മലയാളം വാരികയുടെ ലക്കം പതിനൊന്നില്‍ (1997 ജൂലൈ 25) ജയറാം പടിക്കലിനെപ്പറ്റി വാസുദേവന്‍ എഴുതിയ കുറിപ്പ്
''ഇനിയും എന്താകാനിഷ്ടം എന്ന് നിങ്ങള്‍ എന്നോടു ചോദിക്കൂ. ഞാന്‍ പറയും വീണ്ടും പൊലീസ് ഓഫീസറാകാനാണിഷ്ടമെന്ന്. ഞാന്‍ ഇത് വെറുതെ പറയുന്നതല്ല. അത്രയ്ക്ക് ഞാനിഷ്ടപ്പെടുന്നു ഈ പ്രൊഫഷനെ...'' ജയറാം പടിക്കല്‍ പറയുകയാണ്. ഇതുകൂടി കേള്‍ക്കൂ. 'I have achieved everything I dreamed im my life. I have enjoyed all the excltements. I have lived with all the agonies. Really it is a marvellous profession... But I never recommend it for my children. No honest police officer will do that...' ഏതാണ്ട് ഒരു മാസം മുന്‍പാണ് ജയറാം പടിക്കലിനെ കാണുന്നത്. ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ച. പടിക്കല്‍ പറഞ്ഞു: ഞാന്‍ എല്ലാം തുറന്നുപറയാന്‍ പോകുന്നു.'' ഒരു സര്‍വീസ് സ്റ്റോറി എഴുതാനോ പറയാനോ അല്ല പടിക്കല്‍ ഉദ്ദേശിക്കുന്നത്. കുറെയേറെ മുഖംമൂടികള്‍ കീറണമെന്ന് അദ്ദേഹം ആഗ്രഹിച്ചു തട്ടില്‍ എസ്റ്റേറ്റു മുതല്‍ പള്ളിപ്പുറം വരെയുള്ള കഥകള്‍, ഒരു അഗ്രസീവ് മൂഡിലിരുന്ന് വിളിച്ചു പറയാന്‍ പടിക്കല്‍ ആഗ്രഹിച്ചു. തന്നിലൂടെ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്മാരായി മാറിയവര്‍, 'ഹോണസ്റ്റി' അപ്രസക്തമായ പൊലീസ് സേനയെക്കുറിച്ച്, ഒറ്റപ്പെട്ടപ്പോള്‍ തകര്‍ന്നുപോയ സ്‌നേഹബന്ധങ്ങള്‍, പൊലീസ് ജീവിതം കുടുംബബന്ധങ്ങളിലുണ്ടാക്കിയ പോറലുകള്‍.
ഓര്‍ക്കുക, കേരള പൊലീസിന്റെ ചരിത്രത്തില്‍ ഇത്രയേറെ വെറുക്കപ്പെട്ട ഒരു പൊലീസ് ഓഫീസര്‍ ഉണ്ടായിരുന്നില്ല. പക്ഷേ, ആ വെറുപ്പിന് മുന്‍പ് ജയറാം പടിക്കലിന് ഒരു കഥയുണ്ടായിരുന്നു. ആര്‍തര്‍ കോനന്‍ ഡോയലിന്റെ കഥകളില്‍ കാണുന്ന പൊലീസ് രൂപം. എന്തിനും ഏതു അന്വേഷണങ്ങള്‍ക്കും പടിക്കലിനെ നിയോഗിക്കണമെന്ന ആവശ്യങ്ങളും സമ്മര്‍ദങ്ങളും. സ്‌കോട്ട്ലന്റ് യാര്‍ഡിന്റെ രൂപവും വിലാസവും പടിക്കലില്‍ ജനങ്ങള്‍ കണ്ടിരുന്ന കാലം. ആ പടിക്കലാണ് പെട്ടെന്ന് ഭീകരനായി മാറിയത്. അടിയന്തരാവസ്ഥയുടെ ഭീകരത മുഴുവന്‍ പടിക്കലിലൂടെ പുറത്തുവന്നു. രാജനും കക്കയവും വേണുവും നക്സലിസവും - എത്രയോ കഥകള്‍ നാം കേട്ടതാണ്.
''ഞാന്‍ ആരായിരുന്നുവെന്ന് നിങ്ങള്‍ അറിയണം. കരുണാകരന്റെ പൊലീസുകാരനായി വിശേഷിപ്പിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.''
പടിക്കലിന്റെ തിരുവനന്തപുരത്ത് ഉള്ളൂരിലുള്ള വീട്, ചുറ്റുമതില്‍ ഉയര്‍ത്തിക്കെട്ടിയിരിക്കുന്നു. ആ വീട്ടിലിരുന്ന് ഒരു മാസം മുന്‍പൊരു സായാഹ്നത്തില്‍ മൂന്ന് നാല് മണിക്കൂറുകള്‍ പടിക്കല്‍ സംസാരിച്ചു: ''എന്റെ സുഹൃത്ത് കെ. കരുണാകരന്‍'' അങ്ങനെയൊരു വിഷയം പടിക്കലിന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഒരു പ്രതികാരം തീര്‍ക്കുമ്പോലെ എല്ലാം വിളിച്ചുപറയണമെന്ന് കരുതി. അത് പറയും മുന്‍പുള്ള ഒരു മുഖവുര, ''ഞാന്‍ ആരായിരുന്നുവെന്ന് നിങ്ങള്‍ അറിയണം. കരുണാകരന്റെ പൊലീസുകാരനായി വിശേഷിപ്പിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' ഞാന്‍ എന്റെ ജീവിതത്തില്‍ ഒരു രാഷ്ട്രീയ നേതാവിനെ മാത്രമേ ബഹുമാനിച്ചിട്ടുള്ളു. ചുവരില്‍ അച്ചുതമേനോന്റെ ചിത്രം. തൊട്ടരികില്‍ തന്നെ ഗീതോപദേശത്തിന്റെ വലിയൊരു പോര്‍ട്രെയിറ്റ്. ഈ പടിക്കല്‍, അദ്ദേഹത്തിന്റെ ഔദ്യോഗിക മേശയ്ക്ക് പിന്നിലിരിക്കുംപോലാണ്. മേശമേല്‍ ഇന്ത്യന്‍ ഫ്‌ലാഗും പൊലീസ് ഫ്‌ലാഗും ക്രോസ് ചെയ്തിരിക്കുന്നു. തൊട്ടരുകില്‍ ഫാക്സുണ്ട്. വൃത്തിയായ മേശയുടെ ഓരത്ത് പഴയ ഒരു മെഗാഫോണ്‍. കോളാമ്പി. ''ഇപ്പോള്‍ ഏറെ സമയവും ഫാക്സും ഫോണും ഓഫാക്കി, ഞാനീ കോളാമ്പിയുടെ മുന്നിലിരിക്കും...'' പടിക്കല്‍ തന്നെ പഴയ പടിക്കലിന്റെ കഥ പറയുന്നു:
1936 മെയ് ഒന്നിന് ജനിച്ചു. പൂനയിലെ ഡിഫന്‍സ് കോളനിയില്‍ വളര്‍ന്നു. അച്ഛന്‍ വിശ്വനാഥന്‍ നായര്‍ ആര്‍മിയില്‍ ക്ലര്‍ക്ക്. പിന്നീട് ഓഫീസ് മാനേജരായി. അച്ഛന്റെ ആഗ്രഹപ്രകാരം എം.ബി.ബി.എസിന് പഠിച്ചു. മൂന്നര വര്‍ഷം പഠിച്ചപ്പോള്‍ എം.ബി.ബി.എസ് മടുത്തു. എനിക്കു പറ്റിയതല്ല എന്നു തോന്നി. മെഡിക്കല്‍ കോളജില്‍നിന്നും പൂനയിലെ ഫര്‍ഗൂസണ്‍ കോളജില്‍ ചേര്‍ന്നു. പിന്നെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് പ്ലാനിങ്ങ് കമ്മിഷന്‍ ഉപാദ്ധ്യക്ഷനായിരുന്നു ഗാഡ്ഗില്‍. അന്നവിടെ പ്രൊഫസര്‍. ഗാഡ്ഗില്‍ ഒരു ദിവസം പറഞ്ഞു, നീ ഇക്കണോമിക്സില്‍ ഗവേഷണം നടത്തി പിഎച്ച്.ഡി നേടണം. പിന്നീട് പലപ്പോഴും ഓര്‍ത്തുപോയിട്ടുണ്ട്. ഗാഡ്ഗില്‍ പറഞ്ഞത് കേള്‍ക്കാമായിരുന്നുവെന്ന്. എങ്കില്‍ കേന്ദ്ര പ്ലാനിങ്ങ് കമ്മിഷന്‍ അംഗമായി റിട്ടയര്‍ ചെയ്യാമായിരുന്നു. പക്ഷേ, എന്റെ തലയിലെഴുത്ത് അങ്ങനെ ആയിരുന്നില്ല. എനിക്ക് പൊളിറ്റിക്കല്‍ സയന്‍സ് വളരെ ഇഷ്ടമായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ സിവില്‍ സര്‍വീസ് എഴുതാന്‍ നിര്‍ബന്ധിച്ചു. ഞാന്‍ നിര്‍ബന്ധത്തിനു വഴങ്ങി. പക്ഷേ, ഐ.എ.എസ്. എഴുതിയില്ല. ഐ.പി.എസ്. മാത്രം. കാരണമെന്തെന്നോ, ഇതാ നിങ്ങള്‍ നോക്കൂ. (പടിക്കല്‍ മേശവലിയ്ക്കുള്ളില്‍നിന്നും കുറെ പുസ്തകങ്ങള്‍ എടുത്തുകാട്ടി) ഇതൊക്കെ ഏറ്റവും പുതിയ കുറ്റാന്വേഷണ കഥകളാണ്. കുട്ടിക്കാലം മുതല്‍ ഇതെന്റെ ശീലമാണ്. കുട്ടിക്കാലത്ത് എനിക്ക് ഏറെ ഇഷ്ടം ആര്‍തര്‍ കോനന്‍ ഡോയല്‍ വായിക്കാനായിരുന്നു. ക്രൈം സ്റ്റോറീസ് വായിച്ച് വായിച്ച് എന്റെ മനസ്സാകെ ഒരു സി.ഐ.ഡി. ഇന്‍സ്പെക്ടറുടെ രൂപമായി. അതുകൊണ്ട് ഞാന്‍ ഐ.പി.എസ് മാത്രം എഴുതി. ഉയര്‍ന്ന റാങ്ക് കിട്ടി. പിന്നെ കേരള കേഡറില്‍ വന്നു. ഇവിടെ വരുമ്പോഴാണ് മലയാളം സംസാരിക്കാന്‍ അറിയില്ലെന്ന് മലയാളിയായ ഞാന്‍ അറിയുന്നത്. അമ്മയോട് മാത്രമേ പൂനയില്‍വച്ച് ഞാന്‍ മലയാളം സംസാരിച്ചിട്ടുള്ളൂ. ഡിഫന്‍സ് കോളനിയില്‍ എല്ലാ ഭാഷകളുമുണ്ടായിരുന്നു. മറാത്തിയും ഹിന്ദിയും ഗുജറാത്തിയുമെല്ലാം. പക്ഷേ, യഥാര്‍ത്ഥ രൂപത്തില്‍ ഒരു ഭാഷയുമുണ്ടായിരുന്നില്ല. അതാണ് ഡിഫന്‍സിലെ ജീവിതം. പട്ടാളക്കാരന്‍ എത്ര കോസ്മോ പൊളിറ്റനാണെന്ന് അറിയുമോ? കേരളത്തില്‍ വന്നപ്പോള്‍ രണ്ടു പ്രശ്‌നങ്ങള്‍ എനിക്കുണ്ടായി. ഒന്ന് ഭാഷ, മറ്റൊന്ന് ജാതി. കോണ്‍സ്റ്റബിള്‍മാര്‍ എഴുതുന്ന റിപ്പോര്‍ട്ടിന് ഇംഗ്ലീഷില്‍ ഫോര്‍വേഡ് എഴുതി അയക്കാനേ ആദ്യകാലത്ത് കഴിഞ്ഞിരുന്നുള്ളു. ഭാഷ ഉണ്ടാക്കിയ ആദ്യത്തെ കുരുക്ക് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ ആദ്യം ഗൗരിയമ്മയെ കാണുന്ന സീന്‍. എനിക്കന്ന് മുപ്പത് വയസ്സ്. അവരുടെ ഔദ്യോഗിക മുറിയിലേക്ക് ഒരു ദിവസം വിളിക്കപ്പെട്ടു. പ്രൈവറ്റ് സെക്രട്ടറിയെ നോക്കി അവര്‍ ചോദിച്ചു. ''ഏതാ ഈ പയ്യന്‍?'' ഇയാള്‍ പുതിയ കമ്മീഷണറാണ്, ഉത്തരം. ഗൗരിയമ്മ: ''എന്താ കമ്മീഷണറേ, ഞങ്ങളുടെ പാര്‍ട്ടിയുടെ ലേബര്‍ പോളിസി അറിയുമല്ലോ?'' ഞാന്‍ പറഞ്ഞു: ''ഐ നോ ദാറ്റ്'' ഈര്‍ഷ്യയോടെ ഗൗരിയമ്മ എന്റെ മുഖത്തേക്കു നോക്കി. ''എന്താ മലയാളം അറിയില്ലേ, എന്നോട് മലയാളത്തില്‍ സംസാരിച്ചാല്‍ മതി.'' ഞാന്‍ മലയാളത്തില്‍ ബുദ്ധിമുട്ടി മറുപടി പറഞ്ഞു. ഇതിന് ഒരു അനുബന്ധം കൂടിയുണ്ട്. ഗൗരിയമ്മ എന്നെ വിളിപ്പിച്ചത് ഒരു ഫാക്ടറിയിലെ തൊഴില്‍ സമരത്തെക്കുറിച്ച് പറയാനാണ്. സി.ഐ.ടി.യു നേതൃത്വത്തില്‍ നടക്കുന്ന ഒരു സമരത്തില്‍ പൊലീസ് ഇടപെടരുതെന്ന് അവര്‍ നിര്‍ദേശിച്ചു. ശരിയെന്ന് ഞാന്‍ മറുപടി കൊടുത്തു. സമരം അതിരൂക്ഷമായി. സമരക്കാര്‍ ഉടമയെ ആക്രമിക്കുന്ന നിലവന്നു. അപ്പോള്‍ സി.ഐ. എന്നെ വിളിച്ചു പ്രശ്‌നം അതീവരൂക്ഷമാണ്. ഉടമ പൊലീസ് സംരക്ഷണം ചോദിച്ചിരിക്കുന്നു. ഞാന്‍ പറഞ്ഞു. പറ്റില്ല. മന്ത്രിയുടെ നിര്‍ദേശമാണ്. കേസ്സാകട്ടെ അപ്പോള്‍ ഇടപെടാന്‍ മന്ത്രി പറയുമോയെന്ന് നോക്കാം. സമരം അക്രമാസക്തമായപ്പോള്‍ ഗൗരിയമ്മ എന്നെ വിളിപ്പിച്ചു. ''നിങ്ങള്‍ എന്തുകൊണ്ട് പൊലീസിനെ അയച്ചില്ല.'' ഞാന്‍ മറുപടി കൊടുത്തു. ''മന്ത്രി അല്ലേ പറഞ്ഞത് പൊലീസ് ഇടപെടരുതെന്ന്.'' ഗൗരിയമ്മയ്ക്ക് ദേഷ്യം വന്നു. അവര്‍ ചോദിച്ചു, ''താന്‍ എന്നെ കളിയാക്കുകയാണോ?'' ''അല്ല, മന്ത്രി പറഞ്ഞ കാര്യം അക്ഷരംപ്രതി നടപ്പാക്കുകയായിരുന്നു.''
ഇനി ജാതിയുടെ പ്രശ്‌നം. ഐ.പി.എസ് പാസായപ്പോള്‍ എനിക്ക് ധാരാളം കല്യാണാലോചനകള്‍ വന്നു. നായര്‍, ക്രിസ്ത്യാനി, മുസ്ലിം വിവാഹാലോചനകള്‍ നിരവധി ഉണ്ടായി. എന്റെ പേരാണ് പ്രശ്‌നം സൃഷ്ടിച്ചത്. പ്രത്യേകിച്ച് പേരിലെ 'പടിക്കല്‍.' കേരള സര്‍വീസില്‍ ചേര്‍ന്ന ശേഷം ഞാന്‍ അന്നത്തെ ചീഫ് സെക്രട്ടറിയെ കാണാന്‍ ചെന്നു. അദ്ദേഹം ചോദിച്ചു: ''എന്താ ഈ ജയറാം പടിക്കല്‍? താന്‍ ഹിന്ദുവോ ക്രിസ്ത്യാനിയോ?'' അങ്ങനെ സംഭവിച്ചു പോയതാണെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ യഥാര്‍ത്ഥത്തില്‍ നായരാണ്. പാലക്കാട്ടാണ് എന്റെ അമ്മയുടെ കുടുംബം. വലിയൊരു കുടുംബം ഭാഗം വച്ചപ്പോള്‍ ആ കുടുംബത്തിന്റെ പടിക്കല്‍ അമ്മയ്ക്ക് കുറച്ച് സ്ഥലം കിട്ടി. അതില്‍ ഒരു വീടും വച്ചു. നാട്ടുകാര്‍ പടിക്കലെ വീട്, പടിക്കലെ വീട്ടുകാര്‍ എന്നൊക്കെ ഉപയോഗിക്കാന്‍ തുടങ്ങി. അങ്ങനെ ഉപയോഗിച്ച വീട്ടുപേര് പൂനയിലെ വിദ്യാഭ്യാസകാലത്ത് പടിക്കല്‍ ജയറാം വിശ്വനാഥന്‍ എന്നാക്കി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ പി.ജെ. വിശ്വനാഥന്‍ എന്നായിരുന്നു. പിന്നെ തിരുത്തിയില്ല. ചീഫ് സെക്രട്ടറി ചോദിച്ചു, തനിക്ക് ഗസറ്റ് വഴി പി.ജെ. നായര്‍ എന്നോ മേനോന്‍ എന്നോ മാറ്റരുതോ? സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും ഐ.പി.എസ് ലിസ്റ്റിലും എല്ലാം പടിക്കല്‍ ജയറാം എന്നായതു കാരണം ഇനി അതൊക്കെ തിരുത്താനുള്ള ബുദ്ധിമുട്ട് ഞാന്‍ ഓര്‍മിപ്പിച്ചപ്പോള്‍ അദ്ദേഹം വിരോധമൊന്നും പറഞ്ഞില്ല. എങ്കില്‍ അങ്ങനെയാകട്ടെ. അങ്ങനെ ഞാന്‍ ജയറാം പടിക്കലായി തുടര്‍ന്നു. ഈ പേരിന്റെ പ്രശ്‌നം എന്റെ ഒപ്പിനേയും ബാധിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആദ്യം ഒപ്പിടേണ്ട അവസരം വന്നു. നമ്മള്‍ എല്ലാപേരും പരീക്ഷണം നടത്തുന്ന സമയമാണല്ലോ അത്. ചിലര്‍ അച്ഛനെ അനുകരിക്കും. പെണ്‍കുട്ടികള്‍ മിക്കവരും വെറുതെ പേരെഴുതിവയ്ക്കും. ഞാന്‍ ആലോചിച്ചു. അച്ഛന്റെ ഒപ്പ് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. നെഹ്‌റുവിന്റെ പുസ്തകങ്ങളൊക്കെ ഞാന്‍ വായിക്കുകയോ മറിച്ചുനോക്കുകയോ ചെയ്തിരുന്നു. അച്ഛന്‍ മകള്‍ക്കയച്ച കത്തുകളുടെ അവസാനം ഒരു ഒപ്പുണ്ട്. മിക്കവാറും പുസ്തകങ്ങളിലും നെഹ്‌റുവിന്റെ 'ജവഹര്‍ലാല്‍ നെഹ്‌റു' എന്ന് നീട്ടി മനോഹരമായി എഴുതിയ ഒപ്പുണ്ട്. എന്റെ മനസ്സില്‍ അത് കയറിവന്നു. അതുപോലെ നീട്ടി പേരെഴുതി ഞാന്‍ ഒപ്പിട്ടു. ഐ.പി.എസ് കിട്ടിയപ്പോള്‍ അതും ഗുലുമാലായി. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ജീവിതത്തില്‍ ഏറെ സമയവും വിനിയോഗിക്കുന്നത് ഒപ്പിടാന്‍ വേണ്ടിയാണെന്ന് എനിക്കു തോന്നിപ്പോയി... എന്തൊരു ബേജാറായെന്നോ?''
അങ്ങനെയൊക്കെ ഒരു സാധാരണക്കാരനായി ക്രൈം ത്രില്ലറുകള്‍ വായിച്ചും ഹോക്കി കളിച്ചും വളര്‍ന്നുവന്ന പി. ജയറാം കേരള പൊലീസിലെ മിടുക്കനായ ഓഫീസറായി. ഒരു ദിവസം ഐ.ജി. ശിങ്കാരവേലുവിന്റെ ഫോണ്‍, ഊണുകഴിക്കാന്‍ എത്തിയ സമയം. യൂണിഫോം അഴിച്ചുമാറ്റും മുന്‍പ്, ''നിങ്ങള്‍ ലഞ്ചു കഴിഞ്ഞോ.'' ''ഇല്ല സര്‍.'' മറുപടി. ''ഞാനും ലഞ്ച് കഴിച്ചിട്ടില്ല, നിങ്ങള്‍ ഉടന്‍ ഇവിടെയെത്തണം.'' പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കാണ് വിളിച്ചത്. ലഞ്ച് കഴിക്കാതെ ഹെഡ് ക്വാര്‍ട്ടേഴ്സിലെത്തി. ഐ.ജിയുടെ ചുറ്റും ഒരു ഘെരാവോ പോലെ ആളുകള്‍ വട്ടംകൂടി നില്‍ക്കുന്നു. എന്നെ ഐ.ജി. അടുത്തേക്കു വിളിച്ചു. ''ആരാണ് ഇവരെന്ന് അറിയുമോ?'' ഞാന്‍, ''അറിയില്ല.'' ''ഇവര്‍ കൊട്ടാരക്കരയില്‍നിന്നും വരികയണ്. ഇവരുടെ നാട്ടിലെ ഒരു കൊലക്കേസ് ക്രൈം ബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമത്രെ. നിങ്ങള്‍ തന്നെ അത് അന്വേഷിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധം.'' സാധാരണ ഒരു പൊലീസ് ഐ.ജിയും അത്ര തുറന്ന ഒരു സമീപനം ജനങ്ങളുടെ മുന്നില്‍വച്ച് പ്രകടിപ്പിക്കാറില്ല. പക്ഷേ, ശിങ്കാരവേലു അത്തരക്കാരനായിരുന്നില്ല. ഉച്ചയ്ക്ക് ശേഷം അദ്ദേഹം ഓഫീസില്‍ പോകാറുണ്ടായിരുന്നില്ല. ബിയറടിച്ച് വരുന്നവരെയൊക്കെ സല്‍ക്കരിച്ച് അങ്ങനെ ഇരിക്കും. മറ്റുള്ളവരെക്കൊണ്ട് പണി ചെയ്യിക്കാന്‍ അദ്ദേഹം വിരുതനായിരുന്നു. ആരെക്കൊണ്ട് എന്തു ചെയ്യിക്കണമെന്ന് കണിശമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു.
എനിക്ക് ഇവരോട് അതിഭയങ്കരമായ വെറുപ്പാണ്. എനിക്ക് ഒരു പത്തുവര്‍ഷം തന്നാല്‍ ഞാനിവരെ ഫിനിഷ് ചെയ്തുതരാം
അതായിരുന്നു പടിക്കലിന്റെ ഒരു കാലം. അതിരുകളില്ലാതെ അദ്ദേഹം വളര്‍ന്നു. എത്രയെങ്കിലും കേസുകള്‍ക്ക് തുമ്പുണ്ടാക്കി. സാധാരണ ജനങ്ങളുടെ ഹീറോ ആയി എങ്കിലും മാര്‍ക്സിസ്റ്റുകാരും നക്സലൈറ്റുകളും അദ്ദേഹത്തെ വെറുത്തു. മാര്‍ക്സിസ്റ്റുകാരുടെ വെറുപ്പിനെപ്പറ്റി പടിക്കല്‍ പറയുന്നു.
''ഇ.എം.എസ് മന്ത്രിസഭയില്‍ ഗൗരിയമ്മയ്ക്ക് എന്നോട് നീരസമുണ്ടായിരുന്നു. പാര്‍ട്ടിയില്‍ ആദ്യ കാലത്ത് എനിക്കൊരു ശക്തനായ എതിരാളി ഉണ്ടായത് വര്‍ക്കല രാധാകൃഷ്ണനാണ്. ഒരിക്കല്‍, ഇ.എം.എസ് സ്ഥലത്തില്ലാതിരുന്ന സമയത്ത്, പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന വര്‍ക്കല രാധാകൃഷ്ണന്‍ ഒരു കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ നേരിട്ട് വിളിച്ച് നിര്‍ദേശങ്ങള്‍ കൊടുത്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നെ വിളിച്ച് കാര്യം പറഞ്ഞു. എന്തു ചെയ്യണമെന്ന് ചോദിച്ചു. നിങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്തെങ്കിലും എഴുതി തന്നിട്ടുണ്ടോ, ഇല്ലെന്ന് ഉത്തരം. അദ്ദേഹത്തെ നേരിട്ടറിയുമോ? ഇല്ലെന്ന് ഉത്തരം. അദ്ദേഹത്തിന്റെ ശബ്ദം പരിചിതമാണോ? ആദ്യമായി കേള്‍ക്കുകയാണെന്ന് ഉത്തരം. എന്നാല്‍ നിങ്ങള്‍ അനുസരിക്കേണ്ട. പ്രൈവറ്റ് സെക്രട്ടറി പറഞ്ഞതുകേട്ട് നടപടിയെടുത്താല്‍ നിങ്ങള്‍ കോടതി അലക്ഷ്യത്തിന് വിധേയനാകുമെന്ന് ഞാന്‍ മുന്നറിയിപ്പും കൊടുത്തു. അന്നുതന്നെ പൊലീസ് സ്റ്റേഷനുകളിലേക്കും ഞാനൊരു സര്‍ക്കുലര്‍ അയച്ചു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് എഴുതിത്തരാതെ, ഫോണില്‍ വിളിച്ച് പറഞ്ഞാല്‍, നടപടികള്‍ സ്വീകരിക്കരുത്. ആ സര്‍ക്കുലര്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. വര്‍ക്കലയെ അനുസരിക്കാത്ത സര്‍ക്കിളിനെ കാസര്‍കോട്ടേയ്ക്ക് സ്ഥലംമാറ്റി. ഞാന്‍ ഐ.ജിയോട് കയര്‍ത്തു. വളരെ നാസ്റ്റിയായ ഒരു കത്തും എഴുതി. എനിക്ക് എതിരെ അച്ചടക്കനടപടിക്ക് നീക്കമുണ്ടായി. എന്ത് പ്രത്യാഘാതം ഉണ്ടായാലും വേണ്ടില്ലെന്ന് ഞാന്‍ ഐ.ജിയോടു പറഞ്ഞു. സി.ഐ. ചെയ്തത് ശരിയാണെന്ന എന്റെ ഔദ്യോഗിക നോട്ടില്‍ ഞാന്‍ ഉറച്ചുനിന്നു. മാര്‍ക്സിസ്റ്റ് ഗവണ്‍മെന്റ് എന്നെ പാലക്കാട്ടേയ്ക്ക് സ്ഥലംമാറ്റി. അവരുടെ കോട്ടയാണല്ലോ. എന്നെ അവിടെവച്ച് ഒതുക്കാമെന്ന് കരുതി. പക്ഷേ, കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് മനസ്സിലായി ഞാന്‍ അവിടെ വളരെ പോപ്പുലറാണെന്ന്. തിരികെ ഇ.എം.എസ് എന്നെ ക്രൈംബ്രാഞ്ച് എസ്.പിയാക്കി. മാര്‍ക്സിസ്റ്റുകാരില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. അക്കാലത്താണ് ക്രൈംബ്രാഞ്ചിന് പ്രത്യേക സ്‌ക്വാഡ് ഉണ്ടായത്. എല്ലാ കേസ്സുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ ഭരിക്കുമ്പോഴാണ് എനിക്ക് ഏറെ പോപ്പുലാരിറ്റി ഉണ്ടായത്. പക്ഷേ, പാര്‍ട്ടി നേതൃത്വത്തിന് എന്നെ ഇഷ്ടമായിരുന്നില്ല. പൊലീസിന് നിയമമാണ് പ്രധാനമെന്ന് ഞാന്‍ കരുതി. പുറത്തുനിന്നുള്ള ഇടപെടലുകള്‍ എനിക്ക് അനുവദിക്കാന്‍ പറ്റുന്നതായിരുന്നില്ല. ഇത്രയും അസഹിഷ്ണുതയും ഇടുങ്ങിയ മനസ്സുമുള്ള രാഷ്ട്രീയ നേതൃത്വത്തെ ഞാന്‍ കണ്ടിട്ടില്ല. എനിക്കെതിരെ എത്രയെത്ര നെറികെട്ട പ്രചരണങ്ങളാണെന്നോ അവര്‍ അഴിച്ചുവിട്ടത്. നേതൃത്വം പറയുന്നത് ആലോചിക്കാതെ അനുസരിക്കുന്ന പ്രവര്‍ത്തകര്‍ ഉണ്ടെന്നതാണ് അവരുടെ മെച്ചം. അതുതന്നെ ആയിരിക്കും കേരളത്തില്‍ മാര്‍ക്സിസത്തെ നശിപ്പിക്കുന്നതും. ഞാനൊരു ആന്റി മാര്‍ക്സിസ്റ്റാണ്. സമ്മതിക്കുന്നു. പാര്‍ട്ടി നടത്തുന്ന നശീകരണ പ്രവര്‍ത്തനങ്ങളോട് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഞാന്‍ യോജിക്കില്ല. ഞാന്‍ മാര്‍ക്സിന്റെ കൃതികള്‍ കോളജ് കാമ്പസുകളില്‍ വായിക്കുകയും പഠിക്കുകയും ചെയ്തു. മാര്‍ക്സ് പറഞ്ഞ ഒരു സ്റ്റേറ്റ്‌മെന്റ് മാത്രമേ എനിക്ക് യോജിക്കാന്‍ പറ്റുന്നതായി കണ്ടുള്ളു. സ്റ്റേറ്റ് വില്‍ വിതര്‍ എവെ... അത് ശരിയാണെന്ന് എന്റെ കണ്‍മുന്നില്‍ തെളിഞ്ഞു. കേരളത്തിലെ മാര്‍ക്സിസ്റ്റുകാര്‍ വികസന വിരുദ്ധര്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ അനുഭവം അതാണ്. ''പണിയെടുക്കാതെ ഉണ്ണണം'' എന്നാണ് അവര്‍ അണികളെ പഠിപ്പിക്കുന്നത്. ആരും പണിയെടുക്കരുത്, ആരും നന്നാകരുത്, സമ്പന്നരാകരുത്. അങ്ങനെയുള്ള അരാജകത്വത്തിലേ ഡി.വൈ.എഫ്.ഐയ്ക്കും സി.ഐ.ടി.യു.വിനും കൊടിപിടിക്കാന്‍ ആളെ കിട്ടൂ. കേരളത്തില്‍ മലയാളിക്കു ജീവിക്കാന്‍ കഴിയാത്ത ചുറ്റുപാട് ഉണ്ടാക്കിയത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയാണ്. ഉള്ള വ്യവസായങ്ങളൊക്കെ അവര്‍ തകര്‍ത്തു. എന്നിട്ട് പുതിയ വ്യവസായങ്ങള്‍ക്കായി അവര്‍ അമേരിക്കയില്‍ പോകുന്നു. എനിക്ക് ഇവരോട് അതിഭയങ്കരമായ വെറുപ്പാണ്. എനിക്ക് ഒരു പത്തുവര്‍ഷം തന്നാല്‍ ഞാനിവരെ ഫിനിഷ് ചെയ്തുതരാം. വിളനിലം വൈസ് ചാന്‍സലറുടെ അനുഭവം നിങ്ങള്‍ ഓര്‍മിക്കുന്നുണ്ടാവും. കരുണാകരന്‍ എന്നോടു പറഞ്ഞു വിളനിലത്തിനെ അദ്ദേഹത്തിന്റെ കസേരയില്‍ ഇരുത്തണമെന്ന്. ഞാന്‍ മറുപടി കൊടുത്തു. ഇരുത്താം. ഇടയ്ക്ക് ഇടപെടരുത്. അപ്പോള്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ബഷീര്‍ പറഞ്ഞു, നമുക്ക് മയത്തില്‍ നീങ്ങാം. മാര്‍ക്സിസ്റ്റുകാരോട് ഒരു മയവും പാടില്ലെന്ന് ഞാന്‍ പറഞ്ഞു. ജനാധിപത്യത്തിലെ മര്യാദകളെ മുഴുവന്‍ ചൂഷണം ചെയ്തു വളരുന്ന ഫാസിസ്റ്റുകളാണ് അവര്‍. ഞാന്‍ വിളനിലത്തോടു പറഞ്ഞു: ''സാര്‍ നാളെ പത്തുമണിക്ക് വി.സിയുടെ കസേരയില്‍ ഇരിക്കും.'' അദ്ദേഹത്തെ അകത്തു കയറ്റാതെ എസ്.എഫ്.ഐക്കാര്‍ ഉപരോധം സൃഷ്ടിച്ചിരിക്കുകയായിരുന്നു. പിറ്റേദിവസം പൊലീസ് അകമ്പടിയില്‍ വിളനിലം വന്നു. എസ്.എഫ്.ഐക്കാര്‍ തടഞ്ഞു. പുനലൂരില്‍നിന്നും പ്രത്യേകം വരുത്തിയ ചൂരലുകള്‍കൊണ്ട് പൊലീസ് അവരെ പൂശി. എല്ലാവരെയും അറസ്റ്റ് ചെയ്ത് നേരെ കോടതിയില്‍ ഹാജരാക്കി. കോടതി അവരെ ജയിലിലേക്ക് അയച്ചു. എല്ലാവരുടെ പേരും വിലാസവും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. വീടുകളില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് നാണക്കേട് തോന്നി. മഹാഭൂരിപക്ഷം ആളുകളും നല്ലവരാണെന്ന് ഓര്‍ക്കുക. ഇത്തരം കാടത്തങ്ങളെ അവര്‍ അംഗീകരിക്കില്ല. രണ്ടാം ദിവസം കുറച്ചുപേര്‍ വിളനിലത്തെ തടഞ്ഞു. മൂന്നാം ദിവസമായപ്പോള്‍ പേരിനു പോലും ആളില്ലാതായി. അത്രയേയുള്ളു എസ്.എഫ്.ഐ. കാലം മാറുന്നതുപോലും അറിയാത്ത ബുദ്ധിയില്ലാത്ത ഒരു നേതൃത്വമാണ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടേത്. എന്നോട് അവര്‍ കാണിച്ചിട്ടുള്ള ക്രൂരതകള്‍ക്ക് കണക്കില്ല. ഇതാ, ഈ ഉള്ളൂരില്‍ എല്ലാ ഇടവഴികളും ടാറിട്ടതാണ്. എന്റെ വീട്ടിലേക്കുള്ള വഴി ഒഴിച്ച്. ഇവിടുത്തെ റസിഡന്‍സ് അസോസിയേഷന്‍ ഉള്‍പ്പെടെ എല്ലാവരും ശ്രമിച്ചിട്ടും വഴി ടാറിട്ടില്ല. കാരണമെന്തെന്നോ, മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കാരനായ പഞ്ചായത്തു മെമ്പര്‍ പറഞ്ഞത്രേ. ''പടിക്കല്‍ ഇവിടുന്ന് മാറാതെ ഈ റോഡ് ടാറിടുന്ന പ്രശ്‌നമില്ല. അയാള്‍ കുറെ ചെളിചവിട്ടണം'' അതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി.
പാര്‍ട്ടിയുടെ പ്രതികാരം സ്വാഭാവികമായിരുന്നു. കരുണാകരന്റെ മുഖം പടിക്കലിലൂടെ കണ്ടുതുടങ്ങിയപ്പോള്‍ ആ പ്രതികാരത്തിന് ശക്തിയേറി. അടിയന്തരാവസ്ഥക്കാലത്തെ ആ കൂട്ടുകെട്ടാണ് പടിക്കലിനെ ഭീകരനാക്കി മാറ്റിയത്. മാര്‍ക്സിസ്റ്റുകാരെയും നക്സലൈറ്റുകാരെയും അമര്‍ച്ച ചെയ്യുക എന്നത് പടിക്കലിന്റെ ഔദ്യോഗിക ദൗത്യമായി മാറി. പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മദ്രാസ് മിലിട്ടറിക്യാമ്പില്‍നിന്ന് വേണുവിനെ അറസ്റ്റ് ചെയ്തത് വീരകഥകള്‍ പോലെ പടിക്കല്‍ വര്‍ണിക്കും. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ പടിക്കല്‍ കോടതി വരാന്തകളിലായി... എന്റെ മകള്‍ അന്ന് സ്‌കൂളില്‍ പഠിക്കുകയായിരുന്നു. അവളോട് അച്ഛന്റെ ജോലി എന്തെന്ന് ടീച്ചറ് ചോദിച്ചു: ''കോടതിയില്‍.'' അവള്‍ ഉത്തരം പറഞ്ഞുവത്രെ. കോയമ്പത്തൂരിലെ കോടതി വരാന്തകളില്‍ ദിവസങ്ങള്‍ ചിലവഴിച്ച പടിക്കല്‍ എല്ലാവരില്‍നിന്നും ഒറ്റപ്പെടുകയായിരുന്നു. മക്കളുടെ പഠനം പോലും കേരളത്തില്‍നിന്ന് മാറ്റേണ്ടിവന്നു. യാത്രകള്‍ ദുഷ്‌ക്കരങ്ങളായി. ചുറ്റും സംശയങ്ങള്‍ നിഴലിക്കുന്ന കണ്ണുകള്‍ മാത്രം. ഒരു ദിവസം കാറില്‍ തൃശൂരിലേക്ക് പോകുകയായിരുന്നു. എന്തോ വാങ്ങാനായി കാറ് ഒരു പീടികയ്ക്ക് മുന്നില്‍ നിര്‍ത്തി. അവിടെ കൂടിനിന്നവരില്‍ ഒരാള്‍ മറ്റേയാളോട് പറയുകയാണ്: ''അതാണ് ജയറാം പടിക്കല്‍'' എന്റെ മകള്‍ അത് കേള്‍ക്കാനിടയായി. ദേഷ്യത്തോടെ അവള്‍ വിളിച്ചുപറഞ്ഞു: ''എന്താടോ അതാ ജയറാം പടിക്കല്‍. എന്റെ അച്ഛന്‍.''
കേസ്സൊക്കെ കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ കെ.എസ്.ആര്‍.ടി.സി.യിലും പിന്നെ ഡി.ജി.പിയുമൊക്കെ ആയപ്പോഴും പഴയ പടിക്കല്‍ അതുപോലെ തിരികെ വന്നുവെന്ന് ആരും പറഞ്ഞുകണ്ടില്ല. ഇടയ്ക്ക് എപ്പോഴോ പടിക്കലിന് ഭീകരമുഖം നല്‍കിയ പഴയ സുഹൃത്ത് കരുണാകരന്‍ അകന്നുമാറിയിരുന്നു. കരുണാകരനാണ് തനിക്ക് കുപ്രസിദ്ധി നല്‍കിയതെന്നു പറഞ്ഞാല്‍ പടിക്കല്‍ എങ്ങനെ പ്രതികരിക്കുമെന്ന് ചോദിക്കേണ്ടതായിരുന്നു. കരുണാകരന്റെ കഥ പടിക്കല്‍ പറഞ്ഞ് അവസാനിപ്പിക്കുമ്പോഴേ അത്തരം ഒരു ചോദ്യത്തിന് പ്രസക്തിയുള്ളു. പടിക്കല്‍ ഡയറി എഴുതിയിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ തീര്‍ച്ചയായും അടിയന്തരാവസ്ഥയിലെ കരുണാകരനും പടിക്കലും അതില്‍ ഉണ്ടാവും. പിന്നീട് ഒരു ദിവസം പറയാനായി മാറ്റിവച്ച ആ കഥ അല്ലെങ്കില്‍ പുറത്തുവരാതെ നഷ്ടപ്പെട്ടെന്നു വരും. അടിയന്തരാവസ്ഥയുടെ നാളുകള്‍ കഴിഞ്ഞ് ഇരുപതിലധികം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പടിക്കലിന്റെ ടെന്‍ഷനുകള്‍ അവസാനിച്ചിരുന്നില്ല. ഏതാണ്ട് ഒരു ശാപം പോലെ മരണംവരെ അത് തുടര്‍ന്നു.
ബിസിനസ്സ് എക്സിക്യൂട്ടീവായ മൂത്ത മകന് ഒരു കല്യാണം നിശ്ചയിച്ചതുപോലും പടിക്കലിന്റെ മകനായതുകൊണ്ട് നിരസിക്കപ്പെട്ടു. തിരിച്ചുവരാന്‍ പടിക്കല്‍ ആഗ്രഹിച്ചിരുന്നു. റിട്ടയര്‍ ചെയ്ത് രണ്ട് വര്‍ഷം കഴിഞ്ഞേ ഐ.പി.എസുകാര്‍ക്ക് മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയൂ എന്ന് നിയമമുള്ളതുകൊണ്ട് പടിക്കല്‍ കാത്തിരിക്കുകയായിരുന്നു. തന്റെ ജീവനേക്കാള്‍ തന്നിലെ പൊലീസ് ഉദ്യോഗസ്ഥനെ പടിക്കല്‍ സ്‌നേഹിച്ചിരുന്നു. കുറ്റവാളികളെ തിരക്കുന്നതിനിടയില്‍ താന്‍ അറിയാതെ കുറ്റവാളികളായി മാറിയതും പടിക്കല്‍ അറിയാതെ പോയി. ഐ.പി.എസ് റിട്ടയര്‍മെന്റ് കാലം കഴിഞ്ഞ് ചില പ്ലാനുകള്‍ മനസ്സില്‍ അടക്കിവച്ച് പടിക്കല്‍ കാത്തിരുന്നു. അപ്പോള്‍ കഥയിലെപോലെ ജീവിതത്തിലും ആ അനുഭവമുണ്ടായി. മകന്റെയോ മകളുടെയോ കല്യാണമൊന്ന് കണ്ടിട്ട് കടന്നുപോകാന്‍പോലും പടിക്കല്‍ ജയറാം വിശ്വനാഥനെ മരണം അനുവദിച്ചില്ല. ഇത് മുഴുവന്‍ എഴുതിയാല്‍ ഒരു പൊലീസ് കഥപോലെ തന്നെയാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates