സിദ്ധിഖ് കടവത്ത് എഴുതിയ കഥ AI Image
Pen Drive

'അബ്ദുക്കാ... വല്ലാത്തൊരു സാധനം തന്നാണ് ഇങ്ങളെ വീടര്.. എങ്ങനെ സഹിക്ക്ണ് ഈ പഹച്ചീനെ '

നെല്ലിക്ക കള്ളി - സിദ്ധിഖ് കടവത്ത് എഴുതിയ കഥ

Author : സിദ്ധിഖ് കടവത്ത്

'നെല്ലിക്ക കള്ളീ.. നെല്ലിക്ക കള്ളീ'...

കോളിങ് ബെല്‍ പോലും അടിക്കാതെ, സ്‌കൂളിലെ അവളുടെ ഇരട്ടപ്പേര് ഉറക്കെ വിളിച്ച് മാനുട്ടിയിതാ, ഇന്നും വന്നിരിക്കുന്നു.

ഒരു വീട്ടിലേക്ക് കടന്നു വരുമ്പോള്‍ ചില മേനേഴ്‌സൊക്കെ ഇല്ലെടോയെന്ന് അയാളോട് ചോദിക്കാന്‍ എപ്പോഴും തോന്നാറുള്ളതാണ്.

'മിട്ടായി കള്ളാ...മിട്ടായി കള്ളാ... മാധവേട്ടന്റെ കടയിലെ മിട്ടായി കള്ളാ...'

അടുക്കളയില്‍ നിന്നും ഓടിയെത്തിയ അവളുടെ പ്രത്യാഭിവാദ്യം കേട്ടപാടെ അയാള്‍ ഉറക്കെ പൊട്ടിച്ചിരിച്ചു, അവളും.

'ഈ ചെക്കന്റെ ഓരോ വര്‍ത്താനങ്ങള് കേട്ടാല്‍ ചിരിച്ച് ചിരിച്ച് ചാവും ഇക്കാ'.

അലീമ ബീവി പറഞ്ഞു.

ഹും. ചെക്കന്‍!

കഷണ്ടിക്കാരനും ഏതാണ്ട് എന്നെപ്പോലെ തന്നെ നരച്ച താടി മീശയുമുള്ള സുലൈമാന്‍ കുട്ടിയെന്ന മാനുട്ടിയെയാണ് അവള്‍ ചെക്കനെന്നു പറയുന്നത്.

അയാള്‍ കൊണ്ടു വന്ന നാരങ്ങാ സത്ത് മിട്ടായി വായിലിട്ടു കൊണ്ടു മാനുട്ടി എന്നെ നോക്കി ചിരിച്ചു.

'അബ്ദുക്കാ ഞങ്ങളിങ്ങനെയൊക്കെ പലതും പറയും. നിങ്ങളിതൊന്നും കാര്യാമാക്കണ്ട '

പൊട്ടിച്ചിരികളും കലമ്പലുകളും ഓവറായോ എന്ന് സ്വയം തോന്നുമ്പോഴുള്ള അയാളുടെ സ്ഥിരം ക്ഷമാപണമാണിത്.

'ഇജ് കാര്യാക്കാണ്ടിരുന്നാമതി മാനുട്ട്യേ, മൂപ്പരാളെ ഇക്ക് നല്ലോണറിയാ'..

മിട്ടായി വായിലിട്ട് അലിയിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

'എന്നിട്ടെന്താ കാര്യം.. വാട്‌സ്ആപ്, ഫേസ് ബുക്ക്, ഇന്‍സ്റ്റ... എന്തിന്, ഇന്റെക്കാക്ക് ഫോണ്‍ തന്നെ അലര്‍ജിയാ. മാനുട്ടിയിപ്പോള്‍ അതിനൊന്നും നിക്കണ്ട'

മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ അലീമ ബീവിയുടെ പത്താം ക്ലാസ് ബാച്ച് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയതിന്റെ പരിണിത ഫലം നോക്കൂ.

അവളുടെ കൂടെ പഠിച്ചവന്‍ എന്ന ആ ഒറ്റ പരിഗണനയില്‍, ഡൈനിങ് ഹാളും വിട്ട് ഞങ്ങളുടെ അടുക്കളയിലേക്ക് വരെ കയറിവരാമെന്ന സ്വാതന്ത്ര്യം നേടിയെടുത്തിരിക്കുന്നു അതുവഴി മാനുട്ടി.

പാട്ടും അന്താക്ഷരിയും ചര്‍ച്ചകളും കളിചിരികളും കൊണ്ട് സദാ ശബ്ദമുഖരിതമായ ഒരു വാട്‌സ്ആപ് ഗ്രൂപ്പ്! ജീവിത മദ്ധ്യാഹ്നത്തിന്റെ മടുപ്പും വിരസതയും ആധിയും വ്യാധിയും

അകറ്റാമെന്ന പേരില്‍ ഓണ്‍ലൈനിലും ചിലപ്പോഴൊക്കെ ഓഫ് ലൈനിലും ഒരുമിച്ചു കൂടി ദിനങ്ങളോരോന്നും ആഘോഷമാക്കുകയാണവര്‍.

അതിനാല്‍ അവള്‍ വളരെ സന്തോഷവതിയും ഞാന്‍ വളരെ ദുഃഖിതനുമായ ഒരു കാലഘട്ടത്തിലൂടെയാണിപ്പോള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്.

എട്ടാം ക്ലാസ് മുതല്‍ മുതല്‍ പത്താം ക്ലാസ് വരെ വെറും മൂന്നു വര്‍ഷങ്ങള്‍ മാത്രമാണ് ഒരുമിച്ചു പഠിച്ചത്.

പക്ഷെ ഒരു മുന്നൂറ് വര്‍ഷത്തെയെങ്കിലും പറഞ്ഞാല്‍ തീരാത്ത കഥകള്‍ പറയാനുണ്ടെന്നു തോന്നും.

ഓഫീസില്‍ നിന്ന് വരുമ്പോള്‍ പൂമുഖ വാതിലില്‍ സ്‌നേഹം തുളുമ്പി ചിരിച്ചു സ്വീകരിച്ചിരുന്ന അലീമ ബീവി പക്ഷെ ഇപ്പോള്‍ ആളാകെ മാറിയിരിക്കുന്നു.

അടുക്കളയില്‍ നിന്ന് നെയ്യില്‍ കുതിര്‍ന്ന പലഹാരത്തിന്റെ ഊഷ്മള ഗന്ധമടിച്ചു.

'കഴിക്കാനെന്താള്ളത്'

ഡൈനിങ് ടാബിളിന്റെ ഒരറ്റത്ത് ഏതൊ റീല്‍സ് വീഡിയോ കണ്ട് ചിരിയില്‍ മുഴുകിയിരിക്കുന്ന മാനുട്ടിയുടെ ശ്രദ്ധ ക്ഷണിക്കാനായി ഉറക്കെ ചോദിച്ചു

'ഇക്കാക്ക് ചപ്പാത്തിണ്ടാക്കീട്ടുണ്ട്.

ഇത് നെയ് വടയാ. മധുരള്ളതാണ്.

ഇത് മാനുട്ടി കഴിച്ചോട്ടെ'

വലതു കൈയിലെ പലഹാര പാത്രം ഡെയിനിങ് ടേബിളില്‍ വെച്ച് ഇടതു കൈയിലെ ഫോണില്‍ നിന്ന് തലയുയര്‍ത്താതെ അവള്‍ പറഞ്ഞു.

മാനുട്ടി നെയ് വടയില്‍ നിന്ന് ഒരു കഷ്ണം മുറിച്ചെടുത്ത് നീട്ടി.

'തിന്നൂടീന്ന്. ഒരു കഷ്‌ണൊക്കെ രുചി മാറ്റത്തിന് നല്ലതാ '

ഞാന്‍ കഴിക്കില്ല, മധുരം പണ്ടേ ഇഷ്ട്ടമല്ലെനിക്ക്'

ജോലിയുമായി ബന്ധപ്പെട്ട് മക്കള്‍ രണ്ടു പേരും സകുടുംബം വിദേശത്തായതില്‍പ്പിന്നെ അവര്‍ വല്ലപ്പോഴുമൊക്കെ എത്തുന്ന വിരുന്നുകാര്‍ മാത്രമായി മാറിയ ഈ കാലത്ത്, അവളുടെ കൊഞ്ചലും കുസൃതികളും പരിഭവങ്ങളും പിണക്കങ്ങളുമെല്ലാം മാനുട്ടി കവര്‍ന്നെടുത്തിരിക്കുന്നു. എത്ര മനോഹരമാണ് അവയെന്നും ഇതൊന്നും മുന്‍പ് ഞാന്‍ വേണ്ടത്ര ഗൗനിച്ചിരുന്നില്ലല്ലോയെന്നുമോര്‍ത്തപ്പോള്‍ വല്ലാതെ ദുഃഖം തോന്നി. അയാള്‍ കാരണം ഇപ്പോള്‍ ഞങ്ങള്‍ക്കിടയിലെ സ്വകാര്യതപോലും പൂര്‍ണ്ണമായും ഇല്ലാതെയായ പോലെ.

'ഞാന്‍ നിങ്ങളുടെ ക്ലാസ്‌മേറ്റ്‌സിനെ തപ്പിക്കൊണ്ടിരിക്കുകയാണ് അബ്ദുക്കാ'

ഒരു വലിയ ദൗത്യം ഏറ്റെടുത്ത പോലെ മാനുട്ടി പറഞ്ഞു. കൂടെ പഠിച്ചവരെ ചേര്‍ത്ത് ഉടന്‍ ഒരു വാട്‌സ്ആപ് ഗ്രൂപ്പൊക്കെ ക്രിയേറ്റ് ചെയ്യണമെന്ന് - അങ്ങനെയെങ്കില്‍ ഈ രസവും സന്തോഷവുമൊക്കെ നിങ്ങള്‍ക്കും കിട്ടിയേക്കാം എന്ന അര്‍ത്ഥത്തില്‍ - ഇത്തരം അവസരങ്ങളില്‍ അരസികതയോടെ വായും പൊളിച്ചിരിക്കുന്ന എന്നോട് അയാള്‍ പറയാറുള്ളതാണ്. അങ്ങനെയെങ്കില്‍ ആവട്ടെയെന്ന് അയാളോട് പറഞ്ഞിട്ടുമുണ്ട്.

'എന്നിട്ടെന്താ കാര്യം.. വാട്‌സ്ആപ്, ഫേസ് ബുക്ക്, ഇന്‍സ്റ്റ... എന്തിന്, ഇന്റെക്കാക്ക് ഫോണ്‍ തന്നെ അലര്‍ജിയാ. മാനുട്ടിയിപ്പോള്‍ അതിനൊന്നും നിക്കണ്ട'

ചപ്പാത്തിയും കറികളും ടേബിളില്‍ നിരത്തുമ്പോള്‍ അവള്‍ പറഞ്ഞു.

'അവര് വരുമ്പോ വരട്ടെടാ... അവരില്ലാഞ്ഞിട്ടും ഞങ്ങള് സന്തോഷായിട്ട് ജീവിക്ക്ണില്ലേ'.

'പിന്നേയ്.. ഇജ് എന്തറിഞ്ഞിട്ടാ ഇന്നെ മിട്ടായി കള്ളാന്ന് വിളിക്ക്ണ്?'

വീണ്ടും പലഹാരം മുറിച്ചെടുത്ത് മാനുട്ടി ചോദിച്ചു.

'ഉം... പിന്നേ.. മാധവേട്ടന്റെ കടേന്ന് മിട്ടായി കട്ടതിന് സരസ്വതി ടീച്ചര്‍ രണ്ടീസം ക്ലാസിന്റെ പുറത്ത് നിര്‍ത്തീലെടാ കള്ളാ അന്നെ'

ഒരു എട്ടാം ക്ലാസ്സുകാരിയെപ്പോലെ അവള്‍ കെറുവിച്ചപ്പോള്‍ അതു കേള്‍ക്കാന്‍ അതിയായി കൊതിച്ചവനെപ്പോലെ അയാള്‍ ഉറക്കെയുറക്കെ ചിരിച്ചു.

ഇങ്ങനെയൊക്കെ ചിരിക്കാന്‍ മാത്രം ഇപ്പറഞ്ഞതില്‍ എന്താ ഉള്ളതെന്നാലോചിച്ചപ്പോള്‍ രണ്ടു പേരോടും വല്ലാതെ ഈറ തോന്നി.

'അബ്ദുക്കാ... വല്ലാത്തൊരു സാധനം തന്നാണ് ഇങ്ങളെ വീടര്.. എങ്ങനെ സഹിക്ക്ണ് ഈ പഹച്ചീനെ '

എന്റെ നെഞ്ചില്‍ എവിടെയൊക്കെയോ അയാളുടെ വാക്കുകള്‍ ആഞ്ഞു തറച്ചു. മാനുട്ടിക്കും അലീമ ബീവിക്കുമിടയിലെ അകലം നേര്‍ത്ത് ഇല്ലാതായപോലെ തോന്നി. അവര്‍ക്കിടയില്‍ എനിക്ക് വല്ലാത്തൊരു അന്യതാ ബോധം അനുഭവപ്പെട്ടു.

'അഫ്രാനും ആദിലും വിളിക്കാറൊക്കെയില്ലേ'

ചായ മൊത്തിക്കൊണ്ട് അയാള്‍ ചോദിച്ചു.

'എടക്കൊന്ന് വന്നു പൊയ്ക്കൂടെ രണ്ടാള്‍ക്കും. ഒരു തന്തയും തള്ളയും ഇവിടെണ്ടെന്ന്ള്ള വല്ല ചിന്തയുമുണ്ടോ അവര്‍ക്കും കെട്ട്യോള്‍മാര്‍ക്കും'

ഞങ്ങളോടുള്ള സഹതാപ പ്രകടനമെമെന്ന പോലെ അയാള്‍ പറഞ്ഞു.

'അവര് വരുമ്പോ വരട്ടെടാ... അവരില്ലാഞ്ഞിട്ടും ഞങ്ങള് സന്തോഷായിട്ട് ജീവിക്ക്ണില്ലേ'.

അലീമ ബീവിയാണ് മറുപടി പറഞ്ഞത്. പിന്നെ അവള്‍ രണ്ടു മൂന്നു നിമിഷങ്ങള്‍ തരിച്ചിരുന്നു.

'ഒറ്റ ബേജാറേയൊള്ളൂ മാനുട്ടീ... തന്തക്ക് പഴേപോലെ ഓടാനും ചാടാനൊന്നും വയ്യ.

പാതിരാക്കോ മറ്റോ വല്ലതും പറ്റിയാ ഈ തന്തയെയും കൊണ്ട് ഞാനെന്താ ചെയ്യാ'

കേട്ടില്ലേ, ഈ തന്തയെന്ന്!

അവള്‍ തന്തയെന്നുദ്ദേശിച്ചത് എന്നെയാണല്ലൊ എന്നോര്‍ത്തപ്പോള്‍ മേലാകെ ചൂളിപ്പോയി. കറുപ്പ് മാഞ്ഞ തലമുടിയും താടി മീശകളും മുമ്പൊന്നുമില്ലാത്ത വിധം എന്നെ പേടിപ്പിച്ചു. വാഷ് ബൈസന്‍ കണ്ണാടിയിലേക്ക് ഒരു നിമിഷം എന്റെ നോട്ടം പാഞ്ഞെങ്കിലും ഞാന്‍ കണ്ണുകള്‍ പിന്‍വലിച്ചു.

'ലൈസന്‍സൊക്കെ ഞാന്‍ ഏതോ കാലത്ത് എടുത്ത് വെച്ചതാ മാനുട്ടീ, പറഞ്ഞിട്ടെന്താ

ഒരു വണ്ടിയുള്ളത് ഓടിക്കാന്‍ എനിക്ക് പേടിയാ'

അവള്‍ പറഞ്ഞു. അയാള്‍ എന്നെ സഹതാപത്തോടെ നോക്കി.

'അബ്ദുക്കാ .. പ്രഷറും ഷുഗറുമൊക്കെ ഇടക്കൊന്നു നോക്കി വെക്കണേ.. ആറുമാസം കൂടുമ്പോളെങ്കിലും ഇ.സി.ജിയും'

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്റെ തോളില്‍ തട്ടിക്കൊണ്ടു അയാള്‍ പറഞ്ഞു. എഴോ എട്ടോ വയസു മാത്രം ഇളയവരായ രണ്ടു പേര്‍ എന്നോട് കാണിക്കുന്ന കരുതല്‍ മനസ്സില്‍ വല്ലാത്തൊരു അസ്വസ്ഥതയും നീറ്റലുമുണ്ടാക്കി.

'മാനുട്ടീ '....

മുറ്റത്തേക്കിറങ്ങിയ മാനുട്ടിയുടെ പിന്നാലെ ചെന്നു.

'എന്താ അബ്ദുക്കാ'

അയാള്‍ തിരിഞ്ഞ് അടുത്തേക്ക് വന്നു.

'മാനുട്ടി പറയാറില്ലേ, എന്റെ കൂടെ പഠിച്ചവരെക്കുറിച്ച് അന്വേഷിക്കാറുണ്ടെന്ന്, അതൊന്നു സ്പീഡാക്കണേ. സ്‌കൂളിലും കോളേജിലുമായി കൂടെ പഠിച്ചവരില്‍ ഒരു പാടുപേരുണ്ട് ഈ സിറ്റിയിലെന്നു പറഞ്ഞിരുന്നല്ലോ ഞാന്‍, ഒന്നന്വേഷിക്കൂ. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു'

മാനുട്ടി അടുത്തേക്ക് വന്നു.

'നിങ്ങളോട് പറയാതിരുന്നതാണ്, ഞാനന്വേഷിച്ചു കൊണ്ടിരിക്കുക തന്നെയാണ് അബ്ദുക്കാ.

മാനുട്ടി എന്റെ കൈപിടിച്ചു.

'നിങ്ങളുടെ പത്താം ക്ലാസ് ബാച്ചിലെ രണ്ടു മൂന്നു പേര്‍ മക്കളോടൊപ്പം വിദേശത്താണ്. പിന്നെ നാലാഞ്ചു പേര് പലവിധ ചികിത്സകളുമായി നാട്ടില്‍ തന്നെ ഹോസ്പിറ്റലുകളിലും മറ്റുമൊക്കെയുണ്ട്. പല കേസുകളിലും പെട്ട് രണ്ടോ മൂന്നോ പേര് ജയിലിലുണ്ട്. സൈബര്‍ കേസില്‍ മറ്റൊരാളും. പത്തു പന്ത്രണ്ടു പേര് മരിച്ചുപോയി'

അയാള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.

ഹൊ- എന്റെ ക്ലാസ്‌മേറ്റ്‌സ്! ഞാന്‍ ഞെട്ടിപ്പോയി. എനിക്ക് വേണ്ടി അയാള്‍ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ തന്നെയായിരുന്നെന്ന് വിശ്വസിക്കാനായില്ല.

'പിന്നെ ഞാന്‍ സൂചിപ്പിക്കാറുണ്ടായിരുന്നില്ലേ, ഒരു രാജന്‍. ഞങ്ങളൊരുമിച്ച് ഒരേബെഞ്ചില്‍'...

'ആ... അതും അന്വേഷിച്ചു

അയാളും ഭാര്യയും വടക്ക് എവിടെയോ ആയിരുന്നു താമസം.

അവര്‍ക്ക് കുട്ടികളൊന്നും ഉണ്ടായിരുന്നില്ല.

വീട്ടിലെ ഒരു മോഷണ ശ്രമത്തിനിടയില്‍ ഏതൊ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ രണ്ടാളും കൊല്ലപ്പെട്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത്'

ഞാന്‍ സ്തബ്ദനായി നിന്നു പോയി.

'ഇനിയും അന്വേഷിക്കാം അബ്ദുക്കാ. നമുക്ക്

പലരെയും കണ്ടെത്താന്‍ കഴിയും,

തീര്‍ച്ച'

അയാള്‍ എന്റെ ചുമലില്‍ തട്ടിക്കൊണ്ട് നടന്നു നീങ്ങി. ഒരേ ബെഞ്ചില്‍ തൊട്ടുരുമ്മിയിരുന്ന രാജനും അവ്യക്തമായ ഒരു പാടു മുഖങ്ങളും ഓര്‍മ്മകളിലേക്ക് ഇരമ്പിയെത്തി.

ദിക്കറിയാത്ത ദേശങ്ങളിലും ആശുപത്രികളിലും ജയിലുകളിലും സ്മശാനങ്ങളിലും നിന്ന് ആ കുഞ്ഞു മുഖങ്ങള്‍ എന്നിലേക്ക് നോട്ടം തറപ്പിച്ച് നിന്നു.

' മാനുട്ടീ. വേണ്ട, ഇനി ആരെയും അന്വേഷിക്കേണ്ട'

വരണ്ട തൊണ്ടയില്‍ നിന്നും വന്ന എന്റെ വാക്കുകള്‍ ഗേറ്റ് കടന്നു പോകുന്ന മാനുട്ടി കേട്ടുവോ എന്തോ....

സിദ്ധിഖ് കടവത്ത്

Malayalam short story written by Sidheque Kadavath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേവസ്വം ബോർഡിലെ വിവാദ നിയമനം: 'സർക്കുലർ പിൻവലിച്ചില്ലെങ്കിൽ സ്വർണ്ണക്കവർച്ചയിൽ ബോർഡിനും പങ്കുണ്ടെന്ന് അനുമാനിക്കും'

ഇന്റര്‍നെറ്റ് വേഗം കൂട്ടണോ?, ഈ ക്രോം സെറ്റിങ് ഓണാക്കുക; ചെയ്യേണ്ടത് ഇത്രമാത്രം

ജീവിതത്തിന്റെ നേർക്കാഴ്ചയായി 'ഹബീബി'; പ്രധാന വേഷത്തില്‍ ധനുഷിന്റെ പിതാവ് കസ്തൂരി രാജ

മൂന്നാറിൽ റേഷൻ കടയ്ക്ക് നേരെ വീണ്ടും കാട്ടാനയാക്രമണം; തകർക്കുന്നത് ഇത് ഇരുപത്തിയാറാം തവണ

2000 ജീവനക്കാരെ പിരിച്ചുവിടാന്‍ ബിബിസി; പരമ്പരാഗത രീതിയില്‍ കാര്യമില്ല, അപ്‌ഡേറ്റാവുക ലക്ഷ്യം; ലാഭം 6438 കോടി

SCROLL FOR NEXT