Pinarayi Vijayan and Rajendra Arlekar|Analysing Pinarayi Vijayan’s Approach and Responses towards the Sangh Parivar  സമകാലിക മലയാളം വാരിക
Malayalam Weekly

ഹിന്ദുത്വത്തോട് പിണറായിക്കു മൃദുസ്മിതമോ?

പിണറായി വിജയൻ സംഘപരിവാറിനോട് മൃദുസമീപനം സ്വീകരിക്കുന്നു എന്ന പ്രചാരണത്തോടു യോജിച്ചുപോകുന്ന വിധമാണോ അദ്ദേഹത്തിന്റെ നിലപാടുകളും പ്രതികരണങ്ങളും?

പി.എസ്. റംഷാദ്

രാജ്യം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലത്തെ ഓരോ വാക്കിലും രേഖപ്പെടുത്താൻ ശ്രമിച്ചാൽ സി.പി.എം പി.ബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ സാന്നിധ്യം ഏതുവിധമാകും അതിൽ പ്രതിഫലിക്കുന്നത്? ഏതു രാഷ്ട്രീയ നേതാവിന്റേയും പ്രവർത്തകരുടേയും കാര്യത്തിലും നേതാവോ അനുയായിയോ അല്ലാത്തവരുടെ കാര്യത്തിലും ചോദിക്കാൻ കഴിയുന്നതുതന്നെയാണ് ഇത്. എന്നാൽ, കേരളത്തിൽ കഴിഞ്ഞ 10 വർഷമായി ഏറ്റവും കനമുള്ള വാക്കുകളുടെ ഉടമയാണ് പിണറായി. രാജ്യം കൂടുതൽ ശ്രദ്ധിക്കുന്ന ഭരണാധികാരികളിലും നേതാക്കളിലുമൊരാൾ. അദ്ദേഹത്തിന്റെ ആകെ രാഷ്ട്രീയ ജീവിതത്തിന്റെ ആറിലൊന്ന് മാത്രമാണ് ഈ 10 വർഷം. പക്ഷേ, 50 വർഷക്കാലത്തിലധികം രാഷ്ട്രീയമായി നടത്തിയ ചെറുതും വലുതുമായ മുഴുവൻ ഇടപെടലുകളുമാണ് കഴിഞ്ഞ 10 വർഷക്കാലത്തെ പിണറായി വിജയനിലേയ്ക്കുള്ള രാഷ്ട്രീയ നിക്ഷേപം. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായിരുന്ന 16 വർഷം ഉൾപ്പെടുന്ന പൊതുജീവിതത്തിൽ വർഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്തു നിന്നുകൊണ്ടല്ലാത്ത ഒരു വാക്കും പിണറായി വിജയനിൽനിന്നു കേട്ടതായി രാഷ്ട്രീയ എതിരാളികൾപോലും പറയില്ല. വാക്കുകൊണ്ടു മാത്രമല്ല, പ്രവൃത്തികൊണ്ടും അങ്ങനെ തന്നെ. എന്നിട്ടും സംഘപരിവാറിനോട്, ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തോട്, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനോട് മയമാണ് പിണറായിയുടെ നയം എന്നു വന്നിരിക്കുന്നു. ആ മൃദുഹിന്ദുത്വ നയത്തിലേക്ക് പാർട്ടിയെക്കൂടി കൊണ്ടുപോകുന്നു എന്നുമുണ്ട് പഴി. സമൂഹമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും ഇത് ഇടവേളകളില്ലാതെ പറയാനും എഴുതാനും ആരൊക്കെയോ ആരെയൊക്കെയോ ചുമതലപ്പെടുത്തിയ മട്ടാണ്. കിട്ടുന്ന വേദികളിലും സന്ദർഭങ്ങളിലുമെല്ലാം അല്ലെങ്കിൽ വേദികളും സന്ദർഭങ്ങളുമുണ്ടാക്കി യു.ഡി.എഫ് ഒന്നാകെയും കോൺഗ്രസ്സും മുസ്‌ലിം ലീഗും പ്രത്യേകിച്ചും ഇതു പറയുന്നു. സി.പി.എമ്മിനും പിണറായിക്കും എതിരായ ജമാഅത്തെ ഇസ്‌ലാമിയുടേയും എസ്.ഡി.പി.ഐയുടേയും ക്യാംപെയ്‌ന്റെ മുഖ്യ ഉന്നം തന്നെ ഇതായി മാറുന്നു. ഒത്തുതീർപ്പ് രാഷ്ട്രീയം എന്ന കാലങ്ങളായുള്ള പരസ്പര വിമർശനത്തിനുമപ്പുറത്തേയ്ക്കു കൊണ്ടുപോയി ഈ ആക്ഷേപം രാഷ്ട്രീയ വിമർശനത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നു.

ഇപ്പോൾ പെട്ടെന്നു തുടങ്ങിയതല്ല, 2016-ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാർ വന്നതു മുതലുണ്ട് ഈ പ്രചാരണം. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ ചെയ്ത അഭിമുഖത്തിൽ ഞങ്ങൾ ഇതിനെക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചിരുന്നു. അന്നേ ആ വിമർശനം കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിലുണ്ട് എന്നതിനൊരു ചരിത്രരേഖയായിത്തന്നെ ആ ചോദ്യവും മറുപടിയും മാറുകയും ചെയ്തു.

എൽ.ഡി.എഫ് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന ഭൂരിപക്ഷ സാമുദായിക ശക്തികളുടെ ആരോപണം മുന്‍പേ ഉണ്ട്. മറുവശത്ത്, മൃദുഹിന്ദുത്വ സമീപനമാണ് എന്ന ആരോപണം ന്യൂനപക്ഷ സാമുദായിക സംഘടനകൾ ഇപ്പോൾ ഉന്നയിക്കുകയും ചെയ്യുന്നു. എന്താണ് പ്രതികരണം?

വിശദമായിരുന്നു മറുപടി: “മൃദുഹിന്ദുത്വ സമീപനം എൽ.ഡി.എഫ് സർക്കാരിനുണ്ട് എന്നു പറയുന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ്. അതിനേപ്പറ്റി നമ്മൾ വല്ലാതെ ഉല്‍ക്കണ്ഠപ്പെടേണ്ട കാര്യമില്ല. കാരണം, കേരളത്തിലെ ഇടതുപക്ഷത്തിന്റേയും ഇടതുപക്ഷ മുന്നണിയുടേയും നിലപാട് എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്കെല്ലാം അറിയാം. അത് സുവ്യക്തമാണ്. കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം, കേരളത്തിലെ അന്തരീക്ഷത്തിൽ പരമ്പരാഗത രീതികളിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണ് എന്നതാണ്. ഇടതുപക്ഷത്തിന്റെ പൊതുവായ നില എടുത്താൽ ന്യൂനപക്ഷങ്ങളിൽ ഇടതുപക്ഷ സ്വാധീനം അത്രയധികം ഉണ്ടായിരുന്നില്ല. കുറേ മുന്‍പുള്ള കഥയാണിത്. എന്നാൽ, കുറേക്കാലമായി ഇതിനു മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷത്തേക്ക് ന്യൂനപക്ഷങ്ങൾ നല്ലതുപോലെ ആകർഷിക്കപ്പെടുന്ന ഒരു നില കുറേക്കാലമായി ഉണ്ട്. ഇതിന് ഇപ്പോൾ വേഗത കൂടിയിരിക്കുകയാണ്. മാത്രമല്ല, ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ സംഘടിത പാർട്ടി എന്ന് അവകാശപ്പെടുന്നവരുടെ സംഘടനാക്കരുത്തങ്ങ് ചോർന്നുപൊയ്ക്കൊണ്ടിരിക്കുന്നു. അത് അവർക്കുതന്നെ നേരിട്ട് അറിയാം. വല്ലാതെ തകർച്ച അവരെ ബാധിക്കുന്നുണ്ട് എന്ന്. ആ തകർച്ച ആളുകൾ ഇടതുപക്ഷത്തേയ്ക്ക് കൂടുതൽ ചായുന്നതിന്റെ ഭാഗമായി കാണുന്നതാണ്. ഇടതുപക്ഷത്തോടുള്ള ഒരു ആഭിമുഖ്യം വളർന്നുവരുന്നു. ഇത് ന്യൂനപക്ഷങ്ങളിൽ ഉണ്ടാകുന്ന ഒരു പ്രത്യേകതയാണ്. ഈയൊരു സ്ഥിതി കേരളത്തിൽ നിലനിൽക്കുന്നു. ഇതിനെ നേരിടാനുള്ള ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ് എൽ.ഡി.എഫ് ഗവൺമെന്റ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു എന്നത്. ഞങ്ങൾക്ക് അതിൽ ഒട്ടും വേവലാതി ഇല്ല. കാരണം, ഈ ഗവൺമെന്റ് അത്തരമൊരു സമീപനം സ്വീകരിക്കുന്നുവെന്ന് പറഞ്ഞാൽ അതിൽ ആരും വീഴാൻ പോകുന്നില്ല. അത്തരം നടപടികൾ ഈ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഇല്ല എന്ന് എല്ലാവർക്കും അറിയാം. വർഗീയ നിലപാടുകൾക്കെതിരെ ശക്തമായ നടപടി എല്ലാക്കാലത്തും സ്വീകരിക്കുന്നവരാണ് ഞങ്ങളെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ ആ പ്രചാരണത്തിൽ ഞങ്ങൾ വലിയ ഉല്‍ക്കണ്ഠ കാണിക്കുന്നില്ല. മറ്റൊന്ന്, ചില പ്രശ്നങ്ങൾ വരുമ്പോൾ ചില നിയമനടപടികൾ വരും. അത് നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതിന്റെ ഭാഗമായിട്ടുള്ള കാര്യമാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകുമ്പോഴും നമ്മുടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉണ്ടാകുന്നതുപോലെ ഇതൊരു ന്യൂനപക്ഷ വിഭാഗമാണ് എന്ന് കണ്ടുകൊണ്ട് അവർക്കെതിരെ നിലപാടെടുക്കുന്ന പൊലീസ് രീതിയൊന്നും ഇവിടെ സമ്മതിക്കില്ല. അതൊന്നും ഇവിടെ അനുവദിക്കില്ല. എന്നാൽ, നിയമപരമായി നടപടികൾ സ്വീകരിക്കേണ്ട കാര്യങ്ങൾക്ക് സ്വാഭാവികമായും നിയമനടപടികൾ സ്വീകരിക്കും. അതിൽ ഞങ്ങൾ ഇടപെടുകയുമില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. മറ്റേതെങ്കിലും സംസ്ഥാനത്തു നടക്കുന്നതുപോലെ - നമുക്കു ചൂണ്ടിക്കാണിക്കാൻ ഒട്ടേറെ ഉദാഹരണങ്ങൾ രാജ്യത്ത് പലയിടത്തുമുണ്ട് - അത്തരത്തിലുള്ള ഒരു ന്യൂനപക്ഷ വിരോധപരമായ സമീപനം ഏതെങ്കിലും ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥർക്കോ പൊലീസിനോ നമ്മുടെ കേരളത്തിൽ സ്വീകരിക്കാൻ കഴിയില്ല. അത് എൽ.ഡി.എഫ് ഗവൺമെന്റ് അംഗീകരിക്കുകയുമില്ല'.”

എന്നാൽ, ആക്ഷേപം പിന്നീടും തുടർന്നു, ഇപ്പോഴും തുടരുന്നു. അത് അന്നത്തെക്കാൾ രൂക്ഷമാവുകയും ചെയ്തിരിക്കുന്നു. എന്താണ് വസ്തുത? ഈ പറയുന്ന മൃദുഹിന്ദുത്വ സമീപനം വാക്കിലും നിലപാടുകളിലുമുണ്ടോ? 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്രചാരണത്തിനു നേതൃത്വം നൽകി അമിത് ഷായെ പേരെടുത്തു പറഞ്ഞു നടത്തിയ പരാമർശങ്ങൾ മുതൽ മറ്റത്തൂരിലെ കോൺഗ്രസ് ജനപ്രതിനിധികളെ ബി.ജെ.പി സ്വന്തം പക്ഷത്താക്കിയതിനോടുവരെ പറഞ്ഞതിൽ പ്രധാനപ്പെട്ട ചിലതു പരിശോധിക്കാനാണ് ശ്രമിക്കുന്നത്. ഓരോ വിഷയങ്ങളിലും പിണറായി നടത്തിയ പ്രതികരണങ്ങൾ മാത്രം വയ്ക്കുന്നു; വ്യാഖ്യാനങ്ങളില്ലാതെ.

പിണറായി വിജയന്‍ നവകേരളയാത്രയ്ക്കിടെ

അമിത് ഷായ്ക്കെതിരെ

2021 മാർച്ച് ഏഴിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ കേരളയാത്ര സമാപനം ശംഖുമുഖത്ത് ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നയിച്ച ആരോപണങ്ങൾക്ക് പിണറായി വിജയൻ മറുപടി പറഞ്ഞത് പിറ്റേന്ന് ധർമടം മണ്ഡലത്തിലെ പ്രചാരണ പൊതുസമ്മേളനത്തിലാണ്. അമിത് ഷാ വർഗീയതയുടെ ആൾരൂപമാണ് എന്നു പറഞ്ഞത് ആ പ്രസംഗത്തിലാണ്. ദേശീയ മാധ്യമങ്ങളും അത് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. “എന്നോടു കുറേ ചോദ്യങ്ങൾ ചോദിച്ചു. ഞാനേതായാലും ഏതെങ്കിലും തട്ടിക്കൊണ്ടുപോകലിന്റെ ഭാഗമായി ജയിലിൽ കിടന്നിട്ടില്ല. കൊലപാതകം, അപഹരണം, നിയമവിരുദ്ധ പിന്തുടരൽ, തുടരൽ തുടങ്ങിയ ഗുരുതര കേസുകൾ നേരിട്ടത് നിങ്ങളാണ്. അതൊന്നും ആരെങ്കിലും കെട്ടിച്ചമച്ചതായിരുന്നില്ല. സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കൊലപാതകം ആസൂത്രണം ചെയ്തതിനു കുറ്റം ചുമത്തപ്പെട്ട ആളാണ് അമിത് ഷാ. ആ കേസ് കേൾക്കാനിരുന്ന ജസ്റ്റിസ് ലോധ ദുരൂഹ സാഹചര്യത്തിൽ മരിച്ചല്ലോ. ഒറ്റ വർഷംകൊണ്ട് 10000 മടങ്ങായി സ്വന്തം വരുമാനം വർദ്ധിപ്പിച്ച് ‘അഛാദിൻ’ സൃഷ്ടിച്ചത് ഓർമയില്ലേ. അതു നിങ്ങളുടെ സംസ്കാരം. പിണറായി വിജയനെ ഈ നാട്ടുകാർക്കറിയാം. നിങ്ങളുടെ സംസ്കാരം വെച്ച് മറ്റുള്ളവരെ അളക്കരുത്. ഇതു നാടു വേറെയാണ്. നിങ്ങളുടെ രീതികൾ ഇവിടെ ചെലവാകുമെന്നു കരുതരുത്.”

അമിത് ഷായോടു തിരിച്ച് ആറു ചോദ്യങ്ങളും അന്ന് പിണറായി ചോദിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടു കേരളത്തിൽ ഉണ്ടായ ഒരു ദുരൂഹമരണത്തെക്കുറിച്ച് അമിത് ഷാ ശംഖുമുഖത്ത് പറഞ്ഞിരുന്നു. കേരളത്തിൽ ഒരുതരത്തിലുള്ള ചർച്ചയും വാർത്തയും ഉണ്ടായിട്ടില്ലാത്ത ആ മരണത്തെക്കുറിച്ചുള്ള പരാമർശവും ദുരൂഹമായിത്തന്നെ തുടർന്നു.

പിന്നീട്, മാർച്ച് 27-ന് കൊല്ലത്തുവെച്ച് വീണ്ടും അമിത് ഷായോടു ചോദ്യങ്ങൾ ഉന്നയിച്ച പിണറായി ആ മരണത്തെക്കുറിച്ചും ചോദിച്ചു. “കഴിഞ്ഞ തവണ വന്നപ്പോൾ അദ്ദേഹം ഒരു മരണത്തെക്കുറിച്ചു പറയുന്നുണ്ടായിരുന്നു. ഇപ്പോൾ അതേക്കുറിച്ചു മിണ്ടാട്ടമില്ല. കേന്ദ്ര അന്വേഷണ ഏജൻസികളെ നിയന്ത്രിക്കുന്ന ആൾ എന്ന നിലയിലാണ് ചോദിക്കുന്നത്.”

അതിന്റെ തുടർച്ചയായി ഈ ചോദ്യങ്ങളുമുണ്ടായി: “കസ്റ്റംസ് ആഭ്യന്തര വകുപ്പിനു കീഴിലുള്ള ഏജൻസിയല്ലെങ്കിലും കേന്ദ്രത്തിന്റേതാണല്ലോ. സ്വർണം അയച്ച ആളെ കഴിഞ്ഞ ഒന്‍പതു മാസമായി പിടികൂടിയോ? കള്ളക്കടത്ത് സ്വർണം ആര്, എന്തിന് ഉപയോഗിച്ചു? അത് അന്വേഷണത്തിൽ കണ്ടെത്തിയോ? സ്വർണം എത്തിയത് ആർ.എസ്.എസ് ബന്ധമുള്ളവരിലേക്കാണോ? യു.എ.പി.എ ചുമത്തിയിട്ടും പ്രതികൾക്ക് വേഗത്തിൽ ജാമ്യം കിട്ടിയത് എന്തുകൊണ്ട്? സ്വർണക്കടത്തുമായി കേന്ദ്ര സഹമന്ത്രിക്കു ബന്ധമുണ്ടോ? ഡിപ്ലോമാറ്റിക് ബാഗേജിലൂടെയാണ് സ്വർണം കടത്തിയതെന്ന് അന്വേഷണ ഏജൻസികളും കേന്ദ്ര സർക്കാരും പറഞ്ഞിട്ടും അങ്ങനെയല്ലെന്ന് വിദേശകാര്യ സഹമന്ത്രി പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിരുന്നോ? പ്രതികളെ രക്ഷിക്കാനായിരുന്നില്ല ഈ വാദം എന്ന് അങ്ങേയ്ക്കു പറയാനാകുമോ? സ്വർണക്കടത്ത് പ്രതികളെ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിൽ നിയമിച്ചത് ആര്? അത്തരക്കാരെ സംരക്ഷിച്ചത് ആര്?


മറ്റത്തൂർ കാര്യം

2025 ഡിസംബർ 28: തൃശൂർ ജില്ലയിലെ മറ്റത്തൂർ ഗ്രാമ പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജയിച്ച എട്ട് കോൺഗ്രസ് അംഗങ്ങളും ബി.ജെ.പിക്ക് പിന്തുണ നൽകിയതിനെക്കുറിച്ച്: “ഒറ്റച്ചാട്ടത്തിന് ബി.ജെ.പിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബി.ജെ.പി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ട് കോൺഗ്രസ്സംഗങ്ങൾ മാത്രമേ അവിടെ യു.ഡി.എഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബി.ജെ.പി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്.

2016-ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള 44 കോൺഗ്രസ് എം.എൽ.എമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എൻ.ഡി.എയിലേക്ക് ചാടിയിരുന്നു. ഒരു എം.എൽ.എ പോലുമില്ലാതിരുന്ന പുതുച്ചേരിയിൽ കോൺഗ്രസ് അംഗങ്ങളെ ചാക്കിട്ട് 2021-ൽ ബി.ജെ.പി അധികാരം പിടിച്ചു. 2019-ൽ ഗോവയിലെ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി ഒന്നടങ്കം ബി.ജെ.പിയിൽ ലയിച്ചു. അതിന്റെയെല്ലാം കേരള മോഡൽ ആണ് മറ്റത്തൂരിലേത്. ആ പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയോടൊപ്പം പോയത്. അതവർ തുറന്നു പറയുന്നുമുണ്ട്.

ഇപ്പോൾ കോൺഗ്രസ്സിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബി.ജെ.പി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ല. ബി.ജെ.പിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകും എന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പാക്കിയത്. സംസ്ഥാനത്ത് പലേടത്തും ബി.ജെ.പി - കോൺഗ്രസ് അഡ്ജസ്റ്റ്‌മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തമാണ്. അതവർ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വിൽക്കാനുള്ള കോൺഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബി.ജെ.പിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്.

എല്ലാ ജനവിഭാഗങ്ങളേയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവൽക്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോൺഗ്രസ്സിന്റെ കുടില തന്ത്രങ്ങൾ ഞങ്ങൾ നേരത്തെ തുറന്നുകാട്ടിയതാണ്. മറ്റത്തൂർ മോഡൽ അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ്.”

അയ്യപ്പസംഗമത്തില്‍ പിണറായി വിജയന്‍

മഹാരാഷ്ട്ര മന്ത്രി മുതൽ ഗണഗീതം വരെ

2024 ഡിസംബർ 31: കേരളം മിനി പാകിസ്താനാണ് എന്നു പറഞ്ഞ മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി നിതേഷ് റാണയ്ക്കു മറുപടി: “സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിൽ വെളിവാക്കപ്പെടുന്നത്. തങ്ങൾക്ക് സ്വാധീനമുറപ്പിക്കാൻ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവൽക്കരിച്ചും വിദ്വേഷ പ്രചാരണങ്ങൾ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാർ കരുതുന്നത്. വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാൻ അർഹനല്ല. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണ്.”

2025 ഡിസംബർ 19: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചില രാഷ്ട്രീയ സിനിമകൾക്ക് കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ചതിനെക്കുറിച്ച്: “ജനാധിപത്യ വിരുദ്ധമായ ഏത് ഫാസിസ്റ്റ് നടപടിയേയും ചെറുത്തുകൊണ്ട് ഐ.എഫ്.എഫ്.കെ ഇവിടെ തന്നെ ഉണ്ടാകും. 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച യൂണിയൻ സർക്കാർ നടപടി അംഗീകരിക്കാനാവില്ല. രാജ്യത്ത് ഭിന്നസ്വരങ്ങളേയും വൈവിധ്യമാർന്ന സർഗാവിഷ്കാരങ്ങളേയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലച്ചിത്രമേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പ്. ഇത്തരത്തിലുള്ള കത്രികവെക്കലുകൾക്ക് പ്രബുദ്ധകേരളം വഴങ്ങില്ല. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും.”

2025 ഡിസംബർ 18: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(MGNREGS)യുടെ പേരും ഘടനയും മാറ്റാനുള്ള യൂണിയൻ സർക്കാർ തീരുമാനത്തെക്കുറിച്ച്: “സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും എത്രത്തോളം വിദ്വേഷമുണ്ടെന്ന് ഈ പേരുമാറ്റത്തിലൂടെ വ്യക്തമാണ്. VB-G RAM G അഥവാ Viksit Bharat - Guarantee for Rozgar and Ajeevika Mission (Grameen) എന്നാണ് യൂണിയൻ സർക്കാർ രൂപം നൽകിയ പുതിയ ബില്ലിലൂടെ തൊഴിലുറപ്പ് പദ്ധതിയെ പുനർനാമകരണം ചെയ്തിരിക്കുന്നത്.

എന്നാൽ, സർക്കാർ രൂപം കൊടുത്ത ബില്ലിലൂടെ കേവലം പേരുമാറ്റം മാത്രമല്ല ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളെപ്പോലും തുരങ്കം വെയ്ക്കുന്ന തീരുമാനമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. പാവങ്ങളുടെ അത്താണിയായ തൊഴിലുറപ്പ് പദ്ധതിയെ എല്ലാ തരത്തിലും നിർവീര്യമാക്കാനാണ് യൂണിയൻ സർക്കാരിന്റെ ശ്രമം. സംസ്ഥാനങ്ങൾക്കുമേൽ കൂടുതൽ സാമ്പത്തിക ഭാരം അടിച്ചേല്പിക്കുന്ന പുതിയ നിയമനിർമാണത്തിൽനിന്നും യൂണിയൻ സർക്കാർ പിൻവാങ്ങണം.”

2025 നവംബർ 26 ഭരണഘടനാ ദിനത്തിലെ പ്രസ്താവന: “ഇന്ന് നമ്മുടെ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ ബഹുമുഖമാണ്. മതനിരപേക്ഷത, ഫെഡറലിസം തുടങ്ങിയ അടിസ്ഥാന ശിലകൾ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. പൗരത്വത്തിന് മതം മാനദണ്ഡമാവുന്ന, ചരിത്രം വളച്ചൊടിക്കപ്പെടുന്ന, ശാസ്ത്രബോധത്തിനു പകരം അന്ധവിശ്വാസം വളർത്തപ്പെടുന്ന, മതസൗഹാർദത്തെ വർഗീയതകൊണ്ട് തകർക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണത്തിന്റെ പ്രസക്തിയേറുകയാണ്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നതും ഈ ശ്രമങ്ങളുടെ ഉദാഹരണങ്ങളാണ്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകളെ സമ്മർദത്തിലാക്കാൻ ഉന്നതപദവികൾ ദുരുപയോഗം ചെയ്യുന്നതും ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതുമായ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നു. അതുകൊണ്ട് ഈ ദിനം വെറുമൊരു ഓർമപുതുക്കലല്ല. ജനങ്ങൾ ജനങ്ങൾക്കായി നിർമിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ജനങ്ങളിൽത്തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്.”

2025 നവംബർ 8: എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെക്കുറിച്ച്: “ദക്ഷിണ റെയിൽവേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അപരമത വിദ്വേഷവും വർഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർ.എസ്.എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്ത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെപ്പോലും തങ്ങളുടെ വർഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ദേശഭക്തിഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണ റെയിൽവേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തത്. സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായി വർത്തിച്ച റെയിൽവേയാണ് ഇന്നിപ്പോൾ സ്വാതന്ത്ര്യസമരത്തെ ഒറ്റിയ ആർ.എസ്.എസ്സിന്റെ വർഗീയ അജണ്ടയ്ക്കു കുടപിടിക്കുന്നത്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചുകടത്തലാണ് വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ കണ്ടത്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് മതനിരപേക്ഷതയെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസ്സാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ട് മുഴുവൻ ജനങ്ങളുടേയും പ്രതിഷേധമുയരണം.”

ഷൂ ഏറിന്റെ രാഷ്ട്രീയം

2025 ഒക്ടോബർ 6: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ സംഘപരിവാർ അനുകൂലിയായ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചതിനെക്കുറിച്ച്: “സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിനു നേരെ ചീറ്റിയത്. ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്കുനേരെ കോടതിമുറിയിൽ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നു. സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കിക്കാണാൻ കഴിയില്ല. സംഘപരിവാറിന്റെ വിഷലിപ്തമായ വർഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. വെറുപ്പും അപരവിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉല്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ. ആർ.എസ്.എസ്സും അതിന്റെ പരിവാരവും 100 വർഷംകൊണ്ടു സൃഷ്ടിച്ചുവെച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാഗാന്ധിക്കു നേരെ നിറയൊഴിക്കാൻ മടിച്ചിട്ടില്ലാത്ത വർഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓർമിപ്പിക്കുന്ന സംഭവമാണ് സുപ്രീം കോടതിയിൽ ഇന്നുണ്ടായത്. ഒറ്റപ്പെട്ട അക്രമസംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസ്സാരവൽക്കരിക്കാനാവില്ല. സംഘപരിവാർ മുന്നോട്ടുവെക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതും.”

ഗാന്ധി ജയന്തി ദിനത്തിൽ: “ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വർഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്നത്. ഇന്ത്യൻ മണ്ണിലെ വിഭജന രാഷ്ട്രീയത്തിനും വിഭാഗീയ ആശയങ്ങൾക്കും ഗാന്ധിജിയും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രതിബന്ധങ്ങൾ തീർത്തു. അതാണ് വർഗീയവാദികളെ പ്രകോപിപ്പിച്ചത്. ഇന്ത്യയെന്ന ആശയത്തിനുവേണ്ടിത്തന്നെയാണ് ഗാന്ധി സ്വന്തം ജീവൻ ബലി നൽകിയത്. ഗാന്ധിവധത്തെത്തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയായ ആർ.എസ്.എസ്സിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് ഇന്നലെയാണ്. ഭരണഘടനയെത്തന്നെ അവഹേളിക്കുന്ന തീരുമാനമാണിത്. ആർ.എസ്.എസ്സിന് ഇങ്ങനെയൊരു അംഗീകാരം നൽകാൻ ഗാന്ധിജയന്തിയുടെ തലേദിവസം തന്നെ തെരഞ്ഞെടുത്തത്, ഗാന്ധിസ്മൃതിപോലും സംഘപരിവാർ ഭയപ്പെടുകയാണെന്നതിന്റെ തെളിവാണ്. ഗാന്ധിവധക്കേസിൽ വിചാരണ ചെയ്യപ്പെട്ട സവർക്കറെ സ്വാതന്ത്ര്യസമരത്തിലെ പ്രതീകമായി അവരോധിക്കാൻ തുടർച്ചയായി ശ്രമിക്കുന്നവർക്ക് കേന്ദ്ര സർക്കാർ തലത്തിൽ മറ്റൊരു അംഗീകാരമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. ഗാന്ധിജിക്ക് പകരം സവർക്കറെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നവരുടെ ഇത്തരം നീക്കങ്ങൾ മതനിരപേക്ഷ സമൂഹം തിരിച്ചറിഞ്ഞ് തുറന്നുകാട്ടുകതന്നെ വേണം.

ബഹുസ്വരതയേയും സഹവർത്തിത്വത്തേയും ഭയപ്പെടുന്ന ആർ.എസ്.എസ്സിന്റെ പ്രതിലോമ രാഷ്ട്രീയം, ഗാന്ധി മുന്നോട്ടുവെക്കുന്ന മാനവികതയുടെ രാഷ്ട്രീയത്തിന്റെ നേർവിപരീതമാണ്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവർക്കെതിരെയുള്ള നമ്മുടെ ചെറുത്തുനിൽപ്പുകൾക്ക് ഗാന്ധിയുടെ സ്മരണ എക്കാലവും ഊർജം പകരും.”

2025 ഓഗസ്റ്റ് 20: കുറ്റാരോപിതരായ പൊതുപ്രവർത്തകരെ അയോഗ്യരാക്കാനുള്ള ഭരണഘടനാഭേദഗതി നീക്കത്തെക്കുറിച്ച്: “ബി.ജെ.പി ഇതര സംസ്ഥാന സർക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നത്. അതിനായുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി മാത്രമേ ലോകസഭയിൽ അവതരിപ്പിക്കപ്പെട്ട 130-ാം ഭരണഘടനാഭേദഗതി ബില്ലുകളെ കാണാൻ കഴിയൂ. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു നടത്തുന്ന പകപോക്കൽ - വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്. കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെയുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഭരണഘടനാചുമതലകൾ വഹിക്കുന്ന മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും ദീർഘകാലം ജയിലിൽ അടച്ചിരുന്നു. എന്നാൽ, അവർ രാജി വെയ്ക്കാതെയിരുന്നതിലുള്ള നൈരാശ്യമാണ് തിടുക്കപ്പെട്ട് 130-ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നതിനു പിന്നിൽ. കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കുക; അതിന്റെ പേരിൽ അയോഗ്യരാക്കുക - നവ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. അഴിമതിക്കേസിൽ അറസ്റ്റിലായവർ പാർട്ടി മാറി ബി.ജെ.പിയിലെത്തിയാൽ വിശുദ്ധരാകുന്ന വിചിത്രയുക്തി ഏത് ഭരണഘടനാ ധാർമികതയുടെ പേരിലാണെന്നുകൂടി ബി.ജെ.പി വിശദീകരിക്കേണ്ടതുണ്ട്.

സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവരാനും നിയമസഭയ്ക്കുമേൽ ഗവർണർമാർക്ക് വീറ്റോ അധികാരമുണ്ടെന്നു സ്ഥാപിക്കാനുമുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് സംസ്ഥാന സർക്കാരുകളെത്തന്നെ അസ്ഥിരപ്പെടുത്താനുള്ള പുതിയ നീക്കങ്ങളിലേക്ക് കടക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളിൽ നിന്നാകെ ഉയരണം. രാഷ്ട്രീയ ദുരുപയോഗത്തിനു വഴിവെക്കുന്ന 130-ാം ഭരണഘടനാ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തുവരണം.”

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍

സവർക്കറുടെ രാഷ്ട്രീയം

2025 ഓഗസ്റ്റ് 16: “ഗാന്ധിവധത്തെത്തുടർന്നു നിരോധിക്കപ്പെട്ട ആർ.എസ്.എസ്സിനും വധഗൂഢാലോചനയിൽ വിചാരണ നേരിട്ട വി.ഡി. സവർക്കർക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാർത്തിക്കൊടുക്കാനുള്ള ശ്രമം ചരിത്രനിഷേധമാണ്. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണ്. ഈ അപഹാസ്യ നടപടികൾ കൊണ്ടൊന്നും ആർ.എസ്.എസ്സിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള വർഗീയ സംഘടനയെ വെള്ളപൂശാനാവില്ല. ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആർ.എസ്.എസ്സിനെ മഹത്വപ്പെടുത്താൻ ഉപയോഗിച്ചത് ആ ദിനത്തെത്തന്നെ അവഹേളിക്കുന്നതിനു തുല്യമാണ്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസാ കാർഡിൽ മഹാത്മാഗാന്ധിക്കു മുകളിൽ വി.ഡി. സവർക്കറെ പ്രതിഷ്ഠിച്ചത് കൂട്ടി വായിക്കുമ്പോൾ വിപുലമായ ഗൂഢാലോചനയുടെ ഭാഗമാണ് ഇതൊക്കെ എന്നാണ് തെളിയുന്നത്. സ്വാതന്ത്ര്യസമരചരിത്രത്തെ ഭയപ്പെടുന്നവരുടെ വെപ്രാളമാണ് പ്രകടമാകുന്നത്.

ജാതി, മത, വേഷ, ഭാഷാ വ്യത്യാസങ്ങൾക്കതീതമായി ഇന്ത്യക്കാർ ഒരുമിച്ചാണ് ദേശീയ സ്വാതന്ത്ര്യസമരത്തിൽ അണിചേർന്നത്. ഒറ്റുകാരുടെ വേഷമായിരുന്നു അന്ന് ആർ.എസ്.എസ്സിന്. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്ര സങ്കല്പങ്ങളോട് പരസ്യമായി വിപ്രതിപത്തി പ്രകടിപ്പിച്ചവരാണ് ആർ.എസ്.എസ്.

നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ദേശീയതയ്ക്ക് പകരം ഭൂരിപക്ഷ വർഗീയതയിലൂന്നിയ ഹിന്ദുത്വ ദേശീയതയെയാണ് അവർ ഉയർത്തിപ്പിടിച്ചത്. 1949 നവംബർ 26-ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഇന്ത്യയുടെ ഭരണഘടനയ്ക്ക് അന്തിമ അംഗീകാരം നൽകിയപ്പോൾ ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ ഉയർത്തിപ്പിടിക്കണമെന്നാണ് ആർ.എസ്.എസ്സ് മുഖപത്രമായ ഓർഗനൈസർ മുഖപ്രസംഗം എഴുതിയത്.

കൊളോണിയൽ ഭരണകൂടത്തിനു മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തി മാപ്പിരന്ന വി.ഡി. സവർക്കർ അധ്യക്ഷനായുള്ള ഹിന്ദുമഹാസഭ 1947 ആഗസ്റ്റ് 15-ന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ ബഹിഷ്കരിക്കുവാനാണ് തീരുമാനിച്ചത്. ഇതേ സവർക്കറിനെയാണ് മഹാത്മാ ഗാന്ധിക്കു പകരം സ്വാതന്ത്ര്യസമര നായകനായി സംഘപരിവാർ എഴുന്നള്ളിക്കുന്നത്.

സ്വാതന്ത്ര്യസമര ഘട്ടങ്ങളിലാകെ അതിനോട് പിന്തിരിഞ്ഞുനിന്ന ആർ.എസ്.എസ്, ദേശീയ പ്രസ്ഥാനത്തിൽ തങ്ങൾക്കും പങ്കുണ്ടെന്നു സ്ഥാപിച്ചെടുക്കാനുള്ള വ്യാജ ആഖ്യാനങ്ങളിലാണ് വ്യാപൃതരാവുന്നത്. പുന്നപ്ര - വയലാറിൽ വെടിയേറ്റുവീണ അനശ്വര രക്തസാക്ഷികളേയും വാഗൺ കൂട്ടക്കൊലയിൽ മരിച്ചുവീണ ധീര രക്തസാക്ഷികളേയും സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽനിന്നുമൊഴിവാക്കാൻ വ്യഗ്രത കാട്ടിയവരാണ് ഇപ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കുപറ്റാൻ വരുന്നത് എന്നു കാണണം. ആഗസ്ത് 14-നു വിഭജനഭീതിയുടെ ഓർമദിനമാചരിക്കാൻ ആഹ്വാനം ചെയ്തവർക്ക് സ്വാതന്ത്ര്യദിനത്തോട് എന്തു മതിപ്പാണുള്ളത്?

വെറുപ്പിന്റേയും വർഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരമാണ് ആർ.എസ്.എസ് പേറുന്നത്. മനുഷ്യത്വവിരുദ്ധമായ വിഭാഗീയതയുടെ പ്രത്യയശാസ്ത്രം ചുമന്നു നടക്കുന്നവർക്ക് കയ്യിട്ടു വാരാനുള്ളതല്ല ഇന്ത്യയുടെ മഹിതമായ സ്വാതന്ത്ര്യസമരചരിത്രം. അത്തരക്കാരുമായി തുല്യപ്പെടുത്താൻ ഉള്ളതല്ല ഗാന്ധിജിയുടേയും ഭഗത്‌സിംഗിന്റേയും രക്തസാക്ഷികളുടേയും സ്മരണ. മനുഷ്യസ്നേഹത്തിന്റേയും പാരസ്പര്യത്തിന്റേയും ചരിത്രത്തെ കുഴിച്ചുമൂടി വെറുപ്പിനെ പകരം വെക്കാനുള്ള ഏതു നീക്കത്തേയും രാജ്യം ഒറ്റക്കെട്ടായിനിന്ന് നേരിടേണ്ടതുണ്ട്.”

2025 ഓഗസ്റ്റ് 11: വിഭജനഭീതി ദിനം ആചരിക്കാൻ സർവകലാശാലകൾക്ക് ചാൻസലർ കൂടിയായ ഗവർണർ നൽകിയ നിർദേശത്തെക്കുറിച്ച്: “സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റേയും അതിനെ നേരിടാൻ ബ്രിട്ടീഷുകാർ അഴിച്ചുവിട്ട കൊടും ക്രൂരതകളുടേയും ഓർമപ്പെടുത്തൽകൂടിയാണ്. സ്വാതന്ത്ര്യത്തിന് 78 വയസ്സാകുമ്പോൾ ഓഗസ്റ്റ് 15-നു പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടേതാണ്. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കാളിത്തവുമില്ലാതെ, ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവർക്കാണ് സ്വാതന്ത്ര്യദിനത്തെ താഴ്ത്തിക്കെട്ടേണ്ടത്. സ്വാതന്ത്ര്യസമരകാലത്ത് വൈദേശിക ശക്തികൾക്കെതിരെ പോരാടാൻ താല്പര്യം കാട്ടാതെ ‘ആഭ്യന്തര ശത്രുക്കൾ’ക്കെതിരെ പട നയിക്കാൻ ഊർജം ചെലവഴിച്ചവരാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാനെന്നവണ്ണം വിഭജനഭീതിയുടെ ഓർമദിനമാചരിക്കാൻ ആഹ്വാനം ചെയ്യുന്നത്. ബ്രിട്ടീഷ് വൈസ്രോയിയെ നേരിൽ ചെന്നുകണ്ട് പിന്തുണ അറിയിക്കുകയും തങ്ങൾ ബ്രിട്ടീഷ് രാജിനെതിരല്ലെന്നു വ്യക്തമാക്കുകയും ചെയ്ത അതേ മാനസികാവസ്ഥയിൽ ഇന്നും ജീവിക്കുന്നവരാണ് സംഘപരിവാറുകാർ.

ഇന്ത്യയിലെ നാനാജാതി മതസ്ഥരും ഒരുമിച്ചുനിന്ന ദേശീയ സ്വാതന്ത്ര്യസമരത്തോട് മുഖംതിരിഞ്ഞു നിന്ന രാഷ്ട്രീയം അതേപടി പിൻപറ്റുന്നവരാണ് ഇപ്പോൾ വിഭജന ഭീതിയെക്കുറിച്ച് പറയുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിന്റെകൂടി ഫലമാണ് ഇന്ത്യാ വിഭജനവും വിഭജനാന്തര കലാപവുമെന്ന് പഴയ ബ്രിട്ടീഷ് ദാസന്മാർ മറന്നുപോവുകയാണ്. ഇന്ത്യാ വിഭജനസമയത്ത് കലാപം ആളിപ്പടർന്നപ്പോൾ തീയണക്കാൻ ശ്രമിച്ച മഹാത്മാ ഗാന്ധിയെ ഉൾപ്പെടെ അപഹസിച്ച കൂട്ടരാണ് സംഘപരിവാർ. ആ സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ടകൾക്കനുസൃതമായ പ്രവർത്തനപദ്ധതികൾ രാജ്ഭവനിൽനിന്നും പുറപ്പെടുവിക്കുന്ന നിലപാട് ഭരണഘടനാവിരുദ്ധമാണ്. ആഗസ്റ്റ് 14-ന് വിഭജനഭീതിയുടെ ഓർമദിനമായി ആചരിക്കാൻ വൈസ്ചാൻസലർമാർക്ക് സർക്കുലര്‍ അയച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമാണ്. അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സർവകലാശാലകളെ വിട്ടുകൊടുക്കാനാവില്ല.”

കന്യാസ്ത്രീകൾക്കൊപ്പം ഭരണഘടനയ്ക്കും

2025 ജൂലൈ 29: കന്യാസ്ത്രീകൾക്കെതിരായ ഛത്തീസ്ഗഢിലെ അതിക്രമത്തിനെതിരേെ “സംഘപരിവാറിന്റെ തനി സ്വഭാവത്തിന്റെ പ്രകടനമാണ്. ബജ്‌റംഗദൾ പ്രവർത്തകർ നൽകിയ വ്യാജപരാതിയിലാണ് കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത് ജയിലിൽ അടച്ചത് എന്ന് സംശയരഹിതമായി വ്യക്തമായിട്ടുണ്ട്. ക്രൈസ്തവസമൂഹത്തിനെതിരായ സംഘപരിവാർ അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടിയാണിത്. ക്രൈസ്തവഭവനങ്ങളിലും അരമനകളിലും കേക്കും സൗഹാർദച്ചിരിയുമായി കയറിയിറങ്ങുന്ന കൂട്ടർ തന്നെയാണ് മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് കന്യാസ്ത്രീകളെപ്പോലും വേട്ടയാടുന്നത്.

രാജ്യത്തിന്റെ ബഹുസ്വരതയേയും സഹവർത്തിത്വത്തേയും സംഘപരിവാർ ഭയപ്പെടുന്നു. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം തുടരെ നടക്കുന്നത്. മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത വാർത്ത ശ്രദ്ധയിൽപ്പെട്ടയുടനെ നീതി ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഉൾപ്പെടെ അറസ്റ്റിനെ ന്യായീകരിക്കുകയാണുണ്ടായത്.

വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി രാജ്യത്തെ മതനിരപേക്ഷതയ്ക്ക് നിരന്തരം പരിക്കേല്പിക്കാനാണ് സംഘപരിവാർ ശ്രമം. ന്യൂനപക്ഷാവകാശങ്ങളിന്മേലും ഭരണഘടന അനുവദിച്ചു നൽകുന്ന മൗലികാവകാശങ്ങളിന്മേലുമുള്ള കടന്നുകയറ്റങ്ങളെ എതിർത്തു തോൽപ്പിക്കുക തന്നെ വേണം.”

2025 ജൂൺ 27: ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവനയോടുള്ള പ്രതികരണം: “ഭരണഘടനയുടെ ആമുഖം പുനഃപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ പിന്നിൽനിന്ന് കുത്തിയ ആർ.എസ്.എസ്സിന് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആശയപരിസരങ്ങളോട് അമർഷം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ ഉയർത്തിപ്പിടിക്കുന്നവർക്ക് ദഹിക്കുന്ന സങ്കല്പങ്ങളല്ല ഇന്ത്യൻ ഭരണഘടനയും അതിന്റെ അടിസ്ഥാന തത്ത്വങ്ങളും. ബ്രിട്ടീഷ് ഭരണകൂടത്തോട് നിർലജ്ജം മാപ്പപേക്ഷിച്ച അതേ പാരമ്പര്യമാണ് അടിയന്തരാവസ്ഥക്കാലത്തും ആർ.എസ്.എസ് പിന്തുടർന്നത്. അടിയന്തരാവസ്ഥക്കാലത്ത് നിരോധനം പിൻവലിക്കാൻ മാപ്പപേക്ഷകൾ നൽകിയത് ആർ.എസ്.എസ് സർ സംഘചാലക് തന്നെയായിരുന്നു. ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയാണ് അക്കാലത്തവർ ഇന്ദിരാഗാന്ധിക്ക് നൽകിയത്. രാജ്യത്തോടുള്ള ഇന്ദിരാ ഗാന്ധിയുടെ അഭിസംബോധനയേയും ഇരുപതിന പരിപാടിയേയും സ്വാഗതം ചെയ്തവരുടെ ഇന്നത്തെ അടിയന്തരാവസ്ഥാ വിമർശനങ്ങൾ അപഹാസ്യമാണ്.

അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള വിമർശനമെന്ന വ്യാജേന ഭരണഘടനയുടെ ആമുഖത്തിൽ കൈവെക്കാൻ ആവശ്യപ്പെടുന്നത് സംഘപരിവാർ അജണ്ടയുടെ ഒളിച്ചുകടത്തലാണ്. ഇത് അംഗീകരിക്കാൻ മതനിരപേക്ഷ സമൂഹത്തിനു കഴിയില്ല. ഇന്ത്യയെന്ന ആശയം രൂപപ്പെട്ടിരിക്കുന്നത് മനുസ്മൃതിയിൽനിന്നല്ലെന്നും മറിച്ച് ഭരണഘടനയാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്നും ആർ.എസ്.എസ് ഓർക്കുന്നത് നല്ലത്.”

2025 ജൂൺ 18: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമർശനങ്ങളോടുള്ള പ്രതികരണം: “ആർ.എസ്.എസ് ആരാധിക്കുന്ന ചിത്രങ്ങൾക്കു മുന്നിൽ താണുവണങ്ങിയ ചരിത്രം സി.പി.ഐ.എമ്മിന്റേതല്ല.”

2025 ഏപ്രിൽ 3: “മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യാനികൾക്കു നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഈ വിഷയത്തിൽ ശക്തമായി ഇടപെടാനും അക്രമികൾക്കെതിരെ കൃത്യമായ നിയമനടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ടവർ തയ്യാറാകണം.

തീർത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും അവരെ സഹായിക്കാനായി എത്തിയ മലയാളികളായ വൈദികരെ പൊലീസുകാരുടെ സാന്നിധ്യത്തിൽ മർദിച്ചതും അത്യന്തം ഹീനമാണ്. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വർഗീയ ആക്രമണങ്ങൾ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനും രാജ്യത്തിന്റെ പൊതുവായ പുരോഗതിക്കും ഭീഷണിയാകുന്നു എന്ന് അവയ്ക്കു പിന്നിലുള്ളവർ മനസ്സിലാക്കണം. സമൂഹത്തിൽ വിദ്വേഷം പടർത്തുന്നതും അശാന്തി വളർത്തുന്നതുമായ നടപടികളിൽനിന്ന് അവർ പിന്തിരിയുകയും വേണം.

മണിപ്പൂരിൽ ഉൾപ്പെടെ ഉണ്ടായിട്ടുള്ള സംഘർഷങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ ഉത്തരവാദപ്പെട്ടവർ ഇനിയും തയ്യാറായിട്ടില്ല. അതാകട്ടെ, മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നതിന് ഇടയാക്കുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ ഇന്ത്യയിലെ വർദ്ധിക്കുന്ന ഇത്തരം ആക്രമണങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന യൂണിയൻ സർക്കാർ ഇന്ത്യയുടെ പ്രതിച്ഛായ ലോകമാകെ ഇടിയുമ്പോൾ കയ്യുംകെട്ടി നോക്കിനിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത് തിരുത്താൻ അവർ തയ്യാറാവണം.

ജബൽപൂരിൽ ആക്രമണത്തിന് ഇരയായവർക്കു വേണ്ട എല്ലാ സഹായവും ചെയ്യാൻ അവിടുത്തെ സംസ്ഥാന സർക്കാരും യൂണിയൻ സർക്കാരും തയ്യാറാവണം. ആക്രമിക്കപ്പെട്ട മലയാളികളായ വൈദികരോട് കേരളസമൂഹത്തിന്റെയാകെ ഐക്യദാർഢ്യം അറിയിക്കുന്നു.”

2025 ഏപ്രിൽ 13: കേരളത്തിലെത്തിയ തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമത്തിലെ പ്രതികരണം: “രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണ് ഇത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവർത്തകനുമാണ് തുഷാർ ഗാന്ധി. വർക്കല ശിവഗിരിയിലെ ഗാന്ധി - ഗുരു സംവാദത്തിന്റെ 100-ാം വാർഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനത്തിനുമാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്രസംഭവം അനുസ്മരിക്കുന്ന ഘട്ടത്തിലാണ് ഈ സന്ദർശനം. അപ്പോഴാണ് ഗാന്ധിക്കെതിരെ ആർ.എസ്.എസ് പരസ്യമായ കടന്നാക്രമണം നടത്തിയത്. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയിൽനിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിനു പിന്നിലുള്ളവരുടേത്. ഇത് അപലപനീയമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകൾക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും. പൊതുജനാഭിപ്രായം വളർത്തി സമൂഹമാകെ ഇത്തരം ചെയ്തികളെ ഒറ്റപ്പെടുത്തുകയും വേണം.

രാജ്യത്തിന്റെ ആത്മാവിന് വർഗീയതയുടെ അർബുദബാധയുണ്ടാവുന്നു എന്ന ആശങ്കയാണ് തുഷാർ ഗാന്ധി പങ്കുവെച്ചത്. നമ്മുടെ സംസ്കാരം വിരുദ്ധ അഭിപ്രായങ്ങളേയും ബഹുമാനിക്കുന്നതാണ്. ആ സംസ്കാരത്തെ അപകീർത്തിപ്പെടുത്തുക കൂടിയാണ് സംഘപരിവാർ. പ്രകോപനത്തിന് വശംവദനാവാതെ ഗാന്ധിജിക്ക് ജയ് വിളിച്ചു മടങ്ങുകയാണ് തുഷാർ ഗാന്ധി ചെയ്തത്. കേരളത്തിൽ എത്തുന്ന ദേശീയ - അന്തർദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങൾ അനുവദിക്കില്ല.

മതേതര ജനാധിപത്യ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഈ സംഭവത്തിൽ ഉയരേണ്ടതാണ്. ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയും സമൂഹ വിഭാഗവും രാഷ്ട്രീയ പ്രസ്ഥാനവും മൗനം പാലിച്ചുകൂടാത്ത സന്ദർഭമാണിത്. ആ ബോധവും അതിൽനിന്നുളവാകുന്ന ശക്തമായ പ്രതിഷേധവും പൊതുമണ്ഡലത്തിൽ ഉണ്ടായാലേ നമ്മുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യമടക്കം സംരക്ഷിക്കാനാവൂ.”

ഏഹ്‌സാൻ ജഫ്രിയും

സാകിയയും

2025 ഫെബ്രുവരി 28: കോൺഗ്രസ് എം.പിയായിരുന്ന ഏഹ്‌സാൻ ജഫ്രിയുടെ ഓർമദിനത്തിൽ: “ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ ഏഹ്‌സാൻ ജഫ്രിയുടെ ഓർമദിനം. വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും വിഷലിപ്തമായ രാഷ്ട്രീയമാണ് സംഘപരിവാർ എന്നും പയറ്റിയത്. 2002-ൽ ഗുജറാത്തിൽ സംഭവിച്ചതും അതുതന്നെയായിരുന്നു. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ് എം.പിയായ ജഫ്രിയുൾപ്പെടെ 69 പേരാണ് വെന്തുമരിച്ചത്. 2002 ഫെബ്രുവരി 28-ന് കലാപകാരികൾ ഗുൽബർഗ് സൊസൈറ്റി കയ്യേറി ആക്രമിച്ചപ്പോഴാണ് ഏഹ്‌സാൻ ജഫ്രിയുടെ വീട്ടിലേക്ക് പ്രദേശവാസികൾ അഭയം തേടിയെത്തിയത്. സഹായത്തിനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും അവർ ചെറുവിരലനക്കിയില്ല. വംശഹത്യാക്കാലത്ത് ഗുജറാത്തിലരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിച്ഛേദമാണ് പിന്നീട് ഗുൽബർഗ് സൊസൈറ്റിയിൽ കണ്ടത്.

വംശഹത്യയ്ക്കു നേതൃത്വം നൽകിയവർക്കെതിരെ ഏഹ്‌സാൻ ജഫ്രിയുടെ ജീവിതപങ്കാളി സാകിയ ജഫ്രി നടത്തിയ നിയമപോരാട്ടം സമാനതകളില്ലാത്തതായിരുന്നു. കലാപകാരികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായുള്ള സാകിയയുടെ നിയമയുദ്ധം ഗുജറാത്തിലെ ഇരകൾക്ക് നീതിയുറപ്പാക്കാനുള്ള പോരാട്ടമായി മാറുകയായിരുന്നു. നീതിക്കായുള്ള 23 വർഷത്തെ ദീർഘസമരത്തിനുശേഷം ഈ മാസം ആദ്യവാരമാണ് ആ പോരാളി മരണത്തിനു കീഴടങ്ങിയത്. ആ ഘട്ടത്തിലും അവർക്ക് നീതി ലഭ്യമായിട്ടില്ലായിരുന്നു. സംഘപരിവാറിനെതിരെയുള്ള മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനിൽപ്പുകൾക്ക് കരുത്തുപകരുന്നതാണ് ഏഹ്‌സാന്റേയും സാകിയയുടേയും ജീവിതം. ഏഹ്‌സാൻ ജഫ്രിയുടെ ഓർമദിനത്തിൽ ഇരുവരുടേയും പോരാട്ടവീര്യത്തിനു മുന്നിൽ സ്മരണാഞ്ജലികളർപ്പിക്കുന്നു.”

2025 ഫെബ്രുവരി 1: സാകിയ ജഫ്രിയുടെ വിയോഗവേളയിലെ പ്രതികരണം: “വർഗീയതക്കെതിരെ തന്റെ ജീവിതം തന്നെ പോരാട്ടമാക്കിയ സാകിയ ജഫ്രി ഓർമയായിരിക്കുന്നു. 2002-ലെ ഗുജറാത്ത് വംശഹത്യക്കിടെ സംഘപരിവാർ അക്രമികൾ ചുട്ടെരിച്ച മുൻ കോൺഗ്രസ് എം.പി എഹ്സാൻ ജഫ്രിയുടെ വിധവയായ സാകിയ കലാപത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടത്തിയ രണ്ട് പതിറ്റാണ്ടു നീണ്ട നിയമപോരാട്ടം മതനിരപേക്ഷ ഇന്ത്യയുടെ ചരിത്രത്തിലെ അത്യുജ്ജല അധ്യായമാണ്. അന്ന് കലാപകാരികൾ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ നടത്തിയ നരമേധത്തിൽ എഹ്സാൻ ജഫ്രിയുടെയടക്കം 69 പേരുടെ ജീവനാണ് ഇല്ലാതായത്. അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായുള്ള സാകിയ ജഫ്രിയുടെ നിയമയുദ്ധം കലാപത്തിന്റെ ഇരകൾക്ക് നീതിയുറപ്പാക്കാനുള്ള പോരാട്ടമായി മാറുകയായിരുന്നു. ആ നീതി ഇന്നും ഉറപ്പാക്കാൻ സാധിച്ചിട്ടില്ല എന്നത് ഏറെ ദുഃഖകരമായ കാര്യമാണ്. സംഘപരിവാറിന്റെ ആക്രമണോത്സുക പ്രത്യയശാസ്ത്രത്തിനെതിരെ ഒന്നിച്ചുനിന്ന് പോരാടാനും പ്രതിരോധമുയർത്താനും ഏവർക്കും ഊർജം പകരുന്നതാണ് സാകിയ ജഫ്രിയുടെ സ്മരണകൾ.”

ഗാന്ധിജിയുടെ ഇന്ത്യ

2025 ജനുവരി 30: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ: “ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കല്പത്തിനു കടകവിരുദ്ധമായ ഒന്നായിരുന്നു. മതാടിസ്ഥാനത്തിലുള്ള ദേശീയത മുന്നോട്ടുവെച്ച സങ്കുചിത മതവർഗീയവാദികൾക്കു മുന്നിൽ ഗാന്ധിജി പ്രതിബന്ധം സൃഷ്ടിച്ചു. ദേശീയ പ്രസ്ഥാനത്തെ സാമ്രാജ്യത്വ വിരുദ്ധതയിലും മതേതരത്വത്തിലും അടിയുറപ്പിച്ചു നിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇക്കാരണങ്ങൾ കൊണ്ടുതന്നെയാണ് അദ്ദേഹം ഭൂരിപക്ഷ വർഗീയശക്തികളുടെ കണ്ണിലെ കരടായതും. ഇന്ത്യൻ മണ്ണിലെ ഹിന്ദു - മുസ്‌ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാനശ്വാസം വരെ ഗാന്ധിജി നിലകൊണ്ടത്.

ഇന്ത്യയെ കാർന്നുതിന്നാൻ ശേഷിയുള്ള മതവർഗീയതയ്ക്കുള്ള മറുമരുന്നാണ് അന്നും ഇന്നും ഗാന്ധിജി. നാഥുറാം വിനായക് ഗോഡ്‌സെ എന്ന മതവർഗീയവാദി ഗാന്ധിയെ വധിച്ചതിനെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആർ.എസ്.എസ്. ബഹുസ്വരതയേയും സഹവർത്തിത്വത്തേയും ഭയപ്പെടുന്ന ആർ.എസ്.എസ് നയിക്കുന്ന സംഘപരിവാർ സംഘടനകൾ വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഗാന്ധിവധത്തെത്തുടർന്ന് ആർ.എസ്.എസ് നിരോധിക്കപ്പെട്ടതിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ സ്കൂൾ സിലബസിൽനിന്നും ഏകപക്ഷീയമായി ഒഴിവാക്കപ്പെടുന്ന സാഹചര്യംകൂടി ഇന്നുണ്ട്. ഭൂരിപക്ഷ വർഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വർഗീയതയും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറലേല്പിക്കുന്ന കാലം കൂടിയാണിത്. മതാധിഷ്ഠിത രാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ ഉയർത്തുന്ന ഭീഷണിയും ഗുരുതര സ്വഭാവമുള്ളതാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ പരസ്പരം ശക്തിപ്പെടുത്തുന്നവയുമാണ്. എല്ലാത്തരം വർഗീയ രാഷ്ട്രീയത്തിനുമെതിരെ ജനാധിപത്യ പ്രതിരോധമുയർത്താൻ തയ്യാറാവുക എന്നതാണ് രക്തസാക്ഷി ദിനത്തിൽ നാം ഏറ്റെടുക്കേണ്ട കടമ.”

Analysis of Pinarayi Vijayan’s positions and responses towards the Sangh Parivar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശത്ത് ലീഗ് 22 സീറ്റില്‍ വിജയിച്ചു'; വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍

'വില്ലന്‍ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ ഭയന്നു, കരിയറിനെ ബാധിക്കുമോ എന്ന് പേടിച്ചു'; മനസ് തുറന്ന് രുക്മിണി വസന്ത്

കളമശേരിയിലെ ജുഡീഷ്യൽ സിറ്റി പദ്ധതിക്ക് ഭൂമി കൈമാറാനാകില്ല; എച്ച്എംടി സുപ്രീംകോടതിയിൽ

'കിട്ടുന്നതെന്തും പോസ്റ്റ് ചെയ്യുമ്പോള്‍ ആലോചിക്കുക, ഇല്ലാതായത് യുവാവിന്റെ ജീവിതം മാത്രമല്ല, സ്ത്രീകള്‍ക്ക് കിട്ടേണ്ട നീതി കൂടിയാണ്'

'ദിവസവും അച്ഛന്റെ മുന്നിൽ ഇരുന്ന് പൊട്ടിക്കരയും, ഇപ്പോൾ എനിക്ക് പരാജയങ്ങളെ നേരിടാൻ അറിയാം'; ഹർഷിതിന്റെ ഹീറോയിസം

SCROLL FOR NEXT