

ദുബായ്: യുഎഇയിലെ റാസല്‍ഖൈമയില്‍ യാത്രാ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഏറെയും മലയാളികള്‍ എന്ന് സ്ഥിരീകരണം. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായില്ല. മലയാളിയുടെ ഉമസ്ഥതയിലുളള വാഹനമാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. അപകടത്തില്‍ ഇതുവരെ 13 പേര്‍ മരിച്ചു. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആണ്. മരിച്ചവരില്‍ 11 പേര്‍ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഒരു ഫിലിപ്പെയ്ന്‍ സ്വദേശിയും ഒരു ശ്രീലങ്കന്‍ സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യക്കാരുടെ വിവരങ്ങള്‍ അറിയാനുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍: 80046342
ഇന്ന് പുലര്‍ച്ചെയാണ് അല്‍ വതന്‍ റോഡില്‍ പാസഞ്ചര്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഒമാനില്‍ വിസ മാറാന്‍ പോയി തിരികേ വരികയായിരുന്ന 41 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബ്രേക്ക് ഡൗണായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നിലേയ്ക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട വിവരം ലഭിച്ചയുടന്‍ പ്രത്യേക അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി. ആംബുലന്‍സ് ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് വിഭാഗം തുടങ്ങിയവര്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തര വൈദ്യസഹായത്തിനും നേതൃത്വം നല്‍കി.
യുഎഇ ആഭ്യന്തര മന്ത്രാലയമാണ് അപകടവിവരം പുറത്തു വിട്ടത്. നവംബര്‍ 12ന് ഫുജൈറയിലുണ്ടായ വന്‍ അപകടത്തില്‍ 14 പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ച്ചയ്ക്കിടെ ഉണ്ടായ അപകട മരണങ്ങള്‍ യുഎഇ ജനതയ്ക്കുണ്ടാക്കിയ ആഘാതം ചെറുതല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates