സുഹാനീ രാത്, പാലപ്പൂ
മണമലിഞ്ഞ നിലാവിന്റെ
സുധാകുംഭം തുളുമ്പുന്ന
സാന്ദ്രയാമിനിയില്‍
‘സുഹാനി രാത് ധല്‍ ചുകീ’യെ-
ന്നപാര സാഗരരാഗ-
ത്തിരകളായുയരുന്നു
റാഫി ചുറ്റിലും...
‘സിതാരേ അപ്‌നീ രോഷ്നീ...’
തുളുമ്പുന്ന നക്ഷത്ര-
ക്കനവുകള്‍ കൊഴിഞ്ഞുപോയ്
ഹിമകണം പോല്‍.
വികാരങ്ങളക്ഷരങ്ങള്‍-
ക്കുള്ളിലൊതുങ്ങാതെ ചിന്നി-
ച്ചിതറിപ്പോയ് മാണിക്യ-
ത്തരികള്‍പോലെ.
ഋതുക്കള്‍ മാമരങ്ങളെ
ചായമിട്ടു ചമയിച്ചു-
മഴിച്ചും രംഗോലിയിതു
തുടരുന്നേരം
തഴുകുന്നു മനസ്സാകെ-
പ്പടരുന്നു, ചുണ്ടിലൊരു
കുളിര്‍മണിയായിടുന്നൂ
റാഫി പിന്നെയും...
വഴിക്കണ്ണില്‍ തിരിനീട്ടി-
ത്തെളിയിക്കാനൊരാള്‍ മാത്രം
വരാത്തതെന്തെന്നുരുകും
നിമിഷങ്ങളില്‍
മറഞ്ഞുപോയ് വസന്തമെ-
ന്നൊരു ജാലകപ്പടിയി-
ലിരുളിലേകാന്തത തന്‍
മരുപരപ്പില്‍
ഒരു കോടിച്ചെരാതിന്റെ
പൊരുളായി, സുഗന്ധമായ്
പുലരിയായുദിക്കുന്നൂ
റാഫി പിന്നെയും...
“ന ജാനേതും കബ് ആഗേ...”
നിശാഗന്ധി പകരുന്ന
ചഷകവുമൊഴിഞ്ഞൊരീ
വിരഹച്ചൂടില്‍
ഒടുങ്ങാത്ത കാത്തിരിപ്പിന്‍
മുറിവിറ്റിയിറ്റി വീഴും
സ്മൃതികള്‍ തന്‍ നീള്‍വഴിയിലെ
നീറുമുള്‍ച്ചൂടില്‍
തളിരായി മുകുളമായ്
മലരായി വിരിയുവാന്‍
ജലാശ്ലേഷമായി വീണ്ടും
റാഫി പെയ്യുന്നു...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates