന്‍ ഇരുട്ടിലേക്കിറങ്ങി നടന്നത്.
മരിക്കാന്‍ വരുന്നവരും തുരങ്കത്തിനപ്പുറത്തുള്ള എടമേ തിരഞ്ഞെടുക്കൂ. ഇപ്പുറത്ത് ഓടയാണ്. ഇറച്ചി വേസ്റ്റും ചത്ത പൂച്ചയേയും പട്ടിയേയുമൊക്കെ കൊണ്ടുക്കളയുന്നിടം. മാലിന്യവും പ്ലാസ്റ്റിക്കും കുമിഞ്ഞുകൂടി ഒഴുക്കു നഷ്ടപ്പെട്ട ഒരു പുഴയുണ്ടവിടെ. അനക്കമില്ല. ആരെങ്കിലും എന്തെങ്കിലും വലിച്ചെറിയുമ്പോള്‍ മാത്രം ഒന്നു ഞെട്ടിത്തിരിയും.
അവിടെക്കിടന്നാണ് ചെമ്പനെ എച്ച്മിയമ്മച്ചിക്ക് കിട്ടിയത്. 'ട്രെയിനീന്ന് ആരോ വലിച്ചെറിഞ്ഞത് കണ്ട്, വയ്യാത്ത കാലും വലിച്ചിഴച്ച് പോയെടുത്തപ്പം, പൂച്ചക്കണ്ണും ചെമ്പന്‍മുടിയുമുള്ള ഒരു ചോരക്കുഞ്ഞെ'ന്ന് അവരെത്ര വട്ടം പറഞ്ഞിരിക്കണ്.
പത്തര കഴിഞ്ഞാല്പിന്നെ വെട്ടോം വെളിച്ചോം അനക്കോമൊന്നും കാണൂല്ല. അരഞ്ഞു മാറിയ ശരീരത്തുണ്ടുകളില്‍ വലിഞ്ഞു കയറി രക്തം ചികയുന്ന ആത്മാക്കളും ജീവിതം പാളത്തിനു മേലേ വിരിച്ചിട്ട് മരണം കാത്തുകിടക്കുന്നോരും മാത്രേണ്ടാവൂ.
റെയില്‍വേപ്പാളത്തിലൂടെ ചെമ്പന്റേം സോഫീടേം കൈയും കൊരുത്ത് നടന്നപ്പോഴൊന്നും ഇല്ലാത്ത വിള്ളലുകള്‍ ഇന്ന് മുരുകന്റെ ജീവിതത്തിലുണ്ട്.
യാഥാര്‍ത്ഥ്യവും മിഥ്യയും ഇരുകണ്ണുകളില്‍ ഒറ്റക്കാഴ്ചയാക്കി, ജയവും പരാജയവും ഒരേ അങ്കത്തട്ടില്‍ നടുതളര്‍ന്ന് കിടക്കുന്ന, ഇരുതലമൂരിയെപ്പോല ഇരുദിശയിലേക്കുമുള്ള ജീവിതയിഴച്ചിലില്‍ അയാളെന്നോ തളര്‍ന്നുപോയിരുന്നു.
കൃത്യമായ അതിരോ വിസ്തീര്‍ണ്ണമോ തണ്ടപ്പേരോയില്ലാത്ത, കൊഴിക്കാന്‍ ഇലകളില്ലാത്ത, വസന്തമെന്തന്നറിയാത്ത ഭൂമിക. കാലവര്‍ഷക്കണ്ണീരും വേനല്‍ അസ്ഥിവേരുരുക്കങ്ങളും നോവിച്ച കുര്യാത്തിക്കോളനി. പണ്ട് രാജാവ് മാടിനേയും മനുഷ്യനേയും കുരുതി കൊടുത്തിരുന്ന ദേശം പിന്നീട് 'കുര്യാത്തിക്കോളനി'യായി രൂപാന്തരപ്പെട്ടു.
ഓര്‍മ്മകളെ ചിതറിച്ചുകൊണ്ട് ചൂളംവിളികള്‍ പാഞ്ഞുപോയി. ചീറിവരുന്ന തീവണ്ടിയുടെ ഞരക്കത്തിനൊത്ത് ഇരുമ്പുപാളത്തിന്റെ വിറയല്‍. വേഗത്തിലൊരു കാറ്റ് വീശിയാല്‍പ്പോലും മേലാകെയങ്ങു നടുങ്ങും. ഉന്തിയിട്ടു കൊന്ന്, പക തീര്‍ക്കാന്‍ ഒരായിരം കൈകള്‍ പുറകിലുണ്ടാകും. ആശ കെടാതെയല്ലേ ചാവു തേടി വരണത്!
ഈ ട്രാക്കിക്കിടന്നു കിട്ടണ ശരീരങ്ങളും കോളനിക്കകത്തുതന്നെയാണ് ദഹിപ്പിക്കാറ്. കുത്തിയും ചീണ്ടിയും നോക്കീട്ടും, കനലു കെടാതെ ചുടലത്തീയില്‍ വേവ് നീറ്റുന്ന ശരീരങ്ങളെ കല്ലാണ്ടി രാജന്‍ മുഴുത്ത പള്ള് പറയണതു കേള്‍ക്കുമ്പോള്‍ ചെമ്പന് അരിശം കേറുമായിരുന്നു.
അയാളുടെ ചൊവന്നു കലങ്ങിയ, ഉപ്പന്റെപോലുള്ള കണ്ണില്‍ ഒരല്പംപോലും കനിവില്ല. കുടിച്ച് കാലുറയ്ക്കാതെ അയാള് ശവം കത്തിക്കും. പിന്നേം കുടിക്കും. അതൊന്നും ചോദിക്കാന്‍ കോളനീന്നാരും പോകാറില്ല.
കളിച്ചോണ്ട് നിക്കുമ്പം, വെറ്റിലച്ചാറ് ഊറിച്ചെടുത്ത ശബ്ദത്തോടെ അയാള് ചെമ്പനെ കൈയാട്ടി അരികിലേക്കു വിളിക്കും. മുറുക്കാന്‍ കൊണ്ടുക്കൊടുക്കാന്‍! ഇഷ്ടമല്ലെങ്കിലും അവനയാള്‍ക്ക് മുറുക്കാന്‍ കൊണ്ടുക്കൊടുക്കും. വെറ്റില കീറി ചുണ്ണാമ്പ് തേച്ച്, ഒരു തുണ്ടം പാക്ക് വച്ചു ചുരുട്ടി, നീളന്‍ പൊയിലത്തുണ്ടുമായി വായിലേക്ക് വച്ചുകൊടുക്കുമ്പോള്‍ വിരലിപ്പറ്റണ ചോന്ന വെറ്റിലക്കറ നിക്കറില്‍ തേച്ച് വരണവന്‍ പിന്നെ തൊള്ള കീറിയാപ്പോലും 'കമാ'ന്നൊരക്ഷരം മിണ്ടൂല്ല.
ഓര്‍മ്മകളുടെ മുറുക്കം മാറ്റാന്‍ മുരുകന്‍ പോക്കറ്റില്‍ തപ്പിക്കിട്ടിയ ബീഡി കത്തിച്ചു വലിച്ചു. ബീഡിയുടെ മണം ചെമ്പനിഷ്ടമല്ല.
'ആണുങ്ങളായാല് ഇതൊക്കെയൊന്നറിയണ്ടേടാ'ന്ന് ചോദിച്ച് കുട്ടയണ്ണനാണ് രണ്ടുപേരുടെയും ചുണ്ടില്‍ ആദ്യമായി ബീഡി തിരുകിപ്പിടിപ്പിച്ചത്. ആദ്യമൊന്ന് ചൊമെച്ചെങ്കിലും മുരുകനതിന്റെ എരിച്ചിലങ്ങഷ്ടപ്പെട്ടു. പിന്നീട് ബീഡി കത്തിക്കുമ്പോഴൊക്കെ ചെമ്പന്‍ ഇടംതിരിഞ്ഞിരുന്നു.
ഇരുമ്പ് പോസ്റ്റുകളില്‍ ചോപ്പു വെട്ടം. ചുണ്ടിലെ ബീഡിക്കനല്‍ തട്ടിക്കളഞ്ഞ് അയാള്‍ പാളം മുറിച്ചുകടന്നു. ബാക്കിവരുന്ന ചോറിനുവേണ്ടി കാത്തിരുന്ന് ഉറക്കം തൂങ്ങിയ ഹോട്ടലിന്റെ പിന്നാമ്പുറത്തെത്തിയതും, അയാള്‍ ഇരുട്ടില്‍ തിളങ്ങുന്ന ബോര്‍ഡിലേക്കു നോക്കി. അവിടെയിപ്പോള്‍ കാവലിന് സെക്യൂരിറ്റിയുണ്ട്.
'തന്തയേതെന്നറിയാത്ത കുറേ കാലിക്കുപ്പികള്. വേണെങ്കി തിന്നേച്ചും പൊയിനെടാ!'
വളിച്ച ചോറും കറികളും കൊണ്ടുക്കളയണ ഓടച്ചാലാണ് ഞങ്ങട ഒട്ടിയ വയറെന്നു കരുതിയ ഹോട്ടല് മൊതലാളിയുടെ കഴുത്തിലെ അധികാരത്തിന്റെ ഞരമ്പ് വലിഞ്ഞു മുറുകി നിന്നിരുന്നു.
വലിച്ചെറിഞ്ഞ മാലിന്യത്തിന്റെയും ഉണങ്ങിപ്പിടിച്ച മനുഷ്യമലത്തിന്റെയും കറ പുരണ്ട കരിങ്കല്‍ക്കഷണങ്ങള്‍ക്കിരുവശത്തും കനത്തു തഴംവച്ചു വളര്‍ന്ന പൊന്തക്കാടിനിടയിലൂടെ അവര്‍ക്കു മാത്രമറിയാവുന്ന വഴികളിലൂടെ അയാള്‍ നടന്നു.
'കോളനിപ്പിള്ളേരെന്ന വിളിപ്പേരിന്റെ ഉള്ളളവൊന്നും ഞങ്ങക്കാദ്യം അറിഞ്ഞൂടാര്ന്ന്. ഒരിക്കലും തെളിയാത്ത അഴുക്കുചാലു കണക്കത് ഞങ്ങള് പോകുന്നിടത്തൊക്കെ പൊട്ടിയൊലിച്ചു. വെളുത്തവരുടെ ചോരയത് കറുപ്പിച്ചു!'
യു. പി. സ്‌കൂളിന്റെ മതില്‍ക്കെട്ടിനകത്ത് മലയാളം ടീച്ചര്‍ എഴുതിത്തന്ന്, സോഫി കാണാതെപഠിച്ചു പറഞ്ഞ പ്രസംഗത്തിന് ആരുടെയൊക്കയോ കൈയടികളുണ്ടായിരുന്നു. ആ മതില്‍ക്കെട്ടില്‍ച്ചാരി കുറച്ചു നേരം അയാള്‍ വെറുതേ കാതോര്‍ത്തു.
മൊതലാളിമാര് പറഞ്ഞപോലെ ആശകളൊന്നും ആകാശം തൊട്ടില്ലെന്നു മാത്രമല്ല, കാലിക്കുപ്പിതന്നെയാവേം ചെയ്തു. തൂറിയും പെടുത്തും നാറ്റിച്ച ഊടുവഴികളില്‍ അഴുക്കുവെള്ളം കയറി, കൂത്താടി പെരുകിക്കിടക്കുന്ന വെറും കാലിക്കുപ്പികള്!
'അടച്ചുറപ്പില്ലാത്ത രഹസ്യങ്ങളെല്ലാം പിച്ചാത്തിത്തുമ്പുപോലെ മൂര്‍ച്ചയുള്ളവയാണെ'ന്നാണ് കൊച്ചാപ്പന്‍ പറയാറ്.
ഇപ്പൊക്കിട്ടിയ പണി വലിയ കുഴപ്പമില്ല. കുളിച്ചു വന്നാല്‍ ഉറങ്ങാനെടോണ്ട്. അത്ര വെടിപ്പൊന്നൂല്ലെങ്കിലും ലോഡ്ജിലെ മൂലയ്ക്കുറങ്ങാം. ഒന്നും ഓര്‍ക്കേണ്ടിവരൂല്ല.
പണി കഴിഞ്ഞിറങ്ങിയപ്പോഴാണ് കൊച്ചാപ്പന്‍ വിളിച്ചത്. അങ്ങനെയൊരു വിളിയൊന്നും പതിവൊള്ളതല്ല.
'നെന്റെ കൂട്ടുകാരി സോഫി, അമ്മന്റ സാരീല് തൂങ്ങിച്ചത്തെ'ന്നു പറഞ്ഞപ്പം അതുവരെ വിയര്‍ത്തു നിന്ന ശരീരം പെട്ടെന്നങ്ങ് കുളിര് കോരിത്തണുത്തു.
'വരണതും വരാത്തതും നെന്റെയിഷ്ടം. അടക്കം കഴിഞ്ഞാ ഞാനാ മാരിച്ചെറുക്കനേംകൊണ്ട് വടക്കോട്ടെങ്ങാനും പോകും. ഈടെയിനി പറ്റൂല്ല.'
നൂലുപോലെ വരണ പൈപ്പുവെള്ളം പിടിച്ച് തലവഴിയേ ഒഴിക്കുമ്പോഴും സോഫി തൂങ്ങിച്ചാകുമെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മുറിയില്‍ച്ചെന്ന് കൈയിക്കിട്ടിയ
ഒരു ജോഡി മുണ്ടും ഷര്‍ട്ടും മടക്കിയെടുത്ത്, കിട്ടിയ വണ്ടിക്കുള്ള വരവാണ്.
കോളനിയിലൂടെ ഒഴുകുന്ന അഴുക്കുചാലുപോലെയാണ് ഇവിടത്തെ ജീവിതങ്ങളുമെന്ന് ഇതിലേ നടക്കുമ്പോഴൊക്കെത്തോന്നും. എത്ര തെളിഞ്ഞാലും, മുഖം ചുളിക്കാതെ ആരും ഇങ്ങോട്ടു വരാറില്ല.
മൂത്രച്ചൂരില്‍ മൂക്കെരിഞ്ഞു നീറുന്ന ഇടവഴിയില്‍ കൊച്ചാപ്പനും കൂട്ടുകാരനും ബീഡിക്കു തീകൊളുത്തി എന്തോ രഹസ്യം പറയുന്നുണ്ടായിരുന്നു.
'അടച്ചുറപ്പില്ലാത്ത രഹസ്യങ്ങളെല്ലാം പിച്ചാത്തിത്തുമ്പുപോലെ മൂര്‍ച്ചയുള്ളവയാണെ'ന്നാണ് കൊച്ചാപ്പന്‍ പറയാറ്. ഒന്നു പിഴച്ചാല്‍ തൊണ്ടക്കുഴിയിലൂടെ ചോര ചാടും. കണ്ണു മലച്ചു മറ്റൊരു രഹസ്യമായി പിറ്റേന്ന് മാനം നോക്കിക്കിടക്കേണ്ടി വരും.
'അടക്കം ഇപ്പം കഴിഞ്ഞേള്ള്. ബാ...' കൊച്ചാപ്പന്‍ മുന്നിലേ നടന്നു.
'ഞാന്‍ പെരയ്ക്കകത്ത് ഇരിക്കാം.'
കൊച്ചാപ്പന്‍ തിരികെപ്പോയി. ദ്രവിച്ചു തുരുമ്പെടുത്ത തകരഷീറ്റെടുത്തു മാറ്റി, അകത്തു കയറി. നീല ടാര്‍പ്പാളം വലിച്ചു കെട്ടിയ മേല്‍ക്കൂരയുടെ വിള്ളലുകളില്‍ തുന്നിച്ചേര്‍ത്ത ചെറിയ ആകാശവും പെറ്റുപെരുകിയ നക്ഷത്രങ്ങളും.
അലുമിനിയം ഷീറ്റും പട്ടികകളും ചേര്‍ത്തടിച്ച് മറച്ച അരമതിലിനപ്പുറമാണ് ചുടുകാട്.
പകലും രാത്രിയും ശവം കത്തിയെരിയുന്ന ദുര്‍ഗ്ഗന്ധമാണ്. മൂരിനിവരുന്ന കാറ്റിനും മരിച്ചവരുടെ നിഴല്‍ച്ഛായയുണ്ട്.
പണ്ട്, ചുടലക്കാട്ടീന്ന് എല്ലു പൊട്ടണ ശബ്ദം കേട്ടതും, നെഞ്ചുങ്കൂടിനുള്ളില്‍ പാതി വെന്ത ഹൃദയമിരുന്ന് തുടിച്ചതും, കത്തിക്കൊണ്ടിരുന്ന ശരീരം ചാടിയെണീറ്റു നിന്നതുമൊക്കെ ഭയം കൂട്ടിക്കുഴച്ച് കഥയാക്കി പറഞ്ഞുതന്നിരുന്നത് ചെമ്പനാണ്. അതൊക്കെ കേട്ട് പേടിച്ചു കരഞ്ഞ സോഫീടെ മരണം കൂടാനാണല്ലോ വന്നതെന്നാലോചിച്ചപ്പോള്‍ കണ്ണു കലങ്ങി. ഒട്ടും ധൈര്യമില്ലാത്ത അവളിങ്ങനെ കെട്ടിത്തൂങ്ങിച്ചാകുമെന്ന് ആരറിഞ്ഞു!
എച്ച്മിയമ്മച്ചിയുടെ കൂടെയായയിരുന്നു ചെമ്പന്റെ താമസം. അതിനടുത്താണ് സോഫിയുടെ വീടും. ചെമ്പന്‍ സോഫീടെ വീട്ടിലാണ് ടി. വി. കാണാന്‍ പോയിരുന്നത്. കൂടാതെ അവന്റെ രഹസ്യങ്ങളെല്ലാമറിയാവുന്നതും അവള്‍ക്കാണ്.
മഴ തുടങ്ങിയാല്പിന്നെ കുര്യാത്തി ഇരുട്ടിലാകും. തീറ്റയും കുടിയുമെല്ലാം ചിമ്മിനി വിളക്കിന്റെ ഇത്തിരിവെട്ടത്തിലൊതുങ്ങും.
അങ്ങനെയുള്ള കോരിച്ചൊരിയണ മഴയും ഇടിയുമുള്ള ഒരു രാത്രി. കൊടുവാളുപോലെ മിന്നല്‍ വെളിച്ചം പെരയ്ക്കകം തുളച്ചു കയറുന്ന വെട്ടം മാത്രം. മഴവെള്ളം വീണണഞ്ഞ നെരിപ്പോടുപോലെ ആകാശം കെട്ടു പുകഞ്ഞു. പിറ്റേന്ന് കുര്യാത്തി ഉണര്‍ന്നത് എച്ച്മിയമ്മച്ചീടെ നെലവിളി കേട്ടുകൊണ്ടാണ്.
ഉറക്കപ്പായില്‍ കിടന്ന ചെമ്പനെ കാണാനില്ലെന്നുംപറഞ്ഞ് മുതുക് കൂനിച്ച്, അവരാ തകരക്കെട്ടിലിരുന്നു കരഞ്ഞു. മഴക്കോളുരുണ്ടുകൂടി അന്തരീക്ഷം മയങ്ങിക്കിടന്നു. തിരച്ചിലിനൊടുവില്‍ ചുടുകാട്ടിലെ വിറകുപുരയുടെ അകത്തുനിന്നും ചെമ്പനെ കണ്ടു കിട്ടി.
ചോരയൂറ്റിക്കുടിച്ച് വിളര്‍ച്ച ബാധിച്ച ശരീരം. മഴത്തുള്ളലില്‍ വീര്‍ത്തു പൊട്ടിത്തടിച്ച മുറിവുകള്‍, പുഴയില് വീണു മരിച്ച, ജഡത്തിന്റേതുപോലുള്ള നിറംകെട്ട ചുണ്ടുകള്‍. ഒരാഴ്ച ആശുപത്രിയില്‍ക്കിടന്നിട്ടാണ് അവനും എച്ച്മിയമ്മച്ചിയും തിരികെ വന്നത്.
പിന്നീട് പലപ്പോഴും ഇതുപോലെ ചെമ്പന്‍ ആത്മാക്കള്‍ക്കാഹാരമായി. അവന്‍ ആരോടും മിണ്ടാതെയായി. കളിക്കാന്‍ വരാതെയായി. എത്ര വട്ടം വിളിച്ചിട്ടും, മുറുക്കാന്‍കട വിട്ട് പുറത്തിറങ്ങിയില്ല.
കത്തുന്ന ചിതയിലെ തീഗോളം ലുങ്കിയില് പടര്‍ന്ന് കല്ലാണ്ടി രാജന്‍ ചത്ത ദിവസമാണ് പിന്നീട് ചെമ്പനെ ഞങ്ങള്‍ ചിരിച്ചു കണ്ടത്. അമ്പോറ്റിമ്മനെപ്പോലെ കലിയടങ്ങാതെ അവന്‍ ചിരിക്കുന്നതു കണ്ട് ഞാനും സോഫിയും കണ്ണു മിഴിച്ചു.
രക്തം ഇരച്ചുകയറി ചൊവന്നു കിടന്ന ഒരു നട്ടുച്ചയ്ക്ക് ചെമ്പന് അമ്പോറ്റിയമ്മന്റെ അനുഗ്രഹമുണ്ടായി. അവന്‍ അമ്പോറ്റിയമ്മന്റെ ചേല ചുറ്റി ഉറഞ്ഞുതുള്ളി. ചുടുകാട്ടിനു പുറകിലുള്ള മാടന്തമ്പുരാന്റെ കോവിലിനോടു ചേര്‍ന്നാണ് അമ്പോറ്റിയമ്മന്റെ നട. അവിടെവച്ചാണ് പണ്ട് രാജാവ് കുരുതി നടത്തിയിരുന്നത്.
കൊത്തിയ പാമ്പിന്റെ പല്ല്, അതിന്റെ നിഴലുപോലുമറിയാതെ പറിച്ചെടുക്കുന്ന വിദ്യ, ചെമ്പന്‍, സോഫിക്കു മാത്രമാണ് പറഞ്ഞുകൊടുത്തത്.
'പെണ്ണുങ്ങളുടെ ചിരിയാണിവനെ'ന്ന് കളിയാക്കിയ പച്ചക്കറിക്കടയില്‍ തൂക്കിക്കൊടുക്കാന്‍ നിന്ന സാംകുട്ടിയും, യൂണിഫോം തച്ചുതന്നിരുന്ന മോഹനന്‍ ചേട്ടനും ട്രെയിന്‍ തട്ടി മരിച്ചപ്പോള്‍ എല്ലൊടിയുന്ന ശബ്ദം കേള്‍ക്കാന്‍ ചുടുകാട്ടില്‍ ചെമ്പന്‍ കാത്തിരുന്ന രാത്രിയില്‍ സോഫി അവന്റെയാ വിദ്യ എന്നോടും പറഞ്ഞു.
വിറകുകൊള്ളിപോലെ പൊട്ടിമാറുന്ന അസ്ഥിക്കഷണങ്ങള്‍ കണ്ടു ചിരിച്ച ചെമ്പനന്ന് അമ്പോറ്റിയമ്മന്റെ കണ്ണിലെ അതേ ഭാവവും തിളക്കവുമായിരുന്നു.
'നീ അമ്പോറ്റിമ്മനായി വേഷം കെട്ടുന്നതല്ലേടാ'ന്ന് ഞാനൊരിക്കെ അവനോടു ചോദിച്ചു.
എന്റെ പളുങ്കുഗോലിയെ അടിച്ചു തെറിപ്പിച്ചുകൊണ്ട്, അവന്‍ പൊട്ടിച്ചിരിച്ചു.
'എല്ലാം ഒരു വേഷങ്കെട്ടലാണ് മുരുകപ്പാ! എല്ലാമവസാനിക്കുന്നിടം ദേണ്ടെ, അവിട ആ ചുടുകാട്ടിലാണ്. ആണോ പെണ്ണോ വെളുത്തതോ കറുത്തതോ ഒന്നൂല്ല. ആളിക്കത്തണ തീ മാത്രം. അവനവനോടുള്ള ഇഷ്ടവും അത്യാഗ്രഹങ്ങളും തോന്ന്യാസങ്ങളും, പിന്നെ നാളെയെന്തെന്നുള്ള ചോദ്യോം എല്ലാം അവിട അവസാനിക്കും. കൊറച്ച് പൊകയും കരിയും. അത്രേള്ള്!'
ആരുടെയോ ചിത കത്തിയ പുകയില്‍ ആകാശം കരിമ്പട്ടണിഞ്ഞു. പോക്കുവെയില്‍ ഉടയാട ചുറ്റി. അസ്തമയസൂര്യന്‍ ചെമ്പൊട്ടായി. മണിച്ചിലങ്ക കെട്ടിയ ഇരുട്ട് ഭൂമിയിലേക്കിറങ്ങി, നിലാവ് പുഞ്ചിരിക്കൊണ്ടു.
അമ്മന്റെ നടയിലെ ഉത്സവദിവസമാണ് അപ്പന്‍ മരിച്ചത്. തടി കേറ്റിക്കൊണ്ടിരുന്ന ലോറീന്ന് വീണ, തടിക്കടിയില്‍പ്പെട്ടുപോയ അപ്പന്റെ ശരീരം വലിച്ചെടുക്കാന്‍ ലോഡിങ്ങുകാര് വല്ലാതെ കഷ്ടപ്പെട്ടു.
വയറു പൊട്ടി കുടലും ചോരയുമായി കിടക്കണ അപ്പന്റെ ശരീരം ഉറക്കംകെടുത്തി. പാതിരാക്കാറ്റെത്ര വട്ടം കുരുക്ക് മുറുക്കിയിട്ടും കഴുത്തൊടിഞ്ഞില്ല. എന്റെ ഉറക്കം കണ്ണു മിഴിച്ചുതന്നെ നിന്നു. ഓരോ ഉരുളയും പിന്നീട് തൊണ്ടയിലിരുന്നിറുകി.
ഓണപ്പരീക്ഷ കഴിഞ്ഞ്, കിട്ടിയ അഞ്ചു കിലോ റേഷനരിയും തലേല് ചുമന്നു വന്ന ദിവസം. പെരേല് പാലൊഴിച്ച പായസോം സദ്യയും ഉണ്ടായിരുന്നു. പൈസ പിരിവിനു കൊടുക്കണ മുരുകേശമ്മാമന്‍ അമ്മയെ കല്യാണം കഴിച്ച ദിവസമായിരുന്നു. അയാള് കൊണ്ടുവരുന്ന പൊരിച്ച ഇറച്ചീടേം മീനിന്റേം മണം ഞങ്ങട പെരേല് മാത്രം പൊതിതുറന്നു.
അധികനാളത് നീണ്ടില്ല. ഒരുറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് നോക്കുമ്പോള്‍ അമ്മേടെ വായ പൊത്തിപ്പിടിച്ച് നെഞ്ചത്ത് കുന്തിച്ചിരിക്കുന്ന മുരുകേശമ്മാമനെയാണ് കണ്ടത്. അയാളുടെ തന്തയ്ക്കു വിളിയും കാര്‍ക്കിച്ചു തുപ്പലും ഒന്നിച്ചായിരുന്നു മുഖത്തേക്ക് തെറിച്ചത്. നീറിപ്പോയ കണ്ണും വെപ്രാളത്തിലെണീച്ചപ്പോള്‍ പൊട്ടിപ്പോയ ട്രൗസറും മുറുക്കെപ്പിടിച്ച് ഓടിച്ചെന്നു കിടന്നത് ചെമ്പന്റെ തുന്നിക്കീറിയ പായിന്റെ ഇത്തിരിപ്പോലം സ്ഥലത്ത്.
സ്‌കൂളീന്ന് വന്നുകഴിഞ്ഞാല്പിന്നെ ചെമ്പന്റെ പെരേലായി. അമ്മയ്ക്ക് ആറു മാസം കഴിഞ്ഞപ്പം മുരുകേശമ്മാമന്‍ വടക്കോട്ട് കച്ചോടത്തിന് പോയി. വീണ്ടും എന്റെ കെടപ്പ് സ്വന്തം പെരേലേക്ക് മാറി.
രണ്ടൂസം വെള്ളം പൊട്ടിപ്പോയി നിന്നിട്ടാണ് അമ്മ പെറ്റത്. പെങ്കൊച്ചായിരുന്നു. മാലതി. അപ്പാന്നും അമ്മാന്നും വിളിക്കണേന് മുന്നേ 'അണ്ണാ'ന്ന് വിളിച്ച് പെണ്ണ്! അവള് വീഴാതെ നടക്കാന്‍ തുടങ്ങിയപ്പം മുരുകേശമ്മാമന്‍ വീണ്ടും തിരിച്ചുവന്ന്.
എന്റെ കിടപ്പ് വീണ്ടും ചെമ്പന്റെ ചാക്കിന്റെ അറ്റത്തായി. ഉറങ്ങാതെ കിടന്ന രാത്രിയിലൊക്കെ വലിയ വായില്‍ 'എന്നെ നുള്ളണണ്ണാ'ന്ന് വിളിച്ച് കരയണ പെണ്ണിന്റെ തൊള്ളകീറ്റല് കേള്‍ക്കാം. രണ്ടു ചെവിയും പൊത്തിപ്പിടിച്ച് കിടക്കുമ്പോള്‍ 'പോട്ടടാ'ന്ന് പറഞ്ഞു കെട്ടിപ്പിടിച്ചുറക്കിയത് ചെമ്പനാണ്.
അമ്മ വീണ്ടും ഓക്കാനിച്ചു തുടങ്ങിയപ്പം മുരുകേശമ്മാമന്‍, ഭര്‍ത്താവുപേക്ഷിച്ച ചന്ദ്രിച്ചേച്ചിയേംകൊണ്ടു വടക്കോട്ടു പോയി. ദുരിതക്കെട്ടില്‍നിന്നും ചിലത് ഊര്‍ന്നുപോയാലും മറ്റൊരഴുക്കുചാലിലേക്കാണെന്ന് മനസ്സിലാകുമ്പോ,പ്പിന്നെ സ്വയം ചെളി മണത്തു തുടങ്ങും.
പിന്നങ്ങോട്ട് പട്ടിണിയും ദുരിതവും കൂടിക്കലങ്ങി ചെളി മണത്തറിഞ്ഞ ജീവിതമായിരുന്നു. പഠിത്തം നിര്‍ത്തി. കൂലിവേലയ്ക്കിറങ്ങി. പ്രസവത്തോടെ തളര്‍ന്നുപോയ അമ്മേം മാലതിയും വളര്‍ച്ചയില്ലാത്ത ഒരാണ്‍കുട്ടിയും. 'മാരി'യെന്നു പേരിട്ടത് ഞാനാണ്.
കൂലി കിട്ടണ എല്ലാപ്പണിയും ചെയ്തു. എന്നിട്ടും തുളയില്ലാത്ത സൂചികൊണ്ട് നിയമം ഞങ്ങളെ കള്ളക്കേസുകളില്‍ തുന്നിച്ചേര്‍ത്തു. സ്വര്‍ണ്ണക്കടയില്‍നിന്നും മോഷണം പോയപ്പോള്‍ ഉണ്ടാക്കിയ പ്രതിപ്പട്ടികയില്‍ കോളനിപ്പിള്ളേരുടെ ലിസ്റ്റെടുത്തു. കൂട്ടത്തില്‍ എന്റെ പേരുമുണ്ടായിരുന്നു.
ഇടികൊണ്ട് വന്നു കിടന്നാല്‍ തൊണ്ടയ്ക്കു താഴെ വെള്ളമിറങ്ങില്ലെങ്കിലും, വിശന്നിട്ട് വയറ്റിലൊരു തീയാളലാണ്! ചുട്ടെടുത്ത ഉണക്കമീനും ചമ്മന്തിയരച്ചതും കൂട്ടി, നിറഞ്ഞ കണ്ണുകളോടെ സോഫി കഞ്ഞി കോരിത്തന്നു. അവളുടെ അപ്പന്‍ വീട്ടിലില്ലാത്ത നേരത്തൊക്കെ കാണാന്‍ വന്നു.
എണീക്കാന്‍ വയ്യാതെ കിടന്ന ആറു മാസങ്ങള്‍. വിശപ്പിന്റെയും സൂക്കേടിന്റെയും ഇടയിലൂടെ കൈവണ്ടി വലിച്ചു വന്ന കൊച്ചാപ്പനില്ലായിരുന്നുവെങ്കില്‍ പട്ടിണി കിടന്നു ചത്തേനേ.
കൊച്ചാപ്പന്‍ അമ്മയ്ക്കുള്ള മരുന്നു വാങ്ങി. മാലതിക്ക് രണ്ടു മൂന്ന് പാവാടയും ഉടുപ്പും, പിന്നെക്കുറച്ച് പലചരക്ക് സാധനങ്ങളും. അങ്ങനെ കൊച്ചാപ്പനുംകൂടി ചെലവ് നോക്കിത്തുടങ്ങിയപ്പോള്‍ മാരിച്ചെറുക്കനും കനംവച്ചു.
മാലതിയോടായിരുന്നു കൊച്ചാപ്പന് കൂടുതലിഷ്ടം. അവള്‍ക്ക് ഇഷ്ടമുള്ള ഉഴുന്നുവടയേ എന്നും വാങ്ങൂ. കുറ്റവും കുറവും പറഞ്ഞ് കെറുവോടെ അവളതെടുത്ത് പുറത്തേക്കെറിയും. മണ്ണു തുടച്ച് കൊച്ചാപ്പന്റെ തുടയില്‍ക്കയറിയിരുന്ന് മാരി ആ വട മൊത്തം തിന്നും. ഉഴുന്നുവടയുടെ കനച്ചയെണ്ണ മൊത്തം മേത്താക്കിയിട്ട് ഒരു നിപ്പൊണ്ടവന്‍! കൊച്ചാപ്പന്‍തന്നെ കുളിപ്പിക്കും. ജനിച്ചപ്പം എലിക്കുഞ്ഞിന്റെപോലെയിരുന്ന ചെറുക്കന്‍ പെരുകിപ്പെരുത്ത് പെണ്ണുങ്ങളെക്കൂട്ട് മൊലയൊക്കെ തൂങ്ങിത്തുടങ്ങി.
കോളനിക്കപ്പുറം നടന്ന മോഷണക്കേസില്‍ സംശയിച്ച് വീണ്ടും പോലീസെന്നെ പിടിച്ചു. ചൂണ്ടാണിവിരലില്ലാത്തവരെ തല്ലാം, കൊല്ലാം. അതാണ് നിയമം. ചെയ്യാത്ത കുറ്റം ചുമക്കാന്‍ വയ്യാഞ്ഞിട്ടാണ് ആരുമറിയാതെ വടക്കോട്ട് പണിക്കു പോയത്.
മാസത്തിലൊരിക്കല്‍ വരും. സോഫി ഇഷ്ടമുള്ളത് വച്ചുണ്ടാക്കിത്തരും. വരുമ്പോഴൊക്കെ മാലതിപ്പെണ്ണ് കെട്ടിപ്പിടിച്ചു കരയും. അമ്മേംകൂടെ പോയപ്പോ തനിച്ചായത് അവളാണ്. പിന്നീട് വരുമ്പോഴൊക്കെ 'ഇനിയണ്ണന്‍ പോണ്ടാ'ന്ന് പറയും. പോകാന്‍ ഇഷ്ടമുണ്ടായിട്ടല്ല. അവളെ ഒരാളുടെ കൈയില്‍ അന്തസ്സോടെ പിടിച്ചു കൊടുക്കാനുള്ള ആശകൊണ്ടാണ്.
അവിടെ റോഡ്പണിയാണ്. പണി കഴിഞ്ഞ് റോഡിന്റെ അറ്റത്തുതന്നെ കിടക്കും. പാതിരാത്രിയായിക്കഴിഞ്ഞാല്പിന്നെ ആരെങ്കിലുമൊക്കെ അറിഞ്ഞോണ്ട് മേത്തു ചവിട്ടും. ആദ്യത്തെ ചവിട്ടില്‍ 'അയ്യോ'ന്നു വിളിച്ച്, ഉണര്‍ന്നുപോയി.
അവിടെയുമിവിടെയുമൊക്കെ കിടക്കുന്നവരെ മുഖം മറച്ച ചിലര്‍ ചവിട്ടുന്നുണ്ട്. തലയിലൂടെ പുതച്ചു കിടക്കുന്നവരൊന്നും എത്ര ചവിട്ടിയിട്ടും ഉണരുന്നേയില്ല. കുറേ ശവക്കെട്ടുകള്‍ക്കൊപ്പം കിടക്കുന്നതുപോലെയാണ് തോന്നിയത്. നാളെ കണ്ണു മിഴിക്കാന്‍ കാത്തുകിടക്കുന്ന ശവശരീരങ്ങള്‍. എന്നുമിതുപോലെ ആരെങ്കിലുമൊക്കെ വന്നു ചവിട്ടും. ഹിന്ദിയില് തെറി പറയും. ഒരു പെണ്ണിന്റെ നെലോളി കേള്‍ക്കുംവരെ അതു തുടരും. അപ്പോഴൊക്കെ, മാലതിപ്പെണ്ണിനെയോര്‍ക്കും. അവള്‍ക്കുവേണ്ടി സൊരൂക്കൂട്ടണ പൈസ നെഞ്ചോട് ചേര്‍ത്തുപിടിച്ചങ്ങുറങ്ങും. ആര് ചവിട്ടിയാലുമുണരാത്ത ശവമാകും!
സോഫി, കോര്‍പ്പറേഷനില്‍ ചവറെടുക്കാന്‍ വന്നിരുന്ന വിനായകനെ കെട്ടിപ്പോയപ്പോള്‍ വല്ലാത്തൊരു നീറ്റലായിരുന്നു. അമ്പോറ്റിമ്മന്റെ നടയിലെ കണക്കെഴുത്തും ചുടുകാട്ടിലെ ശരീരങ്ങളേയും കാത്ത് ചെമ്പന്‍ അവന്റെ ജീവിതം മരിച്ചവര്‍ക്കൊപ്പമാക്കി.
വാതിലില്‍ കെട്ടിവച്ചിരുന്ന കയറഴിച്ച് അവന്റെ മുറിക്കകത്ത് കയറി ലൈറ്റിട്ടു. മടക്കുകട്ടിലില്‍ കിടന്നപ്പോള്‍ 'മുരുകപ്പാ'ന്നൊരു വിളി. ചെമ്പനാണ്.
'എന്തോന്ന് കോലോടാ ഇത്? താടിയും മുടിയുമൊക്കെ നീട്ടിവളര്‍ത്തി, കണ്ടാ തിരിച്ചറിയൂലല്ലാ!'
അവനെന്റെ താടിയിലും കവിളിലുമായി അമര്‍ത്തിത്തൊട്ടു. കണ്ണുകള്‍ നെറഞ്ഞു. കെട്ടിപ്പിടിച്ചു. അവന്റെ ശരീരത്തിന് മരണത്തിന്റെ തണുപ്പ്!
'എല്ലാരെയും ഓര്‍ക്കാറുണ്ടടാ. ഉറക്കത്തിലായാലും, ഇടയ്ക്ക് ഓര്‍മ്മകളുടെ കെട്ടുതട പൊട്ടുമ്പം, മനസ്സ് കലങ്ങിമറിയും. തീവണ്ടിപ്പാളത്തിലൂടെ ആരോ ഓടുന്നത് സ്വപ്നം കാണും. അതെന്റെ മാലതീടെ രൂപമായി തെളിഞ്ഞു വരുമ്പം, കെടക്കുന്നത് നിന്റെ ചാക്കിന്റെ അറ്റത്തായിരുന്നെങ്കിലെന്ന് വെറുതേ കൊതിക്കും.'
ചെമ്പന്റെ കൈയുംപിടിച്ച് ഞാന്‍ ചുടലപ്പറമ്പിലേക്കു നടന്നു.
'നമ്മുടെ സോഫിയാണ്,' എരിഞ്ഞു കത്തുന്ന ചിതയിലേക്ക് അവന്‍ വിരല്‍ ചൂണ്ടി.
'അവളെന്താടാ ഇതുവരെ അണയാത്തത്?' ഞാനവളുടെ ചിരിയോര്‍ത്തു.
'സ്വപ്നങ്ങളും സങ്കടങ്ങളുമെല്ലാം നെഞ്ചിലല്ലേടാ ഒതുക്കിവയ്ക്കണത്! അണയാന്‍ സമയെടുക്കും.' അവന്‍ കമ്പുകൊണ്ട് കനല് കുത്തിയിട്ടു.
'അവള്‍ എന്തിനാടാ ഇങ്ങനെ ചെയ്തത്?' ഞാനാ കനലിന്റെ ഉള്ള് തിരഞ്ഞു.
'ഒരുപാട് സഹിച്ചു. നിറവയറുള്ള
പെണ്ണിന്റെ ഇടുപ്പുലച്ച്, തുടിപ്പും പൊടിപ്പും കെടുത്തിയാല്‍...ചെയ്യാന്‍ പറ്റണതിന്റെ അവസാനത്തെ ഉത്തരത്തില്‍ അവള് കെട്ടിത്തൂങ്ങി.'
ചെമ്പന്റെ കാലിലെ നീരൊലിക്കുന്ന വ്രണങ്ങള്‍ കനലേറ്റ് ചുവന്നു തിളങ്ങി.
'ഞാന്‍ കരുതി നീയവളെ കെട്ടുമെന്ന്. നിനക്ക് അവളെ ഇഷ്ടമല്ലേര് ന്നാ?'
'ഉഉളില് നിന്നേംകൊണ്ടു നടന്ന സോഫിയെ ഞാനെങ്ങനെ കെട്ടുമെടാ! നീ അവളുടെ ഉള്ളറിഞ്ഞിട്ടുണ്ടാ? അതൊക്കെപ്പോട്ട്; നീയെന്നെ അറിഞ്ഞിട്ടുണ്ടോ?'
ചെമ്പന്റെ ചോദ്യങ്ങളില്‍ കറുത്ത പുക നിറഞ്ഞു കുമിഞ്ഞു. അപ്പോഴേക്കും ജീവനില്ലാത്ത മറ്റൊരു ശരീരം അവനെത്തേടിയെത്തിയിരുന്നു. അവന്‍ എന്നെ മറന്നു. പതിയെ, ഞാന്‍ അവനെയും!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates