പ്രൊഫ. അമിയകുമാർ ബാഗ്ചി  സമകാലിക മലയാളം വാരിക
Malayalam Weekly

സമത്വസുന്ദരമായ സാമ്പത്തിക ലോകക്രമം സ്വപ്നം കണ്ടപ്പോള്‍

പ്രൊഫ. അമിയകുമാർ ബാഗ്ചി (1936-2024)

ഇഎം തോമസ്‌

“സ്റ്റോക്ക് മാർക്കറ്റ് അതിന്റെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിയിരിക്കുന്നു. ഇനി ഇവിടെ നിന്നും വ്യതിയാനങ്ങൾ ഉണ്ടാവുകയുമില്ല.”

അന്താരാഷ്ട്ര പ്രസിദ്ധനായ സാമ്പത്തികശാസ്ത്രജ്ഞൻ ഇർവിംഗ് ഫിഷറിന്റെ (1867-1947) അതിപ്രശസ്തമായ ഒരു പ്രസ്താവനയാണിത്. ക്വാണ്ടിറ്റി തിയറി ഓഫ് മണി, ഫിഷർ ഹൈപോതിസിസ്, ഇന്റർനാഷണൽ ഫിഷർ ഇഫ്‌ക്‌ട്, ഫിഷർ സെപ്പറേഷൻ സിദ്ധാന്തം എന്നിവയുടെ പ്രണേതാവായ അദ്ദേഹം, മേൽസൂചിപ്പിച്ച പരസ്യ പ്രസ്താവന നടത്തി ഒൻപതു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഗ്രേറ്റ് ഡിപ്രഷൻ അഥവാ ലോകമഹാസാമ്പത്തികമാന്ദ്യത്തിന് കാരണഭൂതമായ സംഭവം അരങ്ങേറി. 1929-ൽ വാൾസ്ട്രീറ്റിലെ സ്റ്റോക്ക് മാർക്കറ്റിന്റെ തകർച്ചയായിരുന്നു ആ സംഭവം. പ്രശസ്തിയുടെ കൊടുമുടിയിൽ വിരാജിച്ചിരുന്ന ഫിഷറിന്റെ സൽപ്പേരിന് സാരമായ ഇടിവാണ് തത്ഫലമായി ഉണ്ടായത്. ഹ്രസ്വകാലത്തേക്കായിരുന്നുവെങ്കിൽപോലും.

ഇനി മറ്റൊരു പ്രശസ്തമായ പ്രസ്താവനയുടെ കഥകൂടി ശ്രദ്ധിക്കുക. ഇക്കണോമിക്സിൽ നൊബേൽ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇന്ത്യൻ സാമ്പത്തികശാസ്ത്രജ്ഞൻ പ്രൊഫ. അമിയ കുമാർ ബാഗ്ചിയാണ് കഥാനായകൻ. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ: “സ്റ്റോക്ക് മാർക്കറ്റിലെ ബ്രോക്കർമാരുടെ കരങ്ങൾ ശുദ്ധമല്ലാത്തതിനാലും ഗവൺമെന്റിന്റെ കൃത്യമായ നിയന്ത്രണാധികാരങ്ങൾ മാർക്കറ്റിൽ കൃത്യമായി ഉപയോഗിക്കാത്തതുകൊണ്ടും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ കുത്തഴിഞ്ഞ രീതിയിലുള്ള സംഭവവികാസങ്ങൾ ഉണ്ടാകുമെന്ന് 1991 ജൂൺ മാസത്തിലെ ‘ബിസിനസ്സ് ആന്റ് പൊളിറ്റിക്കൽ ഒബ്‌സർവറിൽ’ എഴുതിയ ഒരു ലേഖനത്തിലൂടെ ഞാൻ പ്രവചിച്ചിരുന്നു. എന്റെ പ്രവചനത്തിന് ഒരു മാസം തികയും മുന്‍പേ സ്റ്റോക്ക് മാർക്കറ്റിൽ അഭൂതപൂർവമായ ഒരു ഉയർച്ച ഉണ്ടായി. പക്ഷേ, ആ ഉയർച്ചയുടെ ആയുസ്സ് ക്ഷണികമായിരുന്നു. തൊട്ടുപിന്നാലെ കുപ്രസിദ്ധമായ ഹർഷദ് മേത്ത കുംഭകോണവും സംഭവിച്ചു. സ്റ്റോക്ക് മാർക്കറ്റ് നിലംപൊത്തുകയും ചെയ്തു. സാധാരണക്കാരായ ആയിരക്കണക്കിന് ചെറുകിട നിക്ഷേപകരുടെ പണം മുഴുവൻ നഷ്ടപ്പെട്ടു. ബാങ്കുകൾ വായ്പയായി നൽകിയ 6000 കോടി രൂപയും വെള്ളത്തിലായി. പൊതുമേഖലാസ്ഥാപനങ്ങളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ ഹൗസിംഗ് ബാങ്ക് എന്നീ ധനകാര്യസ്ഥാപനങ്ങൾക്കാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്.” അമിയകുമാർ ബാഗ്ചി എഴുതിയ: ‘ക്യാപിറ്റൽ ആന്റ് ലേബർ: ഇന്ത്യ ആന്റ് ദി തേർഡ് വേൾഡ്’ (2002) എന്ന ഗ്രന്ഥത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെപ്പറ്റി കൃത്യമായ ബോധ്യങ്ങളും ആഴത്തിലുള്ള അറിവുമുണ്ടായിരുന്ന അമിയകുമാർ ബാഗ്ചിയുടെ നിരീക്ഷണങ്ങളുടെ മൂല്യം പൂർണമായി തിരിച്ചറിയാൻ ഇന്ത്യയിലെ പണ്ഡിതസമൂഹത്തിനും നയരൂപീകരണ സമിതികൾക്കും സാധിച്ചിരുന്നുവോ എന്ന സംശയം മാത്രം ഇന്നും ബാക്കിനിൽക്കുന്നു.

കാലമെത്ര കഴിഞ്ഞാലും കാറൽ മാർക്സിന്റെ ചിന്തകൾക്കും പഠനങ്ങൾക്കും പ്രസക്തിയുണ്ടായിരിക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നയാളായിരുന്നു ബാഗ്ചി. തന്റെ ഉറച്ച ബോധ്യങ്ങൾ സൈദ്ധാന്തികമായ രീതിയിൽ, ശാസ്ത്രീയമായ കെട്ടുറപ്പോടെ, മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള അനിതരസാധാരണമായ വൈഭവവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം രചിച്ച ഒൻപതിൽപ്പരം ഗ്രന്ഥങ്ങളും ഗവേഷണ പ്രബന്ധങ്ങളും മാർക്സിയൻ ഇക്കണോമിക്സിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യത്തിന്റെ കാലം മായ്ക്കാത്ത അടയാളങ്ങളായി അവശേഷിക്കുകയും ചെയ്യുന്നു.

പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിലുള്ള ബെരാംപൂർ ഗ്രാമത്തിൽ 1936-ൽ ജനിച്ച അമിയാകുമാർ ബാഗ്ചിയുടെ ജീവിതയാത്ര, കാറൽ മാർക്സ് വിഭാവനം ചെയ്ത സമത്വസുന്ദരമായ ഒരു സാമൂഹ്യ സാമ്പത്തിക ലോകക്രമത്തെപ്പറ്റിയുള്ള സ്വപ്നങ്ങളുമായിട്ടായിരുന്നുവെന്ന കാര്യത്തിൽ സംശയമില്ല. കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽനിന്നും ബിരുദാനന്തര ബിരുദം നേടിയതിനുശേഷം ഗവേഷണ പഠനത്തിനായി അദ്ദേഹം എത്തിച്ചേർന്നത് കേംബ്രിഡ്ജ് സർവകലാശാലയിലാണ്. പശ്ചിമബംഗാൾ ഗവൺമെന്റിന്റെ സ്‌കോളർഷിപ്പോടെയാണ് ബാഗ്ചി അവിടെ ഗവേഷണപഠനം നടത്തിയിരുന്നത്. ‘ഇംപാക്ട്‌സ് ഓഫ് കൊളോണിയൽ റൂൾ - റൂട്ട്‌സ് ഓഫ് ഇന്ത്യാസ് അണ്ടർ ഡെവലപ്‌മെന്റ്’ എന്ന ഗവേഷണ പ്രബന്ധത്തിനാണ് അദ്ദേഹത്തിന് ഗവേഷണ ബിരുദം ലഭിച്ചത്. ഈ ഗവേഷണ പ്രബന്ധം പിന്നീട് 1972-ൽ ‘പ്രൈവറ്റ് ഇൻവസ്റ്റ്‌മെന്റ്‌സ് ഇൻ ഇന്ത്യ - 1900-1939’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെ മന്ദഗതിയിലാക്കുന്ന രീതിയിൽ സ്വകാര്യമേഖലയിലെ നിക്ഷേപകരേയും മുതൽമുടക്കുകളേയും തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളെപ്പറ്റി പഠിക്കുകയും വിശകലനം ചെയ്യുകയെന്നതുമാണ് ഈ ഗ്രന്ഥത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് ആമുഖത്തിൽ അദ്ദേഹം സൂചിപ്പിച്ചിട്ടുമുണ്ട്.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണപഠനത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ബാഗ്ചി, വീണ്ടും കൂടുതൽ ഊർജ്വസ്വലനായി, അക്കാദമിക് ഗവേഷണ മേഖലയിൽ സജീവമാകുകയും ചെയ്തു. പ്രസിഡൻസി കോളേജ് കൽക്കട്ട, കേംബ്രിഡ്ജ്, ബ്രിസ്റ്റോൾ, കോർണൽ, ഡെൻമാർക്കിലെ റോസ്‌കിൽഡ്, കാനഡയിലെ ട്രെന്റ് എന്നീ യൂണിവേഴ്‌സിറ്റികളിലും കൽക്കട്ടയിലെ സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസ് എന്ന സ്ഥാപനത്തിലും വിവിധ കാലഘട്ടങ്ങളിൽ അദ്ധ്യാപകനായി അദ്ദേഹം സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു.

കൂടാതെ ഐക്യരാഷ്ട്രസഭയുടേയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റേയും കൺസൾട്ടന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. പശ്ചിമബംഗാൾ പ്ലാനിംഗ് ബോർഡിന്റെ അംഗം, വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ സാർത്ഥകമായ ജീവിതത്തിന് 2024 നവംബർ 28-ന് തിരശ്ശീല വീഴുകയും ചെയ്തു.

അപ്ലൈഡ് ഇക്കണോമിക്സ്, ഇക്കണോമിക് തിയറി, ഇക്കണോമിക് ഹിസ്റ്ററി എന്നീ മേഖലകളിൽ മികച്ച വ്യുൽപ്പത്തിയുണ്ടായിരുന്ന പ്രതിഭാശാലിയായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു ബാഗ്ചി. അദ്ദേഹത്തിന്റെ ചിന്താധാരകളേയും വീക്ഷണങ്ങളേയും ഏറ്റവുമധികം സ്വാധീനിച്ചവരിൽ പ്രമുഖർ പ്രൊഫ. മൗറീസ് ഡോബ്, പിയെറോ സ്രാഫാ, റിച്ചാർഡ് ഗോഡ്‌വിൻ, ജോവൻ റോബിൻസൺ എന്നിവരാണ്. ഇവരെല്ലാവരുമായി അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്നയാളുമായിരുന്നു ബാഗ്ചി എന്നതും മറ്റൊരു സവിശേഷതയാണ്. മലയാളി സാമ്പത്തിക ശാസ്ത്രജ്ഞന്മാരായ കെ.എൻ. രാജ്, സി.ടി. കുര്യൻ എന്നിവരോട് പ്രത്യേക സ്നേഹവും ഹൃദയബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു.

നാടോടികളായി ഭാരതമെമ്പാടും അലഞ്ഞുനടക്കുന്ന ബഞ്ചാരകളുടെ യഥാർത്ഥ കഥ, ബാഗ്ചി 1982-ൽ പ്രസിദ്ധീകരിച്ച ‘മെർച്ചന്റ്‌സ് ആന്റ് കൊളോണിയലിസം’ എന്ന ഗവേഷണ പ്രബന്ധത്തിൽ വിവരിക്കുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യശക്തികൾ ഇന്ത്യയുടെ സാമൂഹ്യ, സാംസ്കാരിക, സാമ്പത്തികമേഖലകളിൽ പിടിമുറുക്കിയതിന്റെ ഫലമായി സംഭവിച്ച ദുരന്തകഥകളാണ് അദ്ദേഹം ഇവിടെ പഠനവിഷയമാക്കിയിരിക്കുന്നത്. ധനമിടപാട് ബിസിനസ്സിൽ, പ്രതികൂല സാഹചര്യങ്ങളിൽപോലും അച്ചടക്കത്തോടേയും ലക്ഷ്യബോധത്തോടേയും പ്രവർത്തിച്ച് വിജയം വരിച്ച വിവിധ സമുദായങ്ങളായ നാട്ടുക്കോട്ട ചെട്ടികൾ, ബനിയാകൾ, മാർവാറികൾ എന്നിവരുടെ പ്രവർത്തനശൈലികളെപ്പറ്റിയുള്ള വിശകലനങ്ങളും ഈ പ്രബന്ധത്തിലുണ്ട്.

മാർവാറികളും ബഞ്ചാരകളും ഒരുകാലത്ത് സർവ്വ പ്രതാപങ്ങളോടെ ഇന്ത്യയുടെ ബിസിനസ്സ് രംഗത്ത് വ്യാപരിച്ചിരുന്നവരാണ്. രാജസ്ഥാനിലെ ചരൺ, ഭട്ട് എന്നീ വിഭാഗങ്ങളിൽപ്പെടുന്നവരാണ് അവരുടെ പൂർവികർ. രാജ്യമെമ്പാടുമുള്ള ഭരണ കച്ചവട കേന്ദ്രങ്ങളിലേക്ക്, സന്ദേശങ്ങളും സാധനസാമഗ്രികളും എത്തിച്ചുകൊടുക്കുകയെന്നതായിരുന്നു അവരുടെ മുഖ്യ ജോലി. അതിനാൽ ഒരുസ്ഥലത്തും സ്ഥിരമായി താമസിച്ചിരുന്നുമില്ല. തങ്ങളുടെ യാത്രകളിൽ സ്വയരക്ഷയ്ക്കുവേണ്ടി ധാരാളം ആയുധങ്ങളും അവർ കരുതിയിരുന്നു. യാത്രാമദ്ധ്യേ പല കൊള്ളസംഘങ്ങളുമായി ഏറ്റുമുട്ടലുകളും പതിവായിരുന്നു. അതെല്ലാം അവരുടെ ജീവിതശൈലിയുടെ ഭാഗവുമായിരുന്നു. പക്ഷേ, 1857-ൽ ബ്രിട്ടീഷ്‌കാർക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ സായുധരായ ബഞ്ചാരകളും സജീവമായി പങ്കെടുത്തു. അന്നു മുതൽ അവരുടെ കഷ്ടകാലം ആരംഭിച്ചു. അലഞ്ഞുനടക്കുന്ന ആയുധധാരികളായ അക്രമിസംഘങ്ങളെന്ന ഒരു പുതിയ മേൽവിലാസം ബ്രിട്ടീഷുകാർ അവർക്ക് ചാർത്തിനൽകി. അതിനാൽ പ്രത്യേകമായ വാസസ്ഥലവും മേൽവിലാസവുമില്ലാതെ അലഞ്ഞുനടക്കുന്ന ജിപ്‌സികൾക്ക് തുല്യമായ പരിഗണനയാണ് ബ്രിട്ടീഷ് ഭരണകൂടം അവർക്ക് കല്പിച്ച് കൊടുത്തത്. ഷെഡ്യൂൾഡ് ട്രൈബ് വിഭാഗത്തിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്തു. അതേസമയം അവരുടേതിനു തുല്യമായ പൈതൃകവും പാരമ്പര്യവുമുണ്ടായിരുന്ന മാർവാറികൾ വ്യാപാര പ്രമുഖരായി പരിണമിക്കുകയും ചെയ്തു. മാറിയ കാലത്തെ വാർത്താവിതരണ സംവിധാനങ്ങളും ഗതാഗതമേഖലയിലെ പുരോഗതികളുമായി താദാത്മ്യം പ്രാപിച്ച് വളരാനുള്ള മടിയും സ്ഥിരമായ തറവാടുകളും ഭൂസ്വത്തും ആർജിക്കാനുള്ള വിമുഖതയും ദീർഘവീക്ഷണമില്ലായ്മയുമാണ് വ്യാപാരികളായിരുന്ന ബഞ്ചാരകളുടെ പിൽക്കാലത്തെ ദുരവസ്ഥയ്ക്ക് നിദാനമായതെന്ന് ബാഗ്ചി കണ്ടെത്തി.

ബാഗ്ചിയുടെ അതിപ്രശസ്തമായ ഗ്രന്ഥങ്ങളിലൊന്നാണ് 1982-ൽ പ്രസിദ്ധീകൃതമായ ‘ദി പൊളിറ്റിക്കൽ ഇക്കോണമി ഓഫ് അണ്ടർ ഡെവലപ്‌മെന്റ്.’ കഴിഞ്ഞ വർഷം (2024) സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഡാറോൺ അസമോഗ്‌ലുവും ജെയിംസ് എ റോബിൻസണും ചേർന്ന് എഴുതിയ ‘വൈ നേഷൻസ് ഫെയിൽ’ (2012) എന്ന ഗ്രന്ഥവും ബാഗ്ചിയുടെ ഈ ഗ്രന്ഥവുമായുള്ള സമാനതകൾ വളരെയേറെയാണ്. കൊളോണിയൽ ശക്തികളായിരുന്ന സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ, പരമ്പരാഗതമായി സമ്പന്നമായിരുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനും വേണ്ടി അവലംബിച്ചിരുന്ന സാമൂഹ്യസ്ഥാപനങ്ങളെപ്പറ്റി ഈ രണ്ടു ഗ്രന്ഥങ്ങളും വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ഈ വിഷയത്തിൽ ബാഗ്ചിയുടെ വിശകലനങ്ങൾക്കായിരുന്നു മേൽക്കൈ എന്ന് നമുക്കു ബോധ്യമാവുകയും ചെയ്യും. ഇന്ത്യയെ സാമ്പത്തികവും വ്യവസായികവുമായ പിന്നാക്കാവസ്ഥയിലേയ്ക്ക് നയിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് സാമ്രാജ്യശക്തി നേതൃത്വം കൊടുത്തു നടപ്പിലാക്കിയ ‘ഡി ഇൻഡസ്ട്രിയലൈസേഷനെ’പ്പറ്റിയുള്ള ശാസ്ത്രീയമായ വിശകലനവും ഈ ഗ്രന്ഥത്തിലുണ്ട്. പരുത്തിത്തുണി വ്യവസായശാലകൾ അപ്രത്യക്ഷമാകാൻ തുടങ്ങിയതോടെയാണ് ഇന്ത്യയിൽ ഡി ഇൻഡസ്ട്രിയലൈസേഷന് തുടക്കമായതെന്ന കണ്ടെത്തലാണ് ബാഗ്ചി ഇവിടെ നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ മികച്ചരീതിയിൽ പ്രവർത്തിച്ചിരുന്ന സാൾട്ട്പീറ്റർ, തോക്ക് നിർമാണം എന്നീ വ്യവസായങ്ങളും ഡി ഇൻഡസ്ട്രിയലൈസേഷന്റെ ഇരകളായിരുന്നുവെന്നും അദ്ദേഹം കണ്ടെത്തി.

ബാഗ്ചിയുടെ ‘ഇക്കോണമി സൊസൈറ്റി ആന്റ് പോളിറ്റി’ (1988) എന്ന ഗ്രന്ഥം വിശകലനം ചെയ്യുന്നത് സാധാരണ ജനങ്ങളുടെ ദാരിദ്ര്യവും ഇഫക്ടീവ് ഡിമാന്റും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ്. നിലവിലുള്ള സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികളെ മാറ്റിമറിക്കുന്നതിനുവേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടങ്ങളുടെ വേരുകൾ തേടി അലയുന്നവർ ഏറ്റവുമൊടുവിൽ എത്തിച്ചേരുന്നത് ദരിദ്രരാജ്യങ്ങളിലെ മുതലാളിത്ത സാമൂഹ്യ സാമ്പത്തിക സംവിധാനങ്ങളുടെ പിടിയിൽപ്പെട്ട് ഞെരുങ്ങിയമരുന്ന ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇഫക്ടീവ് ഡിമാന്റ് സംബന്ധിച്ച വിഷയങ്ങളിലേക്കാണ് എന്ന വിശ്വാസമാണ് ബാഗ്ചിക്കുണ്ടായിരുന്നത്.

അമിയകുമാർ ബാഗ്ചിയുടെ കാലാതിവർത്തിയായ മറ്റൊരു സംഭാവനയാണ് സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ചരിത്രപുസ്തകം. ചെറിയ ഒരു നീരുറവയായി ആരംഭിച്ചതിനുശേഷം പിന്നീട് ചെറുതും വലുതുമായ നദികളായി വളരുകയും അവസാനം അവയെല്ലാം ചേർന്ന് ഒരു മഹാനദിയായി രൂപാന്തരപ്പെടുകയും ചെയ്യുന്നതുപോലെയാണ് സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ പരിണാമകഥ.

1806-ൽ ആരംഭിച്ച ബാങ്ക് ഓഫ് കൽക്കട്ട പിന്നീട് ബാങ്ക് ഓഫ് ബംഗാൾ, പ്രസിഡൻസി ബാങ്ക്, ഇംപീരിയൽ ബാങ്ക് എന്നീ പേരുകളിൽ രൂപമാറ്റത്തോടെ വളർന്ന് വലുതായി പ്രവർത്തിച്ചതിനുശേഷം 1955-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെന്ന വലിയ ബാങ്കായി മാറിയതിന്റെ കഥയാണ് ബാഗ്ചി ബൃഹത്തായ നാല് വാള്യങ്ങളിലൂടെ വിവരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രഥമ ചെയർമാൻ മലയാളിയായ ഡോ. ജോൺ മത്തായിയായിരുന്നുവെന്ന് ഓർമിക്കുക.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചരിത്രമാണ് അദ്ദേഹം ഇവിടെ വിവരിക്കുന്നതെങ്കിലും അക്കാലത്തുണ്ടായ ചില സംഭവങ്ങളുടെ വർത്തമാനകാല പ്രസക്തിയെപ്പറ്റി ചിന്തിക്കാതിരിക്കാനും വയ്യ. അതിലൊന്നാണ് 1913-’14 കാലത്ത് ഇന്ത്യയിലുണ്ടായ ഒരു വലിയ ബാങ്കിംഗ് മേഖല പ്രതിസന്ധിയുടെ കഥ. ‘ദി ഇവൊല്യൂഷൻ ഓഫ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’, വോള്യം (2)ൽ (1997) ഇക്കാര്യം അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ:

“മൊത്തം 99200000 രൂപ അധികൃത മൂലധനവും 41090000 രൂപ പിരിവ് മൂലധനവും 14439000 രൂപ അടവു മൂലധനവുമുണ്ടായിരുന്ന 57 ബാങ്കുകളാണ് അക്കാലത്ത് തകർന്നത്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ പീപ്പിൾസ് ബാങ്കിന്റെ തകർച്ചയോടെയാണ് ഈ പ്രതിസന്ധിക്ക് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ ഈ പ്രതിസന്ധി കാട്ടുതീപോലെ പഞ്ചാബ്, ബോംബെ, മദ്രാസ്, ഡൽഹി, ബാംഗ്ലൂർ, ബലൂചിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ആളിപ്പടർന്നു. 1913-ൽ തുടങ്ങി നാല് വർഷത്തിനുള്ളിൽ ഇന്ത്യൻ ബാങ്കിംഗ് മേഖലയിലെ അടവുമൂലധനത്തിന്റെ 34 ശതമാനവും നഷ്ടപ്പെട്ടു.”

ഈ പ്രതിസന്ധിക്ക് തിരികൊളുത്തിയത് ലാലാ ഹർകിഷൻലാൽ എന്ന വ്യവസായ പ്രമുഖന്റെ വഴിവിട്ട ഇടപാടുകളായിരുന്നു. പീപ്പിൾസ് ബാങ്കിൽനിന്നും തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എട്ട് ബിസിനസ്സ് സംരംഭങ്ങൾക്കുവേണ്ടി മൊത്തം 48309722 രൂപ അദ്ദേഹം വായ്പയെടുത്തു. ആനുപാതികമായ ഈടൊന്നും ഇല്ലാതെയാണ് ബാങ്ക് അദ്ദേഹത്തിനു വായ്പ നൽകിയത്. അപകടം മണത്തറിഞ്ഞ നിക്ഷേപകർ തങ്ങളുടെ നിക്ഷേപം പിൻവലിക്കാൻ വേണ്ടി പീപ്പിൾസ് ബാങ്കിന്റെ ലാഹോർ ശാഖയിലേക്ക് ഓടിയെത്താൻ ആരംഭിച്ചു. പക്ഷേ, നിക്ഷേപകരുടെ ആവശ്യം നിറവേറ്റിക്കൊടുക്കാൻ ബാങ്കിനു സാധിച്ചില്ല. തൽഫലമായി ബാങ്ക് പൂട്ടി. തൊട്ടുപിന്നാലെ ഒൻപതു ദിവസത്തിനകം ‘ദി അമൃതസർബാങ്കും’ പൂട്ടി. ബാങ്കുകൾ തകരുന്നുവെന്ന വാർത്ത പരന്നതോടെ നിക്ഷേപകർ കൂട്ടമായി ഓടിയെത്തിയതിനു പിന്നാലെ രാജ്യത്തെ 57 ബാങ്കുകൾക്കാണ് പൂട്ട് വീണത്.

ഇതിനിടയിൽ കൗതുകകരമായ മറ്റൊരു കാര്യവും ബാഗ്ചിയുടെ ശ്രദ്ധയിൽപ്പെട്ടു. സഹകരണമേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു ബാങ്കുപോലും അക്കാലത്ത് തകർന്നില്ല. സർവോപരി, ബാങ്കിൽനിന്നും പിൻവലിച്ച പണം നല്ലൊരു പങ്ക് ജനങ്ങളും നിക്ഷേപിക്കാൻ താല്പര്യപ്പെട്ടത് സഹകരണ ബാങ്കുകളിലായിരുന്നുതാനും.

സഹകരണബാങ്കുകളുടെ തകർച്ചയെപ്പറ്റിയുള്ള വാർത്തകൾ പതിവായി കേട്ടുകൊണ്ടിരിക്കുന്ന മലയാളികൾക്ക് ഒരുപക്ഷേ, ഇത് ഒരു അത്ഭുതമായി തോന്നിയേക്കാം. അന്താരാഷ്ട്ര സഹകരണ വർഷം ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ മുഴുവൻ സഹകരണ ബാങ്കുകൾക്കും തങ്ങളുടെ പൂർവികർക്ക് ഇത്തരമൊരു സുവർണകാലം ഉണ്ടായിരുന്നുവെന്ന തിരിച്ചറിവ് ഉണ്ടാകുന്നതും നന്ന്.

നോർത്ത് അറ്റ്‌ലാന്റിക് സമുദ്രത്തോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെ ആളുകൾ, ലോകത്തിലെ ഏറ്റവും സമ്പൽസമൃദ്ധിയുള്ള ജനവിഭാഗങ്ങളും രാജ്യങ്ങളുമായി പരിണമിക്കാനിടയായതിന്റെ കാരണങ്ങളെപ്പറ്റി അമിയകുമാർ ബാഗ്ചി ചരിത്രവസ്തുതകളുടെ പിൻബലത്തോടെ വിവരിക്കുന്ന പ്രസിദ്ധമായ ഒരു ഗ്രന്ഥമാണ് ‘പെരിലസ്സ് പാസ്സേജ്: മാൻകൈൻഡ് ആന്റ് ദി അസ്സൻഡൻസി ഓഫ് ക്യാപിറ്റൽ’ (2005). അന്യരാജ്യങ്ങളുടെമേൽ അക്കാലത്ത് അവർ നേടിയെടുത്ത മേധാശക്തി പിൽക്കാലത്തും തുടർന്നുപോരുന്നതിന്റെ പിന്നിലുള്ള വസ്തുതകളെപ്പറ്റിയും അദ്ദേഹം ഇവിടെ വിശദീകരിക്കുന്നു.

ഇംഗ്ലണ്ടിലെ വിജയകരമായ വ്യവസായ വിപ്ലവത്തിന്റെ നാളുകൾക്ക് മുൻപുവരെ ഉല്പാദനം, ഉപഭോഗം എന്നീ മേഖലകളിൽ ചൈനയ്ക്കും ഇന്ത്യയ്ക്കും ഉപരിയായ ഒരു മേധാശക്തി യൂറോപ്യന്മാർക്ക് ഉണ്ടായിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ലായിരുന്നുവെന്നും ബാഗ്ചി സ്ഥാപിക്കുന്നുമുണ്ടിവിടെ. സാമ്പത്തിക ഉദാരീകരണവും ഘടനാപരമായ ക്രമീകരണങ്ങളും എപ്രകാരമാണ് ഇക്കണോസൈഡ് അഥവാ സാമ്പത്തിക സംവിധാനഹത്യ എന്ന മഹാവിപത്തിനു കാരണമായതെന്ന് അർജന്റീനയുടെ അനുഭവപാഠങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം വിവരിക്കുന്നത്. ഒന്നാംലോകമഹായുദ്ധ കാലം വരെ അതിസമ്പന്നരായ രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലുണ്ടായിരുന്ന രാജ്യമായിരുന്നു അർജന്റീന.

ഇക്കാലത്ത് പേറ്റന്റ് സംവിധാനം ഉപയോഗിച്ചുകൊണ്ട് ബഹുരാഷ്ട്ര കുത്തകകൾ, കോർപ്പറേറ്റ് ഫ്യൂഡലിസമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും നൊബേൽ ജേതാവായ സർ ജോൺസൺസ്റ്റൺ നടത്തിയ നിരീക്ഷണങ്ങളെ ഉദ്ധരിച്ചുകൊണ്ട് ബാഗ്ചി സമർത്ഥിക്കുകയും ചെയ്യുന്നു. ഗവേഷണ മേഖലയിലും സാങ്കേതിവിദ്യയുടെ ഉപയോഗത്തിന്റെ കാര്യത്തിലും ഇത്തരം സ്ഥാപനങ്ങൾ അവലംബിക്കുന്ന നയങ്ങൾ മുതലാളിത്തസംവിധാനത്തിന്റെ ഉയർച്ചയെ ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കയാണെന്നുമുള്ള അഭിപ്രായമാണ് ബാഗ്ചിക്കുള്ളത്.

തത്ത്വചിന്തകരെപ്പറ്റി കാറൽ മാർക്സ് നടത്തിയിരിക്കുന്ന നിരീക്ഷണം ഇപ്രകാരമാണ്: “വസ്തുതകളുടെ സാമാന്യവൽക്കരണത്തിലും സംഗ്രഹിക്കലുകളിലും സംതൃപ്തി കണ്ടെത്തി സായൂജ്യമടങ്ങിയിരുന്നവരാണ് ജർമൻ തത്ത്വചിന്തകന്മാർ. അവരിലൊരാൾപോലും തത്ത്വചിന്തയെ ജർമനിയിലെ യാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെടുത്താൻ ഒരിക്കൽപ്പോലും ശ്രമിച്ചിരുന്നുമില്ല.” ഒരു തത്ത്വചിന്തകനെന്ന നിലയിൽ പരിശീലിപ്പിക്കപ്പെട്ട കാറൽ മാർക്സ്, പിന്നീട് ഇക്കോണമിക്സിലേക്കും പൊളിറ്റിക്സിലേക്കും ചുവടുമാറാൻ നിർബന്ധിതനായതിന്റെ കാരണവും മറ്റൊന്നുമായിരുന്നില്ലെന്ന് ജോനാഥൻ വൂൾഫിനെ ഉദ്ധരിച്ചുകൊണ്ട് ‘മാർക്സിസം വിത്ത് ആന്റ് ബിയോണ്ട് മാർക്സ്’ (2014) എന്ന ഗ്രന്ഥത്തിൽ ബാഗ്ചി വ്യക്തമാക്കുന്നുമുണ്ട്.

കോളനിവൽക്കരണം മൂലം ഇന്ത്യയിൽ സംഭവിച്ച ഡി ഇൻഡസ്ട്രിയലൈസേഷനെപ്പറ്റിയും അനുബന്ധ പ്രശ്നങ്ങളെപ്പറ്റിയും ആധികാരികമായ വിശകലനം നടത്തിക്കൊണ്ട് ബാഗ്ചി എഴുതിയ പുസ്തകമാണ് ‘കൊളോണിയലിസം ആന്റ് ഇന്ത്യൻ ഇക്കോണമി’ (2010).

ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഫലമായി, ഇന്ത്യയുടെ സാമ്പത്തികവളർച്ച തകർക്കപ്പെട്ടതിനെപ്പറ്റി മുൻകാലങ്ങളിൽ ആധികാരികമായ പഠനങ്ങൾ നടത്തിയിട്ടുള്ള ദാദാബായ് നവറോജി, ആർ.സി. ദത്ത്, പി.ജെ. തോമസ് എന്നിവരുടെ ഗവേഷണ ഗ്രന്ഥങ്ങളുടെ ഗണത്തിൽപ്പെടുത്താവുന്ന ഒന്നാണ് പ്രൊഫ. ബാഗ്ചിയുടെ ഈ ഗ്രന്ഥവുമെന്ന കാര്യത്തിൽ സംശയമില്ല. നവറോജിയുടെ ‘പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ (1901), ആർ.സി. ദത്തിന്റെ ‘ഫാമിൻസ് ഇൻ ഇന്ത്യ’ (1900), ഡോ. പി.ജെ. തോമസിന്റെ ‘മെർക്കന്റിലിസം ആന്റ് ഈസ്റ്റ് ഇന്ത്യാ ട്രേഡ്’ (1926) എന്നീ ക്ലാസിക് ഗ്രന്ഥങ്ങളുടേതിന് തുല്യമായ മേന്മ ബാഗ്ചിയുടെ ഈ ഗ്രന്ഥത്തിനുമുണ്ട്.

“ബംഗാളിൽ സ്വതന്ത്രഭരണം നടത്തിക്കൊണ്ടിരുന്ന അവസാനത്തെ നവാബിനേയും കീഴ്‌പ്പെടുത്തിയതിനുശേഷമുള്ള 60 വർഷങ്ങൾക്കുള്ളിൽ ഇന്ത്യ അവികസിതമായ ഒരു കാർഷികരാജ്യമെന്ന നിലയിലേയ്ക്ക് അധഃപതിപ്പിക്കപ്പെട്ടുവെന്ന്” ബാഗ്ചി ഈ ഗ്രന്ഥത്തിലെഴുതി. 1750-ൽ ലോകത്തിലെ ഉല്പന്നങ്ങളുടെ കാൽഭാഗവും ഉല്പാദിപ്പിച്ച് വിതരണം ചെയ്തിരുന്നത് ഇന്ത്യയായിരുന്നുവെന്ന് കണക്കാക്കപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, പിന്നീട് സാമ്രാജ്യശക്തികൾ നടപ്പിലാക്കിയ ഡി ഇൻഡസ്ട്രിയലൈസേഷന്റെ ഫലമായി കാർഷിക, വ്യവസായ മേഖലകളിൽ അഭൂതപൂർവമായ മരവിപ്പും വളർച്ചാനിരക്കിൽ അവിശ്വസനീയമായ മാന്ദ്യവും അനുഭവപ്പെട്ടുവെന്നും അദ്ദേഹം കണ്ടെത്തി.

കോളനിവൽക്കരണത്തിന്റെ കറുത്തനാളുകളിൽ ഇംഗ്ലണ്ടിലേക്ക് ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യൻ ഉല്പന്നങ്ങളുടെമേൽ അമിത നികുതികൾ ഏർപ്പെടുത്തിയിരുന്നുവെങ്കിൽപോലും 1660 മുതൽ ഇന്ത്യയിൽനിന്നുമുള്ള തുണിത്തരങ്ങളുടെ ഇറക്കുമതിയിൽ വർദ്ധനവുണ്ടായിരുന്നു. ഈ വിഷയത്തെപ്പറ്റി ആധികാരികമായ ഗവേഷണം ചെയ്ത ഡോ. പി.ജെ. തോമസിന്റെ ‘മെർക്കന്റലിസം ആന്റ് ഈസ്റ്റ് ഇന്ത്യ ട്രേഡ്’ (1926) എന്ന ഗ്രന്ഥത്തിൽനിന്നുമുള്ള കണ്ടെത്തലുകളെ ഉദ്ധരിച്ചുകൊണ്ടാണ് ബാഗ്ചി ഈ സത്യം പുറത്തുകൊണ്ടുവന്നത്. പിന്നീട് 1700-ൽ ഇന്ത്യയിൽനിന്നും ഇംഗ്ലണ്ടിലേക്കുള്ള തുണിത്തരങ്ങളുടെ കയറ്റുമതി, പൂർണമായി നിരോധിച്ചുകൊണ്ടുള്ള നിയമനിർമാണവും ബ്രിട്ടീഷ് പാർലമെന്റ് നടത്തി. ഇന്ത്യയിൽനിന്നും ഇംഗ്ലണ്ടിലേക്ക് ഇറക്കുമതി ചെയ്തതിനുശേഷം അവിടെനിന്ന് അന്യരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്ന തുണിത്തരങ്ങളെ നിരോധനത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

മറ്റൊരു പ്രധാനപ്പെട്ട നിരീക്ഷണവും കൂടി ഈ ഗ്രന്ഥത്തിൽ ബാഗ്ചി നടത്തുന്നുണ്ട്. അത് പി.ജെ. തോമസിന്റെ ‘മെർക്കന്റലിസം ആന്റ് ഈസ്റ്റ് ഇന്ത്യാ ട്രേഡ്’ (1926) എന്ന ക്ലാസിക് ഗ്രന്ഥം ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളിൽ അവഗണിക്കപ്പെട്ടിരിക്കുന്നിനെപ്പറ്റിയാണ്. ‘ദി ഇന്റലക്ച്വൽ ലെഗസി ഓഫ് ആൻ ഏർളി ഡെവലപ്‌മെന്റ് ഇക്കോണമിസ്റ്റ്’ (2021) എന്ന പ്രബന്ധത്തിലും ബാഗ്ചി ഈ പരാമർശം ആവർത്തിക്കുന്നുണ്ട്. ലോകത്താദ്യമായി മെർക്കന്റലിസത്തിന്റെ സിദ്ധാന്തത്തേയും പ്രയോഗത്തേയും പറ്റി ആധികാരികമായ ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ രീതിയിൽ പഠനം നടത്തിയത് തോമസ് ആയിരുന്നുവെന്ന സത്യം ബാഗ്ചി കണ്ടെത്തിയിരുന്നു. പക്ഷേ, ഈ ക്ലാസിക് ഗ്രന്ഥത്തിനുശേഷം പ്രസിദ്ധീകരിക്കപ്പെട്ട ജേക്കബ് വൈനർ (1937), ഹെക്ഷർ (1935,1936) എന്നിവരുടെ ഈ വിഷയത്തെപ്പറ്റിയുള്ള ഗ്രന്ഥങ്ങൾ മാത്രം ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളിൽ പഠനവിഷയമാക്കിയതിന്റെ കാരണം തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. തോമസിന്റെ ഈ ഗ്രന്ഥം വായിച്ചിട്ടുള്ള ഓരോ വ്യക്തിയുടെ മനസ്സിലും സ്വാഭാവികമായി ഉയരുന്ന സംശയവുമാണിത്. അദ്ദേഹത്തിന്റെ ജന്മനാടായ കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽപോലും സ്ഥിതി വിഭിന്നമല്ല.

അന്താരാഷ്ട്രതലത്തിൽ ആദരപൂർവം അംഗീകരിക്കപ്പെട്ടിരുന്ന, അമിയകുമാർ ബാഗ്ചിയുടെ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചുവരികയാണെന്ന കാര്യത്തിൽ സംശയമില്ല. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ മാർക്സിയൻ തത്ത്വചിന്തകളുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് വിചാരിച്ചുകൊണ്ട് മൂഢസ്വർഗത്തിൽ കഴിയുന്നവരുടെ ബോധമണ്ഡലത്തിൽ, പുതിയ വെളിച്ചത്തിന്റെ മിന്നൽപ്പിണരുകൾ സൃഷ്ടിക്കുന്നവയാണ് ബാഗ്ചിയുടെ കൃതികൾ. ഉത്തരവാദിത്വബോധവും ദീർഘവീക്ഷണമില്ലായ്മയും മൂലം നാടോടികളായി പരിണമിക്കപ്പെട്ട ബഞ്ചാരകളുടെ കഥയും സ്വാർത്ഥമോഹങ്ങളുടെ പൂർത്തീകരണത്തിനുവേണ്ടി അച്ചടക്കമില്ലാത്ത ബാങ്കിംഗ് രീതികൾ അനുവർത്തിച്ചതിന്റെ പേരിൽ 1913-’14 കാലങ്ങളിൽ തകർന്നുതരിപ്പണമായ 57 ഇന്ത്യൻ ബാങ്കുകളുടെ വേദനിപ്പിക്കുന്ന കഥകളും ബാഗ്ചി എഴുതിവെച്ചിരിക്കുന്നത് ഭാവി തലമുറയ്ക്കുവേണ്ടിയാണ്. അനുഭവങ്ങളിൽനിന്നും പാഠം പഠിക്കാത്ത വിഡ്ഢികളുടെ കഥ പറയാനുമില്ല. അന്തർദേശീയ തലത്തിൽ അതിപ്രസിദ്ധനും സാമ്പത്തികശാസ്ത്രത്തിനു മൗലികമായ സംഭാവനകൾ നൽകുകയും ചെയ്ത മലയാളിയായ പി.ജെ. തോമസിനെപ്പറ്റി ഏറ്റവുമധികം പഠിക്കുകയും പരാമർശങ്ങൾ നടത്തുകയും ചെയ്ത മുതിർന്ന സാമ്പത്തികശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു ബാഗ്ചിയെന്നതും മറ്റൊരു ചരിത്രവസ്തുതയാണ്. അദ്ദേഹം എഴുതിയ പുസ്തകങ്ങളും ഗവേഷണപ്രബന്ധങ്ങളും സാമ്പത്തികശാസ്ത്ര വിദ്യാർത്ഥികൾക്ക് അമൂല്യമായ അറിവിന്റെ അക്ഷയഖനിയായി അവശേഷിക്കുമെന്ന കാര്യത്തിൽ പക്ഷാന്തരവുമില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത സ്വത്ത്: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി

പിള്ളേര് പൊളിക്കുമോ? ഇന്നു ബംഗ്ലാദേശിനെതിരെ, ജയിച്ചാല്‍ ഫൈനല്‍

മുട്ട കേടുവന്നാൽ എങ്ങനെ തിരിച്ചറിയാം

'ചോദ്യങ്ങൾ ചോദിച്ചു തന്നെ മുന്നേറുക, പുതിയ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാവട്ടെ'; മീനാക്ഷിയോട് മന്ത്രി വി ശിവൻകുട്ടി

2016 ല്‍ പിണറായി വിജയനെതിരെ; ഇക്കുറി പഞ്ചായത്ത് പിടിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ മത്സരരംഗത്ത്

SCROLL FOR NEXT