ഈ നൂറ്റാണ്ടു കണക്കിനൊന്നും വലിയ അര്‍ത്ഥമില്ല. യൂറോപ്പിലെ ക്രിസ്തുമസ് ആഘോഷങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നൂറ്റാണ്ടുകളും ആയിരത്താണ്ടുകളും ഇപ്പോള്‍ കണക്കാക്കുന്നത്. മറ്റ് ഭൂഭാഗങ്ങളില്‍ മറ്റു കണക്കുകളുണ്ടായിരുന്നു. ഇന്ത്യയില്‍ കലിവര്‍ഷവും ശകവര്‍ഷവും വേറെ പല പ്രാദേശികവര്ഷങ്ങളുമാണ് പതിവാക്കിയിരുന്നത്. ഓരോന്നും അതതുലോകത്തിലെ അതിപ്രധാനമായ ഒരു സംഭവത്തെ ആസ്പദമാക്കി ഉണ്ടായതാണ്. ഒരാള്‍ എടുക്കുന്നത് ദൈവത്തിന്റെ അവതാരമെങ്കില്‍ നഗരസ്ഥാപനമോ ശത്രുനാശമോ ദേവാലയനിര്മ്മാണമോ പ്രളയമോ വിപ്ലവമോ ആയിരിക്കും അന്യര്‍ ആധാരമാക്കുന്നത്. ആത്മനിഷ്ഠമാണ് കണക്കെന്നര്‍ത്ഥം. യൂറോ കേന്ദ്രിതമായ ലോകവീക്ഷണത്തിന്റെ അവശിഷ്ടമാണിത്. അവരുടെ കാറും കംപ്യൂട്ടറും എല്ലാം നമുക്കുപയോഗിക്കാം. എന്നാല്‍, കലണ്ടര്‍ ഉപയോഗിച്ചുകൊള്ളണമെന്നില്ല. നമ്മുടെ കലിവര്‍ഷം ജ്യോതിശാസ്ത്രപരമായ ഒരു മഹാസംഭവത്തെ- അഷ്ടഗ്രഹയോഗത്തെ- പ്രമാണീകരിച്ചുകൊണ്ടുള്ളതാണ്. വളരെ കണിശമാണ്.
പത്തൊമ്പതാം ശതകത്തിന്റെ ആരംഭത്തിലാണ് (1800) മലബാര്‍ ബ്രിട്ടീഷുകാരുടെ അധീനത്തിലാവുന്നത്. അതോടുകൂടിത്തന്നെ കൊച്ചിയും തിരുവിതാംകൂറും അവരുടെ മേല്‍ക്കോയ്മ അംഗീകരിക്കുകയും ചെയ്തു.
പത്തൊമ്പതാം ശതകത്തിന്റെ ആരംഭത്തിലാണ് (1800) മലബാര്‍ ബ്രിട്ടീഷുകാരുടെ അധീനത്തിലാവുന്നത്. അതോടുകൂടിത്തന്നെ കൊച്ചിയും തിരുവിതാംകൂറും അവരുടെ മേല്‍ക്കോയ്മ അംഗീകരിക്കുകയും ചെയ്തു. ആ നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ (1858) ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സ്ഥാനഭ്രഷ്ടമാക്കി ബ്രിട്ടീഷ് ഗവണ്മെന്റ് നേരിട്ട് രാജ്യഭാരം ഏറ്റെടുക്കുകയുണ്ടായി. മദ്രാസ് അടക്കമുള്ള സര്‍വ്വകലാശാലകളും സ്ഥാപിതമായിരുന്നു. സായ്പിന്റെ സര്‍ക്കാര്‍ നായന്മാരെ ആയുധം വെപ്പിച്ചതിനുശേഷം അവര്‍ ഇംഗ്ലീഷ് പഠിക്കാന്‍ തയ്യാറായി. ഒന്നുരണ്ടു തലമുറകളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ത്യയിലാകമാനം പ്രചരിച്ചശേഷം ബ്രിട്ടീഷുകാരുടെ ഒത്താശയോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഭാരത മഹാജനസഭ, 1885) സ്ഥാപിതമായിക്കഴിഞ്ഞിരുന്നു. ആദ്യത്തെ കാര്യമായ മലയാള നോവലില്‍ത്തന്നെ (ഇന്ദുലേഖ, 1887) കോണ്‍ഗ്രസ് ചര്ച്ചാവിഷയമാകത്തക്കവിധത്തില് മലബാറിലെ നായര്‍ തറവാട്ടുകാര് 'പരിഷ്കാര'ത്തിന്റെ മാര്‍ഗത്തില്‍ കയറിക്കഴിഞ്ഞിരുന്നു. ഇന്ദുലേഖ ഇംഗ്ലീഷ് പഠിക്കുകയും പിയാനോ വായിക്കുകയും ഇംഗ്ലീഷില്‍ ചിരിക്കുകപോലും ചെയ്തിരുന്നു. മാധവന് ഒരു നിയമബിരുദം നേടി സര്‍ക്കാര്‍ ജോലി തരപ്പെടുത്തുന്നതാണ് സായൂജ്യമായിത്തോന്നിയത്. വില്യം ലോഗന് തയ്യാറാക്കിയ മലബാര്‍ മാന്വല്‍ (1886) പ്രസിദ്ധീകരിച്ചപ്പോള്‍ മദിരാശിത്തീവണ്ടി കോഴിക്കോട്ടുവരെ നീണ്ടുവന്നുകഴിഞ്ഞിരുന്നു.
