ഒരു പ്രതിഭാഷാ പാഠപുസ്തകം - തുടര്‍ച്ച
1997 ജൂലൈ ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
ഒരു പ്രതിഭാഷയെ സംബന്ധിച്ച ഏറ്റവും പ്രാഥമികമായ വസ്തുത ഇതാണ്: അതൊരു വെറും ഭാഷയല്ല, സാധാരണ ഭാഷയല്ല, ചിലര്‍ക്കത് പുനഃസാമൂഹികീകരണത്തിന്റെ ഭാഷയായി ഭവിച്ചെന്നു മാത്രം. ഞാനിവിടെ, വെറുമൊരു കാണിയെന്ന നിലയ്ക്ക്, ഹാലിഡേയുടെ സാഹസികമായ പ്രതിഭാഷാ പര്യടനത്തിലെ ചില നിമിഷങ്ങള്‍ രേഖപ്പെടുത്തുകയാണ്.
ആത്മനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളെ പരിവര്‍ത്തനവിധേയമാക്കാനുള്ള ശ്രമത്തില്‍ വ്യക്തി, ചിലപ്പോള്‍ ഒരു ആത്യന്തിക ക്രിയയെന്ന നിലയ്ക്ക്, ലോകങ്ങളെത്തന്നെ മാറ്റി മറിക്കാമെന്ന് നാം കണ്ടു. (കഴിഞ്ഞ അദ്ധ്യായം, ബര്‍ജറുടെയും ലക്മന്റെയും സിദ്ധാന്തം. പക്ഷേ, മതം മാറ്റത്തിലൂടെയും മറ്റും സാധ്യമായ ഈ മാറ്റിമറിക്കല്‍ ഒരു പ്രതിഭാഷ സംസാരിക്കുന്നതിനുള്ള നിബന്ധനയല്ല. കാരണം, വ്യക്തമാണ്. മേല്‍പ്പറഞ്ഞ മാറ്റിമറിക്കലില്‍ ഏര്‍പ്പെടുന്ന വ്യക്തി മറ്റുള്ളവര്‍ക്ക് യാഥാര്‍ത്ഥ്യമായി തോന്നുന്ന ചിലതെല്ലാം കയ്യേറുന്നു. കയ്യേറ്റക്കാരന് ഇതൊരു പരിവര്‍ത്തനമായിരിക്കാം. പക്ഷേ, കയ്യേറ്റപ്പെട്ട യാഥാര്‍ത്ഥ്യം അതിനു പാകമാകണമെന്നില്ല. അത് ആരുടെയോ സാധാരണ ദൈനംദിന യാഥാര്‍ത്ഥ്യമാണ്. ആരുടെയോ മാതൃഭാഷ.
അവസാനം പറഞ്ഞത് ആലങ്കാരികമായാണ്. ഏതു പ്രതിഭാഷയും (ആവര്‍ത്തിക്കട്ടെ) ആരുടെയും മാതൃഭാഷയല്ല. ഒരു പ്രതിഭാഷയുടെ നിലനില്പ് നിശ്ശേഷമായും പുനഃസാമൂഹികീകരണത്തിന്റെ സാംഗത്യത്തിലാണ്. പ്രതിഭാഷ സൃഷ്ടിക്കുന്ന യാഥാര്‍ത്ഥ്യം ജാത്യാ തന്നെ ഒരു ഗത്യന്തരത്തില്‍ ആവാഹിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ്. ഗത്യന്തരത്തിലൂടെ പ്രവര്‍ത്തിക്കയെന്ന ലക്ഷ്യത്തോടെ തന്നെ നിര്‍മ്മിക്കപ്പെട്ടൊരു യാഥാര്‍ത്ഥ്യവുമാണ്. പ്രതിസമൂഹത്തിന്റെ ഭാഷയാണ് പ്രതിഭാഷ എന്ന നിരീക്ഷണത്തിന്റെ ശരിയായ പൊരുള്‍ ഇതാണ്.
എന്നിരിക്കിലും ഭാഷാ പ്രതിഭാഷകള്‍ക്കിടയിലുള്ളത് സദാ തെന്നിമാറിക്കൊണ്ടിരിക്കുന്നൊരു അതിര്‍രേഖയാണ്. പ്രാചീന ക്രൈസ്തവ സമൂഹം ഒരു പ്രതിസമൂഹമായിരുന്നു; അതിന്റെ ഭാഷ മുന്‍പറഞ്ഞ അര്‍ത്ഥത്തില്‍, ഒരു പ്രതിഭാഷയുമായിരുന്നു. വളരെ ശ്രദ്ധേയമായ രൂപാന്തരങ്ങള്‍ സൂക്ഷ്മപരിശോധനയില്‍ വെളിപ്പെടും.
'മാറ്റിമറിക്കല്‍' (ബര്‍ജര്‍-ലക്മന്‍ ഭാഷ്യം) സ്വയം ഒരു പ്രതിഭാഷയ്ക്ക് ജന്മം നല്‍കാന്‍ മാത്രം ശക്തമല്ല; ഒരു ഭാഷയില്‍നിന്ന് രണ്ടാമതൊരു ഭാഷയിലേക്കുള്ള മാറ്റം മാത്രമേ അതിലൂടെ സാധ്യമാകൂ. പക്ഷേ, 'മാറ്റിമറിക്കല്‍' സാധിച്ച വ്യക്തിയെ സംബന്ധിച്ചിടത്തോളം ഈ രണ്ടാം ഭാഷ തന്നെയാണ് അയാളുടെ പ്രതിഭാഷയെന്ന നിഗമനം ഉണ്ടായിക്കൂടെന്നില്ല. ആഗ്‌നെ എന്നൊരുവളുടെ 'കേസ് ഹിസ്റ്ററി' വഴി ഗ്രാഫിങ്കല്‍ പുറത്തിട്ട പ്രശസ്ത വസ്തുതകള്‍ ഇവിടെ പരിഗണിക്കാം.
ആഗ്‌നെ തന്റെ സ്വത്വം പുനര്‍നിര്‍മ്മിക്കുന്നു. 'ഫെമിനിറ്റി'യുടെ ഭാഷ അവള്‍ക്ക് പ്രതിഭാഷയായിത്തീരുന്നു. തന്റെ പ്രത്യേക സാഹചര്യത്തില്‍, പ്രതിസ്വത്വം (Counter Identity) എന്നു വിളിക്കാവുന്ന ഒന്നിന്റെ ആകൃതീകരണത്തിന് അത്യാവശ്യമായിരുന്നു. പക്ഷേ, ഭാഷ ഒരു സാമൂഹിക നിര്‍മ്മിതിയാണെന്ന ലളിതമായ കാരണത്താല്‍, പുനര്‍നിര്‍മ്മാണ മാധ്യമമാകാന്‍ യോഗ്യമായൊരു ഭാഷാവ്യവസ്ഥയുണ്ടാക്കാന്‍ ആഗ്‌നേക്ക് കഴിഞ്ഞില്ല; കഴിയുമായിരുന്നില്ല; വ്യക്തികള്‍ക്കത് കഴിയില്ല. സത്യത്തില്‍, അത് സാധിച്ചിരുന്നെങ്കില്‍, തന്റെ മുഴുവന്‍ യത്‌നവും പാഴാകുമായിരുന്നു. കാരണം, ആദ്യം തൊട്ടേ നിലവിലുണ്ടായിരുന്നതെന്നമട്ടില്‍ പ്രത്യക്ഷപ്പെട്ടും സ്വീകരിക്കപ്പെട്ടും കൊണ്ടിരുന്നൊരു പുതിയ സ്വത്വത്തെ ആസ്പദിച്ചുള്ളതായിരുന്നു തന്റെ യത്‌നത്തിന്റെ ഫലപ്രാപ്തി.
പുതുതായി സ്വീകരിച്ചതുകൊണ്ടുമാത്രം മറ്റൊരു ഭാഷ പ്രതിഭാഷയാകില്ലെന്നതിന് തെളിവാണ് ആഗ്‌നേയുടെ കഥ. ഗത്യന്തര യാഥാര്‍ത്ഥ്യമെന്ന നിലയ്ക്ക് ഒരാള്‍ അംഗീകൃത യാഥാര്‍ത്ഥ്യത്തിനെതിരെ തെരഞ്ഞെടുക്കുന്ന യാഥാര്‍ത്ഥ്യം എപ്പോഴും ഒരു പ്രതിയാഥാര്‍ത്ഥ്യം (Counter Reality) ആകണമെന്നില്ല. അങ്ങനെ ആകുന്നേടത്തേ പ്രതിഭാഷ ആവിര്‍ഭവിക്കൂ.
തൊട്ടു തൊട്ടു കിടക്കുന്ന രണ്ടു രാജ്യങ്ങളുടെ കാര്യം മൊത്തത്തിലെടുത്താല്‍ അവയ്ക്കിടയിലെ അതിര്‍ത്തി സ്പര്‍ശബിന്ദുക്കളുടെ ഒരു നിരയാണ്
രണ്ടു ഭാഷകള്‍ക്കിടയിലെ ദൂരമല്ല, പിരിമുറുക്കവും കമ്പനവുമാണ് സൂക്ഷ്മപരിഗണനയില്‍ നിയാമകമായിത്തീരുന്നത്. അകലമെത്ര കൂടിയാലും, കൂട്ടിയാലും അപ്പുറത്തുള്ളത് ഇപ്പുറത്തുള്ളതിന്റെ രൂപകാത്മകമായൊരു വകഭേദമാണ്. (പോളണ്ടിലെ 'ഗ്രൈപ്സെര്‍ക്ക' പോളിഷ് ഭാഷയുടെ വകഭേദമാണ്. ആ ഭാഷയുടേതുമാത്രം).
എന്നല്ല, ആവശ്യമനുസരിച്ച് രണ്ടു യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ ഭാഷയ്ക്കും പ്രതിഭാഷയ്ക്കും ഇടയിലുള്ള ദൂരത്തിന്റെ പല ഖണ്ഡങ്ങളില്‍ പെരുമാറുക വഴി ഒരേ വ്യക്തിക്കുതന്നെ മാറി മാറി സമൂഹത്തിന്റെയും പ്രതിസമൂഹത്തിന്റെയും ഭാഗമാകാം. തടവറകള്‍ക്കു പുറത്തുള്ള അധോലോകനിവാസികളെ സംബന്ധിച്ചിടത്തോളം വ്യവസ്ഥാപിത സമൂഹത്തിലും 'രണ്ടാം ജീവിത'ത്തിലും മാറി മാറി വ്യാപരിക്കുന്നത് ഒരേ സമയത്ത് ഒരു പ്രത്യേകാവകാശവും അനുയോജനാവശ്യവുമാണ്.
ദൂരങ്ങളെയും അതിര്‍ത്തികളെയും വകഭേദങ്ങളെയും കുറിച്ച് പറയുമ്പോള്‍, മറ്റു ചില പ്രതിഭാഷാ വസ്തുതകള്‍ സ്വയം സന്ദര്‍ഭത്തിലേക്ക് കടന്നുവരുന്നു.
ഒരു പാഠം (text) പരിശോധിക്കുമ്പോള്‍ വായനയിലൂടെയോ കേള്‍വിയിലൂടെയോ സ്വാഭാവികമാകുന്ന തിരിച്ചറിവുകള്‍ക്ക് പ്രതിഭാഷ വഴങ്ങിത്തരില്ല. പ്രതിഭാഷയുടേതെന്ന് വ്യവച്ഛേദിക്കാവുന്ന സ്വഭാവലക്ഷണങ്ങള്‍ പാഠത്തില്‍ കണ്ടേക്കാം; ആകയാല്‍ ഒരു തലത്തിലല്ലെങ്കില്‍ മറ്റൊന്നില്‍ (ശബ്ദത്തിന്റെ/ശബ്ദകോശത്തിന്റെ/വ്യാകരണത്തിന്റെ തലത്തില്‍) ദൈനംദിന ഭാഷയുടെ രൂപകാത്മകമായൊരു വ്യതിചലനമാണതെന്ന് തോന്നിയേക്കാം. പക്ഷേ അവസാന വിശകലനത്തില്‍, ഇവിടെ തിരിച്ചറിയപ്പെട്ടതൊന്നും ഒരു പ്രതിഭാഷയ്ക്ക് അവര്‍ജ്യമല്ലെന്ന് നാം തിരിച്ചറിയുന്നു.
ചില ഭാഷാശാസ്ത്ര പണ്ഡിതന്മാര്‍ വാമൊഴി ഭേദങ്ങള്‍ക്കിടയിലെ 'അതിര്‍ത്തി സംഭവങ്ങള്‍' എന്ന നിലയ്ക്ക് പ്രതിഭാഷകളെ പരിഗണിക്കാറുണ്ട്. വളരെ പ്രകടമല്ലാത്ത ചില പ്രതിഭാഷാ വസ്തുതകള്‍ ഈ പരിഗണനയില്‍ വെളിപ്പെടാറുമുണ്ട്.
വ്യക്തിപരമായി ഇക്കാര്യത്തില്‍ എന്നെ ആകര്‍ഷിക്കുന്നത് നിര്‍വചനമനുസരിച്ചുതന്നെ അതിര്‍ത്തികള്‍ക്കുള്ള ദ്വന്ദ്വസ്വഭാവമാണ്. അഥവാ, ഉഭയസ്വഭാവം. തൊട്ടു തൊട്ടു കിടക്കുന്ന രണ്ടു രാജ്യങ്ങളുടെ കാര്യം മൊത്തത്തിലെടുത്താല്‍ അവയ്ക്കിടയിലെ അതിര്‍ത്തി സ്പര്‍ശബിന്ദുക്കളുടെ ഒരു നിരയാണ്. എന്നാല്‍, ഇതില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ കാര്യം മാത്രമെടുത്താല്‍ അതിര്‍ത്തി ഒരു അറ്റമാണ്. രാജ്യങ്ങളെക്കുറിച്ചല്ല നാം സംസാരിക്കുന്നതെങ്കില്‍ ഈ അറ്റം ഒരു ആത്യന്തികമാണ്. വാമൊഴിഭേദങ്ങള്‍ക്കിടയിലെ അതിര്‍ത്തി സംഭവം എന്ന നിലയ്ക്ക് പ്രതിഭാഷയുടെ ആത്യന്തികത ഇങ്ങനെയാണ്. പുറമേ, 'സംഭവം' അതിര്‍ത്തിയിലാകയാല്‍, അതില്‍ ഏറ്റുമുട്ടലും കൈകൊടുക്കലും പിന്‍വാങ്ങലുമെല്ലാമുണ്ട്. പ്രതിഭാഷ ഒരു ദൈനംദിന ഭാഷാ രൂപകമായാലും അതിന്റെ നിര്‍വചനം ഭാഷയില്‍നിന്നുള്ള വ്യതിചലനത്തിന്റെ വ്യാപ്തിയേയോ പ്രകൃതത്തേയോ ആസ്പദിച്ചുള്ളതല്ല. ഒരു ഭാഷയുടെ ഏതു വാമൊഴി ഭേദത്തില്‍നിന്നും വ്യത്യസ്തമാണ് പ്രതിഭാഷ.
സാമൂഹിക വാമൊഴികളേയും വ്യതിചലനബന്ധങ്ങളുടെ സങ്കീര്‍ണ്ണമായൊരു പടര്‍പ്പാണ്. എന്തെന്ന് സ്പഷ്ടമാക്കപ്പെട്ട സാഹചര്യങ്ങളില്‍, ശാബ്ദികവും നിഘണ്ടൂ വ്യാകരണപരവുമായ വ്യതിചലനങ്ങളുടെ തിരഞ്ഞെടുപ്പില്‍ കാണാവുന്ന പ്രവണതകളുടെ വ്യവസ്ഥാബദ്ധമായൊരു പാറ്റേണ്‍ ആണത്.
ഒരേ ഭാഷ സംസാരിക്കുന്നവരുടെ വാമൊഴികള്‍ തമ്മിലുള്ള വ്യത്യാസത്തിന്റെ ഊന്നല്‍ അവ വിനിമയം ചെയ്യുന്ന അര്‍ത്ഥങ്ങളിലല്ല (non semantic); ഒന്ന് മറ്റൊന്നില്‍നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു എന്നതിലാണ്, വ്യതിയാന സ്വഭാവത്തിലാണ്. പ്രതിഭാഷകളുടെ കാര്യം നേരേമറിച്ചാണ്. ഭാഷയെ അപേക്ഷിച്ച്, വിനിമയം ചെയ്യപ്പെടുന്ന അര്‍ത്ഥങ്ങളുടെ വ്യത്യസ്തതയിലാണ് അതിന്റെ ഊന്നല്‍.
ഭാഷാശാസ്ത്ര സങ്കേതങ്ങളുമായി പരിചയമുള്ളവര്‍ക്ക് വാമൊഴിയും പ്രതിഭാഷയും തമ്മിലുള്ള അന്തരം നിശിതമായി കാണാം. ഭാഷാ വൈവിധ്യം (language variety) എന്നു പറയുമ്പോള്‍ അവരുടെ മനസ്സിലുള്ളത് രണ്ടു വകകളാണ്. ഒന്ന് വാമൊഴി (ഡയലക്റ്റ്) മറ്റേത് റെജിസ്റ്റര്‍. നിര്‍ഭാഗ്യവശാല്‍, റെജിസ്റ്റര്‍ എന്ന വാക്ക് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുന്ന കാര്യത്തില്‍ ഞാന്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. പക്ഷേ, ഭാഗ്യവശാല്‍, റെജിസ്റ്റര്‍ എന്ന സങ്കല്പം എളുപ്പത്തില്‍ വിശദീകരിക്കാം.
ഡയലെക്റ്റിനെ സംബന്ധിച്ച നിര്‍ണ്ണായക ചോദ്യം:
നിങ്ങള്‍ ആരാണ്? എന്നുവെച്ചാല്‍: നിങ്ങള്‍ ഏതു സാമൂഹിക വര്‍ഗ്ഗത്തില്‍/ജാതിയില്‍/മതത്തില്‍ പെടുന്നു? നിങ്ങള്‍ നഗരവാസിയോ നാട്ടിന്‍പുറത്തുകാരനോ? ആണോ പെണ്ണോ? എത്ര വയസ്സായി? ഏതു തലമുറയില്‍പ്പെടുന്നു? മറ്റും മറ്റും.
റെജിസ്റ്ററിനെ സംബന്ധിച്ച നിര്‍ണായക ചോദ്യം:
നിങ്ങള്‍ ഇപ്പോള്‍ എന്തുചെയ്യുന്നു? എന്നുവെച്ചാല്‍: ഏതു വിഷയത്തെപ്പറ്റി സംസാരിക്കാനാണ്. അല്ലെങ്കില്‍, ഏതു പ്രവൃത്തിയുമായി ബന്ധിപ്പിച്ചാണ് നിങ്ങള്‍ ഭാഷ ഉപയോഗിക്കുന്നത്. നിങ്ങള്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഗവേഷണം നടത്തുന്ന ഒരാളാണെങ്കില്‍, അതേ വിഷയത്തെക്കുറിച്ചുള്ള സംഭാഷണത്തിലാണ് നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നതെങ്കില്‍, ആരോടാണ് നിങ്ങള്‍ സംസാരിക്കുന്നത്? സഹപ്രവര്‍ത്തകരോടോ, ഒരുകൂട്ടം വിദ്യാര്‍ത്ഥികളോടോ, സാക്ഷാല്‍ ബില്‍ഗേറ്റ്‌സിനോടോ? (നിങ്ങളുടെ 'റോള്‍') ഒരുപക്ഷേ, നിങ്ങള്‍ മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചില പുതിയ ആശയങ്ങള്‍ പുറത്തിടുകയാവാം. എങ്കില്‍, നിങ്ങള്‍ എഴുതുകയാണോ സംസാരിക്കുകയാണോ? (എഴുത്തിന്റെ ഭാഷയ്ക്ക് 'ലെക്സിക്കല്‍' സാന്ദ്രത കൂടും). ഇനി, ഉരുളക്കിഴങ്ങ് എങ്ങനെ പൊരിക്കാം എന്നതാണ് നിങ്ങളുടെ വിഷയമെങ്കില്‍, നിങ്ങള്‍ വീട്ടിനുപുറത്ത് എവിടെയെങ്കിലുമിരുന്ന് വാചികമായൊരു 'റെസിപി' നല്‍കുകയാണോ, അതോ, അടുക്കളയില്‍ക്കയറി ഉരുളക്കിഴങ്ങു പൊരിച്ചുകൊണ്ട് മറ്റൊരാളെ പഠിപ്പിക്കയാണോ?
ഈ ഉരുളക്കിഴങ്ങ് പൊരിക്കല്‍ ഒരു തമാശയല്ല. ചില ഭാഷാശാസ്ത്രപണ്ഡിതന്മാര്‍ റെജിസ്റ്ററിനെക്കുറിച്ചുള്ള ഏറ്റവും ഗഹനമായ ചില സങ്കല്പങ്ങളിലെത്തിയത് റഷ്യയില്‍ നടന്നൊരു പരീക്ഷണത്തില്‍ ശരിക്കും ഉരുളക്കിഴങ്ങ് പൊരിച്ചവരുടെ സംഭാഷണം രേഖപ്പെടുത്തിയ ടേപ്പ് സൃഷ്ടിച്ച തമാശയില്‍നിന്നാണ്. അവരിലൊരാള്‍ (Jean Ure) ഏതാണ്ടിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
''ശബ്ദരേഖയിലുണ്ടായിരുന്നത് ഉരുളക്കിഴങ്ങ് പൊരിക്കുന്നവരുടെ സംഭാഷണമായിരുന്നു. സംഭാഷണം ഉരുളക്കിഴങ്ങ് പൊരിക്കുന്നതിനെക്കുറിച്ചു തന്നെയായിരുന്നു. പക്ഷേ, ശബ്ദരേഖയില്‍ 'ഉരുളക്കിഴങ്ങ്', 'പൊരിക്കല്‍' തുടങ്ങിയ വാക്കുകള്‍ കേള്‍ക്കാനില്ലായിരുന്നതുകൊണ്ട്, സംഭവം നടക്കുമ്പോള്‍ അടുക്കളയില്‍ ഇല്ലാതിരുന്നവര്‍ക്കെല്ലാം ആ സംഭാഷണം വളരെ ദുരൂഹമായിത്തോന്നി.''
സാഹിത്യവസ്തുതകളേക്കാള്‍ പ്രധാനമായൊരു ഭാഷാശാസ്ത്ര വസ്തുത ഉരുളക്കിഴങ്ങു പൊരിക്കലിലുണ്ട്
പാഠസൃഷ്ടിയുടെ റെജിസ്റ്ററും പാഠവ്യാഖ്യാനത്തിന്റെ റെജിസ്റ്ററും വ്യത്യസ്തമാകുമ്പോള്‍ ആശയക്കുഴപ്പം അനിവാര്യമാണെന്ന സാഹിത്യവസ്തുത മാത്രമല്ല ഇതു സൂചിപ്പിക്കുന്നത്. സാഹിത്യവസ്തുതകളേക്കാള്‍ പ്രധാനമായൊരു ഭാഷാശാസ്ത്ര വസ്തുത ഈ ഉരുളക്കിഴങ്ങു പൊരിക്കലിലുണ്ട്. അതാകട്ടെ പൊരിച്ച ഉരുളക്കിഴങ്ങിനെ ഒരാള്‍ തന്നെ ഒരു റെജിസ്റ്ററില്‍നിന്ന് 'ചിപ്സ്' എന്നും മറ്റൊരു റെജിസ്റ്ററില്‍നിന്ന് 'ഫ്രെഞ്ച് ഫ്രൈഡ് പൊട്ടറ്റോസ്' എന്നും വിളിക്കുന്നതിനെക്കുറിച്ച് മാത്രമല്ല, മറ്റൊരു മാര്‍മ്മിക വസ്തുതയുണ്ട്. വിഷയത്തിന്റെ, പ്രമേയത്തിന്റെ ഇതിവൃത്തത്തിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് ഭാഷയെന്ന സങ്കല്പം മൂഢവും അയുക്തികവുമാണ്. ഏതാണ്ട് എഴുപതു വര്‍ഷം മുന്‍പ് മലിനോവ്സ്‌കി കണ്ടെത്തിയ ഈ വസ്തുത ഇവിടെ വീണ്ടും അവതരിപ്പിക്കേണ്ടിവരുന്നത് വലിയൊരു ഗതികേടാണ്. ഏതായാലും, ഡയലെക്റ്റ്‌സും റെജിസ്റ്ററും തമ്മിലുള്ള വ്യത്യാസം കൂടുതല്‍ അടുത്തുനിന്നു കാണാന്‍ ഇപ്പോള്‍ നമുക്കു കഴിയും.
അടുത്ത നേട്ടം രണ്ടു ഡയലെക്റ്റുകള്‍ തമ്മിലുള്ള വ്യത്യാസത്തിലും രണ്ടു റെജിസ്റ്ററുകള്‍ തമ്മിലുള്ള വ്യത്യാസത്തിലുമാണ്. ആദ്യത്തേത് അര്‍ത്ഥമൊഴികെ മറ്റെല്ലാ ഭാഷഘടകങ്ങളേയും (phonetics, phonology, lexicogrammar) ആശ്രയിച്ചിരിക്കുമ്പോള്‍, രണ്ടാമത്തേത് അര്‍ത്ഥമുള്‍പ്പെടെ എല്ലാ ഭാഷാഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു. ഈ താരതമ്യത്തില്‍ പ്രതിഭാഷകള്‍ക്ക് റെജിസ്റ്ററിനോടാണ് കൂടുതല്‍ ചാര്‍ച്ച. എന്നാല്‍, അതേസമയത്ത്, ഒരു പ്രതിഭാഷ വാമൊഴിയുടെ ആത്യന്തികമാണ്, മറിച്ച്, റെജിസ്റ്ററിന്റെ ആത്യന്തികമല്ല (അതിര്‍ത്തി സംഭവങ്ങളുടെ ഇരട്ട സ്വഭാവത്തെക്കുറിച്ച് മുന്‍പൊരിടത്ത് പറഞ്ഞ കാര്യങ്ങള്‍ ഈ താരതമ്യവുമായി തട്ടിച്ചുനോക്കുക കൗതുകകരമായിരിക്കും).
വേറൊരു ഭാഷാശാസ്ത്ര സങ്കേതം കൂടി പരിഗണിക്കാം: കോഡ്. ചില സന്ദര്‍ഭങ്ങളില്‍ റെജിസ്റ്റര്‍ എന്ന വാക്കിനു പകരംവെയ്ക്കാമെങ്കിലും ഭാഷാ വകഭേദങ്ങള്‍ക്കപ്പുറത്തുള്ളൊരു വലിയ സങ്കല്പമാണത്. സാമൂഹിക വ്യവസ്ഥ ജനിപ്പിക്കുന്ന അര്‍ത്ഥങ്ങളുടെ പ്രതീകാത്മക ക്രമത്തിന്റെയും സാമൂഹിക ചിഹ്ന വ്യവസ്ഥയുടെയും വകഭേദമാണത്. കോഡുകള്‍ ഏറ്റവും പ്രാഥമികമായ സാമൂഹികീകരണ കേന്ദ്രങ്ങളിലൂടെ (കുടുംബത്തിലൂടെ, സമപ്രായക്കാരുടെ സംഘങ്ങളിലൂടെ, മറ്റും മറ്റും) പ്രവര്‍ത്തിച്ച് ഒരു സംസ്‌കാരത്തിന്റെയോ ഉപസംസ്‌കാരത്തിന്റെയോ അടിസ്ഥാന പ്രമാണങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നു. അഥവാ, അങ്ങനെയൊരു പ്രക്ഷേപണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. അങ്ങനെ ഏതു ഗംഭീര ഭാഷാശാസ്ത്ര പദ്ധതിയുടെയും കൊക്കിലൊതുങ്ങാത്തത്രയും സാമൂഹിക മാനങ്ങള്‍ കോഡുകള്‍ക്കുണ്ട്. കൊക്കില്‍ ഒതുങ്ങാവുന്ന അളവുകളിലേക്ക് ഒരു കോഡിനെ മാറ്റിയാല്‍ അതെന്താകുമോ അതാണൊരു റെജിസ്റ്റര്‍ മാത്രമല്ല, ഭാഷയ്ക്കുള്ളില്‍ കോഡ് യാഥാര്‍ത്ഥീകരണം സാധിക്കുന്നത് റെജിസ്റ്ററിലൂടെയാണ്.
രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളേക്കാള്‍ കരുത്തും കാര്‍മ്മിക നിഷ്‌ക്കര്‍ഷയുമുള്ളൊരു ഭാഷാ പ്രത്യയശാസ്ത്രത്തിലൂടെ ബാസില്‍ ബേണ്‍സ്‌റ്റൈന്‍ സാധിച്ച കലാപത്തിന്റെ ഫലമായാണ് കോഡിന് അതര്‍ഹിക്കുന്ന സാമൂഹിക അര്‍ത്ഥവ്യാപ്തി വകവെച്ചു കിട്ടിയത്. വാസ്തവത്തില്‍, ഏറെക്കുറെ ബേണ്‍സ്‌റ്റൈന്റെ കോഡ് തന്നെയാണ് പ്രതിഭാഷ. ഈ വീക്ഷണത്തെ കുറേക്കൂടി നാടകീയമായി അവതരിപ്പിക്കാം. മുകളില്‍ ഒരിടത്ത് വാമൊഴിക്ക് നല്‍കിയ വിശേഷണവും അതേ വടിവില്‍ പ്രതിഭാഷയ്ക്ക് നല്‍കാവുന്ന വിശേഷണം അടുത്തടുത്തു വയ്ക്കുക.
വാമൊഴി- ''എന്തെന്ന് സ്പഷ്ടമാക്കപ്പെട്ട സാഹചര്യങ്ങളില്‍ ശാബ്ദികവും നിഘണ്ടൂ വ്യാകരണപരവുമായ വ്യതിചലനങ്ങളുടെ തിരഞ്ഞെടുപ്പില്‍ കാണാവുന്ന പ്രവണതകളുടെ വ്യവസ്ഥാബദ്ധമായൊരു പാറ്റേണ്‍.''
പ്രതിഭാഷ- ''എന്തെന്ന് സ്പഷ്ടമാക്കപ്പെട്ട സാഹചര്യങ്ങളില്‍, അര്‍ത്ഥപരമായ വ്യതിചലനങ്ങളുടെ തിരഞ്ഞെടുപ്പില്‍ കാണാവുന്ന പ്രവണതകളുടെ വ്യവസ്ഥാബദ്ധമായൊരു പാറ്റേണ്‍.''
രണ്ടാമത് പറഞ്ഞത് കോഡിന് നല്‍കാവുന്ന നിര്‍വ്വചനം കൂടിയാണ്. അതില്‍ ''എന്തെന്നു സ്പഷ്ടമാക്കപ്പെട്ട സാചര്യങ്ങള്‍'' ഒരറ്റത്ത് സാമൂഹികവും മറ്റേ അറ്റത്ത് ഭാഷാപരവുമാണ്.
ഇനി, പ്രതിഭാഷയെ കോഡുകള്‍ക്കിടയിലെ ഒരു 'അതിര്‍ത്തി സംഭവം' എന്നു വ്യാഖ്യാനിച്ചാലോ? ആ നിലയ്ക്കും പ്രതിഭാഷയ്ക്ക് ആത്യന്തിക സ്വഭാവം. പക്ഷേ, ഇത്തവണ മറ്റൊരു കാരണത്താല്‍. പ്രതിഭാഷ സാക്ഷാല്‍ക്കരിക്കുന്ന വ്യക്തിനിഷ്ഠ യാഥാര്‍ത്ഥ്യം എല്ലാവരും അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്കുള്ള വെറുമൊരു വീക്ഷണകോണോ, ഏതെങ്കിലും ഉപസംസ്‌കാരത്തിന്റെ വ്യതിയാനമോ അല്ല, മറിച്ച്, സമ്പൂര്‍ണ്ണവും സപ്രജ്ഞവുമായൊരു പ്രതിസംസ്‌കാരം തന്നെയാണ്.
എന്നാല്‍, ഈ നിരീക്ഷണം പോലും ആപേക്ഷികം മാത്രമാവാം. എന്തെന്നാല്‍, തികച്ചും വേര്‍തിരിച്ചു കാണിക്കാവുന്നൊരു ഇനം അല്ല പ്രതിഭാഷ. മറിച്ച്, ഏതു വ്യതിയാന മാതൃകയോടും ഏറെക്കുറെ അടുക്കുന്നൊരു ഇനമാണ്- വ്യത്യസ്തമായ ഏതുതരം ഉരുളക്കിഴങ്ങ് പൊരിക്കലിനോടും!
ആലീസിന്റെ കണ്ണാടിയില്‍
ബംഗാളില്‍ അധോലോക ഭാഷ ഉപയോഗിക്കുന്ന മൂന്നു വിഭാഗങ്ങളെ മല്ലിക് ഇനം തിരിച്ചുപറയുന്നുണ്ട്:
ക്രിമിനലുകള്‍
അര്‍ദ്ധക്രിമിനലുകള്‍
വിദ്യാര്‍ത്ഥികള്‍
പക്ഷേ, ഇവരുടെ പ്രതിഭാഷാ പ്രയോഗത്തില്‍ വളരെ പ്രധാനമായ, പ്രതിനിധാനാത്മകമായ, അന്തരങ്ങളും മല്ലിക് പിടിച്ചെടുക്കുന്നു. പ്രതിഭാഷ സംസാരിക്കുന്ന ക്രിമിനലുകളുടെ ഉച്ചാരണത്തില്‍ ചില സ്വരപ്പകര്‍ച്ചകളുണ്ട്. അവരെ സംബന്ധിച്ച് ഭാഷാപ്രയോഗത്തില്‍ ശബ്ദതലത്തിന്മേലുള്ള ഊന്നല്‍ എത്ര പ്രധാനമെന്ന് ഇത് സൂചിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളാവട്ടെ, ഉച്ചാരണത്തെ സംബന്ധിച്ചേടത്തോളം, ഭാഷ ഉപയോഗിക്കുന്നത്രയും സ്വാഭാവികമായിട്ടാണ് പ്രതിഭാഷ ഉപയോഗിക്കുന്നത്. ഇതിനു കാരണം കണ്ടെത്താന്‍ പ്രയാസമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ശാബ്ദിക പരിഗണനകള്‍ക്കപ്പുറം അവരുടെ താല്പര്യം പ്രതിഭാഷയുടെ രഹസ്യസ്വഭാവത്തിലാണ്. ഒരു നിഗൂഢകര്‍മ്മത്തില്‍ ഏര്‍പ്പെടുന്നതിലെ ചാരിതാര്‍ത്ഥ്യത്തിലാണ്.
ഈ വിഷയം ഇനിയൊരദ്ധ്യായത്തില്‍ പ്രത്യേകിച്ച് പരിഗണിക്കുന്നതുകൊണ്ട് ഇവിടെ കൂടുതല്‍ വിവരിക്കുന്നില്ല. പക്ഷേ, ഇവിടെത്തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു വശമുണ്ട്. വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ ഭാഗമായിരുന്നിട്ടും പ്രതിഭാഷ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരില്‍ ചില പ്രതിസമൂഹ പ്രവണതകളുണ്ട്.
ഈ നിരീക്ഷണത്തിലൂടെയും അല്ലാതെയും ഒരു കാര്യം കണ്ടെത്താം. ഭാഷയ്ക്കും പ്രതിഭാഷയ്ക്കും ഇടയിലുള്ളത് ഒരു ഗര്‍ത്തമല്ല, തുടര്‍ച്ചയാണ്. സമൂഹത്തിനും പ്രതിസമൂഹത്തിനും ഇടയിലെ നൈരന്തര്യം തന്നെയാണത്. പക്ഷേ, ഏതു നിമിഷത്തിലും പൊട്ടിപ്പോകുമെന്നു തോന്നിക്കുന്നത്രയും വലിഞ്ഞു മുറുകിയതും വിഹ്വലവുമായ ഒരു തുടര്‍ച്ച. അന്തസ്ഥിതമായ 'സെമിയോട്ടിക്' ഒന്നുതന്നെയെങ്കിലും. രണ്ടു വ്യത്യസ്ത യാഥാര്‍ത്ഥ്യങ്ങളാണ് അപ്പുറത്തും ഇപ്പുറത്തുമായുള്ളതെന്ന് അത് സദാ ശല്യപ്പെടുത്തും വിധം ഇരുവശത്തുമുള്ളവരെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു- ഒരേയൊരു സാമൂഹിക വ്യവസ്ഥയുടെ ഭാഗമായ രണ്ടു വിപരീത സാമൂഹിക ഘടനകള്‍!
വൈയക്തിക യാഥാര്‍ത്ഥ്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനുള്ള ഉപാധിയെന്ന നിലയില്‍ക്കവിഞ്ഞ് ഈ യാഥാര്‍ത്ഥ്യം എല്ലാ നിറങ്ങളിലും പ്രകാശിപ്പിക്കുന്നതിനപ്പുറത്ത് അതിന്റെ സൃഷ്ടിസ്ഥിതികര്‍മങ്ങള്‍ കൂടി ഏറ്റെടുത്ത് നിര്‍വഹിക്കയാല്‍, പ്രതിഭാഷ ഭാഷയെപ്പോലെത്തന്നെയാണ്, സാമൂഹികഘടനയേയും ഉച്ചനീചത്വ വ്യവസ്ഥകളെയും അത് മുന്‍തലത്തിലേക്ക് തള്ളുന്നതെങ്ങനെയെന്ന് നാം കണ്ടു. ഈ ഹയറാര്‍ക്കിയുടെ അനുഷ്ഠാന രൂപേണയുള്ള പ്രവര്‍ത്തനത്തിലൂടെ തനിമയുടെയും സ്വത്വത്തിന്റെയും വ്യതിരിക്തതതയുടെയും പ്രതിരോധത്തിലും പ്രക്ഷേപത്തിലുമുള്ള നിഷ്‌ക്കര്‍ഷ എന്തുമാത്രമത് വ്യഞ്ജിപ്പിക്കുന്നുവെന്നും നാം കണ്ടു. അതിന്റെ വെളിച്ചത്തില്‍ ഇന്‍ഫോമേഷന്‍, വിജ്ഞാനം എന്നിവയെ സംബന്ധിച്ച് നൂതനമായൊരു സങ്കല്പം അതെങ്ങനെ അവതരിപ്പിക്കുന്നുവെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. സ്വകാര്യതയുടെയും നിഗൂഢതയുടെയും ഇതിവൃത്തങ്ങള്‍ ഇവിടെയാണ് സ്വയം വെളിപ്പെടുത്തുന്നത്.
സ്വകാര്യവും നിഗൂഢവുമാണ് പ്രതിഭാഷ. കാരണം, അതിന്റെ നിര്‍മാണദ്രവ്യവും നിര്‍മിതിയുമായ യാഥാര്‍ത്ഥ്യം സ്വകാര്യവും നിഗൂഢവുമാണ്. ഇവിടെയും വൈയക്തിക വാചിക വ്യാപാരങ്ങളില്‍ അതിനൊരു പ്രതിരൂപം കാണാം- ആരുമറിയാതെ എന്തെങ്കിലും കാര്യങ്ങള്‍ ഗുപ്യമായി സൂക്ഷിക്കാനാഗ്രഹിക്കുന്നവര്‍ ഇന്‍ഫോമേഷന്‍ പരിപാകം ചെയ്യാനുപയോഗിക്കുന്ന സാങ്കേതിക രീതികളില്‍ (ജനാധിപത്യ ദൗത്യങ്ങളുള്ള ഭരണകൂടങ്ങള്‍ക്കുപോലും സൈന്യങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയ വിഷയങ്ങളോടടുക്കുമ്പോള്‍ ലക്ഷ്മണരേഖ വരച്ച് ബഹുജനത്തെ തീണ്ടാപ്പുറത്ത് നിര്‍ത്തേണ്ടി വരുന്നത് നമ്മുടെ രാഷ്ട്രീയ പ്രബുദ്ധമായ നൂറ്റാണ്ടിന്റെ ഒരു വന്‍കിട ഐറണിയാണ്).
ഇത്തരമൊരു പ്രകരണത്തില്‍, സാമൂഹിക അഖണ്ഡതയ്ക്കുള്ളില്‍ സാമൂഹികാര്‍ത്ഥങ്ങള്‍ ഇന്ത്യയിലെ പഴയ നാട്ടുരാജാക്കന്മാരെപ്പോലെ അന്യോന്യം ഇടഞ്ഞുനില്‍ക്കുന്നു. മൂല്യങ്ങളെ നിര്‍ണ്ണയിക്കാന്‍ അവയെന്ത് എന്നതിനുപകരം എന്തല്ല എന്നതിനെ അവലംബിക്കേണ്ടി വരുന്നൊരു സാഹചര്യമാണിത്. ആലീസിന്റെ നോക്കുകണ്ണാടി ലോകമാണ് ഹാലിഡേയുടെ ദൃഷ്ടാന്തം. അതിനകത്ത് നിങ്ങള്‍ പുറകോട്ടു ജീവിക്കുന്നു, വസ്തുക്കള്‍ക്കു നേരെ നടന്നടുക്കും തോറും അവ കൂടുതല്‍ക്കൂടുതല്‍ പിന്നിലേക്ക് നീങ്ങുന്നു.
ഈ സാഹചര്യത്തിലാണ് ഒരു പ്രതിസമൂഹപൗരന്‍ പ്രതിഭാഷയുടെ ആതിഥേയത്വം ഇച്ഛിക്കുന്നത്. സമൂഹത്തിന്റെ വാക്കുകളേയും ചിഹ്നങ്ങളേയും പ്രതീകങ്ങളേയും പുനരര്‍ത്ഥകരണത്തിന് വിധേയമാക്കുന്നത്.
ഒരിക്കല്‍ക്കൂടി, പോളണ്ടിലെ 'രണ്ടാം ജീവിത' ദൃശ്യങ്ങളെ ഒരു സാര്‍വലൗകിക വിക്ഷേപമാക്കുക. ഒരു പ്രതിസമൂഹവും അതിന്റെ ആചാരങ്ങളും വിനിമയങ്ങളും സാമൂഹികത തന്നെയുമായ 'രണ്ടാം ജീവിതം' ഇരുമ്പഴികള്‍ക്കു പിന്നിലെ വ്യക്തിക്കുവേണ്ടി എന്തുചെയ്യുന്നു? എല്ലാ വിനാശഭീഷണികള്‍ക്കുമെതിരെ അവന്റെ സ്വത്വത്തെ അടിവരയിട്ട് കാണിക്കയും സംരക്ഷിക്കയും ചെയ്യുന്നു.
ആധുനിക ചിന്തയില്‍ ഒട്ടും അപൂര്‍വമല്ലാത്തൊരു പ്രമേയമാണിത്. ഒന്നും യഥാര്‍ത്ഥമല്ലാത്തൊരു ലോകത്തില്‍, അഥവാ, യഥാര്‍ത്ഥമായി ഒന്നുമില്ലാത്തൊരു ലോകത്തില്‍, മനുഷ്യന്റെ പദവി ഒരു വസ്തുവിന്റെ പദവിയാകുന്നു. എലിസബത്ത് റാണിയുടെ ഇംഗ്ലണ്ടിലെ തെണ്ടിവര്‍ഗത്തിന്റെ 'പെല്‍റ്റിങ്ങ്' മൊഴിയില്‍ കളവുമുതലിനെ കുറിക്കാന്‍ ഒരു വാക്കുണ്ട്: കുപ്പ. അഴികള്‍ക്കു പിന്നിലുള്ളത് കുപ്പയാണ്. വസ്തു, വിസര്‍ജ്യവസ്തു, മലം. പ്രതിസമൂഹത്തിന്റെ പ്രവര്‍ത്തനദ്രവ്യം ഇങ്ങനെ അഴികള്‍ക്കു പിന്നിലേക്ക് തൂത്തെറിയപ്പെടുന്ന മലമാണെങ്കില്‍ അതില്‍നിന്ന് മലക്കറിയുണ്ടാക്കുക. പ്രതിഭാഷയുടെ മുള്ളങ്കിയും മൊട്ടക്കൂസും ഇങ്ങനെയുണ്ടാവുന്നു.
ഇതൊരു കേവല രൂപകപരമ്പരയാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ഒന്നോര്‍ക്കുക: വാസ്തവികതയുടെ നിലനില്പിന് രൂപകവും രൂപകത്തിന്റെ നിലനില്പിന് വാസ്തവികതയും അനിവാര്യമാകുന്നൊരു അഭേദാവസ്ഥയെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. മലത്തില്‍നിന്ന് മലക്കറിയുണ്ടാക്കുന്നതിനെക്കുറിച്ച് ഇവിടെ പറഞ്ഞത് അധോലോക കാര്യവിദഗ്ദ്ധന്മാര്‍ മറ്റൊരു ഭാഷയില്‍ പറയുന്നു: ദയനീയമായ ഒരവസ്ഥയെ സമ്മാന്യമായ ഒരവസ്ഥയാക്കി മാറ്റല്‍. ഇതിനു കഴിവുള്ള ചിലര്‍, കീഴ്മേല്‍ മറിഞ്ഞൊരു ലോകത്തിന്റെ സംസ്ഥാപനത്തിനായി ജ്വരാത്മക ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍, മറ്റുള്ളവരെ വസ്തുക്കളാക്കിക്കൊണ്ട് സ്വയം വസ്തുക്കളാകുന്നതില്‍നിന്ന് രക്ഷ പ്രാപിക്കുന്നു. ആകയാല്‍, ഫലപ്രാപ്തിയെ അപേക്ഷിച്ചും ഒരു ചെറുത്തു നില്പും പുനര്‍നിര്‍മാണ ഉപാധിയുമാണ് 'രണ്ടാം ജീവിതം'. ഒപ്പം അതൊരു തോടുമാണ്. അന്യോന്യം ബലപ്പെടുത്തുന്ന പല മര്‍ദ്ദനാത്മക ശക്തികള്‍ വ്യക്തിയെ ഉന്മൂലനാശം ചെയ്യുന്നതിനു മുന്‍പ് അവന്റെ സ്വത്വം ഈ തോടിനുള്ളിലേക്ക് പിന്‍വാങ്ങുന്നു. തോടിനുള്ളില്‍ അവനൊരു കടലും കരയും പണിയുന്നു. പിന്‍വാങ്ങല്‍ പലപ്പോഴും എതിര്‍ദിശയിലേക്കുള്ള മുന്നേറ്റമാണെന്നു പറയുന്നത് ഒരു സമര്‍ത്ഥവാക്യമാകണമെന്നില്ല. നാം ഇതിന്നിടയില്‍ വീണ്ടും വീണ്ടും കണ്ട 'ഫോര്‍ഗ്രൗണ്ടിങ്ങ്' ഈ മുന്നേറ്റം തന്നെയാണ്.
പുനര്‍നിര്‍മ്മാണത്തെക്കുറിച്ച് മുകളില്‍ പറഞ്ഞു. അത് വൃഷ്ടിതലത്തിലും സമഷ്ടിതലത്തിലും നടക്കുന്നു. ഗ്രൈപ്സെര്‍ക്കയ്ക്കും മറ്റു പ്രതിസംഹിതകള്‍ക്കും ഇങ്ങനെ മറ്റൊരു യാഥാര്‍ത്ഥ്യം നിര്‍മ്മിക്കാനും സംരക്ഷിക്കാനും കഴിയുമെങ്കില്‍ അതിന്റെ പൊരുള്‍ വളരെ ലളിതവും പ്രത്യക്ഷവുമാണ്. ഒരു പ്രതിഭാഷ ഭാഷയ്ക്കു തുല്യം തന്നെ. കാരണം, രണ്ടും യാഥാര്‍ത്ഥ്യ ജനകമായ വ്യവസ്ഥകളാണ്. ഒരു വ്യത്യാസം മാത്രം. പുറത്തെ സ്വതന്ത്ര സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ (അകത്തുള്ളവരെ സംബന്ധിച്ച് തികച്ചും ആത്മനിപഠമെങ്കില്‍പ്പോലും ഒരു നിലവാരമെന്ന നിലയ്ക്ക്, അളവുകോലെന്ന നിലയ്ക്ക്, സദാ പുനസ്ഥിരീകരണത്തിന് തയ്യാറെടുത്തു നില്‍ക്കുന്ന ആ ബാഹ്യയാഥാര്‍ത്ഥ്യത്തിന്റെ) നിരന്തരമായ പുറംതള്ളലിന് പാത്രമാകുന്നൊരു ഗത്യന്തരം എന്ന പദവിയാണ് പ്രതിഭാഷയുടേത്.
ന്യൂട്ടന്റെ നിയമം: ഈ പുറംതള്ളലിന്റെ ശക്തിയാണ് സര്‍വ ചമയങ്ങളോടെയും കുരവകളോടെയും മുന്‍തലം അടക്കിവാഴാന്‍ പ്രതിഭാഷയ്ക്കുള്ള വാസന, വൈഭവം. ഇതുതന്നെയാണ് നാം കണ്ട 'ഫോര്‍ഗ്രൗണ്ടിങ്ങ്'. ഇത് രണ്ടുവിധത്തില്‍ പ്രതിഭാഷയെ ബാധിക്കുന്നു. കര്‍ത്താവെന്ന നിലയ്ക്കും കര്‍മമെന്ന നിലയ്ക്കും പ്രതിഭാഷ ബാധിതമാകുന്നു.
കര്‍ത്താവെന്ന നിലയ്ക്ക്-
അര്‍ത്ഥകരണവും പുനരര്‍ത്ഥകരണവും കഴിഞ്ഞ് അത് പിന്നെയും മുന്നോട്ടു പോകേണ്ടിവരുന്നു. വാഗ്‌ബോണ്ടുകളുടെ 'പെല്‍റ്റിങ്ങ്' മൊഴി വീണ്ടും പരിശോധിച്ചാലറിയാം.
വാഗ്‌ബോണ്ടുകള്‍ക്കിടയിലെ മുഖ്യ ക്രിമിനല്‍ വിഭാഗങ്ങളെ കുറിക്കാന്‍ മാത്രം ഇരുപതില്‍പ്പരം സൂക്ഷ്മപദങ്ങളുള്ള ഈ ഭാഷ എത്രത്തോളം പര്യായസമൃദ്ധമെന്ന് ഇതിനു മുന്‍പ് നിരീക്ഷിച്ചതാണ്. പൂര്‍ണ്ണസംഖ്യകളില്‍ പിശുക്കു കാണിച്ച് ദശാംശസ്ഥാനങ്ങളില്‍ ധൂര്‍ത്തടിക്കുന്ന 'മൈക്രോ' ലോക ഖജാനയുടെ കുബേരത്വമാണത്. ഭാഷാശാസ്ത്രത്തിന്റെ നിഷ്‌കൃഷ്ട രീതിയില്‍ പറഞ്ഞാല്‍, ആ ഭാഷയിലെ വാക്കുകള്‍ ഒരു സവിശേഷ സാമൂഹിക റെജിസ്റ്ററിലെ സാങ്കേതിക അര്‍ദ്ധസാങ്കേതിക ഉപാധികളാണ്. ഒരു ക്രിമിനല്‍ ഉപസംസ്‌കാരത്തിന്റെ തൊഴില്‍ഭാഷ (jargon) പ്രതിഭാഷയാകുമെങ്കില്‍ മാത്രമേ 'പെല്‍റ്റിങ്ങ്' മൊഴിയിലെ പദങ്ങളെ പ്രതിഭാഷയുടെ പദവിയിലേക്ക് നീക്കാനാവൂ എന്നൊരു വാദമുണ്ട്. ഈ വാദം ഞാന്‍ പരിഗണിക്കുന്നില്ല. എന്റെ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ വേണ്ടിയല്ല, ധൃതിപിടിച്ച് മറ്റൊരു വാദത്തിലേക്ക് കടക്കാന്‍ വേണ്ടി.
അതിങ്ങനെ:
വാഗ്‌ബോണ്ടുകളുടെ ഭാഷയിലെ സാങ്കേതിക ഘടകങ്ങള്‍ അവര്‍ക്കൊരു 'ലാര്‍ജര്‍ ദാന്‍ ലൈഫ്' അനുഭവമാണ്. ആകയാലവ പുനരര്‍ത്ഥകരണം (relexicalisation) എന്നതിലേറെ അത്യര്‍ത്ഥകരണം (overlexicalisation) തന്നെയാണ്.
ആകയാല്‍-
കര്‍മ്മമെന്ന നിലയ്ക്ക്-
പ്രതിഭാഷ പലപ്പോഴും മറ്റൊന്നായി കാണപ്പെടുന്നു. രഹസ്യഭാഷകളില്‍ ആരോപിതമാകുന്ന അര്‍ത്ഥസമുച്ചയങ്ങളും തൊഴില്‍ഭാഷാ സങ്കേതങ്ങളും. ബദല്‍ സാമൂഹിക ഘടകങ്ങളിലേക്ക് നേരിട്ട് വിരല്‍ചൂണ്ടുന്ന നാടകീയാംഗ്യങ്ങളും, അതിന് ദാര്‍ഢ്യം നല്‍കുന്ന അതാര്യ സങ്കല്പങ്ങളും, അതിന്റെ ഉപയോഗതലത്തിലെ സര്‍വ തന്ത്രങ്ങളും തമാശകളും അഭ്യാസങ്ങളും മുന്‍തലത്തിലേക്ക് ആപല്‍ക്കരമായി ചായുന്ന ഗോപുരത്തിന്റെ ഗുരുത്വക്കേടും എല്ലാം ചേര്‍ന്ന് അതിനൊരു കോമിക്ക്/ഗിമിക്ക് പ്രതീതി നല്‍കുന്നു. ഒരു ബാഹ്യ നിരീക്ഷകന്‍, പ്രതിബദ്ധ സമൂഹപൗരന്‍, ഈ പ്രതീതിയില്‍ കവിഞ്ഞൊന്നും കാണാനിടയില്ല.
സത്യത്തില്‍ ചിരി അയാളുടെ മേലാണ്.
എന്തെന്നാല്‍, പ്രതിഭാഷായാഥാര്‍ത്ഥ്യത്തിന്റെ മറ്റൊരു വിശദാംശത്തിന്റെ സ്ഥിരീകരണമാണ് ഈ കോമിക്ക്/ഗിമിക്ക് പ്രതീതിയെന്ന് അയാള്‍ക്കു തിരിച്ചറിയാനാവില്ല. തിരിച്ചറിഞ്ഞാല്‍പ്പോലും, തന്നെ ബോധപൂര്‍വ്വം വിനിമയത്തില്‍നിന്ന് പുറംതള്ളുന്ന ധാര്‍ഷ്ഠ്യമാണ് ആ വിശദാംശമെന്ന് വിചാരിച്ച് അയാള്‍ പുറംതിരിഞ്ഞ് (അതോ തിരിച്ചോ?) നടക്കുകയും ചെയ്യും. ആകയാല്‍, പ്രതിഭാഷ അതിന്റെ കൃത്യം നിര്‍വഹിച്ച്, 'ദ പ്രോസിക്യൂഷന്‍ റെസ്റ്റ്‌സ്' എന്നു പറഞ്ഞ് വിരമിക്കുന്നത് അയാള്‍ക്ക് കാണാനാവുകയുമില്ല. അവിചാരിതമായി ഇതിലൊന്നുമില്ല. കാരണം, പുറത്തുള്ള സാക്ഷാല്‍ സമൂഹത്തിന്റെ ഭാഗമാണയാള്‍. ആ സമൂഹത്തിലെ യഥാര്‍ത്ഥമോ ആരോപിതമോ ആയ വ്യവസ്ഥാപിതത്വത്തിനു നേര്‍ക്ക് എത്രമേല്‍ കലാപമുയര്‍ത്തിയാലും അതിന്റെ തന്നെ ഒരു പോഷകഘടകമാണയാള്‍.
ഇത് വളരെ പ്രധാനമാണ്:
വ്യവസ്ഥാപിതത്വത്തിന്നെതിരെ പൊരുതുന്നവരെന്ന് സ്വയം കരുതുന്ന എഴുത്തുകാരും, ചിന്തകരും, സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും അവരുടെ പ്രത്യയശാസ്ത്ര നിഷ്‌ക്കളങ്കതയില്‍ മറന്നുപോകുന്നൊരു കാര്യമുണ്ട്. വ്യവസ്ഥാപിതത്വത്തെ ശരിക്കും എതിര്‍ക്കുന്നവര്‍ ക്രിമിനലുകള്‍ മാത്രമാണ്. ചിലപ്പോള്‍ കുട്ടികളും.
സ്വാഭാവികമായും, സാമൂഹികമായ ചെറുത്തുനില്പിലും പ്രക്ഷോഭത്തിലും ഉപയോഗിക്കപ്പെടുന്ന ഭാഷകളെല്ലാം പ്രതിഭാഷകളല്ല. എല്ലാ പ്രതിഭാഷകളും ചെറുത്തുനില്പിന്റേയും പ്രക്ഷോഭത്തിന്റേയും ഭാഷകളുമല്ല. പ്രതിസമൂഹ പൗരന്മാരല്ലാത്ത ചില ആഭിചാരക്കാരുടേയും മന്ത്രവാദികളുടേയും പഴയ മിസ്റ്റിക്കുകളുടെയും നിഗൂഢ ഭാഷകള്‍ (arcane languages) പ്രതിഭാഷകളായാണ് പരിഗണിക്കപ്പെടുന്നത്.
ചുവരെഴുത്തുകളാകട്ടെ ചിലപ്പോള്‍ ഭാഷയാണ്, ചിലപ്പോള്‍ പ്രതിഭാഷയാണ്, ചിലപ്പോള്‍ ഒരേ സമയത്ത് രണ്ടുമാണ്. സാമാന്യമായി പറഞ്ഞാല്‍ ചുവരെഴുത്തുകളുടെ മുഖ്യ പ്രമേയങ്ങള്‍ രണ്ടാണ്: സെക്സ്, പോളിറ്റിക്സ്. ഇവ രണ്ടും പ്രതിഭാഷകാരന്മാര്‍ക്കും ഏറ്റവും പ്രലോഭനകരമായ പ്രമേയങ്ങളാണ്.
ചുവരെഴുത്ത് ചിലപ്പോള്‍ അധോലോക കവാടത്തിലെ ഒരു വിള്ളലിലൂടെ തലകീഴായി വിക്ഷേപിക്കപ്പെടുന്ന ബിംബമാണ്, ആകയാല്‍ പ്രതിഭാഷയുടെ ഏറ്റവും പരസ്യമായ ബിംബവും.
ഒരുകാലത്ത് നടുരാത്രികളില്‍ രഹസ്യമായി നക്സലൈറ്റുകളുടെ മാവോ സൂക്തങ്ങള്‍ക്കായി കാത്തുനിന്ന മതിലുകളെ പകല്‍വെട്ടത്തില്‍ പരസ്യങ്ങള്‍ കയ്യേറുകയാണ്
ഒടുക്കം ഗ്രാഫിറ്റി
ചുവരെഴുത്തുകാര്‍ തിരോഭവിക്കയാണ് സുഹൃത്തുക്കളെ!
അഥവാ, നിങ്ങളത് ശ്രദ്ധിച്ചിട്ടില്ലെന്നുണ്ടോ? സവാരിക്കുതിരകളെപ്പോലെ മുഖത്തിന്റെ ഇരുവശത്തും കണ്‍മറകള്‍ ഇല്ലാതെയാണ് സഞ്ചരിക്കുന്നതെങ്കില്‍, കമ്പോള സംസ്‌കാരത്തിന്റെ ഇടപെടല്‍ കാരണം നമ്മുടെ പാതയോരക്കാഴ്ചകളിലുണ്ടായ ഏറ്റവും വലിയ മാറ്റം നിങ്ങള്‍ ശ്രദ്ധിച്ചില്ലെന്ന് വരുമോ?
ചുവരെഴുത്തുകള്‍ക്ക് ഇടം നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്.
പാതയുടെ ഇരുവശത്തുമുള്ള മതിലുകളെ കച്ചവടക്കാര്‍ ചതുരംചതുരമായി വാടകയ്‌ക്കെടുക്കുകയാണ്. അവര്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്ന ചരക്കുകളുടെ പരസ്യമെഴുതാന്‍. ഹോര്‍ഡിങ്ങ്! ഞാന്‍ ആദ്യമായി പരിചയപ്പെടുമ്പോള്‍ ആ വാക്കിനര്‍ത്ഥം പൂഴ്ത്തിവെയ്പ് എന്നായിരുന്നു. ഇപ്പോള്‍ അതൊരുതരം വാഴ്ത്തിവെപ്പാണ്. പഴയ കളിമൈതാനങ്ങള്‍ കയ്യേറുന്ന 'ഹൈറൈയ്സ്' കെട്ടിടങ്ങള്‍ പോലെ, ഒരുകാലത്ത് നടുരാത്രികളില്‍ രഹസ്യമായി നക്സലൈറ്റുകളുടെ മാവോ സൂക്തങ്ങള്‍ക്കായി കാത്തുനിന്ന മതിലുകളെ പകല്‍വെട്ടത്തില്‍ പരസ്യങ്ങള്‍ കയ്യേറുകയാണ്. ഈ വിധം ചിന്തകളെ നിങ്ങളെന്താണ് വിളിക്കുക? ഗൃഹാതുരത്വമെന്നോ, ഭൂതരതിയെന്നോ?
ആകട്ടെ, ചുവരെഴുത്തില്‍നിന്ന് വേര്‍പ്പെടുത്തി അതിനെ കാണാന്‍ നിങ്ങള്‍ക്ക് കഴിയുമോ? ആരാന്റെ മതിലില്‍, അല്ലെങ്കില്‍, പള്ളിക്കൂടത്തിലെ മൂത്രപ്പുരയുടെ ചുവരില്‍, നിങ്ങള്‍ ആദ്യമായി നടത്തിയ ചുവരെഴുത്ത്, അല്ലെങ്കില്‍, നിങ്ങള്‍ രഹസ്യമായി വായിച്ചാസ്വദിച്ച ചുവരെഴുത്ത് - അത് നിങ്ങള്‍ മറന്നുപോയോ? അത് കേവല ഗൃഹാതുരത്വമായിരുന്നില്ല, മറിച്ച്, ഒരു താല്‍ക്കാലിക പ്രതിസമൂഹ മനസ്സിന്റെ സ്ഖലനമായിരുന്നു.
എന്റെ 'ചില ചുവരെഴുത്തുകള്‍' എന്ന കവിതയാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്. ഈ പ്രതിഭാഷാപഠനം തുടങ്ങുന്നതിന് എത്രയോ മുന്‍പാണ് ഞാന്‍ അതെഴുതിയത്. ഒരു വെളിപാടിന്റെയോ നിയോഗത്തിന്റെയോ നിമിഷങ്ങളില്‍ ആയിരുന്നിരിക്കണം. ആകയാല്‍, ഒരു പ്രതികവിതയല്ലെങ്കിലും, ചില ചില കാര്യങ്ങളിലേക്ക് കടന്നുചെല്ലാന്‍ ഞാനത് ഇവിടെ പകര്‍ത്തുകയാണ്.
-കഴുതകള്‍ കടിച്ചുകീറുന്ന ചുവര്‍പ്പരസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ ചരിത്രത്തിന്റെ നഗ്‌നത വെളിപ്പെടുത്തുന്നു.
-ചുവര്‍പ്പരസ്യങ്ങളില്‍ കവിതയുണ്ട്; മൂത്രപ്പുരയില്‍ ധൃതിയില്‍ എഴുതപ്പെടുന്ന പെന്‍സില്‍ക്കുറിപ്പുകളിലും.
-ലണ്ടനില്‍, ഹിത്‌റോ വിമാനത്താവളത്തില്‍ വേണ്ടത്ര യാത്രാരേഖകളില്ലാതെ വന്നിറങ്ങുന്ന വിരുതന്മാരെ താല്‍ക്കാലികമായി തടവിലിടാനുള്ള കെട്ടിടത്തില്‍, സ്വീകരണമുറിയുടെ ചുവരില്‍, ഒരു ഫ്രഞ്ചുകാരന്‍ കുറിച്ചിട്ടിരുന്നു. ''ഹൈ ന്യൂട്‌സ്! ഐ വാസ് ഹിയര്‍-ജാക്വിസ്'' (ജാക്വിസ്, ഞാനും അവിടെയുണ്ടായിരുന്നു).
-പണ്ടൊരിക്കല്‍ എന്റെയൊരു കാരണവര്‍, പിന്‍കഴുത്തില്‍
മരണം ഉച്ഛ്വസിക്കുന്ന ഹിമയുഗങ്ങളൊന്നില്‍,
നീയണ്ടര്‍താല്‍ മനുഷ്യരുടെ കണ്ണുവെട്ടിച്ച്,
ഇരുണ്ട ദുര്‍ഗമമായൊരു ഗുഹയിലേക്ക്
ഇഴഞ്ഞുകയറി, ചുവരിലൊരു വേട്ടമൃഗത്തിന്റെ അതിര്‍രേഖകള്‍
കോറിയിട്ടു.
-ഏറ്റവും പ്രാഥമികമായ എഴുത്തുകാര്‍ ഇങ്ങനെത്തന്നെ ഉണ്ടാകുന്നു. ആരോ പിടികൂടും മുന്‍പുള്ള നൊടിയിടയുടെ രഹസ്യത്തില്‍.
ഹീത്രോ വിമാനത്താവളവുമായി ബന്ധപ്പെട്ട ഡീറ്റെന്‍ഷന്‍ സെന്ററിന്റെ ചുവരില്‍ ഞാന്‍ വായിച്ച കുറിപ്പ് സൂചിപ്പിക്കുന്നത് ഭാഷ പോലും ചിലപ്പോള്‍ പ്രതിഭാഷയുടെ ഉപരോധാത്മകതയോടെ സമൂഹത്തിന്റെ പരസ്യമായ ഉപരിതലങ്ങളില്‍ എങ്ങനെ പ്രത്യക്ഷപ്പെടുന്നുവെന്നാണ് കവിത എഴുതുമ്പോള്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്തൊരു വസ്തുത. മൂത്രപ്പുരയില്‍ ധൃതിയില്‍ എഴുതപ്പെടുന്ന പെന്‍സില്‍കുറിപ്പുകളാകട്ടെ പ്രതിഭാഷയോ പ്രതിഭാഷയോടടുക്കുന്ന ചില സങ്കേതങ്ങളില്‍നിന്ന് പുറപ്പെടുന്നവയോ ആണ്.
മല്ലിക്കിന്റെ നിരീക്ഷണമനുസരിച്ച് കാരാഗൃഹ/അധോലോക സാഹചര്യങ്ങള്‍ക്ക് പുറത്ത് പ്രതിഭാഷാ വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്ന കൂട്ടം വിദ്യാര്‍ത്ഥികളുടേതാണ്. വിദ്യാലയ മൂത്രപ്പുരകളില്‍ ''ആരോ പിടികൂടും മുന്‍പ്'' എഴുതപ്പെടുന്ന വരികള്‍ക്കും വരകള്‍ക്കും, പ്രതിഭാഷയെ ചൂഴുന്ന രഹസ്യാത്മകതയ്ക്കും അതിന്റെ പ്രയോഗത്തിലൂടെ സാധിക്കാവുന്ന മാനസിക ചാരിതാര്‍ത്ഥ്യത്തിനും പുറമെ, പ്രാക്തനമായ ആചാരവിശേഷങ്ങളുടെ നിഗൂഢത കൂടിയുണ്ട്. ആ നിഗൂഢതയിലിരുന്ന് മറ്റാരുടേയോ നിഗൂഢതയുടെ മറ നീക്കാനുള്ള ശ്രമവും. അങ്ങനെ ചുവരെഴുത്തിലേര്‍പ്പെടുന്ന സ്‌കൂള്‍ കുട്ടികളുടെ ഏറ്റവും ലക്ഷണയുക്തമാംവിധം പ്രാഥമികമായ ഒരെഴുത്ത് ഏതെങ്കിലും ആണും (എം) പെണ്ണും (എഫ്) തമ്മിലുള്ള സാങ്കല്പിക/യഥാര്‍ത്ഥബന്ധത്തെ സൂചിപ്പിക്കുന്നൊരു സമവാക്യമാണ്.
എം+എഫ്
ഗണിതശാസ്ത്രമനുസരിച്ച് ഇതിനെ പിന്തുടരുമ്പോള്‍, ഒരു രഹസ്യ അവിഹിതബന്ധം വ്യഞ്ജിപ്പിക്കാന്‍ ആ അധികചിഹ്നത്തിനുള്ള ശക്തിയേക്കാള്‍ പ്രകടമാകുന്നത് സമവാക്യം പൂര്‍ണ്ണമല്ലെന്നു, അതിന് പൂര്‍ണ്ണമാകേണ്ടതില്ലെന്നുമുള്ള വസ്തുതയാണ്. സമചിഹ്നത്തില്‍ (=) എത്തുംമുന്‍പേ വാക്യം നിലച്ചെങ്കില്‍, ഇനിയങ്ങോട്ട് വാക്യം തുടരേണ്ടതില്ലാത്ത വിധം അര്‍ത്ഥസ്‌ഫോടനം സംഭവിച്ചുകഴിഞ്ഞിരിക്കണം. ഒരു അല്‍കെമിസ്റ്റിന്റെ പരീക്ഷണത്തിലെ സ്‌ഫോടനമാണത്. അതിന്റെ മഞ്ഞപ്പുകയും വെളിച്ചവും സ്വര്‍ണ്ണമാണ്. സ്വര്‍ണ്ണമായി പ്രത്യക്ഷപ്പെടേണ്ടതില്ലാത്ത സ്വര്‍ണ്ണം.
പ്രാകൃതാനുഷ്ഠാനങ്ങളുടെയും ആഭിചാരത്തിന്റെയും നിഗൂഢതലത്തിനുമേല്‍ ഗണിതശാസ്ത്രത്തിന് തനതായ ആശ്ചര്യരഹസ്യങ്ങളുടെ തലം വിന്യസിക്കയെന്ന വിചിത്രമായൊരു ചിന്താപദ്ധതി ഇതിലുണ്ട്. ഇത് പ്രതിഭാഷയാകുന്നത് മുതിര്‍ന്ന മനസ്സുകള്‍ക്ക് ആ അധികചിഹ്നത്തിന്റെ ധ്വനി അജ്ഞേയമായതുകൊണ്ടല്ല, മറിച്ച്, ആ ചിഹ്നത്തിന്റെ സഹായത്തോടെ, ''ആരോ പിടികൂടും മുന്‍പുള്ള'' ഒരു പ്രസ്താവത്തെ ധ്വനിയുടെയും പ്രതീകത്തിന്റെയും പദവിയില്‍ എത്തിച്ചിരിക്കുന്നതുകൊണ്ടാണ്.
ഇതിനെത്തുടര്‍ന്ന് വരുന്നൊരു നിരീക്ഷണം, നിങ്ങളുടെ വീക്ഷണകോണനുസരിച്ച് വെറും അസംബന്ധമോ തികച്ചും 'ഹെറിസി'യോ ആകാം. മിത്തുകളുടേയും മന്ത്രങ്ങളുടേയും വിഭ്രാമക ലോകങ്ങളുമായി പരിചയമുള്ളൊരു നരവംശ ശാസ്ത്രജ്ഞന്‍, സാക്ഷാല്‍ ലെവി സ്‌ട്രോസ്, വ്യത്യസ്തമായൊരു സാംഗത്യത്തിലാണെങ്കിലും മറ്റൊരു മാന്ത്രിക സമവാക്യം ഇങ്ങനെ ഉച്ചരിച്ചു.
മ്രൂത്രം - തീ ()്യൂ
പ്രാല് - ചെടികള്‍ (+)്യൂ
ഗണിതശാസ്ത്ര ചിഹ്നങ്ങളുടെ നിയതാര്‍ത്ഥങ്ങളനുസരിച്ച് ഇത് വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷേ, നാം അപകടകരമായ നിഗമനങ്ങളിലാവും എത്തിച്ചേരുക. ഇക്കാരണത്താല്‍ വളരെ നിശിതമായ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയൊരു സമവാക്യമാണിത്. വളരെ അര്‍ത്ഥക്ലിപ്തിയുള്ള ചിഹ്നങ്ങളുടെയും പ്രതീകങ്ങളുടെയും മറ്റു ഗണിതശാസ്ത്ര സങ്കേതങ്ങളുടെയും ദുരുപയോഗത്തിലൂടെ സാമൂഹികശാസ്ത്രം പോലെ കുഴക്കുംവഴികളുള്ളൊരു വിഷയത്തിന് ആധികാരികതയും കണിശയതയും നല്‍കി ചാരിതാര്‍ത്ഥ്യം കൊള്ളാനുള്ള വാസനയ്ക്ക് ഉദാഹരണമായി ഇത് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ലെവി സ്ട്രോസ് ഈ വിമര്‍ശനം അര്‍ഹിക്കുന്നുണ്ടോ എന്നത് മറ്റൊരു പ്രശ്‌നം. പ്രാകൃതമായൊരു അനുഷ്ഠാനപദ്ധതിയിലൂടെ, അസാധാരണവും കാവ്യാത്മകവുമായ വിഭാവനങ്ങളെയും ശാസ്ത്രീയചിന്തയുടെ ശക്തിപ്രഭാവങ്ങളെയും ഒരൊറ്റ മന്ത്രോച്ചാരണത്തിലൂടെ ഉച്ചരിതമാക്കലാണിതെന്ന് ഇവിടെ പ്രസക്തമായ പ്രശ്‌നം. ലെവിസ്ട്രോക്കിനെതിരെയുള്ള ഒരു വിമര്‍ശനമെന്ന നിലയ്ക്ക് മുകളില്‍ പറഞ്ഞ ആരോപണത്തിന്റെ പദവിയെന്തായാലും, അദ്ദേഹത്തിന്റെ പ്രയോഗം നമ്മുടെ മനസ്സില്‍ ഉണര്‍ത്തുന്ന ആദ്യാനുഭൂതിയ സംബന്ധിച്ച് വളരെ കൃത്യമായൊരു വിവരണമാണത്.
മൂത്രപ്പുരയിലെ പെന്‍സില്‍ കുറിപ്പിലെ മുഴുമിപ്പിക്കപ്പെടാതെ സമവാക്യവും മൂത്രാദികളെ ഉള്‍ക്കൊള്ളിച്ച് ലെവിസ്‌ട്രോക്ക് അവതരിപ്പിക്കുന്ന സമവാക്യവും രണ്ടും ഒരേ രീതിയിലാണ് അസ്സല്‍ ഗണിതശാസ്ത്രത്തില്‍നിന്ന് വ്യത്യസ്തമാകുന്നത്. ഒരേ സംഗത്യത്തിലാണ് പ്രതിഗണിതം എന്നുപോലും ഒരര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാവുന്നൊരു ഭാഷാപ്രതീക വ്യവസ്ഥയില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്നത്.
വളരെ നിരുപദ്രവകരമായ സാമൂഹിക പ്രമേയങ്ങള്‍ അത്രയും നിരുപദ്രവകരമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന പാരമ്പര്യത്തിന്റെ വക്താക്കള്‍ക്ക് ലെവിസ്‌ട്രോക്കിന്റെ സമവാക്യം ഒരു പ്രതിഭാഷയാകാം; വ്യാവഹാരിക ഭാഷയ്ക്ക് അന്യമായൊരു രീതിയില്‍ ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നൊരു പ്രത്യേകവര്‍ഗ്ഗത്തിന്റെ ഉള്ളണികളില്‍ ജനിക്കയും ജീവിക്കുകയും ചെയ്യുന്നൊരു പ്രതിഭാഷ, അഥവാ, വളരെ നിഷ്‌കൃഷ്ടമായ നിര്‍വചനങ്ങളുടെ പരിധിക്കുള്ളില്‍ ഇത് പ്രതിഭാഷയല്ലെന്ന് വന്നാല്‍ക്കൂടിയും, സാധാരണഭാഷയില്‍നിന്ന് ഗുണാത്മകമായിത്തന്നെ അകന്നുനില്‍ക്കുന്നവയാണ് ഇത്തരം പ്രവണതകളെന്ന് വ്യക്തമായ സൂചനകളുണ്ടായിട്ടുണ്ട്; പരമ്പരാഗത സാമൂഹിക ശാസ്ത്രത്തിന് തികച്ചും അന്യമായ ചിന്താപദ്ധതികളുടെ പിഴയ്ക്കാത്ത ലക്ഷണമാണ് ഈ പ്രവണതകളെന്നും.
അമേരിക്കയില്‍, എഴുപതുകളുടെ തുടക്കത്തില്‍, സാമൂഹികശാസ്ത്രത്തെ അമൂര്‍ത്തങ്ങളുടെ ധൂമില മേഖലയിലേക്ക് വലിച്ചിഴയ്ക്കുന്ന സമ്പ്രദായത്തെ ചിലരെങ്കിലും ശക്തമായി എതിര്‍ക്കുകയുണ്ടായി. അറുപതുകളില്‍, സാമൂഹികശാസ്ത്ര വ്യവസായം (Sociological Industry) എന്ന അവമതി നേടുംവിധം അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ കാടുകയറിയ സാമൂഹികശാസ്ത്രപ്രേമത്തിന്റെ കെടുതികളോട് പ്രതികരിക്കുന്ന എതിര്‍പ്പാണത്. ഒരുപക്ഷേ, ഈ എതിര്‍പ്പ് ഏറ്റവും ശക്തമായ പ്രതിനിധാനം സാധിച്ചത്, പ്രൊഫസര്‍ സ്റ്റാന്‍സിലാഫ് ആന്‍ഡ് റെസ്‌കിയുടെ വിവാദമായൊരു കൃതിയിലായിരുന്നു (ഏറ്റവും വ്യഞ്ജകമായ തലക്കെട്ട്; 'Social Science as Sorcery').
അമേരിക്കയൊഴികെ മറ്റൊരു രാജ്യത്തിലും, ഭാഷാപാടവം ആര്‍ജിക്കുന്നതിന് മുന്‍പ്, ഉന്നതങ്ങളില്‍ മരുവുന്ന സര്‍വ്വകലാശാലകളിലെ പ്രൊഫസര്‍മാരാവാന്‍ ആര്‍ക്കും കഴിയില്ലെന്ന് ആന്‍ഡ്‌റെസ്‌കി ആരോപിച്ചു. ഇത് ശുദ്ധ അസംബന്ധമാണ്. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഗദ്യമെഴുതിയവരില്‍ ചിലര്‍ അമേരിക്കയിലെ സര്‍വ്വകലാശാലകളിലെ ശാസ്ത്രജ്ഞന്മാര്‍ തന്നെയാണ്. ഇന്ത്യയിലെ പ്രൊഫസര്‍മാരുടെ ഭാഷാവസ്ഥയെക്കുറിച്ച് ആര്‍ഡ്‌റെസ്‌കിക്ക് അറിവില്ലെന്ന് ഈ പ്രസ്താവന തെളിയിക്കുന്നുമുണ്ട്. പക്ഷേ, മുകളില്‍ പറഞ്ഞ സാമൂഹികശാസ്ത്ര വ്യവസായത്തോട് മൊത്തത്തിലുള്ളൊരു പ്രതികരണമെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ പ്രസ്താവന സാന്ദര്‍ഭികമായി പരിഗണനീയമാണ്.
അന്യനാടുകളില്‍നിന്ന് വന്നവരും, അമേരിക്കയില്‍തന്നെ മറ്റ് ഭാഷകള്‍ സംസാരിച്ച് വളര്‍ന്നുവരുന്നവരുമായ പൗരന്മാരെ ആന്‍ഡ്‌റെസ്‌കി തന്റെ ആരോപണത്തില്‍നിന്ന് മാറ്റിനിര്‍ത്തി. ശരിക്കും ആരെക്കുറിച്ചാണ് താന്‍ പറയുന്നത്?
''അമേരിക്കന്‍ ഇംഗ്ലീഷല്ലാതെ മറ്റൊരു ഭാഷയും അറിയാത്തവരും, എന്നിട്ടുപോലും അമേരിക്കന്‍ വ്യാകരണ പുസ്തകത്തിലെ നിയമങ്ങള്‍ മുഴുവന്‍ ലംഘിക്കുന്നവരും, വെബ്സ്റ്ററുടെ നിഘണ്ടുവില്‍ കൊടുത്തിട്ടുള്ള അര്‍ത്ഥങ്ങളോട് ഒട്ടും ആദരവില്ലാതെ വാക്കുകള്‍ ഉപയോഗിക്കുന്നവരുമായ സ്ത്രീകളെയും പുരുഷന്മാരെയും'' കുറിച്ച്.
ഇവര്‍ എഴുതുന്നത് ഭാഷയല്ല എന്നുവച്ചാല്‍, സാന്ദര്‍ഭികമായി പറഞ്ഞാല്‍, അവരെഴുതുന്നത് പ്രതിഭാഷയാണ്. ലെവിസ്ട്രോസിനെയും സ്‌കൂള്‍ കുട്ടികളേയും ഒറ്റപ്പെടുത്തേണ്ട കാര്യമില്ല.
നാലുചുവരിന്റെ മറവുള്ളേടത്തെല്ലാം മനുഷ്യന്‍ തന്റെ വാക്കുകളെയും ചിന്തകളെയും മനസ്സിനെയും മന്ത്രമാക്കുന്നു. എല്ലാവരുടെയും ആത്മഗതങ്ങള്‍ മന്ത്രഭാഷയിലാണ്. പക്ഷേ, ഒരു പ്രതിസമൂഹ പൗരന് ഈ നിഗൂഢഭാഷ മാതൃഭാഷ പോലാകുന്നു. ദൈനംദിന ഭാഷയാകുന്നു. ചിലപ്പോള്‍ വെലിസ്ട്രോസിന്റെയും ആണ്‍കുട്ടികളുടെയും ഏറ്റവും വലിയ കണ്ടുപിടുത്തങ്ങള്‍ ആ മന്ത്രഭാഷയുടെ സമവാക്യങ്ങളില്‍ പിറക്കുന്നു.
ആണ്‍കുട്ടികളുടെ മാത്രമോ?
ബംഗാളിലെ അധോലോകഭാഷ ഒരു പുരുഷഭാഷയാണെന്ന് മല്ലിക് പറഞ്ഞത് വീണ്ടും ഓര്‍ക്കുക. സാഹസികബുദ്ധിയായ ഏതെങ്കിലും പെണ്‍കുട്ടി, മൂത്രപ്പുരയുടെ ചുവരില്‍, സമചിഹ്നത്തെ അധികചിഹ്നം റദ്ദ് ചെയ്യുന്നൊരു സമവാക്യം എഴുതിവച്ചിരിക്കുമോ എന്നറിഞ്ഞുകൂടാ. ഒരുവിശേഷമെന്ന നിലയ്ക്ക് വലപ്പോഴും വല്ലേടത്തും അത് സംഭവിച്ചിരിക്കാം. പക്ഷേ, സമാന്യമായി പറഞ്ഞാല്‍, ചുവരെഴുത്ത് ആണ്‍കുട്ടികളുടെ പ്രത്യേകാവകാശമാണ്.
ഇതിലെ പുരുഷരാഷ്ട്രീയം വ്യാഖ്യാനിക്കയെന്ന ദൗത്യം ഞാന്‍ ഏറ്റെടുക്കുന്നില്ല.അത് പെണ്‍കുട്ടികളുടെ പ്രത്യേകാവകാശമാണ്.
അവസാനിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates