നോവലിസ്റ്റ് കെഎല്‍ മോഹന വര്‍മയ്‌ക്കൊപ്പം തകഴിയിലെ ശങ്കരമംഗലം വീട്ടിലെത്തി ഇതിഹാസ കഥാകാരനെ കണ്ടപ്പോള്‍. വിആര്‍ ജ്യോതിഷ് 1998 ജൂലൈ 3 ലക്കം മലയാളം വാരികയില്‍ എഴുതിയത്.
യയാതിയുടെ വരം കിട്ടിയിരുന്നെങ്കില്‍ അങ്ങ് എന്തു ചെയ്യുമായിരുന്നു? തകഴി ശിവശങ്കരപ്പിള്ളയെന്ന വിശ്വസാഹിത്യകാരനോടാണ് ഈ ചോദ്യം.
മഴമേഘങ്ങള്‍ നിറഞ്ഞുനിന്ന മിഥുനത്തില്‍ നോവലിസ്റ്റ് കെ.എല്‍. മോഹനവര്‍മ്മയോടൊപ്പം ശങ്കരമംഗലത്തെത്തുമ്പോള്‍ തകഴിക്ക് പറയാന്‍ ഒരുപാടുണ്ടായിരുന്നു. ഓര്‍മ്മയുടെ കടവില്‍ തോണിയടുപ്പിച്ച് ഇന്നലെകളെപ്പറ്റി, ഇന്നിനെപ്പറ്റി, നാളെയെപ്പറ്റി അദ്ദേഹം തുടര്‍ന്നു-
ഒരു യയാതി ജന്മം കിട്ടിയിരുന്നെങ്കില്‍ കുട്ടനാടന്‍ പാടങ്ങളിലൂടെ ഞാന്‍ വീണ്ടും ഓടി നടക്കുമായിരുന്നു. പുഞ്ചയ്ക്ക് വെള്ളം തേവുമായിരുന്നു. തേക്കുപാട്ടുകള്‍ പാടുമായിരുന്നു. കളങ്ങള്‍ക്ക് കാവലു കിടക്കുമായിരുന്നു. വെളുപ്പിന് രണ്ടു മണിക്കേ ഉണര്‍ന്ന് എഴുത്തും വായനയും. പൂങ്കോഴി കൂവലുകള്‍ക്കും മുമ്പ് പാടമൊരുക്കല്‍, വരമ്പത്ത് ഉച്ചയൂണ്. അസ്തമയത്തില്‍ പുഴയിലെ തെളിവെള്ളത്തില്‍ കുളി. ഞാനിതൊക്കെ പലപ്പോഴും സ്വപ്നം കാണാറുണ്ട്. സ്വപ്നമാണെന്നറിഞ്ഞ് ദുഃഖിക്കാറുണ്ട്. നിങ്ങളെല്ലാം ക്ഷമിക്കണം. എന്നോട് ദേഷ്യപ്പെടരുത്. ജീവിച്ചാലും ജീവിച്ചാലും കൊതി തീരാത്തതാണ് ജീവിതം. വാര്‍ദ്ധക്യം ഒരനുഗ്രഹമാണെന്ന തോന്നലുണ്ട് നമുക്കൊക്കെ. എന്നാല്‍, അങ്ങനെയല്ല. വാര്‍ദ്ധക്യം ഒരിക്കലും അനുഗ്രഹമല്ല. അതൊരു ദുഃഖമാണ്. അതിനനുസരിച്ച് നമ്മള്‍ മാറും. ഞാനിപ്പോള്‍ ഏകാന്തതയില്‍, സ്വപ്നത്തില്‍ എന്റെ കഥാപാത്രങ്ങളെ കാണുന്നു. അവരുമായി സംസാരിക്കുന്നു.
വാക്കു മുറിച്ച് തകഴി ഇയര്‍ഫോണ്‍ വയ്ക്കുന്നു. കണ്ണിന് കാഴ്ച കുറഞ്ഞു. ഇപ്പോള്‍ കേള്‍വിയും. ഓരോരോ ഇന്ദ്രിയങ്ങളായി നഷ്ടപ്പെടുകയാണ്. ഇതാണ് ജീവിതത്തിന്റെ തത്ത്വശാസ്ത്രം. ഒരിന്ദ്രിയവും ശാശ്വതമല്ല. ആദ്യമായി ഇയര്‍ഫോണ്‍ വച്ചപ്പോള്‍ പൂച്ചയും പട്ടിയും കാക്കയും ഒക്കെയായിരുന്നു. ഇപ്പോള്‍ സംസാരിക്കുന്ന നിങ്ങളേയുള്ളു. പിന്നെയൊരു പ്രശ്‌നം ഇയര്‍ഫോണ്‍ വച്ചു സംസാരിക്കുമ്പോള്‍ നാക്കു കുഴയും. അല്ലെങ്കില്‍ കടിച്ചു പിടിച്ച് സംസാരിക്കണം. അത് ശീലിച്ചിട്ടില്ല. പഴയ തകഴി വര്‍ത്തമാനമേ വശമുള്ളു. ഇടയ്ക്ക് വര്‍മ്മ ഇടപെടുന്നു.
ഇനി നമുക്ക് ഒരു നോവല്‍കൂടി എഴുതണ്ടേ?
നോവല്‍ എഴുതാന്‍ പ്രയാസമാണ്. വാക്കുകളുടെയും സംഭവത്തിന്റെയും തുടര്‍ച്ച കിട്ടില്ല. സംസാരിക്കുമ്പോള്‍ നാക്കു കുഴയുന്നതുപോലെ ഓര്‍മ്മയും കുഴയും.
ചേട്ടനെ കണ്ടിട്ട് പഴയതുപോലെ അസുഖമൊന്നും തോന്നുന്നില്ലല്ലോ- വര്‍മ്മ.
ഇപ്പോള്‍ പഴയതിലും സുഖമുണ്ടെങ്കിലും ഉറക്കം കിട്ടുന്നില്ല. അതിരാവിലെ ഉണര്‍ന്ന് എഴുതിയതിന്റെ ശീലമാണത്. പെട്ടന്നൊന്നും ആ ശീലം മാറില്ല.
തകഴിയുടെ ശീലങ്ങള്‍ മാറരുതെന്ന് വായനക്കാരനും ആഗ്രഹിക്കുന്നു. കുട്ടനാടിന്റെ മണ്ണ് മലയാള ജീവിതത്തില്‍ അത്രയ്ക്കും അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അതുകൊണ്ട് തകഴിയുടെ നോവലുകള്‍ക്ക് കുട്ടനാട് ഒരു ദര്‍ശനമാകുന്നു.
തകഴി പറഞ്ഞുതുടങ്ങി.
തകഴിയില്‍ ആധുനികത വന്നത് ഒരു ദോശക്കടയുടെ രൂപത്തിലായിരുന്നു. തകഴിയിലെ സാമൂഹിക ജീവിതം തന്നെ അത് മാറ്റിമറിച്ചു. കൊതി മൂത്ത തകഴിക്കാര്‍ ആ ദോശക്കടയുടെ ചുറ്റും വന്നടിഞ്ഞു. കടയുടമസ്ഥന്‍ തിരുവല്ല കിട്ടുപിള്ളയ്ക്ക് മുതലാളിയുടെ വേഷമായി. കുട്ടികള്‍ വീടുകളില്‍നിന്ന് പൈസ മോഷണം തുടങ്ങി. മുതിര്‍ന്നവര്‍ പാടത്തേയ്ക്കു പോകാതെ ദോശക്കടയില്‍ അടിഞ്ഞിരുന്നു
എന്റെ ദര്‍ശനം കുട്ടനാടിന്റെ മണ്ണിലാണ്; എന്റെ ലോകം കുട്ടനാടിന്റെ അതിരുകളില്‍ അവസാനിക്കുന്നു. ഞാന്‍ ലോകം കണ്ടതും ലോകം എന്നെ കണ്ടതും കുട്ടനാടിലൂടെ തന്നെ. അങ്ങനെയൊരു പാരസ്പര്യമുണ്ട്. എന്റെ അച്ഛനൊരു കഥകളിക്കാരനായിരുന്നു. പകല്‍ ഞങ്ങള്‍ കുട്ടികള്‍ മുഖത്ത് ചായം തേയ്ക്കും. കഥകളി കളിക്കും. വൈകുന്നേരം അച്ഛന്‍ ഭാഗവതവും രാമായണവും വായിച്ച് കഥ പറയും. നിലവിളക്കിനു മുന്നിലിരുന്ന് ഞാന്‍ ഉറക്കം തൂങ്ങും. എന്റെ ബാലസന്ധ്യകള്‍ ഉറക്കം തൂങ്ങിയതായിരുന്നു. എങ്കിലും ഞാന്‍ ജീവിതം പഠിച്ചു.
മണ്ണില്‍നിന്ന് പറിച്ചെടുത്ത ജീവിതംകൊണ്ടാണ് കയറുപോലെ കാലം പിരിച്ച് തകഴി എഴുതിയത്. അവിടെ കഥാപാത്രങ്ങളുടെ ഘോഷയാത്രയായിരുന്നു. ആരും ആരില്‍നിന്നും അന്യരാകാത്ത കഥാപാത്രങ്ങള്‍. തകഴിക്കാര്‍ പറയുന്ന ഒരു പഴമയുണ്ട്. തകഴിയില്‍ ആധുനികത വന്നത് ഒരു ദോശക്കടയുടെ രൂപത്തിലായിരുന്നു. തകഴിയിലെ സാമൂഹിക ജീവിതം തന്നെ അത് മാറ്റിമറിച്ചു. കൊതി മൂത്ത തകഴിക്കാര്‍ ആ ദോശക്കടയുടെ ചുറ്റും വന്നടിഞ്ഞു. കടയുടമസ്ഥന്‍ തിരുവല്ല കിട്ടുപിള്ളയ്ക്ക് മുതലാളിയുടെ വേഷമായി. കുട്ടികള്‍ വീടുകളില്‍നിന്ന് പൈസ മോഷണം തുടങ്ങി. മുതിര്‍ന്നവര്‍ പാടത്തേയ്ക്കു പോകാതെ ദോശക്കടയില്‍ അടിഞ്ഞിരുന്നു. ഉഴുന്നും അരിയും സമൃദ്ധമായുള്ള തകഴിയില്‍ ഇതെങ്ങനെ സംഭവിച്ചു. പുരോഗമനവാദികള്‍ സംഘടിച്ചു. ചര്‍ച്ചയായി. സമരമായി. അവസാനം കിട്ടുപിള്ളയ്ക്ക് കടവിട്ട് ഓടേണ്ടി വന്നു. ബാലനായ ശിവശങ്കരന്‍ ഈ സാമൂഹ്യവിപ്ലവം കണ്ടു. പൈസ മോഷണത്തിന് ശിവശങ്കരനും അമ്മയുടെ അറസ്റ്റിലായി.
പുറത്ത് കാലം തെറ്റിവന്ന ഏതോ തീവണ്ടിയുടെ ഇരമ്പം. ചെമ്മീനും അയലയും നിറച്ച കൂടകളുമായി സൈക്കിളില്‍ കച്ചവടക്കാര്‍.
മൗനം പൊളിച്ച്, ചിരിച്ച് തകഴി കുട്ടനാടിന്റെ മാറ്റങ്ങള്‍ പറഞ്ഞു. കാലം ഇവിടെ വീണ്ടുമൊരു കഥാപാത്രമാകുന്നു.
മരുമക്കത്തായത്തിനെതിരെയാണ് തകഴിയില്‍ ആദ്യമായി സാമൂഹിക അസംതൃപ്തിയുണ്ടാകുന്നത്. അമ്മാവന്മാരോട് പക തീര്‍ക്കാന്‍ മരുമക്കള്‍ നിലമൊഴിച്ചിട്ടു. കുട്ടനാടന്‍ പാടങ്ങള്‍ക്ക് അതൊരു പുതുമയായിരുന്നു. അമ്പലപ്പുഴ രജിസ്ട്രാര്‍ കച്ചേരിയില്‍ തിക്കും തിരക്കും കൂടി. കുട്ടനാട്ടിലെ പരേതാത്മാക്കള്‍ പിടഞ്ഞു. മനുഷ്യബന്ധങ്ങളുടെ വിലയിടിഞ്ഞു. വീടുകളില്‍നിന്ന് പലപ്പോഴും നിലവിളികളുയര്‍ന്നു. അതൊരു പ്രതിഭാസമായിരുന്നു. ലോകം മാറുന്നത് ഞാനെന്റെ ചെറുപ്പത്തില്‍ കണ്ടത് ഇങ്ങനെ.
ചരിത്രത്തെ അതിജീവിച്ച എല്ലാ കഥാപുസ്തകങ്ങളും യഥാര്‍ത്ഥത്തില്‍ ചരിത്രവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ളതാണല്ലോ? മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം. വാര്‍ ആന്റ് പീസ് ആണെങ്കിലും ഷേക്സ്പിയര്‍ കൃതികള്‍ ആണെങ്കിലും... മോഹനവര്‍മ്മ ചോദിക്കുന്നു.
ആത്യന്തികമായി ഇതൊക്കെ മനുഷ്യകഥകളാണല്ലോ അപ്പോള്‍ മനുഷ്യര്‍ ഇല്ലാതെ പറ്റില്ല- തകഴി.
ജീവിച്ചിരുന്ന കഥാപാത്രങ്ങള്‍ ഉള്ളതുകൊണ്ടായിരിക്കണം മാര്‍ത്താണ്ഡവര്‍മയൊക്കെ ഇത്ര ശക്തമാകാന്‍ കാരണം- വര്‍മ്മ.
തന്റെ പഴമ വിട്ട് തകഴി സി.വി. രാമന്‍പിള്ളയിലെത്തുന്നു.
മാര്‍ത്താണ്ഡവര്‍മ്മ നോവല്‍. അതൊരു അനന്യമായ കൃതിയാണ്. തുണ്ടുതുണ്ടായിക്കിടന്ന പ്രദേശങ്ങളെ ഒന്നിപ്പിക്കുക എന്നത് ചില്ലറ കാര്യമല്ല. അതിനെക്കാളും ദുഷ്‌കരമായ പ്രവൃത്തിയാണ് സി.വി. ചെയ്തത്. യാഥാര്‍ത്ഥ്യത്തെക്കാള്‍ കൂടുതല്‍ സാങ്കല്പിക ചുറ്റുപാടുകള്‍ ഉണ്ടാക്കി. നമ്മുടെ കാരണവര്‍ മോശക്കാരനായിരുന്നില്ല. തിരുവിതാംകൂറിന്റെ ചരിത്രം അങ്ങനെ തിളക്കമുള്ളതായി. സ്‌കോട്ടിന്റെ നോവലുകള്‍, വിക്ടര്‍ യൂഗോ.. ഇതൊക്കെ ഓരോ കാലഘട്ടമാണ്.
കയറും ഒരു കാലഘട്ടമല്ലേ?- വര്‍മ്മ
കയറും ഒരു കാലഘട്ടമാണ്. അത് അച്ചടിക്കാന്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം വിസമ്മതിച്ചു. അങ്ങനെയാണ് അത് ഡി.സിക്കു പോകുന്നത്. പതിനൊന്നാമത്തെ പതിപ്പാണ് ഇപ്പോള്‍ വന്നത്.
വര്‍മ്മ സംഭാഷണം കുട്ടനാട്ടിലേക്ക് തിരിച്ചുവിട്ടു.
രാവിലെ ചേട്ടനൊരു നടത്തമുണ്ടായിരുന്നു. ഇതിനിടയില്‍ ധാരാളം കഥാപാത്രങ്ങളെ കണ്ടുമുട്ടും. അവരുടെ ചരിത്രം മുഴുവനുമറിയാം. അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉണ്ടായിട്ടുള്ള മാറ്റങ്ങളറിയാം. അവരുടെ മണ്ണിന് വന്ന മാറ്റങ്ങളറിയാം. പ്രകൃതിക്ക് വന്ന മാറ്റങ്ങളറിയാം. ഒന്നും മനപ്പൂര്‍വ്വമല്ല. ബോധപൂര്‍വ്വം അങ്ങനെയൊന്നും ചെയ്തിട്ടില്ല തകഴി പ്രതികരിച്ചത് ഇങ്ങനെ.
ബോധപൂര്‍വ്വം കഥയെഴുതുന്ന ആളല്ല തകഴി. എഴുത്ത് തകഴിയെ സംബന്ധിച്ച് ഏതോ പൂര്‍വ്വാര്‍ജ്ജിത പുണ്യമാണ്. അത് തകഴിയുടെ കുടുംബത്തിനുണ്ടെന്ന് കുട്ടനാട്ടുകാര്‍ വിശ്വസിക്കുന്നു. തകഴിയുടെ അമ്മയുടെ മുത്തച്ഛന്‍ അയ്യപ്പന്‍പിള്ള ഇളയ സഹോദരിയെ ഏതോ തെറ്റിന് ശിക്ഷിക്കാനൊരുങ്ങി. അവരന്ന് ഗര്‍ഭിണിയായിരുന്നു. ജ്യേഷ്ഠന്റെ മുന്നില്‍ ഒരു നിമിഷം പകച്ചുനിന്ന അവര്‍ ഉടുവസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് നഗ്‌നയായി. അയ്യപ്പന്‍പിള്ള പിറകോട്ടു മറിഞ്ഞു. പിന്നീട് അദ്ദേഹം അവിടെ നിന്നില്ല. ഇറങ്ങിനടന്നു. വീടുവിട്ട്, ബന്ധുക്കളെവിട്ട്, നാടുവിട്ട്, കാശിയുടെ പുരാതനമായ കല്പടവുകളില്‍ ആ യാത്ര അവസാനിച്ചു. തകഴിയിലെ കൊച്ചുകാങ്കോലി കുടുംബത്തിന് അതൊരു പുണ്യമായി. അയ്യപ്പന്‍പിള്ള ദിവ്യനായി. തകഴിക്ക് അമ്പലപ്പുഴ കൃഷ്ണനെക്കാളും ശാസ്താവിനെക്കാളും അയ്യപ്പന്‍പിള്ളയുടെ ഓര്‍മ്മ ദൈവസാന്നിദ്ധ്യമായി. മുത്തച്ഛനും മുത്തശ്ശിയും പ്രത്യക്ഷ ദൈവങ്ങളായി. ഗുരു കാരണവന്മാര്‍ തലങ്ങും വിലങ്ങും സഞ്ചരിച്ച ആ കഥാപ്രപഞ്ചത്തില്‍ സൂക്ഷ്മമായി നോക്കുക. ദിവ്യമായ ഒരു സാന്നിദ്ധ്യമില്ലെങ്കില്‍ ഇങ്ങനെയൊക്കെ എഴുതാനാവുമോ? പലപ്പോഴും യാദൃച്ഛികതയോ, വന്നു ചേരലോ ഒക്കെയാവും കഥ. അദ്ദേഹം എഴുത്തിനെക്കുറിച്ചു പറയുന്നു.
ഒരു ഇതിഹാസകാരന്‍ എഴുത്തിനിരുന്ന ബാല്യം.
തകഴിയെ സംബന്ധിച്ച് അതൊരു പച്ചപിടിച്ച ഓര്‍മ്മയാകുന്നു. എഴുത്തിനിരുത്തിയത് അച്ഛനാണ്. പിന്നെ ചക്കംപുറത്തു കിട്ടുവാശാന്റെ കളരിയില്‍. അമ്മയോടൊപ്പം ചെറുവള്ളം തുഴഞ്ഞാണ് പോയത്. കിട്ടുവാശാന്റെ ഗംഭീരശബ്ദത്തില്‍ ആദ്യദിവസം കോണകത്തിലൂടെ മൂത്രമൊഴിച്ചു. രണ്ടാം ദിവസം വള്ളം മറിച്ചു രക്ഷപ്പെടാന്‍ നോക്കി. കരഞ്ഞും വിളിച്ചും മൂന്നു ദിവസം. ഇതിനിടയില്‍ പരുക്കന്‍ മണല്‍പ്പുറത്ത് കിട്ടുവാശാന്‍ എഴുതിച്ചു. അ-യും ആ-യും. മണലില്‍ ഉരഞ്ഞ് ആ വിരല്‍ത്തുമ്പുകള്‍ വേദനിച്ചിരിക്കണം. എത്ര ഇതിഹാസം കണ്ട വിരലുകള്‍. അതൊരു നിമിത്തമായി കണ്ട് അദ്ദേഹം തുടരുന്നു.
എഴുതാന്‍ എനിക്ക് പ്രേരണ നമ്പ്യാരാശാനാണ്. അമ്പലപ്പുഴ നിന്ന് തലസ്ഥാനത്തു പോയി പശുവേ നിനക്കും പക്കത്താണോ ഊണ് എന്ന് ചോദിച്ച നമ്പ്യാരാശാന്‍. പിന്നെ തകഴി ശാസ്താക്ഷേത്രം. അവിടുത്തെ പടേനി, തപ്പുകൊട്ടല്‍, പടേനി ജീവിത വിശകലനവും വിമര്‍ശനവുമാണ്. പ്രാകൃതവും വന്യവുമായ രീതി. അത് ആള്‍ക്കാരെ ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു, ദേഷ്യം പിടിപ്പിക്കുന്നു. ഞാനൊരു പടേനിക്കാരന്‍. ഞാനും തപ്പുകൊട്ടുന്നു: ആള്‍ക്കാരെ ചിരിപ്പിച്ച്, ചിന്തിപ്പിച്ച്, ദേഷ്യം പിടിപ്പിച്ച് അങ്ങനെ... അങ്ങനെ.
രാത്രി എട്ടുമണിയായപ്പോള്‍ കളത്തില്‍ മൂന്നാലുപേര്‍ വന്നു. കേരള കൗമുദിയില്‍നിന്ന് ജയചന്ദ്രന്‍ നായരും മണിയും വേറെ രണ്ടുപേരും. കൗമുദി വിശേഷാല്‍പ്രതിക്ക് കഥ വേണം. എഴുതിയ കഥയൊന്നും ഉണ്ടായിരുന്നില്ല. നേരെ കള്ളുഷാപ്പിലേക്ക് പോയി. തിരിച്ച് കളത്തില്‍ വന്ന് പെട്രോമാക്സ് കത്തിച്ചു കഥയെഴുത്തു തുടങ്ങി. പുലര്‍ച്ചേ കോഴി കൂവിയപ്പോള്‍ കഥയ്ക്ക് അടിവരയിട്ടു. ഞാനൊഴുതിയതില്‍ എനിക്ക് ഇഷ്ടപ്പെട്ട നല്ല കഥയിലൊന്നായിരുന്നു അത്
ചേട്ടന് എഴുത്തൊരു യാദൃച്ഛികതയാണോ? വര്‍മ്മ ഒരു ചോദ്യം കൂടി തൊടുക്കുന്നു. വളരെ നേരം ആലോചിച്ച് തകഴി പറഞ്ഞുതുടങ്ങി.
ഒരു സംഭവം പറയാം. ചെമ്മീന് അവാര്‍ഡു കിട്ടിയ അയ്യായിരം രൂപ കൊണ്ട് കൊല്ലനാടി എന്ന സ്ഥലത്ത് ആറു പറ നിലം വാങ്ങി. ഞാന്‍ തന്നെയായിരുന്നു കൃഷിക്കാര്യങ്ങള്‍ നോക്കിയിരുന്നതും കളം കാവലും. എന്നെ സഹായിക്കാന്‍ മയ്ക്കാട് കരുണാകരന്‍ പിള്ള എന്നൊരാളും. അന്ന് റോഡില്ല. രാത്രി എട്ടുമണിയായപ്പോള്‍ കളത്തില്‍ മൂന്നാലുപേര്‍ വന്നു. കേരള കൗമുദിയില്‍നിന്ന് ജയചന്ദ്രന്‍ നായരും മണിയും വേറെ രണ്ടുപേരും. കൗമുദി വിശേഷാല്‍പ്രതിക്ക് കഥ വേണം. എഴുതിയ കഥയൊന്നും ഉണ്ടായിരുന്നില്ല. നേരെ കള്ളുഷാപ്പിലേക്ക് പോയി. തിരിച്ച് കളത്തില്‍ വന്ന് പെട്രോമാക്സ് കത്തിച്ചു കഥയെഴുത്തു തുടങ്ങി. പുലര്‍ച്ചേ കോഴി കൂവിയപ്പോള്‍ കഥയ്ക്ക് അടിവരയിട്ടു. ഞാനൊഴുതിയതില്‍ എനിക്ക് ഇഷ്ടപ്പെട്ട നല്ല കഥയിലൊന്നായിരുന്നു അത്. ആ കാലം ഞങ്ങള്‍ കുറച്ചുപേരുടെ പ്രൊഡക്ഷന്‍ പിരീഡാണ്. മലയാളത്തിലേതാണെന്നു പറയുന്നില്ല. എങ്കിലും ഇതിനെക്കാള്‍ സജീവമായിരുന്നു.
ഇപ്പോള്‍ വായനക്കാരന്റെ സമൂഹത്തിനും ഒരു അടിസ്ഥാന മാറ്റമില്ലേ? - വര്‍മ്മ.
ഉണ്ട്. ഒരോരുത്തരെയും എടുക്കുമ്പോള്‍ അവരുടെ എഴുത്തിനും മാറ്റമുണ്ട് - തകഴി.
അതോ.
ഇരുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞാല്‍ പിന്നെ അങ്ങനെ ആരും ഓര്‍ക്കപ്പെടുന്നില്ല. വര്‍മ്മയ്‌ക്കെന്തു തോന്നുന്നു?
ശരിയാണ്.
കവികളില്‍ പി. കുഞ്ഞിരാമന്‍ നായരെ ഓര്‍ക്കുന്നു. നമ്പ്യാരാശാനെയും ഓര്‍ക്കുന്നു.
അടിസ്ഥാനപരമായി രണ്ടു പേരിലും കവിതയുണ്ടല്ലോ. അതുകൊണ്ടാവാം - വര്‍മ്മ.
സാഹിത്യസംസാരം ബംഗാളി സാഹിത്യത്തിലേക്കു തിരിഞ്ഞപ്പോള്‍ തകഴി തന്റെ അതൃപ്തി മറിച്ചുവച്ചില്ല.
വളരെ വിലകുറഞ്ഞ ദേശഭക്തിയും സായിപ്പിന്റെ സമ്പന്നമായ ജീവിതവും, പാളത്താറും വടിയും. ബംഗാളിബാബു എന്നു കേള്‍ക്കുമ്പോള്‍ ആള്‍ക്കാര്‍ക്കൊരു ബഹുമാനം തോന്നും. സംഗതി ചീപ്പാ. എഴുത്തച്ഛന്‍ ഒരു മുണ്ടുടുത്ത് അതിന്റെ പിറകെ ഓരൊന്നര ചുറ്റിയാല്‍ ബംഗാളിബാബുവിന്റെ ഭാവം കാണുകയില്ല.
നമ്മുടെ സി.വി. രാമന്‍പിള്ളയ്ക്ക് അത്തരമൊരു ഗാംഭീര്യമില്ലേ - വര്‍മ്മ.
സി.വിക്ക് ബംഗാളി നോട്ടമല്ല, ഒരു ദ്രാവിഡന്റെ മട്ടാണ്. ആരോഗ്യനികേതനം എഴുതിയ താരാശങ്കര്‍ ബാനര്‍ജിയില്ലേ അദ്ദേഹവുമായി ഞാനൊന്ന് പിണങ്ങി. മദ്രാസില്‍ വച്ച് ആരോഗ്യനികേതനം നല്ല നോവലാണെങ്കിലും എനിക്ക് അദ്ദേഹത്തിന്റെ മട്ടും ഭാവവും പിടിച്ചില്ല. ആ മലയാളി പയ്യന്‍, മര്യാദയില്ലാത്തന്‍ എന്നൊക്കെ എന്നെക്കുറിച്ച് പറഞ്ഞതായി അറിഞ്ഞു. കാരണവന്മാരെ കുറ്റം പറയുകയാണെന്ന് വിചാരിക്കരുത്. ബംഗാളി കുറെയൊക്കെ ബില്‍ഡപ്പാണ്.
തകഴി പിന്നെയും വര്‍മ്മയോട് ഒരുപാട് സംസാരിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെപ്പറ്റി. സാഹിത്യ അക്കാദമിയിലെ വലിയ കസേരയെപ്പറ്റി.
ഞങ്ങളിറങ്ങുമ്പോഴേയ്ക്കും കാലവര്‍ഷം പെയ്തു തുടങ്ങി. മഴ താണ്ടി, കുഴി താണ്ടി, ആടുന്ന പാലങ്ങള്‍ താണ്ടി, ഈരച്ചൂട്ടുകള്‍ മിന്നിച്ച്, കര കടന്ന് കായലും കടന്ന് അവിഹിത ഗര്‍ഭം ധരിച്ച പഴയ തൈരുകച്ചവടക്കാരിയെ പഴിച്ച് കാലവര്‍ഷം കനത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates