കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് മുടിയഴിക്കുമ്പോള്‍ അതുലിന്റെ നെഞ്ചില്‍ വല്ലാത്തൊരു ഭാരവും വിങ്ങലും അനുഭവപ്പെട്ടു. ഈയിടെയായി ചില ദിവസങ്ങളില്‍ അങ്ങനെയാണ്. ഇന്നലെ രാത്രി വെള്ളാട്ടം കഴിഞ്ഞ് അണിയറയില്‍ എത്തുമ്പോഴേക്ക് ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല. എങ്ങനെയെങ്കിലും കുറച്ച് കിടന്നാല്‍ മതിയെന്ന് കരുതി ഒരു ഷീറ്റ് വിരിച്ചു കിടന്നു . കഴിഞ്ഞ രണ്ടു മാസമായി എല്ലാ ദിവസവും വിശ്രമമില്ലാതെ തെയ്യമാണ്. ഈ വര്‍ഷത്തെ ഇരുപത്തിയൊന്നാമത്തെ കണ്ടനാര്‍ കേളനായിരുന്നു ഇന്ന്. സമയത്തിന് ഭക്ഷണം കഴിക്കാഞ്ഞതിനാല്‍ വയറില്‍ ഗ്യാസ് നിറഞ്ഞതുകൊണ്ടായിരിക്കും നെഞ്ചിലെ കനം. വീട്ടില്‍ ചെന്നാല്‍ അമ്മ ഇഞ്ചിനീര് ചേര്‍ത്തുണ്ടാക്കുന്ന മരുന്ന് കഴിച്ചാല്‍ എല്ലാം ശരിയാകും. ഇനി രണ്ടു ദിവസം തെയ്യമില്ല. വീട്ടില്‍ വിശ്രമിക്കാം.
അണിയറയില്‍ ചെന്ന് മുഖത്തെ ചായം തേച്ചുമാറ്റി. ചമയങ്ങളെല്ലാം അഴിച്ച് അവിടെ പാത്രത്തില്‍ കണ്ട വെള്ളമെടുത്ത് കുറെ കുടിച്ചു. വെള്ളം കുടിക്കുമ്പോഴും തൊണ്ടയില്‍ എന്തോ തടസ്സം പോലെ. അവിടെ കണ്ടൊരു വിരിപ്പിലേക്ക് അവന്‍ നീണ്ടു നിവര്‍ന്നു കിടന്നു. തെയ്യം കഴിഞ്ഞാലും കോള് കിട്ടാന്‍ ഇനിയും കുറേ നേരം കാത്തു നില്‍ക്കണം. മുടി വച്ചു നില്‍ക്കുമ്പോഴുള്ള ബഹുമാനവും പരിഗണനയുമൊന്നും അതഴിച്ചു കഴിഞ്ഞാല്‍ എവിടെനിന്നും കിട്ടാറില്ല. പലപ്പോഴും തെയ്യക്കാര്‍ക്ക് ഏറ്റവും ഒടുവിലേ പ്രതിഫലം കിട്ടുകയുള്ളു, അതു കിട്ടാന്‍ തന്നെ വിലപേശല്‍ നടത്തണം. പണം വാങ്ങാന്‍ കൃഷ്‌ണേട്ടനെ ഏല്പിച്ച് കുട്ടനേയും കൂട്ടി ബൈക്കില്‍ പോയാലോ. പക്ഷേ, എങ്ങാനും പൈസ കിട്ടാന്‍ വൈകിയാല്‍ അമ്മയ്ക്ക് നാളെ കുടുംബശ്രീയില്‍ ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ വരും. വീട്ടിലാണെങ്കില്‍ ഇന്നേക്കും കൂടിയുള്ള അരിയും സാധനങ്ങളുമേ ബാക്കിയുള്ളുവെന്ന് ഇന്നലെ അമ്മ ഓര്‍മ്മിപ്പിച്ചിരുന്നു. എന്തായാലും പൈസ കിട്ടിയിട്ട് പോകാം. പോരാത്തതിന് ഈ അസമയത്ത് വീട്ടില്‍ ചെന്ന് കയറിയാല്‍ അമ്മയുടെ വായില്‍നിന്ന് ചീത്ത വേറെയും കേള്‍ക്കേണ്ടി വരും.
ശരീരത്തിന്റെ അസ്വസ്ഥത കാരണം കിടന്നിട്ടും കണ്ണൊന്നു ചിമ്മാന്‍ കഴിയുന്നില്ല. സാധാരണ മുടിയഴിച്ചാല്‍ അടുത്ത തെയ്യത്തിനു സഹായിക്കാന്‍ ഒപ്പം നില്‍ക്കാറുള്ളതാ. ഇന്നെന്തോ വല്ലാത്ത ക്ഷീണം. അല്ലെങ്കിലും ഈ ഭൂമിയില്‍ തന്നെപ്പോലുള്ള കുറേ ജന്മങ്ങള്‍ എന്നും ഇങ്ങനെ അസ്വസ്ഥത അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണല്ലോ എന്നവന്‍ ഓര്‍ത്തു. അതുലിന് ഇരുപത്തിരണ്ട് വയസ്സായി. ബി. കോം. കഴിഞ്ഞ് ഇപ്പൊ രണ്ടു കൊല്ലമായി. അവന്റെ കൂടെ പഠിച്ചവര്‍ അധികവും പലയിടങ്ങളിലായി പി. ജി. ചെയ്യുകയാണ്. എം. ബി. എ. എടുത്ത് ഒരു നല്ല ജോലി കിട്ടണമെന്നത് പ്ലസ് ടു മുതലുള്ള അവന്റെ വലിയ മോഹമാണ്. പക്ഷേ വീട്ടിലെ അവസ്ഥ അറിയാവുന്നതുകൊണ്ട് അവന്‍ തല്‍ക്കാലം തന്റെ ആഗ്രഹങ്ങള്‍ക്ക് അവധി കൊടുത്തു.
അതുലിന്റെ അച്ഛന്‍ രാജന്‍പെരുവണ്ണാന്‍ അറിയപ്പെടുന്ന കോലക്കാരനായിരുന്നു. അയാളുടെ ജന്മാധികാരത്തില്‍ തെയ്യം കഴിക്കാനായി ഒരുപാട് കാവുകളും തറവാടുകളുമുണ്ട്. എന്നിട്ടും അയാള്‍ക്ക് ഒരു നല്ല വീടുപോലും ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ലൈഫ് പദ്ധതിയില്‍ കിട്ടിയ വീടാണ് ഇപ്പോഴുള്ളത്. ഇനിയും കുറച്ച് പണികള്‍ ബാക്കിയുണ്ടെങ്കിലും അടച്ചുറപ്പോടെ കിടക്കാലോ.''കണ്ണാ, നീ എന്താ കെടക്കുന്നെ. സുഖോല്ലേ''? കൃഷ്‌ണേട്ടന്‍ വന്നു ചോദിച്ചു. ''വയറിന് എന്തോ ഒരു കൊയപ്പം കൃഷ്‌ണേട്ടാ. അതാ ഞാന്‍ ഇവിടെ വന്നു കെടന്നത്''. 'അത് നിനക്ക് ശരിക്ക് റെസ്റ്റില്ലാത്തോണ്ടും നേരത്തും കാലത്തും ഒന്നും കഴിക്കാത്തോണ്ടുമാടാ. നീ അവിടെ കെടന്നോ. തെയ്യത്തിന്റടുത്ത് ആള്‍ക്കാരുണ്ട് കൊയപ്പോല്ല'' എന്നും പറഞ്ഞ് കൃഷ്‌ണേട്ടന്‍ പോയി. തെയ്യം കെട്ടലില്ലെങ്കിലും തെയ്യത്തിന്റെ എല്ലാ ചടങ്ങുകളും തോറ്റങ്ങളുമൊക്കെ മൂപ്പര്‍ക്ക് മനഃപാഠമാണ്. പോരാത്തതിന് ഇത്രേം നന്നായിറ്റ് മൊഖത്തെഴുതുന്ന വേറെ ആള്‍ക്കാര്‍ നമ്മുടെ നാട്ടിലില്ല. കൃഷ്‌ണേട്ടന്റെ മോന്‍ അഭി അതുലിന്റെ ചങ്കാണ്. ചെറിയ ക്ലാസ്സ് മുതല്‍ ഡിഗ്രി വരെ അവര്‍ ഒരുമിച്ചാണ് പഠിച്ചത്. അവനിപ്പോള്‍ ബംഗളുരുവില്‍ ടൂറിസത്തില്‍ പി. ജി. ചെയ്യുകയാണ്.
നാട്ടുകാര്‍ ഏറെ ഭയഭക്തിബഹുമാനത്തോടുകൂടിയായിരുന്നു മേലേക്കാവിലമ്മയെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഭഗവതിയുടെ കോലക്കാരനോടും അവര്‍ക്ക് വല്ലാത്തൊരു സ്നേഹവും ബഹുമാനവുമായിരുന്നു
അതുലിന്റെ കഷ്ടപ്പാട് നന്നായിട്ടറിയാവുന്നതുകൊണ്ടായിരുന്നു കൃഷ്‌ണേട്ടന്‍ അയാള്‍ക്ക് തെയ്യമുള്ള സ്ഥലങ്ങളില്‍ സഹായിക്കാനായി അവനെയും കൂടെക്കൂട്ടിയത്. അതാ കുടുംബത്തിനു കിട്ടിയ ഒരു പിടിവള്ളിയായിരുന്നു. അതുലിന്റെ അച്ഛന്‍ കള്ളു കുടിച്ച് തെയ്യം കെട്ടി നേരാംവണ്ണം നിര്‍വ്വഹിക്കാത്ത അവസ്ഥ വന്നതോടെ സ്വന്തം ജന്മത്തിലുള്ള മിക്കവാറും കാവുകളില്‍നിന്ന് അയാളെ ഒഴിവാക്കി വേറെ ആള്‍ക്കാരെ ഏല്‍പ്പിച്ചു. ഇപ്പോള്‍ മറ്റു തെയ്യക്കാര്‍ ആരെങ്കിലും അവരുടെ സഹായിയായി വിളിച്ചെങ്കിലായി എന്ന സ്ഥിതിയാണ്. അല്ലെങ്കിലും അയാള്‍ക്ക് എത്ര പണം കിട്ടിയാലും ആ കുടുംബത്തിനു ഒരു കാര്യവുമില്ല. കിട്ടുന്നതൊക്കെ കുടിച്ചു തീര്‍ക്കും. പിന്നെ ബി.പി.എല്‍. കാര്‍ഡായതിനാല്‍ റേഷന്‍ പീടികയില്‍നിന്ന് കിട്ടുന്ന അരിക്ക് മുട്ടില്ലാത്തതുകൊണ്ട് പട്ടിണി കിടക്കേണ്ടി വരാറില്ല എന്നു മാത്രം.
അതുല്‍ ചെറുപ്പം മുതലേ അച്ഛന്റെ കൂടെ തെയ്യത്തിന് പോകാറുണ്ടായിരുന്നു. അച്ഛന്‍ തെയ്യം കെട്ടുന്ന സമയത്ത് കുറിത്തട്ടുമായി കൂടെ നില്‍ക്കുമ്പോള്‍ വരി നിന്ന് അനുഗ്രഹം വാങ്ങാന്‍ നില്‍ക്കുന്ന ആളുകളുടെ കണ്ണുകളിലെ ഭക്തിയും ബഹുമാനവും കാണുമ്പോള്‍ തനിക്കുമതുപോലെ നല്ലൊരു കോലക്കാരനാകണമെന്ന് അവന്‍ മനസ്സില്‍ കരുതാറുണ്ടായിരുന്നു. അല്ലെങ്കിലും ഒരു തെയ്യക്കുടുംബത്തില്‍ പിറക്കുന്ന ഏതൊരു ആണ്‍കുട്ടിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും അഭിമാനവും തങ്ങളുടെ ഇഷ്ടദൈവങ്ങളുടെ കോലമണിയുക എന്നതുതന്നെയായിരിക്കും. കഷ്ടപ്പാടുകളുടെ നടുവില്‍ വളര്‍ന്നിട്ടും ഒരു ജോലിയേക്കാളും കൂടുതല്‍ അവന്‍ ആഗ്രഹിച്ചതും സ്വപ്നം കണ്ടതും അവന്റെ വീട്ടിനടുത്തുള്ള മേലേക്കാവിലമ്മയുടെ തിരുമുടി അണിയുന്നതാണ്. കുട്ടിക്കാലം മുതല്‍ എത്രയോ രാവുകളില്‍ ആ വലിയ മുടി വച്ച് താന്‍ ആളുകളെ അനുഗ്രഹിക്കുന്നത് അവന്‍ സ്വപ്നം കണ്ടിട്ടുണ്ട്. പിറ്റേ ദിവസം രാവിലെ തലേന്ന് കണ്ട സ്വപ്നത്തെപ്പറ്റി അമ്മയോട് പറയുമ്പോള്‍ അമ്മയ്ക്ക് സങ്കടം വരും. അതിനൊരു കാരണമുണ്ട്. പാരമ്പര്യമായി, മേലേക്കാവിലെ മൂവാണ്ട് കളിയാട്ടത്തില്‍ ഭഗവതിയുടെ കോലം കെട്ടുകയെന്നത് അതുലിന്റെ അച്ഛന്റെ കുടുംബത്തിന്റെ ജന്മാവകാശമായിരുന്നു. നാട്ടുകാര്‍ ഏറെ ഭയഭക്തിബഹുമാനത്തോടുകൂടിയായിരുന്നു മേലേക്കാവിലമ്മയെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഭഗവതിയുടെ കോലക്കാരനോടും അവര്‍ക്ക് വല്ലാത്തൊരു സ്നേഹവും ബഹുമാനവുമായിരുന്നു. പക്ഷേ, അച്ഛന്‍ കുടിച്ച് കുടിച്ച് ബോധമില്ലാതെയായതോടെ തെയ്യത്തിന്റെ കാര്യങ്ങളൊക്കെ താളംതെറ്റി. അതോടെ കമ്മിറ്റിക്കാര്‍ക്ക് മടുത്തു. അവര്‍ അച്ഛനെ ഒഴിവാക്കി വേറെ ആളെ തെയ്യം ഏല്‍പ്പിച്ചു. അത് എല്ലാവര്‍ക്കും താങ്ങാവുന്നതിന് അപ്പുറമായിരുന്നു.
തന്റെ സ്വപ്നത്തെപ്പറ്റി പറയുമ്പോള്‍ അമ്മ പറയും, ''എടാ, ഭഗവതിയമ്മ വിചാരിച്ചിട്ടുണ്ടെങ്കില്‍ നിനക്ക് യോഗം ഉണ്ടാകും. അമ്മേനെ നല്ലോണം പ്രാര്‍ത്ഥിച്ചോ. മുടി കിട്ടാന്‍ മാത്രല്ല, അച്ഛനെപ്പോലെ ആകാണ്ടിരിക്കാനും''. അത്രയും പറയുമ്പോഴേക്ക് അമ്മയ്ക്ക് സങ്കടം സഹിക്കാന്‍ കഴിയാതെ വിങ്ങിക്കരയും. ഇപ്പോഴും ആ സ്വപ്നം കാണറുണ്ടെങ്കിലും അമ്മ സങ്കടപ്പെടേണ്ട എന്നു കരുതി പറയാറില്ല. കുറച്ച് ദിവസം മുമ്പ് കൃഷ്‌ണേട്ടന്‍ പറഞ്ഞിരുന്നു, ''കണ്ണാ, ഭഗവതിയെ നല്ലോണം പ്രാര്‍ത്ഥിച്ചോ. മേലേക്കാവിലെ കമ്മിറ്റിക്കാരുടെ മനസ്സില്‍ ഒരാലോചനയുണ്ട്. ജന്മാവകാശം നിന്നെ തിരിച്ച് ഏല്‍പ്പിക്കണമെന്ന്. നിന്റെ തെയ്യവും സ്വഭാവവും എങ്ങനെയുണ്ടെന്നൊക്കെ ഓറ് എന്നോട് ചോദിച്ചിനു. കമ്മിറ്റിക്കാര്‍ നിന്റെ തെയ്യം പലേടത്ത് നിന്നും കണ്ടിട്ട് ഇഷ്ടായിക്കിണ്ട്. നിനക്ക് വള തന്ന് ആചാരപ്പെടുത്താന്‍ ഓല് തയ്യാറാണ്. അതിനു മുമ്പ് അമ്മേടെ മനസ്സറിയാന്‍ ജ്യോത്സ്യന്റെ അടുത്ത് പോകണം എന്നു പറഞ്ഞിട്ടുണ്ട്. ഇനി എല്ലാം അമ്മേടെ നിശ്ചയംപോലെ'. അതു കേട്ടപ്പോള്‍ അവനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു.
''അതുലേട്ടാ ഇങ്ങക്ക് ചൂടുവെള്ളം വേണോന്ന് ചോയിക്കാന്‍ പറഞ്ഞ് കൃഷ്ണാട്ടന്‍'' കുട്ടനോട് അവന്‍ വേണ്ടെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു. എന്നിട്ടും അവന്‍ അവിടെ ചുറ്റിപ്പറ്റി നിന്നു. ചെറുപ്പം മുതലേ അവന്‍ അങ്ങനെയാണ്. ഒരു നിഴലുപോലെ എപ്പോഴും കൂടെയുണ്ടാകും. അച്ഛമ്മയുടെ അനിയത്തിയുടെ മകന്റെ മകനാണ്. അതായത്, തന്റെ ഇളയച്ഛന്റെ മകന്‍. അച്ഛമ്മയുടെ അനിയത്തിയെ ഭര്‍ത്താവ് ഒഴിവാക്കിയതിനാല്‍ അവരും മകനും അച്ഛമ്മയോടൊപ്പം തറവാട്ടിലായിരുന്നു താമസം. ഇളയച്ഛന് നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നെ അച്ഛമ്മയാണ് വളര്‍ത്തിയത്. കുട്ടന് ഒരു വയസ്സായപ്പോള്‍ ഇളയച്ഛന്‍ മരിച്ചു. പിന്നെ തറവാട്ടിലായിരുന്നു അവന്റേയും അമ്മയുടേയും താമസം. അച്ഛന്‍ വേറെ വീടുവച്ച് തറവാട് അവര്‍ക്കു കൊടുത്തു. മുമ്പ് പലപ്പോഴും ഇളയമ്മ തെഴിലുറപ്പിനുപോയിട്ടും അടുത്തുള്ള ബില്‍ഡിംഗില്‍ അടിച്ചുവാരാന്‍ പോയിട്ടും കിട്ടുന്ന വരുമാനംകൊണ്ടായിരുന്നു അവനും അമ്മയും ഏച്ചിയും പട്ടിണി കിടക്കാതെ കഴിഞ്ഞുകൂടിയത്.
അപ്പുറത്ത് തൊണ്ടച്ചന്‍ ദൈവത്തിന്റെ അണിയറ തോറ്റം തുടങ്ങി. കൃഷ്‌ണേട്ടന്റെ അക്ഷരസ്ഫുടതയോടെയുള്ള തോറ്റം കേട്ടപ്പോള്‍ അറിയാതെ ചുണ്ടുകള്‍ അത് ഏറ്റുചൊല്ലുന്നുണ്ടെങ്കിലും ശബ്ദം പുറത്തുവന്നില്ല. എഴുന്നേറ്റ് ചെല്ലണമെന്ന് മനസ്സ് ആഗ്രഹിച്ചെങ്കിലും എണീക്കാന്‍ കഴിയുന്നില്ല. അണിയറയുടെ പിന്നിലെ പന്തലിച്ചു നില്ക്കുന്ന മാവിന്റെ ഇലകളിലൂടെ അരിച്ചെത്തുന്ന നിലാവെളിച്ചത്തിനു പതിവില്‍ കൂടുതല്‍ പ്രകാശമുള്ളതുപോലെ തോന്നി. ഇളം കാറ്റില്‍ ഇലകള്‍ അനങ്ങുമ്പോള്‍ ചന്ദ്രന്‍ കലാശം ചവിട്ടുന്നതുപോലെയുണ്ട്. കാവിന്റെ മുറ്റത്തു നിന്ന് ഇതുവരെ കേട്ട ചെണ്ടക്കൂറ്റ് അകന്നകന്നു പോകുന്നു. ആഴമറിയാത്ത ഒരു ഗര്‍ത്തത്തിനു മുകളിലൂടെ പൊയ്ക്കണ്ണും മുളം ചൂട്ടുമായി തൊണ്ടച്ചന്‍ ദൈവം മുന്നോട്ടു പോകുന്നു. ഒപ്പം താനും. ആകാശത്തിലെ ചന്ദ്രനും നക്ഷത്രങ്ങളും പോയ്മറഞ്ഞു. എങ്ങും കൂറ്റാകൂറ്റിരുട്ട്. ദൈവം ആര്‍ത്തട്ടഹസിച്ചുകൊണ്ട് ഒരു നിമിഷം തിരിഞ്ഞുനിന്നു. എന്നിട്ട് കൈയ്യിലുള്ള മുളംചൂട്ടുകള്‍ വലിച്ചെറിഞ്ഞ് അപ്രത്യക്ഷമായി. ആ ഇരുട്ടില്‍ കണ്ണുകാണാതെ താനിതാ ആ ഗര്‍ത്തത്തിലേക്ക് താണുകൊണ്ടിരിക്കുന്നു. രക്ഷപ്പെടാന്‍ വേണ്ടി ദൈവത്തിന്റെ കൈകള്‍ക്കായി കരഞ്ഞുകൊണ്ട് പരതിയെങ്കിലും ഒന്നും കിട്ടിയില്ല. കണ്ണേട്ടാ, കണ്ണേട്ടാ എന്ന കുട്ടന്റെ പരിഭ്രമത്തോടെയുള്ള വിളി കേട്ട് ഉണര്‍ന്നപ്പോഴാണ് അതൊരു സ്വപ്നമായിരുന്നുവെന്ന് മനസ്സിലായത്. ശരീരമാകെ വിയര്‍ത്തിരിക്കുന്നു. കുട്ടന്‍ തോര്‍ത്തെടുത്ത് വീശുന്നുണ്ട്. ആരൊക്കെയോ ചുറ്റും കൂടി നില്‍ക്കുന്നുണ്ട്. ഒന്നും വ്യക്തമാകുന്നില്ല. എണീക്കാന്‍ നോക്കിയപ്പോള്‍ കൃഷ്‌ണേട്ടന്‍ സമ്മതിച്ചില്ല. വീണ്ടും അവിടെത്തന്നെ കിടന്നു.
നേരം വെളുത്തിരിക്കുന്നു. അവന്‍ പതുക്കെ എണീറ്റിരുന്നു. കൃഷ്‌ണേട്ടന്‍ അടുത്തുവന്നു കുറച്ച് പണം അവന്റെ കയ്യില്‍ കൊടുത്തു പറഞ്ഞു, 'നീ ഇത് കയ്യില്‍ വച്ചോ. ബാക്കി എല്ലാം ഞാന്‍ നോക്കിക്കൊള്ളാം. ഇപ്പൊ നീ കുട്ടനേം കൂട്ടി ഓട്ടോയില്‍ വീട്ടിലേക്ക് പൊയ്‌ക്കോ. ബൈക്ക് ജിത്തു നിന്റെ വീട്ടില്‍ കൊണ്ടുവെക്കും. ചെന്നിട്ട് ഒന്നു നല്ലോണം ഉറങ്ങീട്ട് ഇന്നു തന്നെ ഡോക്ടറെ പോയി കാണണം.''. ''വേണ്ട കൃഷ്‌ണേട്ടാ, ഇപ്പൊ പോകുമ്പോ ആസ്പത്രില്‍ കാണിച്ചിട്ട് പൊരക്ക് പോകാം. ഏട്ടന് തീരെ സുകൊല്ല'' അത് പറയുമ്പോഴേക്കും കുട്ടന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ' അതൊന്നും വേണ്ടെടാ. പൊരക്ക് പോയി ഒന്നുറങ്ങിയാല്‍ എല്ലാം മാറും. നീ വേഗം വണ്ടിയെടുക്ക്'', അതുല്‍ ഉടന്‍ പറഞ്ഞു. അമ്മ മുറ്റമടിക്കുമ്പോഴാണ് വീട്ടില്‍ എത്തിയത്. ബാഗും സാധനങ്ങളും ഒന്നും കയ്യില്‍ കാണാത്തതുകൊണ്ട് അമ്മ ചോദ്യഭാവത്തില്‍ ഒന്നു നോക്കി. ' സാധങ്ങളൊക്കെ കൃഷ്ണാട്ടന്‍ കൊണ്ടുവരും. തെയ്യം കയിഞ്ഞിക്കില്ല. ഞങ്ങളിങ്ങ് പോന്നതാ'' എന്നും പറഞ്ഞ് കയ്യിലെ പൈസ അമ്മയുടെ കയ്യില്‍ കൊടുത്തു. ' അമ്മയ്ക്ക് ലോണ്‍ അടക്കാനുള്ളതും സാധനങ്ങള്‍ വാങ്ങാനുള്ളതും എടുത്തോ. അച്ചൂന് ഒരു ബാഗ് വാങ്ങിക്കൊടുക്കണം. പിന്നെ കുട്ടന് ഒരു ആയിരം ഉറുപ്പിക കൊടുക്ക്. ബാക്കി ഞാന്‍ ചോദിക്കുമ്പൊ തന്നാല്‍ മതി''.
' ന്റെ കുട്ടി വല്ലാണ്ടായിക്കി. ഇനി പുതിയ തെയ്യത്തിനൊന്നും അടയാളം വാങ്ങാന്‍ നിക്കണ്ട''.
കാലും മുഖവും കഴുകി നേരെ അവന്‍ പോയി കിടന്നു. ''ടാ, കുട്ടാ, ഇവനെന്താ കുളിക്കൊന്നും ചെയ്യാണ്ട് കിടക്കാന്‍ പോയത്? എന്ന അമ്മയുടെ ചോദ്യത്തിന് ഒറക്കക്ഷീണം കൊണ്ടാണെന്നു കുട്ടന്‍ മറുപടി പറയുന്നത് കേട്ടു. നെഞ്ചില്‍ കല്ലു കെട്ടിവച്ചതുപോലുള്ള ഭാരം ഇപ്പോഴുമുണ്ട്. ശ്വാസമെടുക്കാന്‍ വല്ലാത്ത പാട്. അമ്മ വാതില്‍ തുറന്ന് അകത്തുവന്ന് കട്ടിലില്‍ അരികെയിരുന്ന് കൈ നെറ്റിയില്‍ വച്ചു നോക്കി. അമ്മയുടെ കൈ തൊട്ടപ്പോള്‍ മേലാകെ ഒരു കുളിരും ആശ്വാസവും. 'മോനെന്താ പനിക്കുന്നോ?''. ' ഒന്നുല്ലമ്മേ വയറിനെന്തോ ഒരു പ്രശ്‌നം. അമ്മ ഉണ്ടാക്കലുള്ള ആ മരുന്ന് കുറച്ച് തരുമോ?'. നേരത്തിന് ഭക്ഷണോല്ല, വിശ്രമോല്ല. അതാ സൂക്കേട് വരുന്നത്. ഞാനിപ്പം കൊണ്ടത്തരാം''. അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി. മരുന്നില്ലെങ്കിലും അമ്മ കുറച്ചുനേരംകൂടി അങ്ങനെ അരികില്‍ ഇരുന്നെങ്കിലെന്ന് തോന്നി അവന്.
അമ്മ മരുന്നുമായി വന്നു. എണീക്കാന്‍ വല്ലാത്ത പ്രയാസം തോന്നുന്നുണ്ടെങ്കിലും അതമ്മ അറിയാതിരിക്കാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചു. ' ന്റെ കുട്ടി വല്ലാണ്ടായിക്കി. ഇനി പുതിയ തെയ്യത്തിനൊന്നും അടയാളം വാങ്ങാന്‍ നിക്കണ്ട''. അമ്മ പതുക്കെ പറഞ്ഞു. അമ്മയുടെ നേര്‍ത്ത വിരലുകള്‍ തലമുടിയിലൂടെ നീങ്ങിയപ്പോള്‍ എന്താണെന്നറിയില്ല അവന്റെ കണ്ണുകള്‍ നിറഞ്ഞു. അമ്മയുടെ തലോടലില്‍ നെഞ്ചിന്റെ കനം അല്പം കുറഞ്ഞതുപോലെ. എന്താണെന്നറിയില്ല പെട്ടെന്ന് അച്ചുവിനെ ഒന്നു കാണണം എന്നൊരു തോന്നല്‍. ' അമ്മേ, അച്ചു എണീറ്റിട്ടുണ്ടാകുമോ'', ''ഓന്‍ എണീക്കാന്‍ നേരം ആയിക്കില്ലെടാ. ഇന്നലെ രാത്രിയും വന്നു ചോദിച്ചിക്കി. കണ്ണേട്ടന്‍ എപ്പോളാ വര്വാ. ബേഗ് കൊണ്ടൊരാന്‍ മറക്കെണ്ടാകില്ല അല്ലേ വല്യമ്മേ,എന്ന്''. അടുത്ത വീട്ടിലെ ഗോവിന്ദട്ടന്റെ മോള്‍ മിനിയേച്ചിയുടെ മോനാ അച്ചു. നാലാം ക്ളാസ്സിലാണ് പഠിക്കുന്നത്. അച്ചുവിനെ ഗര്‍ഭം ആയ സമയത്താണ് മിനിയേച്ചിയുടെ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ച് വേറൊരു കല്യാണം കഴിച്ച് നാടു വിട്ടത്. കുറച്ചുകാലം കൂടി അവര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു. സ്വന്തമായി ജീവിക്കാന്‍ വകയില്ലാത്ത അവര്‍ക്ക് ഇവരെക്കൂടി പോറ്റാന്‍ ശേഷിയുണ്ടായിരുന്നില്ല. അങ്ങനെയാണ് ഗോവിന്ദേട്ടന്‍ മിനിയേച്ചിയെ കൂട്ടിക്കൊണ്ടുവന്നത്. അച്ചൂനെ പ്രസവിച്ച ഉടനെ പാവം മിനിയേച്ചി മരിച്ചു. അവരുടെ അമ്മ സാവിത്രി ഏച്ചിയുടെ ഒരു ഭാഗം തളര്‍ന്നുപോയതുകൊണ്ട് അമ്മേം എളേമ്മേം ആണ് അച്ചൂനെ പോറ്റിയത്. എത്ര കഷ്ടപ്പാട് ആണെങ്കിലും അവന്റെ കാര്യങ്ങള്‍ എങ്ങനെങ്കിലും സാധിച്ചു കൊടുക്കും.എന്താവശ്യവും തന്നോട് മാത്രമേ പറയു. ' കണ്ണാ, മോന് തല വേദനിക്കുന്നോ. എന്താ കണ്ണില്‍ നിന്ന് വെള്ളം വരുന്നത്''. അമ്മയുടെ ആ ചോദ്യം ദൂരെയെവിടെ നിന്നോ കേള്‍ക്കുന്നത് പോലെ തോന്നി. പക്ഷേ ഒരു മറുപടി പറയാന്‍ അവന് കഴിഞ്ഞില്ല.
ആകാശം കാണാത്തവിധം ഇലകള്‍കൊണ്ട് പന്തല്‍ വിരിച്ച കാവിനകത്ത് നല്ല തണുപ്പ്. എങ്ങും കത്തിയ കോത്തിരിയുടേയും മഞ്ഞളിന്റേയും മനം മയക്കുന്ന ഗന്ധം. വലംതലയുടെ താളത്തില്‍ ചുകപ്പുടുത്ത്, കയ്യില്‍ വാല്‍ക്കണ്ണാടിയുമായി കൈകൂപ്പി വണങ്ങി നോക്കിയപ്പോള്‍ മുന്നിലതാ മേലേക്കാവില്‍ അമ്മയുടെ ശാന്തസുന്ദരമായ മുഖം. തന്റെ ഇടതുഭാഗത്ത് കുട്ടനും വലതു ഭാഗത്ത് അച്ചുവും കൈകൂപ്പി നില്‍ക്കുന്നു. പിന്നില്‍ കൃഷ്ണാട്ടന്‍ ഉച്ചത്തില്‍ തോറ്റം ചൊല്ലുന്നു. അമ്മ തന്നോട് എന്തോ പറയുന്നുണ്ട്. ആ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടോ? ആ കണ്ണുകളില്‍ ഒരു തുള്ളി കണ്ണീര്‍ തിളങ്ങുന്നുണ്ടോ? തനിക്ക് മറുപടി പറയാന്‍ പറ്റുന്നില്ലല്ലോ. താന്‍ എങ്ങനെയാണ് ഈ തോറ്റം ചൊല്ലി തീര്‍ക്കുക? അമ്മേ... കുട്ടാ..... ആരും എന്താ വിളികേള്‍ക്കാത്തത്? പെട്ടെന്ന്, കാവിലെ ഇരുളിന് തന്റെ മുറിയുടെ മണം അനുഭവപ്പെട്ടു. തെയ്യത്തിന്റെ പീഠത്തില്‍ നിന്നും താന്‍ ഏതോ മെത്തയിലേക്ക് വീഴുന്നതുപോലെ. കാവിലെ വിളക്കിന്റെ വെളിച്ചം പതുക്കെ മായുമ്പോള്‍, മുന്നിലെ ദേവരൂപം തന്റെ നെറ്റിയില്‍ തൊട്ട് വിതുമ്പുന്ന അമ്മയായി മാറുകയായിരുന്നു. അമ്മയുടെ വിരലുകളിലെ ഉപ്പും തണുപ്പും പതുക്കെ ആ ഇരുളിലേക്ക് പടര്‍ന്നു. ഇരുളിന്റെ നീണ്ട ഇടനാഴിയില്‍ താന്‍ അലിഞ്ഞലിഞ്ഞു ചേരുമ്പോഴും, കാവിലെ കുത്തുവിളക്ക് സ്‌നേഹത്തിന്റെ അവസാന പ്രകാശവുമായി മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates