ജയന്‍ സമകാലിക മലയാളം വാരിക
Malayalam Weekly

ചുവന്ന കോട്ടും ബെല്‍ബോട്ടം പാന്റും കൂളിംഗ് ഗ്ലാസ്സും ധരിച്ച് പാട്ടും പാടി ജയന്റെ സ്റ്റൈലിഷ് എന്‍ട്രി

അയാളുടെ ശരീരസൗന്ദര്യവും ശബ്ദഗാംഭീര്യവും മാന്‍ലിലുക്കും സ്റ്റൈലിഷ് നടത്തവും പ്രത്യേകിച്ച് അന്നേവരെ മലയാളം സിനിമയിലുണ്ടായ താരത്വത്തേയും ജനപ്രിയ ഫോര്‍മുലകളേയും മാറ്റിമറിച്ചുകൊണ്ട് ഒരു കരുത്തുറ്റ നായകനായി മാറിയതും കൊണ്ടായിരിക്കാം ജയന്‍ ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

കലൂര്‍ ഡെന്നിസ്‌

മരണം മനുഷ്യനെ മഹാനാക്കുന്നു എന്ന പഴമൊഴിക്ക് പ്രസക്തി ഏറിവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ സഞ്ചരിക്കുന്നതെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.

നമ്മുടെ സാഹിത്യത്തിലും സിനിമയിലും രാഷ്ട്രീയത്തിലുമുണ്ടായിരുന്ന മഹദ്‌വ്യക്തിത്വങ്ങള്‍ മരണത്തിന്റെ പിടിയിലമരുമ്പോള്‍, എന്റെ മനസ്സിനെ ഒട്ടേറെ സ്വാധീനിച്ചിട്ടുള്ള ആ മഹനീയ സാന്നിധ്യങ്ങളൊക്കെ നമ്മെ വിട്ട് ഒരിക്കലും പോകാന്‍ പാടില്ലായിരുന്നുവെന്ന് ഞാന്‍ പലവട്ടം ചിന്തിച്ചുപോയിട്ടുണ്ട്.

ജയനും സീമയും

ഒരു മണ്ടന്‍ ചിന്തയാണെന്ന് അറിയാമെങ്കിലും മരണത്തിന് അതിന്റേതായ നിയമവും നീതിയുമൊക്കെ ഉണ്ടാവുമല്ലോ?

ഇത്രയും ആമുഖമായി ഞാനിവിടെ കുറിക്കാന്‍ കാരണം നീണ്ട 44 വര്‍ഷങ്ങള്‍ക്കു മുന്‍പ് അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞുപോയ ‘ഹാന്‍സം ഹങ്കാ’യ ജയനെക്കുറിച്ചുള്ള അപദാനങ്ങള്‍ക്ക് ദിനംപ്രതി യശസ്സ് വര്‍ദ്ധിച്ചുവരുന്നത് കണ്ടപ്പോഴാണ്. ജയന്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്തവര്‍ വരെ, എന്തിനേറെ പറയുന്നു, ജയന്‍ മരിച്ചിട്ട് നീണ്ട 25 വര്‍ഷങ്ങള്‍ കഴിഞ്ഞ് ജന്മം കൊണ്ട ന്യൂജെന്‍ പിള്ളേര്‍ വരെ ഫാന്‍സുകാരായി മാറുന്ന ഈ അപൂര്‍വകാഴ്ചയെ എന്തു പേര് ചൊല്ലിയാണ് വിളിക്കേണ്ടത്?

ഇന്ത്യന്‍ സിനിമയില്‍ മരണാനന്തരം ഒരു ചലച്ചിത്രകാരനും കിട്ടാത്ത വാഴ്ത്തുപാട്ടുകള്‍ ജയനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എന്നില്‍ അത്ഭുതവും ആശ്ചര്യവുമേറിവരികയാണ്. എന്താണ് ഇതിന്റെ ഒരു മാജിക്കല്‍ റിയലിസമെന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരു രൂപവും കിട്ടുന്നില്ല. നമ്മുടെ മറ്റു നായകനടന്മാര്‍ക്കുള്ള നടനമികവോ ഭാവചലനങ്ങളോ ഒന്നും അവകാശപ്പെടാനില്ലാത്ത ജയന് ഇത്രമാത്രം ആരാധകരുണ്ടായത് ഒരുപക്ഷേ, അയാളുടെ ശരീരസൗന്ദര്യവും ശബ്ദഗാംഭീര്യവും മാന്‍ലിലുക്കും സ്റ്റൈലിഷ് നടത്തവും പ്രത്യേകിച്ച് അന്നേവരെ മലയാളം സിനിമയിലുണ്ടായ താരത്വത്തേയും ജനപ്രിയ ഫോര്‍മുലകളേയും മാറ്റിമറിച്ചുകൊണ്ട് ഒരു കരുത്തുറ്റ നായകനായി മാറിയതും കൊണ്ടായിരിക്കാം ജയന്‍ ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഈയിടെ എനിക്കൊരു അനുഭവം ഉണ്ടായി. രണ്ടു മാസം മുന്‍പ് കാക്കനാടുള്ള എന്റെ ഒരു സുഹൃത്തിന്റെ മകളുടെ കല്ല്യാണത്തിന്റെ തലേദിവസത്തെ മൈലാഞ്ചി ഇടല്‍ ചടങ്ങിനു ഞാന്‍ പോയിരുന്നു. ആവുന്നതും ഞാന്‍ ഇങ്ങനെയുള്ള പരിപാടികള്‍ക്കൊന്നും പോകാറില്ല. മറ്റൊന്നും കൊണ്ടല്ല എന്റെ ശാരീരിക അവസ്ഥ മോശമായതുകൊണ്ടാണ്. പിന്നെ അവന്റെ നിര്‍ബന്ധം കൂടി വന്നപ്പോഴാണ് എന്റെ മകനോടൊപ്പം ഞാന്‍ സുഹൃത്തിന്റെ വീട്ടിലേയ്ക്കു പോയത്.

ഞാന്‍ മകനെ സുഹൃത്തിന്റെ വീട്ടിനകത്തേയ്ക്ക് കയറ്റിവിട്ടിട്ട് വീല്‍ചെയറില്‍ വീടിനു പുറത്തിരിക്കുകയാണ്. അപ്പോള്‍ വീടിനകത്തുനിന്നും ജയന്‍ അഭിനയിച്ച ‘മനുഷ്യമൃഗം’ എന്ന ചിത്രത്തിലെ “കസ്തൂരി മാന്‍മിഴി മലര്‍ശരമേതോ...” എന്ന ഗാനം ഒഴുകിവരുന്നുണ്ടായിരുന്നു. ആ സമയം എന്റെ മനസ്സില്‍ ജയന്റെ ചിരിച്ച മുഖം തെളിഞ്ഞുവന്നു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടിനകത്തുനിന്നും ചുവന്ന കോട്ടും ബെല്‍ബോട്ടം പാന്റും കൂളിംഗ് ഗ്ലാസ്സും ധരിച്ച് പാട്ടും പാടി സാക്ഷാല്‍ ജയന്‍ എന്റെ അടുത്തേയ്ക്കു നടന്നുവരുന്നു. അദ്ഭുതമായിരിക്കുന്നുവല്ലോ? തനി ജയനെ പകര്‍ത്തിവെച്ചിരിക്കുന്നു. കക്ഷി എന്റെ അടുത്തുവന്ന് ജയന്റെ മാനറിസത്തോടെ ചെറുപുഞ്ചിരിയുമായി ഷേയ്ക്ക് ഹാന്‍ഡും തന്ന് പോയപ്പോള്‍ എന്റെ സുഹൃത്ത് എന്റെ അടുത്തേയ്ക്ക് വന്നു.

“കൊള്ളാലോ എവിടുന്നു കിട്ടി ഈ പുതിയ ജയനെ?” ഞാന്‍ ചോദിച്ചു.

“ങാ, അത് പിള്ളേരുടെ നിര്‍ബന്ധത്തിനു വരുത്തിയതാ. ഇവിടെ ജയന്റെ മാനറിസമുള്ള ഒന്നു രണ്ടുപേരുണ്ട്. അവര്‍ക്ക് ഭയങ്കര ഡിമാന്റാ.”

“അപ്പോ പിള്ളേരുടെ ഫ്രണ്ട് ആയിരിക്കുമല്ലേ?”

“ഏയ്, പൈസ കൊടുത്തു കൊണ്ടുവന്നതാ... ഇപ്പോള്‍ ഗാനമേളയ്ക്ക് പകരം മിക്കവരും ജയനെയാണ് കൊണ്ടുവരുന്നത്.”

സുഹൃത്തിനെ ആരോ വന്ന് വിളിച്ചതുകൊണ്ട് അവന്‍ പെട്ടെന്ന് അകത്തേയ്ക്കു പോയപ്പോള്‍ ഞാന്‍ ജയനെക്കുറിച്ച് ആലോചിക്കുകയായിരുന്നു.

ഓരോ ദിവസം കഴിയുന്തോറും ജയന് ആരാധകര്‍ കൂടിക്കൂടി വരികയാണല്ലോ? എന്റെ ഓര്‍മകള്‍ അന്‍പതാണ്ട് പിന്നിലേയ്ക്ക് സഞ്ചരിക്കുകയായിരുന്നു.

ജയനെ ഞാന്‍ ആദ്യമായി കാണുന്നത് 1973-ന്റെ അവസാനം എറണാകുളം ഷേണായിസ് തിയേറ്ററില്‍ വെച്ചാണ്. പ്രേംനസീറും ശാരദയും അഭിനയിച്ച ഏതോ ഒരു ഹിറ്റ് സിനിമയായിരുന്നു അത്. പേര് കൃത്യമായി ഞാ‍ന്‍ ഓര്‍ക്കുന്നില്ല. ബാല്‍ക്കണിയില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അന്ന് ഞങ്ങള്‍ നാല്‍വര്‍ സംഘം (ഞാന്‍, ജോണ്‍പോള്‍, ആര്‍ട്ടിസ്റ്റ് കിത്തോ, സെബാസ്റ്റ്യന്‍ പോള്‍) ഒന്നിച്ചാണ് എല്ലാ സിനിമകളും കാണാന്‍ പോകുന്നത്. ഫസ്റ്റ് ഷോയ്ക്കാണ് ഞങ്ങള്‍ കൂടുതലും പോകാറുള്ളത്.

സിനിമ തുടങ്ങുന്നതിന്, അര്‍ദ്ധനിമിഷം മുന്‍പ് ലൈറ്റുകള്‍ അണയുന്ന സമയത്താണ് സഫാരിസ്യൂട്ടും കൂളിംഗ് ഗ്ലാസ്സും വെച്ച് മാന്‍ലിലുക്കുള്ള സുന്ദരനായ ഒരു യുവാവ് ഞങ്ങളുടെ മുന്നിലൂടെ മന്ദം മന്ദം തിയേറ്ററിനകത്തേയ്ക്ക് കടന്നുവരുന്നത് കണ്ടത്. എല്ലാവരും അയാളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. പെട്ടെന്ന് എന്റെ മനസ്സില്‍ തോന്നിയത് സിനിമ കാണാന്‍ വന്നിരിക്കുന്ന യുവതികളുടെ അറ്റന്‍ഷന്‍ കിട്ടാനായി പുതിയ നമ്പറുമായെത്തിയ ഒരു പൂവാലനാണെന്നാണ്. പക്ഷേ, കക്ഷി ആരേയും ശ്രദ്ധിക്കുന്നില്ല. ഇതേപോലെത്തന്നെ എറണാകുളം പത്മയിലും മേനകയിലും അയാളുടെ ‘സ്റ്റൈയിലിസ്റ്റ് എന്‍ട്രി’ ഞങ്ങള്‍ പലവട്ടം കണ്ടിട്ടുണ്ട്.

പിന്നീട് എം.ജി റോഡിലൂടെ പല വൈകുന്നേരങ്ങളിലും ഒരു ഫിയറ്റ് കാറില്‍ എല്ലാവരുടേയും ശ്രദ്ധ ആവാഹിച്ചുകൊണ്ട് റോഡിലെ ഇരുവശങ്ങളിലേയും കാഴ്ചകള്‍ ആസ്വദിച്ച് ഈ വിദ്വാന്‍ പോകുന്നതു കണ്ട് ഞങ്ങള്‍ക്ക് പുച്ഛം തോന്നിയിട്ടുണ്ട്. ഇതുവരെ കാണാത്ത ഈ പുതിയ അവതാരം ആരാണെന്നായിരുന്നു ഞങ്ങളുടെ ചര്‍ച്ച.

ഇതിനിടയില്‍ ഒരു ദിവസം പ്രൊഫഷണല്‍ നാടകനടനും നോവലിസ്റ്റും പത്രാധിപരുമൊക്കെയായ ജേസിയെക്കൊണ്ട് ചിത്രപൗര്‍ണമിയില്‍ ഒരു നീണ്ടകഥ എഴുതിക്കാനായി അയ്യപ്പന്‍കാവിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലുമ്പോഴാണ് ഈ സഫാരി സ്യൂട്ടുകാരനെ ഞാന്‍ വീണ്ടും കാണുന്നത്.

ഞാനവിടെ ചെല്ലുമ്പോള്‍ ജേസിയും ഈ കക്ഷിയും കൂടിയിരുന്ന് ക്യാരംസ് കളിക്കുകയാണ്. എന്നെ കണ്ടപാടെ തന്നെ ജേസി പറഞ്ഞു:

“ങാ, കലൂരാനോ. വാ... വാ...”

ഞാന്‍ അകത്തേയ്ക്ക് കയറി ജേസിയുടെ അടുത്തു കിടന്നിരുന്ന കസേരയില്‍ ഇരുന്നു. ജേസിയാണ് അയാളെ പരിചയപ്പെടുത്തിയത്.

“ഇത് കലൂര്‍ ഡെന്നീസ്. ചിത്രപൗര്‍ണമിയുടെ പത്രാധിപരാണ്. പിന്നെ കഥയും നോവലുമൊക്കെ എഴുതും.”

അയാള്‍, എന്നെ നോക്കി ഹൃദ്യമായി ചിരിച്ചുകൊണ്ട് എനിക്കു ഷേയ്ക്ക് ഹാന്‍ഡ് തന്നു.

“കലൂരാനെ, ഇത് കൃഷ്ണന്‍ നായര്‍. എന്റെ അടുത്ത ഫ്രണ്ടാണ്. നേവിയിലായിരുന്നു. സിനിമാജ്വരം മൂത്ത് നല്ലൊരു ജോലിയും കളഞ്ഞ് പോന്നിരിക്കുകയാണ്. ഞാന്‍ ആദ്യമായി സിനിമ ചെയ്യാന്‍ പോകുന്നെന്ന് അറിഞ്ഞ് അതിലൊരു വേഷം ചെയ്യാന്‍ വന്നിരിക്കുകയാണ് കക്ഷി.”

പിന്നെ ക്യാരംസ് കളി അവസാനിപ്പിച്ച് ഞങ്ങള്‍ ചിത്രപൗര്‍ണമിയെക്കുറിച്ചും ജേസിയുടെ സിനിമയെക്കുറിച്ചുമൊക്കെ കുറേനേരം സംസാരിച്ചിരുന്നു.

വൈകുന്നേരം തിരിച്ചുപോകാനായി ഇറങ്ങിയപ്പോള്‍ കൃഷ്ണന്‍നായരുടെ ഫിയറ്റ് കാറിലാണ് എന്നെ ചിത്രപൗര്‍ണമിയുടെ ഓഫീസില്‍ കൊണ്ടുപോയി വിട്ടത്. പിന്നെ ഏതൊക്കെ സിനിമകളുടെ ഷൂട്ടിംഗാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അറിയാന്‍ വേണ്ടി ഇടയ്ക്കിടയ്ക്ക് എന്നെ ഓഫീസിലേയ്ക്ക് വിളിച്ചുകൊണ്ടിരിക്കും.

അതിനുശേഷം ജോസ് ജംഗഷനിലുള്ള നടന്‍ ജോസ് പ്രകാശിന്റെ മകന്‍ രാജന്‍ ജോസഫിന്റെ പ്രകാശ് ഡ്രൈക്ലീനേഴ്സില്‍ വെച്ചും പലപ്പോഴും ഞാന്‍ കൃഷ്ണന്‍നായരെ കണ്ടിട്ടുണ്ട്. അങ്ങനെ ഞങ്ങളുടെ സൗഹൃദം മെല്ലെ മെല്ലെ വളരുകയായിരുന്നു.

1974-ലാണ് ജേസി സ്വതന്ത്രസംവിധായകനായി ‘ശാപമോക്ഷ’ത്തിലൂടെ സിനിമയിലെത്തുന്നത്. ഷീലയും ഉമ്മറുമാണ് നായികാനായകന്മാര്‍. ഒരു കല്ല്യാണരംഗത്ത് വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പാടുന്ന ഗായകന്റെ വേഷമാണ് കൃഷ്ണന്‍നായര്‍ക്ക് ജേസി നല്‍കിയത്. ആ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ കൃഷ്ണന്‍നായര്‍ക്കും അത് നല്ലൊരു തുടക്കമായി മാറി.

കൃഷ്ണന്‍നായരെന്ന പേര് സിനിമയ്ക്കിണങ്ങിയ നാമമല്ലെന്ന് തോന്നിയ നടന്‍ ജോസ് പ്രകാശാണ് ആ പേര് മാറ്റി ‘ജയന്‍’ ആക്കിയത്. പേരിടല്‍ കര്‍മം നടന്നപ്പോള്‍ ജോസ് പ്രകാശ് പറഞ്ഞൊരു വാചകമുണ്ട്:

“ജയന്‍ എന്നുവെച്ചാല്‍ ജയിക്കാനായി ജനിച്ചവന്‍.”

ജോസ് പ്രകാശിന്റെ ആ വാക്കുകള്‍ അന്വര്‍ത്ഥമായി മാറുകയായിരുന്നു.

പിന്നീട്, അഭൂതപൂര്‍വമായ വളര്‍ച്ചയായിരുന്നു ജയന്റേത്. മലയാളത്തിലെ അന്നത്തെ ലീഡിംഗ് ഡയറക്ടേഴ്സായ ഐ.വി. ശശിയുടേയും ഹരിഹരന്റേയും ചിത്രങ്ങളിലൂടെയുള്ള ഒരു ജൈത്രയാത്രയായിരുന്നു.

ജയന്‍

ഇതിനിടയിലാണ് തൊടുപുഴയിലുള്ള എ.ജെ. കുര്യാക്കോസ് എന്ന ഒരച്ചായന്‍ ഐ.വി. ശശിയെ വെച്ച് ഒരു സിനിമ എടുക്കാന്‍വേണ്ടി വരുന്നത്. ആ സിനിമയുടെ നിര്‍മാണ മേല്‍നോട്ടം വഹിച്ചിരുന്നത് എറണാകുളത്തുള്ള മാത്യുവരെക്കാട്ടും കിത്തോയും തമ്മില്‍ നല്ല സൗഹൃദമായിരുന്നു. ഐ.വി. ശശിയുമായി എനിക്കും കിത്തോയ്ക്കുമുള്ള അടുപ്പം അറിയാവുന്നതുകൊണ്ടാണ് മാത്യുവരെക്കാട്ട് കിത്തോയെ കാണാന്‍ വന്നിരിക്കുന്നത്. ആ ചിത്രത്തിന്റെ പേരാണ് ‘ഈ മനോഹര തീരം.’ മധു, ജയഭാരതി, വിധുബാല, സുകുമാരന്‍, ഉമ്മര്‍, പപ്പു തുടങ്ങിയവരായിരുന്നു പ്രധാന വേഷക്കാര്‍. പ്രശസ്ത സാഹിത്യകാരനായ പാറപ്പുറത്തിന്റേതായിരുന്നു കഥയും തിരക്കഥയും സംഭാഷണവും. അതില്‍ ചെറുപ്പക്കാരനായ ഒരു പ്രത്യേക വില്ലന്‍ കഥാപാത്രമുണ്ട്. സ്ഥിരമായി നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യുന്ന നടന്മാരെ അല്ലാതെ പുതിയൊരു സ്റ്റൈലിഷ് വില്ലനെ കിട്ടിയാല്‍ നന്നായിരിക്കുമെന്നാണ് ശശി പറയുന്നത്. അപ്പോഴാണ് ഞാന്‍ ജയന്റെ കാര്യമോര്‍ത്തത്. ഉടനെ തന്നെ ശശിയെ വിളിച്ച് ജയന്റെ കാര്യം പറഞ്ഞു. ജയനെ ശശിക്കും താല്പര്യമായിരുന്നു.

അന്ന് ജയന്‍ താമസിച്ചിരുന്നത് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള കൊച്ചിന്‍ ടൂറിസ്റ്റ് ഹോമിലായിരുന്നു. ജയന്‍ സ്ഥലത്തുണ്ടെന്ന് അറിഞ്ഞതുകൊണ്ട് വൈകുന്നേരം തന്നെ ഞാനും കിത്തോയും മാത്യുവരെക്കാട്ടും പ്രോഡക്ഷന്‍ കണ്‍ട്രോളകര്‍ അരവിന്ദാക്ഷനുംകൂടിയാണ് ജയനെ ബുക്ക് ചെയ്യാന്‍ പോയത്. ഞങ്ങള്‍ ചെല്ലുമ്പോള്‍ ജയന്‍ എവിടെയോ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നെ കണ്ടപ്പോള്‍ ‍ജയന്‍ ചോദിച്ചു:

“ങാ, ഡേവീസും ഉണ്ടോ?”

പരിചയപ്പെട്ട അന്നു മുതല്‍ ജയന്‍ എന്നെ വിളിച്ചിരുന്നത് ‘ഡേവിസ്’ എന്നാണ്. എത്ര തിരുത്തിയാലും ഡെന്നീസെന്ന് വിളിക്കില്ല. വായിലങ്ങനെ വഴങ്ങിപ്പോയെന്നാണ് ജയന്‍ പറയുന്നത്.

ഞങ്ങള്‍ അല്പനേരം കുശലം പറഞ്ഞിരുന്നതിനുശേഷം വിഷയത്തിലേയ്ക്ക് കടന്നു. ജയന്റെ ഡേറ്റും പ്രതിഫലവുമൊക്കെ സംസാരിച്ചുറപ്പിച്ചത് മാത്യുവരേക്കാട്ടും അരവിന്ദാക്ഷനുംകൂടിയാണ്. 1500 രൂപയായിരുന്നു പ്രതിഫലമായി പറഞ്ഞുറപ്പിച്ചത്. ഐ.വി. ശശി ചിത്രത്തിന്റെ ത്രില്ലിലായിരുന്നതുകൊണ്ട് പ്രതിഫലക്കാര്യമൊന്നും ജയന് വിഷയമായിരുന്നില്ല.

500 രൂപ അഡ്വാന്‍സും കൊടുത്ത് എഗ്രിമെന്റ് എഴുതാന്‍ തുടങ്ങിയപ്പോള്‍ ഒരു റിക്വസ്റ്റ്പോലെ ജയന്‍ എന്നോട് പറഞ്ഞു:

“ഡേവീസേ എഗ്രിമെന്റില്‍ 3000 രൂപ എന്നു കാണിച്ചാല്‍ നന്നായിരുന്നു. ഈ 1500 രൂപാ എന്നു പറയുമ്പോള്‍ മറ്റു പ്രൊഡ്യൂസര്‍മാരും ആ റേറ്റ് തന്നെ ഫിക്സ് ചെയ്യും. ശശി സാറിന്റെ സിനിമയായതുകൊണ്ടാണ് നിങ്ങള്‍ പറഞ്ഞ റേറ്റിനു ഞാന്‍ സമ്മതിച്ചത്.”

അങ്ങനെ ചെയ്യുന്നതില്‍ അരവിന്ദാക്ഷന് അത്ര താല്പര്യമുണ്ടായിരുന്നില്ല. എമൗണ്ട് കൂട്ടി എഴുതിക്കൊടുത്താല്‍ പിന്നീടെന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന ഭയമായിരുന്നു അരവിന്ദാക്ഷന്. കുഴപ്പമൊന്നുമുണ്ടാവില്ലെന്നുള്ള എന്റെ ഉറപ്പിലാണ് 3000 രൂപ എഗ്രിമെന്റില്‍ എഴുതിച്ചേര്‍ത്തു കൊടുത്തത്.

എറണാകുളത്തും ചേര്‍ത്തലയിലുമായിരുന്നു ‘ഈ മനോഹര തീര’ത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ ആദ്യമേ തന്നെ പാറപ്പുറത്തിന്റെ തിരക്കഥയില്‍ കുറച്ച് കറക്ഷന്‍സ് ഉണ്ടായിരുന്നതുകൊണ്ട് ഷൂട്ടിംഗ് മുടങ്ങാതിരിക്കാന്‍ വേണ്ടി എന്റെ തീരുമാനപ്രകാരം ജോണ്‍ പോളിനെക്കൊണ്ടാണ് തിരുത്തലുകള്‍ നടത്തിയത്. താന്‍ തനിച്ചു ചെയ്യില്ലെന്നും നീ കൂടി ഉണ്ടെങ്കില്‍ ഞാനൊരു തിരുത്തല്‍വാദിയാകാമെന്ന് ജോണ്‍ പറഞ്ഞതിനെത്തുടര്‍ന്ന് ഞാനും കൂടെ കൂടി.

ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ ഒരു ദിവസം ചിത്രപൗര്‍ണമി പ്രിന്റ് ചെയ്യുന്ന ഹിന്ദി പ്രചാര സഭ പ്രസ്സിലേയ്ക്ക് എന്നെ അന്വേഷിച്ച് ജയന്‍ കയറിവന്നു. എന്തിനായിരിക്കും ജയന്‍ എന്നെ തേടി ഇങ്ങോട്ട് വന്നത്? ഞാന്‍ ജയന്റെ അടുത്തേയ്ക്ക് ചെന്നു. എന്നെ മാറ്റിനിര്‍ത്തിയിട്ട് പറഞ്ഞു:

“എനിക്ക് ഡേവീസിനോട് ഒരു കാര്യം പറയാനുണ്ട്... ആ കണ്ണടക്കാരന്‍ ആളത്ര ശരിയല്ല...”

എനിക്കൊന്നും മനസ്സിലായില്ല.

“ഏതു കണ്ണടക്കാരന്‍?”

“നിങ്ങളുടെ ഫ്രണ്ട് ജോണ്‍പോള്‍. സ്ക്രിപ്റ്റില്‍ ഞാനൊരു പിമ്പാണെന്ന് എഴുതിവെച്ചിരിക്കുന്നു. ശശി സാര്‍ അതു ഷൂട്ട് ചെയ്യുകയും ചെയ്തു.”

എനിക്കതു കേട്ടപ്പോള്‍ ചിരിയാണ് വന്നത്.

“അത് സിനിമയിലെ ക്യാരക്ടറല്ലേ? അല്ലാതെ നിങ്ങളെ പറ്റിയല്ലല്ലോ പറഞ്ഞത്.”

“എന്നാലും മോശമല്ലേ ഡേവിസേ... പടം കാണുമ്പോള്‍ ആളുകള്‍ എന്തു വിചാരിക്കും? നമുക്കിത് റീഷൂട്ട് ചെയ്യാന്‍ പറ്റ്വോ? അതിന്റെ എക്സ്പെന്‍സ് ഞാന്‍ മുടക്കിക്കോളാം.”

“ങാ... കൊള്ളാം... ഇതും പറഞ്ഞ് ശശിയുടെ അടുത്തേയ്ക്ക് ചെന്നാമതി...”

എന്റെ സംസാരം കേട്ട് ജയന്‍ വല്ലാതെ അസ്വസ്ഥനായി നില്‍ക്കുന്നതു കണ്ട് ഞാന്‍ പറഞ്ഞു:

“എന്റെ ജയാ... ഇങ്ങനെയാണെങ്കില്‍ വില്ലന്മാരായിട്ടഭിനയിക്കുന്ന ബാലന്‍ കെ. നായരും ജോസ് പ്രകാശും ഉമ്മറുമൊക്കെ പണ്ടേ ഈ പണി നിര്‍ത്തി പോയേനെ?”

അതു കേട്ടപ്പോള്‍ ജയന് പിന്നെ ഒന്നും പറയാനായില്ല.

‘ഈ മനോഹരതീരം’ റിലീസായപ്പോള്‍ വില്ലന്‍ വേഷം ചെയ്ത ജയന്റെ കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് വന്ന പല ഐ.വി. ശശി ചിത്രങ്ങളിലും നായകനായും ഉപനായകനുമൊക്കെയായി മികച്ച വേഷങ്ങളാണ് ജയനു ലഭിച്ചത്.

ജയന്‍

1979-ല്‍ ഇറങ്ങിയ ഹരിഹരന്റെ ‘ശരപഞ്ജര’ത്തോടെയാണ് ജയന് വലിയ താരപദവി ലഭിക്കുന്നത്. പിന്നീട് ജയന്റെ ഒരു തേരോട്ടമായിരുന്നു. തുടര്‍ന്നുവന്ന ചാകര, ലൗ ഇന്‍ സിംഗപ്പൂര്‍, ബെന്‍സ് വാസു, കരിമ്പന, മനുഷ്യമൃഗം, ഇരുമ്പഴികള്‍, അങ്കക്കുറി, ഇത്തിക്കരപ്പക്കി, നായാട്ട്, മീന്‍, അങ്ങാടി, മൂര്‍ഖന്‍ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേംനസീറിനെക്കാള്‍ മാര്‍ക്കറ്റ് വാല്യു ഉള്ള നടനായി ജയന്‍ മാറുകയായിരുന്നു. ഞാന്‍ കഥയെഴുതി പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഇവിടെ കാറ്റിനു സുഗന്ധം’ എന്ന എന്റെ ഒറ്റ ചിത്രത്തില്‍ മാത്രമേ ജയന് അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂ. ജയനെ നായകനാക്കി ഐ.വി. ശശിയെക്കൊണ്ട് വലിയൊരു പ്രൊജക്ട് ചെയ്യാനുള്ള ആലോചനകള്‍ നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ആ വേര്‍പാട് വന്നു ഭവിച്ചത്.

ഇതിനിടയിലാണ് ആത്മമിത്രങ്ങളായിരുന്ന സംവിധായകന്‍ ജേസിയും ജയനും തമ്മില്‍ പിണങ്ങുന്നത്. ജയന്‍ ഒരു സിനിമാവാരികയില്‍ നല്‍കിയ വിശദമായ ഒരഭിമുഖത്തില്‍ ജേസിയെക്കുറിച്ചോ ‘ശാപമോക്ഷ’ത്തെക്കുറിച്ചോ ഒരു വാക്കുപോലും പറയാതെ ഹരിഹരനെക്കുറിച്ചും ‘ശരപഞ്ജര’ത്തെക്കുറിച്ചും വാനോളം പുകഴ്ത്തിയത് ജേസിയെ വല്ലാതെ വേദനിപ്പിച്ചു. എന്നും ചാന്‍സ് ചോദിച്ച് തന്റെ വീട്ടില്‍ കയറിയിറങ്ങി നടന്നിരുന്ന ജയന്റെ നന്ദികേടിനെക്കുറിച്ച്, അതേ വാരികയിലൂടെ തന്നെ ജേസി തിരിച്ചടിച്ചു. അതോടെ അവര്‍ തമ്മില്‍ ശത്രുക്കളായി മാറി.

പിന്നീട് കുറെ നാളുകള്‍ക്കുശേഷം ഇരുവരുടേയും അടുത്ത സുഹൃത്തുക്കളായ ഐ.വി. ശശിയും ശങ്കരാടിയും കുഞ്ചനും ഒക്കെക്കൂടി മുന്‍കൈ എടുത്താണ് ഇരുവരുടേയും പിണക്കം മാറ്റിയത്. അതേത്തുടര്‍ന്ന് ജേസിയുടെ പുതിയ ചിത്രമായ ‘തുറമുഖ’ത്തില്‍ സോമനോടൊപ്പം തുല്യപ്രാധാന്യമുള്ള നായകവേഷത്തില്‍ ജയനേയും ബുക്ക് ചെയ്തു.

ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പാണ് ജയന്‍ ‘തുറമുഖ’ത്തില്‍നിന്ന് പെട്ടെന്ന് പിന്മാറിയത്. കാരണമന്വേഷിച്ചപ്പോള്‍ സോമനും ജയനും തമ്മിലുള്ള സംഘര്‍ഷഭരിതമായ ഒരു സീനില്‍ സോമന്‍ ജയന്റ കരണത്തടിക്കുന്ന ഒരു സിറ്റ്വേഷനുണ്ട്. സോമന്‍ തന്നെ അടിച്ചാല്‍ ഇപ്പോഴത്തെ തന്റെ സ്റ്റാര്‍ഡത്തിന് മങ്ങലുണ്ടാവുമെന്നും അത് തന്റെ ആരാധകര്‍ക്ക് ഇഷ്ടപ്പെടില്ലെന്നും മനസ്സിലാക്കിയ ജയന്‍ നിര്‍മാതാവ് ജെ.ജെ. കുറ്റിക്കാടിനോട് ആ ‘അടി’ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഈ വിവരമറിഞ്ഞ ജേസി വല്ലാതെ ക്ഷോഭിച്ചു. ജയനെ വിളിച്ച് സംസാരിക്കാനൊന്നും ജേസി നിന്നില്ല.

“അവന് സോമന്റെ അടി കൊള്ളാന്‍ പറ്റിയില്ലെങ്കില്‍ അവന്‍ എന്റെ സിനിമയില്‍ അഭിനയിക്കണ്ട. ഞാന്‍ സുകുമാരനെക്കൊണ്ട് ചെയ്യിച്ചോളാം. മുഖത്ത് ചായം തേക്കുന്ന ഒന്നിനേയും വിശ്വസിക്കാന്‍ കൊള്ളില്ല. ചായം കഴുകിക്കളയുന്ന ലാഘവത്തോടെയാണ് അവര്‍ ബന്ധങ്ങളെ കളുകിക്കളയുന്നത്.

ജേസിക്ക് വല്ലാത്ത വാശിയായി.

അപ്പോള്‍ത്തന്നെ ജേസി സുകുമാരനെ വിളിച്ച് ഡേറ്റ് ചോദിച്ചു. ആ സമയത്ത്, മറ്റൊരു ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന സുകുമാരന്‍ കഥാപാത്രത്തെക്കുറിച്ചു കേട്ടപ്പോള്‍ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്തു വന്ന് അഭിനയിക്കാമെന്ന് ജേസിക്ക് ഉറപ്പു കൊടുക്കുകയും ചെയ്തു.

ജയന്‍ ഉയരങ്ങള്‍ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ ഹരിപോത്തന്‍ ഒരു ദിവസം ജേസിയെ കാണാന്‍ വന്നു. സംസാരത്തിനിടയില്‍ ഹരിപോത്തന്‍ പറഞ്ഞു:

“ജേസി നിങ്ങളെന്തൊക്കെ പറഞ്ഞാലും മലയാള സിനിമയില്‍ ഇപ്പോഴത്തെ നമ്പര്‍ വണ്‍ ഹീറോ ജയനാണ്. എല്ലാവരും ഇപ്പോള്‍ അവന്റെ പുറകെയാ. താന്‍ വെറുതെ എന്തിനാ അവനോട് കയറി ഉടക്കിയത്. തനിക്ക് ഒന്നുരണ്ട് പടങ്ങള്‍ കൂടി അവനെ വെച്ച് ചെയ്യാമായിരുന്നല്ലോ?”

“അവനെത്ര നമ്പര്‍ വണ്‍ ആയാലും അടുത്ത വര്‍ഷം അവനിവിടെ ഉണ്ടായിട്ടു വേണ്ടേ?”

ഒരു പരിഹാസച്ചിരിയോടെ ജേസി പറഞ്ഞു.

ജേസി പണ്ടേ ഇടംവലം നോക്കാതെ ചാടിക്കയറി പ്രതികരിക്കുന്ന സ്വഭാവക്കാരനാണ്. പെട്ടെന്ന് പ്രകോപിതനാവും. ഒന്നും മനസ്സില്‍ത്തട്ടി പറയുന്നതല്ല. നിമിഷങ്ങള്‍ക്കകം സെന്റിയാകും. ഷൂട്ടിംഗിന് ഒരാഴ്ച മുന്‍പ് പ്രധാന നടന്‍ പിന്മാറുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഏത് സംവിധായകനാണ് പ്രതികരിക്കാതിരിക്കുക?

ജേസിയും ജയനും തമ്മിലുള്ള പിണക്കത്തിനു ശേഷം ഞാന്‍ ജയനെ അവസാനമായി കാണുന്നത് 1980 ഒക്ടോബര്‍ ആദ്യവാരത്തില്‍ മദ്രാസിലെ പാംഗ്രോവ് ഹോട്ടലില്‍ വെച്ചാണ്. എന്റെ കൂടെ ജേസിയുമുണ്ട്. ഞാനും ജോണ്‍പോളും കൂടി തിരക്കഥ എഴുതിയ ‘അകലങ്ങളില്‍ അഭയ’ത്തിന്റെ ഡബ്ബിങ്ങ് കഴിഞ്ഞ് രാത്രി 11 മണിക്ക് ഞങ്ങള്‍ ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ ജയന്‍ റിസപ്ഷനില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ജയനും ജേസിയും പരസ്പരം കണ്ടഭാവംപോലും നടിച്ചില്ല. എന്നെ കണ്ട് ജയന്‍ ചിരിച്ച് അടുത്തേയ്ക്ക് വരുന്നതു കണ്ടപ്പോള്‍ ജേസി കീയും വാങ്ങി ലിഫ്റ്റില്‍ കയറി റൂമിലേയ്ക്ക് പോയി.

ഞാനും ജയനുമായി അല്പനേരം സംസാരിച്ചു നിന്നു. ജയന് ഷൂട്ടിംഗ് നടക്കുന്ന ‘കോളിളക്ക’ത്തെക്കുറിച്ച് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ഇനി എടുക്കാനുള്ള സാഹസിക രംഗങ്ങളെക്കുറിച്ചും ക്ലൈമാക്സിലെ ഹെലികോപ്ടര്‍ ഫൈറ്റിനെക്കുറിച്ചുമൊക്കെ ജയന്‍ കൂടുതല്‍ വാചാലനാവുകയായിരുന്നു.

ഒരു ദിവസം രാവിലെ ഞാന്‍ മാതാ ടൂറിസ്റ്റ് ഹോമിലിരുന്ന് ആന്റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്യുന്ന ‘വയലി’ന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഡോറിലൊരു മുട്ടുകേട്ട് ഞാന്‍ എഴുന്നേറ്റ് വാതില്‍ തുറന്നപ്പോള്‍ വെളുത്ത സുന്ദരിയായ ഒരു പെണ്‍കുട്ടിയും മദ്ധ്യവയസ്കയായ ഒരു സ്ത്രീയും നില്‍ക്കുന്നു. എന്നെ കണ്ടപാടെ തന്നെ ഔപചാരികതയുടെ മറയൊന്നുമില്ലാതെ ആ പെണ്‍കുട്ടി പറഞ്ഞു:

“ഞാന്‍ വിജയലക്ഷ്മി. ഇതെന്റെ അമ്മ സരസ്വതി. ചേട്ടന്റെ കസിന്‍ റീമയുടെ ഫ്രണ്ടാണ് ഞാന്‍. അവള്‍ പറഞ്ഞിട്ടാണ് ഞാന്‍ ചേട്ടനെ കാണാന്‍ വന്നത്.”

ഞാനവരെ അകത്തേയ്ക്ക് ക്ഷണിച്ചു.

സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് വന്നതായിരിക്കുമോ എന്ന എന്റെ സംശയം അവള്‍ തന്നെ തിരുത്തി.

“അതെ, ചേട്ടന്റെ സമയത്തിനു നല്ല വിലയുള്ളതുകൊണ്ട് മുഖവുരയില്ലാതെ ഞാന്‍ വിഷയത്തിലേയ്ക്ക് വരാം. മലയാള സിനിമയിലെ ആംഗ്രിയങ്മാന്‍ ജയന്റ കടുത്ത ആരാധികയാണ് ഞാന്‍. എനിക്ക് ജയേട്ടനെ ഒന്നു നേരില്‍ കണ്ട് ഒരു ഓട്ടോഗ്രാഫ് വാങ്ങണം. ഒന്നിച്ച് നിന്നൊരു ഫോട്ടോയും എടുക്കണം. ചേട്ടന്‍ വിചാരിച്ചാല്‍ അതു നടക്കും. എന്റെ ഒരു ജീവിതാഭിലാഷമാണത്.”

ജീവിതാഭിലാഷമോ! കേട്ടപ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആരാധികമാര്‍?

“ജയേട്ടന്‍ ഇപ്പോള്‍ കൊച്ചിന്‍ ടൂറിസ്റ്റ് ഹോമിലുണ്ടെന്നാണ് കേട്ടത്. ചേട്ടന്‍ ഒന്നു വിളിച്ചു പറഞ്ഞാല്‍ ഞാനും അമ്മയും കൂടി ഇപ്പോള്‍ത്തന്നെ പോയി കണ്ടോളാം.”

“ജയന്‍ അവിടെ ഉണ്ടെന്ന് എങ്ങനെ അറിഞ്ഞു?”

“അതൊക്കെ ഞാനറിഞ്ഞു.”

“അപ്പോള്‍ ജയനെ വിടാതെ ഫോളോ ചെയ്തുകൊണ്ടിരിക്കുകയാണല്ലേ?”

അതു കേട്ടവള്‍ ഉച്ചത്തില്‍ ചിരിച്ചു.

ഇതൊക്കെ കേട്ടിട്ടും അമ്മ നിസ്സംഗയായിരിക്കുന്നതു കണ്ട് ഞാന്‍ ചോദിച്ചു:

“എന്താ അമ്മ ഒന്നും മിണ്ടാതിരിക്കുന്നത്?”

“അല്ലേലും അമ്മ അങ്ങനെയാണ്. ഒരു കേള്‍വിക്കാരിയായിട്ടിരിക്കാനാണ് അമ്മയ്ക്കിഷ്ടം.”

ഞാന്‍ അപ്പോള്‍ തന്നെ കൊച്ചിന്‍ ടൂറിസ്റ്റ് ഹോമിലേയ്ക്ക് വിളിച്ച് ജയനോട് വിജയലക്ഷ്മിയുടെ കാര്യം സംസാരിച്ചു. ജയനെ നേരിട്ടു കാണുക എന്നുള്ളതാണ് അവളുടെ ജീവിതാഭിലാഷം എന്നു ഞാന്‍ പറഞ്ഞതുകേട്ട് ജയന്‍ ചിരിച്ചു.

“സോറി ഡേവിസ്, ഞാന്‍ 12 മണിക്കുള്ള മദ്രാസ് ഫ്ലൈറ്റില്‍ പോകാനായി എയര്‍പ്പോര്‍ട്ടിലേയ്ക്ക് ഇറങ്ങാന്‍ തുടങ്ങുകയാണ്. ഞാന്‍ അടുത്ത തവണ വരുമ്പോള്‍ ആ കുട്ടിയെ എന്തായാലും കാണാം.”

ഞാനീ വിവരം വിജയലക്ഷ്മിയോട് പറഞ്ഞപ്പോള്‍ അവള്‍ക്ക് ആദ്യം ചെറിയൊരു വിഷമം തോന്നിയെങ്കിലും എന്തായാലും അടുത്ത തവണ വരുമ്പോള്‍ ജയേട്ടനെ കാണാമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു അവള്‍.

അപ്പോള്‍ത്തന്നെ വിജയലക്ഷ്മിയും അമ്മയും എന്നോട് യാത്ര പറഞ്ഞിറങ്ങി.

ജയന്‍ കൊച്ചിന്‍ ടൂറിസ്റ്റ് ഹോമില്‍ വരുന്നതും നോക്കി ഒരു മാസക്കാലം അവള്‍ കാത്തിരുന്നെങ്കിലും രണ്ടു സിനിമകളുടെ ഡബ്ബിങ്ങ് ചെയ്തു തീര്‍ക്കാനുള്ളതുകൊണ്ട് ജയന് മദ്രാസില്‍നിന്ന് എറണാകുളത്ത് എത്താന്‍ സാധിച്ചില്ല.

അതിനുശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നാണ് വിജയലക്ഷ്മി മാതാ ടൂറിസ്റ്റ് ഹോമിലെ എന്റെ മുറിയിലേയ്ക്ക് കയറിവന്നത്. ജയനെ കാണാന്‍ കഴിയാത്തതുകൊണ്ട് അവളാകെ ഡെസ്പായിരുന്നു.

നല്ല വിദ്യാഭ്യാസവും വിവരവും പുതുചിന്തയുമൊക്കെയുമുള്ള അവള്‍ക്ക് എങ്ങനെയാണ് താരാരാധനപോലുള്ള പൈങ്കിളി വികാരങ്ങള്‍ ഉണ്ടായതെന്ന് ഓര്‍ക്കുകയായിരുന്നു ഞാന്‍.

അവള്‍ ഒരു നിമിഷം എന്നെ നോക്കിയിരുന്നിട്ട് ഒരു ഉറച്ച തീരുമാനംപോലെ പറഞ്ഞു:

“ചേട്ടന്‍ നോ പറയരുത്. ഞാന്‍ അമ്മയേയും കൂട്ടി ഈ ഞായറാഴ്ച ഒന്നു മദ്രാസ് വരെ പോയാലോ എന്നാലോചിക്കുകയാണ്. അവിടെ ‘കോളിളക്ക’ത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതുകൊണ്ട് ജയേട്ടനെ ലൊക്കേഷനില്‍പോയി നേരിട്ട് കാണാമല്ലോ? പിന്നെ എന്റെ കൂടെ കോളേജിലുണ്ടായിരുന്ന ഡിയറസ്റ്റ് ഫ്രണ്ട് പ്രിയംവദ ഫാമിലിയായി ഇപ്പോള്‍ മദ്രാസിലാണ് താമസിക്കുന്നത്. ഞാന്‍ അങ്ങോട്ട് ചെല്ലാനായി കുറേ നാളായി അവള്‍ എന്നെ വിളിക്കുന്നു. അപ്പോള്‍ ഒറ്റപ്പോക്കില്‍ രണ്ടു പേരേയും കാണാമല്ലോ?”

വെറുതെ എന്തിനാണ് ഇത്രയും പൈസ മുടക്കി ജയനെ കാണാന്‍ വേണ്ടി മദ്രാസ് വരെ പോകുന്നത്? ജയന്‍ ഇവിടെ വരുമ്പോള്‍ കണ്ടാല്‍ പോരെ എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും അവളുടെ തീരുമാനത്തില്‍ മാറ്റം ഉണ്ടാവില്ലെന്ന് അറിയാവുന്നതുകൊണ്ട് ഞാന്‍ തടസ്സമൊന്നും പറഞ്ഞില്ല.

ഞായറാഴ്ച വൈകിട്ടുള്ള തിരുവനന്തപുരം മെയിലിലാണ് വിജയലക്ഷ്മിയും അമ്മയും കൂടി മദ്രാസ്സിലേയ്ക്ക് പോയത്.

ട്രെയിന്‍ ഒരു മണിക്കൂര്‍ ലേറ്റായിരുന്നതുകൊണ്ട് അവര്‍ സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയപ്പോള്‍ സമയം രാവിലെ പത്തു മണി കഴിഞ്ഞിരുന്നു.

ഉസ്മാന്‍ റോഡിലുള്ള പ്രിയംവദയുടെ വീട്ടില്‍ ചെന്നുകയറേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ വിജയലക്ഷ്മിക്ക് ജയന്‍ താമസിക്കുന്ന പാംഗ്രോവ് ഹോട്ടലിലേയ്ക്ക് വിളിക്കാന്‍.

“ജയന്‍ സാര്‍ ഇങ്ക ഇല്ലേ? കാലയിലെ ഷൂട്ടിംഗിന് പോയാച്ച്. സായം കാലം ആറു മണിക്ക് തിരുമ്പി വരും.”

റിസപ്ഷനിസ്റ്റിന്റെ മറുപടി കേട്ടപ്പോള്‍ വിജയലക്ഷ്മി ഒന്നു വല്ലാതായി. അതുകണ്ട് അവളുടെ മൂഡ് ഔട്ട് മാറ്റാന്‍ വേണ്ടി പ്രിയംവദ അവളെ ഷോപ്പിംഗിനായി മൗണ്ട് റോഡിലുള്ള ഷോപ്പിംഗ് സെന്ററിലേയ്ക്ക് കൊണ്ടുപോയി.

വൈകിട്ട് ആറുമണിക്ക് വിജയലക്ഷ്മിയും അമ്മയും പ്രിയംവദയും കൂടിയാണ് കാറില്‍ പാംഗ്രോവ് ഹോട്ടലിലേയ്ക്ക് പോയത്. ആറരയോടെ അവര്‍ ഹോട്ടലിലെ റിസപ്ഷനിലെത്തി.

റിസപ്ഷനില്‍ പതിവിലും കൂടുതല്‍ ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. ടെന്‍ഷനോടെ ആരൊക്കെയോ എന്തൊക്കെ സംസാരിക്കുന്നത് കേള്‍ക്കാം. പലരുടേയും മുഖം മ്ലാനമായിരുന്നു.

വിജയലക്ഷ്മി പതുക്കെ നടന്ന് റിസപ്ഷനിസ്റ്റിന്റെ അടുത്തേയ്ക്ക് ചെന്നുകൊണ്ട് ചോദിച്ച:

“ജയന്‍ സാര്‍ റൂമിലെത്തിയോ?”

വിജയലക്ഷിമയുടെ ചോദ്യം കേട്ട് അയാള്‍ ദീനമായി അവളെ ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു:

“മേഡം, നിങ്ങള്‍ അറിഞ്ഞില്ലേ? നമ്മ ജയന്‍ സാര്‍ പോയാച്ച്... ഹീ ഈസ് നോ മോര്‍...”

അയാളുടെ വാക്കുകള്‍ കെട്ട് അവള്‍ ഞെട്ടിവിറച്ചു നിന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കി, മത്സരിക്കാനാവില്ല; തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് തിരിച്ചടി

ഗില്‍ ഇറങ്ങിയില്ല, സ്‌കോര്‍ 200 കടന്നതുമില്ല; ഇന്ത്യന്‍ ബാറ്റര്‍മാരും കളി മറന്നു!

റിട്ടയര്‍ ആയോ?, മാസം 5500 രൂപ സമ്പാദിക്കാം, ഇതാ ഒരു നിക്ഷേപ പദ്ധതി, ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ നേട്ടം

'തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയം, തെളിവുകളുമായി വരും'

ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതി; വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി, ഐപിഎൽ താരത്തിന്റെ പരാതി

SCROLL FOR NEXT