ഫ്രെഷ്‌കട്ട് സമരത്തിനിടെ ഉണ്ടായ സംഘര്‍ഷം  സമകാലിക മലയാളം വാരിക
Malayalam Weekly

ഫ്രെഷ്‌കട്ട്: പൊരുതാനുറച്ച് നാട്ടുകാര്‍ അടിച്ചമര്‍ത്തി സര്‍ക്കാരും

രേഖാചന്ദ്ര

മരമാണ് ചില മനുഷ്യരുടെ ജീവിതം. വെള്ളത്തിന്, വായുവിന്, ഭക്ഷണത്തിന്, തൊഴിലിന്, വീടിന്, റോഡിന്, നീതിക്ക്, അവകാശങ്ങൾക്ക്- അങ്ങനെ ജീവിതം തന്നെ സമരമാക്കി മാറ്റേണ്ടിവരുന്ന നിസ്സഹായരായ മനുഷ്യർ. ഒരു സമരത്തേയും ഭരണകൂടങ്ങൾ പ്രോത്സാഹിപ്പിക്കില്ല, പൂർണമായും പരിഹാരം കാണുന്നതും അപൂർവം. ഭരണകൂടത്തിന്റേയും പൊലീസിന്റേയും ഭാഗത്ത് നിന്നുണ്ടാകുന്ന സമീപനവും നടപടിയും സമരം ചെയ്യേണ്ടിവരുന്നവർക്ക് പലപ്പോഴും ഭീകരമായ അനുഭവമായി മാറുന്നതാണ് കാണുന്നത്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലും അങ്ങനെയൊരു സാഹചര്യത്തിലൂടെയാണ് പ്രദേശവാസികൾ കടന്നുപോകുന്നത്. കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോടിൽ അഞ്ച് വർഷം മുന്‍പ് തുറന്ന ഫ്രെഷ്‌കട്ട് എന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയാണ് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം സമരത്തിലേക്ക് മാറ്റിയത്.

ചർച്ചകളിലൂടെയും സമാധാനപരമായ സമരങ്ങളിലൂടെയും ജനപ്രതിനിധികൾ വഴിയും ഉദ്യോഗസ്ഥ തലത്തിലും നിവേദനങ്ങൾ നൽകിയും നിയമപരമായ വഴികൾ തേടിയും അഞ്ച് വർഷമായി ഇവർ സമരത്തിലായിരുന്നു. ഒക്ടോബർ 21-ന് പക്ഷേ, സമരം അക്രമത്തിലേക്ക് മാറി. പൊലീസ് സമരക്കാർക്കെതിരെ ടിയർഗ്യാസ് പ്രയോഗിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ചിതറിയോടി. ലാത്തിച്ചാർജും ഉണ്ടായി. പ്രകോപിതരായ സമരക്കാർ പൊലീസിനു നേരെയും കല്ലെറിഞ്ഞു. ഇതിനിടെ ഫ്രെഷ്‌കട്ട് ഫാക്ടറിയുടെ വാഹനങ്ങളും മറ്റും തീയിട്ടു. അഞ്ചു വർഷത്തെ സമരത്തിനിടയിൽ ആദ്യമായിട്ടായിരുന്നു ഇത്തരം ഒരു സംഘർഷാവസ്ഥ പ്രദേശവാസികൾ കണ്ടത്. നൂറുകണക്കിന് ആളുകൾക്കെതിരെ പൊലീസ് കേസെടുത്തു. ഇരുപതോളം പേരെ അറസ്റ്റുചെയ്തു. നിരവധി പേർ ഒളിവിൽ പോയി. അന്നുമുതൽ രാവും പകലും വീടുകളിൽ പൊലീസ് റെയ്ഡാണ്. ഭയത്തിലും കടുത്ത മാനസിക സംഘർഷത്തിലുമായി ഇവിടുത്തുകാർ. കുട്ടികൾ സ്കൂളിൽ പോകാതായി. വീടുകളിലേക്ക് തിരിച്ചെത്താനാവാതെ ജനപ്രതിനിധികളടക്കം മാറിനിൽക്കുകയാണിപ്പോഴും.

സംഘർഷത്തെത്തുടർന്ന് അടച്ചിട്ട ഫാക്ടറി ദിവസങ്ങൾക്കുശേഷം വീണ്ടും തുറന്നു. സമരസമിതി സമരവും തുടങ്ങി. കൂടുതൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ സമരസഹായ സമിതിയും നിലവിൽ വന്നു. കമ്പനി പ്രവർത്തിക്കുന്നു, ദുർഗന്ധവും മാലിന്യവും വീണ്ടും പടരുന്നു, സമരം തുടരുന്നു- ഇതാണ് ഇപ്പോഴത്തെ ഇവിടുത്തെ അവസ്ഥ.

താമരശ്ശേരി, കോടഞ്ചേരി, ഓമശ്ശേരി പഞ്ചായത്തിൽപ്പെട്ടവരാണ് സമരത്തിലുള്ളത്. കട്ടിപ്പാറ പഞ്ചായത്തിലാണ് ഫാക്ടറി പ്രവർത്തിക്കുന്നതെങ്കിലും അതിർത്തി പ്രദേശത്തെ പ്ലാന്റേഷൻ ഭൂമിയായതിനാൽ ഈ പഞ്ചായത്തുകാർക്ക് മാലിന്യപ്രശ്നവും ദുർഗന്ധവും കാര്യമായി ഇല്ല. ഇരുതുള്ളി പുഴയുടെ അരികിലായാണ് ഫാക്ടറി. ഇതിനോട് ചേർന്നാണ് മറ്റു മൂന്ന് പഞ്ചായത്തുകളും സ്ഥിതിചെയ്യുന്നത്.

ഫ്രെഷ്‌കട്ട് സമരം

ഫ്രെഷ്‌കട്ടിന്റെ തുടക്കം

2013-ൽ സ്ഥാപിതമായ കമ്പനി 2019-ലാണ് ഫ്രെഷ്‌കട്ട് ഓർഗാനിക് പ്രൊഡക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ താമരശ്ശേരി അമ്പായത്തോടിൽ പ്രവർത്തനമാരംഭിച്ചത്. അഗസ്റ്റിൻ ലിബിൻ പിയൂസ്, ഫ്രാൻസിസ്, സുജീഷ് കൊളത്തൊടി, ടി. ഷിബു, അശോക് മത്തായി എന്നിവരാണ് കമ്പനിയുടെ പാർട്ട്ണർമാർ.

ജില്ലാ പഞ്ചായത്തിന്റേയും കോഴിക്കോട് കോർപ്പറേഷന്റേയും സഹകരണത്തോടെയായിരുന്നു സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. അറവ് മാലിന്യം ശേഖരിക്കാനുള്ള കോഴിക്കോട് കോർപ്പറേഷന്റേയും ജില്ലാ പഞ്ചായത്തിന്റേയും ടെണ്ടറും പത്ത് വർഷത്തേക്ക് സ്വന്തമാക്കിയതായി കമ്പനി അവകാശപ്പെടുന്നു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി എന്ന നിലയിലായിരുന്നു തുടക്കത്തിൽ കമ്പനി അവതരിപ്പിക്കപ്പെട്ടത്. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കോഴിയറവ് മാലിന്യം ഫ്രെഷ്‌കട്ടിനു കൈമാറണമെന്നും ജില്ലാ പഞ്ചായത്ത് നിർദേശിച്ചിരുന്നു. അങ്ങനെ വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലും പ്രത്യേകം ഉദ്ഘാടന പരിപാടികൾ അതത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിയാണ് ഫ്രെഷ്‌കട്ടിന്റെ ബിസിനസ് വളർന്നത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ കൂത്താളിയിലുള്ള ഫാമിൽ സംസ്കരണകേന്ദ്രം തുടങ്ങാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് ഫ്രെഷ്‌കട്ട് എന്ന സ്വകാര്യ കമ്പനിയുമായി ജില്ലാ പഞ്ചായത്ത് സഹകരിക്കുകയായിരുന്നു.

ജില്ലയിലെല്ലായിടത്തുനിന്നും ശേഖരിക്കുന്ന മാലിന്യം വേവിച്ച് പ്രോസസ് ചെയ്ത് വളർത്തുമൃഗങ്ങൾക്കുള്ള ഭഷണം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രോട്ടീൻ പൗഡർ ഉണ്ടാക്കി ആനിമൽ ഫുഡ് പ്രൊഡക്ട് കമ്പനികൾക്കു വിതരണം ചെയ്യുന്നതാണ് ഫ്രെഷ്‌കട്ടിന്റെ ബിസിനസ്. ഒരു കിലോയിൽനിന്ന് 38 ശതമാനമാണ് കിട്ടുന്ന ബൈ പ്രൊഡക്ട്. ഫ്രീസറുള്ള വാഹനത്തിൽ അറവുമാലിന്യം എത്തിക്കണമെന്നും ദുർഗന്ധം ഒഴിവാക്കാനുള്ള വഴി തേടണമെന്നും പലവട്ടം നടത്തിയ ചർച്ചകളിൽ തീരുമാനമായതാണെങ്കിലും ഇതു പാലിക്കാതെയുള്ള പ്രവർത്തനമാണ് ജനജീവിതം ദുസ്സഹമാക്കിയതും ജനങ്ങൾ സമരത്തിനിറങ്ങിയതിനും കാരണം.

ഫ്രെഷ് കട്ട് കമ്പനി

സമരങ്ങളുടെ നാളുകൾ

കമ്പനി പ്രവർത്തനം തുടങ്ങിയതു മുതൽത്തന്നെ പ്രദേശവാസികൾ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ദുർഗന്ധവും ഇരുതുള്ളി പുഴ മലിനീകരണവുമായിരുന്നു പ്രധാനമായും അവർ ഉന്നയിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ റെഡ് കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെട്ടതാണ് സംസ്കരണ യൂണിറ്റ്. വെള്ളം, വായു മലിനീകരണത്തിന് ഉയർന്ന സാധ്യതയുള്ള കമ്പനികളാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുന്നത്. മലിനീകരണ തോത് അറുപതിനു മുകളിലുള്ളവയാണിത്. കർശനമായ നിയന്ത്രണങ്ങളോടേയും ഉപാധികളോടേയുമാണ് ഇത്തരം കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുന്നത്. കമ്പനി സ്ഥിതിചെയ്യുന്ന കട്ടിപ്പാറ പഞ്ചായത്തും സമരത്തിലുള്ള ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളും നിലവിൽ യു.ഡി.എഫ് പഞ്ചായത്തുകളാണ്. ഫ്രെഷ്‌കട്ടിന് അനുമതി കിട്ടിയ കാലയളവിൽ കട്ടിപ്പാറ പഞ്ചായത്തിൽ എൽ.ഡി.എഫിനായിരുന്നു ഭരണം.

ഫ്രെഷ്‌കട്ടിന് തൊട്ടടുത്തുള്ള കോടഞ്ചേരി പഞ്ചായത്തിലെ കരിമ്പാലക്കുന്ന്, വെള്ളമുണ്ട പ്രദേശങ്ങളിലായിരുന്നു കൂടുതൽ ദുരിതം. പ്രയാസം രൂക്ഷമായതോടെ ജനകീയ സമിതി രൂപീകരിച്ചു. ഫ്രെഷ്‌കട്ട് മാനേജ്‌മെന്റിനു രേഖാമൂലം പരാതി നൽകി. പ്രശ്നം പരിഹരിക്കാമെന്ന് കമ്പനി ഉറപ്പും നൽകി. എന്നാൽ, ദുർഗന്ധത്തിനു പരിഹാരമായില്ല. തുടർന്ന് താമരശ്ശേരി സി.ഐയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കമ്പനിയുമായി ചർച്ച ചെയ്യുകയും ഒരു മാസത്തിനുള്ളിൽ പരിഹാരം കാണാമെന്ന് രേഖാമൂലം സമ്മതിക്കുകയും ചെയ്തു. പക്ഷേ, സ്ഥിതിയിൽ വ്യത്യാസമുണ്ടായില്ല. വിവിധ രാഷ്ട്രീയ നേതാക്കളും ചർച്ച നടത്തി. അന്നത്തെ തിരുവമ്പാടി എം.എൽ.എ ജോർജ് എം. തോമസിന്റെ നേതൃത്വത്തിലും ചർച്ച നടന്നു. ഇതിനിടയിൽ പഞ്ചായത്ത് അധികൃതർ മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് ജനകീയസമിതി പരാതികളും നൽകി. 2021 ജനുവരിയിൽ ജനകീയസമിതി പ്രത്യക്ഷസമരത്തിലേക്ക് കടന്നു. കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബഹുജനമാർച്ചും ധർണയും നടത്തി. സി.പി.എമ്മിന്റേയും മുസ്‌ലിം ലീഗിന്റേയും നേതൃത്വത്തിൽ കമ്പനിയിലേക്കും മാർച്ച് നടത്തി.

നിയമസഭയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റിയെ കാര്യങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ലിന്റോ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കമ്പനിയിലേക്ക് ബഹുജനമാർച്ചും നടത്തി. 2025-ൽ ഇരുതുള്ളി പുഴ സംരക്ഷണ ജനകീയസമിതി രൂപീകരിച്ച് സമരം ശക്തമാക്കി. കമ്പനിക്കു മുന്നിൽ അനിശ്ചിതകാല സമരവും തുടങ്ങി. പ്രശ്നങ്ങൾ പരിഹരിക്കാം എന്ന ഉറപ്പിൽ 39 ദിവസം ഫാക്ടറി അടച്ചിട്ടു. വീണ്ടും തുറന്നപ്പോഴും പ്രശ്നത്തിനു പരിഹാരമായില്ല. സമരം വീണ്ടും തുടർന്നു. കമ്പനിയിലേക്ക് വരുന്ന വാഹനങ്ങള്‍ തടഞ്ഞു. ആ സമരമാണ് പിന്നീട് വലിയ അക്രമത്തിലേക്കും സംഘർഷത്തിലേക്കും കലാശിച്ചത്.

പ്രതിഷേധത്തിനിടെ പരുക്കേറ്റ പൊലീസുകാരന്‍

പൊലീസ് റെയ്ഡ്

“പൊലീസിന്റെ ശ്രദ്ധയ്ക്ക്, വലതുവശം ആദ്യം കാണുന്നതാണ് മെമ്പറുടെ വീട്. അയൽവാസികളെ ബുദ്ധിമുട്ടിക്കരുത്.” താമരശ്ശേരി പഞ്ചായത്ത് മെമ്പർ ഷംസിത ഷാഫിയുടെ വീടിനടുത്ത് അവരുടെ മക്കൾ വെച്ച ബോർഡ് ഇങ്ങനെയായിരുന്നു. പൊലീസ് റെയ്ഡിന്റെ ബുദ്ധിമുട്ടുകൾ മുഴുവൻ വെളിവാക്കുന്നതാണ് ഈ ബോർഡ്. സംഘർഷ ദിവസം മുതൽ രാവും പകലും പൊലീസ് വീടുകളിൽ കയറിയിറങ്ങുകയായിരുന്നു. ആരാണ് പ്രതിപ്പട്ടികയിലുൾപ്പെട്ടത് എന്നുപോലും ഇവിടുത്തുകാർക്ക് അറിയില്ല. പലരും വീടുകളിൽനിന്നു മാറി ഒളിവിൽ താമസിക്കുകയാണ്. ജനപ്രതിനിധികളടക്കം ഇപ്പോഴും ഒളിവിലാണ്. ഒളിവിൽ പോയ മെമ്പറുടെ വീടന്വേഷിച്ച് രാത്രിയിൽ പല വീടുകളിലും പൊലീസെത്തുന്നതിനെത്തുടർന്നായിരുന്നു ഷംസിതയുടെ മക്കൾ ഇങ്ങനെയൊരു ബോർഡ് വെച്ചത്.

ഭയപ്പാടിലാണ് കുട്ടികൾ. രക്ഷിതാക്കൾ വീടുകളിൽനിന്നു മാറിത്താമസിക്കുന്നതും പൊലീസിന്റെ വീട്ടിലെത്തിയുള്ള ചോദ്യങ്ങളും കുട്ടികളെ സാരമായി ബാധിക്കുന്നുണ്ട്. തൊട്ടടുത്തുള്ള സെന്റ് ജോസഫ് സ്കൂളിൽ സംഘർഷത്തിനു ശേഷം കുട്ടികളെത്താതായതിനാൽ ക്ലാസുകൾ മുടങ്ങിയിരുന്നു. ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും കൗൺസിലിങ് നൽകി കുട്ടികളെ തിരികെ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ജാമ്യം കിട്ടാത്ത വകുപ്പുകൾ ചാർത്തിയാണ് ഇരുപതോളം പേരെ അറസ്റ്റുചെയ്തത്. അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ വരെ ഇക്കൂട്ടത്തിലുണ്ട്. സമരം നടക്കുന്ന ദിവസം സമരസ്ഥലത്തുണ്ടായതിന്റെ പേരിൽ മാത്രം അറസ്റ്റു ചെയ്യപ്പെട്ടവരുമുണ്ട്.

പ്രദേശത്തുനിന്ന് അഞ്ഞൂറോളം ആളുകൾ മാറിനിൽക്കുകയാണെന്ന് കോടഞ്ചേരി പഞ്ചായത്ത് മുൻ മെമ്പറും സമരസമിതി രക്ഷാധികാരിയുമായ തമ്പി പറകണ്ടത്തിൽ പറയുന്നു. “ഗുരുതരമായ വകുപ്പുകളാണ് ചാർത്തിയിരിക്കുന്നത്. അസത്യം പറഞ്ഞല്ല ഞങ്ങൾ സമരം നടത്തുന്നത്. 2019-ൽ തന്നെ ഇക്കാര്യം ഉന്നയിച്ചപ്പോൾ ഒരു മാസത്തിനുള്ളിൽ പരിഹരിക്കാം എന്നാണ് കമ്പനി ഉടമകൾ പറഞ്ഞത്. ആറു വർഷമായി. എന്തു പരിഹാരമാണ് അവർ കണ്ടത്. നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിവരാവകാശം വഴി ചോദിക്കുമ്പോൾ അവ്യക്തമായ മറുപടികളാണ് കിട്ടുന്നത്.

മൂന്ന് പഞ്ചായത്ത് സെക്രട്ടറിമാരും ഇത് മാലിന്യപ്രശ്നം ഉണ്ടാക്കുന്നുണ്ട് എന്ന റിപ്പോർട്ട് കളക്ടർക്ക് നൽകിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണബോർഡും ലൈസൻസ് തടഞ്ഞ സ്ഥാപനമാണിത്. ആ ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളെ നിയമിച്ചാണ് പ്രശ്നങ്ങളൊന്നുമില്ല എന്ന റിപ്പോർട്ട് ഉണ്ടാക്കി വീണ്ടും ലൈസൻസ് നേടിയെടുത്തത്.

സമരം സമാധാനപരമായിരുന്നു അന്നും. പക്ഷേ, വടകര റൂറൽ എസ്.പി അവിടെ എത്തിയ ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇത് വളരെ പ്ലാൻഡ് ആണെന്നാണ് ഞങ്ങൾ സംശയിക്കുന്നത്. എത്രയോ വർഷമായി ഞങ്ങൾ സമരം നടത്തുന്നതല്ലേ.

കോഴിക്കോട് കോർപ്പറേഷനിൽനിന്നുള്ള 20 ടൺ മാത്രം സംസ്കരിക്കട്ടെ എന്ന് കളക്ടറുടെ നേതൃത്വത്തിൽ സമ്മതിച്ചതാണ്. പക്ഷേ, പതിനെട്ടോളം വണ്ടികളിൽ ടൺ കണക്കിനു മാലിന്യം എത്തിക്കുകയാണ്. 2019-ലെ കണക്കനുസരിച്ച് 92 ടൺ അറവ്മാലിന്യം കോഴിക്കോട് ജില്ലയിൽ ഒരു ദിവസം ഉണ്ട്. 25 ടൺ സംസ്കരിക്കാനുള്ള സംവിധാനമേ ഇവിടെയുള്ളൂ. അവിടേക്കാണ് ഇത്രയധികം മാലിന്യം എത്തുന്നത്. ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കൊടുക്കുന്ന പണം ഈ കമ്പനിയിൽ മുടക്കിയാൽ ഇതിനു ശാസ്ത്രീയമായ പരിഹാരം കാണാൻ ഇവർക്കു കഴിയില്ലേ?” -തമ്പി പറകണ്ടത്തിൽ ചോദിക്കുന്നു.

സമരസമിതിക്ക് പിന്തുണയുമായി പുതുപ്പാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഗിരീഷ് ജോൺ ചെയർമാനും നാസർ ഫൈസി കൂടത്തായി കൺവീനറുമായി സമരസഹായസമിതി രൂപീകരിച്ചിട്ടുണ്ട്.

റെഡ് കാറ്റഗറി ലിസ്റ്റിൽപ്പെട്ട ഒരു സ്ഥാപനം തുടങ്ങാൻ പറ്റുന്ന പ്രദേശത്തല്ല കമ്പനി പ്രവർത്തിക്കുന്നത് എന്ന് ഗിരീഷ് ജോൺ പറയുന്നു: “പുഴയുടെ തീരമാണ് അത്. രണ്ടാമത്തെ കാര്യം അത് തോട്ടഭൂമിയാണ്. ഈ രണ്ട് കാരണങ്ങൾകൊണ്ടുതന്നെ അതിന് അവിടെ അനുമതി ലഭിക്കേണ്ടതല്ല.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വഴിവിട്ട സഹായങ്ങൾ കിട്ടി എന്ന് ആളുകൾ ആരോപിക്കുന്നതിന്റെ കാരണവും അതാണ്. ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് റിപ്പോർട്ട് ഉണ്ടാക്കാൻ കഴിയുന്നതുകൊണ്ടാണ് കോടതിയിൽനിന്നുപോലും നീതി ലഭിക്കാത്തത്. സമരസമിതി കൊടുത്ത റിട്ട് തള്ളിപ്പോവാൻ കാരണം അതാണ്.

കൃത്യമായ അളവിലും ശാസ്ത്രീയമായും നടത്തിയാൽ പ്രശ്നങ്ങളൊന്നുമില്ലാതെ പ്ലാന്റ് നടത്താം. മറ്റു ജില്ലകളിലൊക്കെ അങ്ങനെ നടക്കുന്നുണ്ട്. ഇവിടെ അമിതലാഭമുണ്ടാക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നം. കോഴിക്കോട് ജില്ലയിൽ മറ്റു പ്ലാന്റുകൾക്കൊന്നും അനുമതി കൊടുക്കാത്തതിന് എന്താണ് കാരണം. ഈ ഒറ്റ പ്ലാന്റ് മാത്രമേ നിലവിലുള്ളൂ. കമ്പനിയുടെ ഡയറക്ടർമാരായി വിവിധ രാഷ്ട്രീയ പാർട്ടികളിലെ ഉത്തരവാദിത്തപ്പെട്ടവർ ഉണ്ട് എന്ന് ജനങ്ങൾക്കിടയിൽ ആരോപണമുണ്ട്. പരാതിക്ക് പരിഹാരമില്ലാതിരിക്കാൻ ഒരു കാരണം ഇതാണ് എന്നു നാട്ടുകാർ വിശ്വസിക്കുന്നു. ജില്ലാ ഭരണകൂടം കമ്പനിക്കനുകൂലമായിട്ടാണ് നിൽക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾക്കല്ലേ പരിഹാരം കാണേണ്ടത്. മൂന്നു പഞ്ചായത്തിലുമായി നാലായിരത്തോളം കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നമാണിത്” -ഗിരീഷ് ജോൺ പറയുന്നു.

കഴിഞ്ഞ രണ്ട് വർഷമായി 25 ടണ്ണിൽ താഴെ മാലിന്യമാണ് കമ്പനിയിലേക്ക് കൊണ്ടുവരുന്നതെന്ന് ഉടമകളിലൊരാളായ സുജീഷ് കൊളത്തൊടി പറയുന്നു. “ഇതൊരു ഈസി ജോബ് അല്ല. ഓരോ ചിക്കൻ കടയിലും പോയിട്ടാണ് ഞങ്ങൾ ശേഖരിക്കുന്നത്. ആദ്യകാലത്ത് ഫ്രീസർ കണ്ടെയ്‌നർ ആണ് ഉപയോഗിച്ചിരുന്നത്. കോഴി വേസ്റ്റ് മീഥൈൻ ഗ്യാസ് ഉണ്ടാക്കുന്നതിനാൽ ഫ്രീസർ പെട്ടെന്ന് കേടാവും. ഇതു മാറ്റിക്കൊണ്ടേയിരിക്കണം. ഇപ്പോൾ ക്ലോസ്ഡ് കണ്ടെയ്‌നർ ആണ് ഉപയോഗിക്കുന്നത്. മണം പുറത്തു പോകില്ല. തുടക്ക കാലങ്ങളിൽ നാട്ടുകാർ പറയുന്ന പരാതികളിൽ ഞങ്ങള്‍ പരിഹാരം കണ്ടിരുന്നു. പിന്നീട് അത് ഒരു മുതലെടുപ്പായി മാറി. അങ്ങനെയാണ് ഞങ്ങൾ പിന്നോട്ടു പോയത്. ഞങ്ങൾ നിയമപ്രകാരമുള്ള പരിരക്ഷയോടെയാണ് പ്രവർത്തിക്കുന്നത്. ഞങ്ങൾ വിൽക്കുന്ന അസംസ്‌കൃത വസ്തുവിന്റെ കണക്ക് നോക്കിയാൽ എത്ര ടൺ മാലിന്യം സംസ്കരിക്കുന്നുണ്ട് എന്നു വ്യക്തമാവും. വെറുതെ ആരോപണം ഉന്നയിക്കുന്നതിൽ കാര്യമില്ല” -സുജീഷ് പറയുന്നു.

പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. അതിന്റെ പരിധിക്കു പുറത്ത് സമരവും ബഹുജനറാലിയുമായി സമരസമിതിയും സജീവമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയില്‍ കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളി; മൃതദേഹം കെട്ടിവലിച്ച് റോഡില്‍ കൊണ്ടിടുന്നതിനിടെ കുഴഞ്ഞു വീണു; കുറ്റം സമ്മതിച്ച് ജോര്‍ജ്

സവാളയിലെ പൂപ്പൽ അപകടകാരിയോ? ഉപയോ​ഗിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ബാങ്ക് വെബ് വിലാസങ്ങള്‍ ഇനി അവസാനിക്കുക '.bank.in' ല്‍; ആര്‍ബിഐ നടപടി, കാരണമിത്

ഡൈവ് ചെയ്ത് ഒറ്റക്കൈയില്‍ ഒതുക്കി! കിടു റിട്ടേൺ ക്യാച്ചിൽ ക്രൗളിയെ മടക്കി സ്റ്റാര്‍ക്ക് (വിഡിയോ)

ഭക്ഷണം കഴിച്ചതിന് ശേഷം നടന്നാൽ എന്ത് സംഭവിക്കും?

SCROLL FOR NEXT