ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

ഡി. യേശുദാസ് എഴുതിയ കവിത പെണ്ണുങ്ങളെക്കുറിച്ചുള്ള ഏതാനും കണ്ടുപിടുത്തങ്ങൾ

ഡി. യേശുദാസ്

1.

പെണ്ണുങ്ങൾ

സ്വപ്നങ്ങളെപ്പോലെയാണ്;

കാണുമ്പോൾ തീവ്രം,

കാണാത്തപ്പോൾ അസത്യം.

2.

ഏതോ സ്വപ്നത്തിലാണല്ലോ

ഈ രഹസ്യക്കാരികൾ സഞ്ചരിക്കുന്നത്

എന്നു വിചാരമുള്ള പയ്യൻ

ഒരു പ്രണയമെഴുത്തുകാരനാവും.

പെണ്ണുങ്ങളെക്കുറിച്ചെഴുതുമ്പോൾ

അവന്റെ വാക്കുകൾ എഴുന്നേറ്റ് നൃത്തം ചെയ്യും.

നൃത്തം ചെയ്യുന്ന വാക്കുകളുള്ളവരെ

ഈ കള്ളികൾ ജലംപോലെ കരുതും.

3.

എത്രയും സ്വകാര്യമായി

ഒരു കാമുകനെ ഒളിപ്പിക്കാൻ

ഈ സ്വപ്നാടകക്കാരികൾക്കറിയാം.

വാർകൂന്തൽ മുടിച്ചാട്ടമൊന്നും

വേണമെന്നില്ലവർക്ക്.

അത്ര കാരുണ്യത്തോടെ ഒളിപ്പിക്കാൻ

കാമുകനല്ലാതെ ഒരന്യദൈവവുമില്ലവർക്ക്.

ഇനി ഒരു കാമുകനില്ലെങ്കിലും

ആ രഹസ്യാത്മകതയുണ്ടല്ലോ

അതവരെ വിട്ടുപോവുകയില്ല.

4.

ഏതോ രഹസ്യത്തിൽ നി-

ന്നിറങ്ങിവരുന്നപോലെയോ

ഏതോ അത്ഭുതത്തിലേക്ക്

നടന്നുപോകുന്നപോലെയോ

പെൺവതികളെ തോന്നുന്നവരുണ്ടെങ്കിൽ

അവന്മാരിൽ ഒരു കാമുകനുണ്ട്.

ഉല്ലേഖിനിമാർക്കതറിയാം.

അത് ആ കണ്ണുകളിൽ തിളങ്ങും.

അങ്ങനെയാണ് ഈ കൊത്തുകാരികൾ

ആണ്മകളിൽ കാമുകനെന്ന വേദനാശില്പം

കൊത്തുന്നത്.

5.

ഒരുസ്വപ്നത്തിൽ നിന്നിറങ്ങി

മറ്റൊരു സ്വപ്നത്തിലേക്കുള്ള

ആ പോക്കിന്നിടയ്ക്കുവച്ചാണ്

നാം അവരെ കാണുന്നതെങ്കിൽ

അവരുടെ ചിരികളിൽ മാന്ത്രികത തുളുമ്പും.

നിങ്ങളെ നോക്കി ചിരിക്കുന്ന ചിരിയാവില്ലത്.

അനാഥമായിരിക്കാനാവില്ല

എന്നതുകൊണ്ടു മാത്രമാണ്

ആ ചിരി നിങ്ങളിൽ പതിയുന്നത്.

എന്നാൽ, നമ്മളതിൽ പരിഭ്രാന്തരാവുകയും

യക്ഷിക്കഥകളിൽപzടുകയും ചെയ്യും

6.

മുടിയൊതുക്കിക്കെട്ടി പൂക്കൾചൂടി

കണ്ണുകളെഴുതിവരുന്ന

നാട്ടിൻപുറത്തുകാരിയിലും

മുടി വിതിർത്തിട്ട് ചുണ്ടും കവിളും കണ്ണും

നിറമണിഞ്ഞു വരുന്ന നാഗരികയിലും

കാണുന്ന അലൗകികതയാണ്

കാലാകാലങ്ങളായി പുരുഷനെ

അവനല്ലാത്തതൊക്കെയാക്കിയത്;

പെണ്ണുങ്ങളിൽ മാത്രം തഴച്ചുവളരുന്ന

പ്രാചീനമായൊരു നിലാമൃഗമാണത്.

7.

സ്നേഹിക്കുന്ന പെണ്ണുങ്ങളുടെ പിച്ചും മാന്തും

പതിയിരിക്കുന്ന ഒരിടനാഴിയിലാണ്

ഏറ്റവും ആനന്ദകരമായ നിമിഷങ്ങളുള്ളതെന്നും

എന്നാൽ, വിഷംപോലെ എല്ലാം

വികലമാക്കിക്കളയുന്ന ഒരു മൗനമവർക്കുണ്ടെന്നും

ആ മൗനം കൊണ്ടുള്ള പുറത്താക്കലാണ്

കാമുകരെ മരണത്തിലേക്കുള്ള നടത്തക്കാരാക്കുന്നതെന്നും

അശരീരികളുണ്ട്.

8.

സ്വപ്നവും ഭ്രാന്തും കടികൂടിക്കഴിയുന്ന

രണ്ടുതലച്ചോറുകൾ ഒരുമിക്കുന്ന ഏനക്കേടുകളിൽനിന്ന്

ആദിമധ്യാന്തപൊരുത്തമുള്ള ഒന്നും കിട്ടുകയുമില്ല.

കമിതാക്കളുടെ ഹിംസാവാസനകൾ

പ്രണയത്തിന്റെ വളർത്തുമൃഗങ്ങളായിരിക്കുമെങ്കിലും

അവയ്ക്ക് അവയുടെ കാടുകളുണ്ട്.

അവിടെ രതിയുടെ വിഷാദസുഗന്ധത്താൽ

കാന്തിഭ്രാന്തികളെല്ലാം വച്ചുമാറുന്ന

ലജ്ജാതീതസംവർത്തികളാകുമവർ.

9.

എന്നാൽ

സ്വപ്നങ്ങളുടെ അണ്ഡങ്ങൾ അലസി

കണ്ണീരായി കുത്തിയൊഴുകുന്ന പാതിരകളിറങ്ങി

‘ഇതല്ല ജീവിതം’ എന്നോർപ്പിച്ചു കരയിക്കുന്ന

കൊടുംപകലുകളും താണ്ടി

ഒരെത്തും പിടിയും കിട്ടാതെ

മലർന്നുവീണ കരിവണ്ടുകളാവുന്ന

അലച്ചിലുകാരായ ആണുങ്ങളെ

കവച്ചു കടന്നുപോകുന്ന ഒരു പോക്കിലാണ്

ഏകാകിനികളെ കാണാനാവുക

10.

പെണ്ണുങ്ങൾ

പെണ്ണുങ്ങളല്ലാത്തതൊക്കെയായിപ്പോയ

കെട്ടനൂറ്റാണ്ടുകൾ അവർക്ക് പിന്നിലുണ്ട്;

അറുകൊലകളുടെ രക്തച്ചാട്ടങ്ങൾ.

അതുകൊണ്ട്

ജീവന്റെ അപ്പവും വീഞ്ഞുമായവളെ സ്നേഹിക്കുകയെന്നാൽ

ഉലകരഹസ്യങ്ങളെ സ്നേഹിക്കുകയെന്നാണ്.

അവൾക്ക് പൊട്ടിത്തെറിക്കാൻ

ഒരഗ്നിപർവതമാകുന്നുണ്ടോ നീ

എന്നാണവൾ നോക്കുന്നത്.

ഒരു കാമുകനെയല്ല

രഹസ്യങ്ങളെ പെറുന്നവനെ വേണം അവൾക്ക്.

പ്രണയത്തിന്റേയും കണ്ണീരിന്റേയും

പകയുടേയും കടത്തുതോണികൾ വിടുതലില്ലാതലയുന്ന ഒരുകടൽ

ചോരയിൽ അവൾ പോറ്റുന്നുണ്ട്.

പ്രണയിച്ചവർ അപരിചിതരാകുന്ന ഭയങ്കരത,

ആരുമതു നീന്തിക്കടന്നേ മതിയാവൂ.

അനുരാഗത്തിന്റെ അമ്പരപ്പുകൾ

നിങ്ങളെ ആക്രമിക്കുന്ന നിഗൂഢസ്ഥലം.

11

പ്രകൃതിയുടെ ഉന്മാദം

രഹസ്യമായി പാർത്തില്ലെങ്കിൽ

ആരും കാമുകരല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎസ്എല്‍വിയുടെ തുടര്‍പരാജയങ്ങളില്‍ അന്വേഷണം?; അജിത് ഡോവല്‍ തിരുവനന്തപുരത്തെത്തി

ജനകീയ സമരം വിജയം കണ്ടു; കുമ്പള ആരിക്കാടി ടോള്‍ പ്ലാസ നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം

COMEDK UGET 2026: കർണാടക എൻജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു, മാർച്ച് 16 വരെ അപേക്ഷിക്കാം

മണിപ്പൂരില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും

ദുബൈയിൽ എയർ ടാക്സിയും ഡ്രൈവറില്ലാ കാറുകളും വരുന്നു, ഈ വർഷം മുതൽ പ്രവർത്തനം ആരംഭിക്കുക ലക്ഷ്യം

SCROLL FOR NEXT