കാട്ടുമാടം മന  File
Archives

Archives|കുട്ടിച്ചാത്തന്‍ സത്യമോ കെട്ടുകഥയോ?

1997 ഡിസംബര്‍ 5 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

ടി ഗോപിനാഥ്

ണ്ടുമുതല്‍ക്കേ മനുഷ്യര്‍ക്ക് അമ്പരപ്പും വിഭ്രാന്തിയും ഉണ്ടാക്കുന്ന പല സംഭവങ്ങളും നടന്നിട്ടുണ്ട്. വിചിത്രമായ, നിഗൂഢത നിറഞ്ഞ, വിശദീകരിക്കാനാവാത്ത, പലതും ദൃഷ്ടിപഥത്തിലെത്തുക. ഭൂമിയെപ്പറ്റി ശാസ്ത്രീയമായ വിലയിരുത്തലോടെ മനുഷ്യന്‍ കൂടുതല്‍ പഠിച്ചുവരുന്നുണ്ട് എങ്കിലും എല്ലാം അറിവുകളേയും നിരര്‍ത്ഥകമാക്കുന്ന പലതും സംഭവിച്ചുകൊണ്ടിരിക്കുന്നു. പല ചോദ്യങ്ങളും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.

ഇത്തരത്തിലുള്ള സംഭവപരമ്പരകളില്‍ ഒരെണ്ണത്തിന് കുറച്ച് കേരളീയത അവകാശപ്പെടാം. എന്തെന്നാല്‍ ഇവയുടെ പിന്നിലുള്ളതെന്നു കരുതുന്ന അദൃശ്യശക്തിക്ക് കേരളീയര്‍ ദൈവികപദവി നല്‍കുന്നു. അതാണ് ചാത്തന്‍ അഥവാ കുട്ടിച്ചാത്തന്‍- ഒരു ഗോത്രസങ്കല്പം.

ഈശ്വരഭക്തിയെ വിശ്വാസികളിലെത്തിക്കുന്നവരെ ഹിന്ദുക്കള്‍ മന്ത്രവാദികളെന്നു വിളിക്കുന്നു. പ്രാചീനകാലം തൊട്ടുതന്നെ ഈ സമ്പ്രദായം കേരളത്തില്‍ നിലനിന്നുപോരുന്നു. നമ്പൂതിരിമാരുടെ അധിനിവേശത്തിന് കളമൊരുക്കിയ പരശുരാമന്‍ പ്രധാന തൊഴിലുകളെല്ലാം പല കുടുംബക്കാര്‍ക്കായി വീതിച്ചുകൊടുത്തപ്പോള്‍ സന്‍ മന്ത്രവാദം കുലത്തൊഴിലായി ലഭിച്ചത് കല്ലൂര്‍, കാട്ടുമാടം തുടങ്ങി ആറു കുടുംബങ്ങള്‍ക്ക്; ദുര്‍മന്ത്രവാദം അവര്‍ണ്ണരടങ്ങുന്ന വേറെ ആറുപേര്‍ക്കും.

എല്ലാ മന്ത്രവാദികള്‍ക്കും ഉദ്ദിഷ്ടകാര്യസിദ്ധിക്ക് മന്ത്രമൂര്‍ത്തികള്‍ ഉണ്ടായിരിക്കും. ഭദ്രകാളി, ഹനുമാന്‍, ഗണപതി, ഭുവനേശ്വരി എന്നിങ്ങനെ. കാട്ടുമാടം മനയ്ക്ക് പ്രത്യേകം ലഭിച്ചതാണത്രെ ചാത്തന്‍- അല്ലെങ്കില്‍ കുട്ടിച്ചാത്തന്‍.

കാട്ടുമാടം മന

സംശയാലുവായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഒരിക്കല്‍ ആ വീട്ടില്‍ ചെന്നപ്പോള്‍ കണ്ടത് അടച്ചുപൂട്ടി ഭദ്രമായി വച്ചിരുന്ന കുപ്പികളുടെ മൂടികള്‍ സ്വയം തെറിക്കുന്നതാണ്. വീഞ്ഞു കുപ്പികളല്ലായിരുന്നുതാനും.

രാത്രിയിലാണ് സംഭവങ്ങള്‍ നടക്കുന്നത്. ഒരു യുവതിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നുതാനും. അത്ഭുതങ്ങള്‍ക്കും ഈ രണ്ടു കാര്യങ്ങള്‍ക്കും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ? കേരളത്തിലെ ചാത്തനും ആന്ധ്രാ, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ 'ഭാനുമതി' എന്ന അത്ഭുതപരമ്പരകളും ഒരേ പൈതൃകത്തില്‍നിന്നും വന്നതാണോ?

കേരളത്തിലെ നാടോടിക്കഥകളില്‍ ചാത്തന് വളരെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അക്ഷരാഭ്യാസത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ഈ സംസ്ഥാനത്ത് ഈ ശക്തിക്ക് ഈശ്വരന്റെ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സ്വീകാര്യനുമാണ്. മതേതരത്വത്തിന്റെ ഒരു ഉത്കൃഷ്ട ഉദാഹരണം.

യുക്തിവാദികള്‍ക്ക് ചാത്തന്‍ ഒരു 'മിഥ്യ'യാണ്. ഒരു മനോരോഗിയാണ്. മനോരോഗങ്ങള്‍ക്ക് കേരളത്തിലെ ആയുര്‍വേദ ചികിത്സാരംഗത്ത് വളരെ പ്രാധാന്യമുണ്ട്. 'മനസ്സ്' എന്നത് മനുഷ്യദേഹത്തിന്റെ ഒരു അവയവം മാത്രമാണ്. ദൃഷ്ടിഗോചരമല്ലാത്ത മനസ്സിന്റെ താളം തെറ്റുകള്‍ അവ്യക്തമായ, ദുര്‍ഗ്രഹമായ, ഉപാധികളില്‍ക്കൂടി മാത്രമേ ചികിത്സിക്കാന്‍ ആവുകയുള്ളൂ. ഇവിടെയാണത്രെ മന്ത്രത്തിന്റെയും മന്ത്രവാദത്തിന്റെയും പ്രസക്തി.

കാട്ടുമാടം നാരായണന്‍

ഉല്‍പതിഷ്ണു, എഴുത്തുകാരന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന കാട്ടുമാടം നാരായണന്‍ നമ്പൂതിരിയാണ് മന്ത്രവാദ പാരമ്പര്യ കുടുംബങ്ങളില്‍ അദ്വിതീയസ്ഥാനം അലങ്കരിക്കുന്ന കാട്ടുമാടം മനയുടെ ഇന്നത്തെ രക്ഷാകര്‍ത്താവ്. ചാത്തന്‍ അവരുടെ മന്ത്രമൂര്‍ത്തികളില്‍ ഒന്നും.

'കുക്ഷി:ശാസ്താവ്' ലോപിച്ചിട്ടാണത്രെ കുട്ടിച്ചാത്തനായത്. മാമൂലോ ആചാരങ്ങളോ അനുഷ്ഠിക്കാത്ത ഒരു ആവിഷ്‌ക്കരണം. കാട്ടുമാടം നാരായണന്റെ അഭിപ്രായത്തില്‍ ചാത്തന്‍ ഗോപക മഹര്‍ഷിയുടെ കുലത്തില്‍പ്പെട്ടവനാണ്.

നാരായണന്‍ പറഞ്ഞു: ''ചാത്തന്‍ ഒരു 'കരു' മാത്രമാണ്. കാര്യസാദ്ധ്യത്തിന് ഒരു പണിയായുധം. 'കരുസേവ' ചാത്തന്‍സേവയായതാണ്. ശിവന്റെയും വിഷ്ണുവിന്റേയും ചൈതന്യങ്ങളുടെ സമന്വയമാണ് ശാസ്താവ്. ഈ രൂപകല്പനയുടെ കൂടെ ഭദ്രകാളി- ശക്തി സങ്കല്പവും കൂട്ടിച്ചേര്‍ത്ത് ത്രിനായകത്വം കൊടുത്ത ഒരു പ്രതിഭാസമാണ്. 'വിഷ്ണുമായ' എന്ന പേരിലും അറിയപ്പെടുന്നു.

സംശയാലുവായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഒരിക്കല്‍ ആ വീട്ടില്‍ ചെന്നപ്പോള്‍ കണ്ടത് അടച്ചുപൂട്ടി ഭദ്രമായി വച്ചിരുന്ന കുപ്പികളുടെ മൂടികള്‍ സ്വയം തെറിക്കുന്നതാണ്

സര്‍പ്പാരാധനയുടെ കുത്തകാവകാശം പാമ്പുമേക്കാട്, മണ്ണാറശാല എന്നീ കുടുംബങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നതുപോലെ ചാത്തന്‍സേവയുടെ ഉത്തരവാദിത്വം കാട്ടുമാടം മന, അവണങ്ങാട്ട് കളരി എന്നിവര്‍ക്കാണ്. ഈ ആരാധനാക്രമം തുടങ്ങിയതിനെപ്പറ്റി പല കഥകളും പ്രചാരത്തിലുണ്ട്.

കൊട്ടാരത്തില്‍ ശങ്കുണ്ണി (ഐതിഹ്യമാല)യുടെ വീക്ഷണത്തില്‍ പഴയ മലബാര്‍ പ്രദേശത്തെ പുഞ്ചനല്ലൂര്‍ ഭട്ടതിരിപ്പാട് എന്ന ഒരു മാന്ത്രികന് തന്റെ അധീനതയില്‍ നാനൂറ് ചാത്തന്മാരുണ്ടായിരുന്നു. വാര്‍ദ്ധക്യസഹജമായ പരാധീനതകള്‍ കാരണം ഇവര്‍ക്കുവേണ്ടുന്ന നിത്യാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കാട്ടുമാടം കുടുംബക്കാര്‍ പത്തെണ്ണം ദത്തെടുത്തു. അവണങ്ങാട്ടു കളരിയിലെ ആശാനായ ഉണ്ണൂറ്റിപ്പണിക്കര്‍ തന്റെ മന്ത്രമൂര്‍ത്തിയായ ഗണപതിയെ പകരം നല്‍കി ബാക്കി മുന്നൂറ്റിത്തൊണ്ണൂറെണ്ണം ഏറ്റെടുത്തു.

കാട്ടുമാടം നാരായണന്റെ അഭിപ്രായത്തില്‍ ''നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്റെ ഒരു പൂര്‍വ്വികനായ അഗ്‌നിശര്‍മ്മന്‍ നമ്പൂതിരിപ്പാട് ഒരു മന്ത്രവാദ കര്‍മ്മത്തിനു പോയി തിരിച്ചുവരുമ്പോള്‍ തിരുമുഴിക്കുളത്ത് ചങ്കരന്‍ കണ്ടന്‍, ഈച്ചരന്‍ കണ്ടന്‍ എന്നു പേരുള്ള രണ്ടുപേര്‍ പോറ്റിവളര്‍ത്തിയിരുന്ന ഒരുകൂട്ടം ചാത്തന്മാരുടെ ദീനരോദനം കേള്‍ക്കുവാന്‍ ഇടയായി. തങ്ങളെക്കൊണ്ട് ഹീനമായ പണികള്‍ എടുപ്പിച്ചിരുന്ന കണ്ടന്മാരില്‍നിന്നു മോചിപ്പിക്കണമെന്ന അപേക്ഷയെ തുടര്‍ന്ന് നമ്പൂതിരിപ്പാട് അവനെ ആവാഹിച്ചുകൊണ്ടുവന്നു സ്വഗൃഹത്തില്‍ പ്രതിഷ്ഠിക്കുകയാണുണ്ടായത്.''

ഇരിപ്പിടം പരദേവതയായ പയ്യൂര്‍ ഭഗവതിയുടെ സമീപത്തും. 'മുത്തശ്ശിയമ്മ' എന്ന് അതിവാത്സല്യത്തോടെ വിളിച്ചുവരുന്ന ഈ ദേവിക്ക് ദിവസവും അര്‍പ്പിച്ചുവരുന്ന പൂജകളാണത്രെ കുസൃതികളായ ഈ ചാത്തന്മാരെ നിയന്ത്രണവിധേയരാക്കുന്നത്.

എങ്കിലും ചിലരുടെ കുറുമ്പുകള്‍ സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഏഴുപേരെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ മുന്‍വശത്തുകൂടി ഒഴുകുന്ന പുഴയില്‍ എറിഞ്ഞുപോല്‍. ഒന്നുരണ്ടുപേര്‍ കരയില്‍ ചെന്നുവീണ് രക്ഷപ്പെട്ടുതാനും.

അടുത്തുതന്നെയുള്ള അവണങ്ങാട്ടു സ്ഥാപനത്തിനോട് ബന്ധപ്പെട്ട് പൂജാവിധികള്‍ ഹൃദിസ്ഥമാക്കിയിരുന്ന ചിലര്‍ ഈ ചാത്തന്മാരെ സ്വാധീനിച്ചെടുത്ത് സ്വന്തം മഠങ്ങള്‍ സ്ഥാപിച്ചതിനാലാണ് തൃപ്രയാര്‍, പെരിങ്ങോട്ടുകര എന്നീ സ്ഥലങ്ങളില്‍ വേറെ ചില ചാത്തന്‍സേവാമഠങ്ങള്‍ ഉയര്‍ന്നുവന്നത്!

അവണങ്ങാട്ട് സ്ഥാപനം ഒരുകാലത്ത് യുദ്ധമുറകള്‍ പഠിപ്പിച്ചിരുന്ന ഒരു കളരിയായിരുന്നു. ഇന്ന് ഇവിടെ സ്ഥിതിചെയ്യുന്ന ധര്‍മ്മശാസ്താ (വിഷ്ണുമായ) ക്ഷേത്രത്തിനാണ് പ്രാധാന്യം. ചാത്തന്മാരെ ആവാഹിച്ച് കൊണ്ടുവന്ന് പ്രതിഷ്ഠിച്ച ഉണ്ണൂറ്റിപ്പണിക്കരുടെ സമാധി ക്ഷേത്രത്തിനോട് തൊട്ടുകിടക്കുന്ന ഒരു കിണറിലാണ്. പിന്നീട് മൂടിയ ഈ കിണറിന്റെ മുകള്‍ഭാഗത്തിനെ 'ചാത്തന്‍തറ' എന്നു വിളിക്കുന്നു. ചാത്തന്മാരെ പ്രീതിപ്പെടുത്താനുള്ള പൂജകള്‍ ഈ തറയിന്മേല്‍ നടത്തുന്നു.

ദേഹത്തിന്റെ മുകള്‍ഭാഗം പുരുഷന്റെയും - താഴെ സ്ത്രീയുടെ രൂപത്തിലും പോത്തിന്റെ പുറത്തിരിക്കുന്ന വിധത്തിലുള്ള ഒരു വിഗ്രഹമാണ് അവണങ്ങാട്ട് പൂജിച്ചുവരുന്നത്. ചാത്തനും ശാസ്താവും ഏതാണ്ട് ഒന്നുതന്നെയാണ് എന്നു സൂചിപ്പിക്കുന്ന ഒരു ചിത്രീകരണം.

തന്റെ ശത്രുക്കള്‍ക്ക് കഷ്ടപ്പാടുകളുണ്ടാക്കുവാനുള്ള പൂജകള്‍ ഒരു വശത്ത്. ഇതേ മൂര്‍ത്തിയെ വേറെവിധത്തില്‍ തൃപ്തിപ്പെടുത്തിയാല്‍ ആശ്വാസം ലഭിക്കുന്നു. ന്യായത്തിനെയും സാമാന്യബുദ്ധിയേയും വെല്ലുവിളിക്കുന്ന ഒരു വിരോധാഭാസമല്ലേ ഇത്?

''അതെ ശരിയാണ്'' - കാട്ടുമാടം നാരായണന്‍ സമ്മതിക്കുന്നു.

ചാത്തന്‍സേവകൊണ്ട് ഗുണവും ദോഷവും അനുഭവിച്ചറിഞ്ഞിട്ടുള്ളവരുടെ കഥകള്‍ ധാരാളമാണ്

കളംവരച്ച വെളിച്ചപ്പാട് തുള്ളി ചാത്തന്റെ ഇംഗിതങ്ങള്‍ ഭക്തരെ അറിയിക്കുന്ന സമ്പ്രദായം കാട്ടുമാടം ഒഴികെയുള്ള സേവാമഠങ്ങളില്‍ നടക്കുന്നു. ചിലവ് കുറഞ്ഞതും ചിലപ്പോള്‍ കൂടിയതുമായ പരിഹാരക്രിയകള്‍. ദൈവത്തിന്റെ പ്രതിനിധിയുമായി വിലപേശലും അധാര്‍മ്മികവും വാണിജ്യപരവുമായ മുതലെടുപ്പ് ചിലയിടങ്ങളില്‍ നടക്കുന്നു എന്ന പരാതികളും. കാട്ടുമാടം, അവണങ്ങാട് എന്നീ സേവാമഠങ്ങള്‍ വിശ്വാസികളെ ആകര്‍ഷിക്കുന്നതിന് പത്രപരസ്യങ്ങളെ ആശ്രയിക്കുന്നില്ല.

കാട്ടുമാടം മനക്കലുള്ള കാരുണ്യവാന്മാരായ ചാത്തന്മാര്‍ക്ക് സാധാരണ നിവേദ്യങ്ങള്‍ - മലര്‍, നാളികേരം, ശര്‍ക്കര എന്നിവ. അപകടകാരികളായ കറുത്ത ചാത്തന്മാര്‍ക്ക് 'ഗുരുതി', അതും വര്‍ഷത്തിലൊരിക്കല്‍ മാത്രം. അവണങ്ങാട്ടു ചാത്തന്മാര്‍ക്ക് അവല്‍, മലര്‍, അട, അപ്പം എന്നിവ പ്രത്യേക അനുഗ്രഹങ്ങള്‍ക്ക് നെയ്വിളക്കും കോഴിയും വഴിപാടായി വരുന്നു, ചിലപ്പോള്‍.

ചാത്തന്‍സേവകൊണ്ട് ഗുണവും ദോഷവും അനുഭവിച്ചറിഞ്ഞിട്ടുള്ളവരുടെ കഥകള്‍ ധാരാളമാണ്. മനോവിഷയകമായ അത്ഭുതങ്ങള്‍ക്ക് പ്രകടമായ തെളിവുകള്‍ ലഭിക്കാന്‍ പ്രയാസമാണ്. ഇത്തരം പ്രകൃതിവിശേഷങ്ങള്‍ ദുര്‍ലഭവും.

മനുഷ്യന് പ്രകൃതിയെ കീഴടക്കുവാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഇത്തരം കഥകളെ സമാഹരിക്കുവാന്‍ ശ്രമിക്കുന്നത് ഫലശൂന്യമായ ഉദ്യമങ്ങളായിത്തീരും. നിരാശ നേരിട്ടവര്‍ പരാജയം സമ്മതിക്കുവാന്‍ തയ്യാറാവുകയില്ല. ''വിശ്വാസികള്‍ക്ക് വിശദീകരണങ്ങള്‍ ആവശ്യമില്ല. അവിശ്വാസികള്‍ക്ക് വിശദീകരണം അസാദ്ധ്യമാണ്'' എന്ന ആപ്തവാക്യം ഇവിടെ പ്രസക്തമാണ്.

ചാത്തന്‍സേവ മന്ത്രവാദത്തിന്റെ ഭാഗമാണോ? എറിക്ക്വോണ്‍ഡാനിക്കന്‍ 'ദൈവത്തിന്റെ അത്ഭുതകര്‍മ്മങ്ങള്‍' എന്ന പുസ്തകത്തില്‍ പറയുന്നു: ''ഇതെല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ വിശ്വാസങ്ങളെ ചുറ്റിപ്പറ്റിനില്‍ക്കുന്നു. അതുതന്നെ പ്രേരണയിലും സ്വയംപ്രേരണയിലും.''

''ഔഷധഗുണമൊന്നുമില്ലാത്ത ഒരു പഞ്ചസാരഗുളിക രോഗം ഭേദമാക്കുവാനുള്ള ഒരു 'ഒറ്റമൂലി'യാണെന്ന് ധരിപ്പിച്ച് രോഗിക്കു നല്‍കിയാല്‍ പലപ്പോഴും ഫലം കണ്ടെന്നുവരും. പ്രത്യേകിച്ചും ഭാവനാസൃഷ്ടമായ മനോരാഗമാണെങ്കില്‍. മന്ത്രം ഉരുവിട്ടുകൊണ്ടുള്ള പൂജകളും മറ്റും ആവാം, മതിപ്പു തോന്നിക്കുവാന്‍.''

മനഃസംബന്ധിയായ കാര്യങ്ങളെപ്പറ്റി ഗവേഷണം നടത്തുന്ന ഒരു സംഘടനയുടെ അദ്ധ്യക്ഷനായിരുന്ന ജി.എന്‍.എം. ടൈറല്‍ 'മനുഷ്യന്റെ വ്യക്തിവൈശിഷ്ട്യം' എന്ന പുസ്തകത്തില്‍ വിചിത്ര അനുഭവങ്ങളെപ്പറ്റി തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഈ ആത്മീയ അനുഭവങ്ങള്‍ എല്ലാം തീരെ അസംബന്ധങ്ങളായി അദ്ദേഹം തള്ളിക്കളയുന്നില്ല.

പക്ഷേ, ചാത്തനേറ് എന്നു പത്രങ്ങള്‍ വിശേഷിപ്പിക്കുന്ന പലതും നടക്കുന്നിടത്ത് ആര്‍ത്തവകാലം അടുത്തിരിക്കുന്ന പെണ്‍കുട്ടികളുടെയും ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ സ്ത്രീകളുടെയും സാന്നിദ്ധ്യം കാണാം എന്നു തറപ്പിച്ചുപറയുന്നു. ഈ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് പൊതുവെ മാനസികമായ അസ്വസ്ഥതകള്‍ അനുഭവപ്പെടുമത്രെ! ഹോര്‍മോണ്‍ സ്രാവത്തില്‍ വരുന്ന ചില മാറ്റങ്ങള്‍ കാരണം.

യുക്തിവാദിയായ ഡോക്ടര്‍ എ.ടി. കോവൂര്‍ എഴുതിയിട്ടുള്ള പുസ്തകങ്ങളില്‍ ഇത്തരം ഉദാഹരണങ്ങള്‍ പലതും കാണാം

ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ കാട്ടുമാടം നാരായണന്‍ ഒരു സംഭവം വിവരിച്ചു: ''ഒരു പ്രശസ്ത നായര്‍ തറവാട് എല്ലാ ദിവസവും രാവിലെ അകത്തും പുറത്തുമുള്ള ഭിത്തികളിന്മേല്‍ പലതും എഴുതിക്കാണും, അസഭ്യങ്ങളടക്കം. പുതിയ വസ്ത്രങ്ങള്‍ പോലും കഷണങ്ങളാക്കിയിരിക്കും. ചാത്തന്റെ ഉപദ്രവം എന്നു തീര്‍ച്ചപ്പെടുത്തിയ കാരണവര്‍ എന്റെ അച്ഛന്റെ സഹായം തേടിയെത്തി.

അച്ഛന്‍ ആ വീട്ടില്‍ ചെന്ന് ആദ്യം ചെയ്തത് ചുമരുകളും ഭിത്തികളും കഴുകി വൃത്തിയാക്കലാണ്. പിറ്റേ ദിവസവും ചുമരെഴുത്തും മറ്റും ആവര്‍ത്തിച്ചുകണ്ടു. ഒന്നും അറിയാത്തമട്ടില്‍ അച്ഛനും അനുയായികളും ആ രാത്രി വീടിനുപുറത്ത് പതുങ്ങിയിരുന്നു.

അര്‍ദ്ധരാത്രിക്കുശേഷം അവര്‍ കാണുന്നത്, പതിമൂന്ന് - പതിനാല് വയസ്സായ ഒരു പെണ്‍കുട്ടി - കാരണവരുടെ കൊച്ചുമകള്‍ തന്നെ- നൂല്‍ബന്ധമില്ലാതെ, ഒരുതരം മയക്കത്തിലെന്നപോലെ, വീട്ടില്‍നിന്നും ഇറങ്ങിവരുന്നു. ചുമരെഴുത്തു നടത്തുന്നു, തുണികള്‍ ചീന്തിവിതറുന്നു.''

''പ്രേരണ, സ്വയംപ്രേരണ എന്നിവ അടങ്ങുന്ന ഉപദേശങ്ങള്‍ ചില ആയുര്‍വ്വേദ മരുന്നുകള്‍ (അക്കാലത്ത് എന്റെ കുടുംബക്കാര്‍ മനോരോഗങ്ങള്‍ക്കുള്ള ആയുര്‍വ്വേദ ചികിത്സകള്‍ നടത്തിയിരുന്നു- ഇന്നില്ല) ജ്യോത്സ്യന്റെ അഭിപ്രായമനുസരിച്ച് ചില പരിഹാരക്രിയകള്‍ (മന്ത്രവാദം), ഇതെല്ലാം ചെയ്ത് 'വയസ്സറിയിക്കുന്ന' പ്രായത്തിലെത്തിയിരിക്കുന്ന ആ പെണ്‍കിടാവിനെ അന്നത്തെ പ്രത്യേക മാനസികാവസ്ഥയില്‍നിന്ന് മോചിപ്പിച്ചു. ആ കുട്ടിക്ക് പിന്നീട് ഒരു അസുഖവും ഉണ്ടായിട്ടില്ല. പൂജകള്‍ക്കും മന്ത്രവാദത്തിനും ഇവിടെ പ്രസക്തിയുണ്ട്.''

യുക്തിവാദിയായ ഡോക്ടര്‍ എ.ടി. കോവൂര്‍ എഴുതിയിട്ടുള്ള പുസ്തകങ്ങളില്‍ ഇത്തരം ഉദാഹരണങ്ങള്‍ പലതും കാണാം. കോവൂര്‍ പറയുന്നു: ''ജീവനുള്ള വസ്തുക്കള്‍ക്കേ, അതും പോഷണപരിണാമ വിഷയകമായ പ്രവൃത്തികള്‍ ചെയ്യുവാന്‍ കഴിവുള്ളു. ദേഹങ്ങള്‍ക്കേ കല്ലെറിയുവാനും മറ്റും സാധിക്കുകയുള്ളു. ദേഹവും രൂപവും ഇല്ലാത്ത അചേതനങ്ങളുടെ പ്രേതപ്പിശാചുക്കള്‍ക്ക് ഇത്തരം കാര്യങ്ങള്‍ അസാദ്ധ്യമാണ്.

''തലച്ചോറും നാഡീവ്യൂഹവും ഇല്ലാത്ത 'സത്വ'ങ്ങള്‍ക്ക് സചേതനമായ പ്രവൃത്തികള്‍ സാദ്ധ്യമല്ലതന്നെ. അതിനാല്‍ ചാത്തന്റെ ഉപദ്രവങ്ങള്‍ എന്നു പറയുന്നവയുടെ പിന്നില്‍ മാനുഷികമായ ശക്തി തീര്‍ച്ചയായും ഉണ്ടായിരിക്കും.''

യുക്തിവാദികളുടെയും നാസ്തികരുടെയും ചിന്താഗതികള്‍ എന്തുംതന്നെ ആയിക്കൊള്ളട്ടേ. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതും കേരളത്തിന് പൈതൃകമായി ലഭിച്ചിട്ടുള്ളതുമായ ചാത്തന്‍ എന്ന പ്രതിഭാസത്തിനെ എളുപ്പത്തില്‍ പറിച്ചുകളയുവാന്‍ സാധിക്കുകയില്ല. അവിശ്വാസം വളരെ ആഴത്തില്‍ വേരൂന്നിയിട്ടുള്ളതാണ്. ചാത്തന്‍ സേവാമഠങ്ങളില്‍ ഭക്തജനത്തിരക്ക് കൂടിവരുന്നു.

മതവിദ്വേഷം, മതമൗലികവാദം എന്നിവകൊണ്ട് കലുഷിതമായ ഇന്നത്തെ അന്തരീക്ഷത്തില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വീകാര്യനായ ഒരു ദൈവത്തിന്റെ സാന്നിദ്ധ്യം ശുദ്ധവായുവിന്റെ പ്രവേശനമായി കണക്കാക്കിക്കൂടേ. ഈ പശ്ചാത്തലത്തിലെങ്കിലും നമ്മുടെ കുട്ടിച്ചാത്തന്‍ സമര്‍ഹമായ സ്ഥാനം അര്‍ഹിക്കുന്നുണ്ട്.

Archive: T Gopinath writes about Kuttichathan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മൈ ഫ്രന്റിനെ' കാണും; മോദി - ട്രംപ് കൂടിക്കാഴ്ച ജൂണ്‍ 17ന്

'അവതാരങ്ങള്‍ അടുത്തുവന്നോ? ചോദ്യം ചോദിക്കാന്‍ ഭയപ്പെടരുത്'; പിണറായി വിമര്‍ശനവും വിശദീകരണവുമായി ബിനോയ് വിശ്വം

'സംഘപരിവാറിന്റെ നൂറ് വര്‍ഷങ്ങള്‍'; പരിപാടിയില്‍ പങ്കെടുത്ത് കേരള, എംജി, മലയാളം സര്‍വകലാശാല വിസിമാര്‍; വിവാദം

ധരംശാലയില്‍ ഗില്ലാട്ടം; ക്യാപ്റ്റന്റെ കരുത്തില്‍ ടീം ഇന്ത്യ, അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റ് ജയം

ദേവസ്വം മന്ത്രിയായ ശേഷം ആദ്യസന്ദര്‍ശനം; കെ മുരളീധരന്‍ തിങ്കളാഴ്ച ഗുരുവായൂരില്‍

SCROLL FOR NEXT