എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രം  AI Image
Archives

ബഷീറും ബേക്കറിയും പടിയാത്ത് കുളവും

1999 ജൂണ്‍ 18 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

രവി കുറ്റിക്കാട്

എറണാകുളം ബോട്ട് ജെട്ടിയിലെ കാനന്‍ ഷെഡ് റോഡിലെ കൊച്ചിന്‍ ബേക്കറിയും പരിസരവും. 1940-43 കാലം.

തലശ്ശേരിയിലെ പൊന്നമ്പത്ത് തറവാട്ടുകാരായ നാലു സഹോദരന്മാര്‍ പികെ വര്‍ഗീസിന്റെ പീടികമുറി വാടകയ്ക്ക് എടുക്കുന്നു. അവിടെ കൊച്ചിന്‍ ബേക്കറി എന്ന പേരുവച്ച് ബ്രഡും കേക്കും വില്‍പ്പന തുടങ്ങുന്നു. കൊച്ചി രാജകുടുംബാംഗങ്ങള്‍ വിശേഷദിവസങ്ങളില്‍ ഇതൊരു തീയ്യന്റെ കടയാണെന്നു മറന്ന് ബ്രഡും കേക്കും പാഴ്സലായി വാങ്ങുന്നു. കപ്പല്‍ സഞ്ചാരികള്‍ക്കും അഡ്മിറല്‍ സായിപ്പിനും ബോള്‍ഗാട്ടി പാലസിലും വിരുന്നു സല്‍ക്കാരം ഒരുക്കാന്‍ കൊച്ചിന്‍ ബേക്കറിയിലെ മധുരം വേണമെന്ന് നിര്‍ബന്ധം.

ബേക്കറിയുടെ സീനിയര്‍ പ്രൊപ്രൈറ്ററാണ് എംപി കരുണാകരന്‍. ക്യാഷ് കൗണ്ടറില്‍ ഇരിക്കുമ്പോഴും കൈയില്‍ പുസ്തകം കാണും. വായന എന്ന രോഗമുണ്ട്.

അപ്പോള്‍ നിങ്ങള്‍ എവിടെയിരിക്കും എന്ന കരുണാകരന്റെ ചോദ്യം. കടയുടെ ചവിട്ടുകല്ലില്‍ ഒരു മൂലയില്‍ ഒതുങ്ങാം എന്ന മറുപടി കരുണാകരന് നന്നേ രസിച്ചു

കടയില്‍ കരുണാകരന്‍ ഇരിക്കുമ്പോള്‍ വഴിയരികില്‍നിന്ന് ഒരു പാട്ട്- ''കേള്‍ക്കുക, കേള്‍ക്കുക മാലോകരെ, ഒരൊറ്റ കൊമ്പില്‍ ഇരട്ടത്തൂക്കം.'' അപസര്‍പ്പക നോവലുകള്‍ വില്‍ക്കുന്നവര്‍. പാട്ടും പാടി കൃതികളുടെ ഉള്ളടക്കം വായനക്കാരെ അറിയിച്ചുകൊണ്ട് വഴിയരികിലും വീടുകളിലും ഈ പുസ്തകക്കച്ചവടക്കാര്‍ കയറിയിറങ്ങല്‍ സ്ഥിരം കാഴ്ചയാണ്.

കരുണാകരന്‍ പുസ്തകം നോക്കാന്‍ വഴിയിലേക്കിറങ്ങി. പാട്ടുപാടുന്നവരുടെ തൊട്ടുപിറകെ നീണ്ട ഖദര്‍ ജുബ ധരിച്ച മെലിഞ്ഞ മനുഷ്യന്‍ പുസ്തകം നീട്ടി. 'പൊലീസുകാരന്റെ മകള്‍' കരുണാകരന്‍ പുസ്തകം തിരിച്ചും മറിച്ചും നോക്കി. ആറു പൈസയ്ക്ക് പുസ്തകം വാങ്ങി. കടയിലെ തിരക്കൊഴിഞ്ഞപ്പോള്‍ കരുണാകരന്‍ 'പൊലീസുകാരന്റെ മകള്‍' വായിക്കാന്‍ തുടങ്ങി. പൊലീസുകാരനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന രാഷ്ട്രീയക്കാരന്‍ ജഗദീശന്റെയും അയാള്‍ക്ക് ഷെല്‍ട്ടര്‍ നല്‍കിയ പൊലീസുകാരന്റെ മകള്‍ ഭാര്‍ഗവിയുടെയും കഥ. ഒടുവില്‍ അവരുടെ വിവാഹം. ഒരൊറ്റ ഇരിപ്പിലാണ് പുസ്തകം വായിച്ചുതീര്‍ത്തത്. പുതിയ ശൈലിയും നാടകീയമായ കഥാപരിണാമവും. ഇതെങ്ങനെ അപസര്‍പ്പകകഥകളുടെ വംശത്തിലായെന്ന ചിന്ത കരുണാകരനെ, വല്ലാതെ കുഴക്കി.

പിറ്റേന്ന് വഴിയില്‍ 'പൊലീസുകാരന്റെ മകളു'ടെ സ്രഷ്ടാവിനെ കണ്ടപ്പോള്‍ കരുണാകരന്‍ പ്രശംസിച്ചു: ''ഏയ്... ബഷീര്‍ നിങ്ങളുടെ കഥ വളരെ നന്നായിരിക്കുന്നു'' ബഷീര്‍ ഒന്നിരുത്തിമൂളി നടന്നുപോയി.

വൈക്കം മുഹമ്മദ് ബഷീര്‍

ബഷീറിന്റെ ബോട്ട് ജെട്ടിയിലെ സഞ്ചാരം ശ്രദ്ധിച്ചപ്പോഴാണ് കരുണാകരന് ആ തന്ത്രം പിടികിട്ടിയത്. അപസര്‍പ്പക നോവല്‍ വില്‍ക്കുന്നവര്‍ 'ഇരട്ടത്തൂക്കം' പാടി പോകുമ്പോള്‍ ബഷീര്‍ പുറകെ കൂടും. കൂട്ടത്തില്‍ 'പൊലീസുകാരന്റെ മകളും' വിറ്റു പോകുന്നു.

ഒരാഴ്ച കഴിഞ്ഞില്ല. ബഷീര്‍ കരുണാകരന്റെ ബേക്കറിക്കു മുന്നില്‍. തിരക്കിയപ്പോള്‍ ബഷീര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ബേക്കറിയുടെ തുറക്കുപാളിയില്‍ രണ്ടു ഷെല്‍ഫ് ഫിറ്റ് ചെയ്തു പത്തു പുസ്തകം വില്‍ക്കാനുള്ള അനുമതി തേടിയാണ് വരവ്. അപ്പോള്‍ നിങ്ങള്‍ എവിടെയിരിക്കും എന്ന കരുണാകരന്റെ ചോദ്യം. കടയുടെ ചവിട്ടുകല്ലില്‍ ഒരു മൂലയില്‍ ഒതുങ്ങാം എന്ന മറുപടി കരുണാകരന് നന്നേ രസിച്ചു. എഴുത്തുകാരനോട് ചെറിയ ആരാധന തോന്നിത്തുടങ്ങിയ സമയം. കരുണാകരന്‍ സമ്മതം മൂളി.

വൈക്കം മുഹമ്മദ് ബഷീര്‍ എറണാകുളത്ത് ആദ്യത്തെ ബുക് സ്റ്റാള്‍ കൊച്ചിന്‍ ബേക്കറിയില്‍ ഉദ്ഘാടനം ചെയ്ത കഥയ്ക്ക് അങ്ങനെ തുടക്കം. പിന്നീടാണ് രണ്ടു ഘട്ടങ്ങളിലായി ബുക് സ്റ്റാളുകള്‍ ബോട്ട് ജെട്ടിയിലും (സര്‍ക്കിള്‍ ബുക്സ്) പ്രസ് ക്ലബ്ബ് റോഡിലും (ബഷീഴ്സ് ബുക്സ്) തുടങ്ങിയത്.

ബഷീര്‍ ചവിട്ടുകല്ലില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ കരുണാകരന്‍ ഇരിക്കാന്‍ ഒരു സ്റ്റൂള്‍ സമ്മാനിച്ചു. ''മാലോകരെ, നിങ്ങള്‍ക്കാവശ്യമുള്ള പുസ്തകം എടുക്കുവിന്‍'' എന്ന മട്ടില്‍ സ്റ്റൂളില്‍ തപസ്സനുഷ്ഠിക്കുന്ന ബഷീര്‍

നഗരമായി പിച്ചവയ്ക്കാന്‍ തുടങ്ങിയ എറണാകുളത്തെ ശ്രദ്ധാകേന്ദ്രമാണ് ബോട്ട് ജെട്ടി. വേശ്യകള്‍, പോക്കറ്റടിക്കാര്‍, ബോട്ട് യാത്രക്കാര്‍, രാഷ്ട്രീയക്കാര്‍, എഴുത്തുകാര്‍ എന്നിവര്‍ ജെട്ടി പരിസരത്തും പാര്‍ക്കിലും തമ്പടിച്ചിരുന്നു.

രാവിലെ കൊച്ചിന്‍ ബേക്കറി തുറക്കുമ്പോള്‍ ബഷീര്‍ ഹാജര്‍. കുളിച്ച് സമൃദ്ധമായ മുടി കോതിവച്ച് (അന്ന് കഷണ്ടി ഇല്ല) ജുബയുടെ പോക്കറ്റില്‍ ഒരു പൊതി ബീഡി, തീപ്പെട്ടി, ഒരു പേന എന്നീ സ്വകാര്യസ്വത്തുക്കളുമായി കരുണാകരന്റെ മുന്നില്‍ നില്‍ക്കും. അന്ന് താമസം, മുല്ലശ്ശേരി കനാലിനു സമീപമുള്ള ലോഡ്ജിലെ അടുക്കളമുറിയില്‍. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കെസി ജോര്‍ജിന്റെ കൂടെ. ഭക്ഷണം ജോര്‍ജിന്റെ പറ്റുകടയായ ജെട്ടിയിലെ പോക്കുമുതലാളിയുടെ കടയില്‍. ജോര്‍ജ് കൂടെ ഉണ്ടെങ്കില്‍ മാത്രം ഭക്ഷണം. അല്ലെങ്കില്‍ മുഴുത്ത പട്ടിണി.

ബേക്കറി തുറന്നാല്‍ ബുക് സ്റ്റാളായി. ബഷീര്‍ ചവിട്ടുകല്ലില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ കരുണാകരന്‍ ഇരിക്കാന്‍ ഒരു സ്റ്റൂള്‍ സമ്മാനിച്ചു. ''മാലോകരെ, നിങ്ങള്‍ക്കാവശ്യമുള്ള പുസ്തകം എടുക്കുവിന്‍'' എന്ന മട്ടില്‍ സ്റ്റൂളില്‍ തപസ്സനുഷ്ഠിക്കുന്ന ബഷീര്‍. വിശന്നു പൊരിയുമ്പോള്‍ എതിര്‍വശത്തെ സ്വദേശി ഹോട്ടലിലെ കൗണ്ടറിലേക്ക് ചൂണ്ടാണി വിരല്‍ ഉയര്‍ത്തും. ഒരു ബഷീര്‍ ചായ. നല്ല കടുപ്പത്തില്‍ (ഡബിള്‍ സ്‌ട്രോങ്ങ്) മറിച്ചിട്ട് ആറ്റാത്ത ചൂടുചായയാണ് സ്വദേശി ഹോട്ടലുകാര്‍ക്ക് സുപരിചിതമായ ബഷീര്‍ ചായ.

ബീഡിയും തീപ്പെട്ടിയും തീര്‍ന്നാല്‍ സ്വന്തം കൈയിലെ കാശുമുടക്കി ബഷീറിന് എത്തിച്ചിരുന്ന ഒരു പരികര്‍മ്മി ഉണ്ടായിരുന്നു. മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരി മറിയാമ്മ. ('ഒരു ജയില്‍പ്പുള്ളിയുടെ ചിത്രം' എന്ന കഥയില്‍ മറിയാമ്മയ്ക്ക് ഒരു റോള്‍ നല്‍കി ബഷീര്‍ കടംവീട്ടി).

ബുക് സ്റ്റാളിലെ നിത്യസന്ദര്‍ശകരില്‍ എസ്‌കെ പൊറ്റക്കാട് ഇടയ്ക്കു കയറുന്ന സഞ്ചാരി

ബഷീറിന്റെ അന്നത്തെ വിലാസം ബഷീര്‍ C/oകൊച്ചിന്‍ ബേക്കറി. എറണാകുളം പബ്ലിക് ലൈബ്രറിയില്‍നിന്നു സമ്പാദിച്ച പുസ്തകപ്രസാധകരുടെ വിലാസവും കാറ്റ് ലോഗും വച്ച് ബഷീര്‍ പുസ്തകങ്ങള്‍ എഴുതിവരുത്തിച്ചു. വിപി വരുമ്പോള്‍ കരുണാകരന്റെ സാമ്പത്തികസഹായം. നല്ല വായനക്കാരെക്കൊണ്ട് നല്ല പുസ്തകം വായിപ്പിക്കുക- ബഷീറിന്റെ ലക്ഷ്യം. പുതിയ പുസ്തകങ്ങള്‍ വന്നാല്‍ ബഷീര്‍ വായിക്കും. അത് നിര്‍ബന്ധം. പുസ്തകം വാങ്ങാന്‍ വരുന്നവരോട് ഉള്ളടക്കത്തെക്കുറിച്ച് ലഘുപ്രഭാഷണം. ആള്‍ വലയില്‍ വീണതുതന്നെ. അങ്ങനെ തോട്ടികള്‍ മുതല്‍ കരപ്രമാണിമാര്‍ വരെ ബഷീറിന്റെ ആരാധകര്‍.

ബുക് സ്റ്റാളിലെ നിത്യസന്ദര്‍ശകരില്‍ പ്രൊഫ. എംപി പോളും ശങ്കരക്കുറുപ്പും പോഞ്ഞിക്കര റാഫിയും പികെ ബാലകൃഷ്ണനും പൊന്‍കുന്നം വര്‍ക്കിയും കേശവദേവും ഉള്‍പ്പെടുന്നു. എസ്‌കെ പൊറ്റക്കാട് ഇടയ്ക്കു കയറുന്ന സഞ്ചാരി. വൈലോപ്പിള്ളി രാമന്‍കുട്ടി, പെരുന്ന തോമസ്, പികെ ശിവദാസ്, കെകെ തോമസ് തുടങ്ങിയ ശിഷ്യന്മാര്‍. ഗുരുവിന് ജുബ തയ്ച്ചുകൊടുക്കാനും രാഷ്ട്രീയസംശയങ്ങള്‍ തീര്‍ക്കാനും എത്തുന്ന തുന്നല്‍കടക്കാരന്‍ ഫ്രാന്‍സിസ്. പോളിനും ശങ്കരക്കുറുപ്പിനും ഇരിക്കാന്‍ ബഷീര്‍ സ്റ്റൂള്‍ ഒഴിഞ്ഞുകൊടുക്കും. അല്ലാത്തവര്‍ ഗുരുവിനു മുന്നില്‍ നില്‍ക്കുകയോ ബുക് സ്റ്റാളിന്റെ ചവിട്ടുകല്ലില്‍ ഇരിക്കുകയോ വേണം.

പട്ടിണി എന്നു കേട്ടാല്‍ ബഷീറിന്റെ കരളലിയും. അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹം അവിടെയാണ് കാണുക

പുസ്തകക്കച്ചവടം മോശമല്ലെങ്കിലും ബഷീര്‍ പട്ടിണിയിലായിരുന്നു. ആരോടും പൈസ ചോദിക്കില്ല. വലിയ അഭിമാനി. തിരക്ക് ഒഴിയുമ്പോള്‍ സ്റ്റൂളില്‍ കുമ്പിട്ടിരുന്ന് ഗാഢമായ ആലോചനയില്‍ മുഴുകും. (ജന്മദിനം എന്ന കഥ ഈ പട്ടിണിനാളുകളുടെ സൃഷ്ടിയാണ്). ഒരിക്കല്‍ സഹമുറിയനായ കെസി ജോര്‍ജ് രണ്ടു ദിവസത്തെ നീണ്ടയാത്രയ്ക്ക് തിരിച്ചു. ഭക്ഷണം കഴിക്കാന്‍ ബഷീറിന് രണ്ടരയണ നല്‍കി. അന്ന് ഒരു ഊണിന് ഒരണ. ചായയ്ക്ക് കാലണ. നല്ലൊരു ഊണിന് രണ്ടണ. സുഭിക്ഷമായ ഒരു ശാപ്പാട് സ്വപ്നം കണ്ട് ജെട്ടിയിലെ പോക്കുമുതലാളിയുടെ ഹോട്ടല്‍ ലക്ഷ്യമാക്കി ബഷീര്‍ പായുമ്പോള്‍ വഴിയരികില്‍ പട്ടിണിക്കോലമായ പയ്യനെ കണ്ടുമുട്ടുന്നു. അവന്റെ കഥകേട്ട് ബഷീറിന് അലിവു തോന്നുന്നു. കൈയിലുള്ള രണ്ടരയണ അവനു കൊടുത്ത് ബഷീര്‍ ബുക് സ്റ്റാളിലേക്കു മടങ്ങി. യാത്ര കഴിഞ്ഞെത്തിയപ്പോഴാണ് രണ്ടു ദിവസമായി ബഷീര്‍ ഒന്നും കഴിച്ചിട്ടില്ലെന്ന വിവരം കെസി ജോര്‍ജ് അറിയുന്നത്. ജോര്‍ജ് ആത്മകഥയില്‍ എഴുതുന്നു: ''പട്ടിണി എന്നു കേട്ടാല്‍ ബഷീറിന്റെ കരളലിയും. അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹം അവിടെയാണ് കാണുക. നികൃഷ്ടമെന്ന് നാം കരുതുന്നവരുടെ ഹൃദയത്തില്‍ കടന്നുചെല്ലാനും അവരുടെ ഹൃദയവേദനയില്‍ പങ്കുകൊള്ളാനും കഴിയുന്ന മനുഷ്യസ്‌നേഹിയെയാണ് എനിക്ക് ബഷീറില്‍ കാണാന്‍ കഴിയുന്നത്.'' (ജോര്‍ജിന്റെ 'എന്റെ ജീവിതയാത്ര' പേജ് 480).

'അനര്‍ഘനിമിഷം' എഴുതിക്കഴിഞ്ഞപ്പോള്‍ ബഷീറിന് പുസ്തകമാക്കാന്‍ ആഗ്രഹം. കൈയില്‍ പണമില്ല. തലപുകഞ്ഞ ചിന്ത. ശിഷ്യരില്‍ ചില്ലറ തടയുന്നത് രാമന്‍കുട്ടിക്കു മാത്രം. അന്ന് ഖാദി വസ്ത്രാലയം മാനേജരാണ് രാമന്‍കുട്ടി. ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പണം മുടക്കാമെന്നായി രാമന്‍കുട്ടി. ഇരുവരും ഫോര്‍ട്ട്‌കൊച്ചിയിലെ റ്റിഎസ് മുത്തയ്യയുടെ വേള്‍ഡ് പ്രസ്സിലേക്കു കുതിച്ചു. 250 രൂപ മുടക്കി. ഒരു കോപ്പിക്ക് ഒരു രൂപ. പുസ്തകം വിറ്റ് ബഷീര്‍ 1000 രൂപ ഉണ്ടാക്കി. തുടര്‍ന്ന് ശിഷ്യരെ വിളിച്ചുകൂട്ടി ആഘോഷം. മുന്‍പില്‍ സ്‌കോച്ച് വിസ്‌കി. കുപ്പിക്ക് 30 രൂപ. കഥയിലെ ക്ലൈമാക്സ് പോലെ കുടിയിലും ക്ലൈമാക്സ് വേണമെന്ന നിര്‍ബന്ധക്കാരനാണ് ബഷീര്‍. ഒരു കുപ്പി വാങ്ങുമ്പോള്‍ അരക്കുപ്പി കൂടി വാങ്ങിപ്പിക്കും. ഈ അര ഗുരുവിനു മാത്രം. ഫിറ്റായി ശിഷ്യര്‍ പിരിയുമ്പോള്‍ ഗുരു ഒറ്റയ്ക്ക് അരക്കുപ്പി തീര്‍ക്കും. തുടര്‍ന്ന് സംഗീതം. കോളാമ്പിയില്‍ കെസി ഡേയും സൈഗാളും പങ്കജ് മല്ലിക്കും തകര്‍ക്കും. രണ്ടുദിവസം കഴിഞ്ഞാലും എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം ശവാസനത്തില്‍ കിടക്കും. ഇതിന് 'കുടിവാര'മെന്ന് ബഷീറിയന്‍ ശൈലി.

നൂറിന്റെ നോട്ട് കണ്ടെടുത്തപ്പോള്‍ ''കിട്ടിപ്പോയ്'' എന്ന് വിളിച്ചുകൂവി ആനന്ദനൃത്തത്തോടെ ബഷീര്‍ അവരുടെ മുന്നില്‍

ഒരിക്കല്‍ അവബോധത്തില്‍ വീണപ്പോള്‍ കൈയിലെ നൂറിന്റെ നോട്ട് തലയിണ ഉറയില്‍ ഒളിപ്പിച്ചു. പിറ്റേന്ന് അക്കാര്യം വിട്ടു. ആരോ മോഷ്ടിച്ചെന്ന ധാരണ. ആദ്യം കണ്‍മുന്‍പില്‍ക്കണ്ടത് കെഎസ്പിക്കാരന്‍ നടേശനെ. കൈയിലെ കൊച്ചു പിച്ചാത്തി നടേശന്റെ കഴുത്തിനു കീഴെ. പിന്നെ ഒരട്ടഹാസം. കഴുവേറി മോനെ, നീ എന്റെ നൂറ് തട്ടി. എടുക്ക്. മരണം മുന്നില്‍ക്കണ്ട് നാവിറങ്ങിപ്പോയ നടേശന്‍. (ഇപ്പോഴും ഈ കഥ പറയുമ്പോള്‍ എണ്‍പതു വയസ്സ് പിന്നിട്ട നടേശന്‍ കിടുങ്ങുന്നു. വാക്കുകള്‍ എവിടെയോ തടയുന്നു). മുന്നില്‍ കണ്ടവരെയെല്ലാം ബഷീര്‍ വിരട്ടി. പിന്നീട് തലയിണ ഉറയ്ക്കുള്ളില്‍നിന്ന് നൂറിന്റെ നോട്ട് കണ്ടെടുത്തപ്പോള്‍ ''കിട്ടിപ്പോയ്'' എന്ന് വിളിച്ചുകൂവി ആനന്ദനൃത്തത്തോടെ ബഷീര്‍ അവരുടെ മുന്നില്‍. ഉടനെ അതും പൊട്ടിച്ചു. മറ്റുള്ളവരോട് മാപ്പുചോദിച്ചുകൊണ്ടുള്ള ജലസേചനം.

ഗുരു ഏവര്‍ക്കും താങ്ങും തണലും. ഒരു ശിഷ്യന് കലശലായ പ്രേമം. പെണ്ണിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പും. ഗുരുവിന്റെ ഉപദേശം തേടി. പെണ്ണിന് മൂന്നു മാസം ഗര്‍ഭം ഉണ്ടെന്ന് പ്രചരിപ്പിക്കാന്‍ ഉപദേശം. ക്രോസ് വിസ്താരത്തില്‍ പെണ്ണും ശരിയെന്ന് തലയാട്ടി. ഗത്യന്തരമില്ലാതെ കല്യാണം നടന്നുവെന്ന് കഥ. (വളരെ പ്രമുഖനായ ആ കാമുകന്റെ പേര്‍ എഴുതുന്നില്ല. അന്നത്തെ 'ഗര്‍ഭിണി' ഇപ്പോള്‍ മുത്തശ്ശിയായി ജീവിച്ചിരിക്കുന്നു).

ബേക്കറി സഹവാസത്തിനിടയിലാണ് ബഷീറിന് പ്രേമം ഉണ്ടായത്

കഥകള്‍ പ്രചരിപ്പിക്കാനും ബഷീറിന്റെ ചാതുര്യം ഒന്നുവേറെ. നഗരത്തിലെ നായന്മാരെല്ലാം തൊലി വെളുത്തവര്‍. വൈലോപ്പിള്ളി രാമന്‍കുട്ടി മാത്രം എങ്ങനെ കറുമ്പനായി? പുലയവംശത്തില്‍ പിറന്നവനാണ് രാമന്‍കുട്ടിയെന്ന് ബഷീറിന്റെ കണ്ടുപിടുത്തം. നാട്ടുകാരുടെ അവഗണനയില്‍ മനംനൊന്ത രാമന്‍കുട്ടിയുടെ അപ്പൂപ്പന്മാര്‍ കൊച്ചി രാജാവിനെ മുഖം കാണിച്ചുവെന്നും ദയതോന്നിയ രാജാവ് പേരിനോടൊപ്പം വാല്‍ വയ്ക്കാന്‍ അനുവാദം നല്‍കിയെന്നും അങ്ങനെ മേനോനായെന്നും ബഷീര്‍ വിവരിക്കുമ്പോള്‍ ബുക് സ്റ്റാളില്‍നിന്നുയരുന്നത് നീണ്ടുനിന്ന കൂട്ടച്ചിരി.

ഒരിക്കല്‍ ശിവഗിരിയിലെ ഒരു സന്ന്യാസി- കെഎം കുമാരസ്വാമി സ്വന്തമായി എഴുതിയ ഒരു പുസ്തകം വിറ്റുകിട്ടാന്‍ ബഷീറിന്റെ അടുത്തെത്തി. ചില ചെപ്പടിവിദ്യകള്‍ കാട്ടി പുസ്തകത്തിന്റെ ചില കോപ്പികള്‍ വിറ്റ് കുമാരസ്വാമിക്ക് പണം നല്‍കി യാത്രയാക്കി. ശിഷ്യന്മാര്‍ക്ക് നല്ല പുസ്തകത്തെക്കുറിച്ച് ഏറെ ബോധം ഉണ്ടാക്കിയത് ബഷീറാണ്. വായനക്കാരാക്കി മാറ്റിയതും.

ബേക്കറി സഹവാസത്തിനിടയിലാണ് ബഷീറിന് പ്രേമം ഉണ്ടായത്. ആ രഹസ്യം ചോര്‍ത്തിയത് വൈലോപ്പിള്ളി രാമന്‍കുട്ടി. മരിക്കുന്നതിന് ഏതാനും നാള്‍ മുന്‍പ് രാമന്‍കുട്ടിയോട് ഈ ലേഖകന്‍ രഹസ്യം ചോദിച്ചപ്പോള്‍ അദ്ദേഹം ഉറക്കെച്ചിരിച്ചു. ആ നായര്‍ പെണ്‍കുട്ടിയുടെ പേര്‍ പറയില്ലെന്ന പ്രതിജ്ഞയോടെ കഥ പറയുകയും ചെയ്തു. മഹാരാജാസില്‍ പഠിക്കുകയായിരുന്നു പ്രസിദ്ധമായ നായര്‍ തറവാട്ടിലെ ആ പെണ്‍കുട്ടി. വീട്ടില്‍ ഭാഗം നടന്നപ്പോള്‍ ആ കുടുംബം തൃശൂരിലേക്ക് താമസം മാറ്റി. താമസിയാതെ ബുക് സ്റ്റാള്‍ പൂട്ടി ബഷീര്‍ മംഗളോദയത്തിലേക്ക് കുതിച്ചു. അനുരാഗമാണോ അതിനു പിന്നില്‍ എന്ന ചോദ്യത്തിന് ബഷീറിന്റെ മനോഗതി പിടികിട്ടാന്‍ പ്രയാസമാണെന്നായിരുന്നു രാമന്‍കുട്ടിയുടെ മറുപടി. ബുക് സ്റ്റാളിലെ പുസ്തകങ്ങള്‍ രാമന്‍കുട്ടിയെ കെട്ടി ഏല്പിച്ചായിരുന്നു യാത്ര. പികെ ബാലകൃഷ്ണന്‍ പിന്നീട് വാങ്ങി.

ബേക്കറിയില്‍ സാധനം വാങ്ങാന്‍ വരുന്നവരുടെ തിരക്കേറുമ്പോള്‍ കരുണാകരന്‍ ബഷീറിനോട് പറയും- ബഷീറെ, ഒന്നു പാര്‍ക്കിലൊക്കെ കറങ്ങിയിട്ടുവാ

ബഷീര്‍ ബുക് സ്റ്റാള്‍ നടത്തുമ്പോഴായിരുന്നു കെസി ജോര്‍ജിന്റെ അറസ്റ്റും വാടകമുറിയിലെ സെര്‍ച്ചും. കെസി ജോര്‍ജിന്റെ അറസ്റ്റിനു ശേഷം ബഷീര്‍ താമസം മാറ്റി. കൊച്ചിന്‍ ബേക്കറിക്ക് സമീപമുള്ള നാഷണല്‍ ഹോട്ടലിന്റെ മൂലയില്‍. വേലുവായിരുന്നു ഹോട്ടലുകാരന്‍. 'വിശപ്പ്' എന്ന കഥയില്‍ ഈ വേലു ഉണ്ട്. വിശക്കുന്ന കൊച്ചുകൃഷ്ണന്‍ എന്ന കഥാപാത്രമായി ബഷീറും.

ബേക്കറിയില്‍ സാധനം വാങ്ങാന്‍ വരുന്നവരുടെ തിരക്കേറുമ്പോള്‍ കരുണാകരന്‍ ബഷീറിനോട് പറയും- ബഷീറെ, ഒന്നു പാര്‍ക്കിലൊക്കെ കറങ്ങിയിട്ടുവാ. ബഷീര്‍ തനിച്ച് ചിലപ്പോള്‍ പരിവാരസമേതം പാര്‍ക്കില്‍ കറങ്ങും. അന്നത്തെ സുഭാഷ് പാര്‍ക്കിന്റെ സൗന്ദര്യം ചങ്ങമ്പുഴയുടെ കാവ്യഭാവനയില്‍ ''അകത്തും പൂവാടി, പുറത്തും പൂവാടി''യാണ്.

ബഷീറിന്റെ 'വിശപ്പ്' എന്ന കഥ വായിച്ചിട്ടില്ലേ? പുനര്‍വായനയില്‍ അന്തരീക്ഷം സുഭാഷ് പാര്‍ക്കാണെന്നു തെളിയും. ബഷീര്‍ എഴുതുന്നത് വായിക്കൂ- ''ഇരുളിനു കട്ടി കൂടിവരികയാണ്. പാര്‍ക്ക് ഒഴിഞ്ഞുവരികയാണ്. അവള്‍ സാവധാനം എണീറ്റിരുന്നു. അങ്ങുമിങ്ങും നോക്കിയിട്ട് എണീറ്റ് ഒന്നു മൂരി നിവര്‍ത്തി. ചക്രവാളം ഒന്നു കുലുങ്ങി. കൊച്ചുകൃഷ്ണന്റെ ഉള്ളിലെ ഇടിപ്പു നിന്നു. അവള്‍ അടുത്തിരുന്ന ഓരോരുത്തരുടെയും സമീപത്തു ചെന്ന് എന്തൊക്കെയോ മന്ത്രിച്ചിട്ട് നടന്നു. കൊച്ചുകൃഷ്ണനെ അവഗണിച്ച് അവള്‍ നടന്നു... കൊച്ചുകൃഷ്ണന്‍ എണീറ്റുചെന്നു. സ്വപ്നത്തിലെന്നപോലെ, പാര്‍ക്കിലെ ചെറിയ കുളത്തിന്റെ അടുത്തുനിന്ന് അവള്‍ മുടികെട്ടുന്നു. സിമന്റ് കല്‍ക്കെട്ടില്‍ ചവുട്ടി കൊച്ചുകൃഷ്ണന്‍ നിന്നു.'' പാര്‍ക്കില്‍ സ്ഥിരം കാണുന്ന വേശ്യാസല്ലാപം. ആ കുളം! ജനറല്‍ ആശുപത്രിയിലേക്ക് തിരിയുന്ന റോഡിനു സമീപമുള്ള പാര്‍ക്കിന്റെ മധ്യഭാഗത്തെ ഗേറ്റ്. കുളം ഇപ്പോഴും അവിടത്തന്നെയുണ്ട്. വേശ്യകള്‍ മുഖം കഴുകുന്നതും ഇന്നും സ്ഥിരം കാഴ്ച. കാലത്തിനു മായ്ച്ചുകളയാന്‍ കഴിയാത്ത സീന്‍!

പാര്‍ക്കിന്റെ സൗന്ദര്യം കാണണമെങ്കില്‍ ബഷീറിന്റെ 'ജന്മദിനം' വായിക്കണം. ''മണി ആറ്. പ്രസന്നമായ സായാഹ്നം. കടല്‍ വിഴുങ്ങിയ ജ്വലിക്കുന്ന ചോരക്കട്ടയായ അന്തിമസൂര്യന്‍. കനകമേഘങ്ങള്‍ നിറഞ്ഞ പശ്ചിമ ചക്രവാളം. കര കാണാത്ത സമുദ്രം. തൊട്ട് അലകളിളകുന്ന കായല്‍. തീരത്തു സുന്ദരമായ ആരാമം'' ജീവിതത്തില്‍ പരുക്കനായ ബഷീര്‍ ഇവിടെ കവിയായി മാറുന്നു. ചിത്രകാരന്റെ ചായക്കൂട്ടില്‍ നിന്നു വിരിയുന്ന സര്‍ഗ്ഗഭാവന, 'ചട്ടുകാലി'യെ നമ്മുടെ കഥാകാരന്‍ കണ്ടുമുട്ടുന്നതും ഈ പാര്‍ക്കില്‍.

നൂറിന്റെ നോട്ട് നീട്ടി ഓവല്‍ ടിന്‍ വാങ്ങിയപ്പോള്‍ ബഷീറിന്റെ മുഖത്ത് പുഞ്ചിരി

''പാവപ്പെട്ടവരുടെ 'വേശ്യ'യെ കണ്ടുമുട്ടിയപ്പോള്‍ അവളെ ആശ്വസിപ്പിക്കാന്‍ തോന്നി. ഊണുകഴിച്ചിട്ടില്ലെന്ന് പറയുകയാണെങ്കില്‍ എന്തുചെയ്യും? എന്റെ പക്കല്‍ കാല്‍ രൂപയേ ഉള്ളൂ. അതുകൊണ്ട് ഊണു കിട്ടുകയില്ല.'' ഈ ചിന്തയില്‍ പാര്‍ക്കില്‍ നിന്നിറങ്ങിയ കഥാപുരുഷന്‍ മനുഷ്യസ്‌നേഹത്തിന്റെ നിറകുടമായ ബഷീര്‍ അല്ലാതെ മറ്റാരാണ്?

സുഭാഷ് പാര്‍ക്കും പടിയാത്ത് കുളവും ബഷീറിന്റെ കാല്‍ ഒടിച്ച ഷണ്‍മുഖം റോഡിലെ ചന്തക്കുളം പാലവും. വേശ്യയുടെ നെഞ്ചില്‍ പൊലീസ് ലാത്തിക്ക് കുത്തുന്നത് ബഷീര്‍ കാണാന്‍ ഇടയായ പബ്ലിക് ലൈബ്രറി റോഡും വേലുവിന്റെ കടയ്ക്ക് എതിര്‍വശം താമസിച്ചിരുന്ന പ്രിന്‍സിപ്പലിന്റെ ഭാര്യയും മുസ്ലിം ഹോസ്റ്റലിനു മുന്നിലെ പൈപ്പില്‍നിന്ന് വെള്ളം എടുക്കാന്‍ വരുന്ന കനത്ത മാറിടമുള്ള സുന്ദരിമാരുമെല്ലാം ബഷീറിന് പ്രിയപ്പെട്ടതായിരുന്നുവെന്ന് കഥകളുടെ പുനര്‍വായനയില്‍ നാം തിരിച്ചറിയുന്നു. ആനവാരി രാമന്‍നായരും (വൈലോപ്പിള്ളി രാമന്‍കുട്ടി) മുഴയന്‍ നാണുവും (പികെ ബാലകൃഷ്ണന്‍) എട്ടുകാലിയും (പികെ ശിവദാസന്‍) പൊന്‍കുരിശ് തോമയും (കെകെ തോമസ്) ആ കഥാകാരന്റെ പ്രിയപ്പെട്ട ശിഷ്യന്മാര്‍.

സ്‌നേഹബന്ധങ്ങള്‍ ബഷീറിന് അമൂല്യസ്വത്തായിരുന്നു. ബുക് സ്റ്റാള്‍ നിര്‍ത്തി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ബഷീര്‍ ബേക്കറിയില്‍ എത്തി. കൂടെ എസ്‌കെ പൊറ്റക്കാട്. രോഗിയായ ചങ്ങമ്പുഴയ്ക്ക് ഓവല്‍ ടിന്‍ വാങ്ങാന്‍. നൂറിന്റെ നോട്ട് നീട്ടി ഓവല്‍ ടിന്‍ വാങ്ങിയപ്പോള്‍ ബഷീറിന്റെ മുഖത്ത് പുഞ്ചിരി. കരുണാകരനും ചിരിച്ചു. എഴുത്തുകൊണ്ട് ബഷീര്‍ രക്ഷപ്പെടുന്നല്ലോ എന്ന സന്തോഷമായിരുന്നു കരുണാകരന്. കരുണാകരന്റെയും സഹോദരങ്ങളായ അച്യുതന്റെയും കുമാരന്റെയും ബാലകൃഷ്ണന്റെയും കടയിലെ കാഷ്യറായിരുന്ന നാണുവിന്റെയും വിശേഷങ്ങള്‍ തിരക്കാനും കല്യാണങ്ങളിലൊക്കെ പങ്കെടുക്കാനും ബേപ്പൂരില്‍നിന്ന് ബഷീര്‍ എത്തുമായിരുന്നു. ഇവരുമായി ബന്ധപ്പെട്ട രസകരമായ കഥകള്‍ എഴുതണമെന്നും മോഹിച്ചു. എഴുതാന്‍ ബാക്കിവച്ച കഥകളില്‍ ഇതും ഉണ്ടായിരുന്നോ? ബഷീറിന്റെ ഭാഷയില്‍ അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമേ സമയമുള്ളൂ. അനന്തമായ സമയം.

Renowned Malayalam writer Vaikom Muhammad Basheer ran Basheer’s Book Stall, a historic literary landmark in Ernakulam, Kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി അറിയാതെ ബാറിന് ലൈസന്‍സ്; എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിനെ മാറ്റി

'ഞാനുള്ളപ്പോഴാണ് തീപിടിച്ചതെങ്കില്‍ എന്തൊക്കെ കഥകള്‍ ഉണ്ടാക്കുമായിരുന്നു?; പഴയ പ്രതിപക്ഷ നേതാവ് എങ്ങനെയാണ് അവിടെ കിടന്നത്?'

‘എന്നിലുള്ള വിശ്വാസം കുറഞ്ഞ സമയത്ത് എന്നെ വിശ്വസിച്ച് ഈ കഥാപാത്രം നൽകി’; വേദിയിൽ വിതുമ്പി പാർവതി തിരുവോത്ത്

പ്രിയദര്‍ശിനിയില്‍ സ്ത്രീകളുടെ വരുമാനം നോക്കില്ല; വ്യാജ പ്രചാരണത്തില്‍ പരാതിയുമായി ഗതാഗതമന്ത്രി

'മിസ്റ്റര്‍ ക്രിക്കറ്റ്' ഇനി ഓസ്‌ട്രേലിയ ടീമിന് തന്ത്രമൊരുക്കും!