ഒന്ന്
“ഇന്ത്യ ഏതെങ്കിലുമൊരു വിഭാഗത്തോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അത് എന്റെ ജനതയോടാണ്. ഞങ്ങളെ അവഗണിക്കുന്ന രീതിയിൽ പെരുമാറി. കഴിഞ്ഞ ഒത്തിരി വർഷങ്ങളായി അവഗണിച്ചുകൊണ്ടിരിക്കുന്നു. എന്റെ ജനതയുടെ ചരിത്രം കുടിയിറക്കുന്നവരാൽ നയിക്കപ്പെടുന്ന കലാപങ്ങളുടേയും ക്രമരാഹിത്യങ്ങളുടേയും ഫലമായി നിരന്തരമായി ചൂഷണങ്ങൾക്കും കുടിയിറക്കലിനും വിധേയമാക്കപ്പെട്ടതിന്റെ ചരിത്രമാണ്.”
-ജയപാൽസിംഗ് മുണ്ട (1946 ഡിസംബർ 17)
(Constituent Assembly debate Vol. 1 Page 9)
ആദിവാസി ഉയർത്തുന്ന വികസന ചോദ്യങ്ങൾ
ഇന്ത്യയുടെ ഭരണഘടന ലക്ഷ്യത്തെക്കുറിച്ച് ഭരണഘടനാനിർമാണ സമിതിയിൽ അദ്ധ്യക്ഷൻ എന്ന നിലയിൽ ജവഹർലാൽ നെഹ്റു അവതരിപ്പിച്ച പ്രമേയവുമായി ബന്ധപ്പെട്ട് താനടക്കമുള്ള ആദിവാസികൾ ഇന്ത്യൻ റിപ്പബ്ലിക്കിനെ വിശ്വാസത്തിലെടുക്കുന്നത് എങ്ങനെയെന്ന് കൃത്യതപ്പെടുത്തുകയാണ് ജയപാൽ മുണ്ട. ജയപാലും അദ്ദേഹത്തിന്റെ ജനതയും വിശ്വാസമർപ്പിച്ച വാഗ്ദാനവും അഭിലാഷവും നിറവേറ്റുന്നതിൽ എട്ട് പതിറ്റാണ്ടിനോട് അടുക്കുമ്പോഴും റിപ്പബ്ലിക്കൻ ഇന്ത്യയ്ക്ക് എത്രമാത്രം മുന്നോട്ട് പോകാനായി എന്നത് ചോദ്യചിഹ്നമാണ്. വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയോടൊപ്പം എന്തുകൊണ്ട് ആദിവാസികൾക്ക് എത്തിച്ചേരാൻ ആവുന്നില്ല എന്നത് ഒരു വലിയ വികസന ചോദ്യമാണ്. എഴുപതിനോടടുക്കുന്ന നവകേരളവും 60 പിന്നിട്ട ഭൂപരിഷ്കരണവും ആദിവാസിയെ അടയാളപ്പെടുത്തിയ ഇടം എവിടെയാണ്? കേരള സമൂഹത്തിൽ ഒരാളുടെ അസ്തിത്വവും വികസനവും പദവിയും തീരുമാനിക്കുന്ന ഘടകം ഭൂവുടമസ്ഥതയാണ്. ഭൂമി എന്നത് അവർക്ക് അഭിമാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന ഉപാധിയാണ്. വികസന സങ്കല്പം എന്നത് ഭൂമിയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂപരിഷ്കരണത്തിന്റെ ഫലം ലഭിക്കാതെപോയ സമൂഹമാണ് ആദിവാസികൾ. സാമ്പത്തിക ചലനാത്മകതയിൽ നിർണായക പങ്കുവഹിച്ച ഭൂവുടമസ്ഥതയിലെ കുറവ് ആദിവാസി വിഭാഗങ്ങളുടെ വികസനത്തെ ശാക്തീകരിക്കുന്നതിൽ വലിയ തടസ്സം സൃഷ്ടിച്ചു. കേരളത്തിലെ 4,84,839 ആദിവാസികളുടെ വികേന്ദ്രീകരണ വിതരണം രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളിൽ ഒരു നിർണായക ഘടകമാണ്.
ഇരുട്ടിൽ അകപ്പെട്ട കുട്ടി അഥവാ ആദിവാസി
പെട്ടെന്ന് ഇരുട്ടിൽ അകപ്പെട്ടുപോയ ഒരു കുട്ടി നിലവിളിച്ചതിനെപ്പറ്റി ടാഗോർ ഒരു കഥയിൽ പറയുന്നുണ്ട്. അമ്മേ ഞാൻ എവിടെയാണ് എന്നാണ്, അല്ലാതെ അമ്മ എവിടെയെന്നല്ല കുട്ടി നിലവിളിച്ചത്. ഈ കുട്ടിയാണ് ഞാൻ എവിടെയെന്ന് വിളിച്ചു ചോദിക്കുന്ന ഇന്നത്തെ ആദിവാസി. അടുത്തിടെ അട്ടപ്പാടിയിൽ നടന്ന ശിശുമരണങ്ങൾ ആദിവാസി വികസന ശാക്തീകരണ പദ്ധതിയെ സംബന്ധിച്ച ചർച്ചകൾക്ക് പുതിയ വാതായനം തുറന്നിരിക്കുകയാണ്. ആദിവാസികളുടെ ഭൂവുടമസ്ഥതയും കാർഷിക അതിജീവനമടക്കമുള്ള നയരൂപീകരണത്തിലും നിർവഹണത്തിലും ജുഡീഷറിയിലടക്കം കാലം പുതിയ പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്നുണ്ട്. ദേശീയ അന്തർദേശീയ ശിശുദിനം ആചരിക്കുന്ന വേളയിൽ ബാലാവകാശത്തെ സംബന്ധിച്ച പുതു ചർച്ചകൾക്കുകൂടി അട്ടപ്പാടി ശിശുമരണം വഴിതുറക്കുന്നു. സംസ്ഥാനത്തെ 1,00,897 ആദിവാസി കുടുംബങ്ങളിലാണ് 4645 ഊരുകളിലായി ആദിവാസികൾ താമസിക്കുന്നത്. ഇത് മൊത്തം ആദിവാസി കുടുംബങ്ങളുടെ 93 ശതമാനം വരും. ജനസംഖ്യയുടെ 85 ശതമാനം പേരും കർഷക തൊഴിലാളികളും കൂലിവേലക്കാരുമാണ്. ആദിവാസി വിഭാഗങ്ങളിലെ കൃഷിക്കാരുടെ ദേശീയ ശരാശരി 44.7 ശതമാനമായിരിക്കുമ്പോൾ കേരളത്തിലേത് 11.2 ശതമാനമാണ്. ഇത് കാണിക്കുന്നത് കേരളത്തിലെ ആദിവാസികളുടെ ഭൂവുടമസ്ഥതയുടെ കുറവാണ്. ഭൂമിയും കാടും തമ്മിൽ പൊക്കിൾകൊടി ബന്ധമാണ് ആദിവാസി ജനതയ്ക്കുള്ളത്. ഭൂമിയുടെ അന്യാധീനപ്പെടലും കാടിന്റെ ശോഷണവും ആദിവാസിയെ സംബന്ധിച്ചിടത്തോളം സ്വത്വം നഷ്ടപ്പെടുത്തി എന്നു മാത്രമല്ല, കാടും മണ്ണുമായുള്ള അവന്റെ പൈതൃകമായുള്ള ബന്ധത്തിന് നാഡീഛേദം വരുത്തുകയും ചെയ്തു.
ശിശുമരണം ഒരു ആരോഗ്യപ്രശ്നം മാത്രമല്ല
ശിശുമരണം ഒരു ആരോഗ്യപ്രശ്നം മാത്രമല്ല, ഒരു സാമൂഹ്യപ്രശ്നം കൂടിയാണ്. ശാസ്ത്രീയ പഠനത്തിനൊപ്പം സൂക്ഷ്മതല സാമൂഹ്യപഠനം നടത്തേണ്ടത് അനിവാര്യമാണ്. ഒരു നവജാതശിശു മരിക്കുമ്പോൾ പൊതുബോധം ആരോഗ്യസംവിധാനത്തെയാണ് പ്രതിക്കൂട്ടിൽ നിർത്തുക. അട്ടപ്പാടിയെ സംബന്ധിച്ചിടത്തോളം ഒരു ശിശു മാത്രമല്ല, കഴിഞ്ഞ 15 വർഷത്തിനിടയിൽ 197 ശിശുമരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പൂജ്യം മുതൽ ഒരു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ കണക്കാണിത്. ആ കാലയളവിൽ 400-ഓളം ഗർഭഛിദ്രങ്ങളും 90 ഗർഭസ്ഥ ശിശുമരണവും 33-ഓളം ചാപിള്ള മരണവും സംഭവിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. ഇവിടെ ഉയർന്നുവരുന്ന ചോദ്യം, എന്തുകൊണ്ട് ആദിവാസി മേഖലകളിൽ മാത്രം ഇത്തരം ശിശുമരണങ്ങൾ സംഭവിക്കുന്നു. അവിടെയാണ് ചരിത്രം ആദിവാസികളോട് കാലങ്ങളായി വെച്ചുപുലർത്തുന്ന അവഗണനയുടെ ചിത്രം തെളിഞ്ഞുവരുന്നത്. അവരുടെ ആവാസ ഭൂമികയെത്തന്നെ തകർക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് ആ മേഖലകളിൽ നടന്നിട്ടുള്ളതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. സിക്കിൾസെൽ അനീമിയ സംബന്ധിച്ച കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2012-’17-ലെ ശിശുമരണത്തെത്തുടർന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിച്ച 490 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ കണക്കുകൾ നാളിതുവരെ പൊതു സമൂഹത്തിനു മുന്പിൽ ഹാജരാക്കിയിട്ടില്ല. 1982-ൽ അട്ടപ്പാടി ഐ.റ്റി.ഡി.പി നടത്തിയ പഠനപ്രകാരം (2 വാല്യം) 10,589 ഏക്കർ ആദിവാസി ഭൂമി അന്യാധീനപ്പെട്ടതായി വ്യക്തമാക്കുന്നു. 1975-ലാണ് ഐ.റ്റി.ഡി.പി നിലവിൽ വരുന്നത്. അതോടെ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം സാധ്യമായി. അത് ഗുണകരമായിത്തീർന്നത് പൊതുസമൂഹത്തിനാണ്. ആദിവാസികളാകട്ടെ, അവരുടെ പരമ്പരാഗത കൊത്തുകാടുകൾ ഉപേക്ഷിച്ച് ഉൾക്കാടുകളിലേയ്ക്ക് വലിഞ്ഞു.
ആദിവാസി അവകാശങ്ങൾ കവർന്നെടുക്കുന്ന നിയമങ്ങൾ
ആദിവാസികളുടെ ദുരിതാവസ്ഥയ്ക്ക് കാരണം ഭൂമിയുടെ അന്യാധീനപ്പെടൽ മാത്രമല്ല, കഴിഞ്ഞ നൂറ്റാണ്ടിൽ രൂപംകൊണ്ട നിരവധിയായ വനനിയമങ്ങളും അവ പട്ടികവർഗക്കാരുടെ പരമ്പരാഗത അവകാശങ്ങളുടെമേൽ വരുത്തിയ നിയന്ത്രണങ്ങളും കൊണ്ടുകൂടിയാണ്. 1793-ൽ ബ്രിട്ടീഷ് ജന്മി സമ്പ്രദായത്തിന് സമാനമായി ഇവിടെയുള്ള സെമീന്താർമാർക്കുവേണ്ടി ഭൂവുടമസ്ഥാവകാശം സ്ഥിരപ്പെടുത്തുന്ന നയം നടപ്പിലാക്കുകയുണ്ടായി. ആദിവാസി വിഹരിച്ചിരുന്ന വനപ്രദേശങ്ങൾ ജന്മിമാർ സ്വന്തമാക്കുകയും ആദിവാസികളെ ഉപയോഗിച്ച് കൃഷി നടത്തി ലാഭം കൊയ്യുകയും ചെയ്തു. 1865-1878 കാലഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാർ ആദിവാസികളോട് യാതൊരുവിധ കൂടിയാലോചനയുമില്ലാതെ അവർ വസിക്കുകയും ഉപജീവനമാർഗങ്ങൾക്കും ഉപയോഗിച്ചിരുന്ന വനപ്രദേശങ്ങൾ സർക്കാരിന്റേതാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അതിനുപുറമെ ആദിവാസി ജനതയുടെ പ്രധാന വരുമാനമാർഗമായിരുന്ന കന്നുകാലി സമ്പത്തിന് ആധാരമായ മേച്ചിൽപ്പുറങ്ങൾ കൂടി സർക്കാരിന്റേതാണെന്ന പ്രഖ്യാപനത്തിനെതിരെ ബർസാമുണ്ട അടക്കമുള്ളവർ പോരാട്ടത്തിനിറങ്ങി. ഇങ്ങനെ ചെറുതും വലുതുമായ 140 കലാപങ്ങൾ ആദിവാസികൾ ബ്രിട്ടീഷുകാർക്കെതിരെ നടത്തി. 1803-ലെ മലബാറിലെ വനങ്ങൾ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഏറ്റെടുത്ത് മരം മുറിക്കാനുള്ള കുത്തകാവകാശം സ്ഥാപിച്ചപ്പോൾ ആദിവാസികൾ അതിനെ എതിർത്തു. അവരെ മർദിച്ചൊതുക്കാൻ കേണൽ വാട്സൺ എന്ന പൊലീസ് ഉദ്യോഗസ്ഥനെ കൺസർവേറ്റർ ആയി നിയോഗിച്ചു. ബ്രിട്ടീഷ് ഗവണ്മെന്റ് നിരവധി തവണ വനം കൈവശപ്പെടുത്താൻ ശ്രമിക്കുകയും ആദിവാസികൾ ചെറുത്ത് തോൽപ്പിക്കുകയും ചെയ്തത് ചരിത്രം. 1805-ൽ പഴശ്ശി സമരം അടിച്ചമർത്തപ്പെട്ടു. ഭൂനികുതി ഉല്പപ്പന്നമായിട്ടല്ലാതെ പണമായി നൽകണമെന്ന നിയമം കൊണ്ടുവന്നു. പണം ലഭിക്കണമെങ്കിൽ ഭൂമി വിൽക്കാതെ പറ്റില്ലായിരുന്നു. ആദിവാസികൾ ആ നിയമത്തെ എതിർത്തു. കേരളത്തിലെ ആദ്യത്തെ കർഷക തൊഴിലാളിസമരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ കലാപമാണ് 1812-ലെ കുറിച്യ ലഹള എന്നറിയപ്പെടുന്നത്.
1925-ലെ നാഷണൽ ഫോറസ്റ്റ് പോളിസി ആദിവാസികളുടെ പരമ്പരാഗത അവകാശങ്ങളെ വെറും ആനുകൂല്യങ്ങളാക്കി മാറ്റി. എന്നാൽ, 1858-ലെ ഫോറസ്റ്റ് പോളിസിയിലൂടെ ആദിവാസികളുടെ അവകാശങ്ങൾ അംഗീകരിച്ചുകൊടുക്കാൻ സർക്കാർ തയ്യാറായി. 1961-ലെ വനനിയമം ആദിവാസികളുടെ അവകാശങ്ങളെ സംബന്ധിച്ച് മൗനം പാലിച്ചു. 1952-ൽ ഇന്ത്യാ ഗവണ്മെന്റ് പ്രഖ്യാപിച്ച വനനയം ആദിവാസി അവകാശങ്ങളുടെമേൽ നിയന്ത്രണം ഏർപ്പെടുത്തി. 1964-ൽ ഉണ്ടായ ഹിൽമെൻ ആക്ടാണ് പട്ടികവർഗക്കാർക്ക് അനുകൂലമായി ഉണ്ടായ ആദ്യത്തെ നിയമം എന്നു പറയാം. കൃഷി ചെയ്യുന്നതിനു കരമൊഴിവായി ഭൂമി, വന വിഭവങ്ങൾ ശേഖരിക്കുന്നതിനും യഥേഷ്ടം വിറ്റഴിക്കുന്നതിനുള്ള അധികാരം, സർക്കാർ നിരോധിച്ചിട്ടില്ലാത്തതരം പക്ഷിമൃഗാദികളെ വേട്ടയാടുന്നതിനുള്ള അധികാരം എന്നിവ ഈ ആക്ട് പ്രകാരം ലഭിച്ചിരുന്നു. എന്നാൽ, ഇത്തരം ചട്ടങ്ങൾ നിർണയിക്കാൻ സർക്കാരിന് അധികാരം നൽകിയിരുന്ന വന നിയമത്തിലെ വകുപ്പുകൾ ഹൈക്കോടതി അസാധുവാക്കിയതോടെ 1964-ലെ നിയമവും അസാധുവായി.
ഭൂസമരങ്ങൾ ജനിക്കുന്നത്
2011-ലെ സെൻസസ് പ്രകാരം കേരളത്തിൽ 36 ആദിവാസി വിഭാഗങ്ങൾ 1,40,458 കുടുംബങ്ങളിലായി അധിവസിക്കുന്നു. ഇത് മൊത്തം ജനസംഖ്യയുടെ 1.45 ശതമാനം മാത്രമാണ്. അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ 27,627 മാത്രമാണ്. കേരളത്തിൽ പൊതു ദാരിദ്ര്യത്തിന്റെ തോത് കുറയുമ്പോഴും ദരിദ്രരിൽ ഭൂരിഭാഗവും പട്ടികവർഗ മേഖലയിലാണ് നിലനിൽക്കുന്നത്. ശരാശരി വരുമാനം, ഭൂവുടമസ്ഥത, വിദ്യാഭ്യാസ നിലവാരം എന്നീ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോഴും മേൽപ്പറഞ്ഞ വിഭാഗത്തിന്റെ അവസ്ഥ പൊതുനിലവാരത്തേക്കാൾ ഏറെ താഴെയാണ്. കേരളത്തിൽ പട്ടിണിമരണങ്ങളെത്തുടർന്നാണ് പ്രധാന ആദിവാസി സമരങ്ങളെല്ലാം ഉയർന്നുവന്നിട്ടുള്ളത്. 2000-ത്തിൽ 33 പണിയ സമുദായക്കാരുടെ പട്ടിണി മരണത്തെത്തുടർന്നാണ് മുത്തങ്ങാ സമരവും കുടിൽകെട്ടൽ സമരവും ഉണ്ടാവുന്നത്. 2012-2017-ലെ അട്ടപ്പാടി ശിശുമരണത്തെത്തുടർന്ന് നിൽപ്പ് സമരം ഉയർന്നുവരുന്നത്. മുത്തങ്ങാ സമരത്തെത്തുടർന്നാണ് ആദിവാസി ഭൂവിതരണത്തിനായി ആദിവാസി മിഷൻ രൂപീകൃതമായത്. ആദിവാസി സംഘടനകൾ രൂപംകൊള്ളുന്നതും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ആദിവാസി പോഷണ സംഘടനകൾക്ക് രൂപം കൊടുക്കുന്നതും 2000-ത്തിനു ശേഷമാണ്. ഈ സാഹചര്യത്തിലാണ് പദ്ധതികൾ/നയങ്ങളുടെ രൂപീകരണം, നിരീക്ഷണം എന്നിവയിൽ കാര്യമായ പൊളിച്ചെഴുത്ത് കാലം ആവശ്യപ്പെടുന്നത്. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെ സജീവസാന്നിദ്ധ്യം ആദിവാസികളൊഴികെ മറ്റു പല വിഭാഗങ്ങളേയും മുന്നോട്ട് നയിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിൽ അവതരിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും ഇടയാക്കി. ഏറ്റവും കൂടുതൽ ഭൂമിയുടെ അന്യാധീനപ്പെടൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ആദിവാസി മേഖലയിലാണ്.
ശിശുമരണങ്ങളും ഭൂവധികാരവും
ഭക്ഷ്യസുരക്ഷയുടേയും ഭക്ഷണ അവകാശത്തിന്റേയും കാതൽ ഭൂവധികാരമാണ്. 2008 വനാവകാശ നിയമം റൂൾസ് നിലവിൽ വന്നപ്പോൾ, അതിനെ രണ്ടാം ഭൂപരിഷ്കരണത്തോടാണ് അന്നത്തെ ഭരണപക്ഷം ചേർത്തു വായിച്ചത്. അന്ന് നിയമത്തിന്റെ നോഡൽ ഏജൻസിയായ പട്ടികവർഗ വകുപ്പ് വഴി വ്യക്തിഗതാവകാശത്തിനുള്ള അപേക്ഷ വനാവകാശ കമ്മിറ്റികൾ രൂപീകരിച്ച് വാങ്ങുകയും ചെയ്തു. 2012-’15 കാലഘട്ടത്തിൽ അട്ടപ്പാടിയിൽ ശിശുമരണം വാർത്തയായപ്പോൾ വനാവകാശപ്രകാരം ഏതാനും ഏക്കർ ഭൂമി വിതരണം നടത്തി. ഇപ്പോൾ 2008-2023 വരെ സബ് ഡിവിഷണൽ കമ്മിറ്റിക്ക് സമർപ്പിച്ച 586 വ്യക്തിഗത അപേക്ഷകൾ അട്ടപ്പാടിയിൽ വനാവകാശ കമ്മിറ്റികൾക്കു തിരിച്ചുകൊടുത്തിരിക്കുകയാണ്. അതു കാരണം അട്ടപ്പാടി മേഖലയിൽ മാത്രം 5000 ഏക്കർ ഭൂമി വ്യക്തിഗതാവകാശമനുസരിച്ച് ചുവപ്പുനാടയിൽ കുരുങ്ങി. ഇത് അട്ടപ്പാടിയുടെ മാത്രം കഥയല്ല. മറ്റ് ആദിവാസി മേഖലകളിലും സ്ഥിതി ഇതിൽനിന്നും ഭിന്നമല്ല. കാടുമായുള്ള നാഡീഛേദം സംഭവിച്ച ജനതയ്ക്ക് വേട്ടയാടൽ ഒഴികെ പരമ്പരാഗതമായി അനുഭവിച്ചുപോന്ന മറ്റ് അവകാശങ്ങളെല്ലാം തിരികെ നൽകുമെന്ന നിയമമാണ് വനാവകാശനിയമം. സ്വാതന്ത്ര്യാനന്തരം ആദിവാസികളോട് കാണിച്ച അനീതിക്ക് പ്രായിശ്ചിത്തമായാണ് പ്രസ്തുത നിയമം പാസ്സാക്കുന്നതെന്ന് നിയമ മുഖവുരയിൽ ഇന്ത്യൻ പാർലമെന്റ് അടയാളപ്പെടുത്തുന്നുണ്ട്. കേരളത്തിൽ ഗ്രാമസഭ മുതൽ ഡി.എൽ.സി വരെ വിവിധ ഘട്ടങ്ങളിലായി 15019 വ്യക്തിഗത അപേക്ഷകളും 576 സാമൂഹികാവകാശ അപേക്ഷകളും കെട്ടിക്കിടക്കുന്നതായി പട്ടികവർഗ വികസന വകുപ്പിന്റെ പ്രോഗ്രസ് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. അതായത് ഇതുവരെ വിതരണം ചെയ്തതിനേക്കാൾ കൂടുതൽ ഭൂമി വിവിധ അപേക്ഷകളിലായി ആദിവാസികൾക്ക് വിതരണം ചെയ്യാനുണ്ട്. ഏകദേശം ഒരു ലക്ഷം ഏക്കർ ഭൂമി വ്യക്തിഗതാവകാശത്തിൽ മാത്രം ലഭ്യമാക്കേണ്ടതുണ്ട്. 2006-ലാണ് വനാവകാശനിയമം പ്രാബല്യത്തിൽ വരുന്നത്. പ്രസ്തുത നിയമത്തിലെ സാമൂഹികാവകാശം (Community Rights) വനസംരക്ഷണത്തിനുള്ള/ആദിവാസി അവകാശ സംരക്ഷണത്തിനുള്ള മാഗ്ന കാർട്ടെയാണ്. പ്രസ്തുത നിയമത്തിലെ സാമൂഹികാവകാശം ഉപയോഗപ്പെടുത്തി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനാവും. പക്ഷേ, സാമൂഹിക വനാവകാശം കേരളത്തിലെവിടെയും നൽകുകയുണ്ടായില്ല. മറിച്ച് കമ്യൂണിറ്റി റിസോഴ്സ് റൈറ്റ്സ് മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്.
അട്ടപ്പാടിയിലെ ശിശുമരണം
വർഷം ശിശുമരണം വർഷം ശിശുമരണം
2012 16 2021 16
2013 31 2022 17
2014 15 2023 07
2015 14 2024 11
2016 08 2025 08
2017 14 2026 10
2018 13
2019 07
2020 10
ആകെ 128 69
ആകെ = 128 + 69 = 197
അവലംബം: പട്ടിക വികസന വകുപ്പ്, ഐ.സി.ഡി.എസ്
തദ്ദേശീയ ജനതയുടെ ഐക്യരാഷ്ട്രസഭ പ്രഖ്യാപനത്തിന്റെ പൊരുൾ
2007 സെപ്റ്റംബർ 13-ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച തദ്ദേശ ജനതയുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ പ്രഖ്യാപനത്തിന്റെ 20-ാം വർഷത്തിൽ ആർട്ടിക്കിൾ 24, 25, 26, 29 പ്രകാരം എല്ലാവിധ സാമൂഹ്യ ആരോഗ്യ സേവനങ്ങളും പരമ്പരാഗതമായി കൈവശം വെച്ചു വരുന്നതോ സ്വന്തമായുള്ളതോ ആയ ഭൂപ്രദേശവും വിഭവങ്ങളും നിലനിർത്താനുള്ള അവകാശം, പരിസ്ഥിതി സംരക്ഷണത്തിനുള്ള അവകാശം, പൈതൃകപരമായ ആചാരങ്ങൾ സംരക്ഷിക്കാനുള്ള അവകാശം എന്നിവയെല്ലാം ആദിവാസി ജനതയ്ക്ക് ഉറപ്പുനൽകുന്നു. ഇതിൽ ഒപ്പുവെച്ച 143 ലോകരാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും. മേൽ ആർട്ടിക്കിൾ ഉറപ്പുനൽകുന്ന അവകാശങ്ങൾ എല്ലാം തന്നെ വനാവകാശനിയമവും ഉറപ്പുനൽകുന്നുണ്ട്. അതുകൊണ്ട് തന്നെ വനാവകാശനിയമത്തിന് ശക്തിയേറും. അത് പെസയിലേയ്ക്കുള്ള ചവിട്ടുപടിയായി തീരും.
വേണം ആദിവാസി വികസന പരിപ്രേക്ഷ്യം
ഭൂവധികാരം, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കൊപ്പം നിയമനിർമാണം, നിർവഹണം അടക്കം സമസ്ത മേഖലകളിലും ആദിവാസികളുടെ സാന്നിദ്ധ്യം ഉറപ്പിക്കാനാവണം. ഇതുവരെ നടത്തിയിട്ടുള്ള ആദിവാസി വികസനം ആദിവാസികളെ ഉദ്ധരിക്കുക, നന്നാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു. അത് പരാജയമായിരുന്നു എന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, ജുഡീഷ്യറി തുടങ്ങി സാമൂഹിക സാമ്പത്തികരംഗത്തെ സമസ്ത മേഖലകളിലും ആദിവാസികൾക്ക് പങ്കാളിത്തവും അധികാരവും ലഭിക്കുന്ന രീതിയിലുള്ള നയസമീപനം വാർത്തെടുക്കണം. അതിനായി വരുന്ന 50 വർഷത്തെ ആദിവാസി വികസന പരിപ്രേക്ഷ്യം ചർച്ചകളിലൂടെ സമാഹരിക്കണം. ഭൂവധികാരത്തെ അഭിസംബോധന ചെയ്യുന്നതിനൊപ്പം, ഊരുകൂട്ടങ്ങൾക്ക് ആസൂത്രണത്തിൽ മുഖ്യപങ്ക് കൊടുക്കുന്നതിലൂടെ ഓരോ ആദിവാസി കുടുംബവും ഓരോ അടിസ്ഥാന ബ്ലോക്ക് എന്ന രീതിയിൽ മൈക്രോ ലെവൽ പ്ലാനിങ്ങും നിർവഹണവും സാധ്യമാക്കണം. അതിനായി ഊരുകൂട്ടങ്ങൾക്കൊപ്പം എഫ്.ആർ.സികളും അണിചേരണം. ഊരുകളിലെ പുതിയ തലമുറ അതിന്റെ അമരക്കാരാവണം. അതിനെ തദ്ദേശീയ സ്ഥാപനങ്ങൾക്ക് നിരീക്ഷിക്കാം. മാറിയ കാലഘട്ടത്തിൽ നിയമങ്ങളും അവകാശങ്ങളും പദ്ധതികളും പഠിക്കുന്നതും പ്രയോഗിക്കുന്നതും സമരമാണ്.
രണ്ട്
പ്രതിരോധത്തിന്റെ വീചികൾ
നവംബർ, ഡിസംബർ മാസങ്ങളിലെ നനുത്ത മഞ്ഞുള്ള രാത്രിയിൽ അട്ടപ്പാടി മലയിടുക്കുകളിൽ തഴുകിയെത്തുന്ന സംഗീതത്തിന് ഒരു പ്രത്യേകതയുണ്ട്. അത് അവരുടെ ജീവവായുവാണ്. പാട്ടി, പാട്ടന്മാർ (മരിച്ചവരെ ദൈവമായി ആരാധിക്കുന്നവരാണ് ആദിവാസികൾ) ഉറങ്ങുന്ന രാത്രിയിൽ ഊരിലെ മൂപ്പന്മാർ ഉണർന്നിരുന്ന് തൃളി എന്ന വാദ്യോപകരണം വായിക്കും. പ്രതിഷേധാഗ്നി ഉള്ളിലൊതുക്കി ഒറ്റശ്വാസത്തിലുള്ള തൃളി വായന ഒന്നു കാണേണ്ടതുതന്നെയാണ്. അതിന്റെ ശീലുകൾ രാവിന്റെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് മലയിടുക്കുകളെ തഴുകി കാടുകളും കാട്ടാറുകളും കടന്ന് മല്ലീശ്വരമുടിയെ തൊട്ട് ശീർവാണിയിലും ഭവാനിയിലും മുങ്ങിത്താഴ്ന്ന് അട്ടപ്പാടിയിലെ 192 ഊരുകളിലും എത്തുന്നുവെന്ന് വിശ്വാസം. ആ ശബ്ദവീചികൾ തഴുകിയ കൃഷിയിടങ്ങളിൽ പൂക്കളും കായ്കളും പാഴായി പതിരായി പോവില്ലെന്നും സമർദമായ വിളവ് ഊരുകാർക്ക് സമ്മാനിക്കുമെന്നും ഐതിഹ്യം. കുഞ്ഞുങ്ങളുടെ കരച്ചിൽ നിലക്കില്ലെന്നും താരാട്ടുപാട്ടുകൾ അന്യമാവില്ലെന്നും പൂക്കളേയും കായ്കളേയും പോലെ ആരോഗ്യത്തോടെയുള്ള കുഞ്ഞിക്കാലുകൾ അട്ടപ്പാടിയുടെ മണ്ണിൽ നൃത്തമാടുമെന്നും തൃളിയുടേയും ബുകിരിയുടേയും ശബ്ദവീചികൾ പറയുന്നു. രാവിന്റെ നിശ്ശബ്ദതയിൽ തൃളി വീചികൾക്കും ഒരു മാസ്മരിക സൗന്ദര്യമുണ്ട്. തൃളി വായിക്കുന്നതിനു പ്രത്യേക പരിശീലനം ആവശ്യമാണ്. പുതു തലമുറയ്ക്ക് തൃളി അന്യമാണ്. കുറച്ചുകൂടി ലളിതമായ മങ്കെയ്, ബുഗിരിപോലുള്ള വാദ്യോപകരണങ്ങളാണ് അവർക്ക് വഴങ്ങുന്നത്.
ഊര് കാക്കും മലകൾ തഴുകിയെത്തുന്ന കൊഗലിന്റേയും ദവിലിന്റേയും തുടിയുടേയും കാതങ്ങൾ താണ്ടിയ ശബ്ദവീചികൾ.
തൃളിയുടേയും ബുകിരിയുടേയും കുഴലിന്റേയും അണപൊട്ടാതെ പെയ്തിറങ്ങുന്ന നാദമഴ. അത് ശ്വാസം വിടാതെ അങ്ങനെ വായിക്കുമ്പോൾ മലയിടുക്കുകളിൽ, മാമരങ്ങളിൽ ഊരിനും ഊരുകാർക്കും കാവലായി മാറിയ ‘നെകിലു’കൾ, ‘ലോക’ങ്ങൾ ഇറങ്ങിവന്ന് നൃത്തമാടുമെന്ന്/ പ്രതിരോധം തീർക്കുമെന്ന് സങ്കല്പം. അവരാണ് ഊരിന്റെ കാവൽഭടന്മാർ.
അവർ പറയുന്നതാണ് നേര്. തൃളിവായന പ്രതിരോധത്തിന്റേയും പ്രതിഷേധത്തിന്റേയും ശബ്ദമാണ്.
ഒറ്റശ്വാസത്തിൽ തൃളിയും ബുകിരിയും കുഴലുമൊക്കെ വായിക്കുന്നതിലൂടെ ആ ശബ്ദലഹരിയിൽ വായിക്കുന്നവന്റെ ശരീരവും ആത്മാവും ‘ജഗദ്ദ’നാട്ടിൽ (മരണാനന്തരം എത്തിപ്പെടുന്ന നാട്) ‘ലോക’ത്തിൽ (മരിച്ച കാരണവന്മാർ) ലയിച്ച് ഒന്നാവുമെന്ന് പാൽകുറുമ്പരുടെ വിശ്വാസം.
വിശേഷപ്പെട്ട വാദ്യോപകരണമാണ് തൃളി.
കാർഷികവേളകളിൽ തുവര, അമര എന്നിവ പൂക്കുന്ന കാലം രാത്രിയുടെ നിശ്ശബ്ദ യാമങ്ങളിൽ തൃളി വായിക്കും. ചെടികളുടെ പൂക്കളും കായ്കളും കൊഴിഞ്ഞുപോകാതെ നല്ല വിളവെടുപ്പ് കിട്ടുവാനായിരുന്നു അത്. തൃളി വായിച്ചാൽ നല്ല വിള കിട്ടുമെന്ന് വിശ്വാസം.
തൃളി, മങ്കെയ്, ബുഗിരി എന്നിവ സമൃദ്ധിയുടെ മറുവാക്കാണ്. സമൃദ്ധമായ വിളവെടുപ്പിനു മാത്രമല്ല, സ്വന്തം ഭൂമിയിലേയ്ക്ക്, ആവാസമേഖലയിലേയ്ക്ക് കടന്നുകയറ്റമുണ്ടായപ്പോൾ ജനിച്ച ഉടനെ കുഞ്ഞുങ്ങളുടെ കരച്ചിൽ നിലച്ചപ്പോൾ അവർ അതിനെതിരെ സ്വയം പ്രതിരോധം തീർത്തത് ഈ വാദ്യോപകരണങ്ങൾ രാത്രിയുടെ യാമങ്ങളിൽ വായിച്ചുകൊണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് ശിശുമരണത്തിനെതിരെ പ്രതിരോധം തീർക്കാൻ ഒരു സിനിമ പ്ലാൻ ചെയ്തപ്പോൾ ഞാൻ അതിന് മങ്കെയ് എന്ന പേര് നൽകിയത്. ആദിവാസി മരണങ്ങൾക്ക് മോക്ഷം ലഭിക്കണമെങ്കിൽ തൃളിയുടെ പരിഷ്കരിച്ച രൂപമായ കൊഗൽ വായിക്കണമെന്ന് വിശ്വാസം... വയനാട്ടിൽ മരിച്ച കാരണവന്മാർ നെകിൽ എന്നാണ് അറിയപ്പെടുന്നത്. വയനാട്ടിലും കണ്ണൂരിലും പണിയരുടെ പ്രതിഷേധത്തിന്റെ ശബ്ദവും ചിഹ്നവുമാണ് തുടി. ചൂരൽമലയിലെ ദുരന്തവുമായി ബന്ധപ്പെട്ട് പ്രവർത്തനത്തിന്റെ ഭാഗമായി പ്രളയം താണ്ഡവമാടിയ ഊരുകൾക്ക് ഒരു കൈസഹായവുമായി തമ്പും പോയിരുന്നു. 3500-ഓളം ആദിവാസി കുടുംബങ്ങൾക്ക് വസ്ത്രങ്ങളും ഭക്ഷ്യധാന്യങ്ങളും വിതരണം നടത്തി. അന്നൊരു രാത്രിയിൽ വേങ്ങപ്പള്ളിയിലെ ദാരപ്പാണ്ണന്റെ കുടിയിൽ താമസിക്കവെ രാത്രിയുടെ വിജനതയിൽ ദാരപ്പാണ്ണൻ മലങ്കാരിയെ വിളിച്ചിറക്കി. പ്രകൃതിയുടെ രൗദ്രതയെപ്പറ്റി ചോദിച്ചു... ഉരുൾ വിഴുങ്ങുന്നതിനെപ്പറ്റി ആരാഞ്ഞു. അതെ, ആദിവാസികൾ എന്നും എന്തിനും ഉത്തരം തേടുന്നത് പ്രകൃതിയോടാണ്. അതാണ് അവരുടെ മതം... അവരുടെ ദൈവം... എല്ലാ ചോദ്യങ്ങൾക്കും പ്രകൃതി അവർക്ക് മറുപടി നൽകുന്നു എന്നാണ് അവരുടെ വിശ്വാസം. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള ഒരു പ്രവൃത്തിയും അവരുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല. കൊഗൽ (കുഴൽ) വേദനയുടെ അല്ലെങ്കിൽ വേർപാടിന്റെ ശബ്ദമാണ്. മരണാനന്തര ചടങ്ങുകൾക്ക് കൊഗൽ വായന നിർബന്ധം.
കൃഷിയിറക്കുന്നത് മുന്നോടിയായി നിലമൊരുക്കുമ്പോഴും വിത്ത് എറിയുമ്പോഴും അകമ്പടിയായി വാദ്യോപകരണങ്ങളുടെ ത്രസിപ്പിക്കുന്ന നാദവിസ്മയത്തിനൊപ്പം അവരുടെ വാമൊഴി പാട്ടുമുണ്ടാകും. പാട്ടിനൊപ്പം നൃത്തച്ചുവടുകൾ. അതിനെയാണ് കമ്പളമടി എന്നു പറയുന്നത്. വിത്ത് എറിയുമ്പോൾ എന്നപോലെ വിളവെടുക്കുമ്പോഴും ഭൂമി പൂജയും കമ്പളവും നിർബന്ധം. അതൊരു ഉത്സവമാണ്. കൃഷി എന്നത് ഇവിടെ ജനകീയ ഉത്സവമായി മാറുന്നു.
ദാ അങ്ങകലെ മലയിടുക്കുകൾ താണ്ടി തൃളിയുടേയും മങ്കെയുടേയും കൊഗലിന്റേയും തുടിയുടേയും സംഗീതം എത്തുകയാണ്. അതിനു പ്രതിഷേധത്തിന്റെ ഘനഗാംഭീര്യമുണ്ട്. പാട്ടനും പാട്ടിയും നെകിലും ഉറങ്ങുന്ന ഈ രാത്രിയിൽ പ്രകൃതി വായ്ത്താരി തീർക്കുകയാണ് നാളെയുടെ ഉയിർത്തെഴുന്നേല്പ്പിനായി. ഇനി ഒരു കുഞ്ഞുപോലും ജീവൻ നഷ്ടപ്പെടാതിരിക്കാൻ... ആദിവാസികൾ അങ്ങനെയാണ്. അവൻ പ്രകൃതിയോടാണ് തന്റെ നോവ് പങ്കുവെയ്ക്കുന്നത്. ഇവിടെ പണിയനെന്നോ കാട്ടുനായ്ക്കനെന്നോ ഇരുളനെന്നോ ഇല്ല. ആദിവാസി മാത്രം. പ്രകൃതിയുടെ കാവൽഭടന്മാർ.
---
(സെന്റർ ഫോർ ട്രൈബൽ എഡ്യൂക്കേഷൻ, ഡെവലപ്മെന്റ് ആന്റ് റിസേർച്ച് (തമ്പ്)) അദ്ധ്യക്ഷനും ഗോത്രഭൂമി മാസികയുടെ പത്രാധിപരുമാണ് ലേഖകൻ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates