ഗ്യാനേഷ് കുമാര്‍  Samakalika Malayalam
Malayalam Weekly

കേരളം ഗ്യാനേഷ്‌ കുമാറിനോട് പറഞ്ഞത്

കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ ഡൽഹിയിലേക്കു പോകുന്നതിനു മുന്‍പത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകളിലും കളങ്കിതനാണ്

പി.എസ്. റംഷാദ്

“പത്ത് മാസം മുന്‍പ് ഞാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. നിങ്ങൾക്കെല്ലാം അത് ഓർമയുണ്ടോ” എന്നു ചോദിച്ചുകൊണ്ടാണ് അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ച ടിക്കാറാം മീണ വീണ്ടും കേരളത്തിനു മുന്നിലെത്തിയത്. ഗ്യാനേഷ് കുമാറിനെപ്പോലെ 1988 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥൻ; മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. കേരളത്തിലെ ഏറ്റവും വിവാദരഹിതനായിരുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു രാജസ്ഥാൻ സ്വദേശിയായ മീണ; യാതൊരു പഴിയും കേൾപ്പിച്ചില്ല. കാര്യക്ഷമതയിലും നല്ല പെരുമാറ്റത്തിലുമാണ് പേരുകേട്ടത്. എന്നാൽ, ഗ്യാനേഷ് കുമാറിന് എഴുതിയ കത്തിന്റെ പേരിൽ സഹപ്രവർത്തകരായ ഐ.എ.എസ് ഉദ്യോഗസ്ഥർ പലരും തന്നെ വിമർശിച്ചിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. “എങ്കിലും ആശ്വാസമായത് രാജ്യത്തെ ഭൂരിഭാഗം ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർമാരും ലക്ഷക്കണക്കിനു സാധാരണക്കാരും അതിനെ പ്രശംസിച്ചു എന്നതാണ്.” അദ്ദേഹം പറയുന്നതിൽ വലിയ കാമ്പുണ്ട്. കാരണം, ജനാധിപത്യത്തിന്റെ നിലനിൽപ്പ് ആഗ്രഹിക്കുന്നവരെല്ലാവരും ആ കത്തിന്റെ സദുദ്ദേശം തിരിച്ചറിയുന്നു, കൂടെ നിൽക്കുന്നു. അദ്ദേഹത്തിന്റെ പോസ്റ്റുകൾക്കു കീഴെ വരുന്ന കമന്റുകളിലെ അഭിനന്ദനങ്ങളും പിന്തുണയും സ്നേഹവും ഈ തിരിച്ചറിവിന്റേയും ഐക്യദാർഢ്യത്തിന്റേയും പ്രതിഫലനമാണ്.

എന്തായിരുന്നു 2025 നവംബർ 23-ലെ ആ കത്തിന്റെ ഉള്ളടക്കം: ശരിയായ അർത്ഥത്തിൽത്തന്നെ ധീരവും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതകൊണ്ട് കരുത്തുറ്റതുമായിരുന്നു ആ കത്ത്. “പ്രിയപ്പെട്ട ഗ്യാനേഷ്, നിങ്ങൾ എന്റെ ബാച്ച്മേറ്റും കേഡർ മേറ്റും (കേരള കേഡർ) ഒപ്പം എന്റെ ഉറ്റ സുഹൃത്തുമായതുകൊണ്ടാണ് ഞാൻ ഈ കത്തെഴുതുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണഘടനാ സ്ഥാപനങ്ങളിലൊന്നായ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തലവനായ ചീഫ് ഇലക്ഷൻ കമ്മിഷണർ (സി.ഇ.സി) എന്ന അഭിമാനകരമായ പദവിയിലാണ് നിങ്ങൾ ഇപ്പോൾ ഇരിക്കുന്നത്. എന്റെ സുഹൃത്തുക്കളിലൊരാൾ ഈ പദവി അലങ്കരിക്കുന്നതിൽ എനിക്ക് അഭിമാനവുമുണ്ട്. ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയെ ആരോഗ്യകരവും ശക്തവുമായി നിലനിർത്തുന്നതിനായി സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുക എന്ന പ്രധാനപ്പെട്ട ഭരണഘടനാപരമായ ഉത്തരവാദിത്വം നിങ്ങളുടെ ചുമലിലാണ്. എന്നാൽ, സമീപ മാസങ്ങളിലായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനരീതിയും നിങ്ങളുടെ നിഷ്‌പക്ഷതയും വലിയ ആശങ്കയ്ക്ക് കാരണമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിലെ പ്രധാന പ്രതിപക്ഷ നേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ചോദ്യങ്ങൾ - തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്‌പക്ഷതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങൾ - ഗൗരവമായി കാണേണ്ടതും അവയ്ക്ക് മറുപടി നൽകേണ്ടതും നിങ്ങളുടെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്വമാണ്. പത്രസമ്മേളനത്തിൽ നിങ്ങൾ സ്വീകരിച്ചതുപോലെയുള്ള പ്രതിരോധപരവും ആക്രമണാത്മകവുമായ നിലപാടല്ല, മറിച്ച് മാന്യതയും ഉത്തരവാദിത്വബോധവും നിറഞ്ഞ സമീപനമാണ് സ്വീകരിക്കേണ്ടിയിരുന്നത്” -കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി; ഒരുപക്ഷേ, വിരമിച്ച ശേഷമാണെങ്കിൽപ്പോലും അധികം ഉന്നത ഉദ്യോഗസ്ഥർ സ്വീകരിക്കാറില്ലാത്തവിധം ആർജവത്തോടെ. പ്രത്യേകിച്ചും, വിരമിച്ച 272 ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിക്ക് എഴുതിയ കത്തിനെക്കുറിച്ചു ടിക്കാറാം മീണ സ്വീകരിച്ച ധീരമായ നിലപാട്. ആ കത്ത് തീർത്തും അനാവശ്യവും അനുചിതവുമായിരുന്നു എന്ന് ഗ്യാനേഷ് കുമാറിനുള്ള കത്തിൽ അദ്ദേഹം പറഞ്ഞു. “ഭരണകക്ഷി സ്‌പോൺസർ ചെയ്തതാണ് ഈ കത്ത് എന്നു തോന്നുന്നു. ഇന്ത്യയിലെ മുഴുവൻ ഉദ്യോഗസ്ഥവൃന്ദവും ഭരണകക്ഷിയുടെ സ്തുതിപാഠകരും പക്ഷപാതികളുമാണെന്ന ദുഷ്‌പേര് ഇതിലൂടെ ഉണ്ടാകുന്നു. ഇതിനെ ഞാൻ ‘സ്തുതിപാഠകത്വത്തിന്റെ അങ്ങേയറ്റം’ എന്നു വിളിക്കും. ഈ 272 പേരിൽ പലരും - ഈ ‘സ്തുതിപാഠക സംഘം’ - ഇപ്പോൾ പൊതുജനമധ്യത്തിൽ തുറന്നു കാട്ടപ്പെടുന്നത് ലജ്ജാകരമാണ്. ‘സിവിൽ സൊസൈറ്റി ബുദ്ധിജീവികൾ’ എന്നു സ്വയം വിശേഷിപ്പിക്കാൻ അവർ ഒരു പ്രത്യേക പാർട്ടിയെ പ്രീണിപ്പിക്കുകയായിരിക്കാം, എന്നാൽ, ഇന്ത്യയിലെ സാധാരണ പൗരർ ഇന്ന് അവരെ അഴിമതിക്കാരായും നാണമില്ലാത്തവിധം പെരുമാറുന്നവരും ആയിട്ടാണ് കാണുന്നത്. സങ്കടകരമെന്നു പറയട്ടെ, ഭരണകക്ഷിയോടുള്ള തങ്ങളുടെ വിധേയത്വം തെളിയിക്കാൻ, സാംസ്കാരിക പ്രവർത്തകർ എന്ന് അവകാശപ്പെടുന്ന ഇവർ നിങ്ങൾക്ക് (അതായത് തെരഞ്ഞെടുപ്പ് കമ്മിഷന്) ഒരു കവചമായി മാറാൻ ശ്രമിക്കുന്നു. നിങ്ങൾക്ക് ഒരുപക്ഷേ അതിന്റെ ആവശ്യമില്ലായിരിക്കാം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയും നിഷ്‌പക്ഷതയും തെളിയിക്കാൻ ഇത്തരം സ്തുതിപാഠകരിൽനിന്നുള്ള ഒരു കത്ത് നിങ്ങൾക്ക് ആവശ്യമുണ്ടോ? വിശ്വാസ്യത നഷ്ടപ്പെട്ട, വിരമിച്ച ഇത്തരം ‘അടിയാളന്മാരിൽ’ (sycophant) നിന്നുള്ള ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്കു തീർച്ചയായും ആവശ്യമുണ്ടോ? തെരഞ്ഞെടുപ്പ് കമ്മിഷന് അത്തരക്കാരുടെ ഒരു സംരക്ഷണം ആവശ്യമുണ്ടോ? ഒരിക്കലുമില്ല. ടി.എൻ. ശേഷൻ, ഖുറേഷി, ഒ.പി. റാവത്ത് ജി, സുനിൽ അറോറ ജി, അശോക് ചൗള ജി തുടങ്ങിയ പ്രശസ്തരായ ഐ.എ.എസ് ഉദ്യോഗസ്ഥർ ഈ പദവിയുടെ അന്തസ്സും മഹത്വവും ഒരിക്കലും കളങ്കപ്പെടുത്തിയിട്ടില്ല. കേരളത്തിന്റെ ചീഫ് ഇലക്ടറൽ ഓഫീസറായി തെരഞ്ഞെടുപ്പ് കമ്മിഷനിൽ മൂന്നു വർഷം ഞാനും പ്രവർത്തിച്ചിട്ടുണ്ട്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പും ഇതിൽപ്പെടുന്നു. ഞാനും എന്റെ ടീമും ചേർന്നു നടത്തിയ തെരഞ്ഞെടുപ്പുകളിലെ നിഷ്‌പക്ഷതയും നിർഭയത്വവും പൊതുജനങ്ങളും എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും ആളുകളും ഇന്നും ഓർക്കുന്നു. തെരഞ്ഞെടുപ്പിൽ എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കാനും ‘മാതൃകാ പെരുമാറ്റച്ചട്ടം’ കർശനമായി നടപ്പിലാക്കാനും ഞങ്ങൾ ശ്രദ്ധിച്ചു. ചട്ടം ലംഘിച്ചപ്പോൾ ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷൻ, കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി, കോൺഗ്രസ് മുഖ്യമന്ത്രി തുടങ്ങി മിക്കവാറും എല്ലാ പാർട്ടികളിലേയും പ്രമുഖ നേതാക്കൾക്കെതിരെയും ഞങ്ങൾ നടപടിയെടുത്തു. മുഖ്യമന്ത്രിക്കുപോലും എന്റെ അനുവാദത്തോടെ മാത്രമേ എന്തെങ്കിലും പ്രവർത്തിക്കാൻ കഴിയുമായിരുന്നുള്ളൂ. പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിമാർക്കോ തെരഞ്ഞെടുപ്പ് കമ്മിഷനെ നിയന്ത്രിക്കാനാവില്ല. ഭരണഘടനയുടെ 324-ാം വകുപ്പ് കമ്മിഷന് അത്രയധികം അധികാരം നൽകുന്നുണ്ട്. എന്നാൽ, ആ അധികാരം എങ്ങനെ, ഏതു രീതിയിൽ ഉപയോഗിക്കുന്നു എന്നത് ആ സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഇച്ഛാശക്തി (നിശ്ചയദാർഢ്യം, നിഷ്‌പക്ഷത, സത്യസന്ധത), നീതിബോധം, കൂറ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തസ്സും നിഷ്‌പക്ഷതയും വീണ്ടെടുക്കാൻ നിങ്ങൾ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു, ജയ് ഹിന്ദ്.”

എല്ലാക്കാലത്തേയ്ക്കും ജനാധിപത്യത്തിന്റെ സത്യസന്ധമായ ഉത്തരവാദിത്വ ബോധത്തിനു തൂവലായി മാറുന്നതായി ആ കത്ത്. “എന്റെ മനസ്സാക്ഷിയുടെ ശബ്ദം കേട്ടുകൊണ്ടും കേരളത്തിലെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ എന്ന നിലയിലുമാണ് ഞാൻ ആ കത്ത് എഴുതിയത്. എന്നാൽ, ഗ്യാനേഷ് ജിയിൽനിന്ന് ഇതുവരെ എനിക്ക് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. അതിനുശേഷം 2025 ഡിസംബർ 16-ന് എന്റെ അടുത്ത സുഹൃത്തുക്കളും ബാച്ച്മേറ്റുകളുമായ, തെരഞ്ഞെടുപ്പു കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവിനും വിവേക് ജോഷിക്കും ഞാൻ കത്തെഴുതിയിരുന്നു. അവർ അതിനോട് തങ്ങളുടെ യഥാർത്ഥ നിലപാട് വ്യക്തമാക്കുകയും ഗ്യാനേഷിനെ നിയന്ത്രിക്കാൻ തുടങ്ങുകയും ചെയ്തതിൽ എനിക്കു സന്തോഷമുണ്ട്; ആ കാര്യങ്ങൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.” മരിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കാൻ പ്രതീക്ഷ നൽകുന്നവിധം കൃത്യസമയത്ത് ഉറച്ച നിലപാട് സ്വീകരിച്ചതിന് സുഖ്ബീർ സന്ധുവിനേയും വിവേക് ജോഷിയേയും അഭിനന്ദിക്കുക മാത്രമല്ല, സി.ഇ.സി ഗ്യാനേഷ് കുമാറിന്റെ നടപടികളെ വിചിത്രമായ നടപടികൾ, അഥവാ ഭ്രാന്തമായ പ്രവണത എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നു അദ്ദേഹം.

ലീ ബിന്‍

ലീ ബിൻ എന്ന എൻജിനീയറുടെ ആത്മഹത്യ

വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന എൽ.ഡി.എഫ് സർക്കാരിന്റെ തുടക്കകാലം. സെക്രട്ടേറിയറ്റിലെ പി.ആർ. ചേംബറിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം; മാധ്യമങ്ങൾക്കും പ്രവേശനമുണ്ട്. ഗവൺമെന്റ് സെക്രട്ടറി ഗ്യാനേഷ് കുമാർ ഔപചാരികമായി സ്വാഗതം പറഞ്ഞു തുടങ്ങി: “ഈ യോഗത്തിന്റെ ചീഫ് ഗസ്റ്റ് ഹോണറബ്ൾ ചീഫ് മിനിസ്റ്റർ വി.എസ്. അച്യുതാനന്ദനാണ്. അങ്ങേരെ ഞാൻ സ്വാഗതം ചെയ്യുന്നു.” ആളുകൾ അമ്പരന്നു, ചിരിയും ഉയർന്നു. മലയാളി അല്ലാത്ത ഗ്യാനേഷ്‌ കുമാറിന് അങ്ങേരും അദ്ദേഹവും തമ്മിലുള്ള വ്യത്യാസം അറിയാത്തതാണ്. വർഷങ്ങളായി കേരളത്തിൽ ജോലി ചെയ്യുന്ന സീനിയർ ഓഫീസർക്ക് ഈ അഭിസംബോധനയിലെ അനൗചിത്യം അറിയില്ലേ എന്ന മുറുമുറുപ്പും ഉണ്ടാകാതിരുന്നില്ല. പക്ഷേ, വി.എസ്. അതൊരു വലിയ കാര്യമായെടുത്തില്ല, പുഞ്ചിരിക്കുക മാത്രം ചെയ്തു.

രണ്ടു പതിറ്റാണ്ടു മുന്‍പത്തെ ഈ സംഭവവും രാജ്യത്തിന്റെ ജനാധിപത്യത്തെ അട്ടിമറിക്കാൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ മനപ്പൂർവം പ്രവർത്തിച്ചു എന്ന ഇപ്പോഴത്തെ വിമർശനവും തമ്മിൽ ബന്ധമൊന്നുമില്ല. ഒന്ന് യാദൃച്ഛികമായ നാക്കുപിഴ, മറ്റേത് രാജ്യം വലിയ പിഴ നൽകേണ്ടി വരുന്ന അതിക്രമം എന്ന ആക്ഷേപം. ഗ്യാനേഷ് കുമാർ കേരളത്തിൽ ജോലി ചെയ്ത കാലത്തിനൊടുവിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളും അദ്ദേഹം ഇവിടെ നിന്നു പോകേണ്ടിവന്ന സാഹചര്യവും വ്യക്തമായി ഓർക്കുന്ന പലരും ആ സ്വാഗതം പറച്ചിലും മറന്നിട്ടില്ലെന്നു മാത്രം.

എന്നാൽ, തിരുവനന്തപുരം നഗരം ഒരിക്കലും മറക്കാത്ത മറ്റൊന്നുണ്ട്: പാളയം അണ്ടർപാസ്സിനു മുകളിലെ ഒരു സ്മൃതി ഫലകം. ആ അടിപ്പാതയും അതിന്റെ തുടർച്ചയായ മേൽപ്പാതയും നിർമിച്ച മലേഷ്യൻ കമ്പനിയായ പതിബെല്ലിലെ എൻജിനീയർ ആയിരുന്ന ലീ ബിൻ സീനിന്റെ ഓർമയ്ക്ക് സ്ഥാപിച്ചതാണ് അത്. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്റ്റിന്റെ (കെ.എസ്.റ്റിപി) ഭാഗമായി പതിബെല്ലിനെ പണി ഏൽപ്പിച്ചത് തൊട്ടുമുന്‍പത്തെ യു.ഡി.എഫ് സർക്കാർ ആയിരുന്നു. അപ്പോഴും പിന്നീട് വി.എസ്. സർക്കാർ വരുമ്പോഴും പൊതുമരാമത്ത് സെക്രട്ടറി ആയിരുന്നു ഗ്യാനേഷ് കുമാർ. പക്ഷേ, വിജിലൻസ് അന്വേഷണവും വകുപ്പുമാറ്റവുമായി കേരളത്തിൽ നിൽക്കാൻ വയ്യാതെ വന്നു. “ലീ ബിൻ സീൻ ആത്മഹത്യാ കുറിപ്പിൽ കേരളത്തിലെ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ അഴിമതി, കെടുകാര്യസ്ഥത എന്നിവയെക്കുറിച്ച് വിശദമായി എഴുതിയിരുന്നു. ഗ്യാനേഷ് കുമാർ ആയിരുന്നു പേരെടുത്ത് പരാമർശിക്കപ്പെട്ടവരിൽ പ്രധാനി. കൈക്കൂലി ആവശ്യപ്പെട്ടെന്നും ആ കുറിപ്പിൽ ഉണ്ടായിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണവും സ്ഥലംമാറ്റവും നടന്നത്” വി.എസ്. സർക്കാരിൽ ധനമന്ത്രി ആയിരുന്ന ടി.എം. തോമസ് ഐസക്ക് പറയുന്നു. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരായിരുന്നു. ഡൽഹിയിൽ ഗ്യാനേഷ്‌ കുമാറിനു നല്ല തസ്തിക തന്നെ കിട്ടി; എ.കെ. ആന്റണിയുടെ പ്രതിരോധ വകുപ്പിൽ.

ഗ്യാനേഷ് ക്ഷേത്രദര്‍ശനത്തിനിടെ

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ (സി.ഇ.സി) രാജ്യത്തിനു മുന്‍പിൽ കളങ്കിതനായി നിൽക്കുമ്പോൾ കേരളത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തനകാലത്തെ ഏറ്റവും മോശപ്പെട്ട അധ്യായം വീണ്ടും വിശദമായി ഓർമിപ്പിച്ച തോമസ് ഐസക്കിന്റെ വീഡിയോ ഫേസ്ബുക്കിൽനിന്ന് മെറ്റ നീക്കം ചെയ്തു. പക്ഷേ, അപ്പോഴേയ്ക്കും 20 വർഷം മുന്‍പ് എത്ര മോശപ്പെട്ട ട്രാക്ക് റെക്കോഡ് ഉള്ള ആളാണ് സി.ഇ.സി എന്ന വസ്തുത വെളിപ്പെട്ടു കഴിഞ്ഞിരുന്നു. അറിയാത്തവർ അറിഞ്ഞു, മുന്‍പേ അറിയാവുന്നവർ വീണ്ടും ഓർത്തു. അന്നത്തെ വിജിലൻസ് അന്വേഷണത്തിന് എന്തു സംഭവിച്ചു എന്നുകൂടിയാണ് ഇനി പുറത്തു വരാനുള്ളത്. കേരളത്തിലെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഗ്യാനേഷ് കുമാറിന് അയച്ച കത്ത്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസണ് ഗ്യാനേഷ്‌ കുമാർ നൽകിയ രാഷ്ട്രീയ പ്രലോഭനം എന്നിവയൊക്കെ കേരളത്തിലും ദേശീയതലത്തിലും ചർച്ചയായി. ഇടതുപക്ഷ പാർട്ടികൾ സംയുക്തമായി ഭഗത് സിംഗ് ജന്മദിനമായ സെപ്തംബർ 28 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് വരെ സി.ഇ.സിക്കെതിരായ പ്രചാരണത്തിലാണ്. അതിന്റെ ഭാഗമായി സെപ്റ്റംബർ 29-ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു.

ഗ്യാനേഷ് കുമാർ ഔദ്യോഗിക ജീവിതം തുടങ്ങിയ കേരളം അദ്ദേഹത്തെക്കുറിച്ച് ഇനി എന്തൊക്കെ വെളിപ്പെടുത്തും എന്നു കണ്ടുതന്നെ അറിയണം. മാത്രമല്ല, ഗ്യാനേഷ് കുമാറിനെതിരെ നടന്ന വിജിലൻസ് അന്വേഷണം എന്തായി എന്നതിനും വിശദമായ മറുപടി വരേണ്ടതുണ്ട്.

തോമസ് ഐസക്

പോയവഴി

ആരാണ് ഗ്യാനേഷ് കുമാർ? തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ‘പൂർവാശ്രമം’ എന്ത് എന്ന ചോദ്യം ഉന്നയിച്ചാണ് ടി.എം. തോമസ് ഐസക് വലിയ ചർച്ചയ്ക്കു തുടക്കമിട്ടത്.

കെ.എസ്.റ്റിപിയുടെ ഒരു റോഡ് പ്രോജക്റ്റ് ഏറ്റെടുത്ത പതിബെല്ലിന്റെ കേരളത്തിലെ പ്രവർത്തനങ്ങളുടെ ചുമതല ലീൻ ബിന്ന് ആയിരുന്നു. 2006 നവംബറിൽ കോലാലംപൂരിൽ വെച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. അതിലേക്ക് നയിച്ചത് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഴിമതിയും. 216 കോടി രൂപയുടെ ടെണ്ടർ ആയിരുന്നു. പക്ഷേ, ഭൂമി ഏറ്റെടുക്കുന്നതിനു വലിയ കാലതാമസമുണ്ടായി. പദ്ധതി ഇഴഞ്ഞു നീങ്ങുകയായിരുന്നു. ആകെ 70 കോടി രൂപയുടെ ബില്ലുകളേ മാറിയിരുന്നുള്ളൂ. 13 കോടി രൂപയുടെ ബില്ല് മാറാനുമുണ്ടായിരുന്നു. പദ്ധതി വൈകുന്നതിനു പതിബെല്ലും പി.ഡബ്ല്യു.ഡിയും പരസ്പരം കുറ്റപ്പെടുത്തി. ഭൂമി ഏറ്റെടുത്തു കൊടുത്ത ഭാഗങ്ങളിൽപ്പോലും കരാറുകാർ പണി നടത്തിയില്ലെന്ന് പി.ഡബ്ല്യു.ഡി ആരോപിച്ചു. പദ്ധതി അനിശ്ചിതമായി നീളുകയും സംസ്ഥാന സർക്കാരിനു നഷ്ടം വരുത്തുകയും ചെയ്താൽ കരാറുകാർ നൽകേണ്ട നിയമപരമായ നഷ്ടപരിഹാരമുണ്ട്. പതിബെല്ലിനെതിരെ വലിയ ആരോപണം ഉന്നയിച്ചപ്പോഴും നഷ്ടപരിഹാരത്തിനു പൊതുമരാമത്ത് വകുപ്പ് ഒരു നോട്ടീസു പോലും നൽകിയില്ലതാനും. നേരേ മറിച്ച്, പതിബെൽ കൃത്യമായി പി.ഡബ്ല്യു.ഡിക്ക് നോട്ടീസ് നൽകിക്കൊണ്ടുമിരുന്നു. അതുകൊണ്ട് ആർബിട്രേഷൻ വരുമ്പോൾ സർക്കാർ തോൽക്കുമെന്നും വ്യക്തമായിരുന്നു. ഇതൊരു പതിവ് പരിപാടിയായിരുന്നു. ഇതിനു പുറമേയാണ് പണം നൽകുന്നതിനുള്ള കാലതാമസവും കുത്തിത്തിരിപ്പുകളും. ഇതിൽ മനംനൊന്താണ് ലീ ബിൻ സീൻ ആത്മഹത്യ ചെയ്തത്.

2007-ൽ 35 കോടി രൂപ സർക്കാർ നഷ്ടപരിഹാരം നൽകേണ്ടിവന്നു. പെൻഡിംഗ് ബില്ലും ബാക്കി പണി തീർക്കാൻ 215 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റും അംഗീകരിച്ചു. അങ്ങനെ 216 കോടി രൂപയുടെ പദ്ധതി പൂർത്തിയാകാൻ ചുരുങ്ങിയത് 330 കോടിയെങ്കിലും വേണ്ടിവന്നു; ഒരു എന്‍ജിനീയറുടെ ആത്മഹത്യയും. 2011 മേയിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി. പ്രതിരോധ വകുപ്പിലേക്ക് സ്ഥലംമാറിപ്പോയ ഗ്യാനേഷ് കുമാർ പിറ്റേ വർഷം ഡൽഹി കേരള ഹൗസിൽ റസിഡന്റ് കമ്മിഷണറായി. 2016-ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ വീണ്ടും എൽ.ഡി.എഫ് സർക്കാർ വന്നപ്പോൾ കേന്ദ്ര സർക്കാരിന്റെ കശ്മീർ വകുപ്പിലേക്ക് മാറി. “അവിടെ അദ്ദേഹത്തിന്റെ കാർമികത്വത്തിലാണ് ഒരു സംസ്ഥാനത്തെ വെട്ടിപ്പൊളിച്ച് ഇല്ലാതാക്കി ബി.ജെ.പി ഭരണം കൊണ്ടുവന്നത്” തോമസ് ഐസക് പറയുന്നു. രാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ സൂത്രധാരനും ഗ്യാനേഷ് കുമാർ ആയിരുന്നു. പിന്നെ കാണുന്നത് 2025-ൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെ നിയമിക്കുന്നതാണ്. സുപ്രീംകോടതി നിർദേശ പ്രകാരം ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ തെരഞ്ഞെടുക്കേണ്ടത്. എന്നാൽ, കേന്ദ്ര സർക്കാർ നിയമഭേദഗതിയിലൂടെ അതിനു മാറ്റം വരുത്തി. ചീഫ് ജസ്റ്റിസിനു പകരം പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി അടങ്ങുന്ന സമിതി രൂപീകരിച്ചു. അങ്ങനെയാണ് ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ഉന്നത നേതൃത്വം ഇത്രയ്ക്കു വലിയ പരിഗണന കൊടുത്തത് അവരുടെ അജൻഡകൾ അവരേക്കാൾ നന്നായി നടത്തിക്കൊടുക്കുന്നതിന്റെ പ്രത്യുപകാരമാരമാണെന്നു വ്യക്തം. ധനമന്ത്രി എന്ന നിലയിലെ സ്വന്തം അനുഭവങ്ങളുടെ കൂടി ഉറപ്പിലാണ് ഗ്യാനേഷ് കുമാറിന്റെ അഴിമതിയെക്കുറിച്ചു തോമസ് ഐസക് പറയുന്നത്. കേരളം വിട്ട ശേഷമുള്ള കാര്യങ്ങൾ രാജ്യത്തിനു മുന്നിൽ പകൽപോലെ വ്യക്തമായതുമാണ്.

ജിജി തോംസണ്‍

ബി.ജെ.പിയിലേക്കൊരു വാതിൽ

കേരളത്തിൽ ചീഫ് സെക്രട്ടറിയായി വിരമിച്ച ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലവും ഗ്യാനേഷ് കുമാർ ബി.ജെ.പിക്കുവേണ്ടി ഇടനിലക്കാരനാകാൻപോലും തയ്യാറായതിന്റെ തെളിവാണ്. എന്നാൽ, സ്വന്തം അനുഭവം തുറന്നു പറയാൻ തയ്യാറായ ജിജി തോംസണെ സൈബർ ഇടത്തിലും പുറത്തും ആക്ഷേപിച്ചാണ് ബി.ജെ.പി പ്രതികരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥയായി മത്സരിച്ചുകൂടെ എന്ന് ഗ്യാനേഷ്‌ കുമാർ ചോദിച്ചു എന്നാണ് ജിജി തോംസൺ ഏഷ്യാനെറ്റ് ന്യൂസിന്റെ കെ.ജി. കമലേഷിനോട് വെളിപ്പെടുത്തിയത്. പിന്നീടത് രാജ്യമാകെ ശ്രദ്ധിച്ച വാർത്തയായി മാറി. “ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്നും മറുപടി നൽകി” -ജിജി തോംസൺ പറഞ്ഞു. 2016-ൽ ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു ഈ സംഭാഷണം. ഗ്യാനേഷ് കുമാർ ഇങ്ങനെയൊരു ഓഫർ വയ്ക്കേണ്ട ആളല്ലല്ലോ എന്നാണ് അന്ന് സർവീസിൽ ഉണ്ടായിരുന്ന ജിജി തോംസൺ ചിന്തിച്ചത്. അതുതന്നെയാണ് പ്രധാനവും. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചാൽ ബി.ജെ.പിയിൽ ചേരാൻ ആയിരുന്നു നിർദേശം. സർവീസിലുള്ള മറ്റൊരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ പറയുന്നു. സ്വാഭാവികമായും അത് അത്ഭുതപ്പെടുത്തി. എന്നാൽ, ഗ്യാനേഷ്‌ കുമാറിന്റെ രാഷ്ട്രീയ പ്രതിബദ്ധതയെക്കുറിച്ച് ഇന്നു രാജ്യം മുഴുവൻ ചർച്ച ചെയ്യുമ്പോൾ ജിജി തോംസണ് അതിൽ അത്ഭുതമില്ല. മാത്രമല്ല, തുറന്നു പറയാനും അദ്ദേഹം തയ്യാറായി.

ജിജി തോംസൺ പഴയ കെ.എസ്.യുക്കാരൻ ആണെന്നും സുവിശേഷം നടത്താൻ ഐ.എ.എസ് തലപ്പത്തിരുന്ന് ആഹ്വാനം ചെയ്ത ഇവാഞ്ചലിസ്റ്റ് ആണെന്നും ഉൾപ്പെടെയാണ് സൈബർ ഇടത്തെ ആക്ഷേപം. പഴയ പാമോയിൽ ഇറക്കുമതി അഴിമതിക്കേസിലെ പ്രതിയാണ് എന്നും അധിക്ഷേപിക്കുന്നു. എന്നാൽ, ജിജി തോംസണെ മോശക്കാരനായി ചിത്രീകരിക്കാനോ അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനോ കേരളത്തിലെ പ്രധാന ബി.ജെ.പി നേതാക്കളാരും തയ്യാറായിട്ടില്ല എന്നത് പ്രധാനമാണ്. ബി.ജെ.പി ക്രൈസ്തവ സമുദായത്തെ കൂടെ നിർത്താൻ ശ്രമിക്കുന്നതിനിടെ ജിജി തോംസണിന്റെ വെളിപ്പെടുത്തലിനെ ചോദ്യം ചെയ്ത് പുതിയ വിവാദങ്ങൾ വേണ്ട എന്ന ചിന്ത.

1991-ലെ കെ. കരുണാകരൻ സർക്കാരിൽ ജിജി തോംസൺ സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ആയിരുന്നപ്പോഴാണ് പാമോയിൽ കേസിനു കാരണമായ ഇറക്കുമതി നടന്നത്. സിംഗപ്പൂരിൽനിന്ന് 30,000 മെട്രിക് ടൺ പാമോയിൽ ഇറക്കുമതി ചെയ്ത ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ആരോപണവും കേസും. അതുൾപ്പെടെ അറിയാതെയാകില്ല ജിജി തോംസണ് മുന്നിൽ ഗ്യാനേഷ് കുമാർ ബി.ജെ.പിക്കുവേണ്ടി വാഗ്ദാനം വച്ചത്. പക്ഷേ, അദ്ദേഹം അതു നിരസിച്ചു എന്നു തുറന്നു പറഞ്ഞപ്പോൾ വാലും തുമ്പും ഇല്ലാതെ അവസാനിച്ച പഴയ കേസിനെക്കുറിച്ച് പറയുന്നു. ജിജി തോംസൺ പക്ഷേ, അതിന്റെ പേരിൽ ഭയക്കുകയോ പറഞ്ഞതിൽനിന്നു പുറകോട്ടു പോവുകയോ ചെയതിട്ടില്ല.

---

അടിക്കുറിപ്പ്: മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഗ്യാനേഷ് കുമാറിന് എഴുതിയ തുറന്ന കത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി

നാന പടേക്കറുടെ സംസ്‌കാര ചടങ്ങുകള്‍ രാത്രി 11.30 ന് നടത്തിയത് എന്തുകൊണ്ട്? കാരണം പറഞ്ഞ് മകന്‍

സമരമുഖം മാറുന്നു; മോദിയുടെയും അമിത്ഷായുടെയും വീടുകളുടെ മുന്നിലേക്ക് സമരം വ്യാപിപിക്കാന്‍ ഇന്ത്യ സഖ്യം

'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെ​ഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട