

എട്ട് മണിക്കൂർ ജോലി എന്ന ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ പരാമർശം ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കുമൊക്കെ വഴിവച്ചിരുന്നു. ദീപിക ഇക്കാര്യം പറഞ്ഞതിന് പിന്നാലെ സ്പിരിറ്റ്, കൽക്കി 2 എന്നീ രണ്ട് സിനിമകളിൽ നിന്ന് നടിയെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദീപിക പറഞ്ഞ കാര്യത്തോട് അനുകൂല നിലപാട് അറിയിച്ചിരിക്കുകയാണ് ജ്യോതികയും സൊനാക്ഷി സിൻഹയും.
ഇരുവരും പ്രധാന വേഷത്തിലെത്തുന്ന സിസ്റ്റം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ടൈംസ് എന്റർടെയ്ൻമെൻ്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ. ജോലി സമയത്തിന്റെ കാര്യത്തിൽ ബോളിവുഡും തെന്നിന്ത്യൻ സിനിമയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ജ്യോതിക പറഞ്ഞു.
തെന്നിന്ത്യൻ സിനിമകളിൽ ജോലി ചെയ്യുമ്പോൾ താൻ എട്ട് മണിക്കൂർ ജോലിക്ക് വേണ്ടി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ജ്യോതിക പറഞ്ഞു. "എനിക്കറിയില്ല, ദക്ഷിണേന്ത്യയിൽ ഞങ്ങളുടെ ഷിഫ്റ്റ് ആറ് മണിയോടെ കഴിയാറുണ്ട്. 99 ശതമാനം സിനിമകളും ആറ് മണിയോടെ പാക്ക് അപ്പ് ആകാറുണ്ട്. ഞങ്ങൾ അതിരാവിലെ തുടങ്ങാറുണ്ട്.
മിക്കപ്പോഴും ഏഴ് മുതൽ ആറ് വരെയോ ഒമ്പത് മുതൽ ആറ് വരെയോ ആയിരിക്കും". -എട്ട് മണിക്കൂർ ജോലിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ജ്യോതിക പറഞ്ഞു. “നാം എന്തുകൊണ്ടാണ് ഇപ്പോഴും അതിനെ ചോദ്യം ചെയ്യുന്നത് ?. എട്ട് മണിക്കൂറിനപ്പുറം ഒരു മിനിറ്റ് പോലും ജോലി ചെയ്യാത്ത എത്രയോ നടന്മാരുണ്ട്.
അവരുടെ ഷോട്ട് കഴിഞ്ഞാലും ഇല്ലെങ്കിലും, അവർ കാറിൽ കയറിപ്പോകും. ആരും അവരെ ചോദ്യം ചെയ്യാറില്ല. ഇപ്പോൾ, നിങ്ങൾ ഒരു നടനോ നടിയോ ആണെങ്കിൽ, ഒപ്പം നല്ല ഒരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ, ആവശ്യത്തിന് ദീർഘകാലം ഇൻഡസ്ട്രിയിൽ നിന്നിട്ടുണ്ടെങ്കിൽ, എട്ട് മണിക്കൂർ ഷിഫ്റ്റ് ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത്.”- സൊനാക്ഷി സിൻഹ പറഞ്ഞു.
ദീപിക എട്ട് മണിക്കൂർ ജോലി അർഹിക്കുന്നുണ്ടെന്നും എന്തിനേക്കാളുമേറെ അവർക്ക് ഒരു കുഞ്ഞിനെ നോക്കാനുണ്ടെന്നും ജ്യോതിക കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates