representative image created by Ai image generator Ai image generator
Pen Drive

കളിയാക്കി കുരച്ചുകൊണ്ട് നായകള്‍ കള്ളന് നേരെ ചാടി വീണു

വൈശാഖ് സി എഴുതിയ രണ്ടു കഥകള്‍

Author : വൈശാഖ് സി

കള്ളനും നായകളും

വെല്ലുവിളികള്‍ ഇഷ്ടമുള്ള കള്ളനായിരുന്നു അയാള്‍.

അതുകൊണ്ട് തന്നെ നായകള്‍ കാവല്‍ ഇല്ലാത്ത വീടുകളില്‍ മോഷ്ടിക്കാന്‍ അയാള്‍ക്ക് താത്പര്യമില്ലായിരുന്നു.

നായകള്‍ കണ്ണും മൂക്കും തുറന്നു ജാഗരൂകരായി നില്‍ക്കുന്ന വീടുകളില്‍ അവയ്ക്ക് സ്വാദിഷ്ടമായ ഇറച്ചി നല്‍കി അയാള്‍ ഉറക്കിക്കിടത്തി. അങ്ങനെ വിജയപ്രദമായ ഒരുപാട് മോഷണങ്ങള്‍ കള്ളന് ചെയ്യാന്‍ കഴിഞ്ഞു.

ഓരോ മോഷണം പൂര്‍ത്തിയാക്കിയ ശേഷവും അയാള്‍ മറ്റൊരു കാര്യം കൂടി ചെയ്യുമായിരുന്നു.

മയങ്ങി കിടക്കുന്ന നായകളെ അയാള്‍ ഉണര്‍ത്തും.

എന്താ സംഭവിച്ചത് എന്നു മനസിലാകാതെ നായകള്‍ കുഴങ്ങിയ ഭാവത്തോടെ അയാളെ നോക്കി കണ്ണു മിഴിക്കുമ്പോള്‍ അവയെ നോക്കി ഉറക്കെ കളിയാക്കി ചിരിച്ചുകൊണ്ട് അയാള്‍ മതില്‍ ചാടി രക്ഷപ്പെടും.

മോഷണത്തിന് പൂര്‍ണത ലഭിക്കാന്‍ ഇതും ചെയ്യണമെന്ന് കള്ളന്‍ വിശ്വസിച്ചു.

കള്ളനെ പിടിക്കാന്‍ പരാജയപ്പെട്ട നായകളെ അതിന്റെ ഉടമസ്ഥര്‍ തെരുവില്‍ ഉപേക്ഷിച്ചു.

അങ്ങനെ നായകളെയും നിയമപാലകരെയും നാട്ടുകാരെയും കബളിപ്പിച്ചുകൊണ്ട് അയാള്‍ മോഷണപരമ്പര തുടര്‍ന്നു.

അമ്പതാമത്തെ മോഷണത്തിന് അയാള്‍ മൂന്ന് നായകള്‍ കാവലുള്ള നഗരത്തിലെ പ്രധാന ധനികന്റെ ഭവനമായിരുന്നു തിരഞ്ഞെടുത്തത്.

മൂന്ന് നായകളെയും മയക്കി അയാള്‍ മോഷണം ബുദ്ധിമുട്ടുകളില്ലാതെ പൂര്‍ത്തിയാക്കി. പതിവുപോലെ രക്ഷപ്പെടുന്നതിന് മുന്നേ അയാള്‍ നായകളെ ഉണര്‍ത്തി.

നായകള്‍ അയാള്‍ക്ക് നേരെ ഓടി വന്നപ്പോള്‍ അയാള്‍ അവയെ നോക്കി ഉറക്കെ കളിയാക്കി ചിരിച്ചുകൊണ്ട് സ്വര്‍ണവും പണവും നിറച്ച ഭാണ്ഡവുമായി ധനികന്റെ മതില്‍ ചാടി കടന്നു.

ഇളിഭ്യരായ നായകള്‍ പരസ്പരം നോക്കി കുരച്ചുകൊണ്ട് മതിലിനുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടന്നു.

അമ്പത് മോഷണങ്ങള്‍ പൂര്‍ത്തിയാക്കിയത്തിന്റെ സംതൃപ്തിയുമായി കള്ളന്‍ ചുമലില്‍ ഭാണ്ഡവും പേറി അരണ്ട നിലാവെളിച്ചത്തില്‍ നെഞ്ചും വിരിച്ചു സ്വന്തം വീട്ടിലേക്ക് നടന്നു.

പെട്ടെന്ന് അയാള്‍ പിന്നില്‍ നിന്നും ഒരു മുരളല്‍ കേട്ടു.

കള്ളന്‍ ഞെട്ടിത്തിരിഞ്ഞു.

നാവ് പുറത്തേക്കിട്ട് ഉമിരിന് ഒലിപ്പിച്ചുകൊണ്ട് ഒരു തെരുവുനായ അയാളെ നോക്കി മുരണ്ടുകൊണ്ട് നില്‍ക്കുകയാണ്.

കള്ളന്‍ ഭയന്നു പിന്നിലേക്ക് നടന്നു.

അപ്പോള്‍ അയാള്‍ക്ക് ചുറ്റുമുള്ള ഇരുട്ടില്‍ നിന്നും വേറെയും നായകള്‍ മുരണ്ടുകൊണ്ട് പുറത്തേക്കിറങ്ങി വന്നു.

കള്ളന്‍ മൂലം തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നായകളായിരുന്നു അവയെല്ലാം.

കളിയാക്കി കുരച്ചുകൊണ്ട് നായകള്‍ കള്ളന് നേരെ ചാടി വീണു.

പ്രാര്‍ത്ഥന

ദൈവത്തെ മാത്രം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന അവള്‍ പെട്ടെന്നൊരു ദിവസം ചെകുത്താനെ പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു.

മൂന്നാമത്തെ നാള്‍ ചെകുത്താന്‍ അവള്‍ക്കു മുന്നില്‍ അവതരിച്ചു.

'നിന്റെ ഏത് ആഗ്രഹവും എനിക്ക് സാധിച്ചു തരാന്‍ കഴിയും. പകരമായി നിന്നെ എനിക്ക് സമര്‍പ്പിക്കണം. സമ്മതമാണോ?' ചെകുത്താന്‍ പറഞ്ഞു.

'സമ്മതം.' അവള്‍ പറഞ്ഞു.

'പറയൂ എന്താണ് നിനക്ക് വേണ്ടത്?'

'എനിക്ക് ദൈവത്തെ കാണണം.'

Malayalam short story written by Vysakh C

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണം; അത് മനസിലാകുന്ന ഭാഷയില്‍ വേണം'

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍, അപൂര്‍വ്വ പ്രതിഭാസം ബുധനാഴ്ച; വിഷുവം ദര്‍ശിക്കാന്‍ കാത്തിരിപ്പ്

യുഎഇയില്‍ അടുത്ത അഞ്ച് ദിവസം ചൂട് തുടരും; 48 ഡിഗ്രി വരെ താപനില ഉയരും

വാഴ നടാന്‍ ഇതാണ് ബെസ്റ്റ് ടൈം; ഇങ്ങനെ കൃഷി ചെയ്താല്‍ കൈനിറയെ സമ്പാദ്യം

ആറുമാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് പൂട്ടും: 'സൈലന്റ് കാർഡുകൾ' ഡീആക്ടിവേറ്റ് ചെയ്യാൻ പൊതുവിതരണ വകുപ്പ്