ബി അമ്മ സമകാലിക മലയാളം വാരിക
Malayalam Weekly

ബീ അമ്മ: സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച ഉമ്മ

മന്‍സൂര്‍ പള്ളൂര്‍

സ്ത്രീകൾ വീടിന്റെ അകത്തളത്തിൽ മാത്രം ജീവിക്കേണ്ടവരാണോ? പൊതുസമൂഹത്തിൽ സജീവമാകുന്നതിൽനിന്ന് അവരെ എന്തിനു വിലക്കണം? വിശ്വാസവും വേഷവും കുടുംബജീവിതവും പൊതുരംഗത്തിറങ്ങുന്നതിന് തടസ്സമാണോ? അവയൊന്നും ഉപേക്ഷിക്കാതെ സമൂഹത്തിന്റെ ഭാഗധേയം നിർണയിക്കുന്നവരായി മാറാൻ സ്ത്രീകൾക്ക് എന്താണ് തടസ്സം?

കാലം ഏറെ പുരോഗമിച്ചിട്ടും ഇന്ത്യയിൽ ഈ ചോദ്യങ്ങൾ അവസാനിച്ചിട്ടില്ല. ഉത്തരേന്ത്യയിൽ സ്ത്രീകൾക്കെതിരായ മനുവാദ ആശയങ്ങളും മുസ്‌ലിം സ്ത്രീകളുടെ പൊതുസാന്നിധ്യത്തെച്ചൊല്ലി കേരളത്തിൽ അടുത്തിടെ ഉയർന്ന ചർച്ചകളും അതിന്റെ തുടർച്ചയാണ്. മതത്തിന്റേയും പാരമ്പര്യത്തിന്റേയും പേരിൽ സ്ത്രീകളുടെ പൊതുപ്രവർത്തനം നിയന്ത്രിക്കാമോ എന്ന ചോദ്യം ഉയരുമ്പോൾ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുന്നത് പ്രസക്തമാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ മുസ്‌ലിം വനിതകൾ വഹിച്ച പങ്ക് ഏറെ ശ്രദ്ധേയമാണ്. എന്നാൽ, അവരുടെ പോരാട്ടവും ത്യാഗവും ഇന്നും വേണ്ടത്ര ഓർമിക്കപ്പെടുന്നില്ല. 1857-ലെ ലഖ്നൗ കലാപത്തിനു നേതൃത്വം നൽകിയ ബീഗം ഹസ്രത്ത് മഹൽ, കാൺപൂരിൽ വനിതാസേനയെ നയിച്ച അസീസുൻ നിസ, ഖിലാഫത്ത് പ്രസ്ഥാനത്തിൽ സജീവമായ നിശാത്തുന്നിസ ബീഗം; ഇവരെല്ലാം ചരിത്രം അർഹമായ പ്രാധാന്യത്തോടെ അടയാളപ്പെടുത്താത്ത ധീരവനിതകളാണ്.

ആ നിരയിൽ ഏറെ ഉയരത്തിൽ നിൽക്കുന്ന പേരാണ് ബീ അമ്മയുടേത്. അബാദി ബാനോ ബീഗം എന്നായിരുന്നു യഥാർത്ഥ പേര്. ലോകം അവരെ സ്നേഹത്തോടെ ‘ബീ അമ്മ’ എന്നു വിളിച്ചു. ഉത്തർപ്രദേശിലെ അംറോഹയിൽ ജനിച്ച അവരുടെ കുടുംബത്തിന് 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരവുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

ഭർത്താവിന്റെ മരണശേഷം ആറു മക്കളെ വളർത്താനുള്ള ഉത്തരവാദിത്വം അവർ ഒറ്റയ്ക്കേറ്റെടുത്തു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ആഭരണങ്ങൾ പണയംവെച്ച് മക്കൾക്കു മികച്ച വിദ്യാഭ്യാസം നൽകി. അക്കാലത്ത് അവരനുഭവിച്ച പ്രയാസങ്ങളെക്കുറിച്ച് രാജ് മോഹൻ ഗാന്ധിയുടെ Eight lives: A study of Hindu -Muslim encounter എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. പിന്നീട് സ്വാതന്ത്ര്യസമരത്തിന്റെ മുൻനിര നേതാക്കളായി മാറിയ മൗലാന മുഹമ്മദ് അലി ജൗഹറിനേയും മൗലാന ഷൗക്കത്ത് അലിയേയും വളർത്തിയത് അസാധാരണമായ മനക്കരുത്തുള്ള ആ ഉമ്മയായിരുന്നു.

ബി അമ്മയും അലി സഹോദരന്‍മാരും

ഔപചാരിക വിദ്യാഭ്യാസമോ സമ്പത്തോ അധികാരമോ രാഷ്ട്രീയപദവിയോ ബീ അമ്മയ്ക്കുണ്ടായിരുന്നില്ല. മറക്കുള്ളിലായിരുന്നു ആ മുസ്‌ലിം വിധവയുടെ ജീവിതം. എന്നാൽ, ഒരുകാലത്ത് ആയിരങ്ങളുടെ മുന്നിൽ എഴുന്നേറ്റുനിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ച ധീരശബ്ദമായി അവർ മാറി.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അലി സഹോദരന്മാർ എന്ന പേരിൽ പ്രശസ്തരായ സമര സേനാനികളുടെ ഉമ്മ എന്നുമാത്രം പറഞ്ഞാൽ ബീ അമ്മാന്റെ ചരിത്രം പൂർണമാകില്ല. ചില നിമിഷങ്ങളിൽ മക്കളെക്കാൾ ഉയരത്തിലാണ് ചരിത്രം ആ ഉമ്മയെ പ്രതിഷ്ഠിച്ചത്. 1917-ൽ അലി സഹോദരന്മാർ അറസ്റ്റിലായതോടേയാണ് അവർ സജീവമായി പൊതുരംഗത്തിറങ്ങിയത്. ജീവിതകാലം മുഴുവൻ പർദ ആചരിച്ച അവർ ബുർഖ ധരിച്ചുകൊണ്ടുതന്നെ ആയിരങ്ങൾ പങ്കെടുത്ത പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്തു. ഖിലാഫത്ത്‌ നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ ഭാഗമായി ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി ശക്തമായി ശബ്ദിക്കുകയും ചെയ്തു. സ്വതസിദ്ധമായ ശൈലിയിൽ ശക്തമായ പ്രസംഗങ്ങളിലൂടെ ജനങ്ങളിൽ ഐക്യബോധവും ദേശീയബോധവും വളർത്താൻ ബീ അമ്മയ്ക്ക് കഴിഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള സമരത്തിൽ ഒരൊറ്റ ജനതയായാണ് ഹിന്ദുക്കളേയും മുസ്‌ലിങ്ങളേയും അവർ കണ്ടത്.

ജനങ്ങളുടെ വിശ്വാസം നേടുകയും അവരെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്നത് ആ കാലത്ത് എളുപ്പമായിരുന്നില്ല. എന്നാൽ, ഇന്ത്യയുടെ ഉൾഗ്രാമങ്ങളിൽവരെ സഞ്ചരിച്ചുകൊണ്ട് അബാദി ബാനോ ബീഗം ആ ദൗത്യം നിർവഹിച്ചു. 1922-ൽ ബിഹാറിലെ ആറാ, ഗയ, മുൻഗേർ, പട്ന തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സഞ്ചരിച്ച അവർ മസ്ഹറുൽ ഹഖ്, ഡോ. മഹ്മൂദ്, അബ്ദുൽ ഹക്കീം വക്കീൽ തുടങ്ങി പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളോടൊപ്പം പൊതുയോഗങ്ങളിൽ പങ്കെടുത്തു. “ഹിന്ദുക്കളും മുസ്‌ലിങ്ങളും ഇന്ത്യയുടെ രണ്ട് കണ്ണുകളാണ്” എന്ന അവരുടെ വാക്കുകൾ ചരിത്രരേഖകളിൽ ഇന്നും ജ്വലിച്ചുനിൽക്കുന്നു.

മുഹമ്മദ് അലി ജൗഹര്‍

ചെറുപ്പത്തിൽ വിധവയായ ബീ അമ്മ ജീവിതത്തിന്റെ കഷ്ടപ്പാടുകൾ നേരത്തെ അറിഞ്ഞിരുന്നു. മക്കൾ ദേശീയ പ്രസ്ഥാനത്തിലിറങ്ങിയപ്പോൾ ഏതൊരു ഉമ്മയ്ക്കുമുണ്ടാകുന്ന ഭയം അവർക്കുമുണ്ടായിരിക്കണം. ജയിലും പീഡനങ്ങളും അനിശ്ചിതത്വങ്ങളും മുന്നിലുണ്ടായിരുന്നിട്ടും സുരക്ഷിതരായി വീട്ടിലിരിക്കണമെന്ന് അവർ മക്കളോട് പറഞ്ഞില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാനാണ് ആവശ്യപ്പെട്ടത്. അതായിരുന്നു ബീ അമ്മയുടെ മാതൃത്വത്തിന്റെ കരുത്ത്.

അലി സഹോദരന്മാർ ജയിലിലായപ്പോൾ അവർ പൊതുയോഗങ്ങളിൽ ഉയർത്തിയ ചോദ്യം ശ്രദ്ധേയമായിരുന്നു: “എന്റെ മക്കൾ ജയിലിൽ പോയിട്ടുണ്ടെങ്കിൽ അവർ അവരുടെ കടമ നിർവഹിക്കുകയാണ് ചെയ്തത്. എന്റെ മക്കൾ എന്തു ചെയ്തു എന്നതല്ല ചോദ്യം; ഇനി നിങ്ങളുടെ മക്കൾ എന്തുചെയ്യും എന്നതാണ്.”

സ്വന്തം വേദനയ്ക്ക് സഹതാപം തേടാതെ അതിനെ ഒരു രാജ്യത്തിന്റെ ധാർമിക ചോദ്യമാക്കി മാറ്റുകയായിരുന്നു അവർ. സോഷ്യൽ മീഡിയയും ടെലിവിഷനും ഇല്ലാതിരുന്ന കാലത്തും ബീ അമ്മയുടെ പ്രസംഗങ്ങൾ നഗരങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കും വീടുകളുടെ അകത്തളങ്ങളിലേക്കും എത്തി. “അവർക്കാകുമെങ്കിൽ നമുക്കെന്തുകൊണ്ട് കഴിയില്ല?” എന്ന ചോദ്യം അനേകം സ്ത്രീകളുടെ മനസ്സിൽ ഉയർന്നു.

പ്രസ്ഥാനത്തിനുവേണ്ടി അവർ സ്വന്തം വളകളും മാലകളും കമ്മലുകളും അഴിച്ചു നൽകി. അക്കാലത്ത് സ്ത്രീകൾക്ക് ആഭരണം അലങ്കാരം മാത്രമായിരുന്നില്ല, അവരുടെ സാമ്പത്തിക സുരക്ഷ കൂടിയായിരുന്നു. അതിനാൽ ബീ അമ്മ കൈമാറിയത് വെറും പണമല്ല, സ്വന്തം സുരക്ഷയുടെ അവസാന കരുതലായിരുന്നു. അവരുടെ മാതൃകയിൽ പ്രചോദിതരായി നിരവധി സ്ത്രീകൾ ആഭരണങ്ങൾ സംഭാവന ചെയ്യുകയും മക്കളെ സമരത്തിലേക്ക് അയയ്ക്കുകയും പൊതുയോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

ഫെമിനിസത്തിന്റെ സൈദ്ധാന്തിക ഭാഷയിലായിരുന്നില്ല ബീ അമ്മ സംസാരിച്ചത്. അവർ മാനിഫെസ്റ്റോകൾ എഴുതിയില്ല. സ്നേഹം, നീതി, ഉത്തരവാദിത്വം, കടമ എന്നിവയെക്കുറിച്ചാണ് സംസാരിച്ചത്. ഒരു സ്ത്രീക്ക് പൊതുരംഗത്തിറങ്ങാൻ മറ്റൊരാളായി മാറേണ്ടതില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ അവർ തെളിയിച്ചു. അമ്മയെന്ന ഉത്തരവാദിത്വവും വിശ്വാസവും സാംസ്കാരികസ്വത്വവും നിലനിർത്തിക്കൊണ്ടുതന്നെ സാമൂഹിക-രാഷ്ട്രീയരംഗങ്ങളിൽ സജീവമാകാമെന്നു കാണിച്ചുതന്നു.

മാതൃത്വത്തെ അവർ വീടിന്റെ ചുമരുകൾക്കുള്ളിൽ ഒതുക്കിയില്ല. സ്വന്തം മക്കളെ കരുതുന്നതുപോലെ രാജ്യത്ത് അനീതിക്കിരയായവരേയും ചേർത്തുപിടിക്കുന്ന വിശാലമായ സ്നേഹമായി അതിനെ വളർത്തി. വിശ്വാസത്തെ സ്വകാര്യമായ പ്രാർത്ഥനയിൽ മാത്രം ഒതുക്കാതെ അനീതിക്കു മുന്നിൽ തലകുനിക്കാതിരിക്കാനുള്ള ധാർമിക കരുത്താക്കി മാറ്റി. അതുകൊണ്ടുതന്നെ അവരുടെ സ്വാധീനം മുസ്‌ലിം സ്ത്രീകളിൽ ഒതുങ്ങിയില്ല. ഹിന്ദു-സിഖ് സ്ത്രീകൾക്കും അവർ സമരത്തിലെ സഹോദരിയും മാതൃകയുമായി. മഹാത്മഗാന്ധി അവരെ ‘അമ്മീജാൻ’ (എന്റെ അമ്മ) എന്നായിരുന്നു വിളിച്ചത്. ഗാന്ധിത്തൊപ്പിയുടെ രൂപകല്പനയ്ക്ക് പിന്നിലും ബീ അമ്മയായിരുന്നു. ഖാദിയിൽ സ്വന്തം കൈകൊണ്ട് തുന്നിയ തൊപ്പി വാത്സല്യപൂർവം ഗാന്ധിജിയുടെ ശിരസ്സിൽ ആദ്യമായി അണിയിച്ചതും ബീ അമ്മയാണ്. ബുർഖ ധരിച്ചുകൊണ്ടുള്ള ബീ അമ്മയുടെ പൊതുപ്രവർത്തനത്തോട് കോൺഗ്രസ്സിലെ ചിലർക്കും മുസ്‌ലിം സമുദായത്തിലെ ചിലർക്കും ആ കാലത്ത് ഒരുപോലെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. എന്നാൽ, അവരുടെ വസ്ത്രധാരണസ്വാതന്ത്ര്യത്തെ ഗാന്ധിജി ശക്തമായി പിന്തുണച്ചു.

ഒരു നൂറ്റാണ്ടിനുശേഷവും സ്ത്രീകൾക്ക് പൊതുരംഗത്തിറങ്ങാമോ, മതവിശ്വാസിയായ സ്ത്രീക്ക് രാഷ്ട്രീയത്തിൽ ഇടപെടാമോ, അവരുടെ സാമൂഹിക ഇടപെടലുകളുടെ അതിരുകൾ ആരാണ് നിശ്ചയിക്കേണ്ടത് തുടങ്ങിയ ചോദ്യങ്ങൾ നമ്മൾ ചർച്ച ചെയ്യുകയാണ്. അതുകൊണ്ടുതന്നെ ബീ അമ്മയുടെ ചരിത്രം സമകാലീന ഇന്ത്യയിൽ ഏറെ പ്രസക്തമാകുന്നു.

ഒരു നൂറ്റാണ്ടു മുന്‍പ് ഒരു ഇന്ത്യൻ മുസ്‌ലിം ഉമ്മയ്ക്ക് ആയിരങ്ങളുടെ മുന്നിൽനിന്ന് ഒരു സാമ്രാജ്യത്തെ വെല്ലുവിളിക്കാൻ കഴിഞ്ഞെങ്കിൽ, 21-ാം നൂറ്റാണ്ടിലെ സ്ത്രീയോട് മിണ്ടാതിരിക്കാൻ പറയാൻ ചരിത്രത്തിന്റെ ഏത് ന്യായമാണ് നമുക്കുള്ളത്?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

ജിദ്ദയിൽ ഇറങ്ങിയ ഫിലോമിന എവിടെ? ആശങ്കയിൽ വയനാട്ടിലെ കുടുംബം

ഫ്രിഡ്ജുകളുടെ താപനില ഉയര്‍ത്തി ഹാക്കിങ്; ഫ്രാന്‍സിലെ സൈബര്‍ ആക്രമണത്തില്‍ യുഎഇയിലും മുന്നറിയിപ്പ്

'കൊച്ചിയിലെ ഫുഡ് ഡെലിവറി ജീവനക്കാരില്‍ ഭൂരിഭാഗവും ബിരുദധാരികള്‍; 39 ശതമാനവും 25 വയസ്സിന് താഴെയുള്ളവര്‍'

ഡ്യുവല്‍ സിഎന്‍ജി സിലിണ്ടര്‍; മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ നാളെ വിപണിയില്‍