ഒരു പ്രതിഭാഷാ പാഠപുസ്തകം - തുടര്‍ച്ച
ഇനി ചോദിക്കാം: എന്തിന് പ്രതിഭാഷയെക്കുറിച്ചൊരു പുസ്തകം?
ഭാഷയ്ക്കകത്തുനിന്നുള്ള കാഴ്ചപ്പാടില്‍ പാതിമറഞ്ഞു കിടക്കുന്ന സാമൂഹിക ചിഹ്നശാസ്ത്രത്തിന്റെ അറിയാപ്പുറങ്ങള്‍ വായിക്കാനുള്ളൊരു പദ്ധതിയില്‍ പ്രതിഭാഷാ പഠനം രണ്ടു വിധത്തില്‍ പ്രയോജകമാണ്.
ഒന്നാമതായി, സാമൂഹിക വാമൊഴി നമുക്കറിയാവുന്നതിനെക്കാള്‍ എത്രയോ സങ്കീര്‍ണമായൊരു വിഷയമാണ്. പ്രതിഭാഷയുടെ വിചിത്ര പ്രകൃതം വാമൊഴിയുടെ ചില ഛായാവൃത മേഖലകളെ 'ഇന്‍ഫ്‌റാറെഡ്' ഛായാഗ്രഹണത്തിലെന്നതുപോലെ പിടിച്ചെടുക്കുന്നു. പകല്‍വെട്ടത്തിന്റെ നിറഭേദങ്ങളില്ല, പക്ഷേ, രൂപങ്ങളും മുഖ്യ ചലനങ്ങളും തിരിച്ചറിയാം. സ്വതവേത്തന്നെ സമൂഹത്തിന്റെ ഇരുട്ടില്‍ തിളങ്ങുന്നൊരു പൂച്ചക്കണ്ണാണല്ലോ അധോലോകം.
രണ്ടാമതായി, പ്രതിഭാഷയ്ക്ക് ഭാഷയെപ്പോലെത്തന്നെ പാഠം (text) എന്ന നിലയില്‍ അസ്തിത്വമുണ്ട്. അനുകൂലമായ ഈ രണ്ടു വാദങ്ങളും കൂടുതല്‍ വിസ്തരിച്ച് പഠിക്കേണ്ടതാണ്.
ആത്യന്തികങ്ങളോളം വ്യത്യസ്തമായ രണ്ടു സാമൂഹിക വ്യവസ്ഥകള്‍ സങ്കല്പിക്കുക (യഥാര്‍ത്ഥ ലോക സാഹചര്യങ്ങളില്‍ ഇവയുടെ അസ്തിത്വസാധ്യത പൂജ്യമായതുകൊണ്ടാണ് സങ്കല്പിക്കുന്നത്.) ഒന്നാമത്തെ വ്യവസ്ഥ ഏകമയമാണ്: അതില്‍ തൊഴില്‍ വിഭജനമില്ല, സാമൂഹിക ഉച്ചനീചത്വങ്ങളില്ല; അതിലെ മനുഷ്യരുടെ ഭാഷയും തുല്യനിലയില്‍ ഏകതാനമാണ്; അതില്‍ വാമൊഴിഭേദങ്ങളില്ല, ഒരൊറ്റ വാമൊഴിയേ ഉള്ളൂ. രണ്ടാമത്തെ വ്യവസ്ഥ ഇതിനു കടകവിരുദ്ധമാണ്: അതില്‍, തികച്ചും രണ്ടായി കാണാവുന്നതും അന്യോന്യം ഇടഞ്ഞു നില്‍ക്കുന്നതുമായ രണ്ടു സമൂഹങ്ങളുണ്ട്. (സമൂഹവും പ്രതിസമൂഹവും); അവയുടെ ഭാഷകളും തുല്യനിലയില്‍ ഇടഞ്ഞുനില്‍ക്കുന്നു (ഭാഷയും പ്രതിഭാഷയും). ഈ സാങ്കല്പിക മാതൃകകള്‍ക്ക് പലതും വെളിപ്പെടുത്താന്‍ കഴിയും.
അല്പസ്വല്പം വ്യത്യാസങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍, നിലവാരമുള്ള വാമൊഴിയും നിലവാരമില്ലാത്ത വാമൊഴിയും തമ്മിലുള്ള വ്യത്യാസം ഭാഷയും പ്രതിഭാഷയും തമ്മിലുള്ള വ്യാത്യാസമാണ്. തന്ത്രപരമായ ആവശ്യങ്ങളാല്‍ ബോധപൂര്‍വമായൊരു നിര്‍മ്മിതിയാണ് നിലവാരമില്ലാത്തൊരു വാമൊഴി. ചെറുത്തുനില്‌പെന്ന നിലയില്‍ ഒരു പ്രത്യേക സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ സംരക്ഷണമാണതെങ്കില്‍, കയറിയടിക്കലെന്ന നിലയില്‍ ഒരു ക്ഷുഭിത സാന്നിധ്യമാണത്. അങ്ങനെ, അമേരിക്കയിലെ നീഗ്രോയുടെ ചേരിഭാഷ (Ghetto language) പ്രതിഭാഷയോടടുക്കുന്ന വാമൊഴിക്ക് ഉദാഹണമാവുന്നു. (Rappin'and stylin' out- Thomas Kochmann.)
സാമൂഹിക വാമൊഴികള്‍ എല്ലായ്‌പ്പോഴും വര്‍ഗ വര്‍ണ വിവേചനങ്ങളില്‍ അധിഷ്ഠിതമാകണമെന്നില്ല. പലപ്പോഴുമവ മതവ്യത്യാസങ്ങളിലും തലമുറകള്‍ തമ്മിലുള്ള വിടവിലും ലിംഗഭേദത്തിലും അങ്ങനെ പലതിലും അധിഷ്ഠിതമായിരിക്കും. അതെങ്ങനെയായാലും വാമൊഴിയുടെ ലക്ഷ്യം ഒന്നുതന്നെ: സാമൂഹിക ക്രമം പ്രകാശിപ്പിക്കുക, പ്രതീകവല്‍ക്കരിക്കുക, പരിരക്ഷിക്കുക. ഈ സാമൂഹിക ക്രമമാകട്ടെ തികച്ചും 'ഹയറാര്‍ക്കി'യുടെ രൂപത്തിലുള്ളതാണ്.
ഇവിടെയാണ് ഒരു പ്രതിഭാഷയെങ്ങനെ ഒരേസമയത്ത് രണ്ടു വ്യത്യസ്ത സാക്ഷാല്‍ക്കാരങ്ങള്‍ സാധിക്കുന്ന രണ്ടു ഉണ്‍മകളാകുന്നുവെന്ന് കാണേണ്ടത്. ഒരേസമയത്ത് ഒരു സാമൂഹിക വാമൊഴിയുടെ അങ്ങേയറ്റവും ഒരു പ്രതിഭാഷ തന്നെയുമാണ്. ഒന്നാമത്തെ നിലയിലത് സമൂഹവും പ്രതിസമൂഹവും ഉള്‍പ്പെടുന്നൊരു വിപുല സാമൂഹിക ക്രമത്തിന്റെ ആരോഹാവരോഹ ഘടനയില്‍ ഒരേഘടകം സാക്ഷാല്‍ക്കരിക്കുന്നു. രണ്ടാമത്തെ നിലയിലത് പ്രതിസമൂഹത്തില്‍ത്തന്നെ ജന്യമായൊരു സാമൂഹികക്രമം സാക്ഷാല്‍ക്കരിക്കുന്നു; പുറമേ, അത് അതിന്റേതായ ആരോഹാവരോഹ ഘടനയിലും വ്യവസ്ഥാപിത രൂപത്തിലുമുള്ള ആന്തരികവ്യതിയാനങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കയും ചെയ്യുന്നു. ഉദാഹരണത്തിന്, ബംഗാളിലെ പ്രതിസമൂഹത്തില്‍ വ്യത്യസ്ത സംഘങ്ങളുണ്ട്, ഓരോ സംഘത്തിനും തനതായ സാമൂഹിക പദവിയും വാമൊഴിരൂപവുമുണ്ട്.
ഭാഷയുടെ വ്യതിയാന സാധ്യതകള്‍ സ്പഷ്ടരേഖകളിലാക്കിയാണ് പ്രതിഭാഷയുടെ വിളയാട്ടം; 'മറ്റൊരു' ഭാഷയുടെ ഉദ്ദേശ്യം 'മറ്റൊരു' യാഥാര്‍ത്ഥ്യത്തിന്റെ നിര്‍മ്മാണമാണ്.
ആകയാല്‍ 'മറ്റൊരു' യാഥാര്‍ത്ഥ്യത്തിന്റെ നിര്‍മ്മാണം 'മറ്റൊരു' ലോകത്തിന്റെ നിര്‍മ്മാണമാണ്. എഴുതുന്നതിലെയും പറയുന്നതിലെയും വ്യത്യസ്തതയിലൂടെ പിറക്കുന്ന പ്രതിലോകങ്ങളുടെ കഥയാണിത്.
നേരിയ തോതിലെങ്കിലും വ്യത്യസ്തമെന്ന് നിരീക്ഷകര്‍ക്ക് തിരിച്ചറിയാവുന്നൊരു ലോകവീക്ഷണത്തിന്റെ ഉടലെടുപ്പാണൊരു സാമൂഹിക വാമൊഴി. ആകയാല്‍, അതിന്റെ വലയവുമായി സംവദിക്കാത്ത എന്തിനുമെതിരെയുള്ള ഭീഷണി അതില്‍ അന്തസ്ഥിതമാണ്. അംഗീകൃത വാമൊഴി ഉപയോഗിക്കുന്നവര്‍ക്ക് മറിച്ചുള്ള വാമൊഴികള്‍ ഉപയോഗിക്കുന്ന പരിഷകളോടുള്ള അക്രമാസക്തമായ സമീപനത്തിന്റെ രഹസ്യം ഇവിടെക്കാണാം. അവരുടെ ഭാഷാസ്വരങ്ങള്‍ എനിക്കിഷ്ടമല്ലെന്ന അന്തസ്ഥിതമായ മോട്ടീഫിനെത്തന്നെയാണ്. (Vowels =Values).
ഇങ്ങനെ, വ്യത്യസ്ത സാമൂഹിക വാമൊഴികളെ ഭാഷാവ്യവസ്ഥയിലെ വ്യതിരൂപങ്ങളെന്ന് വിവക്ഷിച്ചാല്‍, ഒപ്പം പ്രതിഭാഷയുടെ വിചിത്രപ്രകൃതം പരിഗണിച്ചാല്‍, ചിഹ്നശാസ്ത്ര പഠനത്തില്‍ പ്രതിഭാഷകള്‍ എത്ര അനിവാര്യമാണെന്നു കാണാം.
പാഠമെന്ന നിലയ്ക്ക് പ്രതിഭാഷയെ വിലയിരുത്തുമ്പോഴുള്ള പ്രശ്‌നങ്ങള്‍ പൊതുവെ ഭാഷാശാസ്ത്രത്തില്‍ത്തന്നെ പാഠത്തെ വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രശ്‌നവും, സംഭാഷണത്തെ അപേക്ഷിച്ച് പാഠഭേദങ്ങളെ ഏതെങ്കിലും ഭാഷാശാസ്ത്ര സിദ്ധാന്തവുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രശ്‌നവും ഉള്‍ക്കൊള്ളുന്നതാണ്. നമ്മുടെ സംഭാഷണങ്ങളുടെ യാഥാര്‍ത്ഥ്യ ജനകശക്തിക്ക് ആധാരം അവയുടെ അനായാസ/നൈസര്‍ഗിക സ്വഭാവമാണെന്ന് ഒരു നിരീക്ഷണമുണ്ട്. കുറേക്കൂടി വിശദീകരിച്ചാല്‍; ഭാഷാവ്യവസ്ഥയില്‍ അതുമായി പൂര്‍ണമായും ഉദ്ഗ്രഥനം സാധിച്ച (highly coded) ഘടകങ്ങള്‍ ഉപയോഗിച്ച് അത്രയും ഉദ്ഗ്രഥനം സാധിച്ചിട്ടില്ലാത്ത അനുരൂപങ്ങള്‍ സൃഷ്ടിക്കുന്നു സംഭാഷണങ്ങള്‍. ഒരിക്കല്‍ ഉദ്ഗ്രഥനവും ഉദ്ഗ്രഥിത പ്രതിനിധാനവും നേടിക്കഴിഞ്ഞാല്‍ അനുദ്ഗ്രഥിത പ്രയോഗങ്ങളുടെ കൂറ്റന്‍ പിണ്ഡങ്ങളെ സ്വീകരിക്കാനെന്നല്ല, അവയില്‍ തഴച്ചുവളരാന്‍ പോലും സംഭാഷണങ്ങള്‍ക്ക് കഴിയും.
പാഠത്തെ സംബന്ധിച്ചാണെങ്കില്‍, മേല്‍പ്പറഞ്ഞ ഉദ്ഗ്രഥനം അനുരൂപ ബന്ധങ്ങളും എടുത്തുപിടിയോടെ മുന്‍തലമാളുകയും അസ്വാഭാവികമായി ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യുമ്പോള്‍, ചില പ്രത്യേക സാമൂഹിക സന്ദര്‍ഭങ്ങള്‍ ഒരു സ്വഭാവ ലക്ഷണമെന്ന നിലയ്ക്കുതന്നെ പാഠത്തെ അപകടത്തിലാക്കുന്നു. ചെറിയ കുട്ടികളുടെ ഭാഷയില്‍ ഇതു സംഭവിക്കാറുണ്ട്. അവര്‍ ഒരേ സമയത്ത് പാഠാവലംബമായ വ്യവസ്ഥയോട് പ്രതിപ്രവര്‍ത്തിക്കയും അതു നിര്‍മ്മിക്കുകയും ചെയ്യുന്നു.
വാചികമായ കിടമത്സരങ്ങളിലും ശക്തിപ്രകടനങ്ങളിലും മറ്റൊരു ദൃഷ്ടാന്തം കണ്ടെത്താം. ഇവിടെ മുന്‍തലത്തിലേക്കുള്ള നീക്കം (foregrounding) ഉണ്‍മയിലേക്കു കടക്കുന്ന വ്യവസ്ഥയുടെ ചിഹ്നമല്ല. വ്യവസ്ഥയ്ക്കുള്ളില്‍ത്തന്നെയുള്ള ഒരു പ്രത്യേകതരം ഉന്മുഖതയുടെ ചേഷ്ടയാണ്. അതില്‍ ഏര്‍പ്പെട്ടൊരാള്‍ ഭാഷ ഉപയോഗിക്കുന്നതേ തന്റെ ഭാഷാ പ്രയോഗ പാടവം പരസ്യമായി പ്രകടിപ്പിക്കാനാണെന്ന അവസ്ഥയിലെത്തുമ്പോള്‍, ആ അവസ്ഥ തന്നെ 'ഫോര്‍ഗ്രൗണ്ടിങ്ങി'ന് അസാധാരണമായി ഊന്നല്‍ നല്‍കുന്നു. പലതരം അന്താവൃഷ്ടീയ ഘടകങ്ങളെ പൂര്‍വതലോന്മുഖമായ സൂര്യകാന്തിപ്പൂക്കളാക്കുന്ന പ്രകടനങ്ങളും കിടമത്സരങ്ങളും പ്രതിഭാഷയുടെ വസന്തമുദ്രകള്‍ തന്നെയാണ്. പക്ഷേ, ഈ വര്‍ണപടങ്ങള്‍ക്കു പിന്നില്‍, വ്യവസ്ഥാപിത ലോകത്തിന്റെ സമ്മര്‍ദ്ദത്തില്‍ തടഞ്ഞുപോകാതെ സ്വന്തം പ്രതിയാഥാര്‍ത്ഥ്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഉഷ്ണിച്ച് പണിയെടുക്കുന്നൊരു ചൈതന്യമുണ്ട്. ഉറകള്‍ പൊഴിക്കുന്ന പാമ്പിന്റെ സ്വയം നവീകരണശക്തി പ്രതിഭാഷകള്‍ക്ക് ലഭിക്കുന്നത് ഇങ്ങനെയാണ്. സ്വയം നവീകരണം ഇവിടെ വെറും ലൗകിക ഭൗതിക അതിജീവനമാണ്.
അമ്പരപ്പിക്കുന്ന വേഗത്തിലാണ് അധോലോക/കാരാഗൃഹ ഭാഷകളില്‍ പുതിയ പുതിയ വാക്കുകളും രൂപകങ്ങളും പ്രയോഗങ്ങളും സംഭവിക്കുന്നത് മറുചേരിയില്‍. സാക്ഷാല്‍ ഭാഷകളുടെ ലോകത്തില്‍, ഇത്രയും ചലനാത്മകമായൊന്നുണ്ടെങ്കില്‍ അത് അമേരിക്കക്കാരന്റെ ആംഗലമാണ്. കൊളോണിയല്‍ പ്രത്യാഘാതങ്ങളുടെ ഓര്‍മ്മയില്‍ അമേരിക്കയിലെ ആംഗലം ബ്രിട്ടനിലെ ആംഗലത്തിന്റെ ഒരു പ്രതിഭാഷയാണ്. 'ബോസ്റ്റന്‍ ചായസല്‍ക്കാരം' പോലുള്ളൊരു അസാധ്യ കല്പന ഒരു പ്രതിസമൂഹ മനസ്സിലേ പിറക്കൂ.
ഏതായാലും അര്‍ത്ഥങ്ങളുടെ അനുഭവാധിഷ്ഠിത (experiential) തലത്തില്‍ സ്വരൂപിക്കയും സ്വാംശീകരിക്കുകയും ചെയ്യപ്പെടുന്ന ഘടനകളും വിന്യാസങ്ങളും സകല തന്ത്രങ്ങളും അനിവാര്യമായിത്തന്നെ വ്യവസ്ഥാപിത ഭാഷാ സങ്കേതങ്ങളോട് ഏറ്റുമുട്ടണമെന്ന് പ്രതിഭാഷകള്‍ ശാഠ്യം പിടിക്കുന്നു. തികച്ചും ഭാഷാശാസ്ത്രപരമായ പരിഗണനയില്‍ ഇതിന്നര്‍ത്ഥം: ഭാഷാവ്യവസ്ഥയും പാഠവും തമ്മിലുള്ള വ്യവസ്ഥാപരമായ ബന്ധങ്ങളെ ആളിക്കത്തുന്ന അതിര്‍ത്തികളില്‍ വെളിച്ചപ്പെടുത്തിയേക്കാം. ഒരുപക്ഷേ, പ്രതിഭാഷയിലുള്ളൊരു സംഭാഷണം പക്ഷേ, എവിടന്നൊരു പകര്‍പ്പോ ശബ്ദരേഖയോ കിട്ടാന്‍!
എലിസബത്ത് റാണിയുടെ കാലത്തെ വാഗ്‌ബോണ്ടുകളുടെ പ്രതിഭാഷയില്‍ ഏറെക്കുറെ നീണ്ടൊരു സംഭാഷണം ഹാര്‍മന്‍ ഉദ്ധരിക്കുന്നുണ്ട്. പക്ഷേ, ഇതൊരു യഥാര്‍ത്ഥ ജീവിത സന്ദര്‍ഭത്തിന്റെ സ്‌ക്രിപ്റ്റാണോ? ആയിരിക്കാനിടയില്ലെന്ന് വിദഗ്ദ്ധമതം. സമൂഹത്തിന്റെ കേട്ടെഴുത്തിനു പാകത്തില്‍ പ്രതിസമൂഹം ചൊല്ലിത്തരുമോ! ഒരുപക്ഷേ, തന്റെ ശേഖരത്തിലെ വാക്കുകളും പ്രയോഗങ്ങളും ഒരൊറ്റ സന്ദര്‍ഭത്തിലേക്ക് സമാഹരിച്ച് വിശകലനം ചെയ്യാനുള്ള മാതൃകയാവും ഹാര്‍മന്‍ അവതരിപ്പിച്ചത്. ബംഗാളിലെ പ്രതിഭാഷയുടെ ഓരോ ഗ്രന്ഥിയും പരിശോധിച്ച ഭക്തിപ്രസാദ് മല്ലിക് മുഴുനീള സംഭാഷണങ്ങള്‍ രേഖപ്പെടുത്തുന്നില്ല. വളരെ സഹായകമായ ചില പൂര്‍ണവാക്യങ്ങള്‍ മാത്രമാണ് മല്ലികിന്റെ പഠനത്തിലുള്ളത്.
ബെര്‍ജര്‍-ലക്മാന്‍ സിദ്ധാന്തമനുസരിച്ച് ഭാഷയുടെ യാഥാര്‍ത്ഥ്യ ജനകശക്തി സംഭാഷണത്തിലാണെങ്കില്‍, കുമിഞ്ഞു കൂടുന്നൊരു ശക്തയാണതെങ്കില്‍, പ്രതിഭാഷാ സംഭാഷണങ്ങളുടെ പാറ്റേണുകള്‍ കൃത്യമായി പഠിക്കാതെ നിവൃത്തിയില്ല. ഇതിനു പാഠങ്ങള്‍ വേണം. (നിഘണ്ടുവിലെന്നതുപോലെ പരാമര്‍ശ രൂപത്തിലല്ലാതെ, പ്രാവര്‍ത്തിക തലത്തില്‍ പറയപ്പെടുന്നതും എഴുതപ്പെടുന്നതുമായി എന്തിനെയും കുറിക്കുന്നവയാണ് പാഠങ്ങള്‍ അഥവാ ടെക്സ്റ്റുകളെന്ന് സാങ്കേതികമായി വിവക്ഷിച്ചിരിക്കുന്നു.) പാഠങ്ങളുടെ ഉള്ളടക്കങ്ങളെ അര്‍ത്ഥ വ്യവസ്ഥയോടും സാമൂഹിക സന്ദര്‍ഭത്തോടും ബന്ധപ്പെടുത്തിക്കാണുന്നൊരു സമഗ്ര പ്രയത്‌നത്തില്‍ നിന്നേ പ്രതിഭാഷയുടെ പൂര്‍ണയാഥാര്‍ത്ഥ്യം വെളിപ്പെടൂ. പ്രതിഭാഷയെ സാമൂഹിക വ്യവസ്ഥയുടെ പ്രതിസാംസ്‌കാരിക ഭാഷ്യമാക്കുന്ന അര്‍ത്ഥശൈലികള്‍, 'കോഡിങ്ങ്' പ്രവണതകള്‍ (ഒറ്റവാക്കില്‍ പ്രേഗ് സ്‌കൂള്‍ പറഞ്ഞ പ്രകൃതശാസ്ത്രം, കാരക്റ്ററോളജി) - ഇതുവഴിയാവണം അന്വേഷണം.
പുറത്ത് ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അമേരിക്കക്കാരന്റെ 'വോഡെവില്‍' ഭാഷകളുള്‍പ്പെടെയുള്ള സംഗീതശാലാഭാഷകളുടെ പഠനം ഒരുദാഹരണം. അക്കൂട്ടത്തിലൊരു 'ഗോബ്ള്‍ഡിഗൂക്ക്' കാണാം. ആലങ്കാരികമായി ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഭാഷയെങ്കിലും മൗലികമായി വിക്റ്റോറിയ കാലഘട്ടത്തിലെ തൊഴിലാളി വര്‍ഗ നര്‍മ്മബോധത്തിന്റെ രഹസ്യഭാഷ. ഈ മൗലിക വിവക്ഷയനുസരിച്ച്, ഇലിസബീത്തന്‍ താവഴിയില്‍ നിന്ന് വന്ന്, സ്വന്തം പിറവിക്കും വളര്‍ച്ചക്കും കാരണമായ സാമൂഹിക സാഹചര്യങ്ങളില്‍ ആദ്യം പല്ലിറുമ്മുകയും പിന്നെ വായടയ്ക്കുകയും ചെയ്ത പ്രതിഭാഷയാണല്ലോ ഗോബ്ള്‍ഡിഗൂക്ക്. നിസ്സംശയമായ ചില പ്രതിഭാഷാ ലക്ഷണങ്ങള്‍ അതിനുണ്ടായിരുന്നു -
ഭാഷ: Erect a luxurious block of flats.
ഗോബ്ള്‍ഡിഗൂക്ക്: Erectify a luxurimole flackoblots.
അമ്പതുകളിലെ ഇംഗ്ലണ്ടില്‍ സ്‌പൈക്ക് മില്ലിഗന്‍ ഈ പ്രതിഭാഷയുടെ കുരവയും തോരണവുമുയര്‍ത്തി; പുറമേ, 'ഗൂണറി' എന്ന പേരില്‍ സ്വന്തമായൊരു പ്രതിഭാഷ ചമച്ചു; അതൊരു 'മെന്റല്‍ സ്ലാപ്സ്റ്റിക്' ആണെന്ന് വെയില്‍സിലെ രാജകുമാരന്‍ (ഹിസ് റോയല്‍ ഹൈനസ്) സാക്ഷ്യപത്രം നല്‍കി. പിന്നെ, നൂറുവര്‍ഷം പിന്‍പ് ഞാന്‍ ചെന്നൈയില്‍ ചെന്നപ്പോള്‍ 'ഇതുവഴി പോയത് മില്ലിഗന്‍' എന്നൊരു പ്രതീതി വായുവിലുണ്ടായിരുന്നു. എങ്ങനെയെന്നറിഞ്ഞുകൂടാ. ഹൈസ്‌കൂള്‍ കുട്ടികള്‍ ഗോബ്ള്‍ഡിഗൂക്ക് സംസാരിക്കുന്നുണ്ടായിരുന്നു. അതിന്റെ വ്യാകരണം മുകളില്‍ ചേര്‍ത്ത സംഭാഷണത്തില്‍ കാണാം.
ഇറക്റ്റ് - ഇറക്റ്റിഫൈ
ഈ മട്ടില്‍ കുട്ടികള്‍ 'ഫൈ' വരാത്ത ക്രിയാപദങ്ങളില്‍ 'ഫൈ' വരുത്തി പറയുന്നുണ്ടായിരുന്നു:
ലുക്കിഫൈ!
പിന്‍ചിഫൈ!
കിസ്സിഫൈ!
ഇടയ്ക്കിടെ തമിഴിന്റെയും മലയാളത്തിന്റെയും കൂടെയും അവര്‍ 'ഫൈ' ചേര്‍ക്കുന്നുണ്ടായിരുന്നു:
ചെയ്യിഫൈ!
നോക്കിഫൈ!
അറുക്കിഫൈ!
ഈ പ്രയോഗങ്ങള്‍ പൂര്‍ണവാക്യങ്ങളിലേക്ക് ഒഴുകുന്നുണ്ടായിരുന്നു: ഐ വില്‍ കില്ലിഫൈ യൂ! ഡോണ്‍ട് ചിരിക്കിഫൈ ലൈക്ക് ദാറ്റ്!
ലൈക്ക് ദാറ്റ്...
അക്കാലത്ത് ഞാനെന്റെ പ്രതിഭാഷാ പഠനം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഗോബ്ള്‍ഡിഗൂക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ ഞാന്‍ ശ്രമിച്ചു. കിട്ടിയില്ല. ആറു വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴും എല്ലാ അറിവുകളും വിവരങ്ങളും അപ്പുറത്തെവിടെയോ ആണ്. പ്രതിഭാഷയില്‍ ആകൃഷ്ടനായൊരു സമൂഹ പൗരനാണ് ഞാന്‍. പ്രതിസമൂഹം അപ്പുറത്താണ്. സമൂഹത്തിന്റെ ഇരുട്ടില്‍ തിളങ്ങുന്ന പൂച്ചക്കണ്ണ്. ഒരുപക്ഷേ, അതു തേടിപ്പിടിക്കാനുള്ള നിശാടനത്തിനിടയില്‍ നമുക്കാകെ കിട്ടാവുന്ന വെളിച്ചം ആ പൂച്ചക്കണ്ണിന്റെ തന്നെ തിളക്കം മാത്രമായിരിക്കും.
(ഈ ഭാഗം എഴുതിക്കഴിഞ്ഞതിനു ശേഷമാണ് ഞാന്‍ വളരെ പ്രശസ്തമായൊരു ആംഗലനിഘണ്ടുവില്‍ ഗോബ്ള്‍ഡിഗൂക്ക് എന്ന വാക്കിനര്‍ത്ഥം തിരക്കിയത്. തികച്ചും അപ്രതീക്ഷിതവും അവിശ്വസനീയവുമായൊരു നിര്‍വചനമാണ് അവിടെ കണ്ടത്. സ്‌പെഷലിസ്റ്റുകള്‍ ഉപയോഗിക്കുന്നൊരു ദുര്‍ഗ്രഹ ഭാഷയാണത്രെ ഗോബ്ള്‍ഡിഗൂക്ക്! ഇതിന്റെ ഞെട്ടല്‍ തീര്‍ന്നത് പ്രസ്തുത നിഘണ്ടുവില്‍ ആന്റി ലാങ്ഗ്വിജ് എന്നൊരു സാധനം തന്നെയില്ലെന്ന് കണ്ടപ്പോഴാണ്. സ്‌പൈക്ക് മിലിഗന്റെ സംഭാവനയെക്കുറിച്ചുകൂടി ഒരു വാക്ക്. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇങ്ങനെ വായിക്കാം: More Goon show scripts: written and selected by spike Milligan, with a foreward by HRH The Prince of Wales)
പൈഡ് പൈപ്പറുടെ പിന്നില്‍
പിരിച്ചറിയാനുള്ള സൗകര്യത്തിനുവേണ്ടി വേര്‍പെടുത്തുകയാണെങ്കില്‍ പാഠത്തിലൂന്നുന്ന അര്‍ത്ഥം. ഇതരേതര ബന്ധങ്ങളില്‍ ഊന്നുന്ന അര്‍ത്ഥം. അനുഭവങ്ങളില്‍ ഊന്നുന്ന അര്‍ത്ഥം (ടെക്സ്ച്വല്‍, ഇന്റര്‍പേഴ്സണല്‍, എക്സ്പീരിയന്‍ഷന്‍) എന്നിങ്ങനെ മൂന്നായി കാണാവുന്നവയുടെ ഒരിക്കലും വേര്‍പെടാത്ത അവസ്ഥ എല്ലാ ഭാഷകള്‍ക്കും പൊതുവാണ്. ഈ മൂന്ന് ആദ്യത്തേതിനോടുള്ള ശാഠ്യം നിറഞ്ഞ ഭ്രമമാണ് പ്രതിഭാഷകളെ ഭാഷകളില്‍നിന്ന് വ്യത്യസ്തമാക്കുന്ന നിയാമക ഘടകം.
വാക്കുകളും ശബ്ദങ്ങളും ഘടനകളും ഏതു ഭാഷയിലും സാമൂഹിക മൂല്യങ്ങളാല്‍ ശാസ്ത്രമാണ്, പക്ഷേ, പ്രതിഭാഷകളില്‍, വളരെ പ്രകടനാത്മകമായ രീതിയില്‍, (പ്രതി) സാമൂഹികമൂല്യങ്ങള്‍ മുന്‍തലത്തിലേക്ക് കയറി നില്‍ക്കുന്നു- ഫോര്‍ഗ്രൗണ്ടിങ്ങ്. ഈ പൂര്‍വ്വസ്ഥലോന്മുഖതയുടെ ധര്‍മ്മം ചില പ്രത്യേക സാമൂഹിക സന്ദര്‍ഭങ്ങളില്‍ ചില പ്രത്യേക അര്‍ത്ഥരീതികളെ ബന്ധിക്കലാണ് ('Socioliinguistic coding orientation' എന്ന് ബോണ്‍സ്‌റ്റൈന്‍ മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞതുപോലെ).
ആകയാല്‍, ഒരേയൊരു സംസ്‌ക്കാര വലയത്തിനുള്ളിലെ പല പരിതോവസ്ഥകളില്‍ ഏതെല്ലാം അര്‍ത്ഥ വ്യത്യാസങ്ങള്‍ വിനിമയം ചെയ്യപ്പെടുമെന്നത് പ്രതിഭാഷാ വ്യാഖ്യാനത്തില്‍ ഒരു മുഖ്യ പരിഗണനയാണ്. ചിലര്‍ എന്തുകൊണ്ട് പ്രതിഭാഷകള്‍ ഉപയോഗിക്കുന്നുവെന്ന ലളിതമായ ചോദ്യമാണ് വിഷയത്തിലേക്കുള്ള ഒന്നാം വാതില്‍.
ബംഗാളില്‍, കുറ്റവാളികളും സമൂഹവിരുദ്ധരുമെന്ന് താന്‍ തന്നെ വിശേഷിപ്പിച്ച 400 അധോലോക പൗരന്മാരോട് ഇതേക്കുറിച്ചാരാഞ്ഞ ഭക്തിപ്രസാദ് മല്ലിക്കിന്റെ സ്ഥിതിവിവരക്കണക്ക് ചുവട്ടില്‍:
-26 പേര്‍ പറഞ്ഞു: ''അറിയില്ല.'' (ഈ ന്യൂനപക്ഷത്തെ പ്രത്യേകിച്ച് ഒരിടത്തേക്ക് മാറ്റിനിര്‍ത്തുക. പ്രതിഭാഷ എന്തിന് എന്നതറിയാതെ അതുപയോഗിക്കുന്ന ആളുകളുടെ സാന്നിദ്ധ്യം തെളിയിക്കാന്‍!)
158 പേര്‍ പറഞ്ഞു: പ്രതിഭാഷയുടെ അനിവാര്യത സ്വീകാര്യതയുടെ അനിവാര്യതയാണ്.
-132 പേര്‍ പറഞ്ഞു: പ്രതിഭാഷയുടെ ആശയവിനിമയ ശക്തി; വാചിക കലയ്ക്ക് നല്‍കുന്ന പ്രേരണ, പ്രോത്സാഹനം...
സ്ഥിതിവിവരക്കണക്ക് ഇവിടെയെത്തുമ്പോഴേക്കും പ്രതിഭാഷയുടെ ഏറ്റും ഗണ്യമായ രണ്ടു ചാലകശക്തികള്‍ ഉത്തരം കയ്യടക്കുന്നു. സ്വകാര്യത, വാഗ്ലീല. പോളണ്ടിലെ അധോലോക വ്യവസ്ഥ പഠിച്ചപ്പോള്‍ പോഡ്‌ഗോറെക്കി കണ്ടെത്തിയ 'രണ്ടാം ജീവിതം' ഈ ചാലകശക്തികളുടെ, മോട്ടിഫുകളുടെ നിര്‍മ്മിതിയാണ്. പോഡ്‌ഗോറെക്കിയുടെ വിവക്ഷയില്‍ ഗ്രൈപ്പ്‌സെര്‍ക്ക ഒരു പ്രതിഭാഷയും അതു സംസാരിക്കുന്നവരുടെ ആചാരബഹുലമായ ദൈനംദിന ജീവിതവും ചേര്‍ന്നുണ്ടാകുന്ന വലിയൊരു ആകെത്തുകയാണെങ്കില്‍, പോളണ്ടിലെ പ്രതിസമൂഹ പൗരന്മാര്‍ക്കും മല്ലിക്കിനോട് സംസാരിച്ച ബംഗാളികളുടെ താല്പര്യങ്ങള്‍ കാണണം. രണ്ടു വ്യത്യസ്ത രാജ്യങ്ങളിലെ പ്രതിഭാഷാപ്രേമികളുടെ പൊതുതാല്പര്യങ്ങള്‍ നമ്മെ ആശ്ചര്യപ്പെടുത്തേണ്ടതില്ല. പക്ഷേ, മറ്റൊരു ആശ്ചര്യഘടകം ഇവിടെയുണ്ട്.
പോഡ്‌ഗോറെക്കിയുടെ നിരീക്ഷണമനുസരിച്ച് പോളണ്ടിലെ തടവറകളിലെ സാമൂഹിക ഉള്‍ഘടനകളില്‍, പദവിയുടെ മൂല്യനിര്‍ണ്ണയത്തില്‍, പലതരം വിവേചന സമ്പ്രദായങ്ങളില്‍, ഏതെങ്കിലും അന്തേവാസി 'കൊള്ളരുതാത്തവന്‍' (അമേരിക്കക്കാരന്റെ 'സക്കര്‍') ആയിത്തീരുന്നത് രണ്ടുതരം സ്ഖലിതങ്ങള്‍ കാരണമാണ്. ആരാണ് കൊള്ളരുതാത്തവന്‍?
ഒന്ന്: വാചിക മത്സരങ്ങള്‍ (Verbal Contests) നടക്കുമ്പോള്‍ അവയുടെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍;
രണ്ട്: അന്തേവാസികളുടെ സ്വകാര്യഭാഷ പൊലീസിന് വില്‍ക്കുന്നവര്‍.
ഭാഷയുമായി നേരിട്ട് ബന്ധപ്പെട്ടവയാണ് ഈ രണ്ടു സാഹചര്യങ്ങളും. ഇവയാകട്ടെ മല്ലിക്കിന്റെ നിരീക്ഷണമനുസരിച്ച് പ്രതിഭാഷയുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളായ രണ്ടു ഘടകങ്ങളുമായി നേര്‍ക്കു നേര്‍ ബന്ധപ്പെടുന്നു. ഇതാണ് ഞാന്‍ നേരത്തെ സൂചിപ്പിച്ച ആശ്ചര്യഹേതു. ഇവിടെ ഒരു വന്‍ ചോദ്യം കടന്നുവരുന്നു. പ്രതിഭാഷയുടെ ഉപയോഗത്തിന് മുഖ്യകാരണങ്ങളായ താല്പര്യങ്ങള്‍ (സ്വകാര്യതയുടെ സംരക്ഷണത്തിലും വാചിക കിടമത്സരങ്ങളിലുമുള്ള താല്പര്യങ്ങള്‍) പ്രതിഭാഷയുടെ ഉല്പത്തിക്കു തന്നെ കാരണമാകുമോ?
നിര്‍വഹണതലത്തില്‍ പ്രതിഭാഷകള്‍ വളരെ അടക്കിപ്പിടിച്ച ഭാഷണങ്ങളും എന്നാല്‍, അവയ്ക്കത് വളരെ തുറപ്പുകളുള്ള വാഗ്ലീലകളുമാണെങ്കിലും, ഒരു സ്വകാര്യ വാതിലിന്റെ അടയ്ക്കലും തുറക്കലും പോലുള്ള ഈ സംവിധാനം സ്വയം ഒരു പ്രതിഭാഷയുടെ ഈറ്റില്ലമാകാന്‍ ഇടയില്ലെന്ന് അഭിപ്രായമുള്ളവരുണ്ട്. കിടമത്സരം (Contest), പ്രകടനം (Display) എന്നിവയെ മാത്രം ഉദ്ദേശിച്ചുള്ളൊരു പ്രതിഭാഷ അസാധ്യമല്ലെങ്കിലും, ഈ ഉദ്ദിഷ്ടങ്ങള്‍ക്ക് പ്രതിഭാഷയെപ്പോലെ അഗാധ സാമൂഹിക ഉറവുകളുള്ളൊരു പ്രതിഭാസത്തിന്റെ ഉല്‍പ്പത്തിക്കു മുഴുവന്‍ നിദാനമാവുക വയ്യ, ഉദ്ദേശ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും ജനന കാരണങ്ങളാവുക വയ്യ.
നിലവിലുള്ളതോ ഉണ്ടായിരുന്നതോ ആയ ഏതെങ്കിലും നാടന്‍ പ്രതിഭാഷ (Folk antilanguage) അതിന്റെ നിര്‍വ്വഹണ നിമിഷത്തില്‍ പരിഗണിക്കുക. അതിന്റെ പ്രയോഗവലയത്തില്‍ പെട്ടവരും പുറത്തുള്ളവരും അതിനെക്കുറിച്ചു പറയുമ്പോള്‍ അവര്‍ക്കിടയിലെ വിഭജനരേഖ മേല്‍ക്കുമേല്‍ വരച്ചുകൊണ്ട് വെളിപ്പെടുന്നൊരു ഇതിവൃത്തമാണ് സ്വകാര്യതയുടെ പ്രമേയം. ഇതൊരു അപൂര്‍വ്വ സങ്കല്പമല്ല. പുറമേയുള്ളവര്‍ക്ക് അഗമ്യമായ അര്‍ത്ഥസൂചനാ വ്യവസ്ഥയും, കാരാഗൃഹ അധികൃതന്മാര്‍ക്ക് ചെവിയനുവദിക്കാത്ത വിനിമയ വ്യവസ്ഥയും ഒരു ക്രിമിനല്‍ സമൂഹത്തിന്റെ പ്രതിഭാഷാ സംരംഭങ്ങളില്‍ ഒഴികഴിവില്ലാത്ത പരിഗണനകളാണ്. പക്ഷേ, അവയുടെ ലക്ഷണമൊത്ത ശാഠ്യം നിര്‍വഹണ തലത്തിലാണ്.
പ്രതിഭാഷകളില്‍ സ്വകാര്യതയുടെ ഘടകം ഏറിയകൂറും തന്ത്രപരമായൊരു അനിവാര്യതയാണ്. തൊഴിലിനെ, കുറ്റകൃത്യങ്ങളെ, സാങ്കേതിക മാന്ത്രികതയില്‍ വിവക്ഷിക്കാനുള്ള പ്രത്യേക ശബ്ദകോശം (Jargon) അകത്തും പുറത്തുമുള്ളവര്‍ക്കിടയിലെ ശ്രവ്യമായ അതിര്‍ത്തിയില്ലായ്മക്കിടയിലും അതിര്‍ത്തി വരക്കുന്നത് ഈ സ്വകാര്യതയ്ക്കു വേണ്ടിയാണ്. സ്വകാര്യത ഇല്ലെങ്കില്‍ പ്രതിഭാഷ ഇല്ല. പക്ഷേ, അതിന്റെ ഉണ്‍മയ്ക്കു തന്നെ കാരണം സ്വകാര്യതയാവുക വയ്യ. അപ്പോള്‍ നാം എവിടെയാണ് പ്രഭവസ്ഥാനം തിരക്കേണ്ടത്?
പോളണ്ടിലെ കാരാഗൃഹ/അധോലോക പൗരന്മാര്‍ക്കിടയില്‍ 'കൊള്ളരുതാത്തവര്‍' ആയിത്തീരുന്ന രണ്ടുതരം ആളുകളെ നാം കണ്ടു. മൂന്നാമതൊരു കൂട്ടര്‍ കൂടിയുണ്ട്. അവരെക്കൂടി ചേര്‍ത്ത് നമ്മുടെ പട്ടിക പുതുക്കുക-
മൂന്ന്: വിരോധബുദ്ധിയോടെ തന്നെ ഗ്രൈപ്സെര്‍ക്ക പഠിക്കാന്‍ വിസമ്മതിക്കുന്നവര്‍.
പ്രതിഭാഷ ആരുടെയും മാതൃഭാഷയല്ലാതിരുന്നിട്ടുപോലും പ്രതിസമൂഹത്തില്‍ അതു പഠിക്കാന്‍ വിസമ്മതിക്കുന്നവരുടെ പദവി സമൂഹത്തില്‍ മാതൃഭാഷ പഠിക്കാന്‍ വിസമ്മതിക്കുന്നവരുടെ പദവിക്ക് സമാന്തരമാകുന്നതില്‍, ലളിതഗണിതത്തിന് വഴങ്ങാത്ത ചില സമീകരണ നിയമങ്ങള്‍ ആര്‍ക്കും ഊഹിക്കാം. സമൂഹത്തിന് മാതൃഭാഷ എന്തോ അതാണ് പ്രതിസമൂഹത്തിന് പ്രതിഭാഷ.
പോളണ്ടുകാരുടെ 'രണ്ടാം ജീവിതം' അതിന്റെ സാമൂഹിക വ്യവഹാരഭാഷയില്‍നിന്ന് വേര്‍പെടുത്തി കാണാവുന്നതല്ല. കാരാഗൃഹ അധികൃതരുടെ സൃഷ്ടിക്ക് ഗുപ്യമായിരിക്കേണ്ട ആ അധഃകൃത ലോകത്തില്‍, കിടമത്സരങ്ങളും (വാഗ്) ശക്തിപ്രകടനങ്ങളും 'രണ്ടാം ജീവിത' വാതിലകച്ചമയങ്ങളില്‍ അധികോപാധി (ഓപ്ഷനല്‍ എക്സ്റ്റാ) മാത്രമല്ല, അറകളില്‍ മനുഷ്യഗന്ധമെന്നതുപോലെ സ്വാഭാവികമായി 'രണ്ടാം ജീവിത' വാസ്തുശില്പം ജീവിക്കപ്പെടുന്നതിന്റെ പിഴയ്ക്കാത്ത സൂചനയാണ്.
വളരെ സമൂലമായി 'ആളുകള്‍/എമ്പോക്കികള്‍' എന്ന വിപരീത ദ്വന്ദ്വമായി കാണാവുന്ന രണ്ടടരുകളില്‍ രൂഢമാകുന്ന (Stratification) ഉച്ചനീച വ്യവസ്ഥകളാണ് ദ്വിതീയ ജീവിത ഉള്‍ഘടന. ഈ വിപരീതങ്ങളുടെ ചട്ടത്തില്‍ ഓരോ ദിവസത്തെ ജീവിതത്തിന്റെയും അനുഷ്ഠാനങ്ങളിലൂടെ, അവയുടെ യന്ത്രതുല്യമായ ആവര്‍ത്തനങ്ങളിലൂടെ, ഓരോ ആവര്‍ത്തനത്തെയും ആദ്യാനുഭവം പോലെ പരിചിതമല്ലാതാക്കാനുള്ള ശ്രമങ്ങളിലൂടെ ആവിഷ്‌കൃതമാകുന്നതാണ് ഗ്രൈപിസെര്‍ക്ക. ''അന്തേവാസികളുടെ ഭാഷയും അതിന്റെ വ്യാകരണവും'' തന്നെയാണ് അതെന്നറിഞ്ഞ മാല്‍ക്കോവ്‌സ്‌കി മറ്റൊന്നു കൂടി കണ്ടെത്തി: അഭിസംബോധനകളില്‍ രണ്ടിലൊരറ്റത്ത് നില്‍ക്കുന്ന ആളെ സംബന്ധിച്ച് നിന്ദയും അശ്ലീലവും വിഷവുമായ വാക്കുകളാണ് ഗ്രൈപ്സെര്‍ക്കയുടെ ഭാഷ.
ഇപ്പോള്‍, നേരത്തെ സൂചിപ്പിച്ച സ്വകാര്യതയുടെ പ്രമേയം പിന്നിട്ട് നാമൊരു ഇരട്ടപ്രമേയത്തിലേക്ക് കടക്കുകയാണെന്ന് എനിക്കു തോന്നുന്നു. റിച്ച്വല്‍ നിന്ദയും നിഗൂഢതയും. ഗ്രൈപ്സെര്‍ക്കയുടെ ഭാഷാമുഖവുമായുള്ള ആദ്യ പരിചയത്തില്‍ അന്യരെ ഉടനടി ആകര്‍ഷിക്കുന്നത് ഈ ഇരട്ടപ്രമേയമാണ്. ചിലപ്പോള്‍ ഞെട്ടിക്കുന്നതും.
സ്വാഭാവികമായും ഈ ഭാഷ 'രണ്ടാം ജീവിത' സമയം എങ്ങനെയെങ്കിലും തള്ളിനീക്കാനുള്ള സൂത്രമല്ല. പുറത്തെ സമൂഹത്തിന് അന്യവും ആ അന്യതയില്‍ തനതുമായൊരു സമഷ്ടി ഘടനയുടെ ആചാരവിനിമയ പ്രവര്‍ത്തന ശൈലിയാണത്. ഈ സമഷ്ടിഘടനയാവട്ടെ ഒരു ഗത്യന്തരത്തിലൂടെ സാക്ഷാല്‍ക്കരിക്കപ്പെടുന്ന യാഥാര്‍ത്ഥ്യത്തിന്റെ സാന്നിദ്ധ്യമാണ്.
'ആളുകള്‍/എമ്പോക്കികള്‍' എന്ന മുന്‍ വിഭജനം വളരെ അസൂക്ഷ്മമായിരുന്നു. 'ആളുകള്‍' സ്വതന്ത്രരും 'എമ്പോക്കികള്‍' അങ്ങനെയല്ലാത്തവരുമാണ്. ഇതു പറയുമ്പോഴും നമുക്കു കിട്ടുന്നത് രണ്ടു കുറ്റികളിലായി വലിച്ചുകെട്ടിയൊരു കമ്പിയുടെ അറ്റങ്ങള്‍ മാത്രമാണ് - കമ്പനം ചുരുങ്ങിയ അറ്റങ്ങള്‍. എന്തെന്നാല്‍, സൂക്ഷ്മത്തില്‍, 'ആളുകള്‍/എമ്പോക്കികള്‍' എന്നതൊരു ദ്വിതലഘടനയല്ല, ബഹുതലഘടനയാണ്. ഇതില്‍ ഒരു തലത്തില്‍നിന്ന് മറ്റൊന്നിലേക്കുള്ള സ്ഥാനമാറ്റം അസാധ്യമല്ലെന്നല്ല, സാധാരണം കൂടിയാണ്. പക്ഷേ, മിക്കവാറുമെങ്കിലും, ഏറ്റവും മുകളിലും ഏറ്റവും ചുവട്ടിലും അവരോധിക്കപ്പെടുന്നവര്‍ അവിടെത്തന്നെ തളച്ചിടപ്പെടുന്നു. അറ്റങ്ങളില്‍നിന്ന് നടുവിലേക്കു ചെല്ലുന്തോറും ഘടനയില്‍ കമ്പനമേറുന്നു.
അന്തേവാസികളുടെ വയസ്സ്, പ്രാദേശിക പശ്ചാത്തലം (പട്ടണവാസിയോ, ഗ്രാമീണനോ?), ചെയ്ത കുറ്റത്തിന്റെ പ്രകൃതം, ആചാരങ്ങളിലെ പങ്കാളിത്തത്തിന്റെ ഏറ്റക്കുറച്ചില്‍ (മുന്‍കൈയെടുക്കുന്നവനോ, ഉത്സാഹിയായ പിന്‍ഗാമിയോ നിസ്സംഗനായ 'റാന്‍' മൂളിയോ?) എന്നിങ്ങനെയുള്ള പരിഗണനകളനുസരിച്ചാണ് അവരുടെ സാമൂഹിക ആരോഹാവരോഹങ്ങള്‍. പുറത്ത് സ്വതന്ത്രമായി വര്‍ത്തിക്കുന്ന അധോലോകത്തെ സംബന്ധിച്ചും ഇതു ശരിയാണ്. പക്ഷേ, പലപ്പോഴും സാക്ഷാല്‍ സമൂഹത്തിന്റെ വിചിത്രമായ തുലനവ്യവസ്ഥകളുടെ ഇരകളായും എതിരാളികളായും തടവറയില്‍ എത്തിപ്പെടുന്നവരുടേതായ പ്രതിസമൂഹത്തിലും ഇങ്ങനെയൊരു ശ്രേണീഘടന ഉണ്ടായതും നിലനില്‍ക്കുന്നതും എന്തുകൊണ്ട്?
തടവറകളുടെയോ കാരാഗൃഹ സാഹചര്യങ്ങളുടെയോ മൗലിക നിര്‍മ്മിതിയല്ല 'രണ്ടാം ജീവിതം'. ഉപരിലോകത്തിലെ സ്വതന്ത്രമായ ക്രിമിനല്‍ ഉപസംസ്‌ക്കാരത്തില്‍നിന്നുള്ള വിക്ഷേപമാണത്. പുറത്തെ അധോലോകത്തിന്റെ കൃത്യവും അന്യൂനവുമായൊരു പകര്‍പ്പാണ് അഴികള്‍ക്കകത്തെ പ്രതിസമൂഹമെന്ന് ഇവിടെ വിവക്ഷയില്ല. പക്ഷേ, 'രണ്ടാം ജീവിതം' അതിന്റെ സമഷ്ടിഘടനയില്‍ ഒരു പ്രത്യേകതരം അടരടക്കം (സ്ട്രാറ്റിഫിക്കേഷന്‍) സാധ്യമാക്കുന്നു. ഇതിന് ആധാരമാകട്ടെ, വളരെ വ്യത്യസ്തമായൊരു ജാതിവ്യവസ്ഥയാണ്. വ്യക്തിയുടെ സാമൂഹിക പശ്ചാത്തലമോ ശാരീരിക പ്രകൃതമോ ഇതില്‍ പ്രസക്തമല്ല. എങ്കില്‍പ്പിന്നെ ഈ ജാതിവ്യവസ്ഥയ്ക്ക് പരിഗണനീയമായതെന്താണ്? പോഡ്‌ഗോറെക്കി അതിനെ ''മാന്ത്രിക നിയമങ്ങളുമായുള്ളൊരു നിസ്തുലബന്ധം'' എന്നാണ് വിശേഷിപ്പിക്കുന്നുത്. 'രണ്ടാം ജീവിത' ജാതിവ്യവസ്ഥ സംരക്ഷിക്കുക എന്നതില്‍ക്കവിഞ്ഞ് മറ്റൊരു ധര്‍മ്മവുമില്ലാത്ത മാന്ത്രിക നിയമങ്ങളാണവ. അവയെങ്ങനെ മാന്ത്രികമാകുന്നുവെന്ന് പോഡ്‌ഗോറെക്കി വിശദീകരിക്കുന്നില്ല. പക്ഷേ, ഇതിനൊരുത്തരം കാണാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നു.
ഏതു സമൂഹത്തിനും മാന്ത്രികനിയമങ്ങള്‍ ആവശ്യമാണെന്ന വസ്തുത സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ ഇനിയും കണ്ടെത്താനിരിക്കുന്നതേയുള്ളു. ചില പരിധികള്‍ക്കപ്പുറത്ത് സാമൂഹികത ഒരുതരം മാന്ത്രികതയാണ്. വ്യക്തികള്‍ സംഘടിക്കുന്നേടത്തെല്ലാം അവരെ സംഘടിക്കാന്‍ പ്രേരിപ്പിക്കുന്ന ലളിത ഭൗതികാവശ്യങ്ങള്‍ക്കപ്പുറത്ത് ഒരു പ്രേരകശക്തിയുണ്ട്. ഏതു കക്ഷിയുടെ രാഷ്ട്രീയജാഥയും അതിനെ നയിക്കുന്ന പ്രത്യയശാസ്ത്ര ശാസനകളില്‍നിന്നു തുടങ്ങുകയും അടിവെച്ചടിവെച്ച് ഒരു മാന്ത്രികാവസ്ഥയിലൂടെ കടന്നുപോവുകയും ചെയ്യുന്നു. മറിച്ചു പറഞ്ഞാല്‍, ഈ മാന്ത്രികാവസ്ഥ പ്രാപിക്കലാണ് ഏതു കൂട്ടത്തിന്റെയും ആന്തരികലക്ഷ്യം. അദൃശ്യനും അജ്ഞാതനുമായ ആ പൈഡ് പെപ്പറുടെ സംഗീതമാണ് ബാറിലും ഉത്സവപ്പറമ്പിലും രാഷ്ട്രീയ പ്രക്ഷോഭത്തിലും ഉല്ലാസയാത്രകളിലുമെല്ലാം നാം തിരക്കുന്നത്. സ്വയം അറിയാതെ തന്നെ അയാളെ പിന്തുടരാന്‍ കാരണങ്ങള്‍ നാം എപ്പോഴും കണ്ടെത്തും.
പാലക്കാട്ടുകാരുടെ കൂട്ടംകൂടല്‍
ആളുകള്‍ സംസാരിക്കുന്നത് സൂചിപ്പിക്കാന്‍ പാലക്കാടന്‍ മലയാളത്തില്‍ ഒരു സമ്പന്നപദമുണ്ട്: 'കൂട്ടംകൂടല്‍'. ഇത് പാലക്കാടിനു പുറത്ത് മലയാളം പോലുമാവില്ലായിരിക്കാം. പക്ഷേ, മനുഷ്യസംഭാഷണത്തിന്റെ സാമൂഹിക ചിഹ്നശാസ്ത്രം (social semiotic) മുഴുവന്‍ ആ പ്രയോഗത്തിലുണ്ട്.
വിനിമയമെന്നത് അര്‍ത്ഥങ്ങളും ആശയങ്ങളും ചിഹ്നങ്ങളും കൈമാറല്‍ മാത്രമല്ല, യാഥാര്‍ത്ഥ്യ സംരക്ഷണം കൂടിയാണ്.
ദൈനംദിന സംഭാഷണങ്ങളാണ് തീര്‍ച്ചയായും യാഥാര്‍ത്ഥ്യ സംരക്ഷണത്തിന്റെ ഏറ്റവും മുഖ്യമായ വാഹിനി. വ്യക്തികളുടെ ഒരു സാധാരണ ദിവസത്തിലെ ജീവിതം പോലും ഭാഷാപരമായി അസാധാരണമാണ്. കാരണം, വ്യക്തിനിഷ്ഠ യാഥാര്‍ത്ഥ്യം സംരക്ഷിക്കാനും പുനര്‍നിര്‍മ്മിക്കാനും ഉതകുന്നൊരു സംവാദോപാധിയായി അതിനെ പരിഗണിക്കാം. അങ്ങനെത്തന്നെയാണ് പരിഗണിക്കേണ്ടതും. ഈ പരിഗണനയില്ലെങ്കില്‍, വ്യക്തിനിഷ്ഠ യാഥാര്‍ത്ഥ്യത്തിന്നാവശ്യമായ 'കൂട്ടംകൂടല്‍' ഇല്ലെങ്കില്‍, ഭാഷ എന്താകുമോ അതാണ് മൃതഭാഷ. ഒരു മൃതഭാഷയ്ക്ക് നല്‍കാവുന്ന ഏറ്റവും ലളിതമായ നിര്‍വചനവും ഏറ്റവും ഗഹനമായ നിര്‍വചനവും ഒന്നുതന്നെയാണ്; ആരും സംസാരിക്കാത്ത ഭാഷയാണ് മൃതഭാഷ.
(വിഷ്‌കംഭം: ദൂരദര്‍ശന്റെ രണ്ടു വന്‍കിട പ്രകടനങ്ങളിലൊന്ന് സംസ്‌കൃതത്തിലുള്ള വാര്‍ത്താവിതരണവും മറ്റൊന്ന് ആംഗ്യഭാഷയിലുള്ള വാര്‍ത്താവിതരണവുമാകുന്നത് രസാവഹമായ കാഴ്ചയാണ്. ഒന്നാമത്തേത്, ഛന്ദസ്സുകളുടെയും അലങ്കാരങ്ങളുടേയും ഗരിമയില്‍ അരുമ്പിപ്പോയ ഭാഷ. രണ്ടാമത്തേത്, ഭാഷ ഉപയോഗിക്കാന്‍ പഠിക്കുന്നതിനു മുന്‍പ് മനുഷ്യവംശം ഉപയോഗിച്ച ഭാഷ. ആകയാല്‍ ശബ്ദരേഖയുടെ അകമ്പടിയോടെയോ അല്ലാതെയോ ഇന്നും ആളുകള്‍ ഉപയോഗിക്കുന്ന ഭാഷ. ഒരു ഡാര്‍വിനിസ്റ്റ് ഭാഷയിലും അതിജീവന മൂല്യങ്ങള്‍ തിരക്കുന്നു; മൃതഭാഷയില്‍ നിന്ന് ഏറ്റവും അകലത്തായ ഭാഷ പ്രതിഭാഷയെന്നും, അത് സമൂഹഭ്രഷ്ഠന്റെ അതിജീവനമന്ത്രമെന്നും തിരിച്ചറിയുന്നു... വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനൊരു പരദേശിക്കവിത മലയാളത്തിലേക്ക് തര്‍ജമ ചെയ്തത് 'ഒരു മാതൃഭാഷാ പാഠപുസ്തകം' എന്ന പേരിലായിരുന്നു. പില്‍ക്കാലത്ത് ഒരു മൃതഭാഷയെന്തെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ തലക്കെട്ടുണ്ടാക്കിയ ആഘാതമാണ് ഈ ഉപന്യാസത്തിന്റെ തലക്കെട്ട്.)
അവാചികമായ വിനിയോപാധികളുടെ അകമ്പടി മാറ്റിനിര്‍ത്തിക്കൊണ്ടുതന്നെ ഒരു കാര്യം പറയാം. ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ നമുക്ക് വ്യക്തമാകാത്ത (അഥവാ, അത്രമേല്‍ പ്രത്യക്ഷമാകയാല്‍ നാം തിരിച്ചറിയാത്ത) വസ്തുത ഇതാണ്; സംഭാഷണങ്ങളിലൂടെയുള്ള യാഥാര്‍ത്ഥ്യ സംരക്ഷണം വാച്യമെന്നതിലും എത്രയോ അധികം വ്യംഗ്യമാണ്.
ആരുടെയും സംഭാഷണങ്ങള്‍ ഏറിയകൂറും അവര്‍ സങ്കല്പിക്കാവുന്നത്രയും വിശദമായി യഥാര്‍ത്ഥ ലോകത്തിന്റെ പ്രകൃതം നിര്‍വചിക്കയോ അതിന്റെ താല്‍ക്കാലികാവസ്ഥ വിശദീകരിക്കയോ ചെയ്യുന്നില്ല. എന്നാല്‍, ന്യൂനത അവരുടെ സംഭാഷണങ്ങളെ തികച്ചും അയഥാര്‍ത്ഥമോ അസംബന്ധമോ ആക്കുന്നില്ല. അവയില്‍ യഥാര്‍ത്ഥ ലോക സാന്നിധ്യം ഒഴിവാക്കപ്പെടുന്നതുമില്ല. ഇതൊരു വിരോധാഭാസമാകാത്തത് സംഭാഷണങ്ങളിലൂടെയുള്ള യാഥാര്‍ത്ഥ്യ സംരക്ഷണം കൂടുതലും വ്യംഗ്യമായതുകൊണ്ടാണ്.
വിവാദവും വിളംബരവുമില്ലാതെ മുന്‍കൂറായിത്തന്നെ അംഗീകരിക്കപ്പെട്ടൊരു ലോകം (a taken - for- granted world) അനുവദിക്കുന്ന അനായാസ പശ്ചാത്തലത്തിലാണ് സംഭാഷണങ്ങള്‍ നടക്കുന്നത്. എല്ലായ്‌പ്പോഴുമല്ലെങ്കില്‍ മിക്കവാറുമെങ്കിലും. മറിച്ചുള്ളൊരു സംഭാഷണത്തിന് അസംബന്ധമായല്ലാതെ തുടരണമെങ്കില്‍ അതു നടക്കുന്ന ലോകത്തിന്റെ വിവരവ്യവസ്ഥ തുടക്കത്തിലേ എടുത്തുപറയപ്പെട്ടിരിക്കണം. സത്യത്തില്‍, അപരിചിതരായ രണ്ടുപേര്‍ പരസ്പരം പരിചയപ്പെട്ടതിനു ശേഷം തുടങ്ങുന്ന ആദ്യ സംഭാഷണം പോലും ഒരു പൂര്‍വ നിശ്ചിത ലോകത്തിന്റെ അഭാവത്തില്‍ സങ്കല്പിക്കാനാവില്ല.
ധ്വനി എന്തെന്ന് വിശദീകരിക്കാന്‍ കുട്ടിക്കൃഷ്ണമാരാര് നല്‍കിയ ഉദാഹരണം ഓര്‍മ്മിക്കുന്നോ? നാട്ടിന്‍പുറത്തൊരു സ്ത്രീ നേരമിരുട്ടിയെന്നു പറയുന്നു, വീട്ടിലെ പെണ്‍കുട്ടി അതുകേട്ട ഉടനെ സന്ധ്യാദീപം കൊളുത്തുന്നു. സത്യം തുറന്നുപറഞ്ഞാല്‍, ധ്വനിയെന്തെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഈ ഉദാഹരണം എന്നെ സഹായിച്ചിട്ടില്ല. പക്ഷേ, ഇപ്പോള്‍ ചെറിയ ചെറിയ സംഭാഷണങ്ങളില്‍പ്പോലും പൂര്‍വാനുമാനിത ലോകം ധ്വനിക്കുന്നത് എങ്ങനെയെന്ന് വിവരിക്കാന്‍ ശ്രമിക്കുമ്പോള്‍ മഹാപണ്ഡിതനായ മാരാര് എന്നോടൊപ്പമുണ്ട്. മാരാരുടെ ഉദാഹരണത്തിന്നടുത്ത് അതിലേറെ സാധാരണമായൊരു സംഭാഷണഭാഗം എടുത്തുവെക്കാം. യാഥാര്‍ത്ഥ്യത്തിന്റെ സാമൂഹിക നിര്‍മ്മാണത്തെക്കുറിച്ച് പ്രത്യേകിച്ചു പഠിച്ച ബെര്‍ജര്‍, ലക്മന്‍ എന്നിവര്‍ പാശ്ചാത്യമുറയില്‍ ഒരു സംഭാഷണം രേഖപ്പെടുത്തുന്നു:
-well, It's time for me to get to the station.
-Fine, darling, have a good day at the office.
ഏതു ഭാര്യാഭര്‍ത്താക്കന്മാരുടേതും ആകാവുന്ന ഈ വെറും ഔപചാരിക സംഭാഷണം പോലും നടക്കുന്നത് ഒരു കുടുംബത്തിന്റെ ദൈനംദിന വ്യാപാരങ്ങള്‍ക്കും മുറകള്‍ക്കും സമ്മതങ്ങള്‍ക്കുമെല്ലാം ഉടനടി അര്‍ത്ഥം നല്‍കുന്നൊരു മുഴുവന്‍ ലോകത്തെയും സൂചിപ്പിച്ചും ആശ്രയിച്ചുമാണ്, സംഭാഷണം നടക്കുന്ന ലോകത്തിന്റെ ആത്മനിഷ്ഠ യാഥാര്‍ത്ഥ്യത്തെക്കൂടി അതു സൂചിപ്പിക്കുന്നു. തീര്‍ച്ചയായും, നിരന്തരമായി കുമിഞ്ഞുകൂടുന്ന ഔപചാരിക സംഭാഷണങ്ങളാണ് മാനുഷിക സംവാദത്തിന്റെ ഒരു കൂറ്റന്‍ പിണ്ഡം മുഴുവനും. ഒരനുമാനിത ലോകത്തിന്റെ ചര്യകളെ സൂചിപ്പിക്കുന്നതുകൊണ്ടാണ്, അതുകൊണ്ടുമാത്രമാണ്, ഈ സംഭാഷണങ്ങള്‍ക്ക് ദൈനംദിന ഔപചാരിക സ്വഭാവം കൈവരുന്നത്. ഇതില്‍ മുറിവു വീണാല്‍ ചര്യകളിലും മുറിവ് വീഴും, സങ്കേതങ്ങള്‍ ഇടറും, ചിലപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെയാണ് ചുവന്നൊരു ഭീഷണി സംജ്ഞയാകും. മുകളിലെ ഭാര്യാഭര്‍ത്താക്കന്മാരുടെ സംഭാഷണം ഇങ്ങനെ തിരുത്തി നോക്കുക:
-well, It's time for me to get to the station.
-Fine, darling, don't forget to take along your gun.
ഒന്നാം സംഭാഷണത്തില്‍ അവരുടെ മറ്റൊരു പ്രഭാതം പോലെ സ്വാഭാവികമായ പിന്‍തലമായി വര്‍ത്തിച്ച പൂര്‍വാനുമാനിത ലോകത്തിന്നെതിരെ രണ്ടാം സംഭാഷണം പരിചിത സൂചനകള്‍ നഷ്ടപ്പെട്ട് അര്‍ത്ഥപരമായൊരു ആഘാതമായിത്തീരുന്നു. പക്ഷേ, മറ്റൊരു കുടുംബത്തിന്റെ പൂര്‍വാനുമാനിത ലോകത്തില്‍ ഇത് തികച്ചും ഔപചാരികമാകാം.
തുടര്‍ന്നുകൊണ്ടേയിരിക്കുന്ന യാഥാര്‍ത്ഥ്യ സംരക്ഷണത്തോടൊപ്പം തുല്യനിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യ നവീകരണവും സാധിക്കുന്നതാണ് സംഭാഷണ യന്ത്രം. അതിന്റെ ഒരിക്കലും നിലയ്ക്കാത്ത പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചിലത് പുറത്താക്കപ്പെടുന്നു. പുതുതായി ചിലത് ഉള്‍ക്കൊള്ളിക്കപ്പെടുന്നു. ആകത്തുകകളെന്ന നിലയ്ക്ക് യാഥാര്‍ത്ഥ്യമായി തുടരുന്ന ചിലത് അംശങ്ങളില്‍ ക്ഷയിക്കുന്നു. ചിലപ്പോള്‍ വീണ്ടും ശക്തിയാര്‍ജിക്കുന്നു. ആകയാല്‍, ഒരിക്കലും സംസാരിക്കപ്പെടാത്ത ഒന്നിന്റെ ആത്മനിഷ്ഠ യാഥാര്‍ത്ഥ്യം വഴുതും നിലങ്ങളിലാണ്. മറിച്ച്, സംഭാഷണത്തിലേര്‍പ്പെട്ടവരുടെ മനസ്സില്‍. വ്യാകൃതിയും പുകമഞ്ഞുമായി കിടക്കുന്നവയ്ക്കുപോലും ആകൃതി കിട്ടുന്നു. ആദ്യം വെറും തോന്നലുകളായിരുന്ന കാര്യങ്ങള്‍ അവരുടെ ബോധത്തില്‍ വസ്തൂകരണത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നു.
സാമാന്യമായി പറഞ്ഞാല്‍, അനുഭവങ്ങളുടെയും അനുഭൂതികളുടെയും പ്രതീതികളുടെയും പലേടത്തെ എലുകകളിലെ സംസാരിച്ചുകൊണ്ടും അവയ്ക്ക് വാസ്തവിക ലോകത്തില്‍ നിര്‍ദ്ദിഷ്ട സ്ഥാനങ്ങള്‍ നല്‍കിക്കൊണ്ടുമാണ് സംഭാഷണയന്ത്രം യാഥാര്‍ത്ഥ്യം നിലനിര്‍ത്തുന്നത്. ഭാഷാശാസ്ത്രപരമായ വസ്തൂകരണം എന്ന പ്രക്രിയയില്‍ സിദ്ധമാണ് സംഭാഷണയന്ത്രത്തിന്റെ യഥാര്‍ത്ഥ്യ ജനക സാധ്യത. ഭാഷയിലൂടെയുള്ള വസ്തൂകരണത്തിന്നര്‍ത്ഥം പലതരം വ്യാകൃതികളെയും അവാച്യങ്ങളെയും സുബദ്ധമായൊരു ക്രമത്തില്‍ വിന്യസിക്കലാണെങ്കില്‍, ഈ വിന്യാസ വ്യവസ്ഥയിലൂടെ ഭാഷ ഒരു ലോകത്തെ സാക്ഷാല്‍ക്കരിക്കുന്നു. (ഗ്രഹിക്കുക എന്ന അര്‍ത്ഥത്തിലും നിര്‍മ്മിക്കുക എന്ന അര്‍ത്ഥത്തിലും.)
ഒറ്റപ്പെട്ട നിലനില്പിന്നിടയിലെ 'മുഖാമുഖ'സാഹചര്യങ്ങളില്‍ ഭാഷയ്ക്കുള്ള ഈ സാക്ഷാല്‍ക്കാരക്ഷമതയെ വാസ്തവീകരിക്കലാണ് സംഭാഷണം. അതില്‍ ഭാഷയുടെ വസ്തൂകരണം വൈയക്തിക ബോധത്തിന്റെ വസ്തുക്കളാകുന്നു. ഏടുകള്‍ പോലെ നിരന്നു തുറന്നു വരുന്ന ജീവചരിത്രാനുഭവങ്ങളെ വസ്തൂകരിക്കാന്‍ ഒരേ ഭാഷ തന്നെ തുടര്‍ച്ചയായി ഉപയോഗിക്കലാണ് അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യ ജനക ദ്രവ്യം. ഒരേ ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ ഓരോ ആളും മറ്റുള്ളവരുടെയും യാഥാര്‍ത്ഥ്യ സംരക്ഷണം നിര്‍വഹിക്കുന്നു.
ഒരു 'പൊതുഭാഷ' എന്നാലെന്തെന്ന പരിഗണനയിലൂടെ മാത്രമേ ഇതിന്റെ പൊരുള്‍ എല്ലാ ഛായാന്തരങ്ങളിലും പിടിച്ചെടുക്കാനാവൂ. ഏതെങ്കിലും ഭാഷ ഒരു പൊതുഭാഷയാവുന്നതെങ്ങനെ? ആദ്യത്തെ കൊച്ചു കൊച്ചു കൂട്ടങ്ങളുടെ മിക്കവാറും സ്വഭാവലക്ഷണപരമായ (idiosyncratic) പേച്ചുകളില്‍നിന്ന് പ്രാദേശികമോ വര്‍ഗീയമോ ആയൊരു വാമൊഴിയിലേക്ക്; അവിടെനിന്ന്, സ്വയം നിര്‍വചിക്കാന്‍ തന്നെ ഭാഷയെ അവലംബിക്കുന്നൊരു ദേശീയ സമുദായത്തിലേക്ക്. ഇതൊരു ബര്‍ജന്‍-ലക്മന്‍ നിരീക്ഷണമാണ്.
ഒരു വ്യക്തിയുടെ ആത്മനിഷ്ഠ യാഥാര്‍ത്ഥ്യം സൃഷ്ടിക്കപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതും മറ്റുള്ളവരുമായുള്ള പ്രതിപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. വളരെ അര്‍ത്ഥവാഹികളാണ് ഈ മറ്റുള്ളവര്‍ (significant others) മറിച്ചു പറഞ്ഞാല്‍, വ്യക്തിയുടെ ആത്മനിഷ്ഠ യാഥാര്‍ത്ഥ്യവും സംരക്ഷിക്കുന്ന 'റോള്‍' ഭംഗിയായി നിര്‍വഹിക്കുന്നതുകൊണ്ടാണ് 'മറ്റുള്ളവര്‍' അര്‍ത്ഥവാഹികളാകുന്നത്. അവരുമായുള്ള ബന്ധത്തില്‍ വ്യക്തിയുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായും വാചികമാണ്. അതിന്റെ രൂപമാണ് സംഭാഷണം. പക്ഷേ, ഇവിടെ സംഭാഷണങ്ങള്‍ അദ്ധ്യയനപരമല്ല, കാരണം 'മറ്റുള്ളവര്‍' അദ്ധ്യാപകരല്ല. നിങ്ങള്‍ക്കായി യാഥാര്‍ത്ഥ്യം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്കിനെപ്പറ്റി ബോധപൂര്‍വമായ അറിവും അവര്‍ക്കില്ല.
ബര്‍ജര്‍-ലക്മന്‍ വിവക്ഷയിലെ സംഭാഷണം തികച്ചും അനായാസവും നിത്യനൈമിത്തികവുമാണ്. ഒറ്റവാക്കില്‍ 'കാഷ്വല്‍', ഇത്തരം സംഭാഷണങ്ങള്‍ക്ക് ഒരു മാന്ത്രികതലം ഉണ്ടാവണമെങ്കില്‍ ഭാഷ എങ്ങനെയുള്ളതായിരിക്കണമെന്ന ചോദ്യം ഈ രണ്ടു വിദഗ്ദ്ധ സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ ഉന്നയിക്കുന്നില്ല. കാരണം, അവര്‍ സാമൂഹിക ശാസ്ത്രജ്ഞന്മാരാണെന്നതു തന്നെ. യാഥാര്‍ത്ഥ്യത്തിന്റെ സാമൂഹിക നിര്‍മ്മിതിയാണ് അവരുടെ പ്രമേയം. ഭാഷാശാസ്ത്രജ്ഞന്മാര്‍ക്ക് ആ ചോദ്യം ഒരു കേന്ദ്രീയ പ്രശ്‌നമാണ്. 'സോഷല്‍ സെമിയോട്ടിക്' കാഴ്ചപ്പാടോടെ അന്വേഷണത്തിലേര്‍പ്പെടുന്ന ഭാഷാശാസ്ത്രജ്ഞന്മാര്‍ക്കാകട്ടെ ഇത് 'ഒരു പ്രശ്‌നമല്ല, സാക്ഷാല്‍ പ്രശ്‌നം തന്നെയാണ്. അതായത്, സംഭാഷണത്തിന്റെ മാന്ത്രികശക്തികള്‍ വിശദീകരിക്കാനാവും വിധം ഭാഷാവ്യവസ്ഥയെ എങ്ങനെ വ്യാഖ്യാനിക്കാം?'
പ്രതിഭാഷയുടെ പ്രത്യേക സാഹചര്യങ്ങളില്‍ ചോദ്യം പരിഗണിക്കുക. അതോടൊപ്പം, ആത്മനിഷ്ഠ യാഥാര്‍ത്ഥ്യം പരിവര്‍ത്തന വിധേയമാണെന്ന ബര്‍ജര്‍-ലക്മന്‍ മതവും പരിശോധിക്കുക.
ഒരു സമൂഹത്തിലായിരിക്കുക എന്നതിന്റെ അര്‍ത്ഥം തന്നെ ആത്മനിഷ്ഠ യാഥാര്‍ത്ഥ്യത്തെ നിരന്തരമായി നവീകരിക്കുന്നൊരു പ്രക്രിയയ്ക്ക് കാരണമാവുക എന്നതാണ്. ഇതില്‍ സ്വാഭാവികമായ പരിവര്‍ത്തനത്തെക്കുറിച്ചും സംസാരിക്കലാവട്ടെ പല മാത്രാഭേദങ്ങളിലൂടെ നവീകരണങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യലാണ്. ആത്യന്തികങ്ങളില്‍ എത്തുന്നൊരു പരിവര്‍ത്തനത്തിന്റെ കാര്യമെടുക്കുക, വ്യക്തി ലോകങ്ങളെത്തന്നെ അന്യോന്യം മാറ്റുംവിധം മിക്കവാറും സമഗ്രമായൊരു പരിവര്‍ത്തനം മുഴുവന്‍ ആത്മനിഷ്ഠമായി ഗ്രഹിക്കപ്പെടുന്നു. ഇത് തീര്‍ച്ചയായും തെറ്റായ രീതിയില്‍ ഗ്രഹിക്കലാണ്. ആത്മനിഷ്ഠ യാഥാര്‍ത്ഥ്യങ്ങള്‍ ഒരിക്കലും നൂറു ശതമാനവും സാമൂഹികമാവില്ലെന്ന് ആര്‍ക്കുമറിയാം. ആകയാല്‍ അവയെ സമഗ്രമായി പരിണമിപ്പിക്കാന്‍ സാമൂഹിക പ്രക്രിയകള്‍ക്ക് കഴിയില്ല. ലഘൂകരിച്ചുകണ്ടാല്‍, പരിവര്‍ത്തന വിധേയനായ വ്യക്തി അതേ ശരീരത്തില്‍, അതേ ഭൗതിക പ്രത്യക്ഷതയില്‍, കുടികൊള്ളുവെന്നു മാത്രമേ പറയാനാവൂ.
പക്ഷേ, നിസ്സാര നവീകരണങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ സമഗ്രമെന്നു പറയാവുന്ന പരിവര്‍ത്തങ്ങളുണ്ട്. ഇവയെ 'മാറ്റിമറിക്കല്‍' എന്ന് വിശേഷിപ്പിക്കയാണെങ്കില്‍, ഒരു പുന:സാമൂഹികീകരണം ഇവയ്ക്ക് അത്യന്താപേക്ഷിതമാണെന്നു കാണാം. പ്രതിഭാഷ അതിന്റെ വാഹിനിയാണ്. പ്രതിഭാഷ ഒരു ബദല്‍ യാഥാര്‍ത്ഥ്യം നിര്‍മ്മിക്കുന്നു. പുനര്‍നിര്‍മ്മാണത്തിന്റെ വിജയപര്യവസായിത്വത്തിനുള്ള നിബന്ധനകളിലൊന്ന് അതിശക്തമായൊരു സാധ്യതാഘടന, പ്ലാസിബിലിറ്റി സ്ട്രക്ചര്‍ ലഭ്യമായിരിക്കണം എന്നതാണ്. അതായത്, പരിവര്‍ത്തനത്തിന്റെ പരീക്ഷണശാലയായി വര്‍ത്തിക്കാവുന്നൊരു സാമൂഹിക താളം.
വ്യക്തിയിലേക്ക് ഈ സാധ്യതാഘടന സംക്രമിക്കപ്പെടുന്നത് നേരത്തേ സൂചിപ്പിച്ച മറ്റുള്ളവര്‍ (significant others) വഴിയാണ്. സ്വാഭാവികം, കാരണം, വ്യക്തി അവരുമായി വളരെ മമതയോടെ, കാര്യക്ഷമമായ രീതിയില്‍, താദാത്മ്യം പ്രാപിച്ചേ തീരൂ. ഭാഷാപരമായി വളരെ ശാഠ്യങ്ങളുള്ളതാണ് പുന:സാമൂഹികീകരണ കര്‍മ്മമെന്ന ധ്വനി ഇതിലുണ്ട്. ആകയാല്‍ പുന:സാമൂഹികരണം ലക്ഷ്യമായ സംഭാഷണങ്ങള്‍ അന്താവൃഷ്ടീയ (interpersonal) അര്‍ത്ഥങ്ങളെ മുന്‍തലത്തിലേയ്ക്ക് തള്ളുന്ന ശക്തികളില്‍ അള്ളിപ്പിടിക്കുന്നു. അങ്ങനെയൊന്നിന്റെ അഭാവം 'രണ്ടാം ജീവിത' സാഹചര്യങ്ങളില്‍ മാരകമാംവിധം അര്‍ത്ഥവത്തായിരിക്കും. കാരണം, പുതിയ യാഥാര്‍ത്ഥ്യം ഇവിടെ പുതിയ സാമൂഹികഘടന തന്നെയാണ്. അര്‍ത്ഥവിനിമയങ്ങളിലെ അന്താവൃഷ്ടീയ ഘടകങ്ങള്‍, തുറിച്ചുനില്‍ക്കുംവിധം, റീച്ച്വലുകളുടെ ലോകത്തിലേയ്ക്ക് കയറിനില്‍ക്കുന്നുണ്ടെങ്കില്‍പ്പോലും.
അപ്പോള്‍, നാം പറഞ്ഞുകൊണ്ടുവന്നത്; പാലക്കാട്ടുകാരുടെ 'കൂട്ടംകൂടല്‍' ഒരു പ്ലാറ്റോണിക് സംഭാഷണമാണ്.
പാലക്കാട്ടുകാര്‍ക്കും 'സംസാരിക്കല്‍' എന്ന പ്രയോഗം വശമാണ്. പക്ഷേ, കയറുപൊട്ടിച്ച് വേലിചാടി ആരാന്റെ പുഞ്ച തിന്ന് തടിച്ചുകൊഴുക്കുന്ന സംഭാഷണം 'കൂട്ടംകൂടല്‍' തന്നെയാണ്. 'കൂട്ടംപെരുപ്പിക്കല്‍.' സംഭാഷണത്തിന്റെ ലഹരിക്കുവേണ്ടിയുള്ള സംഭാഷണം. ഏറ്റവും സുഭഗമായ രൂപത്തില്‍ അത് ഹെമിങ്വേയുടെ കഥകളില്‍ കേള്‍ക്കാവുന്ന സംഭാഷണമാണ്. പക്ഷേ, ദുഷിക്കപ്പെടുന്ന ആളുടെ നിര്‍ഭാഗ്യകരമായ ഇതിവൃത്തം മാറ്റിനിര്‍ത്തിയാല്‍, ഏറ്റവും ദുര്‍ഭഗമായ പരദൂഷണം പോലും സംഭാഷണങ്ങളുടെ യാഥാര്‍ത്ഥ്യ ജനകശക്തി സംരക്ഷിക്കുന്നു. കാട്ടുതീയ്യായി പരക്കാന്‍ പാകത്തില്‍ ഒരു നാളമോ പൊരിയോ അതിനു കിട്ടുന്നതുപോലും സാമൂഹിക മൂല്യങ്ങളുമായി കൂട്ടിയുരസുമ്പോഴാണ്.
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates