

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി ഭരണകക്ഷി തങ്ങളുടെ സ്വാധീനം ശക്തമാക്കുന്നതോടെ, രാജ്യസഭയില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന്റെ സംഖ്യാബലം ഗണ്യമായി വര്‍ദ്ധിക്കും. മണ്ഡല പുനര്‍നിര്‍ണയം, വനിതാ സംവരണം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ പ്രധാന നിയമനിര്‍മാണ പരിഷ്‌കാരങ്ങള്‍ ഈ സമ്മേളനത്തില്‍ കേന്ദ്രം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നാണ് പാര്‍ട്ടിക്ക് ഈ പെട്ടെന്നുള്ള മുന്നേറ്റം ലഭിക്കുന്നത്.
ജൂലൈ 24-ന് നടക്കാനിരിക്കുന്ന മൂന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പുകളിലും മറ്റ്് വെല്ലുവിളികളൊന്നുമില്ലാതെ ബിജെപി വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ എംപിമാരുടെ രാജി മൂലമാണ് ഈ ഒഴിവുകള്‍ വന്നത്. പശ്ചിമ ബംഗാളില്‍ നിലവില്‍ ബിജെപി ഭരണത്തിലായതിനാല്‍, നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഈ മൂന്ന് സീറ്റുകളും സുരക്ഷിതമാക്കാന്‍ പാര്‍ട്ടിക്ക് സാധിക്കും.ഈ മൂന്ന് അംഗങ്ങള്‍ കൂടി മേല്‍സഭയിലേക്ക് എത്തുന്നതോടെ രാജ്യസഭയിലെ ബിജെപിയുടെ കരുത്ത് 117 ആയി ഉയരും; ഇത് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് ആറ് സീറ്റുകള്‍ മതിയാകും.ഇതോടെ എന്‍ഡിഎയുടെ ആകെ സീറ്റുകളുടെ എണ്ണം 152 ആയി വര്‍ധിക്കും.
ഇതിനുമുമ്പ് ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രം രാജ്യസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്നത് 1986-ലായിരുന്നു; അന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്കായിരുന്നു ആ ഭൂരിപക്ഷം. എന്‍ഡിഎയ്ക്ക് 152 സീറ്റ് ഉള്ളതിനാല്‍ നിയമനിര്‍മാണങ്ങള്‍ ഉള്‍പ്പടെ പാസാക്കാന്‍ എന്‍ഡിഎ സഖ്യത്തിന് കഴിയും. ഒരു ഭരണഘടനാ ഭേദഗതി പാസാക്കുന്നതിന് സഭയില്‍ സന്നിഹിതരായവരുടെയും വോട്ട് ചെയ്യുന്നവരുടെയും മൂന്നില്‍ രണ്ട് ഭാഗം അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. പൂര്‍ണ സഭയും വോട്ടെടുപ്പില്‍ പങ്കെടുത്താല്‍ ഈ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാന്‍ 166 അംഗങ്ങളുടെ പിന്തുണ വേണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates