നേരം പുലര്‍ന്നു തുടങ്ങിയതേ ഉള്ളൂ. വടക്കേക്കാവില്‍ വിളക്ക് തെളിഞ്ഞു കത്തുന്നു. മുറ്റത്ത് നിറഞ്ഞു നില്‍ക്കുന്ന ആല്‍മരത്തേക്കാള്‍ ഉയരത്തില്‍ ഉത്സവക്കൊടി പാറിക്കളിക്കുന്നു. അങ്ങിങ്ങായി ഒറ്റപ്പെട്ട കുറച്ച് മനുഷ്യ രൂപങ്ങള്‍. മരച്ചോട്ടിലും തിരുമുറ്റത്തിനു പുറത്തെ മതിലിലുമായി തോര്‍ത്ത് വിരിച്ചു കിടന്നുറങ്ങുന്ന ചിലര്‍. ആടിത്തിമിര്‍ത്ത കോലങ്ങളുടെ ശേഷിപ്പുകളായി കുരുത്തോലകള്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്നു.
മഞ്ഞ് വീണു നനഞ്ഞ മണ്ണില്‍ ചവിട്ടി ശങ്കരന്‍ തിരുമുറ്റത്തിലൂടെ നടന്നു. ദേവിയെ തൊഴുതു, നെയ്ത്തിരികള്‍ ജ്വലിച്ചു നില്‍ക്കുന്ന തറകളെയും തൊട്ടു തൊഴുതു.
ഇന്ന് കോലം അഴിക്കുന്നതോടു കൂടി ഉത്സവം കൊടിയിറങ്ങും. ഇക്കൊല്ലത്തെ തെയ്യക്കാലവും കഴിയും. ശങ്കരന്റെ ജീവിതത്തിലെ നീണ്ട ആറു ദശാബ്ദങ്ങളുടെ തപസ്യയും അവിടെ തീരും. ജീവിതത്തിലെ അവസാന തെയ്യക്കോലം കെട്ടാന്‍ ഒരുങ്ങുകയാണ്. ശരീരത്തിലേക്ക് ആവാഹിച്ചെടുത്ത് ഉഗ്രമൂര്‍ത്തികളായി ഉറഞ്ഞാടുന്ന തെയ്യക്കാലം ഇനിയില്ല. ശങ്കരന്‍ തിരുമുറ്റത്തൊരു മൂലയില്‍ ചമ്രം പടിഞ്ഞിരുന്നു.
പതിനാലാം വയസ്സില്‍ അപ്പന്റെ കൈ പിടിച്ച് വടക്കേക്കാവിന്റെ പടവുകള്‍ കയറിയത് ശങ്കരന്‍ ഓര്‍ത്തു. ഓല മടഞ്ഞ് മറച്ചുണ്ടാക്കിയ ചുവരുകളും ഓല മേഞ്ഞ മേല്‍ക്കൂരയുമുള്ള ചെറിയൊരു കാവ്. ചുറ്റും കാട്, ഭീതിതമായൊരു ഇരുട്ട്. കാട്ടിലേക്കിറങ്ങി ഒറ്ററാന്തല്‍ വെളിച്ചത്തില്‍ ഒരു മറ. അവിടെയായിരുന്നു കോലം വരച്ചിരുന്നത്.
ഇന്ന് ആകെ മാറിയിരിക്കുന്നു. തിരുമുറ്റം മാത്രം അതേപടി ഉണ്ട്. കാട് വെട്ടിത്തെളിച്ച് ക്ഷേത്രക്കമ്മിറ്റി ആപ്പീസും ഊട്ടുപുരയും മറ്റു കെട്ടിടങ്ങളും ഉയര്‍ന്നിരിക്കുന്നു.
ശങ്കരന്‍ കോലം കെട്ടിയ അന്നു മറപ്പുരയ്ക്കപ്പുറത്തുള്ള കുളത്തില്‍ അപ്പന്‍ മരിച്ചു കിടന്നു. ദൈവങ്ങളുമായ് സംവദിച്ച അപ്പന്‍ കേവലമൊരു മനുഷ്യനായി മരിച്ചു വീണു
ശങ്കരന്‍ അപ്പനെക്കുറിച്ചോര്‍ത്തു. അപ്പന്‍ കോലം കെട്ടിയത് ആദ്യമായി കണ്ടത് മനസ്സിലേക്ക് ഓടി വന്നു. കടും ചുവപ്പിലും മഞ്ഞയിലും ചുട്ടി കുത്തി, ചിലമ്പും തോടയും അണിഞ്ഞ്, വെള്ളിക്കണ്ണ് കെട്ടി, തെച്ചിപ്പൂമാല നിറഞ്ഞാടുന്ന ഉടുത്തുകെട്ടും. അപ്പന്‍ മറ്റാരോ ആയി മാറുന്നത് ശങ്കരന്‍ നോക്കി നിന്നു. കോലം കെട്ടിക്കഴിഞ്ഞപ്പോള്‍ അപ്പന്‍ അപ്പനല്ലാതായി. കൊന്ത്രന്‍ പല്ലുകളില്‍ തട്ടിയുടഞ്ഞ് അവ്യക്തമായി പുറത്തു വരുന്ന വാക്കുകള്‍ക്ക് അപ്പന്റെ ശബ്ദം പോലും ഇല്ലായിരുന്നു.
അപ്പന്‍ ശങ്കരനെ അടുത്തു വിളിച്ചു. ഒരു അച്ഛന്റെ വാത്സല്യത്തോടെ തന്നെ തലയില്‍ കൈ വച്ചു. അപ്പന്‍ ശങ്കരന്റെ കൈ പിടിച്ചു. അപ്പന്റെ കൈകള്‍ കൂടുതല്‍ ബലിഷ്ഠമായി തോന്നി. അപ്പന്‍ ശരിക്കും വേറാരോ ആയി. ശങ്കരന്റെ കൈ പിടിച്ച് അപ്പന്‍ മറപ്പുരയില്‍ നിന്നും തിരുമുറ്റത്തേക്കിറങ്ങി. പിന്നെ ചെണ്ടയുടെ അസുര താളത്തിനനുസൃതമായി ചുവടുകള്‍ വച്ചു. ചിലപ്പോള്‍ ഉറഞ്ഞ് തുള്ളി. മറ്റു ചിലപ്പോള്‍ ശാന്തനായി തിരുമുറ്റത്ത് നടന്നു. കാവില്‍ വന്ന പെണ്ണുങ്ങള്‍ അപ്പനെ കണ്ട് കൈ കൂപ്പി. അപ്പനോട് സങ്കടങ്ങള്‍ പറഞ്ഞു, കരഞ്ഞു. അപ്പന്‍ ശാന്തനായി എല്ലാം കേട്ടു. ദേവിയെ നോക്കി കണ്ണടച്ചിരുന്നു. സങ്കടം പറഞ്ഞവരുടെ തലയില്‍ മഞ്ഞള് പുരണ്ട കൈ വച്ച് അനുഗ്രഹിച്ചു. ഏതോ നിര്‍വൃതിയില്‍ കണ്ണീരു തുടച്ച് അവര്‍ മടങ്ങി.
അന്നു മുടിയഴിച്ചപ്പോള്‍ ശങ്കരന്‍ അപ്പന് വെത്തില വച്ചു. പിന്നെ അപ്പന്റെ കൂടെ കൂടി. അപ്പനെ കണ്ട് പഠിച്ചു. അപ്പനും കുറെ പഠിപ്പിച്ചു.
ശങ്കരന്‍ കോലം കെട്ടിയ അന്നു മറപ്പുരയ്ക്കപ്പുറത്തുള്ള കുളത്തില്‍ അപ്പന്‍ മരിച്ചു കിടന്നു. ദൈവങ്ങളുമായ് സംവദിച്ച അപ്പന്‍ കേവലമൊരു മനുഷ്യനായി മരിച്ചു വീണു.
ശങ്കരന്റെ ഫോണ്‍ ശബ്ദിച്ചു. നീണ്ട ധ്യാനത്തില്‍ നിന്നും സ്ഥലകാല ബോധമില്ലാതെ ശങ്കരന്‍ ഞെട്ടിയുണര്‍ന്നു. അരക്കെട്ടില്‍ മുണ്ടിനിടയില്‍ തിരുകിവച്ച ഫോണ്‍ ശബ്ദിച്ചുകൊണ്ടേയിരുന്നു. ശങ്കരന്‍ ഫോണില്‍ നോക്കി. ദിവാകരന്‍ എന്ന് കാണിച്ചു, മകനാണ്. ശങ്കരന്‍ ഫോണെടുത്തു.
'അപ്പാ'
'പറയെടാ'
' അപ്പന്‍ കാവിലാണോ?'
'അതേ'
'ഞാന്‍ പറഞ്ഞത് കൊണ്ട് അപ്പന് വിഷമമൊന്നും തോന്നരുത്. എന്റെ അവസ്ഥ അങ്ങനെ ആയതു കൊണ്ടാണ്'
'ഉം'
ശങ്കരന്‍ ഒന്ന് മൂളി. പിന്നെ നീണ്ട മൗനം. ആ മൗനം പലതും സംവദിച്ചു. പക്ഷേ ദിവാകരന് ഒന്നും മനസ്സിലായില്ല.
'സാരമില്ലെടാ, അപ്പന് മനസ്സിലാവും'
ശങ്കരന്‍ മൗനം ഭഞ്ജിച്ചു.
'അപ്പാ, വെക്ക്വാണ്. വീട്ടിലെത്തിട്ട് സംസാരിക്കാം.'
ശങ്കരന്‍ ഒന്നും മിണ്ടാതെ ഫോണ്‍ കട്ടാക്കി.
ദിവാകരന്‍ ഇപ്പൊള്‍ നല്ല നിലയിലാണ്. ബാങ്ക് മാനേജരായി ജോലി ചെയ്യുന്നു. അവന്റെ ഭാര്യയും ബാങ്കില്‍ തന്നെയാണ്. ദിവാകരന്‍ നന്നായി പഠിച്ചു. അവന്‍ കോലം കെട്ടിയില്ല. ശങ്കരന്‍ ശ്രമിച്ചതാണ്. അവനു താല്‍പര്യമില്ലായിരുന്നു. ദൈവത്തെയും കോലങ്ങളെയും ആചാരങ്ങളെയും അവന്‍ തിരസ്‌കരിച്ചു. വിളക്കു തറകളില്‍ തിരി വെക്കാന്‍ പോലും അവന്‍ മടിച്ചു. തലമുറകളായി കൈമാറിവന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും തന്നിലൂടെ അവസാനിക്കുമെന്ന് ഓര്‍ത്തപ്പോള്‍ ശങ്കരനു ആധി കയറി.
കഴിഞ്ഞ ദിവസം ദിവാകരന്‍ ഒരു പടി കൂടെ കടന്നു പറഞ്ഞു.
'അപ്പനിനി കോലം കെട്ടരുത്'
ശങ്കരന്‍ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ശങ്കരന്‍ കണ്ണുകള്‍ തുറിച്ച് ദിവാകരനെ നോക്കി.
'ബാങ്കിലൊക്കെ പലരും ചോദിക്കാന്‍ തുടങ്ങി. എന്നോട് മാത്രമല്ല, അവളോടും. പിന്നെ അപ്പനും പ്രായമായി. ആരോഗ്യം നോക്കണ്ടെ? അപ്പന് വല്ലതും പറ്റിയാല്‍..'
'എടാ.. മോനേ.. പക്ഷേ...'
ശങ്കരന്‍ മുഴുമിപ്പിച്ചില്ല. പറയാന്‍ ഉദ്ദേശിച്ചത് ദിവാകരനു മനസ്സിലായിരുന്നു.
'അപ്പനിങ്ങനെ ഇമോഷണലി അറ്റാച്ച്ഡ് ആവാന്‍ മാത്രം ഇതിലെന്താ ഉള്ളത്? വെറുതെ ഓരോന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ. അപ്പന്‍ ഞങ്ങളുടെ കാര്യം കൂടെ ആലോചിക്കണം. അപ്പന്‍ തെയ്യം കെട്ടി നടക്കുകയാണെന്ന് പറയാന്‍ ഞങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ട്.'
ദിവാകരന്‍ പറഞ്ഞതിന്റെ പൊരുള്‍ ശങ്കരനു മനസ്സിലായെങ്കിലും മനസ്സിലാവാത്ത പലതും ആ വാക്കുകളില്‍ ഒളിഞ്ഞിരുന്നു.
രാത്രിയുടെ അനന്തതയില്‍ എവിടെ നിന്നോ ഒഴുകിവന്ന ചെണ്ട കൊട്ടിനു ശങ്കരന്‍ കാതോര്‍ത്തു.
'അപ്പന്‍ ഞാന്‍ പറഞ്ഞത് കേട്ടോ?'
ശങ്കരന്‍ ഒന്നും മിണ്ടിയില്ല. ചെണ്ടയുടെ താളത്തിനനുസരിച്ച് കാലുകള്‍ നിലത്ത് അമര്‍ത്തിച്ചവിട്ടി. കൈകളില്‍ മുദ്രകള്‍ വിരിഞ്ഞു. കണ്ണുകള്‍ പോലും ആ താളത്തില്‍ ലയിച്ചു.
'അപ്പാ'
'തെയ്യമില്ലെങ്കില്‍ അപ്പനില്ലെടാ'
'അപ്പന്‍ ഒന്നും പറയണ്ട. ഇക്കൊല്ലം കഴിഞ്ഞാല്‍ പിന്നെ അപ്പന്‍ തെയ്യം കെട്ടരുത്'
ശങ്കരാ, ജീവിക്കുമ്പോള്‍ നമ്മള്‍ എപ്പോഴും അടിമകളാണ്. കുടുംബത്തിന്, വ്യക്തിബന്ധങ്ങള്‍ക്ക്, സമൂഹത്തിന്, കാലത്തിന്, സംസ്‌കാരത്തിന്. എല്ലാത്തിനും അടിമപ്പെട്ട് ഇങ്ങനെ
ചെണ്ടവാദ്യം ഇടവിടാതെ കൊട്ടിക്കയറി അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. ശങ്കരന്റെ കാലുകള്‍ക്ക് വേഗമേറി. ചടുല താളത്തില്‍ അവ ചലിച്ചു. കാവുകളില്‍ കോലം കെട്ടി തുള്ളുന്നതിനേക്കാള്‍ ചടുലതയില്‍ ആ കുന്നിന്‍ ചെരുവില്‍ ശങ്കരന്‍ ഉറഞ്ഞു തുള്ളി. പൂര്‍ണചന്ദ്രന്‍ ചൂട്ടുതെളിച്ച് വെട്ടം കൊടുത്തു. മാനം മുട്ടി നില്‍ക്കുന്ന തെങ്ങുകള്‍ മുത്തുക്കുട ചൂടി, ഇരുട്ടിന്റെ മറയത്ത് ഒളിച്ചു നില്‍ക്കുന്ന കുറ്റിച്ചെടികള്‍ കൈ കൂപ്പി നിന്നു.
കൊട്ടിക്കയറിയ ചെണ്ടമേളം പൊടുന്നനെ നിലച്ചു. ശങ്കരന്‍ നിലത്ത് തളര്‍ന്നിരുന്നു. കൂര്‍ത്ത കല്ലുകളില്‍ തട്ടിയുണ്ടായ മുറിവില്‍ നിന്നും ഒലിച്ച് വന്ന ചോര നിലത്ത് തളം കെട്ടി നിന്നു.
'ശങ്കരാ'
പുറകില്‍ നിന്നും ആരോ വിളിച്ചു. പരിചിതമായ ശബ്ദം. ശങ്കരന്‍ തിരിഞ്ഞു നോക്കി. ഒറ്റമുണ്ടുടുത്ത് ചൂട്ടുപിടിച്ച് അപ്പന്‍ നില്‍ക്കുന്നു.
'അപ്പാ'
' നീ എന്താടാ ഇങ്ങനെ'
ശങ്കരന്‍ അപ്പന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു.
' കരയല്ലെടാ'
ചെറിയൊരു മൗനത്തിനു ശേഷം അപ്പന്‍ തുടര്‍ന്നു.
'ശങ്കരാ, ജീവിക്കുമ്പോള്‍ നമ്മള്‍ എപ്പോഴും അടിമകളാണ്. കുടുംബത്തിന്, വ്യക്തിബന്ധങ്ങള്‍ക്ക്, സമൂഹത്തിന്, കാലത്തിന്, സംസ്‌കാരത്തിന്. എല്ലാത്തിനും അടിമപ്പെട്ട് ഇങ്ങനെ. നിന്നോടൊപ്പം നിന്നിലെ അടിമയും വളര്‍ന്നു. അടിമപ്പെട്ട് അടിമപ്പെട്ട് നിന്നോളം അവന്‍ വളര്‍ന്നു. അവന്‍ നിന്നെകൊണ്ട് പേക്കൊലങ്ങള്‍ കെട്ടിച്ചു.
ശങ്കരാ, നീ ഒരു മനുഷ്യനായിരിക്കുന്നിടത്തോളം കാലം നിനക്കതില്‍ നിന്നും മോചനമില്ല'
വിദൂരതയില്‍ നിന്നും ചെണ്ടമേളം മുറുകി വന്നു. കാല്‍ചിലമ്പുകള്‍ കിലുക്കി അപ്പന്‍ ഇരുട്ടിലേക്ക് ഊളിയിട്ടു. അപ്പനെ യാത്രയാക്കി ചെണ്ടമേളം നിലച്ചു.
കാവില്‍ ആളുകള്‍ വന്നു തുടങ്ങി. ചുറ്റുമുള്ള ചന്തകളില്‍ നിന്നുയര്‍ന്നു വന്ന പലവിധ ശബ്ദങ്ങള്‍ അന്തരീക്ഷത്തില്‍ മുഖരിതമായി. പെണ്ണുങ്ങള്‍ വളപ്പീടികകള്‍ തോറും കയറിയിറങ്ങി നടക്കുന്നു. പൊടി പാറിച്ച് ബഹളം വച്ച് കുറെ കുട്ടികള്‍ പറമ്പിലൂടെ ഓടിക്കളിക്കുന്നു. ശങ്കരന്‍ കാവിന്റെ കിഴക്കേ അതിരിലുള്ള മറപ്പുരയിലേക്ക് നടന്നു.
വിരിച്ചിട്ട പച്ചയോലയില്‍ കിടന്നു മേലാകെ ചുട്ടി കുത്തിയപ്പോള്‍ ലോകം തന്നിലേക്കൊതുങ്ങുന്നതായി ശങ്കരനു തോന്നി. നെഞ്ചിലെ പുള്ളികളില്‍ നക്ഷത്രങ്ങള്‍ മിന്നി. വലിയ വട്ടത്തില്‍ ഉയര്‍ത്തി വച്ച മുടിയില്‍ സൂര്യനും ചന്ദ്രനും ഒരേ സമയം ഉദിച്ചു നിന്നു. വായുവും അഗ്‌നിയും ജലവുമെല്ലാം പല രൂപത്തില്‍ തെളിഞ്ഞു. ശങ്കരന്‍ കേവലമൊരു മനുഷ്യനേക്കാള്‍ ഉയര്‍ന്നു.
മുടിയിലെ അവസാന കെട്ടു മുറുക്കിക്കൊണ്ട് ജനാര്‍ദ്ദനന്‍ ചോദിച്ചു.
'ശങ്കരന്റെ അവസാനത്തെ തെയ്യമാണല്ലെ ?'
ശങ്കരന്‍ ഭീതിതമായ ശബ്ദത്തില്‍ അലറി. വെള്ളി നിറമാര്‍ന്ന കൊന്ത്രന്‍ പല്ലുകളില്‍ ഒരു വെട്ടം മിന്നി, പുരികങ്ങള്‍ വിറകൊണ്ടു, വെള്ളിക്കണ്ണുകള്‍ ജ്വലിച്ചു. കോലം കെട്ടുന്നത് കാണാന്‍ ചുറ്റും നിന്ന പൈതങ്ങള്‍ ചിതറിയോടി. ശങ്കരന്‍ അട്ടഹസിച്ചു.
ശ്രീകോവിലിനു മുന്നില്‍ ഒറ്റച്ചെണ്ട കൊട്ടി. ശങ്കരന്‍ ആര്‍ത്തു വിളിച്ച് തിരുമുറ്റത്തേക്കോടി. ചിലങ്കകളുടെയും വളകളുടെയും കിലുക്കം കാവില്‍ പ്രതിധ്വനിച്ചു. ചെണ്ടമേളം മുറുകി. ചെണ്ടമേളം, ചിലങ്കകളുടെ ശബ്ദം, അട്ടഹാസം, ചുവപ്പ്. ശങ്കരന്‍ തിരുമുറ്റം നിറഞ്ഞു തുള്ളി. ഭീതിതമായ അന്തരീക്ഷത്തില്‍ പെണ്ണുങ്ങള്‍ കൈ കൂപ്പി. ഓടിക്കളിച്ച പൈതങ്ങളുടെ മുഖത്ത് ഭയം നിഴലിച്ചു. ആണുങ്ങള്‍ അമ്പരപ്പോടെ എല്ലാം നോക്കിക്കണ്ടു.
അന്നു വൈകുവോളം ശങ്കരന്‍ കോലം കെട്ടി. ശങ്കരനു ക്ഷീണം തോന്നിയില്ല. പതിവിലും ഊര്‍ജത്തില്‍ ശങ്കരന്‍ മതിയാവോളം തുള്ളി. ആളുകള്‍ അമ്പരന്നു.
കോലം അഴിക്കാന്‍ മറപ്പുരയിലേക്ക് പോയപ്പോള്‍ ജനാര്‍ദ്ദനന്‍ അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു.
വിയര്‍പ്പില്‍ കുതിര്‍ന്ന ചുട്ടികള്‍ ദേഹത്ത് വികൃതരൂപികളായി പരിണമിച്ചു.
ശങ്കരന്‍ മറപ്പുരയില്‍ കിടന്നു.
ജനാര്‍ദ്ദനന്‍ ചോദിച്ചു
'അഴിക്കുന്നില്ലെ?'
'ഇത്തിരി നേരം കൂടെ ഞാന്‍ ഇതിനകത്ത് നിന്നോട്ടെ.'
ജനാര്‍ദ്ദനന്‍ മറപ്പുരയില്‍ നിന്നും ഇറങ്ങി. ശങ്കരന്‍ ശാന്തനായി കിടന്നു.
'ശങ്കരാ'
അപ്പന്റെ ശബ്ദം. ശങ്കരന്‍ കണ്ണ് തുറന്നു നോക്കി. മറപ്പുരയില്‍ നിന്നും കാവിനു പുറത്തേക്കുള്ള വഴിയിലൂടെ അപ്പന്‍ നടക്കുന്നു. സമസ്ത ഭാരങ്ങളും അഴിച്ചു വെച്ച് ശങ്കരനും പിന്നാലെ നടന്നു. കുറച്ചകലെയെത്തി ശങ്കരന്‍ മറപ്പുരയിലേക്കു തിരിഞ്ഞു നോക്കി.
മറപ്പുരയില്‍ വ്യാപിച്ചു നില്‍ക്കുന്ന ചുവപ്പിനു നടുവിലായി രണ്ടു വെള്ളിക്കണ്ണുകള്‍ തിളങ്ങി നില്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates