ഒരിക്കൽ ഒരു വൈകുന്നേരം വിജേഷേട്ടൻ ഫോൺ ചെയ്തു:
“ഞാൻ നിനക്ക് ഒരായിരം രൂപ അയച്ചിട്ടുണ്ട്.” എന്തിനെന്ന് ഞാൻ കൗതുകപ്പെട്ടു. നാടകകലാകാരൻ എന്ന നിലയിൽ അതിദാരിദ്ര്യമാണ് മനുഷ്യർക്ക് ബാക്കിയാവുകയെന്ന എന്റെ നിരന്തരപേച്ച് കാരണമോ എന്ന് ഞാൻ ചോദിച്ചു.
“അല്ലേയല്ല. ഞാൻ ദുബായിൽ പോയി വന്നില്ലേ? എനിക്ക് കുറച്ച് പൈശ കിട്ടി. ഇയ്യിന്റെ സൊന്തല്ലെ? അണക്ക് മിട്ടായി വാങ്ങാൻ ഒരായിരം രൂപ അയച്ചതാണ്.”
എനിക്ക് എന്തുകൊണ്ടോ കരച്ചിൽ വന്നു. എത്ര കിട്ടിയിരിക്കും? മുപ്പതിനായിരമോ നാൽപ്പതിനായിരമോ? അച്ഛനും അമ്മയും മരിച്ചതിനുശേഷം ഞാൻ ഏറെ ദുർബലയായ ഒരു ജീവിയായി മാറിയിരുന്നു. ചുറ്റിലുമുള്ള ആരെങ്കിലും അവരെപ്പോലെ ശ്രദ്ധിച്ച് എന്തെങ്കിലും എനിക്ക് സ്നേഹമായി ചെയ്തു തന്നാൽ ഞാൻ വൈകാരികമായി പോകാറുണ്ട്. ആറക്ക ശമ്പളം വാങ്ങുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലാത്ത എനിക്ക് ആദ്യമായി തനിക്ക് വിദേശത്തുനിന്ന് കിട്ടിയ പണത്തിന്റെ ഒരു പങ്ക് വിജേഷേട്ടൻ അയച്ചുതന്നുവെന്നത് എന്നെ കരയിക്കുകതന്നെ ചെയ്തു. ആ പണത്തിന് കോടിക്കോടി പണത്തിന്റെ വിലയുള്ളതുപോലെ എനിക്ക് തോന്നി. അതൊരു വലിയ സ്നേഹമായും എന്നോടുള്ള ബഹുമാനമായും ശ്രദ്ധയായും ഞാൻ വായിച്ചു. ഞാനാ 1000 രൂപയ്ക്കും മിഠായികൾ വാങ്ങി. എന്റെ വീട്ടിലുള്ളവർക്കും സുഹൃത്തുക്കൾക്കും ഓഫീസിലുള്ളവർക്കുമെല്ലാം പങ്കിട്ടു.
“എന്താ വിശേഷം?” മധുരം പരക്കെ ഞാൻ പുഞ്ചിരിച്ചു.
“ഏട്ടന് ദുബായിൽ ഒരു പ്രോഗ്രാം കിട്ടി അതിന്റെ കോളാണ്.” ഞാൻ അഭിമാനത്തോടെ തന്നെ പറഞ്ഞു.
വിജേഷേട്ടന്റേയും എന്റേയും സ്നേഹത്തിനും സൗഹൃദത്തിനും ഏതാണ്ട് 30 വർഷത്തെ പഴക്കമുണ്ട്. തെളിഞ്ഞതും ആഴത്തിലുള്ളതും സുദീർഘവുമായ ഒരു ബന്ധം. രണ്ട് കലാകാരന്മാർ തമ്മിലുള്ള കേവല സൗഹൃദമോ അടുപ്പമോ മാത്രമായിരുന്നില്ല അത്. രണ്ട് ആത്മമിത്രങ്ങൾ തമ്മിലുള്ള അടുപ്പംപോലെയുമായിരുന്നില്ല അത്. ഒരു വീട്ടിൽ ഒരുമിച്ച് ജീവിച്ച ഒരു അച്ഛനമ്മമാരുടെ മക്കൾക്കിടയിൽ ഉണ്ടാകുന്നതരം തീവ്രമായൊരു ആത്മബന്ധമായിരുന്നു അത്. ഞങ്ങളുടെ വർത്തമാനങ്ങളിൽ സദാ തമാശകൾ കലർന്നു. പൊട്ടിച്ചിരിച്ചു ചിരിച്ചു ഞങ്ങളുടെ ഫോൺവരെ മരിച്ചു. സിദ്ദിഖ്-ലാൽമാർ സിനിമ ഉണ്ടാക്കുന്നതുപോലെ ചിരിച്ച് ചിരിച്ച് പരുവപ്പെടുന്ന മാരക തമാശകൾ ഞങ്ങൾ പരസ്പരം പങ്കിട്ടു. ഞങ്ങൾ ലോകത്തെ സ്നേഹത്തോടെ കാണുകയും നർമത്തോടെ കളിയാക്കുകയും ചെയ്തു.
കുട്ടിക്കാലത്തെ തമാശകൾ, ഗുരുവായൂരപ്പൻ കോളേജിലെ വിശേഷങ്ങൾ, വീട്ടിലേയും നാട്ടിലേയും ദൂഷണങ്ങൾ മുതൽ പഴയതും പുതിയതും സമകാലികവുമായ സകലഗുലാബി തമാശകൾ വരെ അതിനകത്തുണ്ടായിരുന്നു. “ജെട്ടിയണിഞ്ഞൊരു ഡിങ്കൻ മാനത്ത്” എന്ന പാട്ട് ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത് എന്നയീണത്തിൽ കേൾക്കുമ്പോൾ ‘കിക്കിക്കിക്കീ’ എന്ന് വിജേഷേട്ടനും കബനിയും തലയറഞ്ഞു ചിരിച്ചു. എന്നും വിജേഷേട്ടൻ എന്ന് ഓർമിക്കുമ്പോൾ തമാശയുടേയും മധുരത്തിന്റേയും സങ്കടത്തിന്റേയും പലതരം ഓർമകളാണ് കലരുന്നത്.
പുകയില നിലയവിദ്വാൻ
വിജേഷേട്ടന്റെ ഒരു പ്രത്യേകത എന്തായിരുന്നു എന്നുവെച്ചാൽ വളരെ ഇമോഷണലായ, ദുർബലനായ ഒരു മനുഷ്യനായിരുന്നു എന്നതാണ്, ഒരുതരത്തിലുള്ള പ്രലോഭനങ്ങളേയും മറികടക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. മദ്യം ഇഷ്ടമാണ്, പുകയില ഇഷ്ടമാണ്. ഒരുപരിധിവരെ നിക്കോട്ടിൻ അഡിക്റ്റ്.
‘പുകയില നിലയവിദ്വാൻ’ -ഞാൻ പുച്ഛിച്ചു. അതു കേട്ടും ചിരിക്കും. എന്തെങ്കിലും തരത്തിലുള്ള പുകയില ഉല്പന്നങ്ങളൊക്കെ കണ്ടാൽ പരീക്ഷിച്ചു നോക്കാൻപോലും മടിയില്ല. ചിലപ്പോഴൊക്കെ ശംഭു ഖൈനിപോലെയുള്ള എന്തോ ഒരു സാധനം പരീക്ഷിച്ച ഒരു കഥ വിജേഷേട്ടൻ പറയുമായിരുന്നു.
ഇത്തരത്തിലുള്ള സകല കുരുത്തംകെട്ട പരീക്ഷണപരിപാടികളും പുള്ളിക്കാരന് ഏറെ പ്രിയപ്പെട്ടതാണ്. ആ ശ്രമം വിജയിച്ചാലും കുഴപ്പത്തിൽപ്പെട്ടാലും അതിങ്ങനെ വളരെയധികം നർമത്തോടെ വന്നു പറയും. അങ്ങനെ ചുണ്ട് പിളർത്തി ഉരച്ച് തേച്ച് വായിൽ വെച്ച് ലഹരി ചുറയുന്ന തരം എന്തോ ഒരു പുകയിലോല്പന്നം മൂപ്പർ വായിൽവെച്ച് പരീക്ഷിക്കാൻ വേണ്ടി കൊണ്ടുവന്നു. സത്യത്തിൽ അത് എന്താണെന്ന് എനിക്കറിയില്ല. ശംഭു ഖൈനിയാണോ തമ്പാക്കാണോ ഹൻസ് ആണോ എന്നറിയില്ല. എന്തോ ഒരു പുകയിലനിലയ ഉല്പന്നമാണ്.
അതിന്റെ കൂടെ ചെറുചെറു കുപ്പിച്ചില്ല് തരികളുമുണ്ട് എന്നാണ് കേട്ടത്. ചുണ്ട് പിളർത്തി ഉൾച്ചുണ്ടിൽ അതുവെച്ച് അമർത്തിത്തേയ്ക്കുമ്പോൾ ചെറിയ ചെറിയ മുറിവുകൾ ഉണ്ടാവുമത്രെ. അതിനുമീതെ ഈ ഉഡായിപ്പ് സാധനം വെച്ച് മണിക്കൂറുകൾ കഴിയുമ്പോൾ ഇതിന്റെ ലഹരി വായിലേക്ക് കിനിഞ്ഞ് ഇറങ്ങുമത്രേ.
“അടിപൊളി സാധനം.”
ഏതോ ഒരു പന്നന്റെ ഉപദേശം വിജേഷേട്ടൻ ഇഷ്ടപ്പെട്ടു. സുഹൃത്തുക്കളിൽനിന്നും ഇതിന്റെ വായിൽ തിരുമ്മുന്ന സാങ്കേതികവിദ്യ പഠിച്ചതിനുശേഷം അത് വായിൽ തേച്ച് വെച്ച് കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ എണീറ്റ് പോയപ്പോൾ പുതിയ ശീലം ആണല്ലോ, തലയിണക്കീഴിൽ വെച്ച അവശേഷിക്കുന്ന പാക്കറ്റുകൾ എടുക്കാൻ മറന്നുപോയി.
“ഞാനദ് മറന്ന്വോയല്ലോ. ഇന്തോ ഇന്തോ. അപ്പോൾ ഈ ഷീറ്റ് തട്ടിവിരിക്കുമ്പോ അമ്മ അത് കണ്ട്. മുപ്പത്തിപോയി അച്ഛന്റെടുത്ത് പരാതി പറഞ്ഞ്. നോക്കീ ങ്ങളെ മോൻ പുതിയ ശീലം പഠിച്ച്. അച്ഛൻ ഭയങ്കര കൗതുകത്തോടെ അത് എടുത്തുനോക്കി. ഒന്ന് മണത്തു. പൊട്ടിച്ചിത്തിരി കയ്യിലിട്ടു. ഇത് ചുണ്ടിന്റെ ഉള്ളിൽ തേക്കുന്ന എന്തോ ഒരു സാധനമാണ്, നാട്ടിലൊക്കെ ആളുകൾ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.”
പിന്നെ വിജേഷേട്ടൻ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
“അച്ഛൻ അവിടെ വെച്ച് തന്നെ അതൊന്നു ട്രൈ ചെയ്തു. പിന്നെ മൂപ്പർക്ക് അത് ഭയങ്കര ഇഷ്ടപ്പെട്ടു. ഞാനതിനു അടിമയായില്ലെങ്കിലും മൂപ്പർക്കൊരു പുത്യേ ശീലം കൊടുക്കാൻ കഴിഞ്ഞു.”
ഈ കഥയിൽ എത്രത്തോളം സത്യമെന്ന് എത്രത്തോളം നുണയെന്ന് എനിക്കറിയില്ല. എന്തോതരം വിഷാദം ചൂഴ്ന്നുനിന്ന എന്നെ ചിരിപ്പിക്കാനായുള്ളതായിരുന്നുവെന്നു മാത്രം എനിക്കറിയാം. അഭിനയത്തോടെ അത് കാണിച്ചുതരുമ്പോൾ അതിലെ തമാശകൾ നമ്മളെ ചിരിപ്പിച്ചു കൊല്ലുമായിരുന്നു. പലതരം തമാശകളുടെ ലോകം. കഥകളുടെ നാടകവഴി തേടിയ ചർച്ച.
കണ്ണൂർ കായലിൽ ഏതോ ഒരു അജ്ഞാതന്റെ കോണം
പണ്ടൊരു മുക്കുവൻ തെങ്ങുമ്മ കേറി
പാരഡികളുടെ വിചിത്രവും നർമരസ പ്രധാനവുമായ ലോകം. കഥകളുടെ വിചിത്ര ഭ്രമകല്പനകളുടെ ലോകം. ലഹരി പൂക്കുന്നതിന്റെ ഉന്മാദ കഥകൾ. ഞങ്ങളെന്തെല്ലാം സംസാരിച്ചില്ല!
ബിസോണിലെ മരണ അറിയിപ്പ്
ചേളന്നൂർ എസ്.എൻ. കോളേജിൽ ബിസോൺ നടക്കുകയാണ്. മിനിമം എന്നു പറഞ്ഞാൽ ഇതിലും മിനിമം ആയി സൗകര്യങ്ങൾ എവിടെയും കിട്ടില്ല. ബെഞ്ചിലുറക്കം നിലത്തു തീറ്റയൊക്കെ നമുക്കു സഹിക്കാം. ഒരു വാഷ്‌റൂമും 500 കുട്ടികളും. ഞങ്ങൾ ഒരു സംഘം പെൺകുട്ടികളും ആൺകുട്ടികളും പ്രാഥമിക കൃത്യത്തിനായി ഇടം തേടിയോടുന്നു. അപ്പി ഇടാനുള്ള ക്യൂ കണ്ട് കുട്ടികളുടെ തലകറങ്ങി. ഗുരുവായൂരപ്പൻ കോളേജ് ആയിരുന്നുവെങ്കിൽ വല്ല തൊടിയിലും പോയി പണി പറ്റിക്കാൻ ആവുമായിരുന്നു എന്ന് വയറുഴിഞ്ഞുകൊണ്ട് കുട്ടികൾ പരിതാപപ്പെട്ടു. കുളിക്കാനും തൂറാനും മുട്ടിയ അസംഖ്യം കുട്ടികളുടെ ലൈൻ കണ്ട് വിജേഷേട്ടന് ഒരു ബുദ്ധി തോന്നി.
“മ്പള അനിൽന്റെ വീട് ഇവിടെ അടുത്താണ് നമുക്കെല്ലാവർക്കും അങ്ങോട്ട് പോകാം.”
“ഏതനില്?”
“അനിൽ ഗംഗ.”
“ശരിക്കും പരിചയമുണ്ടോ?” ഞാൻ ആശങ്കാകുലയായി.
“വന്നോളി.”
വയറു പൊത്തിപ്പിടിച്ചുകൊണ്ട് എല്ലാവരും ഓക്കേ എന്നു പറഞ്ഞു. ഒരു ജാഥയായി 20-25 പേർ അടങ്ങുന്ന ഒരു സംഘത്തെ നയിച്ചുകൊണ്ട് വിജേഷേട്ടൻ അനിൽ ഗംഗയുടെ വീട്ടിലേയ്ക്ക് പോയി.
“സത്യത്തിൽ അനിൽ ഗംഗയുടെ അമ്മയെ വിജേഷേട്ടന് പരിചയമുണ്ടോ?” എന്നു ഞാൻ മൂന്നാല് ആവർത്തി ചോദിച്ചു.
“പിന്നെ ഓരൊക്കെ നമ്മുടെ സൊന്തണ്.”
“എന്നാ പോകാം.” സംഘത്തിൽ ഞാനും ചേർന്നു. എല്ലാവരേയും ഏതൊക്കെയോ വഴികളിലൂടെ തെറ്റിച്ചും ശരിയാക്കിയുമൊക്കെ സഞ്ചരിപ്പിച്ച് ഒടുവിൽ വീട്ടുമുറ്റത്ത് എത്തിച്ചു. മുറ്റമടിച്ചുകൊണ്ടിരിക്കുന്ന അനിൽ ഗംഗയുടെ അമ്മ ഞങ്ങളെ കണ്ടു പരിഭ്രാന്തിയോടെ നോക്കി. വിജേഷേട്ടൻ അമ്മയേയും നോക്കി. ഞങ്ങളേയും നോക്കി. അമ്മയ്ക്ക് വിജേഷേട്ടനെ ഓർമയുണ്ടായിരുന്നില്ല. ഇനി ഞങ്ങളുടെ മുന്നിൽ നാണംകെടാൻ വയ്യ. വിജേഷേട്ടൻ നാടകീയമായി താടി ഉഴിയുംപൊലെ നിന്നു.
“ഒരു കാര്യം പറയാനുണ്ട്. നമുക്ക് മാറിനിൽക്കാം.”
അനിലേട്ടന്റെ അമ്മയെ മാറ്റിനിർത്തി ചെവിയിൽ എന്തോ പറഞ്ഞു.
അടുത്ത നിമിഷം ആ അമ്മ ചൂല് നിലത്തിട്ട് നെഞ്ചത്ത് ആഞ്ഞടിച്ചു: “അയ്യോ മോനേ അനിലെ നിനക്കെന്താടാ പറ്റിയത്?” വിജേഷേട്ടൻ നിന്ന സ്ഥലത്തുനിന്നും പുറകോട്ട് ഒരു ചാട്ടം ചാടി.
“അയ്യോ അനിലിനെന്തു പറ്റി?” വിജേഷേട്ടൻ പരിഭ്രമിച്ചു.
“പറയ് മോനെ ന്റെ കുട്ടിക്ക് എന്താ പറ്റീത്?” അല്പം കഴിഞ്ഞാണ് കാര്യം പിടികിട്ടിയത്.
“അനിലിന് ഒന്നും പറ്റീല്ല. ഇവര് തൂറാൻ വേണ്ടി വന്നതാണ്.”
അമ്മയുണ്ടോ ഈ കരച്ചിലിനിടയിൽ ഇതു കേൾക്കുന്നു. ഞങ്ങൾ പെൺകുട്ടികൾ മുന്നോട്ടു വന്നു.
“അമ്മേ ബീസോൺ പരിപാടിക്കുവേണ്ടി വന്നതാണ്. അവിടെ വാഷ് റൂം ഒന്നുമില്ല അതുകൊണ്ട് കുളിക്കാനും അപ്പി ഇടാനും ഒക്കെ വന്നതാണ്.”
അമ്മ കരച്ചിൽ നിർത്തി. “എന്നാൽ പിന്നെ അണക്കത് ആദ്യം പറഞ്ഞുകൂടെ?”
വിജേഷേട്ടൻ തല ചൊറിഞ്ഞ് നിന്നു.
അവർ അകത്തേയ്ക്ക് പോയപ്പോൾ ഞാൻ വിജേഷേട്ടനെ തോണ്ടി.
“അല്ല സത്യത്തിൽ നിങ്ങൾ എന്താ അവരോട് പോയി പറഞ്ഞത്?”
ഞാനൊന്നും പറഞ്ഞില്ല
“അമ്മേ പറയാൻ പോകുന്നത്.... അമ്മ ശ്രദ്ധിച്ചു കേൾക്കണം. ഞാൻ അനിലിന്റെ... എന്ന് പറഞ്ഞതും അപ്പോഴേക്കും അനിലിന് എന്ത പറ്റിയെ എന്നു പറഞ്ഞ ആ അമ്മ നിലവിളിക്കാൻ തുടങ്ങിയതാണ്. അവരു കരഞ്ഞപ്പം ഞാൻ വിചാരിച്ചു അനീലിനെന്തോ പറ്റീന്ന്.”
അന്നു ഞങ്ങൾ ചിരിച്ച ചിരിക്ക് കയ്യും കണക്കുമില്ല. “അയ്യോ മോനേ എന്റെ അനിലേ” എന്ന അമ്മയുടെ പരിഭ്രമിച്ച നിലവിളി, ഇളിഞ്ഞ വിജേഷ് ഏട്ടന്റെ മുഖം, അറിയാത്ത പുരയിലേക്ക് കുളിക്കാനും തൂറാനും വേണ്ടി പെൺകുട്ടികൾ അടങ്ങിയ സംഘത്തെ ധൈര്യപൂർവം കൊണ്ടുപോയ ആ തൊലിക്കട്ടി-എക്കാലത്തും ഞങ്ങൾക്കു പറഞ്ഞു ചിരിക്കാൻ കാര്യമായി.
കബനീകല്ല്യാണം
“മോളെ ഏട്ടന്റെ കല്ല്യാണമാണ്.” ഫോണിലൂടെ വിജേഷേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു:
“ഏതാണ് ആ ഹതഭാഗ്യ?”
“ഓള പേര് കബനി ന്നാണ്.”
“ങ്ങളെ സൊബാവത്തിനു ബവാനിയോ വിലാസിനിയോ ആണു നന്നായിരുന്നത്.”
“പ്രേമാ.”
“ഈശ്വര നിങ്ങളെന്തിനാണ് ആ കുട്ടിനെ പ്രേമിച്ച് നിങ്ങളുടെ കൂടെ കൂട്ടുന്നത്.”
“ഞാൻ കുറെ പറഞ്ഞിണ്ട്. ഓൾക്കാണ് നിർബന്ധം.”
“ഓള വിധി അല്ലാതെന്താ?” ഞാൻ ചൊറിഞ്ഞു.
“നല്ല കുട്ടിയാണ് നല്ല കുട്ടിയാണ് ഒരു നല്ല മോളാണ് ട്ടോ.”
“അതു തോന്നി അല്ലെങ്കിൽ നിങ്ങളെ ചുമക്കാൻ നടക്കുലല്ലോ.”
“എന്താ ഇന്തോ ഇങ്ങനെ പറയുന്ന്? ഞാനെന്താ അത്ര മോശ?”
“നിങ്ങൾ അത്രയ്ക്ക് നല്ലതല്ല. കള്ളുകുടി, പുകവലിതീറ്റ, കഞ്ചാവ് ഉണ്ടോ? കഞ്ചാവ് ഉണ്ടോ?”
“പോടോ അവിടുന്ന്.”
“പൈസ ഒക്കെ ഉണ്ടോ, കല്ല്യാണം ഒക്കെ കഴിഞ്ഞ സമ്പാദിക്കേണ്ടെ പിന്നെ ഈ കുടിയും വലിയ ഒന്നും പറ്റില്ല. ഭാര്യയെ നോക്കേണ്ടിവരും. ജോലിക്ക് പോണ്ടേരും.”
“ഞാൻ അതിൽനിന്നൊക്കെ മാറും. നല്ല കുടുംബാവാൻ പോവ്വ.”
“മാറിയ ആ കുട്ടിക്ക് നല്ലത്.”
“ഓള് ഭയങ്കര പെണ്ണാണ്. ജയിൽ അഴിയുടെ ഉള്ളിൽ കൂടെ അമ്മയുടെ പാല് കുടിച്ച ആളാണ്.”
നക്സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കബനിയുടെ മാതാപിതാക്കൾ ജയിലിൽ ആയി എന്നോ /ലോക്കപ്പിൽ ആയി എന്നോ ആണ് കഥ. അമ്മയെ കാണാൻ വന്ന സന്ദർശക കുട്ടി ജനലഴികളിലൂടെ മുലപ്പാൽ കുടിച്ചുവത്രെ.
“അപ്പോൾ എല്ലാം ചാടി കടക്കാൻ അറിയാവുന്ന കെ.കെ. ജോസഫ് ആണ്. എന്തായാലും നിങ്ങൾക്ക് അടിച്ച ലോട്ടറിയാണ് അവൾ.”
“ശരിയാട്ടോ ശരിയാട്ടോ” മൂപ്പര് ചിരിക്കുന്നു. ഞാനും ചിരിക്കുന്നു. ഫോണിലൂടെ പാവപ്പെട്ടവളും നിഷ്‌കളങ്കയും സർവോപരി പ്രേമസ്വവുമായ ഒരു സുന്ദരിപ്പെണ്ണിനെ അടിച്ചുമാറ്റിയതിന്റെ ആഹ്ലാദം ഞങ്ങൾ പങ്കിട്ടു.
വിജേഷേട്ടൻ നല്ല മനുഷ്യനാണ്. എന്നാൽ, നല്ല ഭർത്താവാണോ എന്ന് കബനിയോട് ചോദിക്കേണ്ടിയിരിക്കുന്നു. സമ്പാദിക്കാൻ അറിയാത്ത, ഇൻഷുറൻസ് ഇല്ലാത്ത, മക്കൾക്കായി ബാങ്ക് ബാലൻസ് ഇല്ലാത്ത, സദാ കുടിക്കുന്ന, എത്ര നിർബന്ധിച്ചിട്ടും ബി.പിയുടെ മരുന്നുകൾ കഴിക്കാൻ മറന്നുപോകുന്ന അല്ലെങ്കിൽ കഴിക്കാത്ത കള്ളുകുടിച്ചപ്പോൾ കബനിയെ ചീത്തവിളിച്ച വിജേഷേട്ടൻ നല്ല ഭർത്താവാണോ?
ഫോണിലൂടെ ഒരിക്കൽ ഞാൻ നല്ല ചീത്തവിളിച്ചു.
“അത്യാവശ്യമായിട്ട് ഒരു 300 രൂപ ഒരു ഗൂഗിൾ പേ ചെയ്യണം.”
“ഇത് നിങ്ങൾക്ക് കുടിക്കാൻ അല്ലേ? കുട്ടിയേയും ഭാര്യയേയും സംരക്ഷിക്കാൻ ഇത്രയ്ക്കും കാണുന്നില്ലല്ലോ?” എന്നും ഞാൻ കോപത്തോടെ അലറി.
“ഇല്ല ഒറ്റപ്പൈസ തരില്ല പൈസ തരില്ല പൈസ തരില്ല” ഞാൻ ഉഗ്രരൂപിണിയായി.
“ഏട്ടൻ നാളെ തിരിച്ചു തരും.”
“ഇത് തിരിച്ചു തരുന്നതിന്റെ പ്രശ്നമല്ല, ബാറിൽ കൊടുക്കാനുള്ള പൈസ എന്റെ കയ്യിൽ ഇല്ല.”
ഞാൻ ഫോൺ കട്ട് ചെയ്തു. ഇനി നട്ടപ്പാതിരാക്കി ബാറിൽ കുടുങ്ങിപ്പോകുമോ? നാശം പിടിക്കാൻ ഞാൻ പ്രാകിക്കൊണ്ട് 300 രൂപ അയച്ചുകൊടുത്തു.
പിറ്റേദിവസം ഞാൻ പേരും കച്ചറയായിരുന്നു. ഉത്തരവാദിത്ത ബോധത്തെക്കുറിച്ച് സുദീർഘമായ പ്രസംഗം തന്നെ വിജേഷേട്ടൻ നടത്തി, സ്വതസിദ്ധമായ ചിരിയോടെ:
“എല്ലാം മാറും മോളെ. ഞാൻ സ്വയം തിരുത്തപ്പെടാനുള്ള വഴികളിലാണ്. വാക്കാണ് മോളെ വാക്കാണ്. സത്യം ചെയ്യണോ?”
“അയ്യോ ഒന്നും വേണ്ട താങ്ക്‌സ്.”
ശങ്കറും ഞാനും ചായയിൽ വെച്ച് ചായയും പരിപ്പുവടയും കുടിച്ച് സംസാരിക്കുമ്പോൾ വിജേഷേട്ടനെപ്പറ്റി പറഞ്ഞു.
കല ഒരു മനുഷ്യന്റെ തലയിൽ ഉണ്ടാക്കുന്ന അരാജകത്വത്തെക്കുറിച്ച് ഞാൻ ഓർക്കുകയുണ്ടായി. സ്നേഹമായ ഒരു പുഞ്ചിരികൊണ്ട് അദ്ദേഹം എല്ലാ വഴക്കുകളേയും എല്ലാ സ്നേഹങ്ങളേയും നേരിട്ടു.
തലയിലെ കുത്തൊഴുക്കുകൾ
തലയിലെ ചാലിയടവുകൾ
പിറ്റേ ദിവസം സ്‌ട്രോക്ക് ആയി എന്ന വാർത്ത തേടിവന്നപ്പോൾ ഒന്നുമില്ല കുഴപ്പമില്ല എന്നുതന്നെ കരുതി. കബനിയെ വിളിച്ചപ്പോൾ അവൾ എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു.
“ചേച്ചിയെ പേടിയാവുന്നു ചേച്ചിയെ പേടിയാവുന്നു എന്നിങ്ങനെ ആവർത്തിച്ചു കൊണ്ടേയിരുന്നു. അവിടുത്തെ അവസ്ഥ എന്താണെന്ന് ഒന്നുമെനിക്കറിയില്ല. ചേച്ചി അലനെ വിളിക്കുമോ?” അവൾ അലൻ താഹയുടെ നമ്പർ എനിക്ക് അയച്ചുതന്നു.
അലനോട് സംസാരിച്ചപ്പോൾത്തന്നെ മെഡുല ഒബ്ലാംഗട്ടയിലാണ് ബ്ലീഡിങ് വന്നതും ക്ലോട്ട് ആയതും എന്ന് അറിയാൻ സാധിച്ചു. ഒഴുക്കുകൾ തലയുടെ ആഴങ്ങളിലേയ്ക്കു പൂണ്ടുപോകുന്നു. ഒടുക്കം തുള്ളികുത്തിക്കട്ടയാകുന്നു. സർജറി അവിടെ സാധ്യമായിരുന്നില്ല.
“അലിയാനുള്ള ഇഞ്ചെക്ഷൻ നൽകിയിട്ടുണ്ട്. പക്ഷേ, ക്രിട്ടിക്കലാണ്” ഏഴു മണിയുടെ ഇരുട്ടിൽ കാർ പാർക്ക് ചെയ്ത് ഞാൻ കുറച്ചുനേരം ഇരുന്നു. ഒന്നും മിണ്ടാൻ കഴിയുന്നില്ല.
“നേരം വൈകിപ്പോയോ ആശുപത്രിയിൽ എത്തിക്കാൻ.”
“ഏയ്യ് ഇല്ല സേക്രട്ട് ഹാർട്ടിൽ പരിശീലനം നടക്കുകയായിരുന്നു അപ്പോഴാണ് പെട്ടെന്ന് വയ്യാതായത് അരമണിക്കൂറിനുള്ളിൽ തന്നെ മെഡിക്കൽ ട്രസ്റ്റ് എത്തിച്ചു.”
“എനിക്ക് റിപ്പോർട്ടുകൾ അയച്ചുതരുമോ ഞാൻ ചില ശിവയ്ക്ക് അയച്ചുകൊടുക്കാം.”
റിപ്പോർട്ടുകൾ ഞാൻ പല ഡോക്ടർമാർക്കും അയച്ചുകൊടുത്തു. ഒടുക്കം ശിവകുമാർ സിദ്ധയ്യയ്ക്കും.
ശിവ പല കാര്യങ്ങളും എന്നോട് ചോദിച്ചു ഞാൻ മറുപടിയും കൊടുത്തു.
“10-11 മണിയാവട്ടെ പ്രോഗ്രസ്സ് അറിയാമല്ലോ” -ശിവ പറഞ്ഞു.
എന്റെ ഹൃദയം പൊടുന്നനെ നിലച്ചുപോയി. ശിവയുടെ സത്യസന്ധതയെക്കുറിച്ച് എനിക്ക് നന്നായി അറിയാം. ശിവ റിപ്പോർട്ട് പരിശോധിച്ചു. ഒരുപക്ഷേ, രണ്ടു മൂന്നു മണിക്കൂറിനകം ഇതിനൊരവസാനം ഉണ്ടാകുമെന്ന് മനസ്സിലാക്കിയോ എന്നു ഞാൻ വിറയിലൂടെ ഓർത്തു.
“ഈ അവസ്ഥയിൽനിന്നും രക്ഷപ്പെട്ടാലും പല പ്രധാനപ്പെട്ട അവയവങ്ങൾക്കും കേടുവരും ചേച്ചി” വാട്ട്സ്സാപ്പ് സന്ദേശങ്ങൾ ചിലമ്പി.
ഒന്‍പതിലേയോ പത്തിലേയോ ബയോളജി ക്ലാസിൽ ബോർഡിൽ വരച്ച തലച്ചോറിന്റെ നടുവിലെ ബൾബ് പോലത്തെ സാധനം ഓർമവന്നു. “തുമ്മുന്നതും ഛർദിക്കുന്നതും ചുമയ്ക്കുന്നതും ശ്വാസം എടുക്കുന്നതും ഹൃദയമിടിക്കുന്നതും അന്നകുല്യയുടെ ചലനങ്ങൾ നിയന്ത്രിക്കുന്നതും മെഡുല ഒബ്ലാംഗട്ടയുടെ പണിയാണ്. തലച്ചോറിന്റെ കാതലാണ്” എന്നു ടീച്ചർ പറഞ്ഞ വാക്കുകൾ വർഷങ്ങൾക്കിപ്പുറം ഞാൻ ഓർത്തു.
ജീവിതകാലം മുതൽ കുഴലുകൾ ശരീരത്തിൽ ഇട്ടാലും വേണ്ടില്ല ഒരു തിരിച്ചുവരവ് ഉണ്ടായാൽ മതിയായിരുന്നു എന്നു ഞാൻ നിസ്സഹായമായി ഓർമിച്ചു. ശിവ പറഞ്ഞ വിവരങ്ങൾ പറയാൻ, അതിൽനിന്ന് എനിക്ക് ഉണ്ടായ ഭയം പറയാൻ അലനേയോ കബനിയേയോ ഞാൻ വിളിച്ചില്ല. ഓരോ 10 മിനിറ്റ് കൂടുമ്പോഴും ഫേസ്ബുക്ക് ഭയത്തോടെ തുറന്നുനോക്കി.
ഇല്ല, കുഴപ്പമൊന്നും ഉണ്ടാകില്ല ഒന്നും വരില്ല.
മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റലിൽ പ്രത്യേക ശ്രദ്ധ കിട്ടാൻ എന്തെല്ലാം വഴിയുണ്ട് എന്ന് മറ്റു സുഹൃത്തുക്കളെ വിളിച്ച് ആരായുകയും അവരുടെ സുഹൃത്തുക്കൾ വഴി അത് ഉറപ്പുവരുത്തുകയും ചെയ്തു.
സമാധാനം എല്ലാം ശരിയാകും ഡോക്ടർമാർ ഉണ്ടല്ലോ കൂടെ.
ഞാനെന്നെ തന്നെ സമാധാനിപ്പിച്ച് ഉറങ്ങാൻ ശ്രമിച്ചു. ഉറക്കത്തിൽ കീർത്തി മോളെ സ്വപ്നം കണ്ടു. വായിൽ ഘടിപ്പിച്ച വെന്റിലേറ്റർ കുഴൽ. തണുപ്പുള്ള നെറ്റിത്തടങ്ങൾ.
പേടിച്ച് ഞെട്ടി ഉണർന്നു. ഭയത്തോടെ ഫോൺ നോക്കി.
“വിജേഷ് വിട” രാ പ്രസാദിന്റെ പോസ്റ്റ് മാത്രം. പിന്നെ ഉറങ്ങിയില്ല. ഓരോ നിമിഷവും സമാധാനം ഇല്ലായ്മയായി. ഓരോ ചിരിയോർമകളും ഓരോ പാട്ടോർമകളും ഓരോ പ്രൊഡക്ഷൻ ഓർമകളും മനസ്സിൽ വരിവരിയായി വന്നു.
മരണാനന്തരം എപ്പോൾ കൊണ്ടുവരുമെന്നു ചോദിക്കാൻ തോന്നിയില്ല എവിടെ കൊണ്ടുവരുമെന്ന് ചോദിക്കാൻ തോന്നിയില്ല.
ഞാൻ സ്കൂൾ ഓഫ് ഡ്രാമ വഴി ടൗൺഹാളിൽ വരും എന്ന് പലതിലൂടെ പറയുന്നതായി അറിഞ്ഞു. തൊട്ടുമുന്നിലൂടെ മൂന്നാല് തവണ വണ്ടിയോടിച്ചിട്ട് ടൗൺഹാളിൽ കയറാൻ മനസ്സ് അനുവദിച്ചില്ല.
“അമ്മേ ഇത് ഭയങ്കര മോശമാണ്. അമ്മയി ചെയ്യുന്നത് ശരിയല്ല പോയി കാണൂ.”
എനിക്ക് ഒരാളേയും ബോധ്യപ്പെടുത്തുവാനായി കാണേണ്ടതല്ല. ഞാൻ വിജേഷേട്ടനെ കാണാൻ ഉദ്ദേശിക്കുന്നില്ല. എന്റെ ഓർമകളിൽ മരിച്ചുകിടക്കുന്ന ഒരു വിജേഷ് ഏട്ടൻ ഇല്ല എനിക്ക് അത് ആവശ്യവുമില്ല.”
പുതിയറ വഴി മൂന്നാല് തവണ പോയി. വീട്ടിലേയ്ക്കുള്ള വഴി അറിയില്ല എന്ന് സ്വയം ന്യായം കൊണ്ട് തിരിച്ചുവന്നു. എന്തിനു പോകണം ആരെ കാണണം ആവശ്യമില്ല കാണേണ്ടതില്ല.
“അമ്മ എന്താ ഇത്ര സ്‌ട്രെസ്സ്ഡ് ആയിരിക്കുന്നത്?” കണ്ണാടിയുടെ മുന്നിൽ ഞാൻ എന്നെ തന്നെ നോക്കി നിൽക്കുമ്പോൾ മകൾ ചോദിച്ചു.
ഓരോ ഡിപ്രഷനുകളിലും ഓരോ ദുഃഖങ്ങളിലും വിഷാദത്തെ മറക്കാൻ ഞാൻ മുഖത്തെ ഒരുക്കി വസ്ത്രങ്ങൾ ധരിച്ച് ആൾക്കൂട്ടങ്ങളിലേക്ക് നടന്നുപോയി. മനസ്സിൽ ഒരു കടലാസ്‌പോലെ വെളുപ്പ് നിറഞ്ഞു എത്ര തവണ വണ്ടി എടുത്തു കാണാൻ തയ്യാറായി. അത്ര തവണയും കാണണ്ട എന്നും വെച്ചു. തിരികെ മടങ്ങി. നാളെ രാവിലെ ഒന്‍പത് മണിക്കാണ് ചടങ്ങുകൾ എന്നറിഞ്ഞ് 12 മണിക്ക് വെറുതെ നഗരം കറങ്ങി തിരിച്ച് വീട്ടിലേക്ക് പോയി.
ചടങ്ങുകൾ തീർന്ന വൈകുന്നേരം മടിയോടെ പോയി. കബനിയെ കണ്ടപ്പോൾ ഒന്നും സംഭവിക്കാത്തതുപോലെയാണ് സംസാരിക്കാൻ ശ്രമിച്ചത്.
“നീ വിജേഷേട്ടന്റെ കണ്ണുകളും അവയവങ്ങളും ആർക്കെങ്കിലും കൊടുത്തുവോ ?”
“ഇല്ല ചേച്ചി അതിനെപ്പറ്റി ഒന്നും എനിക്ക് ഓർമവന്നില്ല.”
ഒരു സങ്കടം ബാക്കിനിന്നു. ശിവ പറഞ്ഞ സമയം അറിയാമായിരുന്നു, എനിക്ക് അത് ഊഹമായിരുന്നില്ല. ഉറപ്പുമായിരുന്നു എന്നിട്ട് ഞാൻ സ്വയം വിഡ്ഢിയാവാൻ ശ്രമിച്ചു. ആരോടെങ്കിലും ഒരാളോട് പറയാമായിരുന്നു. സ്നേഹം നിറഞ്ഞ ആ കണ്ണുകൾ, സ്നേഹം നിറഞ്ഞ ഹൃദയം, തുടികൊട്ടിയ വിരലുകൾ എല്ലാം നിങ്ങൾക്കുള്ളതായിരുന്നു മനുഷ്യരെ.
പ്രിയപ്പെട്ട വിജേഷ് ഏട്ടാ ഞാനും നിങ്ങളും ഒന്നിലും വിശ്വസിക്കുന്നില്ല. മരണത്തിലോ മരണാനന്തര ജീവിതത്തിലോ ദൈവത്തിലോ ദൈവഹിതങ്ങളിലോ ഒന്നിലും. പക്ഷേ, നമ്മൾ വിധിയിൽ വിശ്വസിക്കുന്നു. നമ്മൾ സ്നേഹത്തിൽ വിശ്വസിക്കുന്നു. നമ്മൾ സംഗീതത്തിൽ വിശ്വസിക്കുന്നു. നമ്മൾ താളത്തിൽ വിശ്വസിക്കുന്നു. നമ്മൾ പൂക്കളിൽ വിശ്വസിക്കുന്നു. നമ്മൾ പെൺകുട്ടികളിൽ വിശ്വസിക്കുന്നു.
പാതിരാത്രിയിൽ ഉടഞ്ഞ ഹൃദയത്തോടെ പാതിയാന്ധ്യ കണ്ണീർ കാഴ്ചയിൽ പാട്ടും പറച്ചിലും പിരാന്ത് പിടിച്ച അലർച്ചകളും എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു എന്നു ഞാൻ എന്നോട് തന്നെ പറഞ്ഞു.
നട്ടപ്പാതിരയ്ക്ക് ഒരു 300 രൂപ ചോദിച്ച് ഇനി ഒരാൾ വിളിക്കില്ല എന്നും അതേ നട്ടപ്പാതിരയ്ക്ക് നിനക്ക് മിട്ടായി വാങ്ങാൻ 1000 രൂപ ഞാൻ ഇട്ടിട്ടുണ്ട് എന്നു പറഞ്ഞ് ഒരാൾ വിളിക്കില്ല എന്നും എനിക്ക് ബോധ്യം വന്നു.
നിങ്ങൾ ഒരു തേനീച്ച ആയോ മുക്കുറ്റി പൂവായോ അല്ലെങ്കിൽ ഒരു കിടി മുട്ടിയായോ പുനർജനിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. സഞ്ചയനത്തിനു ചോറുണ്ണുമ്പോൾ തൊണ്ടയിൽ ഒന്നും കുരുങ്ങിയില്ല.
“ങ്ങളെ പതിനാറടിയന്തിരത്തിനാണ് ഞാൻ തിന്നാൻ പോകുന്നത്” എന്ന് അലറിയത് ഓർമ വന്നു. ഉപ്പും പുളിയും എരിവും ഉള്ളിൽ നിറഞ്ഞു. കണ്ണുകൾ തുളുമ്പി. കബനി ഒളിച്ചുകാണിച്ച കാർഡിൽ കണ്ണീരിറ്റി. 2-3 കാർഡുകളുണ്ടായിരുന്നു. സ്വന്തം ചരമയറിയിപ്പെഴുതിയവ.
കുഴഞ്ഞു വീണൊരാൾ ടൗൺഹാളിൽ നാടകം മുടക്കുന്നു.
പിന്നെ ഹൃദയാഘാതത്തിൽ ഒരാൾ മരിക്കുന്നു.
രണ്ടും അയാളായിരുന്നു. വിജേഷ് കെ.വി.
നാടകംകൊണ്ട് മരിച്ചുതീർന്ന ഒരാൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates