കപ്പുമായി സ്പെയിന്‍ ടീം Ashley Landis
Malayalam Weekly

കാല്‍പ്പന്തിന്റെ സ്‌പാനിഷ് ഗോപുരം

ന്യൂയോര്‍ക്ക് ന്യൂജെഴ്‌സി മെറ്റ് ലൈഫ് സ്റ്റേഡിയത്തിലെ പുല്‍ത്തകിടിയില്‍ ആകാശനീലിമയുടെ കുപ്പായക്കാര്‍ ഒറ്റപ്പെട്ട തുരുത്തുകളായി കണ്ണീരില്‍ നനയുന്നതും കപ്പല്‍ഛേദം വന്ന നാവികനെപ്പോലെ ലയണല്‍ മെസ്സി നിശ്ശബ്ദനായി നടന്നുനീങ്ങുന്നതും അത്യപൂര്‍വമായ ഒരു സ്‌പാനിഷ് ഗോപുരം ഉയരുന്നതും നാം വിസ്മയത്തോടെ കണ്ടു.

എഎന്‍. രവീന്ദ്രദാസ്

ഭാഗ്യത്തിന്റേയോ സൗജന്യത്തിന്റേയോ ലാഞ്ഛന പോലുമില്ലാത്ത സമഗ്രാധിപത്യത്തിന്റെ വിളയാട്ടം. സ്തുതിഗീതങ്ങള്‍ കാല്‍പ്പന്തിന്റെ സ്‌പാനിഷ് വസന്തത്തിന്. 2026 ജൂലൈ 19, ഫുട്ബോളിനെ രക്തത്തില്‍ അലിയിച്ച അര്‍ജന്റീന്‍ ജനതയ്ക്ക് ദേശീയ ദുരന്തത്തിനു സമാനമായിരുന്നു. ലോകമൊട്ടുക്കും കളിപ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തിയ 120 മിനിറ്റ് ദീര്‍ഘിച്ച കലാശപ്പോരില്‍ ഫെറാന്‍ ടോറസ് അധികസമയത്ത് നേടിയ ഒറ്റ ഗോളില്‍ തുടര്‍കിരീടമെന്ന അര്‍ജന്റീനയുടെ മോഹം തകര്‍ത്ത് സ്‌പെയിന്‍ 2010-നു ശേഷം ഒരിക്കല്‍ക്കൂടി ലോകകപ്പുമായി മടങ്ങി. ന്യൂയോര്‍ക്ക് ന്യൂജെഴ്‌സി മെറ്റ് ലൈഫ് സ്റ്റേഡിയത്തിലെ പുല്‍ത്തകിടിയില്‍ ആകാശനീലിമയുടെ കുപ്പായക്കാര്‍ ഒറ്റപ്പെട്ട തുരുത്തുകളായി കണ്ണീരില്‍ നനയുന്നതും കപ്പല്‍ഛേദം വന്ന നാവികനെപ്പോലെ ലയണല്‍ മെസ്സി നിശ്ശബ്ദനായി നടന്നുനീങ്ങുന്നതും അത്യപൂര്‍വമായ ഒരു സ്‌പാനിഷ് ഗോപുരം ഉയരുന്നതും നാം വിസ്മയത്തോടെ കണ്ടു.

എത്ര ഗോള്‍ സ്വന്തം വലയില്‍ വീണാലും അതിലപ്പുറം എതിരാളിക്ക് നല്‍കാനും തിരിച്ചടിപ്പിക്കാനും കെല്പുള്ള അര്‍ജന്റീനയുടെ നായകനും നിയന്താതാവുമായ മെസ്സി, തന്റെ കളി ജീവിതത്തിലെ ആ ഏറ്റവും വലിയ പോരാട്ടം ഈ ഫൈനലിനായി കരുതിവെച്ചിട്ടുണ്ടെന്ന് പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്ക് നിരാശയോടെ ആ പതനം കണ്ടുനില്‍ക്കേണ്ടിവന്നു. പോര്‍ച്ചുഗലിനേയും ബെല്‍ജിയത്തേയും ഫ്രാന്‍സിനേയും കീഴടക്കിയെത്തിയ ലാറോജാസ് കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും യൂറോപ്പിന്റേയും ലാറ്റിനമേരിക്കയുടേയും ചാമ്പ്യന്മാര്‍ തമ്മിലുള്ള ഈ അന്തിമയുദ്ധം ഒരു ഘട്ടത്തിലും പ്രതീക്ഷിച്ച നിലവാരത്തിലേക്കുയര്‍ന്നില്ല. ഇരു വന്‍കരകളുടേയും നിറഞ്ഞാട്ടമുണ്ടായില്ലെന്നതിനൊപ്പം അര്‍ജന്റീനയ്ക്ക് അവരുടെ നൈസര്‍ഗികമായ കളി പുറത്തെടുക്കാനുമായില്ല. പാസുകളുടെ അതുല്യതയും നല്ല ഒഴുക്കുള്ള നീക്കങ്ങളുംകൊണ്ട് ഗ്രൗണ്ടിലെ തങ്ങളുടെ സ്‌പന്ദനങ്ങള്‍ നിലയ്ക്കാത്ത പ്രവാഹമായി മാറ്റാന്‍ സ്‌പെയിനിനു കഴിഞ്ഞപ്പോള്‍ ഏറിയ സമയവും കളി ഏകപക്ഷീയമായി.

ലയണല്‍ മെസ്സിയുടെ അര്‍ജന്റീന്‍ സംഘത്തിന് സ്‌പെയിനിന്റെ അങ്കണത്തിലേക്ക് എത്തിനോക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അഥവാ അവിടെയെത്തിയാലും അവര്‍ നിരായുധരായിരുന്നു. മെസ്സിക്ക് മാന്ത്രികത നഷ്ടമായപ്പോള്‍ സ്‌പെയിനിന്റെ ലാമിന്‍ യമാലിലൂടെ പുതിയ നക്ഷത്രമാണ് ഉദിച്ചത്. ടേപ് കൊണ്ട് അളന്നുമുറിച്ചതുപോലുള്ള പാസുകളുടെ മാലകോര്‍ക്കാനും പാദത്തിന്റെ ഏത് ഭാഗംകൊണ്ടും അടിച്ചേല്പിക്കാന്‍ കഴിയുംവിധവും സാങ്കേതിക ഭദ്രതയുള്ളതായിരുന്നു സ്‌പാനിഷുകാരുടെ പദചലനം. സ്‌പെയിന്‍ കാഴ്ചവെച്ച കളിയുടെ തന്ത്രപരമായ നിര്‍വഹണം വിജയത്തില്‍ നിര്‍ണായകമായി. കളി എപ്പോഴും എങ്ങനെ സമ്പൂര്‍ണമാക്കാമെന്ന് തലപുകയ്ക്കുന്ന പരിശീലകന്‍ ലൂയിസ് ഡെ ലാഫ്യൂയന്റെയുടെ തന്ത്രങ്ങള്‍ മനസ്സിലേക്ക് ഏറ്റുവാങ്ങി, കാലുകളിലേക്ക് ആവാഹിച്ച് പ്രവൃത്തിപഥത്തിലെത്തിച്ച അനുപമമായ നേട്ടമാണ് റോഡ്രിയുടെ സംഘം വെട്ടിപ്പിടിച്ചത്. റോഡ്രി 101 പാസുകളാണ് തൊടുത്തത്. പത്തൊന്‍പതുകാരന്‍ പ്രതിരോധതാരം പൗ കുബാര്‍സി 121 പാസും നല്‍കി. റോഡ്രിയും ഫാബിയന്‍ റൂയിസും ഡാനി ഒല്‍മോയും അടക്കിവാണ മധ്യനിരയില്‍ അര്‍ജന്റീനയ്ക്ക് ഒരിക്കലും പിടിമുറുക്കാന്‍ കഴിഞ്ഞില്ല. കുബാര്‍സിയും അയ്‌മെറിക് ലാപോര്‍ട്ടെയും പ്രതിരോധം കാത്തപ്പോള്‍ മാര്‍ക് കുകുറെല്ലെ അവിടംവിട്ട് ആക്രമണങ്ങള്‍ക്ക് ഇറങ്ങിയതും അര്‍ജന്റീനയെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വശം കെടുത്തി.

106-ാം മിനിറ്റില്‍ വില്യംസിന്റെ പാസില്‍ ടോറസ് വലയിലേക്ക് തൊടുത്തുവിട്ട ഇടങ്കാല്‍ ഷോട്ട്, 2010-ല്‍ നെതര്‍ലന്‍ഡ്സിനെതിരെ ആന്ദ്രേ ഇനിയെസ്റ്റയുടെ വിജയഗോളിനെ ഓര്‍മിപ്പിക്കുന്നതായി. പന്തില്‍ 65 ശതമാനം നിയന്ത്രണമുണ്ടായ സ്‌പെയിന്‍ പറത്തിയ 20 ഷോട്ടുകളില്‍ 12 എണ്ണം ലക്ഷ്യത്തിലേക്ക് തന്നെ. ഗോള്‍ കീപ്പര്‍ എമിലിയോ മാര്‍ട്ടിനെസിന്റെ ഉജ്ജ്വല രക്ഷാപ്രവര്‍ത്തനമില്ലായിരുന്നെങ്കില്‍ അര്‍ജന്റീനയുടെ തോല്‍വി ഭയാനകമാവുമായിരുന്നു. അതേസമയം, 90 മിനിറ്റില്‍ ഒരു ഷോട്ടുപോലും തൊടുക്കാനാവാതെ വിറങ്ങലിച്ചുപോയ അര്‍ജന്റീനയ്ക്ക് മധ്യനിരക്കാരന്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ചുവപ്പുകാര്‍ഡ് ഇരട്ടി പ്രഹരവുമായി.

നിരാശനായി മെസി

തോല്‍വിയറിയാതെ 38 മത്സരം പൂര്‍ത്തിയാക്കിക്കൊണ്ടാണ് സ്‌പെയിന്‍ ലോകകപ്പുയര്‍ത്തിയത്. ഇറ്റലിയുടെ റെക്കോര്‍ഡാണ് മറികടന്നത്. 2024 മാര്‍ച്ച് 22-ന് കൊളംബിയയോട് തോറ്റതിനുശേഷം വിജയക്കുതിപ്പിലാണ്. 32 ജയവും ആറ് സമനിലയുമാണ്. ഈ റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങിയ ഇറ്റലിക്കു പിന്നില്‍ (2024-2026-37 മത്സരം) അര്‍ജന്റീനയും (2019-2022-36) ബ്രസീലുമാ(1993-1996-35)ണുള്ളത്. 19 വര്‍ഷവും ആറ് ദിവസം പ്രായക്കാരനായ ജാമില്‍ യമാല്‍, പെലെയ്ക്കും ഗിസപ്പെ ബര്‍ഗോമിക്കും ശേഷം ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയാണ് പേരിലാക്കിയത്. ഫ്യുയന്റെയുടെ പരിശീലനത്തില്‍ 2019-ല്‍ അണ്ടര്‍ 19 യൂറോ കപ്പ് നേടിയ സ്‌പെയിനിന്റെ സമ്മോഹനമായ യാത്രയാണ് ഇപ്പോള്‍ ലോകകിരീടത്തിന്റെ നിറവിലെത്തിയത്.

ലോകകപ്പില്‍ കൂടുതല്‍ ഗോളടിച്ചതിനുള്ള ഗോള്‍ഡന്‍ ബൂട്ട് തുടര്‍ച്ചയായ രണ്ടാം ടൂര്‍ണമെന്റിലും കിലിയന്‍ എംബാപ്പെയുടെ ഷോക്കേസിലെത്തി. എട്ട് കളിയില്‍നിന്ന് 10 ഗോളും നാല് അവസരങ്ങളുമാണ് സൃഷ്ടിച്ചത്. 2022-ല്‍ ഖത്തറില്‍ എട്ട് ഗോള്‍ നേടി. ആകെ 22 ഗോളുകളായി. എട്ട് ഗോള്‍ നേടിയ ലയണല്‍ മെസ്സിക്ക് സില്‍വര്‍ ബൂട്ടും ഏഴ് ഗോളടിച്ച ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ് ഹാമിന് വെങ്കല ബൂട്ടും ലഭിച്ചു. അതേസമയം സ്‌പെയിനിനെ രണ്ടാം ലോക വിജയത്തിലേക്കെത്തിച്ച നായകന്‍ റോഡ്രിയാണ് മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ കരസ്ഥമാക്കിയത്. മികച്ച രണ്ടാമത്തെ താരത്തിനുള്ള സില്‍വര്‍ ബോള്‍ മെസ്സിയിലേക്കെത്തി. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരത്തിന് അര്‍ഹനായത് സ്‌പെയിനിന്റെ ഉനായ് സിമോണാണ്. ഏഴ് മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതിരുന്ന സിമോണ്‍ 14 രക്ഷപ്പെടുത്തലുകള്‍ നടത്തി. മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടത് സ്‌പെയിനിന്റെ പൗ കുബാര്‍സിയാണ്.

അതേസമയം 104 മത്സരങ്ങള്‍ നീണ്ട എക്കാലത്തേയും വലിയ ലോകകപ്പില്‍ പിറന്നത് 308 ഗോളുകളാണ്. ഒരു കളിയില്‍ ശരാശരി 2.96 ഗോള്‍. 172 ഗോളുണ്ടായ ഖത്തര്‍ ലോകകപ്പിനെ ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ ഇത്തവണ പിന്തള്ളി(72 മത്സരം - 215 ഗോള്‍)യിരുന്നു. ഇത്തവണ നോക്കൗട്ടില്‍ പിറന്നത് 93 ഗോള്‍. ഗോള്‍ നേട്ടത്തില്‍ 20 വീതമടിച്ച് ഫ്രാന്‍സും ഇംഗ്ലണ്ടും ഒന്നാമതാണ്. 19 ഗോളോടെ അര്‍ജന്റീന രണ്ടാമതും 14 ഗോളോടെ സ്‌പെയിന്‍ മൂന്നാം പടിയിലുമാണ്. ഈ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മടങ്ങിയ പാനമ മാത്രമാണ് സ്‌കോര്‍ ബോര്‍ഡ് തുറക്കാത്ത ഏക ടീം.

കൂടുതല്‍ ഗോള്‍ നേടിയവരില്‍ കിലിയന്‍ എംബാപ്പെയ്ക്കും (10) ലയണല്‍ മെസ്സിക്കും (8) പിന്നില്‍ ഏഴ് ഗോള്‍ വീതമടിച്ച് ജൂഡ് ബെല്ലിങ് ഹാമും എര്‍ലിങ് ഹാലണ്ടും മൂന്നാം സ്ഥാനം പങ്കിടുന്നു. ഒസ്‌മാന്‍ ഡെംബലേയും ഹാരികെ‌യ്‌നും ആറ് ഗോള്‍ വീതവും ഒയര്‍സബാല്‍ അഞ്ച് ഗോളും അടിച്ചു.

ആരാധകരുടെ നിരാശ

മെസ്സി ആ താരാപഥത്തില്‍

അതേസമയം കപ്പ് നിലനിര്‍ത്തിയിരുന്നെങ്കില്‍ മെസ്സിയുടെ അര്‍ജന്റീന തുടര്‍ച്ചയായ നേട്ടം കൊയ്ത ബ്രസീലിന്റേയും (1958-1962) ഇറ്റലിയുടേയും (1934-1938) റെക്കോര്‍ഡിനൊപ്പമെത്തുമായിരുന്നു. അന്തിമവിജയം അകന്നുപോയെങ്കിലും കാല്‍പ്പന്തിന്റെ ഉത്തമതാപസനായ മെസ്സി പുല്‍മൈതാനങ്ങളില്‍ ഉന്നതശീര്‍ഷനായി നിലനിന്നു. ഫ്രീകിക്ക്, ബോള്‍ കണ്‍ട്രോള്‍, പാസുകള്‍, ട്രാപ്പുകള്‍, സന്തുലനം എന്നിവയിലെല്ലാം ശേഷിയുടേയും നൈപുണിയുടേയും ആള്‍രൂപമായി മെസ്സി മാറിയതാണ് നാം കണ്ടത്. ഗോളിനെക്കാള്‍ ഒരു ഡ്രിബ്ബിളിങ്ങും അതിന്റെ പരിചരണവുമൊക്കെ പ്രജ്ഞാപൂര്‍ണവും സൗന്ദര്യാത്മകവുമായ ആവിഷ്കാരമാക്കുംവിധം സമ്പൂര്‍ണമാക്കാന്‍ 39-ാം വയസ്സിലും അദ്ദേഹത്തിനു കഴിയുന്നു. നാല് ലോകകപ്പിനിടെ മൂന്ന് ഫൈനല്‍ കളിക്കുമ്പോഴും ആ കാലുകള്‍ തളര്‍ന്നിട്ടില്ല. എന്നാല്‍, സ്‌പെയിനിനെതിരെ 54 തവണ മാത്രമാണ് പന്തില്‍ ആ സ്‌പര്‍ശമുണ്ടായത്. എങ്കിലും ആറ് ലോകകപ്പുകള്‍ കളിച്ച ലയണല്‍ മെസ്സി അനശ്വരതയിലേക്കുള്ള പ്രയാണം എന്നേ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

കളിയില്‍ രചനാത്മകമായ സ്വപ്നാടനം നടത്തിയാണ് ഇതിഹാസതാരം കടന്നുപോകുന്നത്. കളിയിലൂടെ ഒരുതരം രാസവിദ്യ അനുഭവപ്പെടുത്തിയ മെസ്സി അതിന്റെ സര്‍ഗാത്മകമായ പരിചരണത്തിലൂടെയാണ് അത് സാധ്യമാക്കിയത്. കീറ്റ്സ് പാടിയതുപോലെ സൗന്ദര്യം സത്യമാണെങ്കില്‍ സത്യം സൗന്ദര്യമാണെങ്കില്‍ മഹായശസ്‌കരായ കളിക്കാര്‍ക്കൊപ്പം ലയണല്‍ മെസ്സിയും ചരിത്രപഥത്തില്‍ പ്രകാശം പരത്തിനില്‍ക്കുന്നു.

പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് എച്ചില്‍ ഒന്നാമന്മാരായാണ് സ്‌പെയിന്‍ ലോകകപ്പ് പ്രയാണം ആരംഭിച്ചതെങ്കിലും കാര്യങ്ങള്‍ അത്ര സുഗമമായിരുന്നില്ല. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത കുതിപ്പുനടത്തി ചരിത്രത്തിലേക്ക് കയറിനിന്ന കേപ്‌വെര്‍ദെ സ്‌പാനിഷ് വീര്യത്തെ ഗോളില്ലാ സമക്കളിയില്‍ തല്ലിക്കെടുത്തി. എന്നാല്‍ സൗദി അറേബ്യക്കെതിരെ ഉണര്‍ന്നെണീറ്റ സ്‌പെയിന്‍ നാല് ഗോള്‍ അടിച്ചുകൂട്ടി. ഒടുവില്‍ കടുത്ത പോരാട്ടം നടത്തിയ യുറഗ്വായെ ഏക ഗോളിനു മറികടന്ന് ഗ്രൂപ്പ് ഘട്ടം മികച്ച നിലയില്‍ അവസാനിപ്പിച്ചു.

റൗണ്ട് ഓഫ് 32-ല്‍ ഓസ്‌ട്രിയയെ 3-0-നു തകര്‍ത്തു മുന്നേറിയെങ്കിലും യൂറോപ്യന്‍ എതിരാളികളുടെ കടുപ്പം മറികടക്കാന്‍ സ്‌പെയിനിന് മൈക്കല്‍ മൊറീനോയുടെ അവസാന നിമിഷ ഗോളുകള്‍ വേണ്ടിവന്നു. പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെ (1-0) ആയിരുന്നു മൊറീനോയുടെ ആദ്യ ഗോള്‍. പിന്നാലെ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരെ വീണ്ടും ഒരു അവസാന നിമിഷ ഗോളിലൂടെ 2-1 ജയം. അതുവരെ ടൂര്‍ണമെന്റില്‍ വഴങ്ങിയ ഏക ഗോള്‍ ബെല്‍ജിയത്തിനെതിരെയാണ്. ഓരോ മത്സരം കഴിയുംതോറും സ്‌പെയിന്‍ രാകി മിനുക്കപ്പെട്ടുകൊണ്ടിരുന്നു. ഫ്രാന്‍സിനെതിരായ സെമിഫൈനല്‍ പോരാട്ടം അവരിലെ ചാമ്പ്യനെ പുറത്തുകൊണ്ടുവന്നു. ഫ്രാന്‍സിനെ തിരിച്ചുകിട്ടാത്ത രണ്ട് ഗോളുകള്‍ക്ക് മറികടന്ന സ്‌പാനിഷുകാര്‍ 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിനുശേഷം ആദ്യമായി കലാശക്കളത്തിലേക്ക് മാര്‍ച്ചു ചെയ്തു.

മറുവശത്ത് മെസ്സി മാന്ത്രികതയുടെ നയനാഭിരാമമായ കാഴ്ചകള്‍ സമ്മാനിച്ചുകൊണ്ട് ആവേശക്കടലിലൂടെയാണ് അര്‍ജന്റീന കയറിവന്നത്. ഗ്രൂപ്പില്‍ മൂന്ന് വിജയങ്ങളോടെ തുടക്കം. തന്റെ ഹാട്രിക്കിലൂടെ അള്‍ജീരിയയുടെ വലനിറച്ച (3-0) ലയണല്‍ മെസ്സി പിന്നാലെ ഓസ്‌ട്രിയയ്ക്ക് ഇരട്ടപ്രഹര(2-0)മേല്പിച്ചും ടീമിനെ മുന്നോട്ടു നയിച്ചു. തുടര്‍ന്ന് ജോര്‍ദാനെതിരെ 3-1 വിജയം നേടിയപ്പോഴും മെസ്സിയുടെ ഒരു ഗോള്‍ ഉണ്ടായിരുന്നു.

എന്നാല്‍, നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നപ്പോള്‍ അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ കടുപ്പമായി. റൗണ്ട് ഓഫ് 32-ല്‍ കേപ് വെര്‍ദെയുടെ കനത്ത വെല്ലുവിളിയോടെ അധികസമയത്തേക്ക് നീണ്ട കളിയില്‍ 3-2-ന് വിജയം പിടിച്ചുപറ്റാന്‍ മെസ്സിയുടെ സംഘത്തിനു നന്നായി വിയര്‍പ്പൊഴുക്കേണ്ടിവന്നു.

റൗണ്ട് ഓഫ് 16-ലാകട്ടെ, നാടകീയതയുടെ സുഭിഷിതകൊണ്ട് ശ്രദ്ധേയമായ പോരാട്ടത്തില്‍ ഈജിപ്തിനെതിരെ 79-ാം മിനിറ്റുവരെ 2-0 നു പുറകില്‍. അവസാന നിമിഷങ്ങളില്‍ അവിശ്വസനീയമായ തിരിച്ചുവരവിലൂടെ 3-2 വിജയം പിടിച്ചെടുത്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌കോര്‍ 1-1-ല്‍ നില്‍ക്കേ, എതിരാളികളായ സ്വിറ്റ്സര്‍ലന്‍ഡ് പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ജയിക്കാന്‍ അര്‍ജന്റീനയ്ക്ക് അധികസമയം വേണ്ടിവന്നു. ജൂലിയന്‍ അല്‍വാരെസിന്റെ ഉജ്ജ്വല ഗോളാണ് സ്വിസ് കോട്ട തകര്‍ത്തത്. ഒപ്പം ലൗട്ടാരൊ മാര്‍ട്ടിനെസും ഗോള്‍ നേടിയതോടെ വിജയം (3-1) ഉറപ്പിച്ചു.

സെമിഫൈനലിലും നാടകീയത ഒട്ടും കുറഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആന്റണി ഗോര്‍ഡനിലൂടെ ലീഡുനേടിയ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ച മട്ടിലായിരുന്നു. എന്നാല്‍, എന്‍സോ ഫെര്‍ണാണ്ടസിന്റെ ലോങ് റേഞ്ചര്‍ അവരുടെ നെഞ്ചില്‍ ഇടിത്തീയായി പതിച്ചു. പകരക്കാരനായി ഇറങ്ങിയ ലൗട്ടാരൊ മാര്‍ട്ടിനെസിന്റെ ഹെഡറാകട്ടെ, ഇംഗ്ലണ്ടിന്റെ ഹൃദയം പിളര്‍ക്കുക തന്നെ ചെയ്തു. രണ്ട് ഗോളിനും ഇഴപാകിയത് മെസ്സിയും.

ഫ്രാന്‍സ് ടീം പരിശീലനത്തില്‍

ഫ്രാന്‍സ് പിടഞ്ഞുവീണു

ഡാലസ്സില്‍ നടന്ന സെമിഫൈനലില്‍ പൊരുതാന്‍ പോലുമാവാതെയാണ് കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സ് സ്‌പെയിനിന്റെ കൈകളില്‍ വീണുടഞ്ഞത്. അതുവരെ എതിരാളികളെ നിര്‍ദയം കശാപ്പു ചെയ്തുകൊണ്ട് പടയോട്ടം നടത്തുകയായിരുന്ന ഫ്രാന്‍സ്, കൂട്ടായ്മയും അച്ചടക്കവുമുള്ള സ്‌പെയിനിന്റെ ഗരിമയാര്‍ന്ന പോരാട്ടത്തിനു മുന്‍പില്‍ പൂച്ചക്കുട്ടികളായി മാറിയതാണ് കണ്ടത്.

പന്ത് കൈവശം വെച്ച് കളി മെനഞ്ഞ സ്‌പെയിനിന് മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മേധാവിത്വം നിലനിര്‍ത്താനായി. അവസാന കാല്‍മണിക്കൂറിലാണ് ഫ്രാന്‍സ് പന്തിന്മേലുള്ള ആധിപത്യം നേടുന്നത്. അപ്പോഴേയ്ക്കും അവരുടെ വിധി കുറിച്ചുകഴിഞ്ഞിരുന്നു. ഈ മത്സരത്തിന്റെ രണ്ടുനാള്‍ മുന്‍പ് ഇരുപതാം വയസ്സിലേക്ക് കടന്ന യുവപ്രതിഭ ലാമിന്‍ യമാല്‍ സ്‌പെയിനിനു വിജയം ഒരുക്കിക്കൊണ്ടാണ് ജന്മദിനം ആഘോഷിച്ചത്. 22-ാം മിനിറ്റില്‍ ടീമിന്റെ ആദ്യ ഗോളിനു കാരണമായ പെനല്‍റ്റി നേടിയത് ഈ വിങ്ങറാണ്. യമാലിനെ ഫൗള്‍ ചെയ്തതിന് ഫ്രെഞ്ചു താരം ലൂക്കാസ് പിഴമൂളിയ കിക്കെടുത്ത മൈക്കല്‍ ഒയര്‍സ ബാലിനു പിഴച്ചില്ല. ഈ ലോകകപ്പില്‍ ആദ്യമായാണ് ഫ്രാന്‍സ് പിന്നില്‍ പോയത്. 58-ാം മിനിറ്റില്‍ പെഡ്രോ പോറോയും ഗോള്‍ നേടിയതോടെ ഫ്രാന്‍സിന്റെ പതനം (2-0) പൂര്‍ത്തിയായി.

ആദ്യ പകുതിയില്‍ ഒറ്റ ഷോട്ടുപോലും ലക്ഷ്യത്തിലേക്ക് പായിക്കാന്‍ ഫ്രാന്‍സിനായില്ല. 2022 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ക്വാര്‍ട്ടര്‍ഫൈനലിനുശേഷം കിലിയന്‍ എംബാപ്പെ ലക്ഷ്യത്തിലേക്ക് ഒറ്റ ഷോട്ടും പായിക്കാത്ത ആദ്യ മത്സരമാണിത്. അതേപോലെ റയല്‍ മാഡ്രിഡില്‍ ചേര്‍ന്നതിനുശേഷം ലാമിന്‍ യമാലിനെതിരെ നടന്ന ക്ലബ്ബിന്റേയോ രാജ്യത്തിന്റേയോ ഒറ്റ നോക്കൗട്ട് മത്സരവും എംബാപ്പെ നേടിയിട്ടില്ല.

1986 ലോകകപ്പില്‍ പശ്ചിമ ജര്‍മനിയോട് സെമിഫൈനലില്‍ 0-2-നു തോറ്റതിനുശേഷം നോക്കൗട്ട് മത്സരത്തില്‍ ഫ്രാന്‍സ് നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. 2024 യൂറോ കപ്പിന്റേയും (2-1), 2025 നേഷന്‍സ് ലീഗിന്റേയും (5-4) സെമി പോരാട്ടങ്ങളിലും സ്‌പെയിന്‍ ഫ്രാന്‍സിനെ കീഴടക്കിയിരുന്നു.

ഫ്രാന്‍സ് മുന്‍ മത്സരങ്ങളില്‍നിന്ന് വ്യത്യസ്തമായി കളിയുടെ എല്ലാ രംഗത്തും പിന്നോക്കം പോയിരുന്നു. കിലിയന്‍ എംബാപ്പെ, ഒസ്‌മാന്‍ ഡെംബലെ, ബ്രാഡ്‌ലി ബാര്‍കോള, മൈക്കല്‍ ഒലീസെമാര്‍ക്ക് പഴയതുപോലെ മാരകമായ തുളച്ചുകയറ്റങ്ങള്‍ നടത്താനായില്ല. ആദ്യ പകുതിയില്‍ ഒറ്റ ഷോട്ടുപോലും ലക്ഷ്യത്തിലേക്കില്ല. കളിയുടെ അന്ത്യയാമത്തില്‍ എംബാപ്പെയുടേയും ഡെംബലെയുടേയും ഷോട്ടുകള്‍ സ്‌പാനിഷ് ഗോളി ഉനായ് സിമോണ്‍ അതീവ കരുത്തോടെ രക്ഷപ്പെടുത്തുകയും ചെയ്തു.

അതേസമയം ഹാട്രിക്ക് ഫൈനലെന്ന മോഹം ബാക്കിയാക്കി പടിയിറങ്ങുന്ന വിഖ്യാത പരിശീലകന്‍ ദിദിയെര്‍ ദെഷസിന്റെ കസേരയിലേക്ക് 1998-ല്‍ ഫ്രാന്‍സിന് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത ടീമിലെ അംഗമായ സിനദിന്‍ സിദാന്‍ എത്തുകയാണ്. 2012-ല്‍ ഫ്രാന്‍സിന്റെ പരിശീലകനായെത്തിയ ദെഷംസാണ്, തകര്‍ന്നടിഞ്ഞ കളിസംഘത്തെ ലോകഫുട്ബോളിലെ കരുത്തരാക്കി മാറ്റിയത്. 2014 ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിച്ചു. 2018-ല്‍ ചാമ്പ്യന്മാരാക്കി. 2022-ല്‍ ഖത്തറില്‍ റണ്ണറപ്പാക്കി. ഫ്രാന്‍സ് ആദ്യവട്ടം ലോകകപ്പ് നേടുമ്പോള്‍ നായകനായിരുന്ന ദിദിയെര്‍ ദെഷംസ് കളിക്കാരനായും പരിശീലകനായും ലോകചാമ്പ്യനായ മൂന്നാമത്തെ മാത്രം താരമാണ്. 2021-ല്‍ നേഷന്‍സ് കപ്പിലും ഫ്രാന്‍സിനെ ജേതാക്കളാക്കി. 2016 യൂറോകപ്പില്‍ രണ്ടാം സ്ഥാനത്തുമെത്തിച്ചു.

സിനദിന്‍ സിദാന്‍ 2006-ലാണ് കളി മതിയാക്കിയത്. അന്ന് ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് ഇറ്റലിയോട് തോറ്റു. 2016-ല്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായി. ക്ലബ്ബിനു തുടര്‍ച്ചയായി മൂന്നു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം (2016-2018) നേടിക്കൊടുത്തു. ആ ഹാട്രിക്ക് നേട്ടമടക്കം സിദാന്‍ റയലിന് പതിനൊന്ന് ട്രോഫികള്‍ നേടിക്കൊടുത്തു.

ഇംഗ്ലണ്ട് ഇങ്ങനെയാണ്; ഒടുവില്‍ മൂന്നാം സ്ഥാനം

അറുപത് വര്‍ഷത്തിനുശേഷം ലോകകപ്പ് ഫൈനല്‍ എന്ന സ്വപ്നത്തിലേക്ക് ചുവടുറപ്പിക്കുകയായിരുന്ന ഇംഗ്ലണ്ടിന്റെ യാത്രയ്ക്കാണ് സെമിയില്‍ ലയണല്‍ മെസ്സിയുടെ സംഘം തടയിട്ടത്. ഏഴേ ഏഴ് മിനിറ്റ്. അതിനുള്ളില്‍ വല കുലുക്കിയ എന്‍സോ ഫെര്‍ണാണ്ടസിന്റേയും ലൗട്ടാരൊ മാര്‍ട്ടിനെസിന്റേയും ആ രണ്ട് ഗോളുകള്‍ ഹാരികെയ്‌നിന്റെ ഇംഗ്ലീഷ് സ്വപ്നങ്ങള്‍ നുള്ളിക്കളഞ്ഞു. കളത്തില്‍ ഗര്‍ജിക്കുന്ന സിംഹങ്ങളാണ് തങ്ങളെന്ന് വിളിച്ചറിയിച്ച ഒരു അര്‍ജന്റീന്‍ വിജയമായിരുന്നു അത്. അര്‍ജന്റീനയ്ക്ക് അനുകൂലമായ ഫിക്‌സ്ചര്‍, റഫറിയിങ്ങ് തുടങ്ങിയ വിമര്‍ശനങ്ങള്‍ക്കെല്ലാം ഈ സെമിഫൈനല്‍ പ്രകടനത്തിലൂടെ മെസ്സിയുടെ സംഘം മറുപടി നല്‍കി.

ആദ്യ പകുതിയില്‍ തന്റെ ഇഷ്ടയിടമായ ഡി സര്‍ക്കിളിലേക്ക് കടക്കാന്‍ കഴിയാതിരുന്ന മെസ്സി രണ്ടാം പാതിയില്‍ മറുതന്ത്രവുമായി കളംപിടിച്ചപ്പോള്‍ ഇംഗ്ലണ്ടിനു കടിഞ്ഞാണ്‍ വിട്ടുപോയി. ആശയക്കുഴപ്പത്തിലാകുകയും ചെയ്തു. ഈ സമയത്ത് പ്രത്യാക്രമണത്തിലൂടെ ഇംഗ്ലണ്ട് ലീഡ് നേടിയെങ്കിലും തന്റെ മാജിക് കാണിക്കാനുള്ള ഇടമായി മെസ്സി വലതു പാര്‍ശ്വത്തെ മാറ്റിയതോടെ അവിശ്വസനീയമാംവിധം അര്‍ജന്റീനയുടെ തിരിച്ചടിക്കും തിരിച്ചുവരവിനുമാണ് വഴിയൊരുങ്ങിയത്.

അതേസമയം ഫൗളുകളുടെ കൂമ്പാരമായി മാറിയ ഈ പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്ക് മൂന്നും ഇംഗ്ലണ്ടിന് ഒരു മഞ്ഞ കാര്‍ഡുമാണ് ലഭിച്ചത്. ഫൗളുകള്‍ അര്‍ജന്റീന 15-ഉം ഇംഗ്ലണ്ട് 11-ഉം. എന്നാല്‍, ലീഡെടുത്തശേഷം പ്രതിരോധിക്കാനുള്ള കോച്ച് തോമസ് ടുഷേലിന്റെ തീരുമാനമാണ് ഇംഗ്ലണ്ടിനു വിനയായത്. അതോടെ സബ്സ്റ്റിറ്റ്യൂഷനുകളും പാളി. മധ്യനിര നിയന്ത്രിച്ചിരുന്ന ‍ഡെക്ലാന്‍ റൈസിനേയും റീസ് ജെയിംസിനേയും ഒരുമിച്ച് പിന്‍വലിച്ചപ്പോള്‍ അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. ഇംഗ്ലീഷ് താരങ്ങളെല്ലാം പൂര്‍ണമായും പ്രതിരോധത്തിലേക്ക് നീങ്ങിയതോടെ പന്തിന്റെ നിയന്ത്രണം കിട്ടിയ അര്‍ജന്റീന ആക്രമിച്ചുകളിച്ചുകൊണ്ടാണ് ഈ ഗംഭീര വിജയത്തിലേക്കെത്തിയത്.

ഫാക്‌ലന്‍ഡ്സിലെ യുദ്ധത്തിന്റേയും 1986-ലെ മെക്‌സിക്കോ ലോകകപ്പില്‍ ഡീഗോ മാറഡോണയുടെ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിന്റെ പത്തിമടക്കിയതിന്റേയും ഓര്‍മകള്‍ ഇരുകൂട്ടരേയും സ്വാധീനിച്ചതു പോലെ സെമി ഫൈനലിന്റെ ആദ്യ പകുതി ഗുസ്തി പിടിക്കും പോലെയായിരുന്നു കടന്നുപോയത്. ആദ്യ പകുതിയില്‍ ആകെ പിറന്നത് മൂന്ന് ഷോട്ടുകള്‍ മാത്രം. ഇംഗ്ലണ്ട് ലീഡെടുത്തതിനുശേഷം കണ്ടതാകട്ടെ, അര്‍ജന്റീനയുടെ വിളയാട്ടമായിരുന്നു. ഒന്‍പതുവട്ടം ഇംഗ്ലീഷ് താരങ്ങളെ ഡ്രിബ്ബിള്‍ ചെയ്തു കയറിയ മെസ്സി ഈ മത്സരത്തിലൂടെ ടൂര്‍ണമെന്റിലെ അഞ്ചാമത്തെ മാന്‍ ഓഫ് മാച്ച് പുരസ്കാരവും സ്വന്തമാക്കി. ലോകകപ്പില്‍ തന്റെ 33-ാം ഗോള്‍ പങ്കാളിത്തം കുറിക്കാനും മെസ്സിക്കായി. 21 ഗോള്‍. 12 അസിസ്റ്റ്. 33 കളിയില്‍നിന്നാണ് ഈ നേട്ടം.

ഇംഗ്ലണ്ടിന്റെ കാര്യം ഇങ്ങനെയാണ്. എല്ലാ ടൂര്‍ണമെന്റിലും അവര്‍ ഗംഭീരമായി കളിക്കും. അവസാനത്തെ രണ്ട് യൂറോപ്യന്‍ ടൂര്‍ണമെന്റിലും ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടും റണ്ണറപ്പായി മടങ്ങാനായിരുന്നു വിധി. 2022 ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനു മുന്നില്‍ വീണു. 2018-ല്‍ സെമിഫൈനല്‍. ഈ ലോകകപ്പിലും ഉജ്ജ്വലമായി കളിച്ചു. പക്ഷേ, സെമിയില്‍ തീര്‍ന്നു.

ആറ് പതിറ്റാണ്ട് പിന്നിട്ട തന്റെ നാടിന്റെ കിരീട പ്രതീക്ഷകള്‍ ചുമലിലേറ്റിയ ഹാരി എഡ്വേര്‍ഡ് കെയ്‌നിന് അറ്റ്‌ലാന്റയില്‍ അര്‍ജന്റീനയുടെ ജയഭേരി മുഴങ്ങിയപ്പോള്‍ വിതുമ്പി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍, നിരാശനായി നിന്ന കെയ്‌നിനടുത്തേക്ക് നടന്നടുത്ത ഇതിഹാസതാരം ലയണല്‍ മെസ്സി ഇംഗ്ലീഷ് നായകനെ ചേര്‍ത്തുപിടിച്ച് തന്റെ ദേഹത്തേക്ക് ചായ്‌ച് അദ്ദേഹം ആശ്വസിപ്പിച്ചു. മെസ്സിയുടെ ആശ്വാസവാക്കുകള്‍ക്കുശേഷം ഇംഗ്ലീഷ് കാണികളെ അഭിവാദ്യം ചെയ്ത് കെയ്‌ന്‍ നടന്നുനീങ്ങി. സ്‌പോര്‍ട്സ്‌മാന്‍ സ്‌പിരിറ്റിന്റേയും പരസ്പര ബഹുമാനത്തിന്റേയും ഹൃദയഹാരിയായ ദൃശ്യമായിരുന്നു അത്.

വമ്പന്‍ താരനിരയുമായെത്തി നിരാശപ്പെടുത്തി മടങ്ങുന്ന ഇംഗ്ലണ്ടിനെയാണ് ഈ ലോകകപ്പിലും കാണാനായത്. 1966-ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ബോബിമൂര്‍ നായകനായ ടീമാണ് കളിയുടെ തറവാട്ടുകാരായ ഇംഗ്ലണ്ടിന് ഒരേയൊരു കിരീടം സമ്മാനിച്ചത്. അതിനുശേഷം ഒരു ലോകകപ്പില്‍ ഫൈനലിലേക്കെത്താന്‍പോലും അവര്‍ക്കായിട്ടില്ല. യൂറോ കപ്പിലാകട്ടെ, ഫൈനലില്‍ 2021-ല്‍ ഇറ്റലിയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട ഇംഗ്ലണ്ട് 2024-ല്‍ സ്‌പെയിനിനോടും കീഴടങ്ങുകയായിരുന്നു. എട്ട് വര്‍ഷമായി ടീമിന്റെ നായകനായ ഹാരി കെയ്‌നിന് ഏറ്റവും നിരാശ സമ്മാനിക്കുന്നതും ഈ ലോകകപ്പാവും.

അതേസമയം മയാമിയിലെ പത്ത് ഗോള്‍ ത്രില്ലറില്‍ ഫ്രാന്‍സിനെ 6-4-നു തകര്‍ത്ത് മൂന്നാം സ്ഥാനത്തെത്തിയത് 1966-ലെ കിരീട നേട്ടത്തിനുശേഷം ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനമാണ്. ബുകായോ സാകയുടെ ഹാട്രിക്കിനു പുറമേ ഡെക്ലന്‍ റൈസ്, എസ്രി കോന്‍സ, ജൂഡ് ബെല്ലിങ് ഹാം എന്നിവരാണ് ഇംഗ്ലണ്ടിന്റെ ഗോളുകള്‍ നേടിയത്. കിലിയന്‍ എംബാപ്പെ ഫ്രാന്‍സിനായി രണ്ടുവട്ടം ലക്ഷ്യം കണ്ടപ്പോള്‍ മറ്റു രണ്ടെണ്ണം ബ്രാഡ്‌ലി ബാര്‍കോളയും ഉസ്‌മാന്‍ ഡെംബലേയും പങ്കിട്ടു. പ്രായം 32-ലെത്തിയ ഹാരി കെയ്‌ന് ഇനി ഒരു ലോകകപ്പിനും കൂടി ബാല്യമുണ്ടോയെന്നത് സംശയകരമാണ്. എങ്കിലും അടുത്ത യൂറോ കപ്പിലും കൂടി അദ്ദേഹം ഇംഗ്ലണ്ടിന്റെ ജെഴ്‌സിയിലുണ്ടാകാനാണ് സാധ്യത.

ബ്രസീല്‍ ടീം

ആഫ്രിക്കയുടെ മുഴക്കം

നേരിട്ടു യോഗ്യത നല്‍കാത്തതിനെച്ചൊല്ലി 1966-ലെ ലോകകപ്പ് ആഫ്രിക്ക ബഹിഷ്കരിച്ചിരുന്നു. അതേസമയം 2010-ലും 2002-ലും മുഴക്കം സൃഷ്ടിച്ച ആഫ്രിക്ക 2022-ല്‍ മൊറോക്കോയിലൂടെ സെമിഫൈനല്‍ ബര്‍ത്ത് നേടിയത് വന്‍കരയുടെ ഫുട്ബോള്‍ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. 1990-ല്‍ കാമറൂണും 2002-ല്‍ ദക്ഷിണ കൊറിയയും 1966-ല്‍ ഉത്തരകൊറിയയും സൃഷ്ടിച്ച ഇടിമുഴക്കം കൂടുതല്‍ വിശാലമാക്കാനും വികസ്വരമാക്കാനും ആഫ്രിക്കക്കെന്നപോലെ ഏഷ്യയ്ക്കും 48 ടീമുകള്‍ മാറ്റുരച്ച എക്കാലത്തേയും ബൃഹത്തായ ഈ ലോകകപ്പില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍, ജപ്പാനും ഇറാനും ഒരു പരിധിവരെ ഓസ്‌ട്രേലിയയും മാത്രമാണ് ഏഷ്യന്‍ ടീമുകളില്‍നിന്ന് ഈ പ്രതീക്ഷയിലേയ്ക്കുയര്‍ന്നത്.

രാഷ്‌ട്രങ്ങളെ ആഗോള സമൂഹത്തിന്റെ ഭാഗമാക്കി പരണമിപ്പിക്കാനും വികസിപ്പിക്കാനും ലോകകപ്പ് പോലുള്ള കായികമേളയുടെ വിപുലീകരണം സഹായിക്കുമെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രവിദഗ്ദ്ധരായ ജോണ്‍ ഹോര്‍നേയും വോള്‍ഫ്റം മന്‍സെനറിറ്ററും അഭിപ്രായപ്പെട്ടത് ശരിവെക്കുന്നതിലേക്ക് ലോകകപ്പ് ഫുട്ബോള്‍ ഇനിയും ഏറെ സഞ്ചരിക്കേണ്ടതുണ്ട്. അതേസമയം വിപുലീകരിക്കപ്പെട്ട ടൂര്‍ണമെന്റ് മത്സര തീവ്രതയും നിലവാരവും കുറയ്ക്കുമെന്ന് അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ സിമോണ്‍ റോട്ടര്‍ ബെര്‍ഗ് ചൂണ്ടിക്കാട്ടിയത് ലോകകപ്പ് 2026-ല്‍ സംഭവിച്ചില്ലെന്നത് ശുഭകരമാണ്.

ടീമുകളുടെ പാരമ്പര്യമോ പ്രൗഢിയോ അല്ല കളി മികവിനും പ്രകടനത്തിനും അടിസ്ഥാനമെന്നു തെളിയിക്കുന്ന അവിസ്മരണീയമായ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ കേപ് വെര്‍ദെ അടക്കമുള്ള നവാഗത ശക്തികള്‍ക്കുപോലും കഴിഞ്ഞുവെന്നത് ഈ ലോകകപ്പിനെ സമ്പുഷ്ടമാക്കിയ കാഴ്ചയാണ്. ആദ്യമായി ഒരു ലോകകിരീടത്തിലേക്കാണ് ആഫ്രിക്കന്‍ വന്‍കര ഉറ്റുനോക്കിയതെങ്കിലും കഴിഞ്ഞ തവണത്തെ സെമിപ്രവേശം ആവര്‍ത്തിക്കാനാവാതെ, മൊറോക്കോയ്ക്ക് മടങ്ങേണ്ടിവന്നു. അന്ന് തങ്ങളെ തിരിച്ചയച്ച ഫ്രാന്‍സിനോട് കണക്കുതീര്‍ക്കാനാവാതെ ആഫ്രിക്കന്‍ പോരാളികള്‍ വീണു (2-0) പോയി.

1934 ലോകകപ്പിലാണ് ആഫ്രിക്കയുടെ അരങ്ങേറ്റം. അന്ന് ഈജിപ്‌ത് യോഗ്യത നേടി. ആദ്യ ജയത്തിനായി 1978 വരെ കാത്തിരിക്കേണ്ടിവന്നു. ടുണിസിയ 3-1-ന് മെക്‌സിക്കോയെ കീഴടക്കിയതാണ് ആദ്യ നേട്ടം. 1990-ല്‍ റോജര്‍ മില്ലയുടെ കാമറൂണ്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ 1-0-നു കീഴടക്കി ക്വാര്‍ട്ടറിലെത്തി. അവിടെ ഇംഗ്ലണ്ടിനോടായിരുന്നു അവര്‍ തോറ്റത്. 2002-ലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ജേതാക്കളായ ഫ്രാന്‍സിനെ പാപെ ദിയൂഫിന്റെ ഗോളില്‍ സെനഗല്‍ തോല്‍പ്പിച്ചു. 2010-ല്‍ ആദ്യമായി ആഫ്രിക്കന്‍ വന്‍കരയിലേക്കെത്തിയ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ഘാന ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യുറഗ്വായെ മടക്കിയയച്ചു. നാല് വര്‍ഷം മുന്‍പ് ഖത്തറില്‍ ക്രൊയേഷ്യയോട് തോറ്റ മൊറോക്കോയുടെ നാലാം സ്ഥാനമാണ് ലോകകപ്പില്‍ ആഫ്രിക്ക വന്‍കരയുടെ ഇതുവരെയുള്ള മികച്ച നേട്ടം.

ഇത്തവണ ആഫ്രിക്കയില്‍നിന്നുള്ള 10 ടീമുകളില്‍ ടുണിസിയ ഒഴികെ മൊറോക്കോ, ഈജിപ്‌ത്, ദക്ഷിണാഫ്രിക്ക, ഐവറി കോസ്റ്റ്, കേപ് വെര്‍ദെ, സെനഗല്‍, അള്‍ജീരിയ കോംഗോ, ഘാന എന്നീ ഒന്‍പത് ടീമുകളും റൗണ്ട് ഓഫ് 32-ല്‍ എത്തി. തെക്കേ അമേരിക്കയില്‍നിന്ന് ബ്രസീല്‍, അര്‍ജന്റീന, പാരഗ്വായ്, ഇക്വഡോര്‍, കൊളംബിയ എന്നീ ടീമുകളും വടക്കേ അമേരിക്കയില്‍നിന്ന് ആതിഥേയ രാഷ്‌ട്രങ്ങളായ യു.എസും മെക്‌സിക്കോയും കാനഡയും ഏഷ്യയില്‍നിന്ന് ജപ്പാനും ഓസ്‌ട്രേലിയയും ഒപ്പം യൂറോപ്പിന്റെ 13 ടീമുകളുമാണ് രണ്ടാംറൗണ്ടില്‍ മാറ്റുരച്ചത്. അവിടെ ജപ്പാന്‍ 2-1-ന് ബ്രസീലിനോടും ഓസ്‌ട്രേലിയ ഈജിപ്‌തിനോട് ഷൂട്ടൗട്ടിലും തോറ്റതോടെ ലോകകപ്പിലെ ഏഷ്യന്‍ വെല്ലുവിളി അവസാനിക്കുകയായിരുന്നു.

ഹൂസ്‌റ്റണ്‍ സ്റ്റേഡിയത്തില്‍ കാനറികളെ വിറപ്പിച്ച പോരാട്ടത്തിനൊടുവിലാണ് ജപ്പാന്‍ കീഴടങ്ങിയത്. കൈഷു സാനോയുടെ ഗോളിലൂടെ മുന്നിലെത്തിയ ജപ്പാനെ കൊഴിഞ്ഞുപോയ തൂവലുകള്‍ പെറുക്കിക്കൂട്ടി പോരാടിയ ബ്രസീല്‍ കാസെമിറോയുടെ ഗോളിലൂടെ മുന്നിലെത്തുകയും ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഗോളിലൂടെ വിജയം പിടിച്ചെടുക്കുകയുമായിരുന്നു.

അതേസമയം ബോസ്‌റ്റണിലും മോണ്‍ടെറിയിലും നടന്ന മത്സരങ്ങളുടെ വിധിയെഴുതിയ ഷൂട്ടൗട്ട് നിര്‍ണയത്തില്‍ കീഴടങ്ങിക്കൊണ്ടാണ് നാല് തവണത്തെ ജേതാക്കളായ ജര്‍മനിയും മൂന്ന് തവണത്തെ ഫൈനലിസ്‌റ്റുകളായ നെതര്‍ലന്‍ഡ്സും രണ്ടാംറൗണ്ടില്‍ കെട്ടുകെട്ടിയത്. ജര്‍മനിക്ക് പാരഗ്വായും (4-3) നെതര്‍ലന്‍ഡ്സിന് മൊറോക്കോയുമാണ് (3-2) മടക്ക ടിക്കറ്റു നല്‍കിയത്. ഇതോടെ ജര്‍മനി തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലാണ് (2018, 2022, 2026) പ്രീക്വാര്‍ട്ടര്‍ കാണാതെ പോയത്.

അതേസമയം ക്രൊയേഷ്യക്കെതിരെ പെനാല്‍റ്റി സ്‌പോട്ടില്‍നിന്ന് അടിച്ചതാണ് ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍താരവുമായ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ ഗോളായത്. 2006 മുതല്‍ എല്ലാ ലോകകപ്പിലും കളിച്ചുപോന്നെങ്കിലും നോക്കൗട്ടില്‍ ഗോളടിച്ചിരുന്നില്ല. ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ ഗോളടിച്ച ഏറ്റവും പ്രായംകൂടിയ താരവും റോണോയാണ്. റൗണ്ട് ഓഫ് 32-ല്‍ പോര്‍ച്ചുഗലിനോട് 2-1-നു തോറ്റതോടെ ലോകകപ്പിലെ അവസാന മത്സരം കളിച്ചുതീര്‍ത്താണ് ക്രൊയേഷ്യയുടെ ഇതിഹാസതാരം ലൂക്ക മോഡ്രിച്ച് വിടചൊല്ലിയത്. 2018 ഏഷ്യന്‍ ലോകകപ്പില്‍ ടീമിനെ രണ്ടാം സ്ഥാനത്തെത്തിച്ച ലൂക്ക മോഡ്രിച്ച് നാല്‍പ്പതാം വയസ്സില്‍ അഞ്ചാം ലോകകപ്പിലാണ് കളിച്ചത്.

‍ഫുട്ബോള്‍ ക്രൂരമായ കളിയാണെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകും. ബെല്‍ജിയം-സെനഗല്‍ പോര് അത്തരത്തിലൊന്നായിരുന്നു. മത്സരത്തിന്റെ സിംഹഭാഗവും ആധിപത്യം പുലര്‍ത്തിയത് സെനഗലാണ്. രണ്ട് ഗോളുകളും ഇതിനിടയില്‍ പിറന്നു. എന്നാല്‍, എക്സ്ട്രാ ടൈമില്‍ അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ജയിച്ചത് ബെല്‍ജിയ(3-2)മായിരുന്നു. ഈ ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ആഫ്രിക്കന്‍ ശക്തികളായ സെനഗളിന്റെ കണ്ണീരാണ് സിയാറ്റലിലെ മൈതാനത്ത് വീണത്.

കേപ് വെര്‍ദെ അത്ഭുത ടീമായി

ആദ്യം നോക്കൗട്ട് റൗണ്ടായ 32-ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും സെനഗലും ദക്ഷിണാഫ്രിക്കയും ഐവറികോസ്റ്റും ആഫ്രിക്ക വന്‍കരയുടെ അഭിമാനമുയര്‍ത്തിയും ഫുട്ബോളിന്റെ ചക്രവാളം വികസ്വരമാക്കിയുമാണ് പൊരുതിവീണത്. യൂറോപ്പിന്റെ വ്യവസ്ഥാപിത ഫുട്ബോളിന്റെ തന്നെ ചില ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടിയും തങ്ങളുടെ കേളിയിലേക്ക് ചേര്‍ത്തുവെച്ചും പുതിയ പാഠങ്ങള്‍ കാഴ്ചവെച്ചുകൊണ്ടാണ് ഈ പോരാളികള്‍ മടങ്ങിയത്.

92-ാം മിനിറ്റിലാണ് ദക്ഷിണാഫ്രിക്ക കാനഡയോട് തോല്‍വി (1-0) വഴങ്ങിയത്. നോര്‍വേയോട് കിടയറ്റ പോരാട്ടം നടത്തിയ ഐവറി കോസ്‌റ്റ് 86-ാം മിനിറ്റിലാണ് പരാജയം സമ്മതിച്ചത്. ഇംഗ്ലണ്ടിനെ സ്തബ്ധരാക്കിക്കൊണ്ട് ഏഴാം മിനിറ്റില്‍ അതിവേഗ ഗോള്‍ നേടിയ കോംഗോ 86-ാം മിനിറ്റിലാണ് തോല്‍വിയിലേക്ക് പതറി (2-1) വീണത്.

ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌പെയിനിനെ ഗോളടിപ്പിക്കാന്‍ വിടാതിരുന്ന കേപ് വെര്‍ദെയെന്ന അറ്റ്‌ലാന്റിക് സമുദ്രത്തിലെ അഗ്നിപര്‍വതങ്ങള്‍ നിറഞ്ഞ ദ്വീപു രീഷ്‌ട്രമാണ് ഈ ലോകകപ്പിലെ ആദ്യ അത്ഭുത ടീമായത്. അതേസമയം ആദ്യ നോക്കൗട്ട് റൗണ്ടില്‍ ഫുട്ബോള്‍ ലോകം ശ്വാസമടക്കിപ്പിടിച്ചിരുന്ന 120 മിനിറ്റുകള്‍ക്കൊടുവില്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ വിറപ്പിച്ച് ആ കുഞ്ഞന്‍ രാജ്യം ചരിത്രത്തിലേക്ക് കയറിനില്‍ക്കുന്നതാണ് കണ്ടത്. രണ്ടു തവണ പിന്നോക്കം പോയിട്ടും അസാധാരണ പോരാട്ടത്തിലൂടെ ഒപ്പമെത്തിയശേഷം എക്സ്ട്രാ ടൈമിന്റെ അവസാനത്തില്‍ വഴങ്ങിയ പിഴവു ഗോളില്‍ ലോകകപ്പില്‍നിന്നു മടങ്ങുമ്പോഴും (3-2) അര്‍ജന്റീന്‍ ആരാധകര്‍ വരെ കേപ് വെര്‍ദെക്കായി കയ്യടിച്ചു. അധികസമയക്കളിയില്‍ അര്‍ജന്റീനയുടെ തെറ്റിലെത്തിച്ച സിഡ്നി ലോപസ് കബ്രാളിന്റേത് ലോകകപ്പിലെത്തന്നെ മനോഹര ഗോളുകളിലൊന്നാണ്. മധ്യനിരയിലും മുന്നേറ്റ നിരയിലുമായി കളി നിയന്ത്രിച്ച അര്‍ജന്റീനയെ ടീം ഗെയിമിലൂടെയാണ് കേപ് വെര്‍ദെ ഞെട്ടിച്ചത്.

ഗോള്‍ കീപ്പര്‍ 40-കാരന്‍ വോസിന്യോയില്‍നിന്നാണ് അവര്‍ സ്വപ്നയാത്ര തുടങ്ങിയത്. ആദ്യ കളിയില്‍ സ്‌പെയിനിനെതിരെയും നോക്കൗട്ട് റൗണ്ടില്‍ അര്‍ജന്റീനക്കെതിരെയും വോസിന്യോ ഏഴ് സേവുകള്‍ വീതം നേടി. ലോകകപ്പില്‍ കേപ് വെര്‍ദെയുടെ നാല് കളികളിലായി 18 സേവുകളാണ് ആ കാവല്‍ക്കാരന്‍ നടത്തിയത്. പേരും ക്ലബ്ബും കൊട്ടിഘോഷിക്കാനില്ലാത്ത ഒരു കൂട്ടം ആളുകളായി എത്തിയ കേപ് വെര്‍ദെയുടെ കളിക്കാരെ ലോകനിലവാരത്തിലേക്ക് മെനഞ്ഞെടുത്തത് ബൗബിസ്‌റ്റ എന്ന പരിശീലകനാണ്. വോസിന്യോയുടെ 18 സേവുകള്‍ക്കു മുന്‍പിലുള്ളത് കുറസാവോയുടെ എലോയ് റുംമും (20) പാരഗ്വായുടെ ഓര്‍ലാന്റോ ഗില്ലു(19)മാണ്. അര്‍ജന്റീനക്കെതിരെ ടീം കോട്ടകെട്ടിയെങ്കിലും എടുത്തുപറയേണ്ടത് വോസിന്യോ എന്ന കാവല്‍മാലാഖയുടെ പ്രകടനമാണ്.

തങ്ങളുടെ കന്നി ലോകകപ്പിനിറങ്ങി സ്‌പെയിനിനേയും യുറഗ്വായേയും പൂട്ടിയും അര്‍ജന്റീനയെ എക്സ്ട്രാടൈം വരെ മുള്‍മുനയില്‍ നിര്‍ത്തിയുമാണ് കേപ് വെര്‍ദെ കാല്‍പ്പന്ത് മാമാങ്കത്തില്‍നിന്നും വിടചൊല്ലിയത്. ഇനിയാരും ഞങ്ങളോട് കേപ് വെര്‍ദെ എന്ന രാജ്യം എവിടെയാണെന്ന് ചോദിക്കില്ലെന്നായിരുന്നു കോച്ച് ബുബുസ്‌റ്റ പറഞ്ഞത്.

പ്രീക്വാര്‍ട്ടറില്‍ മൊറോക്കോ കാനഡയേയും (3-1), ഫ്രാന്‍സ് പാരഗ്വായേയും (1-0), നോര്‍വേ ബ്രസീലിനേയും (2-1), ഇംഗ്ലണ്ട് മെക്‌സിക്കോയേയും (3-2), ബെല്‍ജിയം അമേരിക്കയേയും (4-1), സ്‌പെയിന്‍ പോര്‍ച്ചുഗലിനേയും (1-0), അര്‍ജന്റീന ഈജിപ്‌തിനേയും (3-2), ഷൂട്ടൗട്ടില്‍ കൊളംബിയ സ്വിറ്റ്സര്‍ലന്റഡിനേയുമാണ്(4-3) മടക്കി അയച്ചത്. ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തില്‍ അഞ്ചുതവണത്തെ ജേതാക്കളായ ബ്രസീലിനെ എര്‍ലിങ് ഹാലണ്ടിന്റെ ഇരട്ട ഗോളിലാണ് നോര്‍വേ ഞെട്ടിച്ചത് (2-1). ഗോള്‍ ഒഴിഞ്ഞ ഒന്നാംപകുതിക്കുശേഷം പതിനൊന്നു മിനിറ്റിനുള്ളിലായിരുന്നു ഹാലണ്ടിന്റെ ഇരട്ടപ്രഹരം. ഇതോടെ നോര്‍വേയുടെ സൂപ്പര്‍താരം ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകളിലെത്തുകയും ചെയ്തു. 1990-നുശേഷം ആദ്യമായാണ് ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്താവുന്നത്. ഫിലാഡെല്‍ഫിയയില്‍ മഞ്ഞപ്പടയെ ദാരുണമായ പതനത്തിലേക്ക് എടുത്തെറിഞ്ഞ നോര്‍വേ ചരിത്രത്തിലാദ്യമായാണ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കവാടം തട്ടിത്തുറന്നത്. അവസാന നിമിഷം നെയ്‌മറായിരുന്നു ബ്രസീലിന്റെ ആശ്വാസഗോള്‍ കുറിച്ചത്.

ഡാലസില്‍ നടന്ന മത്സരത്തില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടേയും പോര്‍ച്ചുഗലിന്റേയും സ്വപ്നം തകര്‍ത്താണ് പകരക്കാരന്‍ മികേല്‍ മൊറിനോ നേടിയ ഒറ്റഗോള്‍ ജയത്തോടെ ഐബീരിയന്‍ അങ്കത്തില്‍ സ്‌പെയിന്‍ മുന്നേറിയത്. 2010-ല്‍ ഡേവിഡ് വിയ്യയും ചാവിയും ഇനിയേസ്‌റ്റയും ഉള്‍പ്പെട്ട സൂപ്പര്‍ ടീമിലൂടെ കിരീടത്തില്‍ മുത്തമിട്ടു മടങ്ങിയശേഷം സ്‌പെയിന്‍ ആദ്യമായാണ് ക്വാര്‍ട്ടറില്‍ ഇടം നേടിയത്.

ട്രംപിന്റെ കാര്‍ഡ് മരവിച്ചുപോയി

ഭീഷണിയും വിരട്ടലുമായുള്ള വെല്യേട്ടന്‍ കളിക്ക് അവസാന വിസില്‍ വരെയേ ആയുസ്സുള്ളൂവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഓര്‍മിപ്പിച്ചുകൊണ്ടാണ് സിയാറ്റലിലെ പ്രീ ക്വാര്‍ട്ടര്‍ പോരില്‍ ബെല്‍ജിയം 4-1-ന് അമേരിക്കയെ തകര്‍ത്തുവിട്ടത്. ബോസ്‌നിയ ഹെര്‍സഗോവിനക്കെതിരെയുള്ള മത്സരത്തില്‍ കിട്ടിയ ഫിഫയുടെ ചുവപ്പ് കാര്‍ഡ് റദ്ദു ചെയ്ത് ട്രംപിന്റെ കാര്‍ഡുമായി കളത്തിലിറങ്ങിയ സ്‌ട്രൈക്കര്‍ ഫൊലാരിന്‍ ബലോഗനും അമേരിക്കയെ രക്ഷിക്കാനായില്ല. ബെല്‍ജിയത്തിനായി ചാള്‍സ് ഡി കെറ്റലാരെ രണ്ടുവട്ടം നിറയൊഴിച്ചപ്പോള്‍ ഹാന്‍ഡ് വനാകെനും റൊമേലു ലൂക്കാക്കുവും മറ്റ് ഗോളുകള്‍ നേടി. മാലിക് ടിലെമാന്‍സാണ് യു.എസിന്റെ ആശ്വാസ ഗോളടിച്ചത്. ട്രംപിന്റെ ഇടപെടല്‍മൂലം ബലോഗന്റെ ചുവപ്പ് കാര്‍ഡ് ഫിഫ സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് രാജ്യാന്തര ശ്രദ്ധയിലേക്കും വിവാദത്തിലേക്കും ചെന്നുപെട്ട മത്സരത്തില്‍ താരം നിറം മങ്ങുകയും ചെയ്തു.

ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര കായിക സംഘടനയായ, ഐക്യരാഷ്‌ട്ര സഭയെക്കാള്‍ അംഗരാജ്യങ്ങളുള്ള ഫിഫയെപ്പോലും ചൊല്‍പ്പടിക്കു നിര്‍ത്തിയ ട്രംപിനെയാണ് മൈതാനത്ത് ബല്‍ജിയത്തിന്റെ പോരാളികള്‍ നിലംപരിശാക്കിയത്. ബെല്‍ജിയം ഫുട്ബോള്‍ അസോസിയേഷന്‍ ബലോഗന് കളിക്കാനുള്ള യോഗ്യതയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, കിക്കോഫിന് എട്ടു മണിക്കൂര്‍ മുന്‍പ് ഫിഫയുടെ അപ്പീല്‍ കമ്മിറ്റി ഈ പരാതി തള്ളിക്കളഞ്ഞു. ഹിറ്റ്‌ലര്‍ എങ്ങനെ ഒളിംപിക്‌സിനെ തന്റെ പ്രചാരണായുധമാക്കിയോ അതുപോലെത്തന്നെ ട്രംപ് ഫിഫയെ സ്വന്തം താല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന്റെ മറയില്ലാത്ത രാഷ്‌ട്രീയ ഇടപെടലിന്റേയും വങ്കത്തരത്തിന്റേയും നേര്‍ക്കാഴ്ചകളിലൊന്നാണ് ഈ പ്രീക്വാര്‍ട്ടര്‍ മത്സരം. ഫുട്ബോള്‍ ലോകകപ്പിലെ ഏറ്റവും ചെറിയ അനീതികളിലൊന്ന്, ടീമിന്റെ വീര്യം വര്‍ദ്ധിപ്പിച്ചതായി അമേരിക്കയെ തകര്‍ത്തുവിട്ട ബെല്‍ജിയത്തിന്റെ കളിക്കാര്‍ പറഞ്ഞു. നാലാംഗോള്‍ നേടിയശേഷം ബെല്‍ജിയം താരങ്ങള്‍ കളത്തില്‍ ‘ട്രംപ് ഡാന്‍സ്’ കളിച്ചതും ചിരിപടര്‍ത്തുന്നതായിരുന്നു. 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള ട്രംപിന്റെ നൃത്തമാണ് ടീം അനുകരിച്ചത്.

വാശിയേറിയ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളില്‍ ഫ്രാന്‍സ് മൊറോക്കോയ്(2-0)ക്കും സ്‌പെയിന്‍ ബെല്‍ജിയത്തി(2-1)നും ഇംഗ്ലണ്ട് നോര്‍വേയ്(2-1)ക്കും അര്‍ജന്റീന സ്വിറ്റ്സര്‍ലന്‍ഡിനു(3-1)മാണ് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തത്.

ആവേശം വിതറിയ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനോട് കണക്കുതീര്‍ക്കാനിറങ്ങിയ മൊറോക്കോയ്ക്ക് കഴിഞ്ഞ ലോകകപ്പിലെ അതേ വ്യത്യാസത്തിലായിരുന്നു തോല്‍വി. അറ്റ്‌ലസ് സിംഹങ്ങളുടെ പേരുകേട്ട പ്രതിരോധത്തെ ചീട്ടുകൊട്ടാരംപോലെ തകര്‍ത്താണ് ഫ്രാന്‍സ് കളി വരുതിയിലാക്കിയത്. കിലിയന്‍ എംബാപ്പെയും ഒസ്‌മാന്‍ ഡെംബലെയുമാണ് ഗോളുകള്‍ നേടിയത്.

മികേല്‍ മൊറീനെ എന്ന സൂപ്പര്‍ സബ് കളിതീരാന്‍ രണ്ട് മിനിറ്റ് മാത്രം ശേഷിക്കേ നേടിയ ഗോളാണ് ബെല്‍ജിയത്തെ മറികടന്ന് സ്‌പെയിനിനെ സെമിഫൈനലിലേക്ക് ആനയിച്ചത്. എന്നാല്‍, ഗോള്‍ വഴങ്ങാതെയുള്ള സ്‌പാനിഷ് കീപ്പര്‍ ഉനായ് സിമോണിന്റെ കുതിപ്പിന് 649 മിനിറ്റിനുശേഷം വിരാമമിടാന്‍ ചാള്‍സ് ഡി കെറ്റലാരെയുടെ ഗോളിലൂടെ ബെല്‍ജിയത്തിനു കഴിഞ്ഞു. 2022 ലോകകപ്പില്‍ ജപ്പാനെതിരെയായിരുന്നു സിമോണിന്റെ ഇതിനു മുന്‍പുള്ള ഗോള്‍ വഴങ്ങല്‍.

നോര്‍വേയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അധികസമയത്ത് യുവതാരം ജൂഡ് ബെല്ലിങ്ങ് ഹാമിന്റെ ഇരട്ടഗോളാണ് ഇംഗ്ലണ്ടിനെ അവസാന നാലിലേക്കെത്തിച്ചത്. ലോകകപ്പില്‍ ഇംഗ്ലണ്ട് നാലം സെമി ടിക്കറ്റാണ് നേടിയത്. സ്വിറ്റ്സെര്‍ലന്‍ഡിനെതിരെ അലക്‌സിസ് മക്‌ലിസ്‌റ്റര്‍, ജൂലിയന്‍ അല്‍വാരെസ്, ലൗട്ടാരൊ മാര്‍ട്ടിനെസ് എന്നിവരാണ് അര്‍ജന്റീനയ്ക്കായി നിറയൊഴിച്ചത്. മക് അലിസ്‌റ്ററുടെ ഗോളിനു വഴിവെട്ടിയതിലൂടെ ലയണല്‍ മെസ്സി ലോകകപ്പിലെ തന്റെ അസിസ്‌റ്റുകളുടെ എണ്ണം പത്തിലേക്കെത്തിച്ചു. അദ്ദേഹം തന്നെയാണ് ഈ റെക്കൊര്‍ഡില്‍ ഒന്നാമന്‍. എട്ട് അസിസ്‌റ്റുകളുള്ള ഡീഗോ മാറഡോണയാണ് രണ്ടാമത്. ഹെര്‍നര്‍ ക്രെസ്‌പോ. ടെവസ്, ഹിഗ്വയ്‌ന്‍, മെര്‍ക്കാഡോ, അഗ്യുറോ, എന്‍സോ ഫെര്‍ണാണ്ടസ്, മൊളീന, അല്‍വാരസ്, റൊമേറോ, മക് അലിസ്‌റ്റര്‍ എന്നിങ്ങനെ മെസ്സിയുടെ പത്ത് അസിസ്‌റ്റുകളിലൂടെ ഗോളടിച്ചത് പത്ത് പേരാണെന്നതും കൗതുകകരമാണ്.

13-ാം നമ്പര്‍ കുപ്പായത്തില്‍ മെക്‌സിക്കോയുടെ ഗോള്‍വല കാക്കുന്ന ഗിയറമൊ ഒച്ചാവോ ഇംഗ്ലണ്ടിനോട് പ്രീക്വാര്‍ട്ടര്‍ തോല്‍വിയോടെ ഗ്ലൗസ് അഴിച്ചുവെച്ചു. രൂപഭാവങ്ങളിലും അക്രോബാറ്റിക് ശൈലിയിലും കൊളംബിയയുടെ വിഖ്യാത ഗോളി റെനെ ഹിഗ്വിറ്റയെ അനുസ്മരിപ്പിക്കുന്ന ഒച്ചാവോ ദേശീയ ജെഴ്‌സിയില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. അതിശയകരമായ റിഫ്ളക്‌സുമായി ക്ലോസ്റേഞ്ച് ഷോട്ടുകള്‍ നേരിടുന്ന ഒച്ചാവോ 2014 ലോകകപ്പില്‍ നെയ്‌മറുടെ ഉജ്ജ്വല ഹെഡറടക്കം ബ്രസീലിന്റെ ആറ് ഷോട്ടുകള്‍ ജീവന്‍ കൊടുത്തു രക്ഷപ്പെടുത്തി. ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കയറ്റിറക്കങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ള ഒച്ചാവോ, ലയണല്‍ മെസ്സിക്കും ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഒപ്പം ആറാം ലോകകപ്പ് എന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് ചരിത്രമുറങ്ങുന്ന ആസ്‌റ്റെക് സ്റ്റേഡിയത്തില്‍ കളമൊഴിഞ്ഞത്.

അര്‍ജന്റീനയും ഫ്രാന്‍സും ഇംഗ്ലണ്ടും ബ്രസീലും തേങ്ങലടക്കാന്‍ പാടുപെടുമ്പോഴും നവരചനയുടെ കാഹളം മുഴക്കിക്കൊണ്ടാണ് ഈ ലോകകപ്പ് കടന്നുപോകുന്നത്. വ്യത്യസ്തവും വിപല്‍ക്കരവുമായ ശൈലീ വിന്യാസത്തിന്റേയും ആക്രമിച്ചു കളിക്കുമ്പോഴും പ്രതിരോധം അതിന്റെ സ്വാഭാവിക ധര്‍മം നിര്‍വഹിക്കുന്നതിന്റേയും ഉദാത്തമായ പ്രകടനങ്ങള്‍ പലതും കാണാനായി. എങ്കിലും ഇതുവരെ കിരീടം നേടിയിട്ടുള്ള ആ എട്ട് രാജ്യങ്ങള്‍ക്കപ്പുറത്തുനിന്ന് ഒരു ടീം ഇനിയും ഉദിച്ചിട്ടില്ല. അന്തിമ വിശകലനത്തില്‍ ഫുട്ബോള്‍ എന്നാല്‍, ഗോളുകളാണ്. എന്നാല്‍, പഴയകാലത്തെ ബ്രസീലിനെപ്പോലെ ‘സ്‌ട്രൈക്കിങ് പവര്‍’ അഥവാ ആക്രമണശക്തി മുഖമുദ്രയാക്കിയ ടീമുകളെയല്ല ഇന്നു കാണുന്നത്. ആധുനിക ഫുട്ബോള്‍ ആക്രമണത്തിനും പ്രത്യാക്രമണത്തിനും പ്രതിരോധത്തിനുമുപരി സാങ്കേതികതയുടേയും രചനാത്മതകതയുടേയും കലാത്മകമായ സൗന്ദര്യം നിറച്ചുമാണ് മുന്നോട്ടു കുതിക്കുന്നത്. പതിമൂന്ന് രാജ്യങ്ങള്‍ പങ്കെടുത്ത യുറഗ്വായില്‍ നടന്ന 1930-ലെ പ്രഥമ ലോകകപ്പില്‍നിന്ന് 96 വര്‍ഷങ്ങളിലേക്ക് കാലം ഓടിയെത്തി നില്‍ക്കുമ്പോള്‍ കളിയുടേയും കാഴ്ചയുടേയും സര്‍ഗശേഷിയുടേയും സംഘാടനത്തിന്റേയും എത്രയെത്ര രചനകള്‍ സ്വന്തമായിരിക്കുന്നു.

എല്ലാം കണ്ടു കഴിഞ്ഞതാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും ഫുട്ബോള്‍ ലഹരി മാത്രമായിരുന്നു ഇതുവരെ. ഇവിടെ വാണവരും വീണവരും പുതിയ പോര്‍മുഖത്തിനായി ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയും വിഭവങ്ങള്‍ സമാഹരിച്ചും നാല് വര്‍ഷം കഴിഞ്ഞ് വീണ്ടും യുദ്ധക്കളത്തിലിറങ്ങും. അമേരിക്കയും മെക്‌സിക്കോയും കാനഡയും സംയുക്തമായി വേദിയൊരുക്കിയ ലോകകപ്പ് 2026-ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അവസാന ജയം ഫുട്ബോളിന്റേതു തന്നെ. അതങ്ങനെത്തന്നെ തുടരട്ടെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

'എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് അനുപമ

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം