മഹാത്മാ ഗാന്ധിയുടെയും കസ്തൂര്‍ബാ ഗാന്ധിയുടെയും പ്രപൗത്രനും (മകന്റെ മകന്റെ മകന്) സാമൂഹിക പ്രവര്‍ത്തകനുമാണ് തുഷാര്‍ അരുണ്‍ ഗാന്ധി. ഗാന്ധിജിയുടെ മകന് മണിലാല്‍ ഗാന്ധിയുടെ മകനായ അരുണ്‍ മണിലാല്‍ ഗാന്ധിയുടെയും സുനന്ദ ഗാന്ധിയുടെയും മകനായി 1960 ജനുവരി 17-ന് മുംബൈയിലാണ് അദ്ദേഹത്തിന്റെ ജനനം.
ഗാന്ധിയന്‍ മൂല്യങ്ങളും ആശയങ്ങളും ഇന്നത്തെ സമൂഹത്തില്‍ പ്രസക്തമായി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വ്യക്തിത്വമാണ് തുഷാര്‍ ഗാന്ധി. 'മഹാത്മാ ഗാന്ധി ഫൗണ്ടേഷന്റെ' മാനേജിങ് ട്രസ്റ്റിയായ അദ്ദേഹം, ഗാന്ധിജിയുടെ ചരിത്രപരമായ രേഖകളും അപൂര്‍വ്വ ചിത്രങ്ങളും ഡിജിറ്റൈസ് ചെയ്ത് വരുംതലമുറയ്ക്കായി സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. 'ലെറ്റ്സ് കില്‍ ഗാന്ധി: വിത്ത് കോണ്‍സ്റ്റിറ്റിയൂഷണല്‍ വെപ്പണ്‍സ്' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് അദ്ദേഹം.
അടുത്തിടെ കുട്ടനാട്ടില്‍ എത്തിയ തുഷാര്‍ ഗാന്ധിയുമായി, ഗാന്ധിയന്‍ ജീവിതത്തിന്റെ പ്രസക്തി, ജനകീയ സമരങ്ങള്‍, ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ വിഷയങ്ങള്‍ പ്രതിപാദിച്ച് നടത്തിയ അഭിമുഖത്തില്‍നിന്ന്:
പുതിയ ഡിജിറ്റല്‍ കാലത്ത് ഗാന്ധിയന്‍ മൂല്യങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ യുവജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്?
ഡിജിറ്റല്‍ ലോകം തന്നെ യുവാക്കള്‍ക്ക് പ്രത്യേക വെല്ലുവിളികള്‍ സൃഷ്ടിക്കുന്നില്ല, കാരണം അവര്‍ അതിനോടും സോഷ്യല്‍ മീഡിയയോടും പൂര്‍ണമായി ഇണങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, മയക്കുമരുന്ന് പോലെ സോഷ്യല്‍ മീഡിയയും ആസക്തിയായി മാറിയേക്കാം. ഡിജിറ്റല്‍ ലോകം ഒരു സ്വതന്ത്ര പ്ലാറ്റ്ഫോം ആയതിനാല്‍, അത് എല്ലാത്തരം അഭിപ്രായങ്ങളും വിദ്വേഷങ്ങളും (hate speech) പ്രചരിപ്പിക്കുന്നു. സാങ്കേതികവിദ്യ അതിവേഗം മുന്നേറുകയും ദിവസേന പുതിയ ഉപാധികള്‍ വന്നുചേരുകയും ചെയ്യുന്നതിനാല്‍, ഇതില്‍ ഒരു സന്തുലിതാവസ്ഥ കണ്ടെത്താന്‍ സമൂഹത്തിന് കുറച്ചുകൂടി സമയം വേണ്ടിവരും. ആത്യന്തികമായി, ഡിജിറ്റല്‍ ലോകം ഒരു ഫാന്റസിയാണെന്നും യഥാര്‍ത്ഥ ലോകത്തില്‍ നിന്നും വ്യത്യസ്തമാണെന്നും ആളുകള്‍ തിരിച്ചറിഞ്ഞുവരികയാണ്. കൂടാതെ അതിന്റെ വൈരുദ്ധ്യങ്ങളെ നേരിടാനും അവര്‍ പഠിച്ചുകൊണ്ടിരിക്കുന്നു.
ഇന്നത്തെ അതിവേഗ ഡിജിറ്റല്‍ ലോകത്ത് ഗാന്ധിയന്‍ തത്വങ്ങളുടെ പ്രസക്തി എന്താണ്?
സുസ്ഥിരവും ധാര്‍മ്മികവുമായ ജീവിതരീതി കൈവരിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി. മനുഷ്യര്‍ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടിയാണെന്നും മറ്റെല്ലാറ്റിന്റെയും ലക്ഷ്യം തങ്ങളെ സേവിക്കുകയാണെന്നും മനുഷ്യര്‍ വളരെക്കാലമായി തെറ്റായി വിശ്വസിച്ചുപോന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിലൂടെയും ആഗോളതാപനത്തിലൂടെയും, സസ്യജാലങ്ങളും ജന്തുജാലങ്ങളും പക്ഷികളും ജലജീവികളുമടക്കം ഓരോ ജീവജാലത്തിനും ഈ ഭൂമിയിലും പ്രകൃതി നല്കുന്ന വിഭവങ്ങളിലും തുല്യ അവകാശമുണ്ടെന്ന് നാം തിരിച്ചറിയുന്നു. ഈ സഹവര്‍ത്തിത്വത്തെ ബഹുമാനിക്കുകയല്ലാതെ നമുക്ക് മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ല.
മഹാത്മാഗാന്ധി പറഞ്ഞതുപോലെ: 'ഈ ഭൂമിയില്‍ എല്ലാവരുടെയും ആവശ്യങ്ങള്‍ക്കുള്ള വകയുണ്ട്, എന്നാല്‍ ആരുടെയും ആര്ത്തിക്കില്ല.' ആര്‍ത്തിക്ക് യാതൊരു പരിധിയുമില്ല; ആര്‍ത്തി പിടിച്ച ഒരു വ്യക്തി ഒരിക്കലും തൃപ്തനാകില്ല, അയാള്‍ക്ക് എപ്പോഴും കൂടുതല്‍ വേണം.
ജന്തര്‍ മന്തറിലെ പോലെയുള്ള ആധുനിക സമരങ്ങളെ മറ്റ് ഗാന്ധിയന്‍ പ്രതിഷേധ രൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
എതിര്‍പക്ഷത്തുനിന്ന് ഒരു പ്രതികരണം ഉണ്ടാക്കിയെടുക്കാനും സമാന ചിന്താഗതിക്കാരായ ആളുകളെ ഉണര്‍ത്തി ധൈര്യം നല്‍കാനും കഴിയുമെങ്കില്‍ പ്രതിഷേധം എന്നത് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സാധുവായ ഒരു മാര്‍ഗ്ഗമാണ്. ജന്തര്‍ മന്തര്‍ ശൈലിയിലുള്ള സമാധാനപരമായ പ്രക്ഷോഭങ്ങള്‍ ഇത് വിജയകരമായി സാധ്യമാക്കുകയും രാജ്യവ്യാപകമായ സ്വയമേവയുള്ള പ്രതികരണങ്ങള്‍ക്ക് പ്രചോദനമാകുകയും ചെയ്തു. ഇതിനു വിപരീതമായി, മാവോയിസ്റ്റുകളെപ്പോലെ അക്രമത്തെ ആശ്രയിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് ജനപിന്തുണ നേടാന്‍ കഴിയുന്നില്ല. ഭയത്താലോ നിരാശകൊണ്ടോ പ്രവര്‍ത്തിക്കുന്നവരെ മാത്രമേ അവര്‍ ആകര്‍ഷിക്കുന്നുള്ളൂ.
ഇന്ത്യയിലെ വ്യവസ്ഥാപരമായ അഴിമതിക്ക് ആഴത്തിലുള്ള മാറ്റം ആവശ്യമാണ്. നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ ചെറിയ രാജ്യങ്ങളില്‍ വിപ്ലവങ്ങള്‍ പെട്ടെന്ന് നടന്നുവെങ്കിലും, ഇന്ത്യയുടെ വിസ്തൃതി വളരെ വലുതായതിനാല്‍ യഥാര്‍ത്ഥ പരിവര്‍ത്തനം സംഭവിക്കേണ്ടത് സാമൂഹികവും വ്യവസ്ഥാപരവുമായ ബോധത്തെ മാറ്റിമറിക്കുന്ന അഹിംസാത്മകമായ ബഹുജന പ്രസ്ഥാനങ്ങളിലൂടെയാണ്.
ബഹുജന പ്രസ്ഥാനങ്ങളെയും SIR (സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍/വോട്ടര്‍ പട്ടിക പരിഷ്കരണം) പോലുള്ള സര്‍ക്കാര്‍ നയങ്ങളെയും താങ്കള്‍ എങ്ങനെ കാണുന്നു?
മുന്‍കാല ബഹുജന പ്രസ്ഥാനങ്ങള്‍ (സിഎഎ/എന്‍ആര്‍സി വിരുദ്ധ സമരങ്ങള്‍ അല്ലെങ്കില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ പോലുള്ളവ) ചിലപ്പോഴൊക്കെ ദുര്‍ബലമായത്, ഈ പ്രശ്നങ്ങള്‍ പ്രത്യേക വിഭാഗങ്ങളെയോ പ്രദേശങ്ങളെയോ മാത്രമാണ് ബാധിക്കുന്നത് എന്ന് ആളുകള്‍ കരുതിയതുകൊണ്ടാണ്. വിശാലമായ ജനാധിപത്യ ഭീഷണി മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. SIRന്റെ കാര്യമെടുത്താല്‍, സാര്‍വത്രിക വോട്ടവകാശം എന്ന ജനാധിപത്യ തത്വത്തെ തുരങ്കം വെച്ചുകൊണ്ട്, പൗരന്മാര് വോട്ട് ചെയ്യാനുള്ള തങ്ങളുടെ അവകാശം തെളിയിക്കേണ്ടി വരുന്നതാണ് ഇത്തവണത്തെ അപകടകരമായ മാറ്റം. ജനാധിപത്യവിരുദ്ധമായ രീതികള്‍ ആദ്യം ചില പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിടുകയും പിന്നീട് എല്ലാവരെയും ഭീഷണിപ്പെടുത്തുന്ന ഒന്നായി മാറുകയും ചെയ്യുന്നു.
താങ്കള്‍ എഴുതിയ 'ലെറ്റ്സ് കില്‍ ഗാന്ധി' എന്ന പുസ്തകത്തെക്കുറിച്ച് ലളിതമായി ഒന്ന് വിവരിക്കാമോ?
എന്റെ മുതുമുത്തച്ഛന്റെ കൊലപാതകത്തെ ന്യായീകരിക്കാന്‍ നിരവധി നുണകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഈ പുസ്തകം എഴുതാന്‍ തീരുമാനിച്ചത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് പകരം, അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന നാല് വര്‍ഷത്തെ വസ്തുതകളാണ് ഞാന്‍ ഇതില്‍ അവതരിപ്പിച്ചത്; അതായത് അദ്ദേഹത്തിന്റെ വധത്തിന് കാരണമായി ചൂണ്ടിക്കാണിച്ച ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട അതേ കാലഘട്ടം. ആ വര്‍ഷങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ഗൂഢാലോചനാക്കാരുടെ വിചാരണയും ശിക്ഷവിധിയും വിശാലമായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച കപൂര്‍ കമ്മീഷന്റെ കണ്ടെത്തലുകളും പുസ്തകം വിശദമാക്കുന്നുണ്ട്.
മുതുമുത്തച്ഛനെക്കുറിച്ച് പ്രത്യേകമായ എന്തെങ്കിലും അനുഭവങ്ങളോ അറിവുകളോ ഉണ്ടോ?
അദ്ദേഹം കൊല ചെയ്യപ്പെട്ട ശേഷമാണ് ഞാന്‍ ജനിച്ചത്, അതിനാല്‍ എനിക്ക് അദ്ദേഹത്തെ നേരിട്ട് അറിയാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഞാന്‍ വളര്‍ന്നത് മുത്തച്ഛന്റെ ഒപ്പമുണ്ടായിരുന്ന എന്റെ മുത്തശ്ശിയുടെയും അച്ഛന്റെയും (അരുണ്‍ ഗാന്ധി) കഥകള്‍ കേട്ടാണ്. ബാപ്പുജി തികച്ചും സുതാര്യമായ ഒരു ജീവിതമാണ് നയിച്ചത്; പൊതുജനങ്ങളോട് പെരുമാറിയതുപോലെ തന്നെയാണ് അദ്ദേഹം തന്റെ കുടുംബത്തോടും പെരുമാറിയത്. അതിനാല്‍ കുടുംബത്തിനുള്ളില്‍ രഹസ്യ വിവരങ്ങളൊന്നുമില്ല - അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും എനിക്കുള്ള അത്രയും വിവരങ്ങള്‍ അറിയാന്‍ കഴിയും. ആ സുതാര്യത കാരണമാണ്, 75 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പുതിയ പുസ്തകങ്ങളും ലേഖനങ്ങളും ഇന്നും പ്രസിദ്ധീകരിക്കപ്പെടുന്നത്.
താങ്കളുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും ഒരു ഹ്രസ്വ വിവരണം പങ്കുവെക്കാമോ?
ഞാന്‍ ജനിച്ചതും വളര്‍ന്നതും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും മുംബൈയിലാണ്. എന്റെ മുത്തശ്ശന് മണിലാല്‍ ഗാന്ധിയും (ബാപ്പുജിയുടെ രണ്ടാമത്തെ മകന്) സുശീല ഗാന്ധിയും. ഫീനിക്സ് ആശ്രമം കൈകാര്യം ചെയ്യാനും 'ഇന്ത്യന്‍ ഒപ്പീനിയന്' എന്ന പത്രം പ്രസിദ്ധീകരിക്കാനുമായി ബാപ്പുജി മണിലാലിനെ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചിരുന്നു. അവിടെയാണ് ഞങ്ങളുടെ കുടുംബം വളര്‍ന്നത്.
എന്റെ മാതാപിതാക്കള്‍ അരുണ്‍ ഗാന്ധിയും (ടൈംസ് ഓഫ് ഇന്ത്യയിലെ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും) സുനന്ദ ഗാന്ധിയും (ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍, അനാഥര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ സഹായിച്ച സാമൂഹിക പ്രവര്‍ത്തക). പിന്നീട് അവര്‍ തങ്ങളുടെ ജീവിതത്തിലെ അവസാന 25 വര്‍ഷം അമേരിക്കയില്‍ ശാന്തിയും അഹിംസയും പ്രോത്സാഹിപ്പിക്കുന്നതിനായി ചെലവഴിച്ചു.
എന്റെ ഭാര്യ സോനല്‍ (ബാങ്ക് ഓഫ് ബറോഡയില്‍ ജോലി ചെയ്തിരുന്നു); യുകെയില്‍ അഭിഭാഷകനായി സ്ഥിരതാമസമാക്കിയ മകന് വിവാനും ഭാര്യ സോഫിയും അവരുടെ മകളും; മുംബൈയില്‍ അഭിഭാഷകയും നിലവില്‍ എന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുള്ളവളുമായ മകള്‍ കസ്തൂരിയും അടങ്ങുന്നതാണ് എന്റെ കുടുംബം.
സര്‍ക്കാറുകള്‍ മയക്കുമരുന്നിനെയും മദ്യത്തെയും എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും, കേരളം പോലുള്ള ചില സംസ്ഥാനങ്ങളുടെ വരുമാനം വലിയൊരു പങ്കും മദ്യത്തില്‍ നിന്നുള്ള നികുതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. മദ്യനിരോധനത്തെയും ലഹരിയെയും കുറിച്ചുള്ള താങ്കളുടെ നിലപാട് എന്താണ്?
ചരിത്രപരമായി നോക്കിയാല്‍ സമ്പൂര്‍ണ മദ്യനിരോധനം വിജയിച്ചിട്ടുള്ളത് വളരെ അപൂര്‍വ്വമാണ്. മദ്യത്തിന്റെയും സിഗരറ്റിന്റെയും വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്മേല് സര്‍ക്കാറുകള്‍ നിര്‍ഭാഗ്യവശാല്‍ അടിമകളായി മാറിയിരിക്കുന്നു. പൂര്‍ണമായി നിരോധിക്കുന്നതിന് പകരം, ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് യഥാര്‍ത്ഥ പരിഹാരം. ആരോഗ്യത്തെക്കുറിച്ചും ലഹരിയെക്കുറിച്ചും നിരന്തരമായ പൊതുജന ബോധവല്‍ക്കരണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം.
കേരളം പോലുള്ള ചില പ്രദേശങ്ങളില്‍ ആയുവേദം, നാച്ചുറോപതി തുടങ്ങിയ പരമ്പരാഗത വൈദ്യശാസ്ത്രം എതിര്‍പ്പുകളോ പ്രതിബന്ധങ്ങളോ നേരിടുന്നത് എന്തുകൊണ്ടാണ്?
ആരോഗ്യമേഖല എന്നത് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയുടെ വലിയ നിയന്ത്രണത്തിലുള്ള കോടിക്കണക്കിന് രൂപയുടെ ആഗോള വ്യവസായമായി മാറിയിരിക്കുന്നു. ആയുര്‍വേദം, നാച്ചുറോപതി തുടങ്ങിയ ഇതര ആരോഗ്യ സമ്പ്രദായങ്ങളിലേക്ക് നിരവധി ആളുകള്‍ തിരിഞ്ഞുതുടങ്ങിയിട്ടുണ്ടെങ്കിലും, വാണിജ്യപരമായി ഫാര്‍മസ്യൂട്ടിക്കല്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മുഖ്യധാരാ വൈദ്യശാസ്ത്ര സ്ഥാപനങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും പരമ്പരാഗത വൈദ്യശാസ്ത്രത്തിനുള്ള ഔദ്യോഗിക പിന്തുണ ഇല്ലാതാക്കുകയും ചെയ്യും.
പ്രകൃതിജീവനത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
മഹാത്മാഗാന്ധി പ്രകൃതിയില്‍ അടിയുറച്ച് വിശ്വസിക്കുകയും അതിനോടൊപ്പമുള്ള ജീവിതത്തെ ശക്തമായി ഊന്നിക്കൊണ്ട് സംസാരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു. ജീവിതത്തിന്റെ അവസാന കാലത്ത് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കിയ അദ്ദേഹം പ്രകൃതിചികിത്സ സജീവമായി പിന്തുടര്ന്നു.
ഈ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം എന്തെങ്കിലും സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോ?
അതെ, പൂനെക്ക് സമീപമുള്ള ഊരുളി കഞ്ചനില്‍ അദ്ദേഹം 'നേച്ചര്‍ ക്യൂര്‍ ഫാം' എന്ന കേന്ദ്രം സ്ഥാപിച്ചു, അത് ഇപ്പോഴും നിലവിലുണ്ട്.
ആധുനിക ആരോഗ്യ സംവിധാനങ്ങള്‍ ആയുര്‍വേദം, നാച്ചുറോപതി തുടങ്ങിയ പരമ്പരാഗത സംവിധാനങ്ങളെക്കാള്‍ ആധിപത്യം പുലര്‍ത്തുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ കരുതുന്നു?
ആരോഗ്യ സംരക്ഷണം എന്നത് ഇന്ന് വലിയൊരു വാണിജ്യ വ്യവസായമായി മാറി. വിദേശ നിക്ഷേപകര്‍ മോഡേണ്‍ മെഡിസിന് ആശുപത്രികളിലേക്ക് ആയിരക്കണക്കിന് കോടികള്‍ ഒഴുക്കിയിട്ടുണ്ട്, ഇത് പരമ്പരാഗത ബദല്‍ മാര്‍ഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ വിമുഖത കാണിക്കാന്‍ കാരണമാകുന്നു.
ഇതൊക്കെയാണെങ്കിലും ആളുകള്‍ ഇപ്പോഴും ഇതര ആരോഗ്യ സമ്പ്രദായങ്ങളിലേക്ക് തിരിയുന്നുണ്ടോ?
അതെ, ആധുനിക ആരോഗ്യ സംരക്ഷണത്തിന്റെ ആധിപത്യം നിലനില്‍ക്കുമ്പോഴും, നിരവധി ആളുകള്‍ ഇപ്പോള്‍ ആയുര്‍വേദം, പാരമ്പര്യ ചികിത്സ, നാച്ചുറോപതി തുടങ്ങിയ ഇതര ആരോഗ്യ സംവിധാനങ്ങളിലേക്ക് തിരികെ മടങ്ങിപ്പോകുന്നുണ്ട്. അത് അവയുടെ വിശ്വാസ്യതയെ മനസിലാക്കി തന്നെയാണ്.
(പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫറാണ് ബിജു കാരക്കോണം)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates