ജോസഫ് എബ്രഹാം എഴുതിയ കഥ AI Image
Pen Drive

''രണ്ടു കണ്ണുകളില്‍ ചുവന്ന ഹൃദയമുള്ള ഇമോജി 'എനിക്കു നിന്നോടു പ്രേമം' ആണെന്നുള്ളതാണെന്ന് എല്ലാവര്‍ക്കുമറിയാം''

ബൈഗന്‍ കാ ബര്‍ത്ത - ജോസഫ് എബ്രഹാം എഴുതിയ കഥ

Author : ജോസഫ് എബ്രഹാം

കൊളാബയിലെ നേവി ഹൌസിംഗ് കോളനിയിലെ അയല്‍ക്കാര്‍ക്കും സുഹൃത്തുകള്‍ക്കും വേണ്ടി നടത്തിയ പാര്‍ട്ടിയില്‍ പുതുപ്പെണ്ണായ റാണിയുണ്ടാക്കിയ 'ബൈഗന്‍ കാ ബര്‍ത്ത' എല്ലാവര്‍ക്കും വളരെ ഇഷ്ട്ടമായി.

ബര്‍ത്ത കഴിച്ച ഹിന്ദിക്കാരായ പട്ടാളക്കാര്‍ അവളുടെ മുഖത്തുനോക്കി 'അച്ഛാ,അച്ഛാ-' യെന്നു പറഞ്ഞു.

കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെങ്കിലും ഹിന്ദിയില്‍ വലിയ പിടിപാടില്ലാത്തതിനാല്‍ മറുവാക്കുകള്‍ ചിരിയിലൊതുക്കി വിനയാന്വതിയായി അവള്‍ നിന്നു.

കേരളത്തില്‍ അത്രകണ്ടു പരിചിതമല്ലാതിരുന്ന ബര്‍ത്തയുണ്ടാക്കാന്‍ എങ്ങനെയവള്‍ പഠിച്ചെന്നു അയല്‍വാസിയായ ലക്നോക്കാരി ലൈലാബീഗം അത്ഭുതപ്പെട്ടു.

സ്മാര്‍ട്ട് ഫോണ്‍, യൂട്യൂബ് തുടങ്ങിയ വിദ്യകളുടെ കണ്ടുപിടുത്തങ്ങള്‍ക്ക് മുന്‍പുള്ള കാലമായിരുന്നതിനാല്‍ യൂട്യൂബില്‍ നിന്നും പഠിച്ചതാണെന്ന നുണപറയുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും തരമില്ലായിരുന്നു.

'എന്റെ ഒരു ഫ്രണ്ട് പറഞ്ഞു തന്നതാണ്. അവള്‍ ജയ്പ്പൂരിലാണ്''

ഭര്‍ത്താവ് അവളുടെ മൊഴി അതിഥികള്‍ക്കായി തര്‍ജമ ചെയ്തു.

കമ്പിളിപ്പുതപ്പു വില്‍ക്കാന്‍ വന്ന രാജസ്ഥാന്‍കാരനൊപ്പം കമ്പിളികണ്ടത്തെ വീട്ടില്‍നിന്നും ഒളിച്ചോടിപ്പോയ ക്ലാസ്‌മേറ്റും കൂട്ടുകാരിയുമായ സ്വര്‍ണ്ണലതയുടെ പേരുപറഞ്ഞൊരു മുട്ടന്‍നുണ തട്ടിവിട്ടു തടിതപ്പിയെങ്കിലും ദേവദാസിനെ ഓര്‍ക്കാതിരിക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല.

അജ്മീറിലെ കാജാ മോയിനുദ്ദിന്‍ ഷിര്‍ദ്ദിയുടെ ദര്‍ഗയില്‍ പട്ടുവിരിനേര്‍ച്ച നടത്തിയിറങ്ങുന്നസമയം അവിടെനിന്നും പതിനഞ്ചുകിലോമീറ്റര്‍ പോയാല്‍ പുഷ്‌കറിലെ ബ്രഹ്മദേവക്ഷേത്ര ദര്‍ശനം നടത്തിവരാമെന്ന് ശ്രീനിവാസറാവു ദേവദാസിനോട് പറഞ്ഞു. പുഷ്‌കറിലേത് ലോകത്തിലെ ഏക ബ്രഹ്മദേവ ക്ഷേത്രമെന്നുകൂടി കേട്ടതോടെ അങ്ങോട്ടു പോകാന്‍ തീരുമാനിച്ചു.

പുലര്‍ച്ചെ ജയ്പൂരില്‍നിന്നും യാത്രതിരിച്ചതായിരുന്നു.

ദര്‍ഗയിലെ തിരക്കില്‍നിന്നും ഇറങ്ങിയപ്പോഴേക്കും നന്നായി വിശന്നുതുടങ്ങിയിരുന്നു.

ആ യാത്രയിലായിരുന്നു ദേവദാസ് 'ബൈഗന്‍ കാ ബര്‍ത്താ'യെന്നു ആദ്യമായി കേള്‍ക്കുന്നത്. പുഷ്‌കറിലേക്കുള്ള പാതയോരത്തെ ദാബയില്‍നിന്നും റൊട്ടിക്കൊപ്പം ലഭിച്ച ഒരു വിഭവം.

പാചകത്തില്‍ താല്പര്യമുള്ള ദേവദാസ്, ദാബയിലെ പാചകക്കാരന് പത്തുരൂപാ ടിപ്പുകൊടുത്ത് സംഗതി പാചകം ചെയ്യുന്ന വിധം മനസ്സിലാക്കിയെടുത്തു.

ദേവദാസപ്പോള്‍ വക്കീല്‍ഗുമസ്തനായി ജോലിചെയ്തു വരികയായിരുന്നു. മെച്ചപ്പെട്ട ജോലികള്‍ക്കുള്ള മത്സരപരീക്ഷകളും എഴുതിക്കൊണ്ടിരുന്നു. അങ്ങനെയൊരു ടെസ്റ്റെഴുതാന്‍വേണ്ടി ജയ്പ്പൂരില്‍ പോയതായിരുന്നു. ആ യാത്രയില്‍ കിട്ടിയ സുഹൃത്താണ് ശ്രീനിവാസറാവു.

യാത്രകഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ അവന്‍ ദാബയിലെ ഭയ്യയില്‍ നിന്നും മനസ്സിലാക്കിയ പ്രകാരം 'ബൈഗന്‍ ബര്‍ത്ത' ഉണ്ടാക്കിനോക്കി.

ആദ്യത്തെ പ്രാവശ്യം അത്രയ്ക്കങ്ങോട്ടൊത്തില്ല.

രണ്ടാംവട്ടം കൈക്കുറ്റപ്പാടൊക്കെ തീര്‍ത്തുണ്ടാക്കിയതില്‍ പാതികൊണ്ടുപോയി റാണിക്ക് കൊടുത്തു. ദേവദാസ് ജോലിചെയ്യുന്ന വക്കീലോഫിസിനു സമീപം തന്നെയുള്ള സഹകരണബാങ്കില്‍ താല്‍ക്കാലിക ജോലി ചെയ്യുകയായിരുന്നു അവളപ്പോള്‍.

ഒരുച്ചനേരത്ത് അവളുടെ മേശമേല്‍ പൊതികൊണ്ടുവെച്ചിട്ട് മിന്നായംപോലെ അവന്‍ തിരിച്ചുപോയി.

തിരഞ്ഞെടുത്ത വഴുതനങ്ങകള്‍ തൂക്കംനോക്കി പൊതിഞ്ഞുകെട്ടാന്‍ കച്ചവടക്കാരനു കൈമാറവേ അവളവന്റെ കാതില്‍ പറഞ്ഞു. '' എനിക്കിഷ്ടമാണ്''

റാണി പൊതിയഴിച്ചുനോക്കി. അപ്പോഴും ചൂടാറിയിരുന്നില്ല. സംഗതി എന്താണെന്നു അവള്‍ക്കു മനസ്സിലായില്ല. കാഴ്ചയില്‍ മസാലദോശയുടെ മസാല പോലൊരു ഐറ്റം. നല്ല സ്‌മോക്ക് ഫ്‌ലേവറുണ്ട്. പൊതികെട്ടാന്‍ ഉപയോഗിച്ച വാട്ടിയ വാഴയിലയുടെ മണംകൂടി ചേര്‍ന്നപ്പോള്‍ കൊതിപിടിപ്പിക്കുന്ന ഗന്ധം. അവന്‍ ഇടക്കിടെ ഇങ്ങനെ വല്ലതുമൊക്കെ അവള്‍ക്കു കൊടുക്കാറുണ്ട്. ഇനിയിതു വല്ല തന്തൂരി ഐറ്റവുമാണോ?

കൊതിമണം അവളുടെ നീണ്ടുമെലിഞ്ഞ മൂക്കിലൂടകത്തുകയറി നാവില്‍ വെള്ളമായി തുള്ളിയിട്ടു.

കൊതിപിടിപ്പിക്കുന്ന ഗന്ധം ഓഫീസിനുള്ളില്‍ നിറഞ്ഞു. കൊതിസഹിക്കാനാവാതെ റാണി ഒരുനുള്ള് വായിലിട്ടു രുചിനോക്കി.

ആഹാ.. അതിവിശേഷമായ രുചി!.

പക്ഷെ ഇതെന്തു സാധനം!. ഇറച്ചിയോ മീനോ പച്ചക്കറിയോ?

ഗ്രാമ്പുവും പട്ടയും വറുത്തരച്ചു വീട്ടിലുണ്ടാക്കുന്ന ഇറച്ചിമസാലയുടെ മണവും രുചിയും!. അവള്‍ ചുണ്ടില്‍ പറ്റിപ്പിടിച്ച രുചിയെ നാവുകൊണ്ട് തൊട്ടുഴിഞ്ഞുകൊണ്ടിരുന്നു.

അപ്പോഴേക്കും കൂടെ ജോലിചെയ്യുന്നവരില്‍ ചിലരും അവളുടെ മേശയുടെ അരികിലെത്തി. അവര്‍ ഓരോരുത്തരായി രുചിനോക്കി.

ഒരാള്‍പറഞ്ഞു നല്ല വരിക്കച്ചക്കക്കുരു ഇറച്ചിമസാലയിട്ട് ഉടച്ചുവേവിച്ചതുപോലെയുണ്ടെന്ന്.

മറ്റൊരാള്‍ പറഞ്ഞു നല്ല മൃദുവായ ചിക്കന്‍ തന്തൂരിമസാലയിട്ട് വേവിച്ചതാണന്നു.

വേറൊരാള്‍ പറഞ്ഞു ഏതോ പച്ചക്കറികൊണ്ട് ഉണ്ടാക്കിയതാണെന്ന്. തുലാമഴയില്‍ ഇടിവെട്ടിന്റെ പിറ്റേന്ന് മുളയെടുക്കുന്ന 'പറമ്പന്‍കൂണിന്റെ' സ്വാദെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. എന്തായാലും രുചി എല്ലാവര്‍ക്കും വളരെയേറെ ഇഷ്ട്ടപ്പെട്ടു.

അന്നു വൈകുന്നേരമാകാന്‍ പതിവിലും സമയമെടുക്കുന്നുവെന്നു റാണിക്ക് തോന്നി.

പിറ്റേന്നു കോടതിയില്‍ ഫയല്‍ചെയ്യാനുള്ള അന്യായത്തിന്റെ ബാക്കിയായ എഴുത്തുപണികള്‍ മറ്റൊരു ഗുമസ്തനെ ഏല്‍പ്പിച്ചശേഷം അഞ്ചുമണിയോടെ ദേവദാസ് വക്കീലോഫീസിനു പുറത്തിറങ്ങി റാണിയെ കാത്തുനിന്നു.

പതിവുപോലെ യാത്രപറഞ്ഞു തിരക്കിട്ട് പോകുന്നതിനു പകരം അന്നവള്‍ അവനൊപ്പം വര്‍ത്താനങ്ങള്‍ പറഞ്ഞുനടന്നു. നടപ്പിനിടയില്‍ ഇടയ്ക്കിടെ അവള്‍ പ്രേമപുരസ്‌കരം അവന്റെ മുഖത്തോട്ടുനോക്കി, അവനോടു ചേര്‍ന്നുനടന്നു. അവളുടെ സ്പര്‍ശനത്തിന്റെ ചൂടും കുളിര്‍മയും അതിന്റെ വാചാലതയും അവനന്നറിഞ്ഞു. അവളോടു മുട്ടിയുരുമ്മി അങ്ങനെ ലോകത്തിന്റെ അറ്റംവരെ നടക്കാനായി അവന്‍ കൊതിച്ചു.

പോകുന്നവഴിയില്‍ അവര്‍ പച്ചക്കറിക്കടയില്‍ കയറി. ബര്‍ത്ത ഉണ്ടാക്കുന്നതിനായുള്ള വഴുതനങ്ങ അവന്‍ ഓരോന്നായി നോക്കിയെടുത്തു. ഓരോവഴുതനങ്ങയും കയ്യിലെടുത്ത് ചതവോ പുഴുക്കേടോ ഉണ്ടോന്നവന്‍ നോക്കുന്നത് ചെറുചിരിയോടെ അവള്‍ നോക്കിനിന്നു. തിരഞ്ഞെടുത്ത വഴുതനങ്ങകള്‍ തൂക്കംനോക്കി പൊതിഞ്ഞുകെട്ടാന്‍ കച്ചവടക്കാരനു കൈമാറവേ അവളവന്റെ കാതില്‍ പറഞ്ഞു.

'' എനിക്കിഷ്ട്ടമാണ്''

'' എന്ത്''

''ഒന്നൂല്ല''

''എന്താന്ന് പറ''

''നിന്റെ ബൈഗന്‍ കാ ബര്‍ത്ത''

അതുകേട്ടവന്‍ ഉറക്കെ ചിരിച്ചു. അവളും അവനോടു ചേര്‍ന്നു ചിരിച്ചു.

ബര്‍ത്ത ഉണ്ടാക്കുന്ന വിധം അവള്‍ മനസ്സിലാക്കി. അവള്‍ക്കു പാചകത്തില്‍ നല്ല കൈപുണ്യമാണ്. അവളുടെ വക ചില പരീക്ഷണങ്ങള്‍കൂടി ബര്‍ത്തയില്‍ ചെയ്തു. അങ്ങനെ ദക്ഷിണ-ഉത്തര രുചികള്‍ ഒത്തുചേര്‍ന്ന ഒരു ഫ്യൂഷന്‍ തന്നെ അവള്‍ നടത്തി.

അവന്‍ കൂടുതലായും പരീക്ഷിച്ചത് വിവിധ ഉത്തരേന്ത്യന്‍ രീതികളായിരുന്നു. എന്നാല്‍ ഹൈദ്രാബാദിസ്‌റ്റൈല്‍ കുറച്ചു ലളിതമായിരുന്നു, ഒപ്പം ഗംഭീര രുചിയും.

ഗ്രില്‍ ചെയ്ത വഴുതനങ്ങയില്‍ പച്ചസവാളയും ചുട്ടവെളുത്തുള്ളിയും പച്ചമുളകു ചതച്ചതും നാരങ്ങാനീരും ഉപ്പുംചേര്‍ത്തിളക്കി രുചികരമായ ഹൈദ്രാബാദിസ്‌റ്റൈല്‍ ബര്‍ത്തയുണ്ടാക്കാന്‍ എളുപ്പമാണ്. കൂടുതല്‍ പുളിരസത്തിനായി അല്പം തൈരും ചേര്‍ക്കാം.

ബര്‍ത്തയുടെ രുചിയുടെ രഹസ്യമെന്നത് ഗ്രില്‍ചെയ്യുകയോ കനലില്‍ ചുട്ടെടുക്കുകയോ ചെയ്യുമ്പോളുള്ള പുകരുചിയാണ്. പുകരുചിക്കായി 'സ്‌മോക്ക് ഫ്‌ലേവര്‍ സോസ്' ഉപയോഗിക്കുവാന്‍ പാടില്ലെന്ന കര്‍ശനനിലപാടാണ് അവനുള്ളത്. കൃത്രിമസോസുകള്‍ ചൈനീസ്, തായ്, കൊറിയന്‍ പോലുള്ള രുചികളുടെ കലര്‍പ്പുണ്ടാക്കി തനിമയാര്‍ന്ന ഇന്ത്യന്‍രുചികളെ ഇല്ലാതാക്കികളയുമെന്നതാണ് അവന്റെ അഭിപ്രായം. ലോകത്തില്‍ ഏറ്റവുംകൂടുതല്‍ വൈവിധ്യരുചികളും ഭക്ഷണവുമുള്ളത് ഇന്ത്യയിലാണ് പക്ഷെ അതൊന്നും ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു മാര്‍ക്കറ്റുചെയ്യാന്‍ നമുക്കാവുന്നില്ലെന്നാണ് അവന്‍ പറയാറുള്ളത്.

ഒരിക്കല്‍ കോഴിക്കോട് ആകാശവാണിയിലെ 'പാചകലോകം' പരിപാടിയില്‍ ദേവദാസിന്റെ പാചക ക്ലാസ്സുണ്ടായിരുന്നു.

ആകാശവാണിയില്‍ അവന്റെ പരിപാടി വരുന്നുവെന്നറിഞ്ഞതോടെ നാട്ടുകാര്‍ക്കിടയിലും വക്കീലമ്മാര്‍ക്കിടയിലും അവനൊരു താരമായി.

'ബൈഗന്‍ കാ ബര്‍ത്ത'യെക്കുറിച്ചായിരുന്നു പരിപാടിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?

ആകാശവാണി പ്രക്ഷേപണ സമയത്തെല്ലാവരും റേഡിയോ തുറന്നു.

''.....ഒരു സാമാന്യ വലിപ്പമുള്ള വഴുതനങ്ങയില്‍ അഞ്ചാറിടങ്ങളില്‍ നീളത്തില്‍ വരഞ്ഞു മുറിക്കണം. അങ്ങനെയുണ്ടാക്കിയ ഓരോ വിടവിലും വെളുത്തുള്ളിച്ചുളകളും പച്ചമുളകും തിരുകിവയ്ക്കണം. എന്നിട്ടതിനെ കനലില്‍ തിരിച്ചുംമറിച്ചുമിട്ടു വേവിക്കണം.

ബൈഗന്റെ, അതായത് വഴുതനങ്ങയുടെ പുറംതൊലി നന്നായി കരിയണം. അപ്പോഴേക്കും അകം മൃദുവായിട്ടുണ്ടാകും. തണുത്തുകഴിയുമ്പോള്‍ കരിഞ്ഞ തൊലിനീക്കികളഞ്ഞു ബൈഗന്‍ മുറിക്കണം. ഉള്ളിലെ കറുത്തനിറത്തിലുള്ള വിത്തുകള്‍ നീക്കംചെയ്തിട്ട് നന്നായി ഉടയ്ക്കയോ കുനുകുനാന്നു അരിയുകയോ ചെയ്യണം. വഴുതനങ്ങയുടെ അകത്തിരുന്നു വെന്ത വെളുത്തുള്ളിയും മുളകും നന്നായി ഉടച്ചെടുക്കണം.

ഒന്നര സ്പൂണ്‍ എണ്ണയെടുത്തു ചീനച്ചട്ടിയില്‍ ചൂടാക്കി, അതില്‍ അരമുക്കാല്‍ കപ്പു ചെറുതായരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടുവഴറ്റി മൂപ്പെത്തിവരുമ്പോള്‍ അരക്കപ്പു സവോള അരിഞ്ഞതുകൂടി ചേര്‍ക്കണം. അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി മുക്കാല്‍കപ്പ്, ആവശ്യത്തിനു ഉപ്പും കശ്മീരി മുളകുപൊടിയും ചേര്‍ത്തു തക്കാളിയുടെ പച്ചമണം ഇല്ലാതാകുന്നതുവരെ വേവിക്കണം.

ഇനി ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ബര്‍ത്തയും മുളകും വെളുത്തുള്ളിയും ഉടച്ചതും ചേര്‍ത്തു നന്നായിളക്കുക. ആവശ്യമെങ്കില്‍ അല്പം ഉപ്പും ഗരംമസാലയും ചേര്‍ക്കാം. നന്നായിളക്കിയ മിശ്രിതത്തിന് മുകളില്‍ കുറച്ചു മല്ലിയില കൂടി വിതറിയാല്‍ ബൈഗന്‍ കാ ബര്‍ത്ത തയ്യാര്‍.''

ആകാശവാണിയിലൂടുള്ള അവന്റെ വാക്കുകള്‍ യേശുദാസിന്റെ പാട്ടുപോലെ അവള്‍ കേട്ടിരിന്നു. വീണ്ടും കേള്‍ക്കാനായി ടേപ്പ് റിക്കോര്‍ഡില്‍ പിടിക്കുകയും ചെയ്തു.

ഇറച്ചിക്കറി എങ്ങനെയുണ്ടെന്നു ചോദിച്ചാല്‍ 'സൂപ്പര്‍ എരിവും മസാലയു'മെന്നു പറയുന്ന മലയാളിയുടെ മസാല പ്രണയത്തെ അവള്‍ നന്നായി മനസ്സിലാക്കിയിരുന്നു.

ഗ്രാമ്പുവും കറുവപ്പട്ടയും ഏലക്കായും മറ്റുചിലസംഗതികളും ചേര്‍ത്തുപൊടിച്ച 'സ്‌പെഷ്യല്‍ മസാല' ചേര്‍ത്തവള്‍ ബര്‍ത്തയുണ്ടാക്കി. കഴിച്ചുനോക്കിയവരെല്ലാം അവളുടെ ബര്‍ത്തക്കു 'കിടിലന്‍ ടേസ്റ്റെന്നു' പറഞ്ഞു.

വടക്കേയിന്ത്യന്‍ രുചികള്‍ നാവിനത്ര പഥ്യമല്ലാത്തതിനാല്‍ കടലയെണ്ണയ്ക്ക് പകരം വെളിച്ചെണ്ണയും അതിന്റെ കൂട്ടത്തില്‍ അവളുടെ പ്രത്യേക ഗരംമസാലയും കൂടിച്ചേര്‍ന്നപ്പോള്‍ അവളുണ്ടാക്കിയ ബൈഗന്‍ കാ ബര്‍ത്ത മലയാളനാടിന്റെ തനതു രുചിചേര്‍ന്ന വിഭവമായി.

ചിലപ്പോള്‍ അവള്‍ വാങ്ങുന്ന വഴുതനങ്ങയില്‍ കൂടുതലായി വിത്തുകള്‍, പുഴുക്കള്‍ ഒക്കെയുണ്ടാകും അതുകൊണ്ട് പച്ചക്കറികടയില്‍ പോകുമ്പോള്‍ അവള്‍ അവനെയും വിളിക്കും.

രാവേറെയായി പാര്‍ട്ടി കഴിഞ്ഞപ്പോള്‍.

അതിഥികള്‍ സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി.

അവളുടെ പാചകത്തെ ഒരിക്കല്‍ കൂടി അഭിനന്ദിക്കാനും അവര്‍ മറന്നില്ല

'നല്ല പാര്‍ട്ടിയായിരുന്നു, റാണി. എല്ലാം നന്നായി, വളരെ സന്തോഷം''

'താങ്ക്യൂ''

'ഗുഡ് നൈറ്റ്''

''ഗുഡ് നൈറ്റ്''

അടുക്കളയിലെ സിങ്കില്‍ കൂട്ടിയിട്ട പാത്രങ്ങള്‍ കഴുകുമ്പോള്‍ അവള്‍ ഓര്‍ത്തു. 'പാവം. അവനിപ്പോള്‍ എവിടെയായിരിക്കും?'

നാട്ടിലായിരുന്നപ്പോള്‍ ആഴ്ചയിലൊരു ദിവസം 'ബൈഗന്‍ കാ ബര്‍ത്താ'യെന്നത് അവളുടെ പതിവായിരുന്നു.

ചിലപ്പോള്‍ അവള്‍ വാങ്ങുന്ന വഴുതനങ്ങയില്‍ കൂടുതലായി വിത്തുകള്‍, പുഴുക്കള്‍ ഒക്കെയുണ്ടാകും അതുകൊണ്ട് പച്ചക്കറികടയില്‍ പോകുമ്പോള്‍ അവള്‍ അവനെയും വിളിക്കും. എല്ലാ വെള്ളിയാഴ്ച വൈകുന്നേരവും അവര്‍ ഒരുമിച്ചുപോകും. അവന്‍ ആ ദിനത്തിനായി കാത്തിരിക്കുമായിരുന്നു. അവളോടൊപ്പം കുറച്ചുനേരം നടക്കാനായി ലഭിക്കുന്ന സമയമായിരുന്നു ആ സായാഹ്നങ്ങള്‍.

അവന്‍, വഴുതനങ്ങാ വിദഗ്ദ്ധനെപ്പോലെ ഓരോന്നും തിരിച്ചുംമറിച്ചും പരിശോധിക്കും. ബര്‍ത്തയുണ്ടാക്കാന്‍ വാങ്ങുന്ന വഴുതനയ്ക്കു ചില ഗുണഗണങ്ങളൊക്കെ നോക്കണം. അധികം നീളമോ വണ്ണമോ പാടില്ല അങ്ങനെയെങ്കില്‍ അതില്‍ അധികം വിത്തുകള്‍കാണില്ലന്നു മാത്രമല്ല പാചകം ചെയ്യുമ്പോള്‍ പുറംതൊലി കരിയുന്നതിനൊപ്പം അകം മുഴുവനായും നന്നായി വെന്തുകിട്ടും. ചര്‍മ്മത്തില്‍ ചതവുകള്‍ ഉണ്ടാകരുത്. വാടാത്തതും നല്ല പച്ചപ്പുള്ളതുമായിരിക്കണം. അവന്‍ വഴുതനങ്ങ കൈവെള്ളയില്‍ എടുത്തുവച്ചു നോക്കുന്നത് കൗതുകത്തോടും ഗൂഢമായ ചിരിയോടും കൂടി അവള്‍ നോക്കി നില്‍ക്കുമായിരുന്നു.

പച്ചക്കറികള്‍വാങ്ങി അവര്‍ ഒരുമിച്ചു ബസ്റ്റാന്‍ഡ് വരെക്കും നടക്കും. പച്ചക്കറികള്‍നിറച്ച അവളുടെ 'ബിഗ് ഷോപ്പര്‍' സഞ്ചി തൂക്കി പിടിച്ചുകൊണ്ട് അവന്‍ അവളോടുചേര്‍ന്നു നടക്കും. അങ്ങനെയൊരു വെള്ളിയാഴ്ചദിവസം ബസ് സ്റ്റാന്‍ഡിലെത്തിയ സമയം പച്ചക്കറികളടങ്ങിയ സഞ്ചി അവള്‍ക്ക് കൈമാറവേയാണ് അതുണ്ടായത്.

കാലമിനിയും ഉരുളും വര്‍ഷംവരും വിഷുവരും..

എന്നൊക്കെ കവി പാടിയപോലെ കാലം ഉരുണ്ടു. കാലത്തികവില്‍ അവളും നന്നായുരുണ്ടു.

അവള്‍ക്ക് കൗമാരക്കാരിയായ ഒരു മകനും മകളുമായി. അവര്‍ രണ്ടുപേരും ഒരു സോഫയുടെ രണ്ടറ്റത്തായി അവരുടെ ഫോണില്‍ കണ്ണുനട്ടിരുന്നു. മകന്റെ ചെവിയില്‍ സദാസമയവും ഇയര്‍ഫോണ്‍ കൂടുവെച്ചിരുന്നു. അവര്‍ക്കു രണ്ടുപേര്‍ക്കും എതിരെയുള്ള ഇരിപ്പിടത്തില്‍ അവള്‍ തന്റെ ഐഫോണിലും നോക്കിയിരുന്നു നേരം പോക്കി.

ഒരു ദിവസം ഫേസ്ബുക്ക് എന്ന കാന്തവലയം ദേവദാസിന്റെ പ്രൊഫൈല്‍ ചിത്രം ഫ്രണ്ട് റിക്വസ്റ്റോടെ അവളുടെ ഫോണില്‍ വച്ചുനീട്ടിയപ്പോള്‍ അവളൊരു കൌമാരക്കാരിയായി മാറി.

ഒരിക്കല്‍ ചേര്‍ന്നുനടന്ന പാതയിലെ ഇരുളില്‍ വഴിവിളക്കുകള്‍ തെളിഞ്ഞപ്പോള്‍ നെഞ്ചില്‍ നോവു കനച്ചു.

അന്നവന്‍ പച്ചക്കറികള്‍ അടങ്ങിയ സഞ്ചി അവള്‍ക്കു കൈമാറവേ അവള്‍ ഒരു കവര്‍ അവന്റെ കയ്യില്‍ കൊടുത്തിരുന്നു.

അവനതു ആകാംക്ഷയോടെ തുറന്നുനോക്കി.

അതവളുടെ കല്യാണക്കുറിയായിരുന്നു.

അവന്‍ വേവലാതിയോടെ അവളുടെ മുഖത്തേക്കുനോക്കി; തന്റെ ബസ് വന്നുവെന്നു പറഞ്ഞുകൊണ്ട് ബസ് സ്റ്റാന്‍ഡിലെ തിരക്കിനിടയിലേക്ക് അവള്‍ തിരക്കിട്ടു നടന്നുമറഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍ മറഞ്ഞുനിന്നുകൊണ്ട് അവള്‍ അവനെ തിരിഞ്ഞു നോക്കി.

അവന്റെ കണ്ണുകള്‍ വേദനയോടെ അവളെവിടെയെന്നു തേടിക്കൊണ്ടിരുന്നതു അവള്‍ കണ്ടു.

അതൊക്കെ വീണ്ടും ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു.

പട്ടാള ക്വോട്ടയില്‍ കിട്ടുന്ന കുപ്പിയില്‍നിന്നും ദിവസവും രണ്ടെണ്ണം അടിക്കുമെന്നതൊഴിച്ചാല്‍, അയാള്‍ക്കു തനി ഉപദേശിമട്ടെന്നാണ് അവള്‍ തന്റെ കെട്ടിയോനെകുറിച്ച് കൂട്ടുകാരികളോട് പറയാനുള്ളതും

'ഓ എന്തൊരു ഗമയാണ് അവനെക്കാണാന്‍. കളറടിച്ചതായിരിക്കും എങ്കിലും ചുണ്ടിനു താഴെയുള്ള അവന്റെ കട്ടിമീശക്കു പണ്ടത്തേതിലും ഭംഗിയാണ്.'

റാണിക്ക് കട്ടിമീശയോടു വലിയ ആരാധനയാണ്. തന്റെ ഭര്‍ത്താവിനു അങ്ങനെയുള്ള മീശവേണമെന്നതായിരുന്നു അവളുടെ വലിയൊരാഗ്രഹം. അവളും കുടുംബവും കമ്മ്യൂണിസ്റ്റു വിരോധികളായിരുന്നുവെങ്കിലും അവളുടെ മുറിയില്‍ കട്ടിമീശക്കാരന്‍ ജോസഫ് സ്റ്റാലിന്റെ ഒരു ചിത്രമുണ്ടായിരുന്നു.

കെട്ടിയോന്റെ ക്ലീന്‍ഷേവ് ചെയ്ത മുഖം കാണുമ്പോള്‍ അവള്‍ക്കു ഓര്‍മ്മവരിക പത്രോസ് ഉപദേശിയെയായിരുന്നു.

ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 'തമ്പിയുടെ ഹൃദയം' എന്ന സാരോപദേശ ചിത്രകഥയുമായി സ്‌കൂളിലൊക്കെ വരാറുണ്ടായിരുന്ന ഉപദേശിയെ കുട്ടികള്‍ക്ക് വലിയ ഇഷ്ട്ടമായിരുന്നു.

കെട്ടിയോന്‍ പട്ടാളക്കാരനായിരുന്നുവെന്നു പറഞ്ഞാല്‍പോലും ആരുമിപ്പോള്‍ വിശ്വസിക്കില്ല. പട്ടാള ക്വോട്ടയില്‍ കിട്ടുന്ന കുപ്പിയില്‍നിന്നും ദിവസവും രണ്ടെണ്ണം അടിക്കുമെന്നതൊഴിച്ചാല്‍, അയാള്‍ക്കു തനി ഉപദേശിമട്ടെന്നാണ് അവള്‍ തന്റെ കെട്ടിയോനെകുറിച്ച് കൂട്ടുകാരികളോട് പറയാനുള്ളതും.

ഒരു വിരല്‍ അമര്‍ത്തലില്‍ അവള്‍ ദേവദാസിനെ ചങ്കോടുചേര്‍ത്തു.

'എത്രയാഴത്തില്‍ മൂടിയാലും പുതുമഴയില്‍ മുളയെടുക്കാതിരിക്കാനാവുമോ പ്രണയമെന്ന വിത്തിന്'

അവള്‍ ഫേസ് ബുക്കില്‍ കുറിച്ചിട്ടു.

അവള്‍ പറഞ്ഞതു പരമാര്‍ത്ഥമെന്നു പറഞ്ഞുകൊണ്ട് അതിനടിയിലായി അഞ്ഞൂറിലധികം ലൈക്കുകളും അതിനൊത്ത കമന്റുകളും ഇമോജികളും നിറഞ്ഞപ്പോള്‍ അവള്‍ക്കു വളരെ സന്തോഷം തോന്നി.

'ഞാനെത്ര നിറഞ്ഞുപെയ്തിട്ടും നിനക്കെന്തേ കുളിര്‍ന്നില്ല?'

അവനൊരു മറുപടി പോസ്റ്റിട്ടു.

അവന്റെ പോസ്റ്റിനു കീഴെ ചിലര്‍ ചിരിക്കുന്ന ഇമോജിയിട്ടു. മറ്റുചിലര്‍ ചുവന്ന ഹൃദയവും വേറെചിലര്‍ വേറെ പലപല ഇമോജികളും കമന്റായി ചേര്‍ത്തപ്പോള്‍ കണ്ണീരൊഴുക്കുന്ന ഇമോജിയുടെ കമന്റിലൂടെ അവള്‍ തന്റെ ഹൃദയം തുറന്നു കാട്ടി.

അതിനിടയില്‍ ഒരുകൂട്ടം ഹൃദയങ്ങളുടെ ഇമോജികള്‍ അവളുടെ മെസഞ്ചര്‍ ബോക്‌സില്‍ പറന്നിറങ്ങി. അവള്‍ അതിന്മേല്‍ വിരലമര്‍ത്തിയപ്പോള്‍ ഹീലിയം നിറച്ച ബലൂണ്‍പോലെ ചുവന്ന ഹൃദയങ്ങള്‍ ഇന്‍ബോക്‌സില്‍ നിന്നും പറന്നുയര്‍ന്നു.

അവന്‍ എഴുതി

'ഓര്‍ക്കുന്നുവോ!. ഓര്‍മ്മിച്ചതിനു നന്ദി'

അവള്‍ മറുപടിയെഴുതി;

'ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാന്‍ എളുതാണോ?'

കണ്ണുകള്‍ ചുവന്ന ഹൃദയങ്ങളായിമാറിയ ഇമോജിയെ അടിക്കുറിപ്പായി അവള്‍ ചേര്‍ത്തു.

അവന്‍ ആനന്ദക്കണ്ണീരും ചിരിയും പലനിറത്തിലുള്ള ഹൃദയങ്ങളും ചേര്‍ന്ന ഇമോജികള്‍ കൊണ്ട് അവളുടെ ഇന്‍ബോക്‌സ് നിറച്ചു.

അവളും അങ്ങനെ തന്നെ ചെയ്തുകൊണ്ടിരുന്നു.

അക്ഷരങ്ങളില്ലാതെ ഹൃദയങ്ങളില്‍ തിങ്ങിനിറഞ്ഞ വാക്കുകള്‍ ഇമോജികളായിമാറി പരസ്പരം മിണ്ടാതെ വര്‍ത്താനംപറഞ്ഞു, കരയാതെ കരഞ്ഞു. ചിരിക്കാതെ ചിരിച്ചു.

'സത്യത്തില്‍ ഇക്കാലം എത്രസുന്ദരമാണ്. മനുഷ്യന്റെ വികാസം ദൈനംദിനജീവിതത്തെ ലളിതസുന്ദരമാക്കുന്നു. തന്നെ സ്‌നേഹിക്കുന്നവരെ ലോകം തിരികെ സ്‌നേഹിക്കുന്നു.'

അവന്‍ ചിന്തിച്ചു.

'ഒരിക്കല്‍ വഴിപിരിഞ്ഞുപോയവര്‍ വൈദ്യതതരംഗങ്ങളും റേഡിയോ തരംഗങ്ങളും ചേര്‍ന്നുണ്ടാക്കിയ സ്പന്ദിക്കുന്ന ഭൂഗോളവലയത്തിനുള്ളില്‍ എവിടെയൊക്കയോ തനിച്ചിരുന്നുകൊണ്ട് അന്യോന്യം കണ്ടുമുട്ടുന്നു, പരസ്പരം വീണ്ടെടുക്കുന്നു!.'

അവള്‍ അത്ഭുതംകൂറി.

ഒരു ദിവസം അവന്‍ ഒരു മെസ്സേജ് അയച്ചു. 'ഹലോ ഞാനൊന്നു വിളിക്കട്ടെ?' 'പ്ലിംഗ്' അവന്റെ മെസഞ്ചറില്‍ വലിയൊരു മീശയുടെ പടം വന്നു വീണു.

പുതിയ കാലത്തിന്റെ സാര്‍വലൌകീക അക്ഷരമാലയായ ഇമോജികളിലൂടെയായിരുന്നു അവള്‍ കൂടുതലും സംസാരിച്ചിരുന്നത്. എല്ലാ ഇമോജികളുടെയും ശരിയായ അര്‍ത്ഥങ്ങള്‍ അവര്‍ക്കറിയില്ലായിരുന്നു. പക്ഷേ അവര്‍, അതിനെല്ലാം അവരുടേതായ സ്വന്തം അര്‍ത്ഥങ്ങള്‍ നല്‍കി. അതവര്‍ക്കു രണ്ടുപേര്‍ക്കും നന്നായി മനസ്സിലാവുകയും ചെയ്തു.

ഒരു ദിവസം അവന്‍ ഒരു മെസ്സേജ് അയച്ചു.

'ഹലോ ഞാനൊന്നു വിളിക്കട്ടെ?'

'പ്ലിംഗ്'

അവന്റെ മെസഞ്ചറില്‍ വലിയൊരു മീശയുടെ പടം വന്നു വീണു.

കാര്യം അവനും മനസ്സിലായി. അതിനര്‍ത്ഥം, മീശയില്ലാത്തവനെങ്കിലും അവളുടെ കെട്ടിയോന്‍ അവിടെയുണ്ടെന്നായിരുന്നു അവള്‍ പറഞ്ഞത്.

'നീ എന്തെടുക്കുന്നു?

ഷെഫിന്റെ തൊപ്പിവച്ചൊരുണ്ടക്കണ്ണന്‍ കയിലുപിടിച്ചുനില്‍ക്കുന്ന ഇമോജി അവളയച്ചു.

അവന്‍ പച്ചക്കറികളുടെ ഇമോജി ചോദ്യചിഹ്നത്തോടെ അയച്ചു.

അവള്‍ തിരികെ ഒരു വഴുതനങ്ങയുടെ ചിത്രം അയച്ചു.

'ബര്‍ത്ത ?' അവന്‍ എഴുതി.

മറുപടിയായി 'ഉയര്‍ത്തിയ പെരുവിരല്‍' വന്നു.

ആഹാ...താന്‍ പഠിപ്പിച്ച ബര്‍ത്ത അവളിപ്പോഴും ഉണ്ടാക്കുന്നു!

അവളുടെവക കൂപ്പുകൈയും ഒരുകൊട്ട ഹൃദയവും അവന്റെ മെസ്സഞ്ചറില്‍ വന്നുനിറഞ്ഞു.

അവന്‍ പലകാര്യങ്ങളും വാക്കുകളായി എഴുതിക്കൂട്ടി അവള്‍ക്കയച്ചു. നാലുവരികളിലുള്ള അവന്റെ കുറിപ്പിന് ഒരൊറ്റ ഇമോജിയിലൂടെ അവള്‍ മറുപടി നല്‍കിക്കൊണ്ടിരുന്നു.

ചിത്രങ്ങളുള്ളപ്പോള്‍ വാങ്ങ്മയ ചിത്രങ്ങള്‍ക്കെന്തു പ്രസക്തി?

ഒരൊറ്റ ചിത്രത്തിലൂടെ ഒരു വികാരം അപ്പാടെ പ്രകടിപ്പിക്കാന്‍ ആവുമെങ്കില്‍ വാക്കുകളെന്തിനു വേറെ?

''അമ്മക്കു ശരിക്കും അയാളെ ഇഷ്ടമായിരുന്നോ?''

ഒരുദിവസം മക്കള്‍ക്കൊപ്പം സ്വീകരണമുറിയിലിരിക്കവേ ഫോണില്‍നിന്നും കണ്ണുയര്‍ത്താതെ മകള്‍ ചോദിച്ചു.

'' ആരെ?''

''അമ്മയിപ്പോള്‍ മെസ്സേജു ചെയ്യുന്ന അങ്കിളിനെ?''

''ഞാനാര്‍ക്കാണ് മെസ്സേജു അയക്കുന്നതെന്ന് നിനക്കെങ്ങനെ അറിയാം?''

''ഉണ്ണിയെ കണ്ടാല്‍ ഊരിലെ പഞ്ഞം അറിയാമല്ലോ?''

മലയാളം പഠിച്ചിട്ടില്ലാത്ത മകള്‍ പഴമൊഴി മൊഴിയുന്നതു കേട്ടവള്‍ അമ്പരന്നു.

അവള്‍ മകളെ തറപ്പിച്ചുനോക്കി. ഇപ്പോഴത്തെ പിള്ളേരോട് ടെക്‌നോളജിയിലും മനഃശാസ്ത്രത്തിലും ഏറ്റുമുട്ടാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലതെന്ന് തോന്നിയകൊണ്ട് അവള്‍ സ്വരം മയപ്പെടുത്തി ചോദിച്ചു.

''അവനെ നിനക്കെങ്ങനെ അറിയാം?''

''ആ അങ്കിള്‍ എന്റെ എഫ് ബി ഫ്രെണ്ടാണ്. ഇന്‍സ്റ്റയില്‍ എന്നെ ഫോളോ ചെയ്തു നല്ല കമന്റുകള്‍ എപ്പോഴുമിടും. ഇടയ്‌ക്കൊക്കെ എനിക്കു മെസ്സേജു ചെയാറുമുണ്ട് '

' എന്തിനാണ് അറിയില്ലാത്തവരുമായി ചാറ്റ് ചെയ്യുന്നതു?''

'' അറിയാത്ത ആളല്ലല്ലോ. അമ്മയുടെ ഫ്രണ്ടാണല്ലോ''

'' ഉം. ആരോടും അധികമൊന്നും ചാറ്റാന്‍ പോകേണ്ട''

'' ഞാന്‍ ചോദിച്ചതിനു അമ്മ മറുപടി പറഞ്ഞില്ല''

''എന്ത് ?''

'' അമ്മ, ആ അങ്കിളിനെ തേച്ചതാണോന്നു''

''ചുമ്മാ തോന്ന്യാസം പറയാതെ. അവനും ഞാനും ഒന്നിച്ചു പഠിച്ചവരാണ്''

അവള്‍ക്കു ദേഷ്യം വന്നു.

''അല്ല, ഞാന്‍ അയാളുടെ ചില എഫ് ബി പോസ്റ്റുകള്‍ കണ്ടു. മൂപ്പര്‍ക്ക് ഇപ്പോഴും പഴയയൊരു പ്രേമത്തിന്റെ ഹാങ്ങോവര്‍ ബാക്കിയുണ്ട്. ആരോ പുള്ളിയെ 3Gയാക്കി പോയിട്ടുണ്ട്. അയാളുടെ പോസ്റ്റിലെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ നോക്കുമ്പോള്‍ അതിലെ പാര്‍ട്ടി അമ്മയാകാനാണ് സാധ്യത.''

'' പെണ്ണെ വെറുതെ ഓരോന്നു പറഞ്ഞെന്നെ ദേഷ്യം പിടിപ്പിക്കരുത്''

അവള്‍ ദേഷ്യം ഭാവിച്ചു ശബ്ദമുയര്‍ത്തി.

മകള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു

''ആളു അടിപൊളി ലുക്കാണ്. എന്തായാലും തേപ്പുകിട്ടിയെങ്കിലും വേറെ കല്യാണംകഴിച്ചതു നന്നായി. അല്ലേല്‍ ചിലപ്പോള്‍ ഒരു സിനിമേല്‍ കണ്ടപോലെ എന്നെ പെണ്ണുകാണാന്‍ പുള്ളി വന്നേനെ. അമ്മയ്ക്ക് ആളിനെ നന്നായി അറിയാവുന്നതുകൊണ്ട് ഞങ്ങടെ കല്യാണം നടത്താനായി കൂടുതലൊന്നും അന്വേഷിക്കുകയും വേണ്ടല്ലോ, അല്ലേമ്മേ? '

'എണീറ്റ് പോടീ അസത്തെ''

അവള്‍ക്കു ശരിക്കും ദേഷ്യം വന്നു.

മകളെ തല്ലാനായി കയ്യോങ്ങി എഴുന്നേറ്റുചെന്നവള്‍. തല്ലുകൊള്ളാതിരിക്കാനായി മകള്‍ ചിരിച്ചും കൊണ്ട് എഴുന്നേറ്റോടി. അവളുടെ ഓട്ടം കണ്ടപ്പോള്‍ കാര്യമെന്തന്നറിയാന്‍ മകന്‍ ചെവിയിലെ കിളിക്കൂട് എടുത്തുമാറ്റി ചുറ്റുംനോക്കി. പ്രശ്‌നമൊന്നുമില്ലെന്നു കണ്ടു വീണ്ടും ഫോണിലേക്ക് മുങ്ങാംകുഴിയിട്ടു.

'ഇപ്പോഴത്തെ പിള്ളേരെല്ലാം വിളഞ്ഞവിത്തുകളാണ്. അവരില്‍നിന്നും ഒന്നും മറച്ചുവയ്ക്കാനാവില്ല. നമ്മുടെ ചിന്തകളെപ്പോലും അവര്‍ മനസ്സിലാക്കികളയും. പക്ഷെ ഈ പിള്ളേരെ മനസ്സിലാക്കാന്‍ മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും കഴിയാതെയും പോകുന്നു.'

ന്യൂജന്‍കാരുടെ ബുദ്ധിയും വര്‍ത്താനവും കണ്ടവള്‍ ആശ്ചര്യപ്പെട്ടു.

ഒരുദിവസം പതിവുപോലെ അവള്‍ ഒരു മെസ്സേജയച്ചു.

താടിക്കു കൈകൊടുത്തിരിക്കുന്ന ഇമോജി. എന്താണെടുക്കുന്നത് എന്ന ചോദ്യമാണ് അതുകൊണ്ടവള്‍ ഉദ്ദേശിക്കുന്നത്.

അവനപ്പോള്‍ പാചകത്തിരക്കിലായിരുന്നു. ഷെഫിന്റെ ഇമോജി അവള്‍ക്കു മെസ്സേജു ചെയ്തു.

മറുപടിയായി മൂന്നു ഹൃദയങ്ങള്‍ മുഖത്തു ചേര്‍ത്തുവച്ച ഇമോജി അവളും അയച്ചു

അതൊരു ഞാറാഴ്ചയായിരുന്നു. അവന്‍ ചിക്കന്‍ തയ്യാറാക്കുകയാണെന്ന് കരുതി അവള്‍ അങ്കവാലും വലിയ പൂവുമുള്ള സുന്ദരനായ പൂവന്‍കോഴിയുടെ ചിത്രമയച്ചു. ഒപ്പം ഒരു ചോദ്യചിഹ്നവും ചേര്‍ത്തു.

അവന്‍ പുതിയൊരു 'ചാര്‍കോള്‍ ഗ്രില്‍' വാങ്ങിയിരുന്നു. കുറച്ചു ബൈഗന്‍ കനലില്‍ ചുട്ടെടുക്കാനുള്ള പണികള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവളുടെ ചോദ്യത്തിനു ചിക്കനല്ല 'ബൈഗന്‍ കാ ബര്‍ത്തയെ'ന്നു മറുപടിയായി കഴുകി തുടച്ചുവച്ചിരിക്കുന്ന വഴുതനങ്ങ കയ്യിലെടുത്തു പിടിച്ചതിന്റെ ഫോട്ടോയെടുത്തുയച്ചു. കൂടെ ഹൃദയത്തിന്റെ ഇമോജിയും.

മറുപടിയായി രണ്ടു കണ്ണുകളിലും ചുവന്ന ഹൃദയമുള്ള ഇമോജി അവള്‍ തിരിച്ചയച്ചു.

അടുക്കളയില്‍ കുക്കര്‍ ചീറ്റുന്നത് കേട്ടപ്പോള്‍ ഫോണ്‍ തീന്മേശയില്‍ വച്ചിട്ട് അവള്‍ തിരക്കിട്ട് അടുക്കളയിലേക്ക് നടന്നു. ഉച്ചയൂണിനുള്ള അടുക്കളപ്പണികളുടെ തിരക്കില്‍ മുഴുകി.

റീല് കണ്ടുകൊണ്ടിരുന്ന മകള്‍ക്ക് ദാഹം തോന്നി. അവള്‍ വെള്ളം കുടിക്കാനായി തീന്‍മുറിയിലെത്തി. അപ്പോഴാണ് അമ്മയുടെ ഫോണില്‍നിന്നും മെസ്സേജു നോട്ടിഫിക്കേഷന്‍ ശബ്ദം കേട്ടത്. മകള്‍ അമ്മയുടെ ഫോണെടുത്ത് നോക്കി. അവന്‍ അവള്‍ക്കയച്ച സന്ദേശമായിരുന്നത്.

മകള്‍ ഫോണ്‍ മുകളിലേക്ക് സ്‌ക്രോള്‍ ചെയ്തു. അവര്‍ പരസ്പരം അയച്ച സന്ദേശങ്ങളും ഇമോജികളും കണ്ടു.

മകള്‍ അമ്മയുടെ ഫോണുമായി അടുക്കളയില്‍ചെന്നപ്പോള്‍ അവള്‍ കറിക്കരിയാനുള്ള പച്ചക്കറികള്‍ കഴുകിയെടുക്കുകയായിരുന്നു. കഴുകിവെച്ച വഴുതനങ്ങ കയ്യിലെടുത്തപ്പോള്‍ ഒരുനിമിഷം, അവളറിയാതെ അവനെയും അവന്‍ പഠിപ്പിച്ച ബൈഗന്‍ കാ ബര്‍ത്തയെയും ഓര്‍ത്തുനിന്നു പോയി. അവളുടെ ചുണ്ടില്‍ ഒരു ചെറിയ ചിരി വിടര്‍ന്നു.

'ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം' അവള്‍ മൂളി.

''അമ്മേ''

പിന്നില്‍നിന്നും അലര്‍ച്ചകേട്ടു അവള്‍ ഞെട്ടി തിരിഞ്ഞു നോക്കി.

അവളുടെ കയ്യിലിരിക്കുന്ന വഴുതനങ്ങ കണ്ട മകളുടെ കോപം ഇരട്ടിച്ചു അവള്‍ അതു പിടിച്ചുവാങ്ങി പുറത്തേക്കെറിഞ്ഞു.

''ഈ വീട്ടില്‍ ഇനി വഴുതനങ്ങ വാങ്ങിക്കരുത്''

''എന്താടി. നിനക്കെന്നാ ഭ്രാന്തുപിടിച്ചോ കാശുകൊടുത്ത് വാങ്ങിച്ച പച്ചക്കറി വലിച്ചെറിയാന്‍?''

''ഭ്രാന്ത് എനിക്കല്ല. നിങ്ങള്‍ക്കാണ് അമ്പതാം വയസില്‍ മുഴുത്ത കാമഭ്രാന്ത്''

''എന്ത്,.. എന്താടി നീ പറഞ്ഞത് ഒരുബെട്ടോളെ... നിന്നെ ഞാന്‍ ..''

മകളെ തല്ലാനായി അവള്‍ കൈവീശി.

അവളുടെ കൈകളില്‍ പിടിച്ചുകൊണ്ട് മകള്‍ പറഞ്ഞു.

''തൊട്ടു പോകരുതെന്നെ. അതിനുള്ള അര്‍ഹത നിങ്ങള്‍ക്കില്ല''

മകളുടെ വാക്കുകള്‍ കേട്ടവള്‍ പകച്ചുപോയി.

''എന്താണിവിടെ ബഹളം''

അടുക്കളയിലെ ബഹളം കേട്ടുകൊണ്ട് 'ഉപദേശി' അവിടേക്കു കടന്നു ചെന്നു.' ബഹളമെന്തന്നറിയാന്‍ ഇയര്‍ഫോണ്‍ ഊരി കഴുത്തിലിട്ട് മകനുമെത്തി.

''നിങ്ങളുടെ മകള്‍ക്ക് ഭ്രാന്താണ്. അവള്‍ ഏതൊക്കെയാണ് പറയുന്നതെന്ന് കേട്ടോ ..''

''തള്ളേ, കൂടുതല്‍ ചിലക്കാതെ. ഇങ്ങോട്ട് നോക്കിക്കേ. നിങ്ങള്‍ പണ്ടു തേച്ചുപോന്ന കാമുകനയച്ച മെസ്സേജുകള്‍ ഞാന്‍ കണ്ടു. അവന്‍ നിങ്ങള്‍ക്കച്ചതും കണ്ടു. നോക്ക്..''

അപ്പോഴാണ് മകളുടെ കയ്യിലിരുന്ന ഫോണ്‍ അവള്‍ കണ്ടത്. അതോടെ അവളുടെ ശബ്ദമിടറി.

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവള്‍ പറഞ്ഞു.

''ഓ.. ഇതാണോ നീ ഇത്ര കാര്യമായി പറയുന്നത്....

അതെന്റെ കൂടെ പഠിച്ച ഒരാളാണ്..

ഇടയ്ക്കു ഞാനവനും അവനെനിക്കും മെസ്സേജുകളയക്കും...

അതിനെന്നാ..

വെറുതെ ഓരോ വിശേഷങ്ങള്‍ ചോദിക്കന്നതിനെന്നാ കുഴപ്പം...'

അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവളുടെ വാക്കുകള്‍ ദുര്‍ബലമായിരുന്നു.

''വെറുതെയാണെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷെ ഇതു നിങ്ങടെ പ്രായംപോലും നോക്കാതെയുള്ള തോന്ന്യാസമല്ലേ അയക്കുന്നത്''

മകളുടെ വാക്കുകളില്‍ ദേഷ്യവും വെറുപ്പും നിറഞ്ഞുനിന്നു.

കാര്യം മുഴുവനും പിടികിട്ടിയില്ലെങ്കിലും ഉപദേശി കടുപ്പിച്ചവളെയും മകളെയും മാറിമാറി നോക്കി.

''എന്തു തോന്ന്യാസം അയച്ചൂന്നാണ് നീ പറയുന്നത്. നീ ആ ഫോണ്‍ ഇങ്ങു തന്നേ''

മകളുടെ കയ്യില്‍നിന്നും ഫോണ്‍ തട്ടിപ്പറിക്കാന്‍ അവള്‍ നോക്കിയെങ്കിലും അമ്മയുടെ കൈ തട്ടിമാറ്റി മകള്‍ ഫോണ്‍ മുറുകെ പിടിച്ചു.

''ഇതൊന്നും തോന്ന്യാസ്യമല്ലേ. നിങ്ങള്‍ ഒരു പിക്ച്ചര്‍ അങ്ങോട്ടയക്കുന്നു, അയാള്‍ മറ്റൊരു പിക്ച്ചര്‍ ഇങ്ങോട്ടയക്കുന്നു. എന്നിട്ടു ഞാന്‍ അടുക്കളയില്‍ വന്നു നോക്കുമ്പോള്‍.. ഛെ - പറയാന്‍ പോലും എനിക്കു ലജ്ജതോന്നുന്നു''

കാര്യം മനസ്സിലാകാതെ അച്ഛനും മകനും പരസ്പരം മുഖത്തോടു മുഖം നോക്കി

''ഇതിലെന്നാ തോന്ന്യാസം. അയാള്‍ അടുക്കളയില്‍ കറിവയ്ക്കുന്നു, അപ്പോള്‍ ചിക്കനാണോന്നു ചോദിച്ചുകൊണ്ട് ഞാന്‍ ഒരു പടമയച്ചു, അല്ല പച്ചക്കറിയാണെന്ന് പറഞ്ഞു അവന്‍ ഒരു പടം ഇങ്ങോട്ടയച്ചു അത്രേയുള്ളൂ''

''അത്രേയുള്ളൂ..?

''എങ്കില്‍പ്പിന്നെ എന്തിനാണ് തള്ളേ നിങ്ങള്‍ കണ്ണില്‍ കത്തിനില്‍ക്കുന്ന പ്രേമത്തിന്റെ ഇമോജി അങ്ങോട്ടും അയാള്‍ നിങ്ങള്‍ക്കും അയക്കുന്നത് ?''

''എന്തു പ്രേമത്തിന്റെ ഇമോജി?....

ദേ..വെറുതെ തോന്ന്യാസം പറഞ്ഞുണ്ടാക്കരുത്''

''രണ്ടു കണ്ണുകളില്‍ ചുവന്ന ഹൃദയമുള്ള ഇമോജി 'എനിക്കു നിന്നോടു പ്രേമം' ആണെന്നുള്ളതാണെന്ന് എല്ലാവര്‍ക്കുമറിയാം''

അതുകേട്ടപ്പോള്‍ അവള്‍ ഞെട്ടിപ്പോയി.

''പക്ഷെ.. മോളെ, അതു... ഞാന്‍.. അങ്ങിനെയൊന്നും വിചാരിച്ചല്ല....''

അവളുടെ വാക്കുകള്‍ മുറിഞ്ഞു. ശബ്ദം പതറി.

ഉപദേശിക്കിപ്പോള്‍ കാര്യങ്ങള്‍ കുറച്ചൊക്കെ പിടികിട്ടി. അയാളുടെ കഴുത്തിലെ ഞരമ്പുകള്‍ മുറുകി. കണ്ണുകള്‍ ചുവന്നു, കൈകള്‍ തരിച്ചു.

''എടീ അവരാതി''

അയാളുടെ കൈ അവളുടെ കവിളില്‍ പതിച്ചു.

സാധുവെന്നു നിനച്ചിരുന്ന കെട്ടിയോന്റെ ഒറ്റ അടിയില്‍ അവള്‍ അടുക്കളയില്‍ കുത്തിയിരുന്നുപോയി.

അമ്മയുടെ ഫോണ്‍ അടുപ്പില്‍ തിളയ്ക്കുന്ന വെള്ളത്തിലേക്ക് മകള്‍ വലിച്ചെറിഞ്ഞു. തിളച്ചവെള്ളത്തിന്റെ തുള്ളികള്‍ തെറിച്ചു കയ്യില്‍വീണെങ്കിലും അവളതു ഗൌനിച്ചില്ല.

''വാട്ട് ദ ഹെക്ക് ....''

ആരുംകേള്‍ക്കാതെ ബാക്കിയെന്തൊക്കെയോ മുറുമുറുത്തുകൊണ്ട് മകന്‍ ഇയര്‍ഫോണ്‍ ചെവിയിലേക്ക് തള്ളിക്കയറ്റി തിരികെപ്പോയി.

മകള്‍ മുറ്റത്തിറങ്ങി ആരെയോ ഫോണില്‍വിളിച്ചു സംസാരിച്ചുതുടങ്ങി. തിളച്ചവെള്ളം തെറിച്ചുവീണ കൈത്തണ്ടയില്‍ ഇടയ്ക്കിടെ അവള്‍ ഊതുന്നുണ്ടായിരുന്നു. ഉപദേശി ഒന്നുകൂടി അവളെ തറപ്പിച്ചുനോക്കിയശേഷം പാതികുടിച്ചു ബാക്കിവെച്ച ഗ്ലാസ്സിനരികിലേക്ക് തിരിച്ചു നടന്നു.

അവന്‍ ആ സമയം അവള്‍ക്കൊരു വോയിസ് മെസ്സേജയച്ചു. അടുപ്പിലെ കലത്തില്‍ തിളച്ചുമറിയുന്ന അവളുടെ ഫോണിനൊപ്പം ആ മെസ്സേജും ആവിയായി മുകളിലേക്ക് ഉയര്‍ന്നു.

ജോസഫ് എബ്രഹാം

Malayalam short story written by Joseph Abraham

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

പാറ്റകളെ നശിപ്പിക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ടെന്ന് അറിയാമോ?

'മുഖ്യമന്ത്രിക്ക് ‍ഞങ്ങളുടെ വക ഒരു വലിയ വിസിൽ, സിനിമാ മേഖലയിലെ സാഹചര്യം മനസിലാക്കിയതിന് നന്ദി'; കയ്യടിച്ച് വിശാൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 521 lottery result

അശ്വന്ത് കോക്കുമായുള്ള വാക്‌പോരിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ 'കാണാനില്ല'; സംഭവിച്ചതെന്തെന്ന് മാധവ് സുരേഷ്

SCROLL FOR NEXT