സി ഹനീഫ് എഴുതിയ കഥ AI image
Pen Drive

അമ്പതു കഴിഞ്ഞാല്‍ പ്രണയത്തിനല്ല മധുരമേറുന്നത്, അതിന്റെ ഓര്‍മകള്‍ക്കാണ്

അജ്ഞാതനായ സുഹൃത്തിന് - സി ഹനീഫ് എഴുതിയ കഥ

Author : സി ഹനീഫ്

ഞാന്‍ സത്യപാലന്‍.

തിയ്യതിയോ നേരമോ തിട്ടമില്ലാത്ത ഒരസമയത്താണിതു കുറിക്കുന്നത്. ചുറ്റും ഭയാനകമായ നിശ്ശബ്ദതയാണെന്നൊക്കെ വേണമെങ്കില്‍ ആലങ്കാരികമായി പറയാം. എന്നാല്‍ ചില ശബ്ദങ്ങളൊക്കെ കേള്‍ക്കുന്നുണ്ട്. ദൂരെയെവിടെയോ നിന്ന് കാലന്‍ കോഴി ഇണയെത്തേടി ഉയര്‍ത്തുന്ന ശബ്ദമാണതിലേറ്റം ഉച്ഛസ്ഥായിയിലുള്ളത്. മരണത്തിന്റെ ദൂതാണതെന്ന് ചെറുപ്പത്തിലാരോ പറഞ്ഞു ഫലിപ്പിച്ചതു കാരണം മറ്റൊരു ചിന്തയും അതിലൂടെന്നിലെത്തുന്നില്ല. ഇത്തരം പക്ഷികളുടെ കൂവല്‍ ഈയിടെയായധികം കേള്‍ക്കാറില്ല. വംശനാശം വന്നു തുടങ്ങിയ പലതില്‍ ഒന്നായി അവയും മാറിയിരിക്കാം.

മകന്‍ വന്നിരുന്നു. മുള്ളില്‍ ചവിട്ടിയതു പോലെ നിന്നു പത്തു മിനിറ്റു നേരം എന്തൊക്കെയോ പറഞ്ഞിട്ടു പോയി.

''അച്ഛനിതെന്തു ഭാവിച്ചാ? വെറുതേ ആള്‍ക്കാരെക്കൊണ്ട് അതുമിതും പറയിപ്പിക്കാന്‍. വയസ്സ് താഴോട്ടല്ല, മുകളിലോട്ടാണു പോകുന്നതെന്നോര്‍മ്മ വേണം.''

''അരവിന്ദാ, നാട്ടുകാര് എന്തു പറയുന്നൂന്ന് നോക്കീട്ടല്ല നമ്മള്‍ ജീവിക്കേണ്ടത്. ഞാന്‍ ആര്‍ക്കും ഒരു ശല്യവുമാവാതെ ഇവിടിങ്ങനെ കഴിഞ്ഞോട്ടേന്ന്..''

അവനെന്നെ കൂട്ടാനൊന്നും വന്നതല്ലെന്ന് എനിക്ക് നന്നായറിയാം. ആരെങ്കിലും ചോദിച്ചാല്‍ പറയണം.

''എന്തു ചെയ്യാനാ, ഞാനിന്നലേം പോയി വിളിച്ചു. എങ്ങോട്ടും വരുന്നില്ലെന്ന് ഒരേ വാശി. അവസാന കാലത്ത് ഇങ്ങനെ കുടുസ്സു മുറീല്‍ വാടകയ്ക്ക് കഴിയേണ്ട വല്ല കാര്യവുമുണ്ടോ.''

ഇറങ്ങുമ്പോള്‍ പടിക്കലോളം ഞാന്‍ ചെന്നു. ഡ്രൈവിങ് സീറ്റില്‍ അവന്റെ സഹധര്‍മ്മിണിയുണ്ട്. അവന്‍ കയറി ബെല്‍റ്റിടാന്‍ നേരം എന്തോ പറഞ്ഞു ചിരിക്കുന്നു. ഞാന്‍ ചെല്ലാത്തതിലുള്ള ആശ്വാസമായിരിക്കാം. മിക്കവാറും എല്ലാ രോഗികളും ഇതു തന്നെയാണു ഇച്ഛിക്കുന്നത്.

അതു പോട്ടെ, നമ്മളെന്താണു പറഞ്ഞു വന്നത്. ഏകാന്തത. അതു തന്നെ. പുസ്തകങ്ങള്‍ തൊടരുതെന്നാണ് ഡോ. ഇമ്മാനുവേലിന്റെ തിട്ടൂരം. അത് ഒറ്റപ്പെടലിനെ മള്‍ട്ടിപ്ലൈ ചെയ്യുമത്രേ.. അല്ലെങ്കിലും ഈ ഡോക്ടേഴ്‌സ് പറയുന്ന പലതിലും ഒരു കാര്യവുമില്ല. അതു കൊണ്ടൊന്നുമല്ല, പുസ്തകമെടുക്കുമ്പോള്‍ ഒരുതരം മടുപ്പാണ്. ഉപയോഗശേഷം പാഴ് വസ്തുവാകുന്ന പേപ്പര്‍ ഗ്ലാസ്സു പോലെയാണു ഇപ്പഴത്തെ പുസ്തകങ്ങള്‍. വായിക്കുമ്പോള്‍ ഒരു രസം. കാമ്പില്ല. ജീവിതത്തിനുമില്ലല്ലോ കാതല്‍. വിരസതയാണു മെച്ചം. മെരുങ്ങിയാല്‍ മനുഷ്യന് വിരസതയോളം നല്ലൊരു കൂട്ടില്ല. അല്ലേ..

നീയിതൊന്നുമംഗീകരിക്കില്ലെന്നറിയാം. നീയെന്നല്ല പലരും. അല്ലെങ്കിലും ആരാരെ അംഗീകരിക്കുന്നു. അംഗീകരിച്ചാല്‍ തന്നെ എന്തു കാര്യം. ഓരോരുത്തര്‍ക്കും ഓരോ വഴി. അതല്ലെങ്കില്‍ ഓരോരുത്തര്‍ക്കും ഒന്നിലധികം വഴി.

അതു പറഞ്ഞപ്പഴാണോര്‍ത്തത്. യമുനാകല്യാണി മെസേജയച്ചിരുന്നു. അവളുടെ മകള്‍ നൃത്തത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് ആംസ്റ്റര്‍ഡാമിലേക്കു പോകുന്ന കാര്യം സൂചിപ്പിച്ചു കൊണ്ട്. ഞാനത് കണ്ടത് ദിവസങ്ങള്‍ കഴിഞ്ഞായിപ്പോയി. അല്ലെങ്കിലും ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കുമെല്ലാം രസം മാത്രമല്ല കൊല്ലുന്നത്. രസമുകുളങ്ങളെത്തന്നെയാണല്ലോ.

എവിടെയോ ജീവിച്ചിരുന്ന അവളിലെ പഴയ വിസ്മൃതപ്രണയത്തെ ഞാന്‍ തന്നെയാണു തിരഞ്ഞു ചെന്നത്. ഒറ്റപ്പെടലിന്റെ തുടക്കത്തില്‍, അറിയാതെയെന്നു പറയാനാവില്ല അറിഞ്ഞുകൊണ്ടു തന്നെ. പിന്നെയാണു മനസ്സിലായത്, അമ്പതു കഴിഞ്ഞാല്‍ പ്രണയത്തിനല്ല മധുരമേറുന്നത്. അതിന്റെ ഓര്‍മകള്‍ക്കാണ്.

ബന്ധത്തിന്റെ രണ്ടാം ഖണ്ഡം വികര്‍ഷണത്തിന്റെതാണെടോ. അതാവര്‍ത്തിക്കാന്‍ ശ്രമിക്കരുത്. അപ്പോള്‍ നീ ചോദിക്കും. ഒന്നാം ഖണ്ഡമെന്താണെന്ന്. അതും മറ്റൊന്നല്ല. പക്ഷെ അപ്പോഴതിന് ശരത്കാലത്തിന്റെ ആടയാഭരണങ്ങളാണെന്നു മാത്രം. ഒരര്‍ത്ഥത്തില്‍ ആകര്‍ഷണമെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന വികര്‍ഷണമാണ് പ്രണയം.

ജീവിതം ഒരു ലിറ്റ്മസ് പേപ്പര്‍ പോലെയാണ്. നമ്മളാകുന്ന ലായനിക്കനുസരിച്ചാണ് അതിന്റെ നിറം രൂപപ്പെടുന്നത്

''ഒരു നിമിഷം. വാതിലിലാരോ തട്ടുന്നുണ്ട് ഒന്നു നോക്കട്ടേ..''

''ഹൊ, നിശാഗന്ധി നീയായിരുന്നോ.'' അവളെന്റെ മടിയില്‍ കയറി ഇരിക്കാനുള്ള ശ്രമത്തിലാണ്.

''ഞാനൊന്നുമുണ്ടാക്കിയിട്ടില്ല. അടുക്കളയില്‍ വല്ലതുമിരിപ്പുണ്ടോ എന്ന് ചെന്നു നോക്ക്.''

പറഞ്ഞത് മനസ്സിലായിട്ടോ എന്തോ അവള്‍ അടുക്കളയിലേക്കു പോയി.

നിശാഗന്ധിയെ ഞാന്‍ വളര്‍ത്തുന്നതൊന്നുമല്ല. അവളുടെ ഇഷ്ടത്തിന് വരും പോകും. ചിലപ്പോള്‍ ദിവസങ്ങളോളം കാണില്ല. ഇനി വരില്ലെന്ന് ഉറപ്പിക്കുമ്പോഴാവും കേറി വരുന്നത്. അതു കൊണ്ടു തന്നെ ഞാന്‍ കാത്തിരിക്കാറില്ല. പരിസരത്തുള്ള മറ്റു പൂച്ചകളൊന്നും പൊതുവേ ഇങ്ങോട്ടു വരാറില്ല. നിശാഗന്ധിയൊഴികെ.

വേറെയുമുണ്ട്. പരദേശികള്‍, പ്രാണികള്‍, പാറ്റകള്‍. എല്ലാവര്‍ക്കും സ്വാഗതം. എല്ലായ്‌പോഴും സ്വാഗതം. കൂട്ടത്തില്‍ സാക്ഷിയായ് ഞാനും.

''ഫോണിലെന്തോ മെസേജു വന്നിട്ടുണ്ട്. എന്താണത്.''

പെന്‍ഷന്‍ റീഡയറക്റ്റ് ചെയ്തതിന്റെ അറിയിപ്പാണ്. ഞാന്‍ തന്നെ ചെയ്തുവെച്ചതാണത്. ട്രഷറിയില്‍ നിന്നും ക്രെഡിറ്റ് ആവുന്ന മുറക്ക് തുക മനൈവിയുടെ അക്കൌണ്ടിലേക്കു പോകും. അപ്പോള്‍ നിനക്കു ജീവിക്കേണ്ടേ എന്നു ചോദിക്കരുത്.

ജീവിതം ഒരു ലിറ്റ്മസ് പേപ്പര്‍ പോലെയാണ്. നമ്മളാകുന്ന ലായനിക്കനുസരിച്ചാണ് അതിന്റെ നിറം രൂപപ്പെടുന്നത്.

മൊബൈലില്‍ ആയിരത്തഞ്ഞൂറ് കോണ്‍ടാക്ടുകള്‍ ഉണ്ടായിരുന്നത് ഓരോന്നായി ഡിലിറ്റ് ചെയ്ത് ഇപ്പോള്‍ നാല്‍പത്തെട്ടിലെത്തി. പതിനാറെണ്ണം മരിച്ചു പോയവരുടേതായിരുന്നു. വിളിക്കാന്‍ അഞ്ചോ ആറോ നമ്പറുകള്‍ ധാരാളം. അതും വ്യാവഹാരികാവശ്യങ്ങള്‍ക്ക്.

മധുപാലാണ് അവസാനമായി വിളിച്ചത്. അവനുണ്ടാക്കിയ വാട്‌സ്ആപ് ഗ്രൂപ്പ് ശുഭദിന മെസേജുകളില്‍ ഒതുങ്ങിപ്പോയത്രെ. അജ്മീറും കേദാര്‍നാഥും കഴിഞ്ഞ് അവന്‍ ഋഷികേശിലേക്കുള്ള യാത്രയിലാണ്. ആരോഗ്യവും ആത്മീയതയും ശ്രദ്ധിക്കാന്‍ അവന്റെ പ്രത്യേകമായുള്ള നിദ്ദേശമുണ്ടായിരുന്നു. യാത്രകള്‍ പുറത്തേക്കു മാത്രമല്ല, അകത്തേക്കുമാകാമെന്നു ഞാന്‍ പറഞ്ഞു വെച്ചു.

പിന്നെയുള്ളത് എയ്ഞ്ചല്‍ വര്‍ഗ്ഗീസും ഓമനക്കുട്ടനുമാണ്. എയ്ഞ്ചലിനെ ഇലവീഴാപൂഞ്ചിറ വെച്ച് കണ്ടിരുന്നു. ഇലക്ട്രോണിക് സിറ്റിയിലുള്ള ഹോസ്റ്റല്‍ ജീനക്കാര്‍ക്ക് മോട്ടിവേഷന്‍ ക്ലാസ്സെടുക്കാനായി പോകാനുള്ള തിടുക്കത്തിലായിരുന്നു. വയനാട്ടിലെയും കോളിയടുക്കത്തെയും വൃദ്ധമന്ദിരങ്ങളില്‍ പരിപാടി വന്‍ വിജയമായിരുന്നെന്നു പറഞ്ഞു. ഓണ്‍ലൈനില്‍ മൂന്നു മില്യന്‍ ഫോളോവേര്‍സ് കഴിഞ്ഞാഴ്ചയാണ് പൂര്‍ത്തിയായതത്രെ. പണം കൊണ്ട് സമാധാനവും ഡൈ ചെയ്ത് പ്രായവും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണവന്‍.

ജലാല്‍ ഇപ്പോഴും വാന നിരീക്ഷണവും കൃഷിയുമായി തിരക്കിലാണ്. നമ്മുടെ ലിപിയെ ഓര്‍മയില്ലേ? ജലഘടികാരം എന്നു വിളിച്ചു കളിയാക്കിയിരുന്നവള്‍. സംഗീതമായിരുന്നു അവള്‍ക്കെല്ലാം. അടച്ചിട്ട മുറിയില്‍ ഡിപ്രഷനുള്ള മരുന്ന് കഴിച്ചു കഴിയുന്നു.

മെഹര്‍ബാന്‍ ഒരു കത്തയച്ചിരുന്നു. പഴയ ഇന്‍ലന്റിലെഴുതി അതൊരു കവറിലിട്ട്. ഇന്‍ലന്റ് അവള്‍ കൃത്രിമമായി ഉണ്ടക്കിയതാണോന്നറീല്ല. താനൊരു അറുബോറനാണെന്നും അതു കൊണ്ടാണിങ്ങനെ ഏകാന്തതയെ വരിച്ച് ജീവിക്കുന്നതെന്നും. ഞാനതു വായിച്ചു കുറേ ചിരിച്ചു. ആന്റി റൊമാന്റിക് ആയ തന്റെ കവിതകള്‍ ആരു വായിക്കാന്‍ എന്നതായിരുന്നു മറ്റൊരു കമന്റ്.

നമ്മുടെ നാടിനെ കെ എന്ന സാങ്കല്‍പിക നഗരമായിട്ടാണ് അവളുടെ കത്തില്‍ പറഞ്ഞിരിക്കുന്നത്. സത്യത്തില്‍ ജിതിന്‍ ബാവരെ സംഘടിപ്പിച്ച ഗെറ്റ് ടുഗെദറില്‍ പങ്കെടുക്കാത്തതിന്റെ കെറുവാണവള്‍ക്ക്. തെറ്റാണ് ഞാന്‍ ചെയ്തത്. തെറ്റാണെന്നറിഞ്ഞു കൊണ്ട് അങ്ങനെ നാമെന്തെല്ലാം ചെയ്യുന്നു. സാരമില്ലെന്നേ..

പക്ഷെ ഞാനവടെ ചെന്നിരുന്നു കേട്ടോ. ഗെറ്റ് ടുഗെദര്‍ കഴിഞ്ഞ് എല്ലാവരും പോയ ശേഷം. നഗരം പുതിയ വസ്ത്രം അണിഞ്ഞിരിക്കുന്നു. വൈകുന്നേരം നമ്മള്‍ ചെന്നിരിക്കാറുള്ള പുല്‍ത്തകിടി ചുറ്റും വേലികെട്ടി അടച്ചിട്ടിരിക്കയാണ്.

ഇത്രയും നിരാശാഭരിതമായ വരികളേയുള്ളൂ

നിനക്കെന്നോടു പറയാന്‍ സഖേ..

തെല്ലൊരാത്മശാന്തിക്കായ് ചാരത്തിരിക്കൂ

നോവു മാത്രമായ് തീരുന്നതല്ലെടോ ജീവിതം

എന്നു നിനക്കെന്നോടു പറയാന്‍ തോന്നുന്നെങ്കില്‍ നന്ദി. ഇനി ഇതാണ് പോസിറ്റീവെങ്കില്‍ ഇങ്ങനെയും പറയാം. റാസല്‍ഖൈമയില്‍ നിന്ന് മകള്‍ വരുന്നുണ്ട്. അവളവിടെ സൈക്കോളജിസ്റ്റിന്റെ ജോലി ഉപേക്ഷിച്ച് ഐടി പാര്‍ക്ക് തുടങ്ങിയത്രേ. അവളു പറയുന്നത് അതാണിക്കാലത്ത് ഏറ്റവും ലാഭകരമായ മേഖലയെന്നാണ്. അവളും ഇവിടേക്ക് വരും. മകന്‍ വന്നതു പോലെ. ചിലപ്പോള്‍ കുറേക്കൂടി വില കൂടിയ കാറില്‍. പാരീസ് റസ്റ്റോറന്റില്‍ നിന്നു വാങ്ങിയ ബിരിയാണിയോ ജയഭാരതി ബേക്കറിയിലെ ലഡുവോ കാണും ഇവിടത്തെ മേശപ്പുറത്ത് വെക്കാന്‍.

അജ്ഞാതനായ സുഹൃത്തേ

ഈ എഴുത്ത് എങ്ങനെ അവസാനിപ്പിക്കണമെന്ന് എനിക്കൊരു പിടിയുമില്ല. ജീവിതം പോലെ, പ്രണയം പോലെ തുടര്‍ന്നു കൊണ്ടേയിരിക്കല്‍ മാത്രം മനുഷ്യധര്‍മ്മമായിട്ടുള്ള പലതും അസ്വാഭാവികമായി ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന ഒരുതരം അനിശ്ചിതത്വം ഇവിടെയുമെന്നെ വ്യാകുലനാക്കുന്നു.

ഒന്നു മറന്നു.

''ആ ഈനാശു ഇന്നലെ കൊണ്ടു തന്ന മൂന്ന് കറമൂസുകളില്‍ രണ്ടെണ്ണം വല്ലാതെ പഴുത്തതും ഇടയ്ക്ക് ദ്വാരം വീണതുമായിരുന്നു. അവനത് ശ്രദ്ധിക്കാത്തതല്ല. കുഴപ്പമില്ല. ഇടയ്ക്ക് എന്റെ ഉമ്മറത്തേക്ക് കയറി വരാറുള്ള അണ്ണാന്റെ പണിയായതു കൊണ്ട് ഒന്നും പറയാതെ പോയതായിരിക്കാം.''

തല്‍ക്കാലം നിര്‍ത്തുന്നു.

സ്‌നേഹപൂര്‍വ്വം,

സത്യപാലന്‍.

Malayalam short story written by C Haneef

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്കക്കൊമ്പനെ ആദ്യ മയക്കുവെടി വച്ചു; അര മണിക്കൂർ നിരിക്ഷണം

കുടുംബക്ഷേത്രമില്ലാത്തവർ എന്തു ചെയ്യണം?; കുലദേവതയെ അറിയാത്തവർ ആരെയാണ് ആരാധിക്കേണ്ടത്?

തിരുവനന്തപുരം IIST-യിൽ PhD Admission നേടാം; ഇപ്പോൾ അപേക്ഷിക്കൂ

അനധികൃത സ്വത്ത് സമ്പാദന കേസ്: രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി

യുദ്ധകാലത്ത് വിളിച്ച് അന്വേഷിച്ച സിനിമാ മേഖലയിലെ ഒരേയൊരാൾ ജയസൂര്യ; ഒടുവിൽ ആ സിനിമ സംഭവിച്ചു: നൈല ഉഷ