ഓറഞ്ചു തോട്ടത്തിൽ ഒരു തേനീച്ച| Malayalam poem P M Govindanunni  ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക,സമകാലികമലയാളം
Malayalam Weekly

ഓറഞ്ചു തോട്ടത്തിൽ ഒരു തേനീച്ച

പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത

പി.എം. ഗോവിന്ദനുണ്ണി

ബ്രഡിൽ മാമലൈഡ് പുരട്ടുമ്പോൾ

ഓർക്കുന്നു

മുള്ളുള്ള മരത്തിലെ

കൂടു പിഴിഞ്ഞൊഴിച്ച ചില്ലുപാത്രം

ഞാൻ തൊട്ടുനക്കിയ ദിവസം.

മരിച്ച തേനീച്ചേ

നിന്റെ റാണിയെ ഞാൻ കണ്ടിട്ടില്ല

ഓറഞ്ചു രുചിയുള്ള തേനിൽനിന്ന്

നിന്നെ ഞാൻ

തൊടിയിലേക്കു തോണ്ടിയെറിഞ്ഞു

ഇല്ലാതായ നിന്നോടാണ്

ഈ പ്രഭാഷണം.

അകവും പുറവും നക്കി

വെടിപ്പാക്കിയ വലംകൈ

ഉടുതുണിയിലും കൂടിത്തുടച്ച്

മുള്ളുള്ള മരത്തോളം

ഞാൻ മുതിർന്നു ചെന്നു

വിളഞ്ഞുനിന്ന ഓറഞ്ച്

ഒന്നൊന്നായി പറിച്ചെടുത്തു

മൂളിപ്പാട്ടുമായി തേനരികത്തേക്ക്

മടങ്ങി.

എന്റെ തേനിനും ഓറഞ്ചിനും

ഒരു വിപണി വേണം

മൂളിക്കൊണ്ടുതന്നെ ഞാൻ

വായുവിൽ വരച്ചു

വിജനതയിൽ ഒരു വീടുണ്ടായി

അതെന്റേത്

ആ വീടിന്റെ ചാരത്ത്

മറ്റൊന്നും കൂടി വരച്ചു

അതിന്റെ പുകക്കുഴൽ

റൊട്ടിയുടെ മണത്തോടൊപ്പം

മേഘങ്ങളേയും പുറം തള്ളി.

അകത്ത് അനക്കങ്ങൾ

ഉള്ളതായിത്തോന്നി

അവ സ്‌ത്രൈണവും

അതിനാൽ വിശുദ്ധവും

ആയിരുന്നു.

ഞാനതിന്മേൽ മുട്ടി

പിന്നീടുള്ള ഞാൻ

ആ വീട്ടിനകത്ത് കസേരയിൽ

ഇരിക്കുന്നു

മുന്നിലെ മേശമേൽ നഗ്നരൂപത്തിൽ

ബ്രഡും മാമലൈഡും.

ബോധത്തിനുള്ളിൽനിന്ന്

ഒളിച്ചുവെച്ച കത്തി

വലിച്ചെടുത്ത്

ഞാൻ ബ്രഡ് കണ്ടിച്ച്

മാമലൈഡ് പുരട്ടുംമുന്‍പാണല്ലോ

തേനും ഓറഞ്ചും മേശപ്പുറത്തു വെച്ചത്.

നിന്നെ ഓർമവെച്ചത്

തേൻപുരണ്ട

എന്നെക്കാൾ വലിയ ഒരു ചൂണ്ടുവിരൽ

എന്റെ നേർക്കു വരുന്നത്.

അത്

ഞാൻ വരച്ച വീടിന്റെ

ഉടമസ്ഥയുടേതെന്നറിഞ്ഞത്.

അതെന്നെ തൊടിയിലേക്ക്

തോണ്ടിയെറിയുന്നതിനു മുന്‍പ്

നിശ്ശബ്ദതയിലേക്ക് മൂളിച്ചെന്ന്

അവളോടു ചോദിക്കാം

പ്രേമം പിഴിഞ്ഞൊഴിക്കുന്നതിനു മുന്‍പ്

പറന്നുപോയവരിൽ

ആരായിരുന്നൂ

എന്റെ തേനീച്ചകളുടെ റാണി?

Malayalam poem written by P M Govindanunni

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

Today's Rashi Phalam June 16|പുതിയ അവസരങ്ങൾ ലഭിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന് നേരെ ആക്രമണം; നിരവധി തവണ മുഖത്തടിച്ചു- വിഡിയോ

ഗുരുവായൂരില്‍ സ്വര്‍ണ പ്രഭയില്‍ തിളങ്ങി നവീകരിച്ച ദീപസ്തംഭം; ആഭ്യന്തര മന്ത്രിക്ക് വെണ്ണ കൊണ്ട് തുലാഭാരം

SCROLL FOR NEXT