ഇരുപതാം നൂറ്റാണ്ടിലാണ് മലബാര്‍ തികച്ചും ഇന്ത്യയുടെ ഭാഗമായത്; എന്നുവച്ചാല്‍ ദേശീയപ്രസ്ഥാനം ഇവിടെ നേരത്തെ അലയടിച്ചു. മഞ്ചേരി കോണ്‍ഫറന്‍സും മാധവന് നായരും വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. മാപ്പിളപ്രശ്നം, കുടിയാന്‍പ്രശ്നം- ഇങ്ങനെ മലബാറിന്റെ ജീവിതത്തെ ബാധിക്കുന്ന പലതും ചര്‍ച്ചാവിഷയമായി. കെ. കേളപ്പന്, കെ.പി. കേശവമേനോന്, മൊയ്തുമൗലവി, അബ്ദുറഹിമാന് സാഹിബ്, കോങ്ങാട്ടില്‍ രാമന് മേനോന്, കോഴിപ്പുറത്ത് മാധവമേനോന്, കുട്ടിമാളുഅമ്മ, എ.കെ. ഗോപാലന്, സര്‍ദാര്‍ ചന്ദ്രോത്ത്, ഇ.എം.എസ്. നമ്പൂതിരിപ്പാട്- ഇങ്ങനെ എത്രയെത്ര മഹാരഥന്മാരും മഹിളാമണികളുമാണ് സ്വാതന്ത്ര്യസമരത്തിലേയ്ക്ക് എടുത്തുചാടിയത്! കോളേജും കോടതിയും തറവാടും എല്ലാം വിട്ട് ഗാന്ധിജിയുടെ ആഹ്വാനം കേട്ട് ജയിലില്‍പോകാന്‍ ആളുകള്‍ തയ്യാറായി.
ബ്രിട്ടീഷ് മലബാറില്‍ ജാതിയുടെ ആധിപത്യമൊന്നും വിലപ്പോകാതിരുന്നതിനാല് അവിടെ ജാതിസംഘടനകളും ജാതിപ്രസ്ഥാനങ്ങളും കുറവായിരുന്നു. രണ്ടു നാട്ടുരാജ്യങ്ങളിലാവട്ടെ, ജാതിപ്രശ്നങ്ങള്‍ മാത്രമായിരുന്നു. മിക്കവാറും ദേശീയസമരങ്ങളില്നിന്ന് ആവതും നാട്ടുരാജ്യങ്ങളെ ഒഴിച്ചുനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് ഒരു നയമുണ്ടാക്കി. എന്നാല്‍, സ്വദേശാഭിമാനിയുടെ പത്രസ്വാതന്ത്ര്യസമരവും സി.വിയുടെ ചരിത്രനോവലുകളും ദേശീയ നവോത്ഥാനത്തോടു ബന്ധപ്പെട്ട സാംസ്കാരികമേഖലയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. മലബാറിലെ നേതാക്കാള്‍ ബ്രിട്ടീഷ് പൊലീസില്‍നിന്ന് രക്ഷപ്പെടാന്‍ കൊച്ചിയിലോ തിരുവിതാംകൂറിലോ അഭയം പ്രാപിക്കുന്നതും അവിടങ്ങളിലെ ദേശീയവാദികള്‍ മലബാറില്ച്ചെന്ന് സമരം ചെയ്യുന്നതും സാധാരണമായിത്തീര്‍ന്നു.
ജാതിപ്രശ്നത്തില്നിന്നാണ് ശ്രീനാരായണഗുരു പ്രസ്ഥാനമുണ്ടായത്. അതിനാല്‍ വിവേകാനന്ദന് കണ്ട ഭ്രാന്താലയം ഈ ലോകഗുരുവിനെ വളര്‍ത്താനും ഇടവന്നു. ഇന്ത്യയില്‍ പലേടത്തും സവര്‍ണ്ണജാതിക്കാരായ റാംമോഹന്റോയ് (ബ്രഹ്മസമാജം), ദയാനന്ദസരസ്വതി (ആര്യസമാജം) എന്നിവരും ആനിബസന്റ് (തിയോസഫിക്കല്‍ സൊസൈറ്റി) മദാമ്മയും സാമൂഹ്യപരിഷ്കരണശ്രമങ്ങള്ക്ക് നേതൃത്വം വഹിച്ചപ്പോള്‍ കേരളത്തില്‍ അവര്ണ്ണസമുദായത്തില്നിന്നാണ് നാരായണഗുരു അവതരിച്ചത്. ശ്രീലങ്കയിലെ ബുദ്ധമത സമ്പര്‍ക്കം കൊണ്ടായിരിക്കാം, ഈഴവര്‍ അവര്ണ്ണരെങ്കിലും അവര്‍ക്കിടയില്‍ സംസ്കൃത പാണ്ഡിത്യമുള്ള കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നു. കച്ചവടംകൊണ്ട് പണക്കാരായവരും ഇല്ലാതിരുന്നില്ല. എന്നാല്‍, പഴയ ചേകോന്മാരും വൈദ്യന്മാരും ഉള്ള ഈ സമുദായത്തില്‍ മുക്കാലുംപേര് നിര്‍ദ്ധനരും നിരക്ഷരരും ആയ കള്ളുചെത്തുകാരായിരുന്നു. അയിത്താചാരങ്ങള്‍ക്ക് വഴങ്ങിക്കൊടുത്ത്, കാളികൂളികളെ ആരാധിച്ചുകൊണ്ട് അവര്‍ കഴിഞ്ഞുവന്നു. അത്തരം ഒരധഃകൃത സമുദായത്തില്‍നിന്ന് ആധുനിക ഭാരതത്തില്‍ ആദ്യമായി ഉയര്‍ന്നുവന്ന സന്യാസിശ്രേഷ്ഠനും സാമൂഹ്യപരിഷ്കര്‍ത്താവും എന്ന വിധത്തില്‍ ശ്രീനാരായണന് അര്‍ഹമായ അംഗീകാരം ഇന്ത്യാചരിത്ര ഗ്രന്ഥങ്ങളില്‍ നല്കപ്പെടുന്നില്ല. വേറെയും പുതുമകള്‍ ഇക്കാര്യത്തിലുണ്ടായിരുന്നു. ഈ മഹാന് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയല്ല ജാതിവിരുദ്ധ പ്രസ്ഥാനത്തിലെത്തിയത്.
ജാതിക്കെതിരായി മാത്രമല്ല, മതാന്ധതയ്ക്കെതിരായും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തിലെ ഒരധഃകൃതാചാര്യന് യുദ്ധകാഹളം മുഴക്കിയെന്നത് സ്ഥാപിതമതങ്ങള്‍ അന്യോന്യം കലഹിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ശ്രദ്ധേയമാണ്.
മറ്റൊരു കേരളീയനായിരുന്ന ശ്രീശങ്കരന്റെ വേദാന്തമാണ് ശ്രീനാരായണന് ആവശ്യമായ പ്രചോദനം കൊടുത്തത്. ഒരായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീശങ്കരന് ഭാരതത്തില്‍ ഉടനീളം ജൈത്രയാത്ര നടത്തി വേദബാഹ്യരായ ബുദ്ധഭിക്ഷുക്കളെ വേദാന്തംകൊണ്ട് തോല്‍പ്പിച്ച് വര്‍ണ്ണാശ്രമവ്യവസ്ഥയെ പ്രതിഷ്ഠിച്ചുവെങ്കില്‍ അതേ വേദാന്തം ആയുധമാക്കി വര്‍ണ്ണാശ്രമവ്യവസ്ഥയുടെ അടിത്തറയിളക്കുകയാണ് ശ്രീനാരായണന് ചെയ്തത്. അദ്ദേഹം കവിയും ആചാര്യനും സംഘാടകനും ആയിരുന്നു. ആധുനിക മലയാളത്തിലെ മഹാകവികളില്‍ ഒരാളായ കുമാരനാശാന് അദ്ദേഹത്തിന്റെ ശിഷ്യനായിട്ടാണ് രംഗപ്രവേശം ചെയ്തത്. ശ്രീനാരായണ ധര്‍മ്മപരിപാലന സംഘത്തിന്റെ (എസ്.എന്‍.ഡി.പി) ആദ്യത്തെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. വര്‍ക്കലയിലെ ശിവഗിരിയില്‍ ജാതിവ്യത്യാസമില്ലാത്ത ഒരാശ്രമവും പുതിയൊരു ഭിക്ഷുപരമ്പരയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. അതൊരു തീര്‍ത്ഥാടന കേന്ദ്രമായി വളര്‍ന്നു. ''മതമേതായാലും മനുഷ്യര്‍ നന്നായാല്‍ മതി'', ''ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്'' മുതലായ മുദ്രാവാക്യങ്ങള്‍ അദ്ദേഹത്തിന്റേതാണ്. ജാതിക്കെതിരായി മാത്രമല്ല, മതാന്ധതയ്ക്കെതിരായും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തിലെ ഒരധഃകൃതാചാര്യന് യുദ്ധകാഹളം മുഴക്കിയെന്നത് സ്ഥാപിതമതങ്ങള്‍ അന്യോന്യം കലഹിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ശ്രദ്ധേയമാണ്. വിദ്യാഭ്യാസത്തിലൂടെയും വ്യവസായത്തിലൂടെയും സംഘടിച്ച് നന്നാവാനാണ് അദ്ദേഹം അധഃകൃതരെ ഉപദേശിച്ചത്. അതിനുവേണ്ടി സ്ഥാപനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
ഒരധഃകൃതഗുരു ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തിയത് എല്ലാ സവര്ണ്ണസമുദായങ്ങളുടെയും ക്രൈസ്തവരും മുസ്ലിങ്ങളുമായ മറ്റു മതക്കാരുടെയും സര്‍ക്കാരിന്റെയും പൂര്‍ണ്ണ സഹകരണത്തോടുകൂടി ആയിരുന്നു. ദിവ്യമായ ഒരു വ്യക്തിപ്രഭാവം അതിന് സഹായകമായി. തിരുവിതാംകൂറിലെ പരിഷ്കൃതാശയരായ രാജാക്കന്മാരും സി.പി. രാമസ്വാമി അയ്യരെപ്പോലെ കാര്യശേഷിയുള്ള ദിവാന്മാരും നേരത്തെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വിദേശ മിഷനറിമാരും ചട്ടമ്പിസ്വാമികളെപ്പോലെയുള്ള സവര്ണ്ണാചാര്യന്മാരും എല്ലാം ഈ അത്ഭുതമാതൃകയുടെ പിന്നിലുണ്ട്. അഭിനന്ദനങ്ങള്‍ക്ക് അവരെല്ലാംകൂടി അര്‍ഹരാണ്. സാമൂഹ്യപരിഷ്കരണത്തില്‍ ഒരു കേരള മാതൃകയുണ്ടായി. നൂറുനൂറു വര്‍ഷങ്ങളായി കെട്ടിപ്പൊക്കിയ ജാതിക്കോട്ട ഒരു വെടിപോലും പൊട്ടിക്കാതെ പൊളിക്കാനായി. ഒരു സത്യഗ്രഹസമരം പോലും വേണ്ടിവന്നില്ല. ഗാന്ധിജി തന്നെ വര്ണ്ണാശ്രമസിദ്ധാന്തത്തെക്കുറിച്ചുള്ള വ്യാമോഹങ്ങളെപ്പറ്റി വീണ്ടുവിചാരം നടത്തിയത് വക്കം സത്യഗ്രഹത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കേരളത്തില്‍ വന്ന് ശ്രീനാരായണഗുരുവുമായി സംഭാഷണം നടത്തിയശേഷമാണ്.
ഈഴവ സമുദായത്തിന്റെ നവോത്ഥാനത്തില്‍നിന്ന് ആവേശംകൊണ്ട് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുണ്ടാക്കി. അക്കാലത്തുതന്നെയാണ് സഹോദരന് അയ്യപ്പനും അയ്യങ്കാളിയും മറ്റു അധഃകൃതസമുദായങ്ങളില്നിന്ന് ഉയര്‍ന്നുവന്നത്. അധഃകൃത ജാതിക്കാരുടെ മാതൃക പിന്തുടര്ന്ന് ഉത്കൃഷ്ടജാതിയായ കേരള ബ്രാഹ്മണര്‍ക്കിടയിലും വി.ടി. ഭട്ടതിരിപ്പാട്,. എം.ആര്.ബി, പ്രേംജി എന്നിവരുടെ ആഭിമുഖ്യത്തില്‍ യോഗക്ഷേമസഭയിലൂടെയും അല്ലാതെയും പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറി. സ്ത്രീവിദ്യാഭ്യാസവും വിധവാ വിവാഹവും അടങ്ങിയ സ്ത്രീ വിമോചനമായിരുന്നു അവരുടെ പ്രധാന പ്രശ്നം. അഭ്യസ്തവിദ്യരുടെ സമുദായമായതിനാല്‍ സാഹിത്യവും നാടകവും എല്ലാം ഉപകരണമാക്കി യാഥാസ്ഥിതികരുടെ പ്രതിഷേധം വകവയ്ക്കാതെ കോലാഹലമുഖരിതമായിട്ടാണ് നമ്പൂതിരിമാര്‍ക്കിടയിലെ ഉയിര്‍ത്തെഴുന്നേല്‍പുണ്ടായത്. വൈദികരുടെയും പുരോഹിതരുടെയും സ്വാധീനം ഒടുവില്‍ ആധുനികാശയങ്ങളുടെ സ്വാധീനത്തിന് വഴിമാറിക്കൊടുത്തു. അധഃകൃതര്‍ക്ക് അവകാശങ്ങള്‍ നേടാനാണെങ്കില്‍ അന്യര്‍ക്ക് നശിപ്പിക്കാനാണ് ഉണ്ടായിരുന്നത്. കേരളത്തിലെ കൃഷിനിലങ്ങളില്‍ മുക്കാലോഹരിയും ബ്രഹ്മസ്വമായും ദേവസ്വമായും കൈവശംവച്ചിരുന്ന ഈ ജന്മിസമുദായം- അതില്‍ ചിലരെങ്കിലും- പശ്ചാത്താപാര്ദ്രമായ ഒരന്തരാത്മാവിന്റെ ആഹ്വാനം ചെവിക്കൊണ്ട് ജന്മിത്തം ഇല്ലാതാക്കാനുള്ള നിയമങ്ങള്‍ക്ക് അനുകൂലമായൊരന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മുന്കയ്യെടുത്തുവെന്നത് ഈ നൂറ്റാണ്ടിലെ മറ്റൊരത്ഭുതമാണ്.
സാധാരണയായി ആരും അധികാരമോ സ്വത്തോ സ്വമേധയാ ഒഴിഞ്ഞുകൊടുക്കുന്നതിന്റെ ചരിത്രമില്ല. കേരളത്തില്‍ നേരത്തെ പല ജന്മി-കുടിയാന്തര്ക്കങ്ങളും സംഘട്ടനങ്ങളും ഉണ്ടായെങ്കിലും അഭ്യസ്തവിദ്യരും ആധുനികാശയക്കാരുമായ നമ്പൂതിരിമാരുടെയും നായന്മാരുടെയും സംഖ്യ വര്‍ദ്ധിച്ചതോടെ, ഇല്ലങ്ങളും തറവാടുകളും ഭാഗിച്ചുതകര്ന്നതോടെ, പല ജാതിക്കാരും മതക്കാരും സാമ്പത്തികവര്ഗ്ഗക്കാരും ചേര്‍ന്ന ഒരു ദേശീയപ്രസ്ഥാനവും സാമൂഹികപ്രസ്ഥാനവും ശക്തിപ്പെട്ടതോടെ, ജന്മിത്തം അവസാനിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍വ്വകക്ഷി സമ്മതമായിട്ടാണ് നടപ്പാക്കിയത്. കമ്മ്യൂണിസ്റ്റുകളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സുകാരും സോഷ്യലിസ്റ്റുകളും അതില്‍ സഹകരിച്ചു. ഇ.എം.എസ്സും അച്യുതമേനോനും ടി.വി. തോമസും ഗൗരിയമ്മയും കരുണാകരനും ആര്. ശങ്കറും സി.എച്ച്. മുഹമ്മദ്കോയയും എല്ലാം അതിന്റെ മുന്നിലും പിന്നിലുമുണ്ടായിരുന്നു.
കേരളത്തില്‍ ജന്മിത്തത്തിന്റെ അന്ത്യം ശാന്തസുന്ദരമായി. അത് വിപ്ലവക്കാരുടെയെന്നപോലെ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും അധഃകൃതജാതിക്കാരുടെയെന്നപോലെ ആഢ്യജാതിക്കാരുടെയും ഹിന്ദുക്കളുടെയെന്നപോലെ ക്രൈസ്തവ-മുസ്ലിം സമുദായക്കാരുടെയും- അതായത് കേരളജനതയുടെ മുഴുവന്‍- വിജയമായിട്ടാണ് കണക്കാക്കേണ്ടത്. അല്ലെങ്കില്‍ അപസ്വരങ്ങള്‍ പലതുമുണ്ടാകാമായിരുന്നു. ജന്മിത്തത്തിന്റെയും ജാതിയുടെയും പേരിലാണ് അന്യസംസ്ഥാനങ്ങളില്‍ അടുത്ത നൂറ്റാണ്ടിലും തുടരാവുന്ന സംഘട്ടനങ്ങള്‍ അരങ്ങേറുന്നത്.
എന്നാല്‍, ഈ നൂറ്റാണ്ടിന്റെ ഒന്നാം പകുതിയില്‍ ഉണ്ടായ സമരങ്ങളുടെ പരമ്പരയില്‍ ഒന്നും വിട്ടുപോയിക്കൂടാ. ഏറനാട്ടിലെ മാപ്പിളലഹളയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. 1921-ലെ മാപ്പിളലഹളയെ അതിന്റെ തുടര്‍ച്ചയായി കണക്കാക്കാന്‍ പ്രയാസമാണ്. ലോകയുദ്ധാവസാനത്തില് (1918) ബ്രിട്ടീഷുകാര്‍ തുര്‍ക്കിയിലെ 'ഖിലാഫത്ത്' അവസാനിപ്പിച്ചത് വാസ്തവത്തില്‍ അറബി മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം പുരോഗമനപരമായ ഒരു പരിപാടിയായിരുന്നു. ആ ജീര്‍ണ്ണിച്ച മതാധിപത്യം അവസാനിച്ചതോടെയാണ് അറബി രാജ്യങ്ങളെല്ലാം സ്വാതന്ത്ര്യം നേടിയത്. കമാല്‍ അത്താത്തുര്‍ക്കിന്റെ നേതൃത്വത്തില്‍ തുര്‍ക്കിയില്‍ ആധുനികവല്‍ക്കരണവും സാമൂഹ്യ പരിഷ്കാരങ്ങളും നടപ്പിലായി.
ഇന്ത്യയിലെ യാഥാസ്ഥിതിക മതനേതൃത്വം അക്കാര്യത്തില്‍ ബ്രിട്ടീഷ് വിരുദ്ധമായ നിലപാടാണ് എടുത്തത്. മുസ്ലിം സമുദായത്തെ ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാനുള്ള തിടുക്കത്തില്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സും ഖിലാഫത്ത് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. മലബാറിലെ ചില മതനേതാക്കള്‍ ഈയവസരം ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ കൂട്ടംകൂട്ടമായി മുസ്ലിങ്ങളെ ചേര്‍ത്തു. കോണ്‍ഗ്രസ്സിലെ അഹിംസാപ്രതിജ്ഞ ലംഘിച്ചുകൊണ്ടും കെ.പി. കേശവമേനോന്, മൊയ്തുമൗലവി തുടങ്ങിയ മലബാര്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഉപദേശം തള്ളിക്കളഞ്ഞുകൊണ്ടും അവര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ആക്രമിക്കുകയും തിരൂരങ്ങാടിയിലും പരിസരത്തിലും ധാരാളം ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതംമാറ്റം നടത്തുകയും ചെയ്തു. താല്‍ക്കാലികമായി റെയില്‍പ്പാത പൊളിച്ചും നിരത്തുകള്‍ തടഞ്ഞും ബ്രിട്ടീഷ് ഭരണം സ്തംഭിപ്പിക്കാന്‍ സാധിച്ച സ്ഥലങ്ങളില്‍ 'ഷാരിയത്ത്' നിയമങ്ങളോടെ ഇസ്ലാമിക ഭരണം പ്രഖ്യാപിച്ചു. ഈ മതാധിഷ്ഠിതഭരണം ദേശീയ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. പിന്നെ ഗവണ്മെന്റിന്റെ തിരിച്ചടിയായി. ഗൂര്‍ഖ പട്ടാളത്തെ കൊണ്ടുവന്ന് ഒരു നിഷ്ഠൂരമായ മാപ്പിളവേട്ട തന്നെ അവര്‍ നടത്തി. 'വാഗണ്‍ ട്രാജഡി' അതിന്റെ ഭാഗമായിരുന്നു.
മാതൃഭൂമി എന്ന പേരില്‍ കോഴിക്കോട്ടുനിന്ന് ഒരു ദേശീയപത്രത്തിന്റെ സ്ഥാപനത്തോടെയാണ് പൊയ്പോയ ദേശീയാവേശം കുറച്ചെങ്കിലും വീണ്ടുകിട്ടിയത്. പിന്നെ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘടനയില്‍ നല്ലൊരു ഭാഗം കമ്മ്യൂണിസ്റ്റായി മാറി. എ.കെ. ഗോപാലന്റെയും മറ്റും പ്രവര്‍ത്തനഫലമായി വടക്കേ മലബാറില്‍ കര്‍ഷകസമരങ്ങള്‍ അരങ്ങേറി. കോണ്ഗ്രസ്സിന്റേതില്നിന്നും വ്യത്യസ്തമായി നിയമം കയ്യിലെടുത്തും ആയുധം പ്രയോഗിച്ചും ഉള്ള സമരങ്ങള്‍ അന്നഴിച്ചുവിട്ടു. കൊലപാതകരാഷ്ട്രീയം ഇന്നും ആ പ്രദേശങ്ങളില്‍ തുടര്‍ന്നുവരുന്നു. 1942-ല്‍ 'ജനകീയയുദ്ധം' എന്ന മുദ്രാവാക്യത്തോടെ കമ്മ്യൂണിസ്റ്റുകള്‍ ദേശീയ പ്രസ്ഥാനത്തില്‍നിന്ന് പിന്മാറി ബ്രിട്ടീഷുകാരെ സഹായിക്കാന്‍ തുടങ്ങി. അതോടെ മലബാറില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള സമ്പത്തും സാവകാശവും അവര്‍ക്കുണ്ടായി. 1946-ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യവും ഭരണകൈമാറ്റവും പ്രഖ്യാപിക്കപ്പെട്ട് ജവഹര്‍ലാല്‍ നെഹ്റു തല്ക്കാലിക പ്രധാനമന്ത്രിയായതോടെ കമ്മ്യൂണിസ്റ്റുകള്‍ കൂടുതല്‍ അക്രമാസക്തരായി. മലബാറില്‍ സാധിക്കാത്തതും അവര്‍ നാട്ടുരാജ്യങ്ങളില്‍ സാധിച്ചു. അതിവിദഗ്ദ്ധനായ ഭരണാധികാരിയെങ്കിലും തിരുവിതാംകൂറിന്റെ ആധുനീകരണത്തിന് ഏറ്റവും അധികം സംഭാവന ചെയ്തയാളെങ്കിലും ദിവാനായ സര് സി.പി. രാമസ്വാമി അയ്യര്‍ കൊട്ടാരതാല്പര്യങ്ങള്ക്കടിമയായി ജനരോഷം സമ്പാദിച്ചിരുന്നു. ഈ സന്ദര്‍ഭം ഉപയോഗിച്ച് കമ്മ്യൂണിസ്റ്റുകള്‍ പുന്നപ്ര-വയലാര്‍ പ്രദേശങ്ങളില്‍ പാവപ്പെട്ട കൃഷിക്കാരെയും തൊഴിലാളികളെയും സായുധ വിപ്ലവത്തിലേക്ക് എടുത്തുചാടിച്ചു. പൊലീസ് സ്റ്റേഷന് ആക്രമണവും പട്ടാളഭരണവും എല്ലാം പാവങ്ങളുടെ കൂട്ടക്കൊലയില്‍ അവസാനിച്ചു. മതപുരോഹിതരുടെ നേതൃത്വത്തില്‍ മലബാറിലുണ്ടായ മാപ്പിളകലാപം എന്നപോലെ കമ്മ്യൂണിസ്റ്റുകളുടെ ആഭിമുഖ്യത്തില്‍ ഉണ്ടായ പുന്നപ്ര-വയലാര്‍ കലാപങ്ങളുടെ എല്ലാം പില്ക്കാലത്തെ പ്രചാരവേളയില്‍ കമ്മ്യൂണിസ്റ്റ് ആയുധങ്ങളായി മാറി.
കൊച്ചിയിലും തിരുവിതാംകൂറിലും പുരോഗമനാശയക്കാരായ രാജാക്കന്മാര് ഭരിച്ചിരുന്നതിനാല്‍ കൊച്ചിയിലെ പ്രജാമണ്ഡലവും തിരുവിതാംകൂറിലെ ശ്രീമൂലം സഭയും ഉത്തരവാദിത്വഭരണത്തിന്റെ പ്രഥമപാഠങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു.
ഐക്യകേരളം കോണ്‍ഗ്രസ്സിന്റെ ഭാഷാ സംസ്ഥാന പരിപാടിയുടെ ഭാഗമായിരുന്നു. എന്നാല്‍, ഭാഷാ സംസ്ഥാനങ്ങള്‍, ഭൂപരിഷ്കാരങ്ങള്‍ തുടങ്ങിയ നയങ്ങളൊന്നും കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കോണ്‍ഗ്രസ്സിലെ നേതൃത്വമത്സരങ്ങള് അനുവദിച്ചില്ല. ഇവിടെയെല്ലാം കമ്മ്യൂണിസ്റ്റുകളാണ് കോണ്‍ഗ്രസ്സിന്റെ ശിഥിലീകരണത്തെ പ്രയോജനപ്പെടുത്തിയത്. ആദ്യം രണ്ടു നാട്ടുരാജ്യങ്ങളും ചേര്‍ന്ന് തിരു-കൊച്ചി നിലവില്‍ വന്നു. പിന്നെ മലബാര്‍ ജില്ലയും ചേര്‍ന്ന് ഐക്യകേരളമുണ്ടായി. കേരളത്തില്‍ ആദ്യത്തെ ജനകീയമന്ത്രിസഭ ഇ.എം.എസ്സിന്റെ കീഴിലുള്ളതായിരുന്നു. കൊച്ചിയിലും തിരുവിതാംകൂറിലും പുരോഗമനാശയക്കാരായ രാജാക്കന്മാര് ഭരിച്ചിരുന്നതിനാല്‍ കൊച്ചിയിലെ പ്രജാമണ്ഡലവും തിരുവിതാംകൂറിലെ ശ്രീമൂലം സഭയും ഉത്തരവാദിത്വഭരണത്തിന്റെ പ്രഥമപാഠങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. മലബാറാകട്ടെ, പതിനെട്ടാം നൂറ്റാണ്ടിലെ ക്രൂരമായ മൈസൂര്‍ ആക്രമണങ്ങള്‍ക്ക് ശേഷമുണ്ടായ പിന്നോക്കാവസ്ഥയില്‍നിന്ന് കരകേറിയിട്ടുണ്ടായിരുന്നില്ല- മദിരാശി സംസ്ഥാനത്തിന്റെ ഒരനാവശ്യമായ വാലായി മാറിയപ്പോഴും അവിടെ വലിയ പുരോഗതിയൊന്നുമുണ്ടായില്ല.
വലിയ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയെ നോക്കിയിരുന്നത്. ഭൂപരിഷ്കരണത്തിലും വിദ്യാഭ്യാസരംഗത്തിലും പുരോഗമനപരമായ നിയമനിര്‍മ്മാണത്തിന് അരങ്ങൊരുങ്ങുകയും ചെയ്തു. പക്ഷേ, വളരെത്താമസിയാതെ ഓരോ നഗരത്തിലും നാട്ടിന്‍പുറത്തും ഭരണയന്ത്രത്തില്‍നിന്നും വ്യത്യസ്തമായ ഒരു ഭരണയന്ത്രം- കമ്മ്യൂണിസ്റ്റ് സെല്ലുകള്‍- സര്‍ക്കാരിന്റെമേല്‍ മറ്റൊരു സര്‍ക്കാര്‍ ഏറ്റിവയ്ക്കുന്നതായി ആക്ഷേപമുയര്‍ന്നു. കമ്മ്യൂണിസ്റ്റ് അനുഭാവികള്‍പോലും യാഥാസ്ഥിതികവീക്ഷണമുള്ള കത്തോലിക്കാ പള്ളിയുടെയും നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും കൂടെച്ചേര്‍ന്ന് സമരമാര്‍ഗ്ഗം തേടി. ലാത്തിച്ചാര്‍ജുകളും വെടിവയ്പുകളും ഏറിവന്നു. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലുള്ള 'വിമോചനസമര'ത്തില്‍ വിദ്യാര്‍ത്ഥികളും തൊളിലാളികളും കൃഷിക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എല്ലാമുണ്ടായിരുന്നു. ആദ്യമൊന്ന് ശങ്കിച്ചുനിന്നശേഷം കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയപ്പോള്‍ കേരളത്തിലേയും കേന്ദ്രത്തിലേയും കോണ്‍ഗ്രസ് നേതൃത്വം പ്രക്ഷോഭത്തില്ചേര്ന്നു. ആദ്യത്തെ ജനകീയ മന്ത്രിസഭയെ ആദ്യത്തെ ജനകീയ വിമോചനസമരം നിലത്തിറക്കി. ജനാധിപത്യവാദിയായ നെഹ്റുവിന് ഈ കടുംകൈ അനുവദിക്കേണ്ടിവന്നു. തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്നാല്‍ മാത്രം പോരാ, മറ്റ് രാഷ്ട്രീയകക്ഷികളോടും സമുദായങ്ങളോടും അനുരഞ്ജനത്തോടെ ഭരണഘടനയ്ക്കുള്ളില്‍ മാത്രം ഭരിക്കുകയും ചെയ്താല്‍ മാത്രമേ ജനാധിപത്യ ഭരണമാവുകയുള്ളു എന്ന പാഠം എല്ലാവരും ആദ്യമായി പഠിച്ചു. കമ്മ്യൂണിസ്റ്റുകള്‍ 1948-ലെ രണദിവെയുടെ 'ഉടന്‍ വിപ്ലവ'നയത്തിന്റെ പരാജയത്തോടെ പാര്‍ലമെന്ററി സമ്പ്രദായം അംഗീകരിച്ചുവെങ്കിലും അതുവരെയുള്ള അക്രമപാരമ്പര്യം പെട്ടെന്ന് ഉപേക്ഷിക്കുവാന്‍ അവര്‍ക്ക് സാദ്ധ്യമായിരുന്നില്ല. മാത്രവുമല്ല, ആരും തിരിച്ചറിയുകയില്ലെന്ന ആത്മവിശ്വാസത്തോടെ ഭരണയന്ത്രത്തെ കക്ഷിനേതൃത്വത്തിന് കീഴ്പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും എതിര്പ്പുണ്ടാവുമ്പോള് വിപ്ലവവീര്യം ഊതിക്കത്തിച്ച് ഭീകരപ്രസ്ഥാനം സൃഷ്ടിക്കുകയും ചെയ്യുന്ന രീതിയില്‍നിന്ന് അവര്‍ക്ക് മോചനമുണ്ടായില്ല. ഇന്നുമുണ്ടായിട്ടില്ലല്ലോ.
യഥാര്‍ത്ഥത്തില്‍ വര്‍ഗീയത ഒന്നേയുള്ളു. മുസ്ലീങ്ങളുടെ വര്‍ഗീയത ഹിന്ദുക്കള്ക്കെതിരാണെങ്കിലും ഹിന്ദുവര്ഗീയതയ്ക്കെതിരല്ല. രണ്ടുകൂട്ടരും എതിര്‍പക്ഷത്തെ പോറ്റിവളര്‍ത്തുന്നു.
ഇത്രയും ദുരന്തമുണ്ടായിട്ടും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ചേരിപ്പോരുകള്‍ മതിയാക്കിയില്ല. മാര്‍ക്സിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും 'ഭൂരിപക്ഷവര്‍ഗീയത'യെ തോല്പിക്കാനെന്നപേരില് 'ന്യൂനപക്ഷ വര്‍ഗീയത'യെ കൂട്ടുപിടിച്ചുതുടങ്ങി. യഥാര്‍ത്ഥത്തില്‍ വര്‍ഗീയത ഒന്നേയുള്ളു. മുസ്ലീങ്ങളുടെ വര്‍ഗീയത ഹിന്ദുക്കള്ക്കെതിരാണെങ്കിലും ഹിന്ദുവര്ഗീയതയ്ക്കെതിരല്ല. രണ്ടുകൂട്ടരും എതിര്‍പക്ഷത്തെ പോറ്റിവളര്‍ത്തുന്നു. രാഷ്ട്രീയമായ ദൂരക്കാഴ്ചയില്ലായ്മയാണല്ലോ വര്ഗീയതയ്ക്കടിസ്ഥാനം.
ഇങ്ങനെ രണ്ടു വലിയ മുന്നണികള്‍ ജനാധിപത്യത്തിന്റെ പേരിലും മതനിരപേക്ഷതയുടെ പേരിലും ആണയിട്ടുകൊണ്ട് മത്സരിച്ച് ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ബലിയാടാക്കി നരമേധം നടത്തുന്നതിനിടയില്‍ കേരളത്തിലെ വികസനശ്രമങ്ങള്‍ സ്തംഭിച്ചുനിന്നു. വിദ്യാഭ്യാസത്തിലും വ്യവസായതാല്പര്യത്തിലും അന്യസംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍നിന്ന കേരളം അമ്പതുകൊല്ലംകൊണ്ട് ഏറ്റവും പിന്നണിയിലേയ്ക്കെത്തുകയുണ്ടായി. ഭാഗ്യവശാല്‍ ഗള്‍ഫില്‍നിന്നുള്ള സഹായഹസ്തം പെട്രോ ഡോളറിന്റെ രൂപത്തില്‍ നീണ്ടുവന്ന് ഒരു താങ്ങുകൊടുത്തതിനാല് കേരളത്തിലെ പട്ടിണിക്കും തൊഴിലില്ലായ്മയ്ക്കും പൊറുതിയുണ്ട്. സമ്പന്നസമൂഹങ്ങളുടെ പരിഷ്കാരമോടികളില് പലതും കടന്നുവന്ന് ഒരുപഭോഗവിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ്സിന്റെ വാര്‍ദ്ധക്യവും ഹിന്ദുത്വശക്തികളുടെ നയശൂന്യമായ മദ്ധ്യകാല മനസ്ഥിതിയും ഇവിടെ മാര്‍ക്സിസ്റ്റ് ആധിപത്യം ശാശ്വതമാണ് എന്ന ധാരണ സൃഷ്ടിച്ചു. അതോടെ വിദ്യാഭ്യാസം, വ്യവസായം, സഹകരണം എന്നീ മേഖലകളിലെല്ലാം മാര്‍ക്സിസ്റ്റുകളുടെ പിടിച്ചടക്കല്‍ പരിപാടികളും വെട്ടിനിരത്തല്‍ പരിപാടികളും നിര്‍ബാധമായി നീങ്ങി. മാധ്യമങ്ങളും ഏറെക്കുറെ നിര്‍വീര്യമായി. പൊള്ളയായ കോലാഹലംകൊണ്ട് അവയ്ക്ക് ജീവനുണ്ടെന്ന് സ്വയം ബോദ്ധ്യപ്പെടുത്തേണ്ടിവന്നു.
ഏറ്റവും ആദര്‍ശധീരനായ പൊതുപ്രവര്ത്തകന് കേളപ്പന് അല്ലാതെ മറ്റാരുമാവാന്‍ ഇടയില്ല. ഏറ്റവും ജനപ്രിയനായ കവി ചങ്ങമ്പുഴയും ഏറ്റവും ജനപ്രിയ ഗായകന് യേശുദാസുമായിരിക്കും.
ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച, ഏറ്റവും ഉന്നതനായ, വ്യക്തി ആരെന്ന ചോദ്യം ഉയര്‍ന്നുവന്നാല്‍ നിസ്സംശയം മറുപടി പറയാം- ശ്രീനാരായണന്. ഏറ്റവും വലിയ നോവലിസ്റ്റിനെയും വലിയ ബുദ്ധിമുട്ടുകൂടാതെ പറയാം- തകഴി. ഏറ്റവും വലിയ ചെറുകഥാകൃത്തിനെ അങ്ങനെ സര്വ്വസമ്മതമായോ ഭൂരിപക്ഷസമ്മതമായോ തിരഞ്ഞെടുക്കാനാവില്ല. ബഷീറായിരിക്കും പലരുടെയും ഇഷ്ടകഥാകാരന്‍ എന്നുപറയാം. ഏറ്റവും വലിയ ചിത്രകാരന് രാജാരവിവര്‍മ്മ തന്നെ. ഏറ്റവും നല്ല ഭരണാധികാരി അച്ചുതമേനോന് ആണെന്നും ഏറ്റവുമധികം ജനങ്ങളെ സ്വാധീനിച്ച നേതാവ് ഇ.എം.എസ് ആണെന്നും പറഞ്ഞാല്‍ അഭിപ്രായവ്യത്യാസമുണ്ടാവുമോ? സംശയമാണ്. ഏറ്റവും വലിയ കവി ആശാനോ? വള്ളത്തോളോ? ഏറ്റവും നല്ല നിരൂപകന് മാരാരോ മുണ്ടശ്ശേരിയോ? ഏറ്റവും പ്രമുഖനായ പത്രാധിപര്‍ കേശവമേനോനോ മാമ്മന്മാപ്പിളയോ? ഏറ്റവും നല്ല സിനിമാനടന് മമ്മൂട്ടിയോ മോഹന്‍ലാലോ? ഏറ്റവും ആദര്‍ശധീരനായ പൊതുപ്രവര്ത്തകന് കേളപ്പന് അല്ലാതെ മറ്റാരുമാവാന്‍ ഇടയില്ല. ഏറ്റവും ജനപ്രിയനായ കവി ചങ്ങമ്പുഴയും ഏറ്റവും ജനപ്രിയ ഗായകന് യേശുദാസുമായിരിക്കും. അന്താരാഷ്ട്ര പ്രശസ്തിയില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന മലയാളി ആരാണ്? വി.കെ. കൃഷ്ണമേനോന്.
ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തിന്റെ ഏറ്റവും വലിയ നേട്ടം എന്തായിരുന്നു? സമ്പൂര്‍ണ്ണമായ സാക്ഷരത്വമോ? അതോ അതിന്റെ കൂടെത്തന്നെയുള്ള സമ്പൂര്‍ണ്ണമായ രാക്ഷസത്വമോ? രണ്ടുംകൂടിയുള്ള സഹവര്‍ത്തിത്വമോ? വരും നൂറ്റാണ്ടിലെ കേരളം എന്തായിരിക്കും? ആധുനികത്വം, ഉത്തരാധുനികത്വം എന്നൊക്കെ നമ്മുടെ സാഹിത്യകാരന്മാര് മുറവിളി കൂട്ടുന്നുണ്ടെങ്കിലും ആഗോളവല്‍ക്കരണത്തിന്റെ വേലിയേറ്റത്തില്‍ വെള്ളത്തിനടിയില്‍പ്പെട്ട് അന്യംനിന്നുപോകാനിടയുള്ള നാടുവാഴിത്തത്തിന്റെ ഒരു ചെറിയ തുരുത്തായിട്ടാണ് മലയാളി സമൂഹം നിലനില്‍ക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates